ഏകീകൃത സിവില്‍കോഡ്- പിറകില്‍ ചില നിഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ട്

സാംസ്‌കാരികവും പ്രാദേശികവുമായ എല്ലാ വൈവിദ്ധ്യങ്ങളേയും ബഹുലതയേയും നിരാകരിച്ച് ഹിന്ദുത്വത്തിലധിഷ്ഠിതമായ ഏകത ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യമെന്ന് നേരത്തെ തന്നെ ഹിന്ദുത്വവാദികള്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്
ഏകീകൃത സിവില്‍കോഡ്- പിറകില്‍ ചില നിഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ട്

രു കുടുംബത്തിലെ അംഗങ്ങള്‍ക്കു രണ്ടു വ്യത്യസ്ത നിയമങ്ങളുണ്ടെങ്കില്‍ ആ കുടുംബത്തിനു നല്ല രീതിയില്‍ മുന്നോട്ടു പോകാനാകുമോ? അങ്ങനെയെങ്കില്‍ രണ്ട് നിയമവുമായി ഒരു രാജ്യത്തിന് എങ്ങനെ മുന്നോട്ടു പോകാനാകും? നമ്മുടെ ഭരണഘടനയും പൗരന്മാര്‍ക്ക് തുല്യ അവകാശമാണ് ഉറപ്പു നല്‍കുന്നത്. സുപ്രീംകോടതി പോലും ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, വോട്ടുബാങ്ക് ലക്ഷ്യമിട്ട് ചിലര്‍ മുസ്‌ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.''

ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശില്‍ ഒരു ബി.ജെ.പി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന വിരല്‍ ചൂണ്ടിയത് യഥാര്‍ത്ഥത്തില്‍ നീതിയും സമത്വവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനാവാഴ്ചയുള്ള ഒരു രാജ്യത്ത് നിലനില്‍ക്കുന്ന ഒരു വൈചിത്ര്യത്തിലേക്കാണ്. ജാതി, മത, ലിംഗഭേദമെന്യേ നിയമത്തിനു മുന്‍പാകെ എല്ലാവരും സമന്മാരായിരിക്കണമെന്ന് ഉദ്‌ഘോഷിക്കുമ്പോള്‍ തന്നെ ചില മത, സമുദായ വിഭാഗങ്ങള്‍ക്കിടയില്‍ ലിംഗപരമായ വിവേചനത്തെ പിന്തുണയ്ക്കുന്ന വ്യക്തിനിയമങ്ങള്‍ക്കാണ് സാധുത എന്നതാണ് ഈ വൈചിത്ര്യം. ഇങ്ങനെയൊരു സാഹചര്യത്തില്‍ ലിംഗഭേദമെന്യേ തുല്യനീതി ഉറപ്പുവരുത്തുക എന്നത് ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം വലിയൊരു ലക്ഷ്യം തന്നെയാണ്. ചുരുക്കത്തില്‍ നരേന്ദ്ര മോദി ഗവണ്‍മന്റ് ഈ ദിശയില്‍ നടത്തുന്ന നീക്കം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. 

എന്നാല്‍, 'ഓളം കാണുന്നതൊന്നും മീനല്ല' എന്നോ 'there's more to this than meets the eye' എന്നോ ഒക്കെയുള്ള ഭാഷാപ്രയോഗങ്ങളെ അനുസ്മരിപ്പിക്കുംവിധമാണോ കാര്യങ്ങള്‍? തീര്‍ച്ചയായും ചരിത്രം നല്‍കുന്ന തിരിച്ചറിവുകള്‍ ഏകീകൃത സിവില്‍കോഡിനുവേണ്ടിയുള്ള ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു പിറകില്‍ ചില നിഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ടെന്നുതന്നെയാണ് വ്യക്തമാക്കുന്നത്. ഇന്ത്യ പതുക്കെ ഒരു ഹിന്ദുരാഷ്ട്രമായിക്കൊണ്ടിരിക്കുകയാണ് എന്ന് ഹിന്ദുത്വപദ്ധതിയുടെ എതിരാളികള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ആര്‍.എസ്.എസ് വക്താക്കള്‍ ആവര്‍ത്തിക്കുന്ന ഒരു കാര്യമുണ്ട്. അത് ഇന്ത്യ എന്നും ഹിന്ദുരാഷ്ട്രം തന്നെയാണെന്നും വിശേഷിച്ച് ഹിന്ദുരാഷ്ട്രമാക്കേണ്ട കാര്യമൊന്നുമില്ലെന്നുമാണ്. എന്നാല്‍, 1200 വര്‍ഷം നീണ്ട മുസ്‌ലിം-ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ച എല്ലാ മണ്ഡലങ്ങളിലും ഹിന്ദുവിരുദ്ധത സന്നിവേശിപ്പിച്ചിട്ടുണ്ടെന്നും ആ ഹിന്ദുവിരുദ്ധതയെ ഉച്ചാടനം ചെയ്തു രാഷ്ട്രത്തിന്റെ 'സ്വാഭാവികത' വീണ്ടെടുക്കുകയാണ് ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറയുന്നു. മനുസ്മൃതിയുള്ളപ്പോള്‍ വേറെ ഭരണഘടനയുടെ ആവശ്യമുണ്ടോ എന്നു സംശയിച്ചവര്‍, പടിഞ്ഞാറന്‍ ആശയങ്ങളുടെ സൃഷ്ടിയാണ് ഭരണഘടന എന്നു വിശേഷിപ്പിച്ചവര്‍, ഭരണഘടനയുടെ അടിസ്ഥാനഘടനയെ വെല്ലുവിളിച്ചു എന്ന ആരോപണത്തിനു വിധേയരാവര്‍ അതേ ഭരണഘടനയെത്തന്നെ ഹിന്ദുത്വ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു ഉപാധിയാക്കുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

സാംസ്‌കാരികവും പ്രാദേശികവുമായ എല്ലാ വൈവിദ്ധ്യങ്ങളേയും ബഹുലതയേയും നിരാകരിച്ച് ഹിന്ദുത്വത്തിലധിഷ്ഠിതമായ ഏകത ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യമെന്ന് നേരത്തെ തന്നെ ഹിന്ദുത്വവാദികള്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നും 'ഒരു രാജ്യം, ഒരു ഭാഷ' എന്നും 'ഒരു രാജ്യം ഒരു സംസ്‌കാരം' എന്നുമൊക്കെയുള്ള ഹിന്ദുത്വ മുദ്രാവാക്യങ്ങളുടെ അനേകതയില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നായിട്ടാണ് 'ഒരു രാജ്യം, ഒരു നിയമം' എന്ന തത്ത്വത്തെ ഹിന്ദുത്വവാദികള്‍ വീക്ഷിക്കുന്നത്. 

ഏകീകൃത സിവില്‍കോഡ് എന്നതു പുതിയൊരു ആശയമല്ല. സംഘ് പരിവാര്‍ മുന്നോട്ടുവെച്ച ആശയവുമല്ല അത്. നമ്മുടെ ഭരണഘടനാ നിര്‍മ്മാണസഭ(Constituent Assembly)യില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് ഏകീകൃത സിവില്‍കോഡ്. ഈ ചര്‍ച്ചയുടെ ഫലമായി ഭരണഘടനയുടെ ഭാഗമായിട്ടുള്ള നിര്‍ദ്ദേശക തത്ത്വങ്ങളില്‍ നാല്‍പത്തിനാലാം അനുച്ഛേദമായി ഈ ആശയം മുന്നോട്ടുവെയ്ക്കുന്നു. രാജ്യത്തിന് ഒരു പൊതുനിയമം ഉണ്ടാകാന്‍ ഭരണകൂടം പരിശ്രമിക്കണമെന്നാണ് ആ അനുച്ഛേദത്തിലുള്ളത്. ഇപ്പോള്‍ ഏകീകൃത സിവില്‍കോഡ് എന്ന ആശയത്തെ പിന്തുണയ്ക്കുന്നവര്‍ ഭരണഘടനയിലെ ഈ അനുച്ഛേദത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. മതേതരവാദികളും ഹിന്ദുത്വവാദികളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, ഹിന്ദുത്വവാദികളുടെ ഭരണഘടനയോടുള്ള സമീപനം എന്താണെന്ന് കേരളത്തില്‍ ശബരിമല സമരക്കാലത്തുതന്നെ കണ്ടതാണ്. മുഖ്യസംഘടനയില്‍ സ്ത്രീകള്‍ക്ക് അംഗത്വമനുവദിക്കാതെ സ്ത്രീകള്‍ക്കു മാത്രമായി സേവികാസമിതി എന്നോ ഗേള്‍സ് ഓര്‍ഗനൈസേഷന്‍ എന്നോ അനുബന്ധ സംഘടനയുണ്ടാക്കുന്നവരില്‍നിന്നും ഭരണഘടനാതത്ത്വങ്ങളോട് നീതി പ്രതീക്ഷിക്കാന്‍ കഴിയുമോ എന്ന ചോദ്യം അപ്പോഴുയരുന്നു.

ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ ഭരണകൂടത്തിനു അധികാരമുണ്ട്. എന്നാല്‍, ആ അധികാരം വ്യത്യസ്ത മതസമുദായങ്ങളുടെ ഇക്കാര്യത്തിലുള്ള നിലപാടുകളെ മാനിക്കാതെയാകരുത് എന്ന് അംബേദ്കറെപ്പോലുള്ളവര്‍ അന്നുതന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. ഭരണകൂടനയത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശക തത്ത്വങ്ങളില്‍ ഉള്‍പ്പെടുന്നതാണ് എന്നതുകൊണ്ടുതന്നെ ഇത് ഒരു ഗവണ്‍മെന്റിന്റെ നയപരമായ കാര്യമാണ്. ഒരു നിയമം നിര്‍മ്മിക്കുന്നത് ഒരു ഗവണ്‍മെന്റിന്റെ നയപരമായ കാര്യമാണ്. നയപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമില്ല. ഒരു ഗവണ്‍മെന്റ് നിര്‍മ്മിച്ച നിയമം ഭരണഘടനാനുസൃതമാണോ അതിനു വിരുദ്ധമാണോ എന്നു പരിശോധിച്ച് തീര്‍പ്പുകല്പിക്കാനാണ് കോടതികള്‍ക്ക് അധികാരമുള്ളത്. എന്നാല്‍, 1985-ല്‍ ഷാ ബാനു കേസില്‍ സുപ്രീംകോടതി യൂണിയന്‍ ഗവണ്‍മെന്റിനോടു ഏകീകൃത സിവില്‍നിയമം ആവിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ ചൂടുപിടിക്കുന്നത്. അതേ വര്‍ഷം തന്നെ മറ്റൊരു കേസിലും (Jordan Dingdhe Vs S.S. Chopra) സുപ്രിംകോടതി ഇതേ ആവശ്യം മുന്നോട്ടുവെച്ചു. ഷാ ബാനു കേസ് ഇക്കാര്യത്തില്‍ ഉയര്‍ത്തിവിട്ട ചലനങ്ങള്‍ പൊതുസമൂഹത്തിലും രാഷ്ട്രീയത്തിലും നിലനില്‍ക്കവേയാണ് ഈ ഇടപെടലും ഉണ്ടായത്. അന്നു പുരോഗമനവാദികളും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നവരും ഈ ആവശ്യത്തെ പിന്തുണച്ചു. എല്ലാ വൈവിദ്ധ്യങ്ങളേയും നിരാകരിച്ച് രാജ്യത്ത് ഒരൊറ്റ നിയമം വരണം എന്നതുകൊണ്ടല്ല മതനിരപേക്ഷ പക്ഷത്തുനിന്നും അന്ന് ഈ ആവശ്യത്തിനു പിന്തുണ ഉണ്ടായത്. മറിച്ച് നിയമത്തിനു മുന്‍പാകെ എല്ലാ മനുഷ്യര്‍ക്കും തുല്യത ഉണ്ടാകണം എന്ന സങ്കല്പത്തെ മുന്‍നിര്‍ത്തിയായിരുന്നു. 

ഒരേ ആശയത്തിനു വ്യത്യസ്ത ചരിത്രസന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത പ്രയോഗങ്ങളുണ്ടാകാമെന്നതിനു തെളിവാണ് ഏകീകൃത സിവില്‍കോഡ് എന്ന ആശയവും. നാത്‌സി പാര്‍ട്ടിയുടെ പേരിലും സോഷ്യലിസം ഉണ്ടായിരുന്നു. '80-കള്‍ വരെ ''സോഷ്യലിസം കൊണ്ടുവരുന്ന സിംഹത്തെ പെയിന്റ്'' ചെയ്യുകയാണ് താനെന്നായിരുന്നു ഇന്ദിരാഗാന്ധി ഭാവിച്ചിരുന്നത്. അതുകണക്കെ ഏകീകൃത സിവില്‍കോഡ് എന്ന ആശയവും ഹിന്ദുത്വവാദികളാല്‍ തെറ്റായി ഉന്നയിക്കപ്പെടുകയും പരികല്പിക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന് എസ്.പി. സാഥേ ഏകീകൃത സിവില്‍ കോഡു സംബന്ധിച്ച് സുപ്രിംകോടതി നടത്തിയ ഇടപെടലുകളെക്കുറിച്ച് ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്ലിയില്‍ (1995, സെപ്തംബര്‍ 2) എഴുതിയ ലേഖനം വായിക്കുമ്പോള്‍ വ്യക്തമാകും. എല്ലാ വ്യക്തികള്‍ക്കും ഒരൊറ്റ വ്യക്തിനിയമം എന്ന അര്‍ത്ഥത്തിലല്ല ഏകീകൃത വ്യക്തിനിയമം എന്നത് ഭരണഘടന വിഭാവനം ചെയ്യുന്നത് എന്ന് അദ്ദേഹം വാദിക്കുന്നു. ലിംഗനീതിയുടേയും ലിംഗസമത്വത്തിന്റേയും അടിത്തറയിലുള്ള വ്യത്യസ്ത വ്യക്തിനിയമങ്ങളുടെ ഒരു സംഘാതമാണ് അത്. 
ഏകീകൃത വ്യക്തിനിയമത്തിനുവേണ്ടി ഇപ്പോഴുള്ള മുറവിളി നേരത്തെ സൂചിപ്പിച്ച വിശാലമായ ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമായിട്ടു മാത്രമല്ല കാണേണ്ടത്. നരേന്ദ്ര മോദി രണ്ടാംവട്ടം അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പില്‍ അവര്‍ മുന്നോട്ടുവെച്ച മുദ്രാവാക്യം കൂടിയാണിത്. പൗരത്വ നിയമഭേദഗതി, കശ്മീരിനു നല്‍കിയ പ്രത്യേക പദവി റദ്ദാക്കല്‍ തുടങ്ങിയവയാണ് മറ്റു രണ്ടെണ്ണം. ഇതു നടപ്പാക്കുന്നതു സംബന്ധിച്ച് ലോ കമ്മിഷന്‍ 2018-ല്‍ നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ച് ഇപ്പോള്‍ മോദി ഗവണ്‍മെന്റ് ഉയര്‍ത്തിക്കൊണ്ടുവന്ന ചര്‍ച്ചയ്ക്ക് ഒരു പരിമിതലക്ഷ്യം കൂടിയുണ്ട്. മോദി ഗവണ്‍മെന്റിനെതിരെ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന അഭിപ്രായ ഐക്യം തകര്‍ക്കുക എന്നതാണത്. 

എക്സ്പ്രസ് ഇല്ലസ്ട്രേഷൻ
എക്സ്പ്രസ് ഇല്ലസ്ട്രേഷൻ

സിവില്‍കോഡുകളുടെ ചരിത്രം 

''ഹിന്ദു സമൂഹം എന്തുതന്നെ മാറ്റങ്ങള്‍ തന്നെ സ്വീകരിച്ചാലും ശൂദ്രന്റെ അടിമത്തത്തിനും സ്ത്രീകളുടെ അടിമത്തത്തിനും വേണ്ടി അത് ഒരിക്കലും അതിന്റെ സാമൂഹിക ഘടനകളെ (ചാതുര്‍വര്‍ണ്യം) ഉപേക്ഷിക്കില്ല. ഈയൊരു കാരണം കൊണ്ടുതന്നെ ഈ സന്ദര്‍ഭത്തില്‍ നിയമം അവരുടെ രക്ഷയ്‌ക്കെത്തിയാല്‍ മാത്രമേ സമൂഹത്തിനു മുന്നോട്ട് പോകാനാകൂ.'' ഹിന്ദു സിവില്‍ കോഡ് ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഡോ. അംബേദ്കര്‍ പറഞ്ഞതിങ്ങനെ. 

നെഹ്റുവിന്റെ ഗവണ്‍മെന്റില്‍ നിയമ മന്ത്രിയായിരുന്ന കാലത്ത് ഡോ. അംബേദ്കര്‍ ഹിന്ദു നിയമങ്ങളില്‍ പരിമിതമായ ചില പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ആര്‍.എസ്.എസും അതിന്റെ നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെപ്പോലുള്ളവരും ആ പരിഷ്‌കാരങ്ങളെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. അംബേദ്കറിനെതിരെ വ്യക്തിപരമായിട്ടുപോലും ആക്രമണങ്ങളുണ്ടായി. അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഉള്‍പ്പെടെ കോണ്‍ഗ്രസ്സിന്റെ നിരവധി ഉന്നത നേതാക്കളും അന്ന് അംബേദ്കറുടെ എതിര്‍പക്ഷത്തായിരുന്നു. കോണ്‍ഗ്രസ്സില്‍നിന്നു മാത്രമല്ല അന്ന് ഹിന്ദുത്വവാദികള്‍ക്ക് പിന്തുണ കിട്ടിയത്. ഇക്കാര്യത്തില്‍ മുസ്‌ലിം മതമൗലികവാദികളുടെ കൂട്ടും ആര്‍.എസ്.എസ്സിനുണ്ടായിരുന്നു. അവരില്‍ നസീറുദ്ദീന്‍ അഹമ്മദിനെപ്പോലുള്ളവര്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ചു, പിന്തിരിപ്പന്‍ വീക്ഷണങ്ങളുടെ കാര്യത്തില്‍ മുസ്‌ലിം, ഹിന്ദു മതമൗലികവാദികള്‍ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളെന്ന ധാരണ ഊട്ടിയുറപ്പിക്കുന്ന സംഭവമായി ഹിന്ദുകോഡ് സംബന്ധിച്ച് അന്നു നടന്ന ചര്‍ച്ചകള്‍. 

എന്നാല്‍, എല്ലാ ഹിന്ദുത്വവാദികളും ഹിന്ദു കോഡ് ബില്ലിനെ എതിര്‍ത്തില്ല എന്നും കാണണം. ഒരുപക്ഷേ, ഹിന്ദു ഏകീകരണത്തിനുള്ള ഒരു നല്ല അവസരമാണ് ഇത് എന്ന് അവരില്‍ ചിലര്‍ വിചാരിച്ചിട്ടുണ്ടാകാം. വ്യത്യസ്തങ്ങളായ സിവില്‍ നിയമങ്ങളാണല്ലോ ഹിന്ദുസമൂഹത്തില്‍ നിലനിന്നിരുന്നത്. അവരിലൊരാളായിരുന്നു നെഹ്‌റു മന്ത്രിസഭയില്‍ അംഗമായിരുന്ന നര്‍ഹര്‍ വിഷ്ണു ഗാഡ്ഗില്‍. അദ്ദേഹം ഹിന്ദു സിവില്‍കോഡ് ബില്ലിനുവേണ്ടി ശക്തമായി പോരാടി. അതുപോലെ അംബേദ്കറിനൊപ്പം നിലയുറപ്പിച്ച് ഹിന്ദു സിവില്‍ നിയമ പരിഷ്‌കാരങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ മറ്റൊരാള്‍ വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപകരില്‍ ഒരാളായ കുലപതി കെ.എം. മുന്‍ഷിയാണ്. അതേസമയം ആര്‍.എസ്.എസ് ഹിന്ദു സിവില്‍ കോഡ് ബില്ലിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ആര്‍.എസ്.എസ് ആചാര്യന്‍ എം.എസ്. ഗോള്‍വല്‍ക്കറും ശക്തമായിത്തന്നെ ഹിന്ദു സിവില്‍കോഡ് ബില്ലിനെതിരെ നിലപാടെടുത്തു. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ നിരന്തരം വിദ്വേഷം നിറഞ്ഞ മുഖപ്രസംഗങ്ങള്‍ അംബേദ്കറിനെതിരേയും നെഹ്‌റുവിനെതിരേയും ആ സന്ദര്‍ഭത്തിലെഴുതി. 

സിവില്‍ നിയമങ്ങളെ മതസ്വത്വത്തിന്റെ ഭാഗമായി കാണുന്ന രീതിക്ക് ഔദ്യോഗികാംഗീകാരം നല്‍കുന്ന പതിവ് ബ്രിട്ടീഷുകാരാണ് തുടങ്ങിവെച്ചത്. ഒരേ മതത്തില്‍പെട്ട വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത നിയമങ്ങളാണ് ഉണ്ടായിരുന്നത്. മിക്കപ്പോഴും ഈ നിയമങ്ങള്‍ സ്ത്രീകള്‍ക്കുനേരെയുള്ള വിവേചനങ്ങള്‍ക്കു സാധുത നല്‍കിപ്പോരുകയും ചെയ്തിരുന്നു. സ്വാഭാവികമായും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായ രാഷ്ട്രീയമായ ഉണര്‍വ്വിന്റെ ഭാഗമായി ഈ നിയമങ്ങളെ സംബന്ധിച്ച് പുനരാലോചന ആവശ്യപ്പെട്ട് സ്ത്രീകള്‍ക്കിടയില്‍നിന്നും ശക്തമായ പ്രക്ഷോഭങ്ങള്‍ പ്രാദേശികമായി ഉയര്‍ന്നുവരികയുണ്ടായി. അംബേദ്കര്‍ തുടക്കമിട്ട അവശ ജനവര്‍ഗ്ഗങ്ങളുടെ ചെറുത്തുനില്‍പില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ചിരുന്നത് കീഴാള സമൂഹത്തിലെ സ്ത്രീകളായിരുന്നു. വിലക്കപ്പെട്ട രണ്ടാം മഹദ് സത്യഗ്രഹ സമരത്തോടനുബന്ധിച്ച് 1927 ഡിസംബര്‍ 25-നു ഹിന്ദു നിയമഗ്രന്ഥമായ മനുസ്മൃതി ദഹിപ്പിച്ച സംഭവം ചരിത്രത്തിലിടം നേടിയതാണ്. ഈ സമരത്തില്‍ ശ്രദ്ധേയമായ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ സ്ത്രീകള്‍ക്കു തുല്യത ഉണ്ടായിരിക്കണമെന്ന കാഴ്ചപ്പാടാണ് അക്കാലത്തുതന്നെ രൂപംകൊണ്ട ഓള്‍ ഇന്ത്യ വിമന്‍സ് കോണ്‍ഫറന്‍സിനു (എ.ഐ.ഡബ്ല്യു.സി) ഉണ്ടായിരുന്നത്. 1934-ല്‍ നടന്ന എ.ഐ.ഡബ്ല്യു.സി സമ്മേളനം വിവാഹത്തിലും അനന്തരാവകാശ നിയമങ്ങളിലും സ്ത്രീകളോടുള്ള വിവേചനം ഇല്ലാതാക്കുന്ന ഒരു ഹിന്ദു കോഡ് ആവശ്യപ്പെട്ടുകൊണ്ടു പ്രമേയം പാസ്സാക്കി. മുപ്പതുകളിലും നാല്‍പതുകളിലും കമ്യൂണിസ്റ്റ്-ഇടതുപക്ഷ രാഷ്ട്രീയം ശക്തമായപ്പോള്‍ വിവിധ പ്രദേശങ്ങളില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ സെല്‍ഫ് ഡിഫെന്‍സ് ലീഗുകളും മഹിളാ സംഘങ്ങളും രൂപീകരിക്കപ്പെട്ടു. സ്ത്രീകളെ അസമത്വത്തിന് ഇരയാക്കുന്ന എല്ലാ നിയമങ്ങളേയും അസാധുവാക്കിയ റഷ്യയിലെ ബോള്‍ഷെവിക് വിപ്ലവത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു സ്ത്രീപക്ഷത്തുനിന്നുണ്ടായ ഈ രാഷ്ട്രീയ നീക്കങ്ങള്‍. കേരളത്തില്‍ നമ്പൂതിരിമാരെപ്പോലുള്ള ഉയര്‍ന്ന ജാതി സമൂഹങ്ങളിലും പ്രകടമായ ഉല്‍പതിഷ്ണുത്വം സ്ത്രീവിമോചന മുദ്രാവാക്യങ്ങള്‍ ഫലപ്രദമായിത്തന്നെ ഉയര്‍ത്തിയിട്ടുണ്ട്. സ്വസമുദായത്തിന്റെ സാമൂഹിക ജഡിലതയിലേക്ക് ഒരു തീപ്പന്തം കണക്കെ ചെന്നുവീണ പുരോഗമന മുദ്രാവാക്യങ്ങള്‍ എറിഞ്ഞുകൊ ടുത്ത 'അടുക്കളയില്‍നിന്നും അരങ്ങത്തേക്ക്' എന്ന നാടകം ഇതിന്റെ ഭാഗമായി അരങ്ങേറിയതാണ്. ചിലപ്പോഴൊക്കെ വ്യത്യസ്ത സമുദായങ്ങള്‍ക്കുള്ളില്‍ ഉരുവമെടുത്ത ചില ചലനങ്ങള്‍ ആകമാനം വളരുന്ന ബഹുജന സമരങ്ങളുമായി കണ്ണിചേര്‍ക്കപ്പെടുകയും മിശ്രവിവാഹംപോലുള്ള പുരോഗമനപരമായ നടപടികളെ പ്രോത്സാഹിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. 

ഹിന്ദുത്വ ദേശീയവാദികളായ ഹര്‍ബിലാസ് ശാര്‍ദ, നാരായണ്‍ ബസ്‌കര്‍ ഖാരെ തുടങ്ങി ചിലര്‍ ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അനീതിനിറഞ്ഞ മതാധിഷ്ഠിത നിലപാടുകളെ പരിഷ്‌കരണവാദപരമായി സമീപിച്ചിട്ടുണ്ടെങ്കിലും ഹിന്ദുമഹാസഭയും രാഷ്ട്രീയ സ്വയംസേവക് സംഘും പൊതുവേ അനീതികള്‍ അവസാനിപ്പിച്ചുകൊണ്ടുള്ള നിയമപരിഷ്‌കാരങ്ങള്‍ക്ക് എതിരെ നിലകൊണ്ടു. 

നിയമനിർമാണസഭ
നിയമനിർമാണസഭ

മുസ്‌ലിം സിവില്‍ കോഡും എതിര്‍പ്പുകളും 

മുഹമ്മദന്‍ ലോ എന്നറിയപ്പെടുന്ന മുസ്‌ലിം സിവില്‍ കോഡ് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതാണ്. 1937-ല്‍. അതിനു ആധാരമായ നിയമങ്ങള്‍ പാഴ്‌സി മതസ്ഥനായ ദിന്‍ഷാ ഫര്‍ദൂജി മുള്ള എന്ന നിയമവിദഗ്ദ്ധനാണ് രൂപപ്പെടുത്തിയത്. അദ്ദേഹത്തിന് ഇസ്‌ലാമിക മതനിയമങ്ങളില്‍ അവഗാഹമുണ്ടായിരുന്നു. വടക്കേ ഇന്ത്യയിലും മറ്റും നിലവിലുണ്ടായിരുന്ന ആചാരനിയമങ്ങള്‍ അഥവാ Customary laws അങ്ങേയറ്റം വിവേചനപരമായിരുന്നു അക്കാലത്ത്. നിയമപ്രകാരം പിതൃസ്വത്തില്‍ സ്ത്രീകള്‍ക്ക് അവകാശം ഉണ്ടായിരുന്നില്ല. മതഭേദമെന്യേ സ്ത്രീകള്‍ കടുത്ത അനീതി അനുഭവിച്ചിരുന്ന അക്കാലത്ത് വിവിധ കോണുകളില്‍നിന്നും പൈതൃക സ്വത്തില്‍ അവകാശം ലഭിക്കുന്നതിനുവേണ്ടി നിയമനിര്‍മ്മാണം നടത്താന്‍ കൊളോണിയല്‍ ഭരണാധികാരികള്‍ക്കു മുന്‍പാകെ നിരന്തരം അവകാശമുയര്‍ന്നിരുന്നു. ശരിഅത്ത് ആപ്ലിക്കേഷന്‍ ആക്ട് അങ്ങനെയാണ് നിലവില്‍ വരുന്നത്. 1937-ല്‍ നിലവില്‍ വന്ന ആക്ടില്‍ കുറേയേറെ അവ്യക്തതകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് 1937-ലെ നിയമത്തിലെ അപാകത പരിഹരിക്കാന്‍ 1939-ല്‍ മറ്റൊരു നിയമം ആവിഷ്‌കരിക്കപ്പെട്ടു. 

1937-ല്‍ മുഹമ്മദന്‍ ലോ ആവിഷ്‌കരിക്കപ്പെട്ടതോടെ മലബാര്‍ മാപ്പിള, കച്ച് മേമന്‍, നോര്‍ത്ത് വെസ്റ്റ് ഫ്രോണ്ടിയര്‍ പ്രൊവിന്‍സിലെ മുസ്‌ലിം തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളെ ഒരൊറ്റ മതസ്വത്വത്തിനു കീഴില്‍ കൊണ്ടുവരിക എന്ന പ്രക്രിയയുടെ ഗതിവേഗമാണ് വര്‍ദ്ധിച്ചത്. വ്യക്തിനിയമങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ മതസ്വത്വത്തിന്റെ ഭാഗമായി കാണുന്ന കൊളോണിയല്‍ സമീപനം ഹിന്ദു, മുസ്‌ലിം സ്വത്വനിര്‍മ്മിതിയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം ഹിന്ദുനിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ നെഹ്‌റുവും അംബേദ്കറും തുടക്കമിട്ട ഉദ്യമങ്ങളുടെ ഭാഗമായി 1955-ല്‍ ഹിന്ദു വിവാഹ നിയമം, 1956-ല്‍ ദത്തെടുക്കലും പരിപാലനവും സംബന്ധിച്ച ഹിന്ദു നിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് നിയമം എന്നിവ നിലവില്‍ വന്നു. ഈ നിയമങ്ങള്‍ ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളെക്കൂടി ഹിന്ദുസ്വത്വത്തിലുള്‍പ്പെടുത്തി എന്നതും ശ്രദ്ധേയം.

നരേന്ദ്ര മോ​ദി
നരേന്ദ്ര മോ​ദി

ഏകീകൃത സിവില്‍ കോഡും മതമൗലികവാദ സമീപനങ്ങളും 

''ഇന്നലെ വരെ ഈ കോഡിന്റെ ഏറ്റവും വലിയ എതിരാളികളും പുരാതന ഹിന്ദു നിയമങ്ങളുടെ ഏറ്റവും വലിയ ചാംപ്യന്മാരുമായ ചിലര്‍ മുന്നോട്ട് വന്ന് അഖിലേന്ത്യാ സിവില്‍ കോഡിനു തയ്യാറാണെന്നു പറയുന്നതില്‍ എനിക്ക് ഇപ്പോള്‍ വലിയ ആശ്ചര്യമുണ്ടെന്നുതന്നെ പറയണം. പുള്ളിപ്പുലിക്കു അതിന്റെ പുള്ളികള്‍ മായ്ക്കാനൊക്കുകയില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ ബില്ല് സഭയില്‍ വരുമ്പോഴെല്ലാം ആഞ്ഞടിച്ച പുള്ളിപ്പുലികള്‍ ഇപ്പോള്‍ പെട്ടെന്ന് അവരുടെ മനസ്സുമാറ്റി ഒരു പുതിയ കോഡ് സ്വീകരിക്കാന്‍ പ്രാപ്തമാകുംവിധം വിപ്ലവകാരിയായി മാറിയെന്നത് എനിക്ക് വിശ്വസിക്കാനാകില്ല.''

നിയമ മന്ത്രിയായിരിക്കെ അംബേദ്കര്‍ നടത്തിയ ഈ പ്രസ്താവനയ്ക്കു വലിയ പ്രസക്തിയുണ്ട്. ഭരണഘടനയിലെ 25-ാം വകുപ്പനുസരിച്ച് ഏതു മതത്തിലും വിശ്വസിക്കാനും ആചരിക്കാനും ഇന്ത്യന്‍ പൗരനു അവകാശമുണ്ട്. വ്യക്തിനിയമങ്ങള്‍ മതവിശ്വാസത്തിന്റെ ഭാഗമായിരിക്കെ വ്യക്തിനിയമങ്ങള്‍ ആചരിക്കാനുള്ള അവകാശം ഭരണഘടനാദത്തമാണ് എന്നും അംബേദ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആചാരനിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ അതതു മതസമുദായത്തിനുള്ളില്‍നിന്നും നടത്താനും അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സിവില്‍കോഡ് ആവിഷ്‌കരിക്കുന്നതിനു മുന്‍പ് അതു സംബന്ധിച്ച റാവു കമ്മിറ്റി റിപ്പോര്‍ട്ട് വിവിധ ഹിന്ദുവിഭാഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയ്ക്കു വിധേയമാക്കിയിട്ടുണ്ടെന്നും അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒരു ഏകീകൃത സിവില്‍ നിയമത്തിനുവേണ്ടിയുള്ള ആവശ്യം ഭരണഘടനാ അസംബ്ലിയില്‍ ശക്തമായി ഉയര്‍ന്നതാണ്. അന്ന് അതിനെ ഭരണഘടനാ നിര്‍മ്മാണസഭയിലെ മുസ്‌ലിം അംഗങ്ങള്‍ എതിര്‍ക്കുകയും ഹിന്ദു അംഗങ്ങള്‍ അനുകൂലിക്കുകയും ചെയ്തതായി ഇതു സംബന്ധിച്ച രേഖകളുടെ പരിശോധനയില്‍ വിശദമാകുന്നുണ്ട്. നമ്മുടെ ഭരണഘടനയില്‍ ഭരണകൂട നയത്തിന്റെ നിര്‍ദ്ദേശക തത്ത്വങ്ങളില്‍ 44-ാം അനുച്ഛേദമായി ചേര്‍ത്തിട്ടുള്ള ഏകീകൃത വ്യക്തിനിയമം സംബന്ധിച്ച ധാരണ ഭരണഘടനാ ഡ്രാഫ്റ്റില്‍ 35-ാംഅനുച്ഛേദമായിട്ടാണ് ചേര്‍ത്തിട്ടുള്ളത്.

മദ്രാസ് പ്രവിശ്യയില്‍നിന്നുള്ള മുഹമ്മദ് ഇസ്മയില്‍ ഒരു മതവിഭാഗത്തിനോ സമുദായത്തിനോ സ്വന്തമായി ഒരു വ്യക്തിനിയമമുണ്ടെങ്കില്‍ അതുപേക്ഷിക്കാനുള്ള ബാദ്ധ്യത ഇല്ല എന്ന ഭേദഗതി ഒരു മുന്‍ അനുച്ഛേദത്തിന് അവതരിപ്പിച്ചു. നസീര്‍ മുഹമ്മദ്, മെഹ്ബൂബ് അലിബേഗ് സാഹിബ് തുടങ്ങിയ മറ്റു മുസ്‌ലിം അംഗങ്ങളും ഭേദഗതികള്‍ അവതരിപ്പിക്കുകയും ഏക സിവില്‍കോഡിനു വേണ്ടി ഭരണകൂടം പരിശ്രമിക്കണമെന്ന അനുച്ഛേദത്തിനെതിരായി നിലപാടെടുക്കുകയും ചെയ്തു. എന്നാല്‍, ഈ എതിര്‍പ്പുകളെ മറികടന്ന് അത് ഭരണഘടനയില്‍ ഉള്‍പ്പെടുത്തപ്പെട്ടു. അംബേദ്കര്‍ മുസ്‌ലിം അംഗങ്ങളുടെ എതിര്‍പ്പിനെ അംഗീകരിച്ചില്ല. ഇന്ത്യന്‍ ഭൂപ്രദേശത്തെ എല്ലാ പൗരന്മാര്‍ക്കും ബാധകമാകുന്ന ഒരേകീകൃത സിവില്‍കോഡ് കൊണ്ടുവരുന്നതിനുവേണ്ടി ഭരണകൂടം പരിശ്രമിക്കണം എന്ന ഒരൊറ്റ വാചകമാണ് ഇപ്പോള്‍ 44 ാം അനുച്ഛേദത്തിലുള്ളത്. അതേസമയം, അംബേദ്കര്‍ ഇതിനുവേണ്ടി ശക്തമായി നിലകൊണ്ടപ്പോള്‍ തന്നെ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഈ അനുച്ഛേദം രാഷ്ട്രത്തിനു നല്‍കുന്നത് ഒരു അധികാരമാണെന്നും ഉത്തരവാദിത്വമല്ലെന്നുമാണ്. 

സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല എന്നു പറയാറുണ്ട്. നിയമത്തിന്റെ കാര്യത്തിലായാലും ഭരണഘടനയുടെ കാര്യത്തിലായാലും അതു ബാധകമാകേണ്ടതില്ലേ? രാജ്യത്ത് അധിവസിക്കുന്ന ഒരു ജനവിഭാഗത്തെ അപരവല്‍ക്കരിക്കാനും അവരുടെ സ്വത്വബോധത്തെ തുടച്ചുനീക്കാനുമാണ് ഒരു നിയമനിര്‍മ്മാണമെങ്കില്‍ - അത് ഏതു മഹത്തായ തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും-എന്തു നിലപാടാണ് ആ സന്ദര്‍ഭത്തില്‍ മനുഷ്യസ്‌നേഹികള്‍ കൈക്കൊള്ളേണ്ടത് എന്ന ചോദ്യമല്ലേ ഉയരേണ്ടത്?

കരട് ബില്‍ വരട്ടെ, ഇപ്പോഴുള്ള ചര്‍ച്ച മുസ്‌ലിങ്ങളെ അപരവല്‍കരിക്കാന്‍

എം.എന്‍. കാരശ്ശേരി 

ഏകീകൃത സിവില്‍കോഡ് എന്ന ആശയത്തെ ഞാന്‍ അനുകൂലിക്കുന്നു. എന്നാല്‍, ഇതു നടപ്പാക്കാന്‍ ബി.ജെ.പി ഗവണ്‍മെന്റാണ് മുന്‍കയ്യെടുക്കുന്നത് എന്നു കാണുമ്പോള്‍ എനിക്ക് ആശങ്കയുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് പാറ്റ്‌നയില്‍ രൂപംകൊണ്ട പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാനുള്ള മോദി ഗവണ്‍മെന്റിന്റെ ഉപായമായിട്ടേ എനിക്കു തോന്നിയുള്ളൂ. അല്ലെങ്കില്‍ എന്തുകൊണ്ട് ഈ ബില്ലിന്റെ കരടുരൂപം ഈ ഗവണ്‍മെന്റിന്റെ കാലാവധിയുടെ അവസാനം വരേയും പാര്‍ലമെന്റിനു മുന്‍പാകെ വെയ്ക്കുകയുണ്ടായില്ല? സിവില്‍കോഡ് എന്നാല്‍ വിവാഹം, വിവാഹമോചനം, ദത്താവകാശം തുടങ്ങി നിരവധി കാര്യങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങളാണ്. ഏകീകൃത സിവില്‍കോഡില്‍ എന്താണ് ഇവ സംബന്ധിച്ച് പറയുന്നത് എന്നു ജനപ്രതിനിധികള്‍ക്കു മുന്‍പിലെങ്കിലും വ്യക്തമാക്കട്ടെ. സത്യം പറഞ്ഞാല്‍ ഇതൊരു രാഷ്ട്രീയക്കളിയാണ്. പ്രതിപക്ഷ ഐക്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ട്.

മുസ്‌ലിങ്ങള്‍ വിചാരിക്കുന്നത് ഇത് മുസ്‌ലിങ്ങളെ മാത്രം ബാധിക്കുന്ന കാര്യം മാത്രമാണ് എന്നാണ്. ഇതിലും വലിയ വിഡ്ഢിത്തം വേറെയില്ല. അങ്ങനെ വിചാരിച്ച് ഒരു വശത്ത് മുസ്‌ലിങ്ങള്‍ മാത്രം ഐക്യപ്പെടുമ്പോള്‍ അപ്പുറത്ത് ഹിന്ദു കണ്‍സോളിഡേഷനും ഉണ്ടാകും. ഇതാണ് ബി.ജെ.പിയുടെ ആവശ്യം. ഈ നിയമം യഥാര്‍ത്ഥത്തില്‍ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്നതാണ്. ഗോത്രവര്‍ഗ്ഗങ്ങളെ, ഹിന്ദുമതത്തില്‍തന്നെ ചില വിഭാഗങ്ങളെ, സിഖുകാരെ അങ്ങനെ. ആ രീതിയിലാണ് ഈ നീക്കത്തെ കാണേണ്ടത്.

ജവഹര്‍ലാല്‍ നെഹ്‌റുവും അംബേദ്കറും മുന്നോട്ടുവെച്ച ഒരാശയമാണ് ഏകീകൃത സിവില്‍കോഡ്. ഇ.എം.എസ്സൊക്കെ ഇതിനെ പിന്തുണച്ചിട്ടുമുണ്ട്. എന്നാല്‍, ഇവരതിനെ ഉപയോഗിക്കുന്നത് രാജ്യത്തെ ഭിന്നിപ്പിക്കാനാണ്. എന്തുകൊണ്ട് അവര്‍ കരടുബില്‍ അവതരിപ്പിക്കുന്നില്ല? അതിലെന്താണ് എന്നറിഞ്ഞിട്ടല്ലേ ബാക്കി പറയാന്‍ പറ്റൂ.

പ്രായോഗികതലത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും സമത്വം

അഡ്വ.സി. ഷുക്കൂര്‍

ഭരണഘടനയുടെ അനുച്ഛേദം 13 പറയുന്നത് ഭരണഘടന നിലവില്‍ വരുന്നതിനു മുന്‍പ് നിലവിലുണ്ടായ നിയമങ്ങളില്‍ മൗലിക അവകാശങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ ദുര്‍ബ്ബലമാകും എന്നാണ്. എന്നാല്‍, 1980-ല്‍ സുപ്രീംകോടതി Krishna Singh vs Mathura Ahir കേസില്‍ പറയുന്നത് വ്യക്തിനിയമങ്ങള്‍ ആര്‍ട്ടിക്കിള്‍ 13-ന്റെ പരിധിയില്‍ വരില്ല എന്നതാണ്. ഈ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കു ബാധകമായത് ശരിഅത്ത് ആണെന്ന് വരുന്നത്.

എന്നാല്‍, മുസ്‌ലിങ്ങളെ സംബന്ധിച്ച് വിവാഹം, വിവാഹ മോചനം, ദത്ത് തുടങ്ങിയ നിരവധി കാര്യങ്ങളില്‍ സുപ്രീംകോടതിയും രാജ്യത്തെ നിരവധി ഹൈക്കോടതികളും എടുത്തിരുന്ന സമീപനം ശരിയത്ത് അപ്ലിക്കേഷന്‍ ആക്ടും പാര്‍ലമെന്റ് അംഗീകരിച്ച നിയമവും സംഘര്‍ഷത്തില്‍ വരുന്ന ഘട്ടങ്ങളില്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമം മറ്റു സുദായക്കാരെപ്പോലെ മുസ്‌ലിങ്ങള്‍ക്കും ബാധകമാകും എന്നാണ്. മുസ്‌ലിം വിവാഹത്തില്‍ വരനും വധുവിനും പ്രായം നിഷ്‌കര്‍ഷിക്കുന്നില്ല. ഏതു പ്രായത്തിലുള്ളവര്‍ക്കും വിവാഹ കരാറില്‍ ഏര്‍പ്പെടാം. പുരുഷനു ബുലൂഗ് (ശാരീരികമായ പ്രായപൂര്‍ത്തി) ആയാല്‍ മതി. പെണ്‍കുട്ടിയുടെ രക്ഷിതാവിനു ബോധ്യപ്പെട്ടാല്‍ മഹറിനു നിശ്ചയിച്ച് നിക്കാഹ് നടത്താം. എന്നാല്‍, രാജ്യത്തെ നിലവിലുള്ള ശൈശവ വിവാഹ നിരോധന നിയമം മുസ്‌ലിങ്ങള്‍ക്കും ബാധകമാണ്. പെണ്‍കുട്ടിക്ക് 18 വയസ്സും ആണ്‍കുട്ടിക്ക് 21 വയസ്സും പൂര്‍ത്തിയാകണം. അതിനു വിരുദ്ധമായി വിവാഹം നടത്തിയാല്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകും. അതായത് ശരിഅത്ത് ആക്ട് ഈ കാര്യത്തില്‍ സംരക്ഷണം നല്‍കുന്നില്ല. 

കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്കു പരിഷ്‌കൃത സമൂഹം കണ്ടെത്തിയ വഴിയാണ് ദത്ത്. ശരിഅത്ത് നിയമം ദത്ത് എടുക്കുന്നതിനെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍, നിരവധി മുസ്‌ലിങ്ങള്‍ ദത്തുകുട്ടികളെ ലഭിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കുന്നുമുണ്ട്. രാജ്യത്ത് നിലവിലുള്ള ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ദത്ത് നല്‍കുന്നത്. മുസ്‌ലിം രക്ഷിതാക്കള്‍ക്കും ദത്തവകാശം ഉണ്ടെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി ശബ്‌നം ഹാഷ്മി കേസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെയും ശരിഅത്ത് നിയമത്തിനപ്പുറം ദത്തവകാശം മുസ്‌ലിങ്ങള്‍ക്ക് ഉണ്ടെന്നു പറയുന്നതോടെ 1937-ലെ നിയമം അപ്രസക്തമായി. 

വിവാഹമോചന കാര്യത്തില്‍, ഇതര സമുദായങ്ങളെപ്പോലെത്തന്നെ വ്യത്യസ്ത കോടതി വിധികളിലൂടെ ശരിഅഃ അനുസരിച്ച് തലാഖ് വഴി ഏകപക്ഷീയമായ വിവാഹം സാധ്യമല്ല എന്നും വിവാഹ മോചനത്തിനു മുന്‍പ് ഇരുവിഭാഗവും യോജിപ്പിനുള്ള സാധ്യത പരിശോധിക്കേണ്ടത് ഉണ്ടെന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നതുപോലെ മാദ്ധ്യസ്ഥത്തിനു ശേഷമേ തലാഖ് സാധുവാകൂവെന്നും ഷമിം അറ കേസില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

മുസ്‌ലിം ഭര്‍ത്താക്കന്മാര്‍ക്ക് അനുവദിക്കുന്ന അതേ അധികാരം വിവാഹമോചനത്തിനു ഭാര്യയ്ക്കും ഉണ്ടെന്ന് കേരള ഹൈക്കോടതി ഖുല്‍അ വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതോടെ വിവാഹമോചന കാര്യത്തില്‍ ഇതര സമുദായത്തിലെ ഭാര്യയ്ക്കും ഭര്‍ത്താവിനും ലഭിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ മുസ്‌ലിം സമുദായ അംഗങ്ങള്‍ക്കും വിവാഹമോചന സാധ്യത അനുവദിച്ചു കിട്ടി. ജീവനാംശ കാര്യത്തിലും മുസ്‌ലിങ്ങള്‍ക്കു രാജ്യത്തെ ഇതര വിഭാഗങ്ങളെപ്പോലെ തന്നെ സെക്യുലര്‍ നിയമങ്ങളാണ് ബാധകമായിട്ടുള്ളത് ഇൃ.ജഇ 125 പ്രകാരം Wife ഭാര്യ എന്ന പദത്തിന്റെ നിര്‍വ്വചനത്തില്‍ വിവാഹമോചിതയായ മുസ്‌ലിം സ്ത്രീയും ഉള്‍പ്പെടും എന്ന് 2009-ല്‍ ഷബാനു കേസില്‍ സുപ്രീംകോടതി വ്യക്തമാക്കി.

അതോടെ 1986-ല്‍ രാജ്യത്ത് നിലവില്‍ വന്ന മുസ്‌ലിം വിവാഹമോചിത സംരക്ഷണ നിയമപ്രകാരം മാത്രമല്ല, ഇൃ.ജഇ 125 പ്രകാരവും വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് ചെലവിനു ലഭിക്കാന്‍ അവകാശം ഉണ്ടെന്നു വന്നു. ഇതോടെ, രാജ്യത്തെ മറ്റു സമുദായത്തിലെ സ്ത്രീകള്‍ക്കു ലഭിക്കുന്ന നിയമപരമായ ആനുകൂല്യം മുസ്‌ലിം സ്ത്രീക്കും ബാധകമാണെന്നു വ്യക്തമായി.

കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശരിഅ: രക്ഷിതാവായി അംഗീകരിക്കുന്നത് പിതാവിനെയാണ്. എന്നാല്‍, ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ മുസ്‌ലിം കുട്ടിയുടെ കാര്യത്തിലും മറ്റു കുട്ടികളെപ്പോലെ മതവിശ്വാസത്തേക്കാളുപരി കുട്ടികളുടെ താല്പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇതില്‍നിന്നും നമുക്കു ബോധ്യമാകുന്നത് നമ്മുടെ നിയമവ്യവസ്ഥയില്‍ വ്യക്തിനിയമങ്ങളില്‍ ഭൂരിഭാഗവും എല്ലാ സമുദായങ്ങള്‍ക്കും പ്രായോഗികതലത്തില്‍ സമത്വം ഉറപ്പു വരുത്തുന്ന മട്ടിലാണ് എന്നുള്ളതാണ്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com