വി.എസ്: എന്നും സജീവമായ പഠിതാവ്

കേട്ടാലും കേട്ടാലും മതിവരാത്ത വിദ്യാർത്ഥിയാക്കിയതും അപൂർണ്ണമായ സ്കൂൾ കാലമാണ്. പുതിയ വിവരവുമായി എത്തുന്ന ആരും വി.എസ്സിനെ സംബന്ധിച്ച് അദ്ധ്യാപകനാണ്. അയാൾക്കു മുന്‍പിൽ സ്വയം വിദ്യാർത്ഥിയായി പരിണമിക്കുമായ
വി.എസ്: എന്നും സജീവമായ പഠിതാവ്

വി.എസ്. അച്യുതാനന്ദൻ മടുപ്പില്ലാത്ത ഒരു വിദ്യാർത്ഥിയായിരുന്നു. എത്ര നേരവും കടലാസും പേനയുമായി അദ്ധ്യാപകന്റെ മുന്‍പിലിരുന്ന് സാകൂതം, സശ്രദ്ധം കേൾക്കുന്ന ശ്രോതാവ്. വളരെ സൂക്ഷ്മതയോടെ കുറിപ്പുകൾ എഴുതിവെയ്ക്കുന്ന പഠിതാവ്. ഇടയ്ക്ക് മയങ്ങിപ്പോയാലും പെട്ടെന്നുതന്നെ ഉണർന്ന് വീണ്ടും അദ്ധ്യാപകന്റെ മുഖത്തേക്കുറ്റുനോക്കി തുടരാമെന്ന് മുഖഭാവത്താൽ അറിയിക്കും. താല്പര്യമുള്ള വിഷയങ്ങളാണെങ്കിൽ വേരും വിസ്താരവും മുഴുവൻ മനസ്സിലാക്കിയേ വക്താവിനെ വിടുകയുള്ളൂ. വി.എസ്. അങ്ങനെ കടലാസും പേനയുമായി സശ്രദ്ധം കേൾക്കുന്നത് ഒരു തൊഴിലാളിയെ ആവാം... പുതിയ കാര്യം പറയാൻ വരുന്നവരായാലും അദ്ധ്യാപകരെപ്പോലെയാണ് വി.എസ്. പരിഗണിച്ചത്. (കൂട്ടത്തിൽ പറയട്ടെ ഇതെഴുതുന്നയാളുടെ സംസാരം പലപ്പോഴും വി.എസ്സിനു മനസ്സിലാകുമായിരുന്നില്ല. അതിവേഗമാണ് പ്രശ്നം. കണ്ണൂർ ഭാഷയും. ചിലപ്പോഴെങ്കിലും മറ്റാരെങ്കിലും ‘തർജമ’ ചെയ്തുകൊടുക്കേണ്ട അവസ്ഥ! ഏഴു വർഷം അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്നിട്ടും സംഭാഷണത്തിലെ വേഗവ്യത്യാസം പരിഹരിക്കാനായില്ല!)

ഏഴാം ക്ലാസ്സുവരെയേ വി.എസ്സിനു പഠിക്കാൻ അവസരം ലഭിച്ചുള്ളൂ. അത്രയുമെത്തിയതുതന്നെ കടുത്ത പ്രയാസങ്ങൾ നേരിട്ടുകൊണ്ടാണ്. ചെറുപ്പത്തിൽ കൂടുതൽ പഠിക്കാൻ സാധിക്കാത്തതിലുള്ള വിഷമം മനസ്സിൽനിന്നു വിട്ടുപോയതേയില്ല. അതുകൊണ്ടുതന്നെ കേട്ടും വായിച്ചും പഠിക്കാനുള്ള ഒരവസരവും പാഴാക്കാതിരിക്കാൻ ശ്രദ്ധിച്ചുപോന്നു. നാലര വയസ്സുള്ളപ്പോൾ അമ്മയും 11 വയസ്സുള്ളപ്പോൾ അച്ഛനും നഷ്ടപ്പെട്ട കുട്ടി. അനാഥബാല്യം എന്നു പറയാനാവില്ലെങ്കിലും സാമ്പത്തികമായി സ്ഥിതി അതുതന്നെയായിരുന്നു. അമ്മയുടെ ആദ്യ വിവാഹബന്ധത്തിലുള്ള മകൻ ഗംഗാധരന് വി.എസ്സിനേക്കാൾ 10 വയസ്സിന്റെ മൂപ്പുണ്ട്. പിതാവിന്റെ മരണശേഷം ഗംഗാധരന്റെ ചുമലിലായി നാലംഗ കുടുംബത്തിന്റെ ജീവിതം. നന്നായി പഠിച്ചിട്ടും വി.എസ്സിന് ഏഴാം ക്ലാസ്സിൽ പഠനം നിർത്തേണ്ടിവന്നത് ദാരിദ്ര്യംകൊണ്ടാണ്.

വീടിനടുത്തുള്ള പുന്നപ്ര പറവൂർ പതിയാംകുളങ്ങര സ്കൂളിൽ മൂന്നാം ക്ലാസ്സുവരെ പഠിച്ചശേഷമാണ് അവിടെ നാലാം ക്ലാസ്സ് ഇല്ലാത്തതിനാൽ കളർകോട് സ്കൂളിൽ ചേരുന്നത്. അവർണർക്ക് വഴിനടക്കാൻപോലും അവകാശം നിഷേധിക്കപ്പെടുന്ന കാലം. ഈഴവരാദി പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾ ക്ഷേത്രത്തിനടുത്തുകൂടി നടന്നുപോകുന്നതിന് അലിഖിത വിലക്കുണ്ടായിരുന്നു. സ്കൂളിലാകട്ടെ, ഔദ്യോഗിക വിലക്കില്ലെങ്കിലും വിവേചനം അതിരൂക്ഷം. കൂവിപ്പുറത്താക്കുക, പരിഹസിച്ച് സ്കൂളിൽ വരാതാക്കുക, സംഘടിതരായി ആക്രമിച്ച് ഓടിക്കുക- ഇതെല്ലാമായിരുന്നു പലേടത്തേയും രീതി. ഉയർന്ന പട്ടാള ഉദ്യോഗസ്ഥനായ പിതാവിന്റെ മകനായ അംബേദ്കർക്ക് മധ്യപ്രദേശിലേയും പിന്നീട് മഹാരാഷ്ട്രയിലേയും സ്കൂളുകളിൽ അനുഭവിക്കേണ്ടിവന്ന, സ്കൂളിൽ പോകുമ്പോൾ സവർണ്ണ കുട്ടികളെ ഒളിച്ചുകഴിയേണ്ടിവന്ന അവസ്ഥ കേരളത്തിലേയും യാഥാർത്ഥ്യമായിരുന്നു. കളർകോട് സ്കൂളിൽ പോകുമ്പോൾ അച്യുതാനന്ദനും സമാനമായ അനുഭവമാണുണ്ടായത്. സ്കൂളിൽ പോകുമ്പോൾ കൂക്കുവിളി, തല്ലിയോടിക്കൽ, സ്കൂൾ ക്ലാസ്സിനകത്തും വിവേചനം. നേരിട്ടുള്ള ആക്രമണത്തെ എങ്ങനെ നേരിടാനാണ്, സ്കൂളിൽ പോകുന്നതെങ്ങനെ എന്ന ചോദ്യം അച്യുതാനന്ദൻ പിതാവിനു മുന്നിൽ ഉന്നയിച്ചു. തല്ലിനു തല്ലു തന്നെ മറുപടി, അതിനുള്ള ധൈര്യവും ഉശിരുമുണ്ടാകണമെന്ന് അച്ഛന്റെ നിർദ്ദേശം. ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന്റെ പ്രാദേശിക ഭാരവാഹിയും നേതാവുമാണ് വെന്തലത്തറ ശങ്കരൻ. അറവുകാട് ക്ഷേത്രക്കമ്മിറ്റിയുടെ പ്രസിഡന്റായ ശങ്കരൻ ജാതിമേധാവിത്വത്തിനെതിരെ നാട്ടുകാരെ സംഘടിപ്പിച്ചു പോരാടി ജനങ്ങളുടെ പ്രിയങ്കരനായി മാറിയിരുന്നു. അദ്ദേഹമാണ് അടി വരുമ്പോൾ ഓടുകയല്ല, തിരിച്ചടിക്കുകയാണ് വേണ്ടതെന്ന ഉപദേശത്തോടെ മകനെ പറഞ്ഞയക്കുന്നത്. സവിശേഷമായ ഒരു ആയുധവും ശങ്കരൻ മകനു നൽകിയിരുന്നു. പിടിയുള്ള അരഞ്ഞാണം. പിൽക്കാലത്ത് സംഘർഷങ്ങളിൽ ഉപയോഗത്തിലുണ്ടായിരുന്ന സൈക്കിൾ ചെയിൻപോലെ ഒരായുധം. ജാതീയമായ ഉച്ചനീചത്വം കല്പിച്ച് സവർണ്ണജാതിക്കാരായ അക്രമികൾ തല്ലിയോടിക്കാൻ വരുമ്പോൾ ഓടാതെ, നേരിടുക... മറ്റൊന്നും നോക്കേണ്ടതില്ല എന്ന ഉപദേശത്തോടെയാണ് പിതാവായ വെന്തലത്തറ ശങ്കരനാണ് അച്യുതാനന്ദനു സവിശേഷമായ അരഞ്ഞാണം നിർമ്മിച്ചു നൽകിയത്. അയിത്തം, വഴി നടക്കാൻ സ്വാതന്ത്ര്യമില്ലായ്മ, സ്കൂളിൽ സവർണ്ണ വിദ്യാർത്ഥികൾ ഇരിക്കുന്നതിനടുത്ത് ഇരിക്കാൻ പറ്റാത്തത് എന്നീ കടുത്ത അനീതികൾ, അന്യായങ്ങൾ കേട്ടുകേൾവിയോ വായിച്ചറിവോ ആയിരുന്നില്ല, അച്യുതാനന്ദന്. അടുത്ത ദിവസം സ്കൂളിലേക്കു പോകുമ്പോൾ കൂക്കുവിളിയും ആക്രമണവുമുണ്ടായപ്പോൾ അച്യുതാനന്ദൻ ആയുധം പുറത്തെടുത്തു വീശുകയായിരുന്നു. പോക്കിരികളെ നേരിട്ടു തോൽപ്പിച്ച പോക്കിരിയായി ആ കുട്ടി ശ്രദ്ധേയനായി.

ഈ പാഠമാണ് വിട്ടുവീഴ്ചയില്ലാത്ത പോരാളിയായി അച്യുതാനന്ദനെ മുന്നോട്ടു നയിച്ചത്. കേട്ടാലും കേട്ടാലും മതിവരാത്ത വിദ്യാർത്ഥിയാക്കിയതും അപൂർണ്ണമായ സ്കൂൾ കാലമാണ്. പുതിയ വിവരവുമായി എത്തുന്ന ആരും വി.എസ്സിനെ സംബന്ധിച്ച് അദ്ധ്യാപകനാണ്. അയാൾക്കു മുന്‍പിൽ സ്വയം വിദ്യാർത്ഥിയായി പരിണമിക്കുമായിരുന്നു. പരിസ്ഥിതി, ലോട്ടറി, അഴിമതി, നെൽക്കൃഷി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണെങ്കിൽ മറ്റു തിരക്കുകൾ മറന്നു ലയിച്ചങ്ങനെ ഇരുന്നുപോകും...

മുഖ്യമന്ത്രിയായിരിക്കെ തിരക്കോടു തിരക്കുള്ള സമയത്തും ചിലപ്പോൾ അങ്ങനെ ശ്രോതാവായി ഇരിക്കുമ്പോൾ തടസ്സമുണ്ടാക്കാൻ പി.. സുരേഷോ പ്രസ് സെക്രട്ടറിയായ ഞാനോ ശ്രമിച്ചാൽ നീരസമുണ്ടാകും. മറ്റു പരിപാടികൾക്ക്, നിയമസഭാ സമ്മേളനത്തിലേക്കു പോകേണ്ട സമയത്തൊക്കെയുള്ള അത്തരം ക്ലാസ്സുകളെ വിലക്കാൻ ശ്രമിച്ച് പലതവണ നീരസമേൽക്കേണ്ടിവന്നിട്ടുണ്ട്.

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്നതിനു നടത്തിയ സമാനതകളില്ലാത്ത യത്നത്തിനു പിന്നിൽ വലിയ തയ്യാറെടുപ്പാണ് നടന്നത്. 2007 ഏപ്രിലിലാണെന്നാണ് ഓർമ്മ. തൃശൂരിൽ മണാലിപ്പുഴയോരത്ത് ഡോ. സുകുമാർ അഴീക്കോട് പുതുതായി പണികഴിപ്പിച്ച വീട്ടിന്റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ വി.എസ്സും ഒപ്പം പി.. സുരേഷും ഞാനും തലേന്നുതന്നെ പുറപ്പെട്ടു. വി.എസ്സിന്റെ ഏറ്റവും ഇഷ്ടതാമസസ്ഥലമായ ആലുവ ഗസ്റ്റ് ഹൗസിൽ താമസിച്ച് പിറ്റേന്നു രാവിലെയാണ് അഴീക്കോടിന്റെ വീട്ടിലേക്കു പോയത്. ആലുവയിൽനിന്നും തൃശൂരിലേക്കുള്ള യാത്രയ്ക്കിടയിൽ തലേന്ന് മനോരമ ചാനലിൽ കണ്ട ഒരു വാർത്ത ഞാൻ വി.എസ്സിന്റെ ശ്രദ്ധയിൽപ്പെടുത്തി. മൂന്നാറിൽ വൻതോതിൽ ഭൂമി കയ്യേറ്റം നടക്കുന്നതായാണ് വാർത്ത. പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി മൂന്നാറിലെത്തി കയ്യേറ്റസ്ഥലം കാണുന്ന ദൃശ്യത്തോടെയായിരുന്നു വാർത്ത. വലിയ സംഭവമെന്ന നിലയ്ക്കുള്ള പ്രാധാന്യമൊന്നും നൽകാതെ ഒരു പാസീവ് വാർത്തയായാണത് കാണിച്ചത്. പിറ്റേന്നത്തെ പത്രങ്ങളിൽ ഇടുക്കിക്ക് പുറമെ ആ വാർത്ത വന്നില്ലെന്നാണ് തോന്നുന്നത്. ഏതായാലും എറണാകുളത്തോ തൃശൂരിലോ വന്നില്ല. മൂന്നാറിൽ കയ്യേറ്റം നടക്കുന്നുവെന്നും ഉമ്മൻചാണ്ടി സ്ഥലത്ത് സന്ദർശനം നടത്തിയെന്നുമുള്ള വിവരമറിഞ്ഞതോടെ വി.എസ്. സുരേഷ്‌ കുമാർ ഐ..എസ്സിനെ വിളിക്കാൻ സുരേഷിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയാണന്ന് സുരേഷ്‌ കുമാർ. മൂന്നാറിലെ സ്ഥിതി തിരക്കാൻ സുരേഷ്‌ കുമാറിനോട് വി.എസ്. നിർദ്ദേശിച്ചു. ഗൃഹപ്രവേശ ചടങ്ങ് കഴിഞ്ഞ് ആലുവ ഗസ്റ്റ്ഹൗസിലെത്തിയ വി.എസ്. തലസ്ഥാനത്തേക്കുള്ള യാത്ര മാറ്റിവെച്ചു. സുരേഷ്‌ കുമാറിനോട് അടിയന്തരമായി ആലുവയിലെത്താൻ പറഞ്ഞു. പിറ്റേന്ന് അതിരാവിലെത്തന്നെ സുരേഷ്‌ കുമാറും അഡ്വ. അനിലും ഗസ്റ്റ് ഹൗസിലെത്തി. അന്യസംസ്ഥാന ലോട്ടറി ചൂതാട്ടത്തിനെതിരെ 2004-ൽ വി.എസ്. യുദ്ധമുഖം തുറന്നപ്പോൾ സേനാനായകരെപ്പോലെ ഒപ്പം നിന്നവരാണവർ. മൂന്നാറിലെ കയ്യേറ്റത്തെക്കുറിച്ചും ടാറ്റ കയ്യടക്കിവെച്ച വനഭൂമിയെക്കുറിച്ചും വി.എസ്സിനുവേണ്ടി നേരത്തെ വിശദമായി പഠിച്ചവരാണവർ. പ്രതിപക്ഷ നേതാവായിരിക്കെ ആ പഠനത്തിന്റെ വെളിച്ചത്തിൽ നിരന്തരം പ്രതികരിക്കുകയും ചെയ്തതാണ്. പണ്ടെന്നോ പാട്ടത്തിനെടുത്തെന്നതിനാൽ മൂന്നാറാകെ കയ്യടക്കിവെച്ച് ഒരു സാമ്രാജ്യമാക്കിയതായിരുന്നു ടാറ്റ. ടാറ്റക്കെതിരെ പറയാൻ വി.എസ്സല്ലാതെ മറ്റധികമാരുമുണ്ടായിരുന്നില്ല.

സുരേഷ്‌ കുമാറും അഡ്വ. അനിലും വലിയ തയ്യാറെടുപ്പോടെയാണെത്തിയത്. അവരുടെ കയ്യിൽ റവന്യു വകുപ്പിന്റെ പൊടിപിടിച്ച റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രഭാതഭക്ഷണത്തിനു മുന്‍പുതന്നെ അവർ വി.എസ്സിനെ പഠിപ്പിക്കാൻ തുടങ്ങി. ഞങ്ങൾ ഇടയ്ക്ക് മുറിയിൽ കയറും. വി.എസ്. ഞങ്ങളെ മൈൻഡ് ചെയ്യാതെ പൂർണ്ണമായും സുരേഷ്‌ കുമാറിനെ ശ്രവിക്കുകയാണെന്നു കണ്ട് അക്ഷമരായി ഞങ്ങൾ പുറത്തേക്കിറങ്ങും. ആലുവ ഗസ്റ്റ്ഹൗസിൽ ഗിരീഷ് എന്ന ജീവനക്കാരനെ വി.എസ്സിനും ഏറെ ഇഷ്ടമാണ്. മറ്റേതെങ്കിലും ഗസ്റ്റ്ഹൗസിലാണ് ജോലിയെങ്കിലും വി.എസ്. എത്തുമ്പോൾ പ്രത്യേകം അഡ്ജസ്റ്റ് ചെയ്ത് ഗിരീഷ് ആലുവയിൽ ഡ്യൂട്ടിക്കെത്തും. വി.എസ്സിന്റെ പാകങ്ങൾ കൃത്യമായറിയാം ഗിരീഷിന്. ഗിരീഷും ഇടയ്ക്കിടെ വി.എസ്സിന്റെ മുറിയിൽ കയറി നോക്കി ഇറങ്ങും. പ്രാതലിനു സമയമായെന്നു പറയാനുള്ള ഇടപോലുമില്ല. അത്ര ഭയങ്കര ക്ലാസ്സും ശ്രദ്ധയും ചോദ്യവും മറുപടിയുമാണ്. അന്നത്തെ മംഗളം പത്രത്തിൽ മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് വളരെ വലിയ ഒരു വാർത്തയുണ്ടായിരുന്നു. ആദ്യവട്ടം ക്ലാസ്സിനു ശേഷം വി.എസ്. ഭക്ഷണത്തിനിരുന്നപ്പോൾ ഞാനും സുരേഷും കൂടി മംഗളം വാർത്ത വായിച്ചു കേൾപ്പിച്ചു. എം.എം. മണിയെ വിളിക്കൂ, വി.എസ്. പറഞ്ഞു. ഉടൻതന്നെ മണി ലൈനിലെത്തി. വി.എസ്സുമായി ഏറ്റവുമടുത്ത ബന്ധമുള്ള ആളാണക്കാലത്ത് മണിയാശാൻ. എന്താണ് നിങ്ങളുടെ നാട്ടിൽനിന്നു വാർത്തകൾ വരുന്നത്, അതൊന്നും കാണുന്നില്ലേയെന്ന് ആശാനോട് വി.എസ്. ഉമ്മൻചാണ്ടി അവിടെ വന്നതുപോലും എന്നോടാരും പറഞ്ഞില്ലല്ലോ എന്ന പരിഭവസ്വരത്തിൽ വി.എസ്. അതൊക്കെ വെറും ബോഷ്‌കാണ് വി.എസ്സേ, പുതുതായൊന്നുമില്ലെന്ന് മണി സഖാവ്. അത്ര സന്തോഷത്തോടെയല്ലാതെ, അല്പം നീരസത്തോടെത്തന്നെ ഫോൺ കിടക്കയിലേക്കിടുകയായിരുന്നു വി.എസ്. ഏതായാലും മംഗളത്തിൽ വന്ന വാർത്തയോട് പ്രതികരിക്കാൻ പത്രസമ്മേളനം വിളിക്കാമെന്ന തീരുമാനത്തിലെത്തി. മംഗളം വാർത്തയിലെ ആരോപണങ്ങളെ പരാമർശിച്ചും പ്രതിപക്ഷനേതാവായിരിക്കെ കയ്യേറ്റത്തെ എതിർത്ത് വി.എസ്. മുഖ്യമന്ത്രിയായ ശേഷം അതേക്കുറിച്ചൊന്നും പറയുന്നില്ലെന്ന വിമർശം അസ്ഥാനത്താണെന്നു വ്യക്തമാക്കിയും മൂന്നാറിലെ ഭൂപ്രശ്നത്തെ ആഴത്തിൽ അവലോകനം ചെയ്തും കൊണ്ടുള്ള പത്രക്കുറിപ്പ് സുരേഷ്‌ കുമാറിന്റെ സഹായത്തോടെ തയ്യാറാക്കി. മൂന്നാറിലെ കയ്യേറ്റം പൂർണ്ണമായും ഒഴിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന അസന്ദിഗ്ദ്ധമായ പ്രഖ്യാപനത്തോടെയാണ് പത്രസമ്മേളനം അവസാനിച്ചത്.പത്രസമ്മേളനം കഴിഞ്ഞ ഉടനെ വി.എസ്. വീണ്ടും വിദ്യാർത്ഥിയായി. സുരേഷ്‌ കുമാറും അഡ്വ. അനിലും അദ്ധ്യാപകരായി.

തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി.എസ്. സഹപ്രവർത്തകരുമായി കൂടിയാലോചിച്ച് മൂന്നാറിൽ പോകാൻ തീരുമാനിച്ചു. അടുത്തൊരു ദിവസം തന്നെ വി.എസ്സും സംഘവും മൂന്നാറിലേക്കു പോയി കയ്യേറ്റങ്ങൾ നേരിൽ കണ്ടു. ഞങ്ങൾ (പൊളിറ്റിക്കൽ സെക്രട്ടറി കെ.എൻ. ബാലഗോപാല്‍, പ്രസ് സെക്രട്ടറിയായ ഞാൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരൻ, പി.എയും സന്തതസഹചാരിയുമായ സുരേഷ് എന്നിവർ) നേരത്തെത്തന്നെ അവിടയെത്തി. കയ്യേറ്റത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായി വലിയൊരു ജനക്കൂട്ടവും മാധ്യമപ്പടയുമുണ്ടായിരുന്നു. താമസിക്കാൻ സ്ഥലമില്ലാത്തതിനാൽ അഞ്ചു സെന്റോ അതിലല്പമധികമോ സ്ഥലം വളച്ചുകെട്ടിയ കുടിയേറ്റക്കാരെ ഒരു കാരണവശാലും ഇറക്കിവിടാതെ, എന്നാൽ, അഞ്ച് സെന്റിലാണെങ്കിലും വലിയ വാണിജ്യ കെട്ടിടങ്ങളുണ്ടാക്കിയ കയ്യേറ്റക്കാരെ കുടിയേറ്റക്കാരായി കണക്കാക്കാനാവില്ലെന്ന സമീപനമാണ് വി.എസ്. സ്വീകരിച്ചത്. പത്രസമ്മേളനത്തിലും വി.എസ്. അക്കാര്യം വ്യക്തമാക്കി.

പിന്നീട് ഡോ. കെ.എൻ. ഹരിലാൽ മൂന്നാറിൽ പോയി ഒരു സ്റ്റഡി നടത്തി. സുരേഷ്‌ കുമാറും അഡ്വ. അനിലും ഹരിലാലുമെല്ലാം ചേർന്ന് പവർ പോയന്റ് പ്രസന്റേഷനായി മൂന്നാർ കയ്യേറ്റത്തെക്കുറിച്ച് വി.എസ്സിനു വ്യക്തത പകർന്നു. വി.എസ്സിന്റെ പഠനത്തിനു രണ്ട് രീതിയുണ്ട്. ഒന്ന് നിയമപരമായ കാര്യങ്ങൾ. രണ്ടാമതായി രാഷ്ട്രീയ നയപരമായ കാര്യങ്ങൾ. ഒരേ കാര്യത്തിൽത്തന്നെ രണ്ടോ അതിലേറെയോ ആളുകളുമായി അഥവാ ഗ്രൂപ്പുകളുമായി സംസാരിക്കും. അവരുടെ അഭിപ്രായം കേൾക്കും. മിക്ക പ്രശ്നങ്ങളിലും തന്റെ സഹായികൾ തനിക്കു മുന്‍പിൽ തർക്കം നടത്തുന്നത് വി.എസ്. സാകൂതം കേൾക്കും. വാദപ്രതിവാദത്തിൽനിന്ന് തനിക്കാവശ്യമായത് എടുക്കും. ഇതാണ് വി.എസ്സിന്റെ ശൈലി. നിഗമനത്തിലെത്തുന്നത് സ്വന്തം നിലയ്ക്കാണെന്നർത്ഥം. ഏതു കാര്യത്തിലും ഉദ്യോഗസ്ഥർ, ഉദ്യോഗസ്ഥരല്ലാത്ത വിദഗ്ദ്ധർ എന്നിവരിൽനിന്നു പഠിച്ചശേഷം മറ്റൊരു പഠനമുണ്ട്. അവിടെയാണ് ഞങ്ങളുടെയൊക്കെ സ്ഥാനം. ജനവികാരം, രാഷ്ട്രീയമായ വരുംവരായ്കകൾ, കോട്ടനേട്ടങ്ങൾ എന്നിവയൊക്കെ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കെ. ശശിധരൻ ഔദ്യോഗികമായിത്തന്നെ അദ്ധ്യാപകനായിരുന്നതുകൊണ്ട് വി.എസ്സിനെ കാര്യങ്ങൾ മനസ്സിലാക്കിക്കുന്നതിൽ വലിയ സഹായമായി. കുറച്ചുകാലം വി.എസ്സിന്റെ ഐ.ടി അഡ്വൈസറായിരുന്ന ജോസഫ് സി. മാത്യു ഐ.ടിയിൽ മാത്രമല്ല, ഭൂപ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളിലും വി.എസ്സിന്റെ അനൗദ്യോഗിക അദ്ധ്യാപകനായി പ്രവർത്തിച്ചു.

മൂന്നാറിലെ ഇടപെടൽ രാഷ്ട്രീയമായി അഥവാ സംഘടനാപരമായി വലിയ നഷ്ടമാണുണ്ടാക്കുക എന്നറിയാമായിരുന്നിട്ടും ഉറച്ച നിലപാടാണ് ഒരുപക്ഷേ, വലിയ ത്യാഗപൂർണ്ണമായ നിലപാടാണ് വി.എസ്. സ്വീകരിച്ചത്. അറിഞ്ഞുകൊണ്ട് തീക്കനലിൽ ചവിട്ടുന്ന ആ സമീപനത്തിലെത്തുന്നത് വലിയ പഠനപരമ്പരയ്ക്കു ശേഷമാണെന്നാണ് സൂചന.

പരിസ്ഥിതി പ്രശ്നങ്ങളിൽ വി.എസ്സിന്റെ അദ്ധ്യാപകരിലൊരാൾ ഡോ. കുഞ്ഞികൃഷ്ണനായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലും തിരുവനന്തപുരം വനിതാ കോളേജിലും ബോട്ടണിയുടെ പ്രൊഫസറായിരുന്ന കുഞ്ഞികൃഷ്ണൻ കാസർകോട് സ്വദേശിയാണ്. കക്ഷിരാഷ്ട്രീയത്തിൽ അത്രയൊന്നും താല്പര്യമില്ലാത്ത കുഞ്ഞികൃഷ്ണൻ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ പ്രാധാന്യമൊക്കെ പറയുമ്പോൾ എത്ര നേരമെടുത്തും കേൾക്കുകയും കുറിപ്പെടുക്കുന്നതും കണ്ടിട്ടുണ്ട്. എൻഡോസൾഫാൻ പ്രശ്നത്തിൽ ആദ്യം ഇടപെട്ട രാഷ്ട്രീയനേതാവ് വി.എസ്സാണ്. കാസർകോട് ജില്ലയിലെ 11 പഞ്ചായത്തുകളുൾപ്പെട്ട പ്രദേശത്ത് കശുമാവിന്റെ കീടബാധ തടയാൻ എൻഡോസൾഫാൻ വർഷിച്ചത് കുടിവെള്ളം വിഷമയമാക്കുകയും നിരവധി പേരെ രോഗികളാക്കുകയുമായിരുന്നു. 2002-ലാണ് കാസർകോട്ടെ ഏതാനും പരിസ്ഥിതി പ്രവർത്തകർ പ്രതിപക്ഷനേതാവായ വി.എസ്സിന്റെ ഔദ്യോഗിക വസതിയിലെത്തി എൻഡോസൾഫാൻ ദുരന്തത്തിന്റെ ചിത്രങ്ങൾ കാണിച്ചത്. അക്കാലത്ത് സർക്കാരോ രാഷ്ട്രീയ പാർട്ടികളോ എൻഡോസൾഫാൻ കീടനാശിനി മനുഷ്യർക്ക് അപായകരമാണെന്നു കണ്ടിരുന്നില്ലെന്നു മാത്രമല്ല, എൻഡോസൾഫാനെ എതിർക്കുന്നവരെ ശത്രുപക്ഷത്ത് നിർത്തുകയുമായിരുന്നു. കാസർകോട്ടെ പരിസ്ഥിതി പ്രവർത്തകർ ഒരു ദിവസം തന്നെ രണ്ടു തവണയായി മണിക്കൂറുകളോളമെടുത്താണ് പ്രശ്നം വി.എസ്സിനെ മനസ്സിലാക്കിച്ചത്. ഒരാഴ്ചക്കകംതന്നെ വി.എസ്. എൻഡോസൾഫാൻ ബാധിതമേഖല സന്ദർശിച്ചു. അതേക്കുറിച്ച് വി.എസ്. തന്നെ വിവരിക്കുന്നത് നോക്കുക: “എൻമകജെ, മുളിയാർ മേഖലകളിൽ പോയപ്പോൾ ഞാൻ കണ്ടത് കരളലിയിക്കുന്ന കാഴ്ചകളാണ്. ബുദ്ധിമാന്ദ്യവും അംഗവൈകല്യങ്ങളും ബാധിച്ച കുട്ടികളും അമ്മമാരും വൃദ്ധന്മാരും... ഭയാനകമാംവിധം വയർ വീർത്തവർ, ഡോ. വൈ.എസ്. മോഹൻകുമാറും എൻഡോസൾഫാനെക്കുറിച്ച് ആദ്യം പുറത്തറിയിച്ച കന്നഡ പത്രപ്രവർത്തകനായ ശ്രീപഡ്‌റെ എന്നിവർ എനിക്ക് കാര്യങ്ങൾ വിശദീകരിച്ചുതന്നു.” വാസ്തവത്തിൽ സ്റ്റഡിക്ലാസ്സുതന്നെയായിരുന്നു ആ വിശദീകരണം. ഏതാനും ദിവസത്തിനുശേഷം വീണ്ടും എൻമകജെ മേഖല സന്ദർശിച്ച് വിവരശേഖരണം നടത്തിയശേഷമാണ് വി.എസ്. ആ പ്രശ്നം നിയമസഭയിൽ അവതരിപ്പിച്ചത്. രണ്ടു പതിറ്റാണ്ടിലേറെക്കാലം ഹെലികോപ്റ്റർ ഉപയോഗിച്ച് എൻഡോസൾഫാൻ തളിച്ചതിനെ തുടർന്ന് 11 പഞ്ചായത്തുകളിലെ ആവാസവ്യവസ്ഥയ്ക്കുതന്നെ വലിയ ആഘാതമുണ്ടായി കഴിഞ്ഞിരുന്നു. എൻഡോസൾഫാൻ ബാധിതമേഖലയിൽ അർബ്ബുദബാധയെ തുടർന്ന് 53 പേർ മരിച്ചു, ഇരുന്നൂറോളം പേർക്ക് അംഗവൈകല്യമുൾപ്പെടെ ആരോഗ്യപ്രശ്നമുണ്ട് എന്നുമാത്രമായിരുന്നു അക്കാലത്ത് വ്യക്തമായത്. അത് വളരെ ലഘൂകരിക്കപ്പെട്ട കണക്കാണ്. എഴുന്നൂറോളം മരണമുണ്ടായി, രണ്ടായിരത്തോളമാളുകൾക്ക് അംഗവൈകല്യമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായി എന്നു പിന്നീടാണ് വ്യക്തമായത്. എന്നാൽ, അതിനും കാരണം എൻഡോസൾഫാനല്ല എന്നതായിരുന്നു ഔദ്യോഗിക വിശദീകരണം. വി.എസ്സിന്റെ ശ്രദ്ധക്ഷണിക്കലിന് അന്നത്തെ കൃഷിമന്ത്രി കെ.ആർ. ഗൗരിയമ്മ നൽകിയ മറുപടി എൻഡോസൾഫാൻ വില്ലനല്ല എന്നാണ്.

2006-ൽ വി.എസ്സിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. ആദ്യത്തെ നിയമസഭാ സമ്മേളനത്തിൽത്തന്നെ ഉയർന്ന ഒരു ചോദ്യം കാസർകോട്ട് എൻഡോസൾഫാൻ കാരണം ആരെങ്കിലും മരിച്ചുവോ എന്നതായിരുന്നു. കൃഷിമന്ത്രി അതിനു നൽകിയ ഉത്തരം ആരും മരിച്ചിട്ടില്ല എന്നായിരുന്നു. ഉദ്യോഗസ്ഥർ നൽകിയ മറുപടി മന്ത്രി അതേപടി നൽകുകയായിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞതോടെ എൻഡോസൾഫാനെതിരായ സമരത്തിന്റെ നായകരിലൊരാൾ കൂടിയായ എഴുത്തുകാരൻ എം.. റഹ്മാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അതിരോഷത്തോടെ ഒരു ലേഖനമെഴുതി. ലേഖനം വായിച്ച വി.എസ്. വലിയ പ്രയാസത്തിലായി. ഉടനെ എം.. റഹ്മാനെ വിളിച്ചു. അര മണിക്കൂറിലേറെ നീണ്ട ആ സംഭാഷണം എൻഡോസൾഫാൻ ദുരന്തം സംബന്ധിച്ച സ്റ്റഡിക്ലാസ്സുതന്നെയായിരുന്നു. ഉടനെ വി.എസ്. കൃഷിമന്ത്രി മുല്ലക്കര രത്നാകരനെ വിളിച്ചുവരുത്തി. ഉത്തരം തിരുത്തിക്കൊടുക്കണമെന്നു നിർദ്ദേശിച്ചു. ഗൗരിയമ്മയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥർ പുതിയ കൃഷിമന്ത്രിയേയും തെറ്റിദ്ധരിപ്പിച്ചതായിരുന്നു. അടുത്ത ദിവസംതന്നെ ആരോഗ്യമന്ത്രിയോടൊപ്പം കാസർകോട് സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് മുഖേന വിശദമായ പരിശോധന നടത്തി. മരിച്ചവരുടേയും രോഗബാധിതരുടേയും കണക്കെടുത്തു. മരിച്ചവരുടെ കുടുംബത്തിന് ആശ്വാസ ധനസഹായം വിതരണം ചെയ്തു. പിന്നീട് ജനപ്രതിനിധികളുടെ യോഗം വിളിച്ച് എൻഡോസൾഫാൻ ദുരിതനിവാരണത്തിനു വിപുലമായ പദ്ധതി തയ്യാറാക്കി നടപ്പാക്കി. രണ്ട് രൂപ നിരക്കിൽ അരി, രോഗിക്കും പരിചരിക്കുന്നവർക്കും അലവൻസ്, വിദഗ്ദ്ധ ചികിത്സാ സംവിധാനം, ചികിത്സയ്ക്ക് പോകാൻ ഓരോ പഞ്ചായത്തിലും പ്രത്യേകം വാഹനം... വി.എസ്. പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പഠിച്ച് ജനശ്രദ്ധയിൽ കൊണ്ടുവരികയും നടപടി സ്വീകരിക്കുകയും ചെയ്തതുകൊണ്ടാണ് എൻഡോസൾഫാൻ ദുരിതത്തിനിരയായവർക്ക് നഷ്ടപരിഹാരം ലഭിച്ചത്. എൻഡോസൾഫാൻ ലോകവ്യാപകമായി നിരോധിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനും വി.എസ്. നേതൃത്വം നൽകി.

2001-2006-ൽ പ്രതിപക്ഷനേതാവായിരിക്കെയാണ് വി.എസ്. അന്യസംസ്ഥാന ലോട്ടറിക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചത്. സിക്കിം, ഭൂട്ടാൻ ലോട്ടറികളും മറ്റും നികുതിവെട്ടിപ്പു നടത്തി കേരളത്തിൽനിന്ന് അയ്യായിരം കോടിയോളം രൂപയാണ് ഓരോ വർഷവും തട്ടിക്കൊണ്ടുപോകുന്നതെന്ന് വി.എസ് ആരോപിച്ചത് ഭോഷ്‌കാണെന്നു പറഞ്ഞു പരിഹസിക്കുന്ന സമീപനമാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്വീകരിച്ചത്. എന്നാൽ, വി.എസ്. ദിവസേനയെന്നോണം ആരോപണം ഉന്നയിച്ചു; തെളിവുകൾ സഹിതം. അന്ന് സംസ്ഥാന ലോട്ടറി ഡയറക്ടറായിരുന്ന, പിന്നീട് സ്ഥാനചലനമുണ്ടായ സുരേഷ്‌കുമാർ ഐ..എസ്സാണ് പ്രശ്നം വി.എസ്സിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. അത് സുദൃഢമായ ബന്ധമായി വളർന്നു. അന്യസംസഥാന ലോട്ടറിയുടെ പിന്നാമ്പുറ കഥകളെല്ലാം സുരേഷ്‌ കുമാർ വി.എസ്സിനെ പഠിപ്പിക്കുകയായിരുന്നു. 2006-ൽ അധികാരത്തിലെത്തിയപ്പോൾ സുരേഷ്‌ കുമാറിനെ തന്റെ സെക്രട്ടറിയാക്കിയത് ലോട്ടറി ചൂതാട്ടത്തിനെതിരായ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു എന്നുതന്നെ പറയാം. ലോട്ടറി ധനവകുപ്പാണ് കൈകാര്യം ചെയ്യുന്നതും ചെയ്യേണ്ടതുമെങ്കിലും വി.എസ്. മുഖ്യമന്ത്രിയെന്ന നിലയിൽ പ്രത്യേക ഇടപെടൽ നടത്തുകയായിരുന്നു. സുരേഷ്‌ കുമാറും അഡ്വ. അനിലും ജോസഫ് മാത്യുവും വി.കെ. ശശിധരനും ക്ലാസ്സുകളെടുത്തു. ഡൽഹിയിൽനിന്ന് അഭിഭാഷകരെ കൊണ്ടുവന്നതടക്കമുള്ള എല്ലാ കാര്യങ്ങളിലും കർശനമായ ഫോളോ അപ്പ്... ധനമന്ത്രി തോമസ് ഐസക്കും അന്യസംസ്ഥാന ലോട്ടറിക്കെതിരെ ശക്തമായ നിലപാടെടുത്തു. ഐസക്കും വി.ഡി. സതീശനും തമ്മിൽ അക്കാലത്ത് നിരന്തരമായ വാദപ്രതിവാദം നടന്നതും ഓർക്കുന്നു. ലോട്ടറിയുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും നല്ല പാണ്ഡിത്യം തന്നെ നേടിയാണ് വി.എസ്. പ്രായോഗിക നടപടികളിലേക്ക് നീങ്ങിയത്.

പദ്മനാഭസ്വാമിക്ഷേത്രം തിരുവിതാംകൂർ രാജകുടുംബം വകയാണെന്ന വാദമുയരുകയും അളവറ്റ സ്വർണ്ണവും വെള്ളിയുമുള്ള നിലവറകൾ അനധികൃതമായി തുറക്കാറുണ്ടെന്ന ആരോപണമുയരുകയും ചെയ്തപ്പോൾ ഒരു ചരിത്രവിദ്യാർത്ഥിയെപ്പോലെ വി.എസ്. തിരുവിതാംകൂർ ചരിത്രം പഠിച്ചു. പത്മനാഭസ്വാമിക്ഷേത്രത്തിലെ തൊഴിലാളികളുടെ സംഘടനയാണ് ക്ഷേത്രസ്വത്തിൽ ചോർച്ച സംഭവിക്കുന്നതായി വി.എസ്സിനെ ധരിപ്പിച്ചത്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സ്റ്റേറ്റിനാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചുകൊണ്ടള്ള സബ്കോടതി വിധിയും ഹൈക്കോടതി വിധിയും വി.എസ്. സൂക്ഷ്മമായി പഠിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രാവകാശമുള്ള കുടുംബത്തിലെ അംഗം കൂടിയായ അഡ്വ. അനന്തപത്മനാഭനാണ് ദിവസങ്ങളോളം ക്ലിഫ്ഹൗസിലും പിന്നീട് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയിലുമെത്തി കൃത്യമായി പഠിപ്പിച്ചത്. തിരുവിതാംകൂർ രാജകുടുംബത്തിന് ഇപ്പോഴും ഭരണാവകാശമുള്ളതുപോലെയാണ് മിക്ക രാഷ്ട്രീയപാർട്ടികളും ഭരണാധികാരികളും ഉദ്യോഗസ്ഥരും പെരുമാറുന്നത്, രാജകുടുംബമാകട്ടെ, ഇപ്പോഴും അധികാരമുണ്ടെന്ന് നടിക്കുന്നു. ഇതിനെതിരെ വി.എസ്. ആഞ്ഞടിക്കുകതന്നെ ചെയ്തു. വലിയ എതിർപ്പാണ് അകത്തുനിന്നും പുറത്തുനിന്നും അതിന്റെ പേരിൽ ഉണ്ടായത്. നക്ഷത്രങ്ങളുടെ പേരിട്ട് അത് തിരുനാളാണെന്ന് പറഞ്ഞ് തിരുനാൾ എന്നു വിളിപ്പിക്കുന്ന രാജകുടുംബത്തിന്റെ ആചാരത്തിനെതിരെ, മാനസികമായ അടിമത്തം അടിച്ചേൽപ്പിക്കുന്നതിനെതിരെ വി.എസ്. ആഞ്ഞടിച്ചു. നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും നികത്തുന്നത് തടയുകയെന്നത് വി.എസ്സിന്റെ പരമപ്രധാന ലക്ഷ്യമായിരുന്നു. വെട്ടിനിരത്തൽ പ്രസ്ഥാനമെന്നെല്ലാം ആക്ഷേപിക്കപ്പെട്ടത് അതിന്റെ പേരിലാണ്. നെല്ലുല്പാദനം വർദ്ധിപ്പിക്കാൻ കർമ്മപദ്ധതി തയ്യാറാക്കുകയും നെൽക്കൃഷിക്ക് പലിശയില്ലാ വായ്പ അനുവദിക്കുകയും കാർഷിക കടാശ്വാസനിയമം കൊണ്ടുവരികയും നെല്ല് സംഭരണം തുടങ്ങുകയും ചെയ്തത് ബൃഹത്തായ പദ്ധതിയുടെ ഭാഗമാണ്. 2008-ൽ തണ്ണീർത്തടവും വയലും നികത്തുന്നതിനെതിരായ നിയമം കൊണ്ടുവരുന്നതിന് വി.എസ്. നല്ല പഠനം നടത്തുകയുണ്ടായി. കാർഷിക സർവ്വകലാശാലയുടെ ഡോ. പി.വി. ബാലചന്ദ്രനടക്കമുള്ളവരാണ് ഇതുമായി ബന്ധപ്പെട്ട് കുറെയധികം വിവരങ്ങൾ വി.എസ്സിനു നൽകിയത്.

കൂടംകുളത്ത് ആണവനിലയമുണ്ടാക്കുന്നതിനെ വി.എസ്. അതിശക്തമായി എതിർക്കുകയുണ്ടായി. വിശദമായ പഠനത്തിനു ശേഷമാണ് എതിർത്തത്. രാഷ്ട്രീയമായി വ്യത്യസ്ത തീരുമാനമാണുണ്ടായത്. കൂടംകുളം നിലയത്തെ എതിർക്കരുതെന്ന പാർട്ടി ശക്തമായി നിർദ്ദേശിച്ചിട്ടും വി.എസ്. നിലപാട് മാറ്റാത്തത് അന്നു വലിയ വിവാദമാവുകയുണ്ടായി. കൂടംകുളത്ത് എസ്.പി. ഉദയകുമാറിന്റെ നേതൃത്വത്തിൽ സത്യാഗ്രഹം നടക്കുന്ന വേദിയിലേക്ക് പോകാൻ വി.എസ്. തീരുമാനിച്ചപ്പോൾ പോകരുതെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. എന്നാൽ വി.എസ്. അങ്ങോട്ടേക്ക് പുറപ്പെട്ടു. അതിർത്തിയിൽവെച്ച് പൊലീസ് തടഞ്ഞ് തിരിച്ചയക്കുമെന്ന് ഊഹിക്കാമായിരുന്നിട്ടും പോയത് ഒരു സമരമെന്ന നിലയിലാണ്. പാരിസ്ഥിതിക വിദ്യാഭ്യാസ പ്രവർത്തനമെന്ന നിലയിൽക്കൂടിയാണ്. സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയത് ശരിയോ എന്നത് മറ്റൊരു പ്രശ്നം. പ്രതിപക്ഷനേതാവും എൽ.ഡി.എഫ്. കൺവീനറും മുഖ്യമന്ത്രിയുമായിരിക്കെ നിയമകാര്യങ്ങളിൽ അഡ്വ. ചെറുന്നിയൂർ ശശിധരൻ നായരെയാണ് നിയമോപദേശത്തിന് ഒന്നാമതായി വി.എസ്. ആശ്രയിച്ചത്. അദ്ദേഹം അതിരാവിലെയായാലും അർദ്ധരാത്രിയിലായാലും വി.എസ്സിന്റെ വിളിപ്പുറത്തായിരുന്നു. പിന്നീട് ഹൈക്കോടതിയിൽ ജഡ്ജിയായ നിയമസെക്രട്ടറി പി.എസ്. ഗോപിനാഥും നിയമകാര്യങ്ങളിൽ വി.എസ്സിന്റെ പ്രധാന ഉപദേശകനായിരുന്നു.

95 വയസ്സുള്ളപ്പോഴും ശാരീരികമായി വയ്യായ്കകളുണ്ടായിട്ടും ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിൽ വി.എസ്. ജാഗരൂകനായിരുന്നു. ബോധമുള്ളേടത്തോളംകാലം വിദ്യാർത്ഥി, മടുപ്പില്ലാത്ത വിദ്യാർത്ഥി. പഠിച്ചതും പ്രയോഗിച്ചതും എല്ലാം ശരിയോ, അതിൽ പിശകുകളുമില്ലേ എന്ന വിമർശം അന്നുണ്ടായിരുന്നു, ഇന്നുമുണ്ടാവാം.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.