'പങ്കാളിയുടെ വ്യക്തിത്വത്തെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ മനസ്സുള്ളവര്‍ മാത്രം അന്വേഷിച്ചാല്‍ മതി' 

നവോത്ഥാനത്തിന്റേയും പുരോഗമന രാഷ്ട്രീയത്തിന്റേയും ശക്തമായ പാരമ്പര്യവും ശക്തമായ ചെറുത്തുനില്‍പ്പും ഇവിടെ സാധ്യമാണ് എന്ന വസ്തുതയിലേക്ക് വിരല്‍ചൂണ്ടുകയാണ് സെക്യുലര്‍ മാട്രിമണി
'പങ്കാളിയുടെ വ്യക്തിത്വത്തെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ മനസ്സുള്ളവര്‍ മാത്രം അന്വേഷിച്ചാല്‍ മതി' 

വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ലിനു ഒരുപാടു വിവക്ഷകളുണ്ട്. എന്നാല്‍, സ്വര്‍ഗ്ഗവും നരകവുമൊക്കെ നമ്മള്‍ ഭൂമിയിലെ ജീവിതത്തില്‍ സൃഷ്ടിക്കുന്നതാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വിവാഹവും ഭൂമിയില്‍തന്നെ നടക്കേണ്ട ഒന്നാണ്. ശരിക്കും പറഞ്ഞാല്‍, സ്വര്‍ഗ്ഗനരകങ്ങളെ പരലോക ജീവിതത്തിലേക്കു നീട്ടിവെയ്ക്കുന്ന മതജാതി, വംശീയ വിഭാഗീയതകളാണ് ഇഹലോക ജീവിതത്തില്‍ മനുഷ്യര്‍ തമ്മില്‍ ഒരുമിക്കുന്നതിനു തടസ്സമാകുന്നത്. മതജാതിസാമുദായികതകളില്‍ വിശ്വസിക്കാത്തവര്‍ ഒന്നിച്ചു ജീവിക്കുന്നതു പോകട്ടെ, ഒന്നിച്ചു ജീവിക്കാന്‍ ഒരുമ്പെടുന്നതുപോലും ഒരു കുറ്റമാകുന്ന കാലത്ത്, അവര്‍ക്കു പരസ്പരം അറിയാനും വിവാഹിതരാകാനും അവസരമൊരുക്കുന്ന വെര്‍ച്വല്‍ ലോകത്തെ മതേതര ഇടപെടലാണ് മനു മനുഷ്യജാതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സെക്യുലര്‍ മാട്രിമണി. 

ഖാപ് പഞ്ചായത്തുകളുടേയും ദുരഭിമാനക്കൊലകളുടേയും ഈ കാലത്ത് അത്തരത്തില്‍ ഒരിടപെടലിനെക്കുറിച്ച് നമ്മുടെ രാജ്യത്ത് ആലോചിക്കാവുന്നതുപോലുമല്ല. ദുരഭിമാനക്കൊലകളുടേയും മതജാതി സമുദായ ഭ്രാന്തിന്റേയും ഒട്ടും മോശമല്ലാത്ത ഒരു ചരിത്രം നമ്മുടെ സംസ്ഥാനത്തുമുണ്ടെങ്കിലും നവോത്ഥാനത്തിന്റേയും പുരോഗമന രാഷ്ട്രീയത്തിന്റേയും ശക്തമായ പാരമ്പര്യവും ശക്തമായ ചെറുത്തുനില്‍പ്പും ഇവിടെ സാധ്യമാണ് എന്ന വസ്തുതയിലേക്ക് വിരല്‍ചൂണ്ടുകയാണ് സെക്യുലര്‍ മാട്രിമണിക്കു സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത. അറുപതിനായിരം ഫോളോവേഴ്‌സ് ഉള്ള ഫേസ്ബുക്ക് പേജ്, പന്ത്രണ്ടായിരത്തിലധികം ഫോളോവേഴ്‌സ് ഉള്ള ഇന്‍സ്റ്റഗ്രാം എക്കൗണ്ട് എന്നിവ മുഖാന്തരമാണ് സെക്യുലര്‍ മാട്രിമണി എന്ന സംരംഭം അതിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. 

'മതമില്ലാത്ത ജീവിതങ്ങള്‍' എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജ് സൃഷ്ടിച്ചുകൊണ്ടായിരുന്നു മനു മനുഷ്യജാതി സെക്യുലര്‍ മാട്രിമണിക്കു തുടക്കമിടുന്നത്. പുരുഷാധിപത്യത്തിന്റേയും ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ തകര്‍ത്ത് ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി പോരാടിയ ദമ്പതികളുടേയും വ്യക്തികളുടേയും പ്രചോദനാത്മകമായ കഥകള്‍ ഷെയര്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു താന്‍ അങ്ങനെയൊരു പേജ് ആരംഭിച്ചതെന്ന് മനു പറയുന്നു. 

''അതിശയകരമായിരുന്നു ആ പേജിനു ലഭിച്ച പ്രതികരണം. നിരവധി ആളുകള്‍ ജാതിമത വ്യവസ്ഥ തകര്‍ത്തു പുറത്തുവരാനും സാമൂഹിക മാനദണ്ഡങ്ങള്‍ക്കപ്പുറമുള്ള ജീവിതം നയിക്കാനും ആഗ്രഹിക്കുന്നുണ്ടെന്നും അതിനു ശ്രമിക്കുന്നുണ്ടെന്നും എനിക്കു മനസ്സിലായി. പിന്നീട് ആളുകള്‍ എനിക്ക് അവരുടെ പ്രൊഫൈലുകള്‍ അയയ്ക്കാന്‍ തുടങ്ങി. ഇവിടെ നിന്നായിരുന്നു സെക്യുലര്‍ മാര്യേജ് മാട്രിമോണിയുടെ തുടക്കം'' -മനു പറയുന്നു. അങ്ങനെ 2014 ഓഗസ്റ്റില്‍ 'സെക്യുലര്‍ മാരേജ് മാട്രിമണി' എന്ന ഫേസ്ബുക്ക് പേജ് കൂട്ടായ്മയ്ക്ക് തുടക്കമായി. 

ഒരൊറ്റയാള്‍ സംരംഭം എന്ന നിലയില്‍ ആരംഭിച്ച് ഒരു കൂട്ടായ്മയായി വളര്‍ന്നു എന്നതാണ് മനുവിന്റെ ഈ ഉദ്യമത്തിന്റെ സവിശേഷത. ഇന്ത്യയില്‍ മതദേശീയതയുടെ പിടിമുറുക്കം ഭരണതലത്തിലും സമൂഹത്തിലും ശക്തിപ്പെട്ടു തുടങ്ങിയ കാലത്താണ് മനു ഇങ്ങനെയൊരു ശ്രമവുമായി മുന്നോട്ടുവന്നത് എന്നതും ശ്രദ്ധേയം. 2013-'14 കാലത്തോടെ ഇന്ത്യയില്‍ ഖാപ് പഞ്ചായത്തുകളും ജാതിക്കൊലകളും ശക്തിപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുതുടങ്ങിയ കാലത്താണ് മനു ഇങ്ങനെയൊരു ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. ഇന്ന് പത്ത് അഡ്മിന്മാരുടെ നേതൃത്വത്തിലാണ് അതു പ്രവര്‍ത്തിക്കുന്നത്. മനു സെക്യുലര്‍ മാരേജ് മാട്രിമണി തുടങ്ങിയ അതേ കാലത്തുതന്നെ ഡി.വൈ.എഫ്.ഐയുടേയും മറ്റും നേതൃത്വത്തില്‍ സെക്യുലര്‍ മാട്രിമണി എന്ന ഒരു വെബ്‌സൈറ്റ് പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. എന്നാല്‍, അതു പിന്നീട് ഹാക്ക് ചെയ്യപ്പെട്ടതോടെ അതിന്റെ പ്രവര്‍ത്തനവും നിലച്ചു. 

അടിമുടി രാഷ്ട്രീയമുള്ളയാളാണ് മനു. എസ്.എഫ്.ഐയുടേയും ഡി.വൈ.എഫ്.ഐയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഒരുകാലത്ത്. അതുകൊണ്ടുതന്നെ പുരോഗമന ചിന്ത ആവോളം സ്വാംശീകരിച്ച മനുവിനു വിവാഹം എന്ന ഔപചാരികതയില്‍ വിശ്വാസവുമില്ല. ''കുടുംബം എന്ന അടിസ്ഥാന യൂണിറ്റാണ് വ്യവസ്ഥയെ നിലനിര്‍ത്തുന്നത്. വിവാഹം എന്ന ചടങ്ങ് അതിന് അടിസ്ഥാന ശിലയിടലാണ്. അതുകൊണ്ടുതന്നെ അതു പുരോഗമനപരമാണോ എന്നൊക്കെ ചോദ്യമുയരും. യഥാര്‍ത്ഥത്തില്‍ ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുകയും കൂടെ ജീവിക്കാന്‍ ഒരു പങ്കാളിയെ അന്വേഷിക്കുകയും ചെയ്യുന്നയാളുകള്‍ക്ക് ഒരു വേദിയൊരുക്കുക എന്നതാണ് ഈ പേജിന്റെ ഉദ്ദേശ്യം'' -മനു പറയുന്നു. ജാതിമതത്തിനതീതമായി ചിന്തിക്കുകയും പങ്കാളിയെ തിരയുകയും ചെയ്യുന്ന ചിലര്‍ക്ക് ഔപചാരിക വിവാഹത്തില്‍ താല്‍പ്പര്യമുണ്ടാകും. ചിലര്‍ക്കു രജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതിയാകും. ചിലര്‍ക്കു ലിവിംഗ് ടുഗെദറിലായിരിക്കും താല്പര്യം. അങ്ങനെയൊക്കെ ഉള്ള ആളുകള്‍ക്ക് ഒരു വേദിയൊരുക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. 

''ഇങ്ങനെ ജീവിതപങ്കാളികളെ അന്വേഷിക്കുന്നവരെ പരസ്പരം കണക്ട് ചെയ്യിക്കുക എന്ന ഏര്‍പ്പാടല്ല ഈ പേജ്‌കൊണ്ടു ഉദ്ദേശിക്കുന്നത്. അവരെ പരിചയപ്പെടുത്തുന്ന പോസ്റ്റുകള്‍ പേജില്‍ നല്‍കുകയും അവരെ ബന്ധപ്പെടാനുള്ള ഫോണ്‍നമ്പറും മറ്റും അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്നതു മാത്രമായിരുന്നു ആദ്യം ചെയ്തിരുന്നത്. പിന്നെ അതു വലിയ പ്രശ്‌നമായി മാറി. ഇത്തരത്തില്‍ ഒരു പ്രൊഫൈല്‍ പോസ്റ്റ് ചെയ്ത ഒരു മാധ്യമപ്രവര്‍ത്തകയ്ക്ക് അന്വേഷണങ്ങളുടെ ആധിക്യം നിമിത്തം പോസ്റ്റ് പിന്‍വലിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടേണ്ടിവന്നു. അതേത്തുടര്‍ന്ന് ഇതിനൊരു മോണിറ്ററിംഗ് വേണമെന്നു തീരുമാനിക്കുകയും ജനുവിനായ അന്വേഷകരെ കണ്ടെത്തി അവരുടെ ഫോണ്‍നമ്പര്‍ കൈമാറുന്നതിന് ഒരു സ്റ്റാഫിനെ നിയോഗിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഈ സ്റ്റാഫിനു ശമ്പളം നല്‍കുന്നതിലേക്കായി ഒരു ചെറിയ തുക ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടാറുണ്ട്'' -മനു കൂട്ടിച്ചേര്‍ക്കുന്നു. ഇങ്ങനെ ജീവിതപങ്കാളിയെ കണ്ടെത്തി ഒരുമിച്ചു ജീവിക്കാനാരംഭിച്ചവരില്‍ കുറേ പേരൊക്കെ ഈ വിവരം പേജില്‍ പങ്കുവെച്ചുപോരുന്നുണ്ട്. ഇതിനകം നൂറോളം പേര്‍ ഇത്തരത്തില്‍ ജീവിതപങ്കാളികളെ 'സെക്യുലര്‍ മാരേജ് മാട്രിമണി' വഴി കണ്ടെത്തിയിട്ടുണ്ടെന്നും മനു ആഹ്ലാദത്തോടെ പറയുന്നു. 

പുതിയകാലത്തിന്റെ രാഷ്ട്രീയത്തെ ശരിയായി തിരിച്ചറിഞ്ഞിട്ടുള്ള മനു ഈ പേജ് മുഖാന്തരം എല്‍.ജി.ബി.ടി കമ്യൂണിറ്റിയില്‍പെട്ടയാളുകള്‍ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനു സഹായിക്കുന്നുണ്ട്. 

''ആണ് പെണ്ണ് എന്ന ജെന്‍ഡര്‍ ബൈനറികള്‍ക്കപ്പുറത്തേക്കു നീളുന്നുണ്ട് ഈ ഫേസ്ബുക്ക് പേജിന്റെ പ്രവര്‍ത്തനങ്ങള്‍. മതമില്ലാത്ത ജീവിതങ്ങള്‍ എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളിലും ഈ ബൈനറികളെ മാറ്റിനിര്‍ത്തിയിരുന്നു. ലെസ്ബിയനോ ഗേയോ ഹെട്രോസെക്ഷ്വലോ ഒക്കെയായിട്ടുള്ള ആളുകള്‍ക്ക് സമാന ചിന്താഗതിയുള്ള പങ്കാളികളെ കണ്ടെത്തുന്നതിന് ഒരു പ്ലാറ്റ്‌ഫോം ഒരുക്കല്‍ കൂടി ഞങ്ങളുടെ ലക്ഷ്യമാണ്.'' ഈ പ്ലാറ്റ്‌ഫോം വഴി അത്തരത്തില്‍ എല്‍.ജി.ബി.ടി കമ്യൂണിറ്റിയില്‍പെട്ട നാലോ അഞ്ചോ പേര്‍ക്കെങ്കിലും അവരുടെ പങ്കാളികളെ കണ്ടെത്താനായിട്ടുണ്ട് എന്ന് മനു വെളിപ്പെടുത്തുന്നു. എന്നാല്‍, ഇതുവരേയും അസെക്ഷ്വലായിട്ടുള്ള ഏതെങ്കിലും ആളുകള്‍ ഇതുവഴി പങ്കാളികളെ കണ്ടെത്തിയിട്ടില്ല.

എന്നാല്‍, വ്യത്യസ്തമായ മറ്റൊരു അനുഭവം കൂടി മനു ഫേസ്ബുക്ക് പേജുമായി ബന്ധപ്പെട്ട് പങ്കുവെയ്ക്കുന്നുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടിവന്ന ഒരു പെണ്‍കുട്ടിക്ക് ഈ പേജു മുഖാന്തരം ജീവിതപങ്കാളിയെ കണ്ടെത്തിയതാണ് അത്. പുരോഗമന ചിന്താഗതിക്കാരനായ ഒരു യുവാവിനൊപ്പം ഇപ്പോള്‍ അവള്‍ ജീവിക്കുന്നു.  പുരോഗമന രാഷ്ട്രീയമാണ് തങ്ങളുടേത് എന്നൊക്കെ പറയുമെങ്കിലും, ജാതിമതസമുദായ പരിഗണനകള്‍ക്കപ്പുറത്തുള്ള കാഴ്ചപ്പാടാണ് തങ്ങളുടേത് എന്നു പറയുമെങ്കിലും, പലരും കാര്യത്തോടടുക്കുമ്പോള്‍ പുരുഷാധിപത്യപരമോ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കാത്തതോ ആയ നിലപാട് കൈക്കൊള്ളാറുണ്ട്. ''അത്തരം അനുഭവങ്ങള്‍ ചിലരെല്ലാം പങ്കുവെച്ചതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ പോളിസിയില്‍ ഒരു ഉപാധി സുവ്യക്തമാക്കി. പങ്കാളിയുടെ വ്യക്തിത്വത്തെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ മനസ്സുള്ളവര്‍ മാത്രം ഇതുവഴി അന്വേഷിച്ചാല്‍ മതി എന്നതാണത്.''

സെക്യുലര്‍ മാരേജ് മാട്രിമണിക്കെതിരെ വലിയ ഭീഷണിയൊന്നും ഉണ്ടായിട്ടില്ല. ഓരോരുത്തരും അവരുടെ ഇഷ്ടപ്രകാരം വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ് നടത്തുന്നത് എന്നതുകൊണ്ടാകാം. ചില മതയാഥാസ്ഥിതികരും മതരാഷ്ട്രീയ ഗ്രൂപ്പുകളും ഇത്തരം പോസ്റ്റുകള്‍ക്കു താഴെ വന്നു രൂക്ഷമായി ചില കമന്റുകളൊക്കെ എഴുതിയിട്ടുപോകും എന്നതൊഴിച്ചാല്‍.
 
എന്നാല്‍, 'മതമില്ലാത്ത ജീവിതങ്ങള്‍' എന്ന പേജ് നടത്തുന്ന കാലത്ത് ചില ഭീഷണികളൊക്കെ ഉണ്ടായിട്ടുണ്ട്. ഫോണില്‍ ചില അജ്ഞാത കോളുകള്‍ വരികയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ''പൊലീസിലാണ് എന്നു പരിചയപ്പെടുത്തിയ ഒരാള്‍ എനിക്കെതിരെ ഭീഷണി മുഴക്കിയ സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്. അയാള്‍ പൊലീസിലൊന്നും ഉള്ളയാളല്ല എന്നു പിന്നീടു മനസ്സിലായി. എന്റെ ഭാര്യയേയും കുടുംബത്തിലെ സ്ത്രീകളേയും ബലാത്സംഗം ചെയ്യുമെന്നൊക്കെ ഭീഷണി മുഴക്കിയവരുമുണ്ട്. എന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നൊക്കെ പറഞ്ഞവര്‍ക്ക് എനിക്കന്ന് ഭാര്യയില്ല എന്നറിയില്ലായിരുന്നു'' -ഒരു ചിരിയോടെ മനു പറയുന്നു. 

സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടെങ്കിലും മനു തന്റെ ശ്രമങ്ങള്‍ നിലനിര്‍ത്തി. ''പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ നിഷ്‌ക്രിയനായിരുന്നു'' -അദ്ദേഹം പറയുന്നു. ''എന്നാല്‍, കൊറോണക്കാലത്ത് പേജ് കൂടുതല്‍ സജീവമായി. ഞാന്‍ അതു പുതുക്കി, ഫോളോവേഴ്‌സിന്റെ എണ്ണവും കൂടുതലായിത്തുടങ്ങി. പേജില്‍ പ്രൊപ്പോസല്‍ ചെയ്യുന്നവരുടെ പ്രൊഫൈലുകള്‍ കൊണ്ടു നിറയുകയും ചെയ്തു'' -മനു പറയുന്നു. 

ഇനി ഒരു വെബ്‌സൈറ്റ് ഇതിനുവേണ്ടി ഉണ്ടാക്കണമെന്നതാണ് മനുവിന്റെ ലക്ഷ്യം. എന്നാല്‍, ഇതൊരു ജീവിതോപാധിയാക്കാനോ ലാഭാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായി വളര്‍ത്താനോ മനുവിനു താല്പര്യമില്ല. ഗണിതശാസ്ത്ര ബിരുദധാരിയായ തനിക്ക് ട്യൂഷനാണ് ഇപ്പോള്‍ ജീവിതോപാധി. മതേതരമായ മനുഷ്യരുടെ ഒന്നിക്കലുകളെ പ്രോത്സാഹിപ്പിക്കുകയെന്ന രാഷ്ട്രീയമാണ് ഈ ഉദ്യമത്തിനുതന്നെ പ്രേരിപ്പിച്ചതെന്ന് മനു പറയുന്നു.

ആശയങ്ങള്‍ മനു  സ്വജീവിതത്തില്‍ പകര്‍ത്തിയതിങ്ങനെ

'മനുഷ്യാണാം മനുഷ്യത്വം ജാതി' എന്ന ഗുരുവചനം മനു വിശദമാക്കിയത് സ്വന്തം ജീവിതം ഉദാഹരണമാക്കിക്കൊണ്ടുതന്നെയാണ്. സാമൂഹ്യമാധ്യമക്കൂട്ടായ്മ ഉണ്ടാക്കുന്നതിലോ വേലിക്കെട്ടുകള്‍ക്ക് അപ്പുറം ചിന്തിക്കുന്നവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ അവസരമുണ്ടാക്കുന്നതിലോ അവസാനിച്ചില്ല അദ്ദേഹത്തിന്റെ ഉദ്യമങ്ങള്‍. 
'Personal is Political' എന്ന ബോധ്യമുള്ളയാളാണ് ഫ്രാന്‍സിസ്സിന്റേയും ജെസ്സിയുടേയും മകനും തൃശൂര്‍ വേലൂര്‍ സ്വദേശിയുമായ ഈ മുപ്പത്തിനാലുകാരന്‍. തന്റെ പങ്കാളിയെ കണ്ടെത്തിയതും ഔപചാരികമായി ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചതും അദ്ദേഹം എങ്ങനെയോ മനുഷ്യരെല്ലാം ജീവിക്കണമെന്നു കരുതുന്നത് അതേ രീതിയില്‍തന്നെ. കര്‍ണാടക ഹുബ്ബുള്ളി ധാര്‍വാഡ് സ്വദേശിയും അദ്ധ്യാപികയുമായ ഷിവിയാണ് മനുവിന്റെ ജീവിതപങ്കാളിയാകാന്‍ തയ്യാറായി എത്തിയത്. മെയ് മാസത്തില്‍ കിരാലൂരിലെ 'തണലില്‍' വെച്ച് അവരിവരും ഒരുമിച്ചു ജീവിച്ചുതുടങ്ങുന്നു എന്നത് കേക്കുമുറിയോടെ പ്രഖ്യാപിക്കപ്പെട്ടു. ആ സന്ദര്‍ഭത്തില്‍ ഷിവിയുടെ മാതാപിതാക്കളും സഹോദരങ്ങളും മനുവിന്റെ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം സന്നിഹിതരായിരുന്നു.

മതചടങ്ങുകള്‍ മാത്രമല്ല, യാതൊരു തരത്തിലുള്ള ചടങ്ങുകളും നടത്താന്‍ രണ്ടുപേര്‍ക്കും താല്പര്യമുണ്ടായിരുന്നില്ല. ചുവന്ന മാലപോലും പരസ്പരം അണിയേണ്ടതില്ല എന്നു വിചാരിച്ചിരുന്നു. ഒരു ദിവസത്തേയ്ക്ക് 500 രൂപയ്ക്ക് ഒരു ചെറിയ ഹാള്‍ എടുത്തു. രണ്ട് കൂട്ടരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി വളരെ അടുത്ത 50-ല്‍ താഴെ വരുന്ന ആളുകളെ വെച്ച് ഒരു ചെറിയ കൂടിച്ചേരല്‍. സന്തോഷത്തിന് ഒരു ചെറിയ കേക്കു മാത്രം മുറിച്ചു. ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ പാനലിന്റെ തന്നെ ഭാഗമായ അജയ് ഹേമലത പവിത്രന്‍ കുറച്ചു ഫോട്ടോകള്‍ എടുത്തു. 

'സെക്യുലര്‍ മാരേജ് മാട്രിമണി' വഴി തന്നെയാണ് ഷിവിയെ ഞാന്‍ കണ്ടുമുട്ടുന്നത്. മതവിശ്വാസമില്ലാത്ത അവള്‍ തനിക്കു പറ്റിയ ഒരാളെ തിരയുകയായിരുന്നു. എന്നെക്കാള്‍ ഒരല്പം മുതിര്‍ന്നതാണ് ഷിവി. പക്ഷേ, ചെറുപ്പം തൊട്ടേ ഇങ്ങനെ ഞാന്‍ മറ്റു പരിഗണനകളൊന്നുമില്ലാതെ മാത്രമേ ഒരു പങ്കാളിയെ തിരഞ്ഞെടുക്കൂ എന്നു പ്രഖ്യാപിച്ചിരുന്നതുകൊണ്ട് എന്റെ തീരുമാനം എന്റെ സ്വന്തക്കാര്‍ക്ക് അന്ധാളിപ്പൊന്നും ഉണ്ടാക്കിയില്ല'- മനു പറയുന്നു. ''ഒരു പരിപൂര്‍ണ്ണ മതരഹിത, സംസ്ഥാനാന്തര കൂടിച്ചേരല്‍. പരിപൂര്‍ണ്ണമായും കര്‍ണാടകക്കാരിയാണ് ഷിവി. പരിചയപ്പെട്ടിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. ഈ കൂട്ടായ്മയില്‍തന്നെ അന്നു പോസ്റ്റിട്ടിരുന്നു. സംസാരിച്ച് സംസാരിച്ച് ഒപ്പം കൂടിയപ്പോള്‍ ചിന്താഗതികളും ഒക്കെ ഒരുപാട് ചേര്‍ന്നു പോകുന്നതായി തോന്നി. അപ്പോ പിന്നങ്ങോട്ട് ഒരുമിച്ചുപോകാം എന്നു തീരുമാനിക്കുകയായിരുന്നു'' -മനു കൂട്ടിച്ചേര്‍ക്കുന്നു.

മതമില്ലാത്ത ജീവിതങ്ങള്‍, സെക്യുലര്‍ മാരേജ് മാട്രിമണി എന്നിവ തുടങ്ങിയതിനു പിറകിലുള്ള ആശയങ്ങള്‍ തന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ''അതുകൊണ്ട് ഒരാളെ ഒപ്പം കൂട്ടുമ്പോഴും ആശയവും പ്രവൃത്തിയും രണ്ടാകരുതന്ന നിര്‍ബ്ബന്ധം നിറവേറിയതില്‍ അതിയായ സന്തോഷവും ഉണ്ട്'' -മനു പറയുന്നു.

ശരത്ചന്ദ്രനും കീര്‍ത്തനയ്ക്കുമൊപ്പം മനു
ശരത്ചന്ദ്രനും കീര്‍ത്തനയ്ക്കുമൊപ്പം മനു

മതേതര മാതൃക തീര്‍ത്ത് കീര്‍ത്തനയും ശരത്തും 

ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശിയും എറണാകുളത്ത് ഹൈക്കോടതിയില്‍ അഭിഭാഷകനുമായ അഡ്വ. ശരത്ചന്ദ്രന്‍ കരിപ്പായിലും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയും തൂത്തുക്കുടി സെയ്ന്റ് മേരീസ് കോളേജ് അദ്ധ്യാപികയുമായ കീര്‍ത്തന സന്തോഷും ഒന്നിച്ചുള്ള യാത്രയാരംഭിക്കുന്നത് സെക്യുലര്‍ മാരേജ് മാട്രിമണി മുഖാന്തരമായിരുന്നു. മതപരമായി യാതൊരു നിര്‍ബ്ബന്ധങ്ങളുമില്ലാത്ത ഒരു കുടുംബപശ്ചാത്തലമാണ് ശരത്ചന്ദ്രന്റേത്. ചെറുപ്പംതൊട്ടെ ഇടതുപക്ഷാനുഭാവിയുമാണ് അദ്ദേഹം. അതേസമയം കീര്‍ത്തനയുടെ കുടുംബത്തിലുള്ളവര്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണ്. ബാലസംഘത്തില്‍ തുടങ്ങിയ ഇടതുപക്ഷ പ്രവര്‍ത്തനത്തിന്റെ പാരമ്പര്യമുണ്ട് സി.പി.ഐ.എം അംഗമായ കീര്‍ത്തനയ്ക്ക്. അതുകൊണ്ടുതന്നെ ഈ കാര്യത്തില്‍ ഒരെതിര്‍പ്പും ഇരുവരുടേയും കുടുംബത്തില്‍നിന്നുണ്ടായില്ല. 

''ഇപ്പോഴും കുടുംബാംഗങ്ങള്‍ക്കു പ്രശ്‌നമില്ല. എന്നാല്‍, അത്രയൊന്നും ബന്ധമില്ലാത്തവരും ചില പരിചയക്കാരുമൊക്കെ ജീവിതത്തില്‍ ചില മതപരതയൊക്കെ വേണമെന്നു സൂചിപ്പിക്കാറുണ്ട്. പക്ഷേ, അതൊന്നും ഞങ്ങള്‍ വകവെച്ചിട്ടില്ല'' -ശരത് പറയുന്നു. എന്നാല്‍, ഇതാകില്ല ബഹുഭൂരിപക്ഷത്തിന്റേയും സ്ഥിതി എന്ന് ഉറപ്പാണ്.
 
ശരത്തിനും കീര്‍ത്തനയ്ക്കും അഞ്ചുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ജഹനാര. കുഞ്ഞു ജനിച്ചാല്‍ നടത്താറുള്ള ആചാരപരമായ ചടങ്ങുകളൊന്നും ജഹനാരയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഇനിയുമങ്ങോട്ട് ആ രീതിയില്‍തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നതുതന്നെയാണ് ഞങ്ങളുടെ ഉറപ്പ് -ശരത് പറയുന്നു. 

എന്നാല്‍, വിദ്യാഭ്യാസവും പുരോഗമന രാഷ്ട്രീയ പശ്ചാത്തലവും ഉള്ള ശരത്ചന്ദ്രന്റേയോ കീര്‍ത്തനയുടേയോ അനുഭവങ്ങളാകില്ല ബഹുഭൂരിപക്ഷത്തിന്റേതുമെന്ന് തീര്‍ച്ചയാണ്. വിശേഷിച്ചും മത-ജാതി സ്വത്വരാഷ്ട്രീയങ്ങള്‍ കളം നിറഞ്ഞാടുന്ന ഈ രാഷ്ട്രീയ സന്ദര്‍ഭത്തില്‍.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com