അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല, പരാതി പരിഹരിക്കാന്‍ ആരു മുന്‍കയ്യെടുക്കും എന്ന ചോദ്യത്തിന് ഉത്തരവും ഇല്ല

അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല, പരാതി പരിഹരിക്കാന്‍ ആരു മുന്‍കയ്യെടുക്കും എന്ന ചോദ്യത്തിന് ഉത്തരവും ഇല്ല

''സ്വന്തം കയ്യിലിരുന്ന ഭൂമി കൊടുത്തിട്ട് ഉദ്യോഗസ്ഥരുടെ കാലുപിടിക്കാന്‍ നടക്കേണ്ട ഗതികേട്''

ദേശീയപാത 744-ല്‍ കൊല്ലം ജില്ലയിലെ കടമ്പാട്ടുകോണം-ആര്യങ്കാവ് ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് ഭൂമി നല്‍കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല എന്ന പരാതി പരിഹരിക്കാന്‍ ആരു മുന്‍കയ്യെടുക്കും എന്ന ചോദ്യത്തിന് ഉത്തരമില്ല. നിയമപ്രകാരം ഏറ്റവും ന്യായമായ നഷ്ടപരിഹാരം എത്രയും വേഗം തീരുമാനിക്കുക, അത് സമയബന്ധിതമായി ലഭിക്കാന്‍ നടപടി സ്വീകരിക്കുക, റവന്യൂ ഉദ്യോഗസ്ഥരുടെ ജനവിരുദ്ധ സമീപനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങളില്‍ തൃപ്തികരമായ മറുപടി ആരു നല്‍കും എന്നതാണ് ഇപ്പോഴത്തെ ആശയക്കുഴപ്പം. ''സ്വന്തം കയ്യിലിരുന്ന ഭൂമി കൊടുത്തിട്ട് ഉദ്യോഗസ്ഥരുടെ കാലുപിടിക്കാന്‍ നടക്കേണ്ട ഗതികേട്'' എന്നാണ് ഭൂമി വിട്ടുകൊടുക്കുന്നവരുടെ നിസ്സഹായമായ പൊതുപ്രതികരണം. അതിന്റെ ഭാഗമായ അവരുടെ ഇടപെടലുകള്‍ ആദ്യം പരാതിപറയലായും എഴുതിനല്‍കിയ നിവേദനങ്ങളായും ഉത്തരവാദപ്പെട്ടവരുടെ അടുത്തെത്തിയിരുന്നു. എന്നിട്ടും ഫലപ്രദമായ അതിവേഗ നടപടികള്‍ ഉണ്ടായില്ല. 

അതായത്, ഭൂമി വേണം, അത് നിര്‍ബ്ബന്ധമായും കൊടുക്കുകയും വേണം; അതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഒറിജിനല്‍ രേഖകള്‍ വാങ്ങുകയും ചെയ്തു. പക്ഷേ, എത്ര രൂപയാണ് വില അല്ലെങ്കില്‍ നഷ്ടപരിഹാരം എന്നും അത് എപ്പോള്‍ കിട്ടുമെന്നും ഒരു നിശ്ചയവുമില്ല. അങ്ങനെയാണ് പ്രക്ഷോഭങ്ങളുടെ പുതിയ ഘട്ടത്തിലേക്കു കടക്കാനുള്ള കൂടിയാലോചനകളും തയ്യാറെടുപ്പുകളും സജീവമായത്. ഫലത്തില്‍, ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) മെച്ചപ്പെട്ട വില കൊടുക്കാന്‍ തയ്യാറാണ്; അവര്‍ക്ക് എത്രയും വേഗം ഭൂമി ഏറ്റെടുത്തു കിട്ടുകയും വേണം. സംസ്ഥാന സര്‍ക്കാരിനും ഇക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഭൂമി ഏറ്റെടുക്കലിന്റെ ചുമതലയുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ആര്‍ക്കൊക്കെയോ വേണ്ടി കുരുക്കുകള്‍ സൃഷ്ടിക്കുകയാണ്. 

ആദ്യത്തെ അലൈന്‍മെന്റില്‍ത്തന്നെ ആറിടത്ത് മാറ്റങ്ങള്‍ വരുത്തിയെന്നും അതില്‍ അഴിമതിയും പക്ഷപാതവുമുണ്ടെന്നുമുള്ള ആരോപണം നിലനില്‍ക്കുന്നു. ജനങ്ങളും ഉദ്യോഗസ്ഥരും തമ്മില്‍ മുഖാമുഖം പോരിലേക്കു കാര്യങ്ങള്‍ നീങ്ങുമ്പോള്‍ ശക്തമായ രാഷ്ട്രീയ ഇടപെടലാണ് ഇനി വേണ്ടത്. അത് ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥലത്തെ എം.എല്‍.എ കൂടിയായ മന്ത്രി ജെ. ചിഞ്ചുറാണിയുടേയും കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രന്റേയും പരിധിക്കപ്പുറമാണ്. അതിനിടെ, സംസ്ഥാന സര്‍ക്കാരിനേയും ജില്ലാ ഭരണകൂടത്തേയും ജനങ്ങള്‍ക്ക് എതിരാക്കാനാണ് ചില ഉദ്യോഗസ്ഥരുടെ ശ്രമം. അതില്‍ ഹൈവേ ആക്ഷന്‍ കൗണ്‍സിലും വസ്തു ഉടമകളും രൂക്ഷമായ ആരോപണം ഉന്നയിച്ച കൊട്ടാരക്കര സ്പെഷ്യല്‍ തഹസില്‍ദാരെ (എന്‍.എച്ച്-എല്‍.എ) താക്കീതും ചെയ്തു. പക്ഷേ, കാരണമില്ലാത്ത കാര്യങ്ങള്‍ വൈകിപ്പിക്കുന്നത് തുടരുന്നു.

ഹൈവേക്കായി ഭൂമി വിട്ടുകൊടുത്തവരുടെ കലക്ടറേറ്റ് മാർച്ച്
ഹൈവേക്കായി ഭൂമി വിട്ടുകൊടുത്തവരുടെ കലക്ടറേറ്റ് മാർച്ച്

വൈകുന്ന ഭൂമി ഏറ്റെടുക്കല്‍

കടമ്പാട്ടുകോണത്ത് ആരംഭിച്ച് ചടയമംഗലം മണ്ഡലത്തിലൂടെ കടന്നുപോകുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ്, നഷ്ടപരിഹാരം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കും പൊതുജന പരാതികള്‍ പരിഹരിക്കുന്നതിനുമായി സ്പെഷ്യല്‍ തഹസില്‍ദാരുടെ ക്യാമ്പ് ഓഫീസ് ചടയമംഗലത്ത് ആരംഭിച്ചു എന്നാണ് മൃഗസംരക്ഷണ ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രതികരണം. ''കൊട്ടാരക്കരയിലായിരുന്നു റോഡ് കടന്നുപോകാത്തിടത്തായിരുന്നു ഓഫീസ്. ഇത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ക്യാമ്പ് ഓഫീസ് ചടയമംഗലത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ജംഗ്ഷനോട് അടുത്തായിത്തന്നെ കണ്ടെത്തിയ കെട്ടിടം റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പര്യാപ്തമെന്നു ബോധ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച് മാര്‍ച്ച് ആദ്യം തന്നെ യോഗം ചേര്‍ന്നിരുന്നു'' എന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍, മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, തീരുമാനം എടുക്കാനോ സംശയങ്ങള്‍ക്കു മറുപടി നല്‍കാനോ പ്രാപ്തിയില്ലാത്തതുമായ രണ്ട് ഉദ്യോഗസ്ഥരെ നിയമിച്ച് വെറും ഒരു ക്യാമ്പ് ഓഫീസ് മാത്രം കഴിഞ്ഞ മാസം തുറക്കുകയാണുണ്ടായതെന്ന് ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജി. അനില്‍കുമാര്‍ കുറ്റപ്പെടുത്തുന്നു. ''മന്ത്രി പ്രഖ്യാപിച്ചതുപോലെ ഹൈവേയുടെ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി മാത്രം പുതുതായി ആരംഭിച്ച, തഹസില്‍ദാരും ഡെപ്യൂട്ടി തഹസില്‍ദാരും അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന കൊട്ടാരക്കരയിലെ ഓഫീസ് ചടയമംഗലത്തേക്കു മാറ്റി സ്ഥാപിക്കാന്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ആ ഓഫീസിലെ ഉദ്യോഗസ്ഥരെല്ലാം, കൊട്ടാരക്കര നിന്ന് 30 കിലോമീറ്ററിലധികം സഞ്ചരിച്ച് എല്ലാ ദിവസവും ചടയമംഗലം, ഇട്ടിവ, കോട്ടുക്കല്‍ എന്നീ വില്ലേജുകളിലാണ് ചുമതല നോക്കുന്നത്. ഇക്കാര്യത്തില്‍ ടി.എ/ഡി.എ ഇനത്തില്‍ മാത്രം സര്‍ക്കാരിനു നഷ്ടപ്പെടുന്നത് ലക്ഷങ്ങളാണ്. ഭൂമി നഷ്ടപ്പെടുന്നവരും നിലവില്‍ കൊട്ടാരക്കര ഓഫീസിനെയാണ് ആശ്രയിക്കേണ്ടിവരുന്നത്'', ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത് ഇങ്ങനെ. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച നഷ്ടപരിഹാരം അഥവാ വില ഭൂമി നല്‍കുന്നവര്‍ക്ക് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന നിലപാടാണ് മന്ത്രിയുടേത്. 

ഭൂമി ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണന വസ്തു ഉടമകളുടെ താല്പര്യത്തിനാണ് എന്ന നിലപാട് അവര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ആ വാദം ആക്ഷന്‍ കൗണ്‍സിലും വിശ്വാസത്തിലെടുക്കുന്നുണ്ട്. അതേസമയം, സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും ഇക്കാര്യത്തില്‍ റവന്യൂ വകുപ്പിലെ ഒരു വിഭാഗം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കില്ല എന്നാണ് ഭൂമി വിട്ടു നല്‍കുന്നവരുടെ അനുഭവമെന്ന് തുറന്നടിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ മന്ത്രിയുടെ ശക്തമായ ഇടപെടല്‍ ഇനിയുണ്ടാകണം. 

ഓരോ വസ്തുവിന്റേയും നിലയും വിലയും സ്ഥിതിയുമനുസരിച്ച് അതു നിശ്ചയിക്കുന്നതില്‍നിന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പിന്നോട്ടു പോകുമ്പോള്‍ അവരെക്കൊണ്ട് നിയമാനുസൃതവും സര്‍ക്കാര്‍ നയത്തിനു വിധേയവുമായ തീരുമാനം വേഗത്തില്‍ എടുപ്പിക്കാന്‍ കഴിയാത്തതെന്താണെന്നു മനസ്സിലാകുന്നില്ല. എന്തിന്, ആര്‍ക്കുവേണ്ടിയാണ് ഈ അനിശ്ചിതത്വം എന്ന ഭൂമി കൊടുക്കുന്നവരുടെ ചോദ്യം പല മുനകളുള്ളതാണ്. യഥാര്‍ത്ഥത്തില്‍, ഭൂമി വിട്ടുകൊടുക്കുന്നവരെല്ലാം സ്വയം സന്നദ്ധരായി കൊടുക്കുന്നതല്ല, മറിച്ച്, നിര്‍ബ്ബന്ധിത സാഹചര്യത്തില്‍ കൊടുക്കുന്നതാണ്. അതേസമയം, നാടിന്റെ വികസത്തിന് ഒപ്പം നില്‍ക്കുക എന്ന തീരുമാനംകൂടിയാണ് ഈ വിട്ടുകൊടുക്കലിനു പിന്നിലുള്ളത്. സാധാരണക്കാരും ഇടത്തരക്കാരുമായ ബഹുഭൂരിപക്ഷം വസ്തു ഉടമകള്‍ക്ക് ഈ നഷ്ടപരിഹാരം പ്രധാനമാണ്. അവര്‍ക്കത് എത്രയും വേഗം തീരുമാനിക്കാനും നല്‍കാനുമുള്ള നടപടികളാണ് വേണ്ടതെന്ന വാദത്തിനു വസ്തുതകളുടെ ബലമുണ്ട്.

കൈമലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍

ഇന്ത്യന്‍ സ്റ്റാമ്പ് നിയമപ്രകാരമുള്ള ന്യായവില, സമീപ വില്ലേജിലോ സമീപ പ്രദേശങ്ങളിലോ സ്ഥിതിചെയ്യുന്ന സമാനസ്വഭാവമുള്ള ഭൂമിയുടെ ശരാശരി വില്‍പന വില, അല്ലെങ്കില്‍ സ്വകാര്യ കമ്പനികള്‍ക്കും പൊതു - സ്വകാര്യ കൂട്ടുടമാ പദ്ധതികള്‍ക്കും വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ മാതൃകയിലുള്ള നഷ്ടപരിഹാരം- ഇതു മൂന്നുമാണ് ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനു നഷ്ടപരിഹാരം നല്‍കുന്നതിനു പൊതുവെ സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങള്‍. ഇതിനേക്കുറിച്ച് ആളുകള്‍ ചോദിക്കുമ്പോള്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ കൈമലര്‍ത്തിക്കാണിക്കുകയാണ് ചെയ്തത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒരു ഉത്തരവ് ഇറക്കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ചെയ്യാന്‍ പറ്റൂ എന്ന വിചിത്ര നിലപാട് അറിയിക്കുകയും ചെയ്തു. ഇതാണ് ഭൂമി നല്‍കുന്നവരെ നിരാശരാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തത്. 

പാര്‍ലമെന്റ് പാസ്സാക്കിയതും രാജ്യം മുഴുവന്‍ ബാധകവുമായ വിധം ദേശീയപാതകളുടെ ഭൂമി ഏറ്റെടുക്കലില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമത്തില്‍ പിന്നെയൊരു ജി.ഒ (ഗവണ്‍മെന്റ് ഓര്‍ഡര്‍) വേണമെന്നത് അംഗീകരിക്കാന്‍ കഴിയുകയുമില്ല. ഇതു സ്വാഭാവികമായും എതിര്‍പ്പിനും പ്രതിഷേധത്തിനും ഇടയാക്കി. സര്‍ക്കാരിനും ദേശീയപാത അതോറിറ്റിക്കും മുന്നില്‍ നിവേദനങ്ങളും കുന്നുകൂടി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയാണ് ദേശീയപാത വികസന കാര്യത്തില്‍ ആദ്യം ഇടപെട്ടത്. പക്ഷേ, ജനങ്ങള്‍ ആശയക്കുഴപ്പത്തിലാവുകയും പ്രതിഷേധത്തിലേക്കു നീങ്ങുകയും ചെയ്തതോടെ പ്രേമചന്ദ്രന്‍ ആ വഴിക്കു പോകാതായി. എം.പിക്കു രാഷ്ട്രീയ നേട്ടത്തിനാണ് തുടക്കത്തില്‍ ഇടപെട്ടത് എന്ന വിമര്‍ശനങ്ങളെ അദ്ദേഹത്തിനുതന്നെ മറികടക്കാന്‍ പറ്റാതേയുമായി. എം.പി പറഞ്ഞിട്ടാണ് ആറ് സ്ഥലത്ത് അലൈന്‍മെന്റ് മാറ്റിയത് എന്നുകൂടി പ്രചരിച്ചതോടെ അദ്ദേഹം പ്രതിരോധത്തിലുമായി. 

സമീപത്തുള്ള ഭൂമികളില്‍ത്തന്നെ സ്ഥിതിക്കനുസരിച്ച് വില വ്യത്യാസം വരുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭൂമിയുടെ ഗുണനിലവാരം, സ്വഭാവം തുടങ്ങിയതെല്ലാം വ്യത്യസ്തമായിരിക്കും. മാത്രമല്ല, ഗവണ്‍മെന്റ് നിര്‍ബ്ബന്ധിച്ച് ഭൂമി ഏറ്റെടുക്കുമ്പോള്‍ അതനുസരിച്ചുള്ള നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള ബാധ്യത ഗവണ്‍മെന്റിനുണ്ടുതാനും. ഭൂമിയുടെ വ്യത്യാസങ്ങള്‍ പരിഗണിക്കാതെ, ഓരോ വില്ലേജും ഒന്നിച്ചൊരു യൂണിറ്റായി എടുക്കുകയും അതു പലതായി തിരിച്ച് വില നിശ്ചയിക്കുകയാണ് ചെയ്യുന്നത്. അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ളതേ എടുക്കാന്‍ പാടുള്ളൂ എന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കുകയും മൂന്നു കിലോമീറ്റര്‍ ചുറ്റളവ് എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് തിരുത്തിക്കുകയും ചെയ്തത് സംസ്ഥാന സര്‍ക്കാരിന്റേയും മന്ത്രിയുടേയും ഇടപെടല്‍ മൂലമാണ്. അതിനുശേഷമാണ് ഉദ്യോഗസ്ഥ ഇടപെടല്‍ പുതിയ തലത്തിലേക്കു കടന്നത്.

പുനരധിവാസത്തിനായി ഭൂവുടമകളുടെ പ്രതിഷധം
പുനരധിവാസത്തിനായി ഭൂവുടമകളുടെ പ്രതിഷധം

വില സര്‍ക്കാരിന്റെ ഔദാര്യമല്ല

ന്യായമായ നഷ്ടപരിഹാരത്തിനുള്ള അവകാശവും ഭൂമി ഏറ്റെടുക്കലിലും പുനരധിവാസത്തിലും പുനഃസ്ഥാപനത്തിലും സുതാര്യതയും സംബന്ധിച്ച 2013-ലെ നിയമം (റൈറ്റ് റ്റു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്റ് ട്രാന്‍സ്പെരന്‍സി ഇന്‍ ലാന്റ് അക്വിസിഷന്‍, റിഹാബിലിറ്റേഷന്‍, റീ സെറ്റില്‍മെന്റ് ആക്റ്റ് 2013 ) 2014 ജനുവരി ഒന്നിനാണ് നിലവില്‍ വന്നത്. രണ്ടു നൂറ്റാണ്ടുകാലത്തെ അനുഭവങ്ങളാണ് രാജ്യത്തെ പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമത്തിലേക്കു നയിച്ചത്. പുതിയ നിയമം ജനപക്ഷ ഉള്ളടക്കത്തോടുകൂടിയതാണ് എന്നതാണ് അതിനെ ശ്രദ്ധേയമാക്കിയ മുഖ്യ ഘടകം. വ്യക്തികളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഉടമയ്ക്ക് ആ ഭൂമിയിലെ മരങ്ങളുടേയും കൃഷിയുടേയും ഉള്‍പ്പെടെ വില നിര്‍ണ്ണയിച്ചും ഭൂമിയുടെ ഉടമസ്ഥാവകാശം വിട്ടുതരുന്നതിനുള്ള വില സര്‍ക്കാരിന്റെ ഔദാര്യമല്ല, ഉടമയുടെ അവകാശമാണ് എന്ന തത്ത്വം മാനിച്ചുമാകണം തീരുമാനമെടുക്കേണ്ടത് എന്നതാണ് നിയമത്തിന്റെ കാതല്‍. അതാണ് ഇവിടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. 

അതിനിടെ, ദേശീയപാതയ്ക്ക് സ്ഥലമേറ്റെടു ക്കുന്നതുമായി ബന്ധപ്പെട്ട് ഫലവൃക്ഷങ്ങളുടെ നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത് റവന്യൂ വകുപ്പാണ് എന്നും ഇതു സംബന്ധിച്ച ഉത്തരവുകളോ സര്‍ക്കുലറുകളോ ഒന്നും തന്നെ കൃഷിവകുപ്പില്‍നിന്നു പുറപ്പെടുവിച്ചിട്ടില്ല എന്നുമുള്ള ഒരു മറുപടി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയായി ഈ വര്‍ഷം ജനുവരിയില്‍ കൃഷി ഡയറക്ടറില്‍നിന്ന് ഒരു സ്ഥലമുടയ്ക്ക് കിട്ടിയിരുന്നു. ഫലവൃക്ഷങ്ങളുടെ നഷ്ടപരിഹാരം വാര്‍ഷികാടിസ്ഥാനത്തില്‍ കൃഷിവകുപ്പ് കണക്കാക്കുന്നില്ല എന്നും വിളകളുടെ ആദായം കണക്കാക്കുന്നത് സാമ്പത്തിക സ്ഥിതിവിവര വകുപ്പാണ് എന്നുമാണ് മറുപടിയില്‍ പറയുന്നത്. ദേശീയപാതയ്ക്ക് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തെങ്ങ്, റബ്ബര്‍, കുരുമുളക്, വാഴ, മുരിങ്ങ മുതലായ ഫലവൃക്ഷങ്ങളുടെ നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത് കൃഷിവകുപ്പാണ് എന്നു ചൂണ്ടിക്കാട്ടിയും ഈ ഓരോ വിളകളുടേയും നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ആധാരമാക്കുന്ന മാനദമണ്ഡങ്ങളുടേയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടേയും അല്ലെങ്കില്‍ ഉത്തരവുകളുടേയും പകര്‍പ്പ് ആവശ്യപ്പെട്ടായിരുന്നു അപേക്ഷ.

ഭൂമി ഏറ്റെടുക്കല്‍ നിയമം തെറ്റായി വ്യാഖ്യാനിച്ചും നിയമവിരുദ്ധമായും ഇട്ടിവ വില്ലേജില്‍ കൊട്ടാരക്കര (എന്‍.എച്ച്-എല്‍.എ) സ്പെഷ്യല്‍ തഹസില്‍ദാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കുന്നു എന്ന പരാതി മുഖ്യമന്ത്രിയുടേയും റവന്യൂമന്ത്രി കെ. രാജന്റേയും മുന്നിലുണ്ട്. നിര്‍ബ്ബന്ധിത ഭൂമി ഏറ്റെടുക്കലില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ക്ക് ഏതു സാഹചര്യത്തിലും അവര്‍ ഇപ്പോള്‍ ജീവിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ ജീവിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന നിയമത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടാണ് ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്ക അകറ്റാന്‍ മന്ത്രി ജെ. ചിഞ്ചുറാണി ആദ്യം യോഗം വിളിച്ചത്; അതൊരു വസ്തുതയാണ്. എന്നാല്‍ ആ യോഗത്തിലെ തീരുമാനങ്ങള്‍ക്കു വിരുദ്ധമായും 2013-ലെ നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്തുമാണ് സ്പെഷ്യല്‍ തഹസിദാരുടെ തീരുമാനങ്ങള്‍ ഉണ്ടായത്. വളരെ കുറഞ്ഞ വില നിശ്ചയിച്ച് ഭൂമി ഏതുവിധേനയും പിടിച്ചെടുക്കുന്നവിധമായിരുന്നു സമീപനം. ഇതു ചോദ്യം ചെയ്ത് സ്പെഷ്യല്‍ തഹസില്‍ദാരുടെ മുന്നില്‍ത്തന്നെ നിരവധി പരാതികളെത്തുകയും ചെയ്തു.

നേരത്തേ പറഞ്ഞ മൂന്നു കാര്യങ്ങളില്‍ ഏതാണോ കൂടുതല്‍ അതാണ് മാനദണ്ഡമാക്കേണ്ടത് എന്നും നിവേദനങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നു. നിയമവിരുദ്ധമായി വകുപ്പ് 26-ലെ എയും ബിയും മാത്രം പരിഗണിച്ചുകൊണ്ടും ബോധപൂര്‍വ്വം വകുപ്പ് സി ഒഴിവാക്കിയുമാണ് സ്പെഷ്യല്‍ തഹസില്‍ദാര്‍ വസ്തുവിന്റെ കമ്പോളവില നിര്‍ണ്ണയിക്കുന്നത് എന്നാണ് വിമര്‍ശനം. ഇതിനെ നിയമപരമായി ഖണ്ഡിക്കാന്‍ കഴിയില്ല. കൊല്ലം കളക്ടറെ പ്രതിനിധീകരിച്ച് എ.ഡി.എമ്മും എന്‍.എച്ച്.എല്‍ എ സ്പെഷല്‍ ഡെപ്യൂട്ടി കളക്ടറും അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഭൂമിയുടെ അടിസ്ഥാനവില നിശ്ചയിക്കുന്നതിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന വിലയുള്ള പത്ത് ആധാരങ്ങള്‍ അടിസ്ഥാനരേഖയായി സ്വീകരിക്കുമെന്നും അതില്‍നിന്ന് ഏറ്റവും വില കൂടിയ അഞ്ച് ആധാരങ്ങളിലെ വിലയുടെ ശരാശരിയായിരിക്കും അടിസ്ഥാന വിലയായി നിശ്ചയിക്കുന്നതെന്നുമാണ് ആ യോഗത്തിലെടുത്ത തീരുമാനം. ഇട്ടിവ വില്ലേജിന്റെ സമീപപ്രദേശത്തുള്ള വില്ലേജുകള്‍ കടയ്ക്കല്‍, ചടയമംഗലം, ചിതറ, ചണ്ണപ്പേട്ട വില്ലേജുകളാണ്. യോഗത്തിലെ തീരുമാനത്തിനു വിരുദ്ധമായും കടയ്ക്കല്‍, ചടയമംഗലം, ചിതറ, ചണ്ണപ്പേട്ട വില്ലേജുകളിലെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ വിലകൂടിയ ആധാരങ്ങള്‍പോലും ഒഴിവാക്കി വില കുറഞ്ഞ ഏതാനും ആധാരങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് അടിസ്ഥാന വില നിശ്ചയിച്ചത്. സ്പെഷ്യല്‍ തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം തന്നെ അദ്ദേഹത്തിനു നല്‍കിയ ആധാരങ്ങള്‍പോലും പരിഗണിച്ചില്ല എന്നുമുണ്ട് ആക്ഷേപം. അതിനേക്കാള്‍ ഉയര്‍ന്ന വിലയുള്ള ആധാരങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്നും നിരവധി വ്യക്തികളില്‍നിന്നും ശേഖരിച്ചിരുന്നു. ആ ആധാരങ്ങളും പരിഗണിച്ചില്ല. ഈ നടപടികള്‍ ഭൂമി നഷ്ടപ്പെടുന്നവരെ സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും എതിരാക്കാനും അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും സമയബന്ധിതമായ ഏറ്റെടുക്കല്‍ നടപടികള്‍ അട്ടിമറിക്കാനും ഫലത്തില്‍ ഭൂമി ഏറ്റെടുക്കല്‍ തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടാണ് എന്ന ഗുരുതര ആക്ഷേപം അതിവേഗം രാഷ്ട്രീയ പ്രശ്‌നമായി മാറുക കൂടിയാണ്. നിലവിലെ നടപടികള്‍ ചട്ടവിരുദ്ധമാണ് എന്നു ചൂണ്ടിക്കാണിക്കാന്‍ നിരവധി തെളിവുകളും പരാതികളില്‍ വിശദീകരിക്കുന്നു. ഉദാഹരണത്തിന്, വെള്ളംകൊള്ളി എന്ന ഭാഗത്ത് ചടയമംഗലം, ഇട്ടിവ, കോട്ടുക്കല്‍ വില്ലേജുകളില്‍ കൂടിയാണ് ഹൈവേ കടന്നുപോകുന്നത്. എന്നാല്‍ ഒരേ പ്രദേശത്തു തന്നെയുള്ളതും ഒരേ അതിര്‍ത്തി പങ്കിടുന്നതും സമാന രീതിയിലുള്ളതുമായ ഭൂമിക്ക് മൂന്ന് വില്ലേജിലാണ് എന്ന പേരില്‍ മൂന്നു തരം വില നിര്‍ണയിക്കുകയാണ് ചെയ്തത്. ഇതു ചിലരെ സഹായിക്കാനും മറ്റു ചിലര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നിഷേധിക്കാനുമാണ് എന്നാണ് പരാതി. ഇതിനു പിന്നില്‍ അഴിമതി ലക്ഷ്യമിട്ടുള്ള അധികാര ദുര്‍വിനിയോഗമുണ്ട് എന്നു വന്നതോടെയാണ് സ്പെഷ്യല്‍ തഹസില്‍ദാരെ താക്കീതു ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്. പക്ഷേ, കാര്യങ്ങള്‍ ഇപ്പോഴും പഴയിടത്തുതന്നെ. 

വെറുംവാക്കായ പ്രഖ്യാപനങ്ങള്‍ 

വസ്തു ഉടമകളുടെ യോഗത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി സംസാരിച്ചതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. അതില്‍ അവര്‍ പറയുന്നത് ഇങ്ങനെയാണ്: ''ഈ അലൈന്‍മെന്റില്‍ പെടുന്നത് ചിലപ്പോള്‍ ഒരു വീടിന്റെ മൂലയായിരിക്കാം. ആ മൂല അവര്‍ക്ക് ഇടിച്ചുകളഞ്ഞേ പറ്റൂ. പക്ഷേ, അവിടെ നമ്മള്‍ക്കറിയാം ആ മൂല ഇടിച്ച് കഴിഞ്ഞാല്‍ ആ വീടങ്ങ് ഇരുന്നുപോകും. പിന്നെ ആ വീടുകൊണ്ട് വലിയ പ്രയോജനം കാണില്ല. അതുകൊണ്ട് ആ വീടിന്റെ പണവും കൊടുക്കണമെന്നുള്ള നിലയ്ക്കുതന്നെയാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. അതുള്‍പ്പെടെ ഇവര് പരിശോധിച്ചുകൊണ്ട് ഒരു നല്ല തീരുമാനത്തിലെത്തിപ്പോകണം.'' ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന ഈ നിലപാടും മന്ത്രി നല്‍കിയ ഉറപ്പുമാണ് പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത്. ഭാഗികമായി വീട് നഷ്ടപ്പെടുന്നവര്‍ക്കു വളരെ കുറഞ്ഞ നഷ്ടപരിഹാരമാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്.

നാഷണല്‍ ഹൈവേയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റബ്ബര്‍ അടക്കമുള്ള ഫലവൃക്ഷങ്ങളുടെ നഷ്ടപരിഹാരം നിയമപ്രകാരം നിശ്ചയിക്കേണ്ടത് കൃഷിവകുപ്പാണ്. ഈ പ്രദേശത്തെ ഭൂരിഭാഗം കര്‍ഷകരുടേയും പ്രധാന വരുമാനം നിലവില്‍ റബ്ബറില്‍നിന്നുള്ള ആദായമാണ്. എന്നാല്‍, ഇതു സംബന്ധിച്ച് യാതൊരു മാര്‍ഗ്ഗനിര്‍ദ്ദേശവും കൃഷിവകുപ്പോ റവന്യു ഉദ്യോഗസ്ഥരോ പുറപ്പെടുവിച്ചില്ല. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി, ഏകപക്ഷീയമായി വളരെക്കുറഞ്ഞ നഷ്ടപരിഹാരമാണ് റബ്ബര്‍ അടക്കമുള്ള ഫലവൃക്ഷങ്ങള്‍ക്കും വിളകള്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. ഇക്കാര്യത്തിലും ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള നടപടികള്‍ അകലെയാണ്. പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് ഭൂമി വിട്ടുകൊടുത്തവര്‍ക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നു. അതേ ആത്മാര്‍ത്ഥതയും ഇടപെടലുമാണ് ഇവിടെയും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com