'സ്‌കൂളുകളില്‍ ഉള്ളത് സ്വന്തം കുട്ടികള്‍ തന്നെ, അവരെ പട്ടിണിക്കിടരുത്'

കയ്യിലുള്ളതും കടം വാങ്ങിയുമൊക്കെ അവര്‍ മുടക്കും. കുറേ മാസങ്ങള്‍ കഴിയുമ്പോള്‍ കുറച്ചു തിരിച്ചുകിട്ടും. വീണ്ടും ചെലവഴിക്കും; അതിന്റെയൊരു വിഹിതം കിട്ടും
'സ്‌കൂളുകളില്‍ ഉള്ളത് സ്വന്തം കുട്ടികള്‍ തന്നെ, അവരെ പട്ടിണിക്കിടരുത്'

സ്‌കൂളില്‍ പഠിക്കുന്ന കേരളത്തിലെ കുട്ടികള്‍ ഉച്ചയ്ക്ക് അവിടെനിന്നു കഞ്ഞി കുടിക്കുകയല്ല; കറികള്‍ കൂട്ടി ചോറുണ്ണുകയാണ്. 'ഉച്ചക്കഞ്ഞി' എന്ന വിളിപ്പേര് മാറ്റാന്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ചൂണ്ടിക്കാണിച്ച കാര്യമാണ് ഇത്. ആ പേര് ഇപ്പോള്‍ ആരും പറയാറുമില്ല. അങ്ങനെ ഉച്ചഭക്ഷണം കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരുമായിച്ചേര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ പതിറ്റാണ്ടുകളായി നടപ്പാക്കുന്ന പി.എം. പോഷണ്‍  പദ്ധതി ഒട്ടേറെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമാണ്. പക്ഷേ, മിക്കപ്പോഴും പ്രധാനാദ്ധ്യാപകര്‍ കയ്യില്‍നിന്നു പണമെടുത്താണ് കാര്യങ്ങള്‍ നടത്തുന്നത്. രണ്ടു സര്‍ക്കാരുകളും പണം കൃത്യമായി വകയിരുത്തുകയും സമയത്തു കൊടുക്കുകയും ചെയ്യാത്തതാണ് കാരണം. 

കുട്ടികള്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ പ്രധാനാദ്ധ്യാപകര്‍ ഈ ഭാരം ചുമക്കുന്നു; സ്‌കൂളിലെ കുട്ടികളും സ്വന്തം കുട്ടികള്‍ തന്നെയാണ് എന്നതിലും അവരെ പട്ടിണിക്കിടരുത് എന്നതിലും അവര്‍ക്കു സംശയമില്ല. പക്ഷേ, ഈ പ്രതിബദ്ധതയ്ക്കു വേണ്ടത്ര ശ്രദ്ധ കിട്ടുകയോ കാര്യമായ ചര്‍ച്ചയാവുകയോ ചെയ്തില്ലെന്നു മാത്രം. കയ്യിലുള്ളതും കടം വാങ്ങിയുമൊക്കെ അവര്‍ മുടക്കും. കുറേ മാസങ്ങള്‍ കഴിയുമ്പോള്‍ കുറച്ചു തിരിച്ചുകിട്ടും. വീണ്ടും ചെലവഴിക്കും; അതിന്റെയൊരു വിഹിതം കിട്ടും. ഫലത്തില്‍ കടബാധ്യത ഒഴിഞ്ഞ നേരമില്ല. കുടിശിക മുഴുവനായി കൊടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ല എന്ന പരാതി ഉത്തരവാദപ്പെട്ടവര്‍ കേള്‍ക്കാഞ്ഞിട്ടല്ല; പക്ഷേ, അത് വേണ്ടവിധം ഇതുവരെ പരിഗണിച്ചില്ല. തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാനാദ്ധ്യാപകന്‍ ഈ ആവശ്യത്തിനു സഹകരണ ബാങ്കില്‍നിന്നു കടം വാങ്ങിയ രണ്ടു ലക്ഷം രൂപയുടെ രസീതുള്‍പ്പെടെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കത്തു നല്‍കി. ഇനി ഇങ്ങനെ തുടരാന്‍ കഴിയാത്തതുകൊണ്ട് ഉച്ചഭക്ഷണം നിര്‍ത്തുകയാണെന്നു കത്തില്‍ പറയുന്നു. സംഗതി വാര്‍ത്തയായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റേയും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടേയും ശ്രദ്ധയില്‍ കത്തും വിഷയവും എത്തി. ഇതോടെയാണ് കുട്ടികള്‍ക്ക് സൗജന്യമായി കൊടുക്കുന്ന ഉച്ചഭക്ഷണത്തിന്റെ പേരില്‍ പ്രധാനാദ്ധ്യാപകര്‍ പെടാപ്പാട് പെടുകയാണെന്ന് കൂടുതല്‍പേര്‍ അറിഞ്ഞതും കേരളമാകെ ചര്‍ച്ചയായതും. 

കരകുളത്തിനടുത്ത് എട്ടാംകല്ല് വിദ്യാധിരാജ എല്‍.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപകന്‍ ജെ.പി. അനീഷ് ആണ് നെടുമങ്ങാട് എ.ഇ.ഒയ്ക്ക് കത്തെഴുതിയത്. ''കടക്കാരെ പേടിച്ച് എനിക്കു ജീവിക്കാന്‍ വയ്യാത്ത സ്ഥിതിയായി. അതുകൊണ്ട് അടുത്ത ദിവസം മുതല്‍ ഞങ്ങളുടെ സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കുന്നത് നിര്‍ത്താന്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ്'' കത്തില്‍ പറഞ്ഞു. ഭക്ഷണം നിര്‍ത്തേണ്ടിവരാത്തവിധം നാട്ടുകാരും അദ്ധ്യാപക രക്ഷാകര്‍ത്തൃ സംഘടനയും സര്‍ക്കാര്‍ തന്നെയും ഇടപെട്ടു. 'ഭീഷണിക്കത്ത്' വിദ്യ ഉപദേശിച്ചുകൊടുത്തത് ആരാണെങ്കിലും അതിനു ഫലമുണ്ടായി. പക്ഷേ, കേരളമാകെ മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളും അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിനു പരിഹാരമുണ്ടാകണമെങ്കില്‍ കേന്ദ്രം കനിയണം; സംസ്ഥാന സര്‍ക്കാര്‍ സ്വന്തം വിഹിതം മുടങ്ങില്ല എന്ന് ഉറപ്പു വരുത്തുകയും വേണം. 

സ്‌കൂള്‍ അദ്ധ്യാപകരുടെ പ്രതിപക്ഷ സംഘടന കെ.പി.എസ്.ടി.എ മൂന്നു ദിവസം തുടര്‍ച്ചയായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരവും വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്കു മാര്‍ച്ചും പ്രഖ്യാപിച്ചു. സി.പി.എം സംഘടന കെ.എസ്.ടി.എ തങ്ങളുടെ സര്‍ക്കാരിനെതിരെ സമരത്തിനില്ലെങ്കിലും സാഹചര്യത്തിന്റെ ഗൗരവം അറിയാവുന്നതുകൊണ്ട് അത് പാര്‍ട്ടിയോടും മന്ത്രിയോടും പറഞ്ഞിട്ടുണ്ട്. ഉച്ചഭക്ഷണം തുടര്‍ന്നുകൊണ്ട് ആഴ്ചയില്‍ രണ്ടുനേരം പാലും ഒരു ദിവസം മുട്ടയും കൊടുക്കുന്നത് നിര്‍ത്തിവയ്ക്കാനാണ് എയ്ഡഡ് സ്‌കൂള്‍ പ്രധാനാദ്ധ്യാപകരുടെ സംഘടന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.പി.പി.എച്ച്.എ) തീരുമാനം. ഉച്ചഭക്ഷണം പദ്ധതിക്കു പണം കൊടുക്കാന്‍ കഴിയാത്തതിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞു രക്ഷപ്പെടുന്നു എന്നു പ്രതിപക്ഷവും ബി.ജെ.പിയും ആരോപിക്കുന്നു. കാര്യകാരണസഹിതമാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ അതിനോടു ശരിയായി പ്രതികരിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനുണ്ടുതാനും. 

തിരുവനന്തപുരം പൂജപ്പുര എൽപി സ്കൂളിൽ ഉച്ച ഭക്ഷണം കഴിക്കുന്ന കുട്ടികൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
തിരുവനന്തപുരം പൂജപ്പുര എൽപി സ്കൂളിൽ ഉച്ച ഭക്ഷണം കഴിക്കുന്ന കുട്ടികൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

പഴിചാരാതെ  പണിയെടുക്കുന്നവര്‍ 

കേന്ദ്രവിഹിതത്തിന്റെ ഉത്തരവില്‍ സ്ലാബ് വ്യത്യാസമില്ലായിരുന്നു എന്നും പക്ഷേ, കേരളത്തില്‍ അത് 150 കുട്ടികള്‍ക്കുവരെ എട്ട് രൂപയും 500 വരെ ഏഴ് രൂപയും അതിനു മുകളില്‍ ആറ് രൂപയുമാക്കി എന്നുമുള്ള വിമര്‍ശനം മുന്‍പേയുണ്ട്. അവശ്യസാധനങ്ങളുടെ വില കൂടുന്നതും അദ്ധ്യാപകരുടെ ഡി.എ കുടിശികയുമൊക്കെ നിലനില്‍ക്കുമ്പോഴാണ് ഒരു കുട്ടിക്ക് ദിവസം എട്ട് രൂപയ്ക്ക് ഉച്ചഭക്ഷണം കൊടുക്കേണ്ടത്. അതായത് അഞ്ചു ദിവസത്തേക്ക് 40 രൂപ. രണ്ടു വട്ടമായി 300 മില്ലി ലിറ്റര്‍ പാലും ഒരു കോഴിമുട്ടയും കൂടി ഏദേശം ആഴ്ചയിലൊരു കുട്ടിക്ക് 24 രൂപയാകും. ബാക്കി 16 രൂപ കൊണ്ടാണ് ഒരു കുട്ടിക്ക് അഞ്ചു ദിവസം ഓരോ നേരം സുഭിക്ഷമായി ഭക്ഷണം കൊടുക്കേണ്ടത്. മൂന്ന് രൂപയാണ് ഒരു ദിവസം ഒരു കുട്ടിക്ക് ഉച്ചഭക്ഷണത്തിനു മാറ്റി വയ്ക്കാന്‍ കഴിയുന്നത്. ഈ കണക്ക് ആരും ശ്രദ്ധിക്കാറില്ല. എട്ടു രൂപയില്‍നിന്നു വര്‍ദ്ധന ആവശ്യപ്പെട്ടിട്ടും പ്രതികരണം അനുകൂലവുമല്ല. ഇതിനൊക്കെ പുറമേ, എല്‍.പി-യു.പി സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ക്ക് ഒരു ക്ലാസിന്റെ ചുമതലയുണ്ട്. ആഴ്ചയില്‍ നിശ്ചിത പീര്യഡ് ക്ലാസുകള്‍ എടുക്കണം, അക്കാദമിക് കാര്യങ്ങള്‍ മുഴുവന്‍ മറ്റ് അദ്ധ്യാപകരെപ്പോലെ നോക്കണം. ഇതെല്ലാം താറുമാറാക്കിക്കൊണ്ടോ അമിതഭാരം ചുമന്നോ ആണ് പ്രധാനാദ്ധ്യാപകര്‍ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ ഓടിനടക്കുന്നത്. അത് വേണ്ടപ്പെട്ടവര്‍ കാണാതെ പോവുന്നു, എണ്ണാതെ പോകുന്നു; കണ്ടില്ലെന്നു നടിക്കുന്നു. ഈ വിഷമത്തിന്റെ മൂര്‍ധന്യത്തിലാണ് പ്രധാനാദ്ധ്യാപകര്‍. സ്ത്രീ ആയാലും പുരുഷനായാലും സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും അതിന്റെ സ്വാഭാവിക സമ്മര്‍ദ്ദങ്ങളും മറ്റെല്ലാവരേയും പോലെ ഉള്ളവരാണ് ഇവരും.

സംസ്ഥാന സര്‍ക്കാരാണ് ഉച്ചഭക്ഷണം പദ്ധതിക്കുള്ള അരി കൊടുക്കുന്നതെങ്കിലും മെനുവിലെ മറ്റു സാധനങ്ങള്‍ പ്രധാന അദ്ധ്യാപകര്‍ 'സംഘടിപ്പിക്കണം.' പലചരക്ക് സാധനങ്ങളുടേയും പാചകവാതക സിലിണ്ടറിന്റേയും വിലക്കയറ്റവും ഗതാഗതച്ചെലവുകളും വര്‍ദ്ധിക്കുന്നതും തങ്ങളെ കൂടുതല്‍ സാമ്പത്തിക ബാധ്യതയിലേക്ക് കൊണ്ടുപോകുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് നാല് രൂപ നിരക്കില്‍ വര്‍ദ്ധിപ്പിക്കണമെന്ന് രണ്ട് വര്‍ഷം മുന്‍പ് പൊതുവിദ്യാഭ്യാസ വകുപ്പും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടില്ല.

ഉച്ചഭക്ഷണം പദ്ധതിക്കുള്ള ഫണ്ട് വിതരണത്തിലെ പ്രതിസന്ധിക്കു കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്നു പറഞ്ഞാണ് മന്ത്രി വി. ശിവന്‍കുട്ടി നിലവിലെ സാഹചര്യം വിശദീകരിച്ചു തുടങ്ങിയത്. ''ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പാക്കപ്പെടുന്നത്. ചട്ടങ്ങള്‍ പ്രകാരം, പദ്ധതി നടത്തിപ്പിനുവേണ്ട അരിയും നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍, പദ്ധതിയില്‍ പി.എഫ്.എം.എസ് (പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം) നിര്‍ബ്ബന്ധമാക്കിയ 2021-'22 വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കേന്ദ്രവിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസമാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്നത്. കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുന്‍ വര്‍ഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമര്‍പ്പിച്ചാലും അനാവശ്യമായ തടസ്സവാദങ്ങള്‍ ഉയര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കില്‍ നിഷേധിക്കുകയോ ചെയ്യുന്നു.'' കേന്ദ്രത്തിന്റെ ഈ സമീപനമാണ് ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയിലാക്കിയത് എന്നതൊരു സത്യം മാത്രമാണ്. അതില്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയമുണ്ടോ എന്നതൊക്കെ പിന്നത്തെ കാര്യമാണ്. കേന്ദ്രവിഹിതം ലഭിക്കുന്നതിലെ കാലതാമസം സ്‌കൂളുകള്‍ക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികള്‍ക്ക് പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയത്തു കൊടുക്കാന്‍ തടസമായി മാറുന്നു. 

പക്ഷേ, കേന്ദ്ര സര്‍ക്കാരിനു മറ്റൊന്നാണ് പറയാനുള്ളത്. ''പി.എം പോഷന്‍ പദ്ധതിയുടെ ആവശ്യങ്ങള്‍ക്കായി കേരളസര്‍ക്കാരിന് 132.90 കോടി രൂപ കൈമാറി. പക്ഷേ, ട്രഷറിയില്‍നിന്ന് ഈ തുകയും സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും പദ്ധതി നടപ്പാക്കുന്ന അക്കൗണ്ടിലേക്ക് കേരളം കൈമാറിയിട്ടില്ല. അങ്ങനെ മാറ്റാത്തതുകൊണ്ട് കൂടുതല്‍ തുക അനുവദിക്കാനാകില്ല'' ഇതാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം. ഇക്കാര്യം ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഇ-മെയില്‍ മുഖേനയും ഒരു യോഗത്തില്‍ നേരിട്ടും അറിയിച്ചെന്നും ചര്‍ച്ച ചെയ്തതുമാണെന്നും കേന്ദ്ര മന്ത്രാലയം പറയുന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ ടാഗ് ചെയ്താണ് സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റ് ഇട്ടത്. സാമ്പത്തിക വര്‍ഷത്തിന്റെ പകുതി അവസാനിക്കാറാകുമ്പോഴും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള ആദ്യഗഡു കേന്ദ്രവിഹിതമായ 60 ശതമാനം തുക തരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്ന് കേരളം പറയുമ്പോഴാണ് കേന്ദ്രത്തിന്റെ മറുവാദം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പദ്ധതിക്കുള്ള കേന്ദ്രവിഹിതമായി പതിനായിരം കോടി രൂപയ്ക്ക് മുകളില്‍ തുക നടപ്പ് വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നതെന്നും എന്നാല്‍, ഇതുവരെ, മധ്യപ്രദേശിന് മാത്രമാണ് തുക അനുവദിച്ചിട്ടുള്ളത് (156.58 കോടി രൂപ) എന്നും കേരളം. രണ്ടു സര്‍ക്കാരുകളും തര്‍ക്കം തുടരുമ്പോള്‍ സ്‌കൂള്‍ പ്രധാനാദ്ധ്യാപകരുടെ ബുദ്ധിമുട്ട് തുടരുക തന്നെയാണ്. 

കഴമ്പുള്ള വാദങ്ങള്‍ 

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി ഈ വര്‍ഷം കേരളത്തിനു ലഭിക്കേണ്ട കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. ആനുപാതിക സംസ്ഥാന വിഹിതം 163.15 കോടി. ഇതുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പദ്ധതി അടങ്കല്‍ തുക 447.46 കോടി. 2022-'23 വര്‍ഷം മുതല്‍ രണ്ട് ഗഡുക്കളായാണ് കേന്ദ്രവിഹിതം കിട്ടുന്നത്. നിശ്ചിത കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം ആദ്യഗഡുവായും ബാക്കി 40 ശതമാനം രണ്ടാം ഗഡുവായും അനുവദിക്കും. ഇതുപ്രകാരം ഈ വര്‍ഷത്തെ ആദ്യഗഡുവായി കേന്ദ്രം കേരളത്തിനു തരേണ്ടത് 170.59 കോടി രൂപയാണ്. ഇത് കിട്ടിയാല്‍ 97.89 കോടി രൂപ ആനുപാതിക സംസ്ഥാന വിഹിതമുള്‍പ്പെടെ 268.48 കോടി രൂപ സ്‌കൂളുകള്‍ക്കു കൊടുക്കാന്‍ കഴിയും. അതുവഴി നവംബര്‍ വരെയുള്ള ചെലവുകള്‍ തടസമില്ലാതെ നടക്കുകയും ചെയ്യും. പണം വാങ്ങി വിനിയോഗിച്ചാലും കേരളം സമയത്ത് വിനിയോഗ പത്രം (യൂട്ടിലിറ്റി സര്‍ട്ടിഫിക്കേറ്റ്) കൊടുക്കുന്നില്ല എന്ന വിമര്‍ശനം കേന്ദ്രം മുന്‍പും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, മുന്‍ വര്‍ഷത്തെ ധനവിനിയോഗ പത്രങ്ങളടക്കം വിശദമായ പ്രൊപ്പോസലാണ് ആദ്യഗഡുവിനുവേണ്ടി ജൂലൈ നാലിന് സമര്‍പ്പിച്ചത്. എന്നാല്‍, രണ്ട് മാസം കഴിഞ്ഞിട്ടും വിഹിതം അനുവദിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. മറിച്ച്, പ്രൊപ്പോസലിന്‍മേല്‍ വിചിത്രമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു.

പദ്ധതിയില്‍ പി.എഫ്.എം.എസ് (പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം) നിര്‍ബ്ബന്ധമാക്കിയ 2021-'22-ല്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട 132.90 കോടി രൂപ രണ്ടാം ഗഡു വിഹിതം കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല. നിരവധി തടസ്സവാദങ്ങളാണ് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ആഭ്യന്തര, ധനകാര്യ വിഭാഗം ഉന്നയിച്ചത്. ഇവയ്ക്കു കൃത്യമായ മറുപടികള്‍ കേരളം നല്‍കി, പക്ഷേ, തുക അനുവദിച്ചില്ല. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ ആ തുക കൂടി സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കി. തുടര്‍ന്ന്, 2022 ജൂലൈയില്‍ മന്ത്രി വി. ശിവന്‍കുട്ടി തന്നെ ഡല്‍ഹിയില്‍ പോയി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെ കണ്ടു സംസാരിച്ചു; കുടിശ്ശികയുള്ള കേന്ദ്രവിഹിതം എത്രയും വേഗം തരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഉടനെ കൊടുത്തില്ല. പകരം, 2022-'23 സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31-ന് അവസാനിക്കാനിരിക്കെ മാര്‍ച്ച് 30-ന്, 2021-'22 വര്‍ഷത്തെ കേന്ദ്രവിഹിത കുടിശ്ശിക നല്‍കി. മുന്‍ വര്‍ഷം തുക താഴേത്തട്ടിലേക്ക് വിതരണം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് അനുവദിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. എന്നിട്ടും ഈ തുകയും ആനുപാതികമായ സംസ്ഥാന വിഹിതം 76.78 കോടിയും ചേര്‍ത്ത് 209.68 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റിയില്ല എന്നു പറഞ്ഞ് തടസവാദം ഉന്നയിക്കുകയാണ് കേന്ദ്രം ചെയ്തത്. ഇക്കൊല്ലത്തെ ഒന്നാം ഗഡു 170.59 കോടി രൂപ അനുവദിക്കാതിരിക്കാന്‍ പറയുന്ന ന്യായം ഇതാണ്. ഇതിനെ വളരെ വിചിത്രമായ ഒരു തടസ്സവാദം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. 2021-'22 വര്‍ഷത്തെ അര്‍ഹമായ രണ്ടാം ഗഡു ലഭിക്കാതിരുന്നപ്പോള്‍ ഈ തുക സംസ്ഥാനം ചെലവഴിക്കുകയും അതിന്റെ കണക്കുകളും യൂട്ടിലിറ്റി സര്‍ട്ടിഫിക്കേറ്റുകളും സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതൊക്കെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. 2022-'23-ലെ കേന്ദ്രവിഹിതമായ 292.54 കോടി പൂര്‍ണ്ണമായും സംസ്ഥാനത്തിനു ലഭിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണുതാനും. 

ഫലത്തില്‍ 2022-'23-ല്‍ തന്ന 2021-'22-ലെ കേന്ദ്രവിഹിത കുടിശ്ശികയും അതിന്റെ സംസ്ഥാന വിഹിതവും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റണം എന്നു പറയുന്നത് ഒരിക്കല്‍ നടത്തിയ ചെലവ് ആവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുന്നത് പോലെയായി. ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടിംഗ് പ്രശ്‌നങ്ങളും സാങ്കേതിക അപ്രായോഗികതയും കേരളം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രമാണ് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചത്. എന്നാല്‍, ഇത് പരിഗണിക്കാതെ, സ്വന്തം വാദം ആവര്‍ത്തിക്കുകയാണ് കേന്ദ്രം ചെയ്തത്-കേരളം വിശദീകരിക്കുന്നു. ഇത് കേരളം പറഞ്ഞു നില്‍ക്കാന്‍ ഉന്നയിക്കുന്ന വാദങ്ങളല്ലെന്നും വസ്തുതകളാണെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. രേഖകളും തീയതികളുമാണ് ആ വസ്തുതകള്‍ തെളിയിക്കാന്‍ സംസാരിക്കുന്നത്. എന്നിട്ടും കേന്ദ്ര നിലപാട് കണക്കിലെടുത്തും ഉച്ചഭക്ഷണം പദ്ധതി തടസ്സപ്പെടാതിരിക്കാനും 2021-'22-ലെ കേന്ദ്രവിഹിത കുടിശ്ശികയായി കിട്ടിയ 132.90 കോടി രൂപയും അതിന്റെ ആനുപാതിക സംസ്ഥാന വിഹിതവും ചേര്‍ത്ത് 209.68 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് ഉടനെ മാറ്റാന്‍ കേരളം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ധനകാര്യ വകുപ്പിനോട് ഇത് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രവിഹിതം നഷ്ടപ്പെടാതിരിക്കാന്‍ കൂടിയാണ് ഇതിനു തയ്യാറായത്. ഈ തുക സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റുകയും പി.എഫ്.എം.എസ്സില്‍ അതിന്റെ ചെലവ് രേഖപ്പെടുത്തുകയും ചെയ്തു. സാങ്കേതികത്വം പൂര്‍ത്തീകരിക്കാന്‍ തുക അനുവദിച്ച വിവരം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. 2023-'24-ലെ ഒന്നാം ഗഡു കേന്ദ്രവിഹിതം വൈകാതെ അനുവദിക്കാനും ആവശ്യപ്പെട്ടു. 

ചേലിയയിലെ അങ്കണവാടിയിൽ കുട്ടികൾ ഉച്ച ഭക്ഷണ സമയത്ത്/ ഫോട്ടോ: ഇ ​ഗോകുൽ/ എക്സ്പ്രസ്
ചേലിയയിലെ അങ്കണവാടിയിൽ കുട്ടികൾ ഉച്ച ഭക്ഷണ സമയത്ത്/ ഫോട്ടോ: ഇ ​ഗോകുൽ/ എക്സ്പ്രസ്

ആശയക്കുഴപ്പങ്ങള്‍, പ്രതിഷേധങ്ങള്‍ 

ഒരു വശത്ത് കാര്യങ്ങള്‍ ഇങ്ങനെ നീങ്ങുമ്പോഴും ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്‌കൂള്‍കുട്ടികള്‍ക്ക് ഈ ഓണക്കാലത്തും അഞ്ച് കിലോ വീതം സൗജന്യ അരി പൊതുവിദ്യാഭ്യാസ വകുപ്പ് കൊടുത്തു. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയില്‍നിന്നാണ് വിതരണം ചെയ്തത്. 29.5 ലക്ഷം കുട്ടികള്‍ക്കാണ് അരി നല്‍കിയത്.

കേരളത്തിലെ ഉച്ചഭക്ഷണം പദ്ധതി നടത്തിപ്പിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ മനോഭാവം പ്രകടമാക്കുന്ന സംഗതിയായി അതു മാറുകയും ചെയ്തു. കേരളത്തില്‍ ഇത്രയും കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നു എന്നത് തികച്ചും 'അസംഭവ്യ'മാണ് എന്നാണ് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 2022-'23-ല്‍ സംസ്ഥാനത്തെ 14 ജില്ലകളിലെ പ്രൈമറി (ക്ലാസ് 1-5), അപ്പര്‍ പ്രൈമറി (68) സ്‌കൂളുകളില്‍ ചേര്‍ന്നിട്ടുള്ള 100 ശതമാനം കുട്ടികളും പദ്ധതിയുടെ പരിധിയില്‍ വരുമെന്ന കേരളത്തിന്റെ അവകാശവാദത്തെയാണ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സംശയിച്ചത്. പ്രൈമറി, അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ പ്രവേശനം നേടിയ 99 ശതമാനം കുട്ടികളും ഉച്ചഭക്ഷണം പദ്ധതി പ്രയോജനപ്പെടുത്തിയെന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അവകാശവാദം പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റേയും കേരള സര്‍ക്കാരിന്റേയും സംയുക്ത ഉദ്യോഗസ്ഥ സംഘം രൂപീകരിക്കാന്‍ കേന്ദ്രം തീരുമാനിക്കുകയും ചെയ്തു. 2022-'23-ല്‍ ദിവസേനയുള്ള ഉച്ചഭക്ഷണം. മെയ് 15-ന് പി.എം പോഷന്‍ പദ്ധതിയുടെ പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡ് (പി.എ.ബി) യോഗത്തിലാണ് വിദ്യാഭ്യാസ കേന്ദ്രമന്ത്രാലയത്തിലേയും സംസ്ഥാന സര്‍ക്കാരിലേയും കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി ഉള്‍പ്പെടേയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഇക്കാര്യം പറഞ്ഞത്. 

''സ്‌കൂള്‍ ഉച്ചഭക്ഷണം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നതാണ് മുട്ടയും പാലും. അതിന്റെ പണവും കുടിശ്ശികയാണ്. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ ധനവകുപ്പിനു കത്തു കൊടുത്തെങ്കിലും ധനവകുപ്പ് തുക അനുവദിക്കുന്നില്ല എന്നാണ് അറിഞ്ഞത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ബജറ്റിലും ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. പരിമിതമായ ഏട്ട് രൂപയ്ക്ക് ഉച്ചഭക്ഷണംപോലും കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പണം അനുവദിക്കാത്ത മുട്ടയും പാലും എങ്ങനെ കൊടുക്കാന്‍ കഴിയും? അതുകൊണ്ടാണ് മുട്ടയും പാലും നിര്‍ത്തിവെച്ച് പ്രതിഷേധിക്കാന്‍ ആലോചിക്കുന്നത്. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.പി.പി.എച്ച്.എ) ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ പറയുന്നു. ഒക്ടോബര്‍ മാസം ആദ്യവാരം മുതല്‍ ഉച്ചഭക്ഷണം മാത്രം കൊടുക്കാനാണ് ഇവരുടെ തീരുമാനം. സംസ്ഥാനത്തൊട്ടാതെ-സംസ്ഥാന സര്‍ക്കാരുകളുടെ അവകാശവാദങ്ങള്‍ മുഴുവന്‍ കണക്കിലെ കളികള്‍ മാത്രമായി മാറുകയാണെന്ന് സംഘടനയ്ക്കു പരാതിയുണ്ട്.'' ''കണക്ക് എന്തായാലും പണം കിട്ടിയാലല്ലേ ചെയ്യാന്‍ പറ്റുകയുള്ളൂ. ഇതെങ്ങനെ നടത്തുമെന്ന് ചോദിക്കുമ്പോഴൊക്കെ വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നത് അതൊക്കെയങ്ങ് നടന്നുപൊയ്ക്കൊള്ളും എന്നാണ്. ഉച്ചഭക്ഷണം നന്നായി നടക്കുന്നില്ലേ, സ്‌കൂളിലെ കാര്യങ്ങളെല്ലാം പ്രധാനാദ്ധ്യാപകര്‍ നടത്തിക്കൊള്ളും എന്നാണ്. കേന്ദ്രം പണം തന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരും പണം തന്നെന്ന് കേന്ദ്രസര്‍ക്കാരും പറയുന്നു. നിജസ്ഥിതി എന്തുതന്നെ ആയാലും പണം കിട്ടാതെ ഇതു നടത്താന്‍ പറ്റില്ല'' -സുനില്‍കുമാര്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയേയും വിദ്യാഭ്യാസമന്ത്രിയേയും ധനകാര്യ മന്ത്രിയേയും പല തവണ കണ്ടു നിവേദനം കൊടുക്കുകയും കാര്യം പറയുകയും ചെയ്തിട്ടുണ്ട്. 

2016-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പോകുന്നതിനു തൊട്ടുമുന്‍പ് സംസ്ഥാന സര്‍ക്കാര്‍ എട്ട് രൂപയായി ഉയര്‍ത്തിയിരുന്നു എന്ന് പ്രതിപക്ഷ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രവിഹിതം വര്‍ദ്ധിപ്പിക്കാന്‍ പിന്നെയും വര്‍ഷങ്ങള്‍ വൈകി. 2016-ന് മുന്‍പ് ഉച്ചക്കഞ്ഞി ആയിരുന്നു. എട്ടിനു പകരം അഞ്ച് രൂപയും. പക്ഷേ, ഉച്ചക്കഞ്ഞിയാണെങ്കിലും അതിനു പയറും അരിയും സര്‍ക്കാര്‍ കൊടുത്തിരുന്നു. ഇപ്പോള്‍ അരിമാത്രം കൊടുക്കുകയും ബാക്കി മുഴുവന്‍ കാര്യങ്ങള്‍ സ്‌കൂള്‍ ചെയ്യുകയുമാണ്. 2016-ലെ 450 രൂപയില്‍നിന്നു പാചക ഗ്യാസിന്റെ വില 1150 രൂപയായി. രണ്ടാഴ്ച മുന്‍പു മാത്രമാണ് 200 രൂപ കുറച്ചത്. പാചകക്കാരുടെ ദിവസക്കൂലി 650 രൂപയാണ്. അത് സംസ്ഥാന സര്‍ക്കാരാണ് തരുന്നത്. അതും മുടങ്ങുമ്പോള്‍ സ്‌കൂള്‍ കൊടുക്കണം. കൂട്ടണമെന്ന് ആവശ്യപ്പെട്ട തുകയുടെ കാര്യം നടന്നില്ലെങ്കിലും ഉള്ള പണമെങ്കിലും മുടക്കാതിരിക്കണമെന്നാണ് സംഘടനകളുടെ നിലപാട്. അഞ്ഞൂറ് കുട്ടികളുള്ള സ്‌കൂളിലെ പ്രധാനാദ്ധ്യാപകന്/ പ്രധാനാദ്ധ്യാപികയ്ക്ക് മാസം ഒരു ലക്ഷം രൂപയ്ക്കടുത്ത് ബാധ്യത വരും. അത് മൂന്നു മാസമായപ്പോള്‍ മൂന്നു ലക്ഷത്തോളമായി, ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ഫണ്ട് മുടങ്ങിയപ്പോള്‍ അതാണ് സംഭവിച്ചത്. അവരെങ്ങനെ താങ്ങും? കുട്ടികള്‍ക്ക് നല്ല രീതിയില്‍ ഭക്ഷണം കൊടുക്കാതെ പറ്റില്ല; ആ പ്രതിബദ്ധത സര്‍ക്കാരുകള്‍ക്കും കൂടി വേണം- ഇതാണ് വാദം. 

2021 നവംബര്‍ ഒന്നിന് കൊവിഡിനു ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലേയും ഉച്ചഭക്ഷണസമിതികള്‍ വിളിച്ചുകൂട്ടി ഉച്ചഭക്ഷണം പദ്ധതി ഈ നിലയില്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല എന്ന് അറിയിച്ചിരുന്നു. സമിതികളുടേതായി മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസമന്ത്രിക്കും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും കത്ത് അയച്ചിരുന്നു. അതിനുശേഷം ജില്ലാ, ഉപജില്ലാ തലത്തിലും ഡി.ഡി ഓഫീസുകള്‍ക്കു മുന്നിലും ധര്‍ണ നടത്തി. പിന്നീട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, അന്‍വര്‍ സാദത്ത്, മോന്‍സ് ജോസഫ് എന്നിവര്‍ പലപ്പോഴായി നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചു. പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി. കെ.പി.പി.എച്ച്.എയുമായി ചര്‍ച്ച നടത്തി. ഓണം കഴിഞ്ഞ് തുക കൂട്ടാമെന്നു പറഞ്ഞു. പക്ഷേ, ഒന്നുമുണ്ടായില്ല. അതുകഴിഞ്ഞ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി. നിയമസഭ ചേരുന്ന സമയമായിരുന്നു. അഞ്ച് എം.എല്‍.എമാര്‍ സമരപ്പന്തലില്‍ എത്തി പിന്തുണ അറിയിച്ചു. ഇനി അത്തരത്തിലൊരു സമരത്തിലേക്കു പോകുന്നതിന്റെ ഫലത്തില്‍ പ്രതീക്ഷ ഇല്ലാത്തതുകൊണ്ടാണ് കുറച്ചുകൂടി കടുത്ത മാര്‍ഗ്ഗമെന്ന നിലയില്‍ പാലും മുട്ടയും നിര്‍ത്താന്‍ ഒരു വിഭാഗം സ്‌കൂളുകള്‍ തയ്യാറെടുക്കുന്നത്. അതിനു മുന്‍പ് കുടിശ്ശിക തീര്‍ത്തു കിട്ടുമോ എന്ന് അവര്‍ ഉറ്റുനോക്കുകയും ചെയ്യുന്നു.

തിരുവനന്തപുരം പൂജപ്പുര എൽപി സ്കൂളിൽ ഉച്ച ഭക്ഷണം കഴിക്കുന്ന കുട്ടികൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
തിരുവനന്തപുരം പൂജപ്പുര എൽപി സ്കൂളിൽ ഉച്ച ഭക്ഷണം കഴിക്കുന്ന കുട്ടികൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

കേരളം തുടങ്ങി; ഒടുവില്‍ കേന്ദ്ര സംസ്ഥാന പദ്ധതി

1984 നവംബര്‍ 14-നു ശിശുദിനത്തില്‍ കേരളം തുടക്കമിട്ടതു മുതല്‍ സംസ്ഥാന ഫണ്ട് ഉപയോഗിച്ചു നടപ്പാക്കിവന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പദ്ധതി 1995 മുതലാണ് കേന്ദ്ര- സംസ്ഥാന സംയുക്ത പദ്ധതിയാക്കിയത്. മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ച രീതിയിലാണ് കേരളത്തില്‍ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത്. തുടക്കത്തില്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കിയ പദ്ധതി പിന്നീട് യു.പി വിഭാഗത്തിലേക്കും എയ്ഡഡ് സ്‌കൂളിലേക്കും വ്യാപിപ്പിച്ചു. കഞ്ഞിയില്‍ തുടങ്ങിയ ഉച്ചഭക്ഷണം ക്രമേണ ചോറും കറിയും മറ്റു രണ്ട് വിഭവങ്ങളുമായി. സംസ്ഥാനത്തെ 12,600 സ്‌കൂളുകളിലെ എട്ടാം ക്ലാസ്സ് വരെയുള്ള 30 ലക്ഷത്തോളം കുട്ടികള്‍ക്കു സൗജന്യ ഉച്ചഭക്ഷണം ലഭിക്കുന്നുണ്ട്. 3,000 കുട്ടികള്‍ വരെ ഭക്ഷണം കഴിക്കുന്ന സ്‌കൂളുകളുണ്ട് കേരളത്തില്‍. 

കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം 2006-ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍, 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം, 2015-ല്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം പുറത്തിറക്കിയ മിഡ് ഡേ മീല്‍സ് റൂള്‍സ് എന്നിവയിലൂടെ ഉച്ചഭക്ഷണം പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ നിരീക്ഷണവും ഇടപെടലും ഉറപ്പാക്കിയിട്ടുണ്ട്. 

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രൈമറി, അപ്പര്‍ പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഭക്ഷ്യ, പോഷകാഹാര ഭദ്രത ഉറപ്പുവരുത്തുക, ദുര്‍ബല വിഭാഗത്തില്‍പെട്ട കുട്ടികളെ സ്‌കൂളില്‍ കൃത്യമായി ഹാജരാകാനും പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും പ്രേരിപ്പിക്കുക, വരള്‍ച്ചബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ പഠിക്കുന്ന പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് വേനലവധിക്കാലത്ത് പോഷകാഹാരം നല്‍കുക എന്നിവയാണ് സ്‌കൂള്‍ ഉച്ചഭക്ഷണം പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.  എം.ജി.എല്‍.സി/ബദല്‍ സ്‌കൂളുകളിലെ കുട്ടികള്‍, സര്‍ക്കാര്‍ അംഗീകൃത സ്പെഷല്‍ സ്‌കൂളുകളിലെ കുട്ടികള്‍, ടെക്നിക്കല്‍ ഹൈസ്‌കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ എന്നിവരേയും ഉള്‍പ്പെടുത്തിയിരിക്കുന്നു. രണ്ടു കറികള്‍ നിര്‍ബ്ബന്ധം. കറികളില്‍ വൈവിധ്യം വേണം.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com