'ഒരു വിഭാഗം സവര്‍ണര്‍ 'നോട്ട'യ്ക്ക് കുത്തുന്നതില്‍ ആര്‍.എസ്.എസ് നേതൃത്വം ആശങ്കാകുലരായിരുന്നു'

ഇത്തവണ ഭഗവതിന്റെ പ്രസ്താവനയിലുള്ളത് ജാതി സംവരണത്തിനു ആര്‍.എസ്.എസ് പിന്തുണ ഉണ്ടെന്നാണ്. എന്തായിരിക്കാം ഈ മനംമാറ്റത്തിനു പിറകിലെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ അദ്ഭുതപ്പെടുന്നു
'ഒരു വിഭാഗം സവര്‍ണര്‍ 'നോട്ട'യ്ക്ക് കുത്തുന്നതില്‍ ആര്‍.എസ്.എസ് നേതൃത്വം ആശങ്കാകുലരായിരുന്നു'

2023 സെപ്റ്റംബര്‍ ആറിന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് സംവരണത്തെക്കുറിച്ച് നടത്തിയ പ്രസ്താവന, രാജ്യത്തുടനീളം സംവരണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നവര്‍ക്ക് കൗതുകകരമായിരുന്നു. സമൂഹത്തില്‍ വിവേചനം നിലനില്‍ക്കുന്നിടത്തോളം കാലം സംവരണം തുടരണമെന്നായിരുന്നു ആ പ്രസ്താവനയുടെ രത്‌നച്ചുരുക്കം. എട്ടു വര്‍ഷം മുന്‍പ്, ക്വാട്ട സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവന മോഹന്‍ ഭഗവത് നടത്തിയിരുന്നു. അന്ന് അദ്ദേഹം സ്വീകരിച്ച നിലപാടില്‍നിന്നുള്ള വ്യതിചലനമാണ് ഇപ്പോഴത്തെ ഈ പ്രസ്താവന. ''നമ്മുടെ സ്വന്തം സഹജീവികള്‍ ഏറെക്കാലം മൃഗസമാന അവസ്ഥയില്‍ ജീവിക്കുന്നത് ശ്രദ്ധിച്ചതേയില്ല. നമ്മള്‍ അവരുടെ അവസ്ഥ പരിഗണിച്ചില്ല. ഈ അവഗണന 2,000 വര്‍ഷത്തോളം തുടരുകയും ചെയ്തു'' എന്നും അദ്ദേഹം പറഞ്ഞു. ഒരു 'പ്രതികാര നടപടി' എന്ന നിലയില്‍ 200 വര്‍ഷം കൂടി സംവരണത്തിനുവേണ്ടി നീക്കിവെച്ചാലും പ്രശ്‌നമാകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാതിനിര്‍മൂലനത്തിനുവേണ്ടി മിശ്രഭോജനങ്ങളില്‍ പശുവിറച്ചി കഴിക്കുന്നതില്‍പോലും സസ്യാഹാരികളായ സംഘ് പ്രവര്‍ത്തകര്‍ക്ക് മടിയുണ്ടായിട്ടില്ലെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. 

ദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ദളിത്-പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം സംബന്ധിച്ച് നടത്തിയ പ്രസ്താവനകളത്രയും സവര്‍ണ്ണ സമുദായങ്ങളുടെ സംവരണവിരുദ്ധ വികാരത്തിനെ നീതിമത്കരിച്ചുകൊണ്ടുള്ളവയായിരുന്നു. ക്രീമിലെയര്‍, നിശ്ചിതകാലത്തിനുശേഷം സംവരണം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയെ സംബന്ധിച്ച അഭിപ്രായങ്ങള്‍ തുടങ്ങിയവയെല്ലാം വിരല്‍ചൂണ്ടുന്നത് ദളിത് പിന്നാക്ക സമുദായങ്ങള്‍ക്കുള്ള പരിഗണനയെ സംബന്ധിച്ച് പുനരാലോചന വേണമെന്ന ആര്‍.എസ്.എസ് കാഴ്ചപ്പാടിലേക്കായിരുന്നു. 2015 സെപ്റ്റംബറില്‍, ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ് ആര്‍.എസ്.എസ് സംഘടനയായ പാഞ്ചജന്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ ഭഗവത് ''രാജ്യത്തിലെ മുഴുവന്‍ ആളുകളുടേയും താല്പര്യങ്ങള്‍ പുലര്‍ന്നുകാണാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ആളുകളുടെ ഒരു സമിതി'' രൂപീകരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ''ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് സംവരണം ആവശ്യമെന്നും എത്ര കാലത്തേക്ക് വേണമെന്നും'' തീരുമാനിക്കാനാണ് ഈ സമിതി. എന്നാല്‍, അദ്ദേഹത്തിന്റെ പ്രസ്താവന ഉയര്‍ത്തിയ കോലാഹലത്തെത്തുടര്‍ന്ന് ആര്‍.എസ്.എസ് ഇക്കാര്യത്തില്‍ അന്നു ഔദ്യോഗികമായി വിശദീകരണം നല്‍കി. ഈ വിശദീകരണത്തില്‍ പ്രസ്താവനയെ തള്ളിക്കളയാനൊന്നുമല്ല ആര്‍.എസ്.എസ് തുനിഞ്ഞത്. മറിച്ച് പ്രസ്താവന സംബന്ധിച്ച് ഒരു 'വ്യക്തത' കൈവരുത്താനായിരുന്നു. ഇത് വ്യക്തമാക്കുന്നത് ആ പ്രസ്താവനയുടെ വ്യാഖ്യാനത്തോടും അതിന്റെ പിറകിലുള്ള ഉദ്ദേശ്യത്തോടും മാത്രമാണ് ആര്‍.എസ്.എസ് വിയോജിച്ചത് എന്നതാണ്. അതിന്റെ ഉള്ളടക്കത്തോടായിരുന്നില്ല വിയോജിപ്പ്. യഥാര്‍ത്ഥത്തില്‍ ഭഗവത്, ആര്‍.എസ്.എസ് ഇക്കാര്യത്തില്‍ തുടരുന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പേ ഇങ്ങനെയൊരു പ്രസ്താവന വേണ്ടിയിരുന്നോ എന്നാണ് അന്നു സംശയമുണ്ടായത്. എന്നാല്‍, 2017-ല്‍ യു.പി, ഉത്തര്‍ഖണ്ഡ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പും സംവരണം പുന:പരിശോധിക്കണമെന്ന പ്രസ്താവനയുണ്ടായി. ആര്‍.എസ്.എസ് ആചാര്യന്‍ മന്‍മോഹന്‍ വൈദ്യ ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിവലില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്, ''സംവരണം ഇന്ത്യയ്ക്കാവശ്യമില്ലെന്നും അത് വിഘടനവാദം വളര്‍ത്തുമെന്നും എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നു''മാണ്. തൊഴില്‍, വിദ്യാഭ്യാസ മേഖലകളിലുള്ള സംവരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. പതിവുപോലെ ഉടന്‍ വിശദീകരണവും വന്നു. 

എന്നാല്‍, ഇത്തവണ ഭഗവതിന്റെ പ്രസ്താവനയിലുള്ളത് ജാതി സംവരണത്തിനു ആര്‍.എസ്.എസ് പിന്തുണ ഉണ്ടെന്നാണ്. എന്തായിരിക്കാം ഈ മനംമാറ്റത്തിനു പിറകിലെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ അദ്ഭുതപ്പെടുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ തന്നെയാണ് ഭഗവതിനെ ഇങ്ങനെയൊരു നിലപാടു മാറ്റത്തിനു പ്രേരിപ്പിച്ചത് എന്നുതന്നെയാണ് കരുതേണ്ടത്. ജാതി സംവരണത്തെക്കുറിച്ച് തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭഗവത് മുന്‍പൊരിക്കല്‍ പ്രസ്താവിച്ച അവസരത്തിലാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന മുന്നണിക്ക് തിരിച്ചടിയുണ്ടായത്. അന്നത്തെ തിരിച്ചടിക്കുശേഷം സംവരണവുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും ഉന്നയിക്കപ്പെടാതിരിക്കാന്‍ മോഹന്‍ ഭഗവത് ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. എന്നാല്‍, അദ്ദേഹം തന്നെയാണ് ഇപ്പോള്‍ ജാതി എന്നത് '2,000 വര്‍ഷമായി' സമൂഹത്തെ അലട്ടുന്ന ഒരു പ്രശ്‌നമായി എടുത്തുകാണിക്കുന്നതും 200 വര്‍ഷത്തേക്ക് തിരുത്തല്‍ നടപടികള്‍ ആവശ്യമായി വരുമെന്നു പറയുന്നതും. 

ഉദയനിധി സ്റ്റാലിന്‍ ഈയിടെ സനാതനധര്‍മ്മത്തെ സംബന്ധിച്ചു നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഭഗവതിന്റെ പ്രസ്താവനയ്ക്ക് പ്രാധാന്യം കൈവരുന്നത്. സനാതനധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന തന്റെ ആഹ്വാനം ഹിന്ദുമതത്തിനെതിരായ ആക്രമണമല്ലെന്നും ആ മതത്തില്‍ നിലനില്‍ക്കുന്ന വിവേചനപരവും ജാതീയവുമായ ഘടനയെ എതിര്‍ക്കുകയാണ് താന്‍ ചെയ്തതെന്നുമാണ് ഉദയനിധി പിന്നീട് പറഞ്ഞത്. ഹിന്ദി ദേശീയ ഭാഷയാക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകള്‍ തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൃഷ്ടിച്ച ആശങ്കയുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിവിരുദ്ധ രാഷ്ട്രീയ കക്ഷികള്‍ തെന്നിന്ത്യന്‍, കീഴാള രാഷ്ട്രീയം മുതലെടുത്ത് പൊതുതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയായിട്ടുവേണം ഭഗവതിന്റെ പുതിയ നിലപാടിനെ കാണാന്‍. സനാതനധര്‍മ്മത്തെക്കുറിച്ച് ഉദയനിധി നടത്തിയ പ്രസ്താവനയോട് ഹിന്ദുത്വ സംഘടനകള്‍ പ്രതികരിച്ചവിധം ജാതിമേല്‍ക്കോയ്മയെ ഹിന്ദുത്വവാദം അംഗീകരിക്കുന്നെന്ന വാദത്തെ ബലപ്പെടുത്തിയിട്ടുണ്ട്.

മോഹൻ ഭ​ഗവത്
മോഹൻ ഭ​ഗവത്

തെക്കേ ഇന്ത്യയില്‍, വിശേഷിച്ചും തമിഴ്‌നാട്ടില്‍ വേരുപിടിക്കാന്‍ കാര്യമായ ശ്രമം രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിയും ഇതര ഹിന്ദുത്വസംഘടനകളും നടത്തിക്കൊണ്ടിരിക്കുകയാണ്. മധുരൈ അധീനത്തില്‍നിന്നും സെങ്കോല്‍ ഏറ്റുവാങ്ങിയതുപോലുള്ള നടപടികളും ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ ഇടപെടലുകളും ഡി.എം.കെ ഉള്‍പ്പെടെയുള്ള കക്ഷികളെ തളര്‍ത്തുന്നതിനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ചു നടത്തുന്ന നീക്കങ്ങളും ഒടുവില്‍ കച്ചത്തീവിനു മുകളിലുള്ള അവകാശം ശ്രീലങ്കയ്ക്കു കൈമാറിയ നടപടിയെ പാര്‍ലമെന്റില്‍ മോദി വിമര്‍ശിച്ചതുമെല്ലാം കാണിക്കുന്നത് മറ്റൊന്നല്ല. എന്നാല്‍, തമിഴ്‌നാട്ടിലെ ജാതിരാഷ്ട്രീയം ഈ നീക്കങ്ങള്‍ക്കു വിഘാതമാകുകയാണ്. ഈ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ മിക്കപ്പോഴും പ്രാദേശിക കക്ഷികള്‍ പരാജയപ്പെടുത്തുകയാണ് പതിവ്. ഈ പശ്ചാത്തലത്തില്‍ കീഴാളവിരുദ്ധ പ്രതിച്ഛായ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കുകയില്ല എന്ന തിരിച്ചറിവ് നാഗ്പൂരിനുണ്ട്. 

രണ്ടാമത്തെ കാരണം ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്കെടുപ്പിനു വേണ്ടിയുള്ള മുറവിളി ശക്തിപ്പെടുന്നതും മറാത്തകളെപ്പോലെ കൂടുതല്‍ സമുദായങ്ങള്‍ സംവരണാവശ്യം ഉന്നയിക്കുന്നതുമാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിലുള്‍പെടുത്തി മറാത്തകള്‍ക്കു മുഴുവനും സംവരണം നല്‍കണമെന്ന ആവശ്യമുയര്‍ത്തി മഹാരാഷ്ട്രയില്‍ മറാത്തകള്‍ നടത്തുന്ന സമരം മഹാരാഷ്ട്ര ഗവണ്‍മെന്റിനു തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മറാത്ത സമുദായങ്ങളെ 'കുണ്‍ബി'കളായി കണക്കാക്കി അവര്‍ക്ക് 16 ശതമാനം സംവരണം നല്‍കുന്ന മഹാരാഷ്ട്ര ഗവണ്മെന്റ് നേരത്തെ പാസ്സാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് സമരം. 50 ശതമാനത്തിലധികം സംവരണം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14-നും (സമത്വത്തിനുവേണ്ടിയുള്ള അവകാശം) ആര്‍ട്ടിക്കിള്‍ 21-നും വിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. മഹാരാഷ്ട്ര ഗവണ്‍മെന്റ് നേരത്തെ പാസ്സാക്കിയ നിയമപ്രകാരം മറാത്ത സമുദായങ്ങള്‍ക്കു വിദ്യാഭ്യാസരംഗത്ത് 12 ശതമാനവും തൊഴില്‍രംഗത്ത് 13 ശതമാനവുമാണ് സംവരണം ഉറപ്പാക്കിയിരുന്നത്. എന്നാല്‍, ഇതോടെ ആകെ മൊത്തം സംവരണപരിധി യഥാക്രമം 64 ശതമാനവും 65 ശതമാനവുമായി ഉയര്‍ത്തും എന്ന അവസ്ഥ സംജാതമായി. 1992-ല്‍ ഇന്ദിരാ സോന്നീ കേസില്‍ സുപ്രീംകോടതി സംവരണം 50 ശതമാനത്തില്‍ കൂടുതലാകരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. സമൂഹത്തില്‍ ജാതിവാഴ്ച(Caste rule)യ്ക്ക് ഇത് ഇടയാക്കുമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്. അധികാരശ്രേണി ഇല്ലാതാക്കലാണ് അധികാരശ്രേണിയില്‍ താഴ്ന്നുനില്‍ക്കുന്ന ഒരു ജാതിയെ മുകളില്‍ പ്രതിഷ്ഠിച്ച് ആ ശ്രേണി നിലനിര്‍ത്തലല്ല വേണ്ടത് എന്ന കാഴ്ചപ്പാട് ആര്‍ട്ടിക്കിള്‍ 14-ല്‍ വ്യക്തമാക്കപ്പെട്ട സമത്വത്തിനുള്ള അവകാശം എന്ന തത്ത്വത്തിനു പൂരകമാണ്. മറിച്ചാണ് ചെയ്യുന്നതെങ്കില്‍ അത് നേരത്തെ ഭഗവത് പരാമര്‍ശിച്ച 'പ്രതികാര നടപടിക്കു' സമാനമാണ് എന്നും കാണാം. ഈ പശ്ചാത്തലത്തില്‍ നേരത്തെ മറാത്തകള്‍ക്ക് ഉറപ്പാക്കിയ അതേ അളവിലുള്ള സംവരണം ഉറപ്പാക്കാന്‍ 50 ശതമാനം പരിധി മറികടക്കുന്നതിനു ഭരണഘടനാപരമായ നടപടികള്‍ക്ക് ഗവണ്‍മെന്റുകള്‍ മുതിരുന്ന പക്ഷം അത് കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. ഇതു മുന്‍കൂട്ടി കണ്ടുകൊണ്ടുളള ഒരു നീക്കമാണ് ഭഗവതിന്റെ ഇപ്പോഴത്തെ നിലപാട് എന്നും പറയാം.

ജാതി സെന്‍സസിനുവേണ്ടിയുള്ള മുറവിളി ശക്തിപ്പെടുത്താനുള്ള കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ക്കൂടി വേണം സംവരണം സംബന്ധിച്ച മോഹന്‍ ഭഗവതിന്റെ ഈ നിലപാടു മാറ്റത്തെ കാണാന്‍. ജനസംഖ്യാനുപാതിക സംവരണം എന്ന ആശയത്തിനും രാഷ്ട്രീയകക്ഷികളില്‍നിന്നുള്ള പിന്തുണ ശക്തിപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ രണ്ടു കാര്യങ്ങള്‍ക്കും ബി.ജെ.പിയും സംഘ്പരിവാറും എതിരാണ്. സെന്‍സസില്‍ ജാതി തിരിച്ചുള്ള കണക്കെടുപ്പ് 1951 മുതല്‍ ഒരു നയമെന്ന നിലയില്‍ ഉപേക്ഷിച്ചുവെന്നതാണ് യൂണിയന്‍ ഗവണ്‍മെന്റ് ചൂണ്ടിക്കാട്ടുന്നത്. 1951 മുതല്‍ ഇന്നുവരെ ഒരു സെന്‍സസിലും പട്ടികജാതി, പട്ടികവര്‍ഗ്ഗങ്ങള്‍ ഒഴികെയുള്ള ജാതികളെ കണക്കാക്കിയിട്ടില്ലെന്നും അത് സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളതുമാണ്. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനു ബിഹാറില്‍ തുടക്കമായപ്പോള്‍ അതിനെതിരെ എതിര്‍പ്പുയര്‍ന്നതു മുഖ്യമായും യൂണിയന്‍ ഗവണ്‍മെന്റില്‍നിന്നും സംഘ്പരിവാറില്‍ നിന്നുമായിരുന്നു. ഇത് ഹിന്ദുത്വരാഷ്ട്രീയം പിന്നാക്കവിരുദ്ധമാണെന്ന ധാരണ ശക്തിപ്പെടുത്തുമെന്ന ആശങ്കയും ഉണ്ടാക്കുന്നുണ്ട്. 
 
 

വിപി സിങ്
വിപി സിങ്

പരസ്പരവിരുദ്ധ നിലപാടുകളുടെ രാഷ്ട്രീയം

ദളിതരുടേയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടേയും സാമൂഹ്യാവസ്ഥ ഇനിയും മെച്ചപ്പെടാനുണ്ട് എന്ന വസ്തുത നിലനില്‍ക്കെ സംവരണത്തെക്കുറിച്ച് തുറന്ന ചര്‍ച്ച അനിവാര്യമാണ് എന്നു വ്യക്തമാക്കുന്ന പ്രസ്താവനകളാണ് പലപ്പോഴായി ആര്‍.എസ്.എസ് നേതാക്കളില്‍ മുന്‍കാലമത്രയും ഉണ്ടായിട്ടുള്ളത്. സവര്‍ണ്ണ സമുദായങ്ങളെ കയ്യൊഴിയാനില്ല എന്ന സന്ദേശമാണ് അവ നല്‍കിപ്പോന്നിരുന്നത്. അതേസമയം, ദത്താത്രേയ ഹൊസബലേയെപ്പോലുള്ള നേതാക്കള്‍ ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം തുടരുന്നതിന് ആര്‍.എസ്.എസ് പ്രതിജ്ഞാബദ്ധമാണെന്നു വ്യക്തമാക്കിയിട്ടുമുണ്ട്. ഹൊസബലേ പറഞ്ഞത് സാമൂഹികാസമത്വം തുടരുന്നിടത്തോളം കാലം സംവരണവും സമുദായങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തിലുള്ള അനുരഞ്ജനവും ആവശ്യമാണെന്നാണ്. ഇപ്പോള്‍ ഭഗവത് എത്തിച്ചേര്‍ന്നിട്ടുള്ളത് ഈ നിലപാടിലാണ്. എന്തുകൊണ്ടാണ് ആര്‍.എസ്.എസ് നേതാക്കള്‍ ഇക്കാര്യത്തില്‍ പല സ്വരത്തില്‍ സംസാരിക്കുന്നത്? 

1990-ല്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി വി.പി. സിംഗ് പ്രഖ്യാപിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നത് ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘ്പരിവാറായിരുന്നു. ഭരണഘടന നിര്‍ദ്ദേശക തത്ത്വങ്ങള്‍ (ആര്‍ട്ടിക്കിള്‍ 38 (1), 38 (2), 46 എന്നിവ അനുസരിച്ച് ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുന്ന ഒരു സാമൂഹ്യക്രമം സൃഷ്ടിക്കുകയും ദുര്‍ബ്ബല വിഭാഗങ്ങളുടെ, പ്രത്യേകിച്ച് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്പര്യങ്ങള്‍ സവിശേഷ ശ്രദ്ധയോടെ പ്രോത്സാഹിപ്പിക്കേണ്ടതും സാമൂഹിക അനീതിയില്‍നിന്നും എല്ലാത്തരം ചൂഷണങ്ങളില്‍നിന്നും അവരെ സംരക്ഷിക്കേണ്ടതും ഭരണകൂടത്തിന്റെ കടമയാണ്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സമൂഹത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരും സാമൂഹികമായി ബഹിഷ്‌കൃതരുമായവര്‍ക്ക് ഗുണഫലങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ അവശവിഭാഗങ്ങളായ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് അനുകൂലമായ അഫര്‍മേറ്റീവ് ആക്ഷന് 1950-ല്‍ തന്നെ തുടക്കമായി. നിയമനിര്‍മ്മാണസഭയില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ ഭരണഘടന വ്യവസ്ഥ ചെയ്തപ്പോള്‍, 1950-ല്‍ അവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ യഥാക്രമം 12.5 ശതമാനവും അഞ്ച് ശതമാനവും സംവരണവും നല്‍കി. 

എന്നാല്‍, പട്ടികജാതി/വര്‍ഗ വിഭാഗങ്ങളോളം സാമൂഹികാവശതയിലല്ലെങ്കിലും വിദ്യാഭ്യാസം, തൊഴില്‍ എന്നീ രംഗങ്ങളില്‍ പിറകോട്ടുപോയ ചില ജാതികളുടെ/സമുദായങ്ങളുടെ സവിശേഷ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനു മുന്നോടിയായി ഇങ്ങനെ ഏതേതു വിഭാഗങ്ങളാണ് പിന്നാക്കം നില്‍ക്കുന്നത് എന്നു കാണിക്കുന്ന ഒരു പട്ടികപോലും തയ്യാറാക്കാന്‍ ഭരിക്കുന്നവര്‍ക്കായില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് 1953-ല്‍ ഇദംപ്രഥമമായി ഒരു സംവിധാനമുണ്ടായി. കാകാ കലേക്കര്‍ കമ്മിഷന്‍ രൂപീകരിച്ചു. രാജ്യത്ത് 2399 പിന്നാക്ക വിഭാഗങ്ങളുണ്ടെന്നും അതില്‍ 837 എണ്ണം ഏറ്റവും പിന്നാക്കം നില്‍ക്കുന്നവയാണെന്നും കണ്ടെത്തിയ കമ്മിഷന്‍ 1955-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, യൂണിയന്‍ ഗവണ്‍മെന്റ് ഈ റിപ്പോര്‍ട്ട് തള്ളിക്കളയുകയാണ് ഉണ്ടായത്. നെഹ്‌റുവിന്റെ മരണശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു തിരിച്ചടിയേല്‍ക്കുകയും നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സേതര ഗവണ്‍മെന്റുകള്‍ ഉണ്ടാകുകയും അവയില്‍ പലതിന്റേയും നേതൃത്വം പിന്നാക്ക സമുദായങ്ങളില്‍നിന്നുള്ള നേതാക്കള്‍ കയ്യാളുകയും ചെയ്തതോടെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ അഭിലാഷങ്ങള്‍ കൂടുതല്‍ പ്രകടമായി. പിന്നീട് '80-കളില്‍ അഖിലേന്ത്യാതലത്തില്‍ ബി.ജെ.പിയടക്കമുള്ള മുഖ്യ പ്രതിപക്ഷ കക്ഷികളുടെയെല്ലാം മുദ്രാവാക്യമായി പിന്നാക്കസംവരണം മാറി. 

''... Reservation for SCs and STs should be continued as usual... There should also be reservation for OBCs on the basis of the Mandal Commission report. Poor among them should be given priority... Since poverty is one of the main reasons for backwardness, there should be reservation for other castes depending on their economic condition,' 1989ലെ ബി.ജെ.പി പ്രകടനപത്രികയില്‍ പറഞ്ഞതിങ്ങനെ. എന്നാല്‍, ഈ വാചകങ്ങളില്‍തന്നെ സംവരണത്തിന്റെ ലക്ഷ്യത്തെ അട്ടിമറിക്കുന്നതെന്ന് ദളിത് രാഷ്ട്രീയക്കാര്‍ വാദിക്കുന്ന കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നുണ്ട്. സംവരണത്തെ ഒരു ദാരിദ്ര്യനിര്‍മ്മാര്‍ജന പരിപാടിയായി കാണുന്ന ഒരു നിലപാട് തീര്‍ച്ചയായും അവയിലുണ്ടായിരുന്നു.  എന്നാല്‍, ബി.ജെ.പിയുടേയും ഇടതുപക്ഷത്തിന്റേയും പിന്തുണയോടെ അധികാരത്തില്‍ വന്ന ദേശീയമുന്നണി ഗവണ്‍മെന്റ് 1990 ഓഗസ്റ്റ് ഏഴിന് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ദേശീയമുന്നണിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപ്രകാരം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം എതിര്‍പ്പുയര്‍ന്നത് ഹിന്ദുത്വവാദികളില്‍ നിന്നായിരുന്നു. ജാതിമേല്‍കോയ്മയിലൂന്നിയ ആശയങ്ങള്‍ ആദര്‍ശമായി പ്രഖ്യാപിച്ച ആ രാഷ്ട്രീയപാര്‍ട്ടിയില്‍ വലിയൊരു വിഭാഗം മേല്‍ജാതികളില്‍നിന്നുള്ളവരായതുകൊണ്ട് ഈ എതിര്‍പ്പ് അപ്രതീക്ഷിതമായിരുന്നില്ല. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഗവണ്‍മെന്റ് തീരുമാനത്തെ ജാതിപ്പോരു മൂര്‍ച്ഛിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കമായിട്ടാണ് ബി.ജെപി.യെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ വിശേഷിപ്പിച്ചത്. ''ശൂദ്രവിപ്ലവത്തില്‍നിന്നുള്ള പ്രത്യാഘാതങ്ങളെ നേരിടാന്‍ ധാര്‍മ്മികവും ആത്മീയവുമായ ശക്തിയാര്‍ജ്ജിക്കേണ്ടുന്നതിന്റെ അനിവാര്യതയെക്കുറിച്ച്'' 1994 മെയ് ഒന്നിന്റെ ഓര്‍ഗനൈസറില്‍ കോളമിസ്റ്റായ എം.വി. കാമത്ത് എഴുതി. 

ദുര്‍ബ്ബല വിഭാഗങ്ങള്‍ എല്ലായ്പോഴും സമൂഹത്തിലെ മറ്റാളുകളുമായുള്ള ഏത് ഏറ്റുമുട്ടലിലും പരാജയപ്പെടുകയേ ചെയ്യൂവെന്നും അവര്‍ക്ക് ഉയര്‍ന്നുവരാന്‍ ആവശ്യമായ അവസരങ്ങള്‍ ലഭിക്കാന്‍ സമൂഹത്തിന്റെയാകെ സന്മനസ്സും സഹകരണവും അനിവാര്യമാണെന്നുമാണ് ആ സന്ദര്‍ഭത്തില്‍ ആര്‍.എസ്.എസ് സര്‍കാര്യവാഹ് ആയിരുന്ന എച്ച്.വി. ശേഷാദ്രി പറഞ്ഞത്. അതായത് പോരാടി നേടേണ്ടതല്ല ഈ അവകാശം എന്നാണ് വാദം. ശരീരത്തിലെ മുഴുവന്‍ ജീവശക്തിയും ഉണര്‍ന്നിരിക്കുകയും ശരീരം തുടര്‍ച്ചയായി പരിപോഷിപ്പിക്കാന്‍ സ്വയം ഒരുങ്ങുന്നെന്ന് ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ ദുര്‍ബ്ബലമായ ഒരു അവയവം ശക്തിപ്പെടുത്താന്‍ കഴിയൂ എന്നതുപോലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ഐക്യത്തിന്റേയും യോജിപ്പിന്റേയും മനോഭാവം വളര്‍ത്തിയെടുത്താല്‍ മാത്രമേ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സാമൂഹിക പുരോഗതി കൈവരിക്കാനാകൂ എന്നും സാമാജികമായ ഈ ഐക്യത്തിനു വേണ്ടിയാണ് ഹിന്ദുത്വവാദികള്‍ പ്രവര്‍ത്തിക്കുന്നത് എന്നുമായിരുന്നു ശേഷാദ്രി അവകാശപ്പെട്ടത് (മനുസ്മൃതിയുടെ സമൂഹഗാത്ര ഉപമ ഇവിടേയും കൈവിട്ടിട്ടില്ല എന്നു ശ്രദ്ധിക്കുക). സാമൂഹ്യമായ ഉയര്‍ച്ചയെ ലാക്കാക്കിയുള്ള ശോഷിത വിഭാഗങ്ങളുടെ രാഷ്ട്രീയമായ ശാക്തീകരണം എന്ന മുദ്രാവാക്യത്തിനു പകരം സവര്‍ണ്ണ വിഭാഗങ്ങളുമായുള്ള സഹകരണത്തിലൂടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയും ഈ വിഭാഗങ്ങളെ ശക്തിപ്പെടുത്താമെന്ന ആശയത്തിലാണ് ആര്‍.എസ്.എസ് ഊന്നല്‍ എന്ന് India's Silent Revolution: The rise of the lower castes in North India എന്ന പുസ്തകത്തില്‍ ക്രിസ്റ്റോഫ് ജാഫ്രെലോട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. അക്കാലത്ത് ആര്‍.എസ്.എസ് മേധാവിയായിരുന്ന രാജേന്ദ്രസിംഗ് അഭിപ്രായപ്പെട്ടത് തൊഴില്‍മേഖലയിലെ ക്വാട്ടയില്‍ ക്രമേണ വെട്ടിക്കുറവു വരുത്തണമെന്നതാണ്. 1996 ജനുവരിയില്‍ സമരസ്യ സംഗമം (Confluence of harmony) എന്നൊരു പരിപാടിക്ക് തുടക്കമിട്ടു. ''സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സമരസതയും സാമൂഹികമായ സ്വാംശീകരണം വളര്‍ത്തുക'' എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നാണ് അന്ന് രാജേന്ദ്രസിംഗ് പറഞ്ഞത്. 

എച്ച് വി ശേഷാ​ദ്രി
എച്ച് വി ശേഷാ​ദ്രി

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം 27 ശതമാനം സംവരണമാണ് പിന്നാക്ക വിഭാഗങ്ങള്‍ക്കു ലഭിച്ചത്. നേരത്തെ തന്നെ 15 ശതമാനം സംവരണം പട്ടികജാതി വിഭാഗങ്ങള്‍ക്കും 7.5 ശതമാനം സംവരണം പട്ടികവര്‍ഗ്ഗത്തിനും നല്‍കിപ്പോന്നിരുന്നു. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കം സവര്‍ണ്ണ വിഭാഗങ്ങള്‍ ബി.ജെ.പിക്കു പിറകില്‍ കൂടുതല്‍ ശക്തിയോടെ സംഘടിക്കാനുള്ള സന്ദര്‍ഭമൊരുക്കുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ബാബറി മസ്ജിദ് വിഷയത്തിലുള്ള ഇടപെടലുകളോടെ ശക്തിപ്പെട്ട ഹിന്ദു ഏകോപനത്തെ തകര്‍ക്കാനുള്ള ഒരു നീക്കം കൂടിയായിരുന്നു മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച തീരുമാനത്തെ എതിര്‍ത്താല്‍ പിന്നാക്ക വിഭാഗങ്ങള്‍ ബി.ജെപി.യില്‍നിന്നും അകലുമെന്നും കണക്കുകൂട്ടലുകളുണ്ടായിരുന്നു. എന്നാല്‍, ആ കണക്കുകൂട്ടലുകളെ തന്ത്രപരമായി തോല്‍പിക്കാന്‍ ബി.ജെ.പിക്കായി എന്നതാണ് പില്‍കാല ചരിത്രം. കോണ്‍ഗ്രസ്സില്‍നിന്നും വ്യത്യസ്തമായാണ് ബി.ജെ.പി മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ശ്രമത്തോടു പ്രതികരിച്ചത്. സാമുദായികാടിസ്ഥാനത്തിലല്ല, സാമ്പത്തികാടിസ്ഥാനത്തിലാണ് സംവരണം വേണ്ടതെന്നായിരുന്നു പാര്‍ട്ടിയുടെ അന്നത്തെ വാദം. രാമജന്മ ഭൂമിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി പിന്നാക്ക ഹിന്ദുക്കളെക്കൂടി കൂടെ നിര്‍ത്തിക്കൊണ്ട് രഥയാത്ര ആരംഭിക്കാനാണ് ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി ആ സന്ദര്‍ഭം തിരഞ്ഞെടുത്തത്. മുറുകിനിന്ന ജാതിവികാരം ലഘൂകരിക്കുക എന്നതായിരുന്നു രഥയാത്രയുടെ ഒരു ലക്ഷ്യം. അതോടെ പല മേല്‍ജാതികളും പിന്നാക്ക സമുദായ പദവി ഇല്ലാത്ത ശൂദ്രരും ബി.ജെ.പിയുടെ പിറകില്‍ അണിനിരന്നു. ജാതിസംവരണത്തെ എതിര്‍ക്കുന്ന ഒരേ ഒരു പാര്‍ട്ടി എന്ന നിലയില്‍ ഉയര്‍ന്ന സമുദായങ്ങളെ അന്നത്തെ നിലപാടുകള്‍ ബി.ജെപി.യിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമായിയെന്നും ക്രിസ്റ്റോഫ് ജാഫ്രലോട്ട് എഴുതുന്നു. മണ്ഡല്‍ കമ്മിഷന്‍ നടപ്പാക്കാനുള്ള തീരുമാനത്തെ നേരിട്ടെതിര്‍ക്കുകയല്ല ബി.ജെ.പി ചെയ്തത്. മറിച്ച് മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ അതിനു പിറകില്‍നിന്നും ചരടുവലി നടത്തുകയാണ് ചെയ്തത്. മാത്രവുമല്ല, പാര്‍ട്ടിയുമായി ബന്ധമുള്ള ആരെങ്കിലും മണ്ഡല്‍ കമ്മിഷനെതിരെ പരസ്യമായി രംഗത്തുവരുമ്പോള്‍ വിലക്കുകളുണ്ടായി. രാജ്യസഭാംഗം ജെ.കെ. ജെയിന്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ സമരമുറകളുമായി രംഗത്തിറങ്ങിയപ്പോള്‍ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ വിമര്‍ശിച്ചു. ജെയിന്‍ അതില്‍നിന്നും പിന്‍മാറുകയും ചെയ്തു. ജാതിരാഷ്ട്രീയത്തെ സമര്‍ത്ഥമായി നേരിടുന്നതില്‍ ബി.ജെ.പി ഒരു പരിധി വരെ വിജയിച്ചു എന്നാണ് ചരിത്രം പറയുന്നത്. സമുദായസംവരണം പോലുള്ള വിഷയങ്ങളില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ഉന്നത ജാതികളെ കൂടെ നിര്‍ത്തുമ്പോള്‍തന്നെ പാര്‍ട്ടിയിലും പുറത്തും മുഖ്യസ്ഥാനങ്ങളില്‍ നിയോഗിച്ചു പോരുകയും ചെയ്യുന്നു. 

ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗണനീയമായ ഒരു ശക്തിയായി വരുന്നത് രാമക്ഷേത്രത്തിനുവേണ്ടിയുള്ള പ്രചാരണം ഏറ്റെടുക്കുന്നതോടെയാണ്. 1990-ല്‍ വി.പി. സിംഗ് മറ്റു പിന്നാക്ക ജാതിക്കാര്‍ക്ക് 27 ശതമാനം സംവരണം നല്‍കിയ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത് സവര്‍ണ്ണ സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കുകയും അവര്‍ രാമക്ഷേത്രമുള്‍പ്പെടെയുള്ള ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ സജീവമായ പിന്തുണയുമായി മുന്നോട്ട് വരികയും ചെയ്തു. അതോടെ സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ പിന്നീടു വന്ന ഗവണ്‍മെന്റുകള്‍ക്ക് അട്ടത്തുവെയ്‌ക്കേണ്ടിവന്നു. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ദുരവസ്ഥയില്‍നിന്നു ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യം നിറവേറ്റാനും രാമക്ഷേത്ര ക്യാംപയിന്‍ സഹായിച്ചു.

സംവരണത്തെ മാത്രമല്ല, അവരുടെ ജീവിതത്തെ പൊളിച്ചുപണിയാന്‍ ഉതകുമായിരുന്ന ഭൂപരിഷ്‌കരണം പോലുള്ള നടപടികളേയും ഭൂമിയില്‍ ദളിത് സമൂഹത്തിന് അവകാശം ലഭിക്കുന്നതിനു നടത്തുന്ന ശ്രമങ്ങളേയും ചെറുത്തുതോല്‍പിക്കുന്നതിനും ഹിന്ദുത്വരാഷ്ട്രീയം പിന്തുണച്ചു പോന്നിട്ടുണ്ട്. ബിഹാറിലും മറ്റും ഭൂവുടമസമുദായങ്ങള്‍ ദളിതരെ നേരിടുന്നതിനു രൂപീകരിച്ച സ്വകാര്യസേനകള്‍ക്ക് ഹിന്ദുത്വരാഷ്ട്രീയം രക്ഷാകര്‍ത്തൃത്വവും സഹായങ്ങളും നല്‍കിപ്പോന്ന ചരിത്രവുമുണ്ട്. ദളിത് അവകാശങ്ങള്‍ക്കെതിരെ എപ്പോഴൊക്കെ സവര്‍ണ്ണ സമുദായങ്ങളില്‍നിന്നും എതിര്‍പ്പുയര്‍ന്നിട്ടുണ്ടോ അപ്പോഴൊക്കെ ഹിന്ദുത്വവാദികള്‍ അവരെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചു. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമമുണ്ടായപ്പോള്‍ ഒരുവശത്ത് രാമക്ഷേത്ര പ്രചാരണം ശക്തിപ്പെടുത്തി ഏകീകൃത ഹിന്ദുസ്വത്വ രൂപീകരണത്തിനു ഹിന്ദുത്വവാദികള്‍ ശ്രമിച്ചു. അതേസമയം തന്നെ 'യൂത്ത് ഫോര്‍ ഇക്വാലിറ്റി' പോലുള്ള സംഘടനകള്‍ക്കു രൂപം നല്‍കുന്നതില്‍ പങ്കുവഹിക്കുകയും സംവരണവിരുദ്ധ സമരങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. 

സംവരണത്തെ അനുകൂലിക്കുന്നവര്‍ ബി.ജെ.പിയില്‍നിന്ന് അകന്നുപോകുകയോ സംവരണ വിരുദ്ധര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഉപേക്ഷിക്കുകയോ ചെയ്യരുത് എന്ന ആശയമാണ് ഈ പരസ്പരവിരുദ്ധ പ്രസ്താവനകള്‍ക്കു പിറകിലുള്ളത്. ജാതിവ്യത്യാസമില്ലാതെ ഹിന്ദുസമാജത്തെ സംഘടനയ്ക്കു പിറകില്‍ അണിനിരത്തണം. മുന്‍കാലങ്ങളില്‍ ഓരോ തെരഞ്ഞെടുപ്പിനു മുന്‍പും പ്രധാനപ്പെട്ട ആര്‍.എസ്.എസ് നേതാവിന്റെ സംവരണവിരുദ്ധ പ്രസ്താവന പുറത്തുവരികയും പിന്നീട് അതില്‍ സംഘടനയില്‍നിന്നുള്ള വിശദീകരണം വരികയുമായിരുന്നു പതിവ്. 2019-ലെ തെരഞ്ഞെടുപ്പിനു മുന്‍പും മോഹന്‍ ഭഗവത് സംവരണവിരുദ്ധ നിലപാടാണ് ആവര്‍ത്തിച്ചിരുന്നത്. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം സവര്‍ണര്‍ തെരഞ്ഞെടുപ്പുകളില്‍ 'നോട്ട'യ്ക്ക് കുത്തുന്ന പ്രവണതയില്‍ ആര്‍.എസ്.എസ് നേതൃത്വം ആശങ്കാകുലരായിരുന്നു. ബി.ജെ.പിയുടെ ഈ പരമ്പരാഗത വോട്ടര്‍മാര്‍ക്ക് ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ അത്രയൊന്നും പ്രബലമായി കണക്കാക്കപ്പെടാത്ത ഉപജാതികളെ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളില്‍ ഉണ്ടായിരുന്ന എതിര്‍പ്പാണ് 'നോട്ട'യായി മാറിയിരുന്നത്. അവരെ പ്രീണിപ്പിച്ചു കൂടെ നിര്‍ത്തേണ്ടത് ആര്‍.എസ്.എസ്സിനു ആവശ്യമായിരുന്നു. അതേസമയം ദളിത് പിന്നാക്ക വിഭാഗങ്ങള്‍ വിട്ടുപോകാനും പാടില്ല. ഇതാണ് ലക്ഷ്യം. 

എന്നാല്‍, ഇപ്പോള്‍ നടക്കാനിരിക്കുന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും ലോകസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി സംവരണം സംബന്ധിച്ച പഴയ നിലപാട് ആവര്‍ത്തിക്കുന്നത് ഗുണം ചെയ്യില്ല എന്ന തിരിച്ചറിവ് ആര്‍.എസ്.എസ് നേതൃത്വത്തിനുണ്ടായിട്ടുണ്ടെന്നു വ്യക്തം. പല കാരണങ്ങളാല്‍, ഇതാദ്യമായി ആ സംഘടനയുടെ നേതൃത്വം ചരിത്ര യാഥാര്‍ത്ഥ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണ് എന്ന് ഭഗവതിന്റെ പ്രസ്താവന സൂചിപ്പിക്കുന്നു.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com