

വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് കേരളം ആദ്യമായി കേട്ടതും തുടര്‍ച്ചയായി ഏറ്റവുമധികം കേട്ടതും ഏലിയാസ് ജോണ്‍ എന്ന മാധ്യമപ്രവര്‍ത്തകനില്‍നിന്നാണ്. കേരളത്തിന്റെ ആഴക്കടലിനെക്കുറിച്ച്, വിഴിഞ്ഞത്തെ തുറമുഖ സാധ്യതകളെക്കുറിച്ച് ഇന്ത്യയ്ക്കു പുറത്തും കേള്‍വിയുണ്ടെന്നു കേട്ടതു മുതല്‍ ഏലിയാസ് അതിനു പിന്നാലെയുണ്ട്. ആ പിന്‍തുടരലിന്റെ 30-ാം വര്‍ഷത്തിലാണ് കേരളം വിഴിഞ്ഞത്തുനിന്നു 'സ്വപ്നം തീരമണയുന്നു' എന്ന വചനം കേട്ടത്. പക്ഷേ, ഏലിയാസിന്റേയും പിന്നീട് അദ്ദേഹത്തിനൊപ്പം നിന്നവരുടേയും വഴികള്‍ എളുപ്പമുള്ളതായിരുന്നില്ല. വേട്ടയാടലുകള്‍ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും നേരെ പോലും നീണ്ടകാലം കടന്നാണ് ഈ മനുഷ്യന്‍ നമ്മളോടു ചിരിച്ചുകൊണ്ടു സംസാരിക്കുന്നത്; സത്യാന്വേഷണ വാര്‍ത്താപരമ്പരകളുടെ കരുത്ത് വര്‍ദ്ധിപ്പിച്ച ഗംഭീരശബ്ദത്തിന്റെ അതേ അകമ്പടിയോടെ. ഓഖിയെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്: 'ഓഖി: ഒന്നാംപ്രതിയും കൂട്ടുപ്രതിയും.' അഞ്ചു വര്‍ഷത്തോളം 'മാവേലിനാട്' എന്ന ശ്രദ്ധേയ രാഷ്ട്രീയ മാസിക പ്രസിദ്ധീകരിച്ചു.
വിഴിഞ്ഞം ചര്‍ച്ചകളിലും വാര്‍ത്തകളിലും നിറഞ്ഞത് ഒരു തലമുറ കണ്ടറിഞ്ഞനുഭവിച്ചപ്പോള്‍ ഏലിയാസിനേയും കൂടെനിന്ന മനുഷ്യരേയും കൂടിയാണ് അറിഞ്ഞത്. പക്ഷേ, ഇനിയും അറിയാനുണ്ട് പലതും. വിഴിഞ്ഞം തുറമുഖ പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന രണ്ടു ചേരികളുണ്ടായി. വിഴിഞ്ഞത്ത് തുറമുഖമുണ്ടാകണമെന്നു ശക്തമായി വാദിക്കുകയും തിരുവനന്തപുരത്തിനും കേരളത്തിനും അതു നല്‍കുന്ന ഗുണഫലങ്ങള്‍ അക്കമിട്ടു പറയുകയും ചെയ്തവരുടെ മുന്‍നിരയില്‍ ഏലിയാസ് ജോണ്‍ നിന്നു. എന്തിലുമേതിലും സത്യം അന്വേഷിച്ചു കണ്ടെത്താനുള്ള നിശ്ചയദാര്‍ഢ്യവും മായംകലരാത്ത വിശ്വാസ്യതയുമുള്ളതുകൊണ്ട്, 'എന്തുകൊണ്ട് വിഴിഞ്ഞം' എന്നു വസ്തുതാപരമായി പറയുന്നവരുടെ നിഘണ്ടുവായി അദ്ദേഹം മാറി. ഇന്നിപ്പോള്‍ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായപ്പോള്‍ ചില വിമര്‍ശനങ്ങള്‍ കൂടി വിശദീകരിച്ചാണ് അദ്ദേഹം സ്വാഗതം ചെയ്യുന്നത്. എന്തൊക്കെയാണ് വിമര്‍ശനങ്ങള്‍; എന്തുകൊണ്ടാണ് ഭീഷണികളേയും പ്രലോഭനങ്ങളേയും ഒറ്റപ്പെടുത്തലിനേയും അതിജീവിച്ച് വിഴിഞ്ഞത്തിനുവേണ്ടി നിലകൊണ്ടത്? വിഴിഞ്ഞത്തുനിന്ന് ഏലിയാസ് ജോണിനെന്താണ് കിട്ടിയത്?
നിങ്ങളുടെ കടലിന്റെ ആഴം
ഞാന്‍ ദൂരദര്‍ശനിലായിരുന്നു; ന്യൂസിലല്ല, പ്രോഗ്രാമില്‍. തിരുവനന്തപുരത്തെ അക്കാലത്തെ പ്രശസ്തമായ ഒരു സ്റ്റാര്‍ ഹോട്ടലില്‍ ഒരാള്‍ വന്നിട്ടുണ്ടെന്നും ഒന്നു കണ്ട് അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ എടുക്കണമെന്നും ഒരു ദിവസം വാര്‍ത്താവിഭാഗത്തില്‍നിന്നു പറഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും വര്‍ക്ക് ഷെയര്‍ ചെയ്യാറുണ്ട്. എന്താണ് സംഗതി എന്നു ചോദിച്ചെങ്കിലും വിശദാംശങ്ങളൊന്നും പറഞ്ഞില്ല. ചെന്നു കണ്ട് ക്യാമറ ഓണ്‍ ചെയ്ത് താങ്കള്‍ എന്താണ് തിരുവനന്തപുരത്തു വരാന്‍ കാര്യം എന്നുമാത്രം ചോദിച്ചാല്‍ മതി എന്നാണ് പറഞ്ഞത്. 1991-'96-ലെ യു.ഡി.എഫ് മന്ത്രിസഭയുടെ കാലം. ഞാന്‍ പോയി. മുറിയില്‍ സൗകര്യം കുറവായതുകൊണ്ട് കോറിഡോറില്‍ ക്യാമറ വെച്ചാണ് സംസാരിച്ചത്. അദ്ദേഹം ഹൈദരാബാദില്‍നിന്നാണ് വന്നിരിക്കുന്നത് എന്നു മനസ്സിലായി. സബ്ജക്റ്റ് അറിഞ്ഞുകൂടാത്ത ഒരു മാധ്യമപ്രവര്‍ത്തകന്റെ വിഷമമുണ്ട്. ന്യൂസ്‌റൂംകാര്‍ വളരെ കാഷ്വലായിട്ടാണ് പറഞ്ഞത്. ഏതായാലും നമുക്കൊന്നും അറിഞ്ഞുകൂടാ എന്ന തോന്നല്‍ ഉണ്ടാക്കാത്തവിധം, ''സാര്‍, വന്നിരിക്കുന്നത് കേരളത്തിലെ ചില മന്ത്രിമാരെയൊക്കെ കാണാനാണ് എന്നു മനസ്സിലായി. എന്താണ് ഈ സന്ദര്‍ശനംകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്'' എന്നു കുറച്ചു പോളിഷ്ഡ് ആയി ഞാന്‍ ചോദിച്ചു. ആദ്യമായി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഒരു വാക്ക് കേള്‍ക്കുന്നത് അപ്പോഴാണ്. അദ്ദേഹം വിഴിഞ്ഞം എന്നു പറഞ്ഞോ എന്നുപോലും സംശയമുണ്ട്. ''നിങ്ങളുടെ കടല്‍ വളരെ പ്രത്യേകതയുള്ള കടലാണ്; വലിയ ആഴമുണ്ട്. പ്രധാനപ്പെട്ട ഒരു കപ്പല്‍പ്പാത നിങ്ങളുടെ അടുത്തുകൂടി കടന്നുപോകുന്നുണ്ട്. ധാരാളം കപ്പലുകള്‍ അതുവഴി പോകുന്നുണ്ട്'' എന്നു പറഞ്ഞു. പിന്നെ അതിന്റെ വിശദാംശങ്ങള്‍. ആഴമെത്ര തുടങ്ങിയ കാര്യങ്ങള്‍. അദ്ദേഹത്തിന്റെ പേര് അഗര്‍വാള്‍. കുമാര്‍ എനര്‍ജി കോര്‍പറേഷന്റെ സീനിയര്‍ ഉദ്യോഗസ്ഥനാണ്. തുറമുഖ മന്ത്രി എം.വി. രാഘവനെ കാണാനാണ് വന്നിരിക്കുന്നത്.
നമ്മുടെ കടലിനെക്കുറിച്ചാണ് പറയുന്നത്. ശംഖുമുഖത്ത്, എന്റെ വീടും കടലും തമ്മിലുള്ള ദൂരം വളരെക്കുറവാണ്; തൊട്ടടുത്താണ്. സ്വാഭാവികമായും എനിക്കു വലിയ താല്‍പ്പര്യം തോന്നി. കപ്പലുകള്‍ വളരെ ദൂരെക്കൂടി കടന്നുപോകുന്നതൊക്കെ കാണാറുണ്ട്. എനിക്കു വ്യക്തിപരമായി ഒരു അനുഭവവുമുണ്ട്. ഇവിടെ കടല്‍പ്പാലത്തില്‍ മുന്‍പ് കശുവണ്ടിയും അരിയും വരുമായിരുന്നു. എവിടെ നിന്നാണ് വരുന്നതെന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് അറിയില്ല. പക്ഷേ, ഈ ഭാഗത്തൊക്കെ ആ സമയത്ത് വലിയ വാര്‍ത്തയും വിശേഷവുമാണ്; കപ്പല്‍ വന്നു എന്നത് കുട്ടികള്‍ക്ക് ഉത്സവമാണ്, പ്രത്യേകിച്ചും അവധി ദിവസമായ ഞായറാഴ്ച. കപ്പല്‍ തീരത്തുനിന്നു കുറച്ചുദൂരെയാണ് ഇട്ടിരിക്കുന്നത്. വള്ളങ്ങളില്‍ പോയി കശുവണ്ടിയും അരിയും കയറ്റി തീരത്തേയ്ക്കു കൊണ്ടുവരികയാണ് ചെയ്യുന്നത്. ക്രെയിന്‍ ഉപയോഗിച്ചാണ് കപ്പലില്‍നിന്നു വള്ളത്തില്‍ കയറ്റുന്നത്. തീരത്തുനിന്നു ലോറിയില്‍ കയറ്റിക്കൊണ്ടുപോകും. ഇതു കുഞ്ഞുന്നാളില്‍ നേരിട്ടു കണ്ടിട്ടുണ്ട്. ഞങ്ങള്‍ കപ്പല്‍ കാണാന്‍ പോകും. ആരുടെയെങ്കിലും ചാളത്തടി (ചങ്ങാടം) സംഘടിപ്പിച്ചു ചെന്ന് കപ്പല്‍ കാണുമ്പോള്‍ ശരിക്കും പേടിവരും. കപ്പലിന്റെ അടുത്തുപോയി നിന്ന് മുകളിലേയ്ക്ക് നോക്കുമ്പോള്‍ പേടിച്ചുപോകും. കുഞ്ഞല്ലേ. അങ്ങനെ പേടിച്ചിട്ടുണ്ട്. അത്ര ഭീമാകാരമാണ്. പക്ഷേ, ഇന്നത്തെ കപ്പല്‍ അതുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മീഡിയമായിട്ടുള്ള ഒന്നാണ്. ഇത്ര അടുത്തുവരണമെന്നുണ്ടെങ്കില്‍, അത്ര വലിയ കപ്പലൊന്നും വരില്ല. എന്റെ മനസ്സില്‍ ഇപ്പോഴും കിടപ്പുണ്ട് ആ ഭീതി. കപ്പല്‍ ഉലയുകയും ചെയ്യും. അപ്പോള്‍ പേടി കൂടും.
ആ ഇന്റര്‍വ്യൂ ന്യൂസില്‍ കൊടുത്തു, തീര്‍ന്നു. പക്ഷേ, മനസ്സില്‍ നമ്മുടെ കടലിന്റെ ആഴത്തെക്കുറിച്ചും കപ്പലുകളെക്കുറിച്ചും പറഞ്ഞതങ്ങനെ കിടന്നു. അന്നു സേര്‍ച്ച് ചെയ്തു നോക്കാന്‍ ഇന്റര്‍നെറ്റൊന്നും ഇല്ല. നേവിക്കാര്‍ ആരെങ്കിലുമുണ്ടോ, മര്‍ച്ചന്റ് നേവിക്കാര്‍ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചന്വേഷിച്ച് അവരിലാരെങ്കിലുമൊക്കെ അവധിക്കു വരുമ്പോള്‍ തേടിപ്പിടിച്ചു പോകും. നമ്മുടെ കടലിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്നു ചോദിക്കും. നിങ്ങള്‍ എല്ലാ തുറമുഖങ്ങളിലും പോകുന്നവരാണല്ലോ. എല്ലാവരും പറയുന്നത് ആഴം കൂടുതലുണ്ട് എന്നാണ്. ഈ അറിവ് പതുക്കെപ്പതുക്കെ പെറുക്കിയെടുത്തുകൊണ്ടിരുന്നു. ലൈബ്രറിയില്‍ പുസ്തകങ്ങള്‍ വല്ലതും കിട്ടുന്നുണ്ടോ എന്നു നോക്കും, അങ്ങനെയങ്ങനെ...
തുറമുഖം എന്നു പറയാന്‍
അണിയറ, ജാലകം എന്നീ അന്വേഷണാത്മക വാര്‍ത്താപരിപാടികള്‍ പിന്നാലെ വരുന്നുണ്ട്. അഞ്ചു വര്‍ഷമേ ദൂരദര്‍ശനില്‍ ഉണ്ടായിരുന്നുള്ളൂ. അവിടെനിന്ന് ഇറങ്ങിയിട്ട് അഗ്രസീവ് ജേണലിസത്തിനുവേണ്ടിയുള്ള ഒരോട്ടമായിരുന്നു. സുഹൃത്ത് ലീന്‍ നേരത്തേത്തന്നെ എന്‍.ടി.വി (നെറ്റ്വര്‍ക്ക് ടെലിവിഷന്‍) തുടങ്ങിയിരുന്നു. ഞാന്‍ അതുമായി സഹകരിക്കുകയും ചെയ്തിരുന്നു. പിന്നെ, രണ്ടു വള്ളം പറ്റില്ല എന്നു മനസ്സിലാക്കി ദൂരദര്‍ശനോട് ഗുഡ്ബൈ പറയുന്നു. ജാലകം ദൂരദര്‍ശനിലും അണിയറ സൂര്യ ടി.വിയിലും കണ്ണാടി ഏഷ്യാനെറ്റിലും ചെയ്തു തുടങ്ങി. കേരളം മുഴുവനും സഞ്ചരിക്കുന്ന കാലം. വാര്‍ത്തയ്ക്കുവേണ്ടി എവിടെ വേണമെങ്കിലും പോകും. പല ആളുകളേയും ഭാഗ്യം കൊണ്ടുത്തന്നു. ഈ ഭാഗ്യം എന്നു പറയുന്നത് ശരിതന്നെയാണ്. അന്നും ഇന്നും ഈ ഒരുകാര്യത്തിനു വിവരങ്ങള്‍ ഇങ്ങോട്ടു വരികയായിരുന്നു. ഒരു ഫോണ്‍ വിളിയാകാം, പെട്ടന്നൊരു ലിറ്ററേച്ചര്‍ വായിക്കുമ്പോള്‍ കിട്ടുന്ന വിവരമാകാം, ആരുടെയെങ്കിലും പ്രസംഗമാകാം. ഞാന്‍ അന്വേഷിക്കുന്ന കാര്യങ്ങള്‍ എന്നെത്തേടി വരുന്നുണ്ടല്ലോ എന്ന് എപ്പോഴും ആലോചിച്ചിട്ടുണ്ട്. അന്നൊക്കെ കത്തുകളാണല്ലോ പ്രധാനം. പ്രേക്ഷകര്‍ കത്തയ്ക്കും. അങ്ങനെ വരുന്ന കത്തുകളില്‍ നേവി ഉദ്യോഗസ്ഥരില്‍നിന്നുമൊക്കെ വലിയ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. അവരെ തേടിപ്പിടിക്കും, അവര്‍ തിരിച്ചുവിളിക്കും. സത്യത്തില്‍ എനിക്കു പേടിയായിരുന്നു, ഇന്ത്യയില്‍ എവിടെയുമില്ലാത്ത ഒരു ആഴക്കടല്‍ തുറമുഖത്തിന് ഇവിടെ സാധ്യതയുണ്ട് എന്നു പറയാന്‍. നമുക്ക് ഡോക്യുമെന്റ്സൊന്നുമില്ല. ഇവിടെയിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അതിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. അങ്ങനെ 1991-ല്‍ നിന്ന് എട്ടോ പത്തോ വര്‍ഷം കഴിഞ്ഞു. പഠനവും അന്വേഷണവുമാണ് നടക്കുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി രണ്ടാമത് വരുന്നതിനു തൊട്ടുമുന്‍പ് ഒരു അരമണിക്കൂര്‍ പ്രോഗ്രാം ചെയ്തു. അതിന് എന്നെ സഹായിച്ചത് ഹൈഡ്രോഗ്രാഫിക് സര്‍വ്വേ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്തിരുന്ന സതീഷ് ഗോപിയാണ്. എന്റെ ഒരു കസിന്റെ കൂടെ ജോലി ചെയ്തിരുന്ന അദ്ദേഹം ഒരിക്കല്‍ പറഞ്ഞു, നമുക്ക് ഇങ്ങനെയൊരു തുറമുഖത്തിനു സാധ്യതയുണ്ട്. നിങ്ങള്‍ അതൊന്ന് ഹൈലൈറ്റ് ചെയ്തു ചെയ്യണം. അദ്ദേഹം കടലിന്റെ അടിത്തട്ട് സര്‍വ്വേ ചെയ്യുന്ന ആളാണ്. അപ്പോഴെനിക്ക് ധൈര്യമായി. ഒരുദ്യോഗസ്ഥനുണ്ട്, കുറച്ചു ഡോക്യുമെന്റ്സ് ഉണ്ട്. ഇനി ധൈര്യമായിട്ട് പറയാമെന്നായി. ഇതിനിടയ്ക്ക് കടലുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളെക്കുറിച്ചൊക്കെ സ്റ്റോറികള്‍ ചെയ്യുന്നുണ്ട്. തുറമുഖത്തെക്കുറിച്ചു പറയുന്നില്ല. എന്റെ സുഹൃത്തക്കളുമായൊക്കെ ഷെയര്‍ ചെയ്യുന്നുണ്ട്. ആദ്യത്തെ ഒരു അഞ്ചോ എട്ടോ വര്‍ഷം മുഴുവന്‍ ഇതിനെക്കുറിച്ചു പഠനമായിരുന്നു. പുറത്തു പറയുന്നത് അണിയറയിലൂടെയാണ്. ഈ പറയാന്‍ കാരണങ്ങളിലൊന്ന് രണ്ടു മൂന്ന് ആളുകളാണ്. പ്രത്യേകിച്ച് സതീഷ് ഗോപി. മര്‍ച്ചന്റ് നേവിയിലുണ്ടായിരുന്ന രണ്ടുപേര്‍. വിദേശത്തുനിന്ന് കേരളത്തില്‍ വന്ന ഒരു സായ്പ്. ഇവരുടെയടുത്തൊക്കെ സംസാരിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു ധൈര്യം വന്നു. അല്ലാതെ, ഇല്ലാത്തൊരു കാര്യം പറഞ്ഞാല്‍ എല്ലാവരും കൂടെ നമ്മളെ വച്ചേക്കുമോ. അപ്പോഴേയ്ക്കും ഇന്റര്‍നെറ്റിലൊക്കെ സേര്‍ച്ച് ചെയ്താല്‍ ചില വിവരങ്ങളൊക്കെ കിട്ടുമെന്ന സ്ഥിതി വന്നു. ഓര്‍മ്മയുണ്ടല്ലോ, നമ്മള്‍ സേര്‍ച്ച് കൊടുത്താല്‍ കുറേനേരം കറങ്ങിയിട്ടാണ് തുടക്കത്തില്‍ കിട്ടിയിരുന്നത്. അങ്ങനെ നോക്കിയപ്പോള്‍ ബോംബെ തുറമുഖത്തിന്റെ ആഴം, ഗുജറാത്തിന്റെ ആഴം തുടങ്ങിയതിന്റെയൊക്കെ ആഴം ഒരു 12-13-14 മീറ്ററാണ്. നമ്മുടെ ആഴം 24 മീറ്ററാണ്. അപ്പോള്‍ ഭയങ്കര ധൈര്യമായി. പറയാനുള്ള ധൈര്യം. പലരോടുമായി ദുബായ്, സിംഗപ്പൂര്‍ ഒക്കെ എന്താണ് സ്ഥിതി എന്ന് അന്വേഷിച്ചു. മാധ്യമപ്രവര്‍ത്തകനായതുകൊണ്ട് ബന്ധങ്ങളും വിവരങ്ങളും കിട്ടാന്‍ കൂടുതല്‍ എളുപ്പമായി.
ഇടപെടലുകളും സംശയങ്ങളും
ഇവിടെ 24 മീറ്റര്‍ ആഴമുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടി ഈ തുറമുഖം ചെറുതാക്കിക്കളഞ്ഞു. അതില്‍ അദ്ദേഹത്തോട് വിയോജിപ്പുണ്ട്. പലരും പറയുന്നത് അദ്ദേഹമാണ് കുഞ്ഞിന്റെ തന്ത എന്നാണ്. എനിക്ക് അതിനോട് അഭിപ്രായമൊന്നുമില്ല. ഒരു പ്രൊജക്റ്റ് വല്ലാതെ ചെറുതാക്കിക്കളഞ്ഞു എന്ന അഭിപ്രായമാണുള്ളത്. ഇത് ഇപ്പോള്‍ പറയുന്നതല്ല. നേരത്തെ മുതല്‍ പറഞ്ഞു. അതിന്റെ പേരില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അഞ്ചു ദിവസം നിരാഹാരവും കിടന്നു; ഈ പദ്ധതി ഇങ്ങനെ ചെയ്യരുത് എന്നു പറഞ്ഞുകൊണ്ട്. 2014-ല്‍ ആയിരുന്നു അത്. ചെറുതാക്കി എന്നു പറഞ്ഞാല്‍ പത്തു ലക്ഷം കണ്ടെയ്നറുകള്‍ മാത്രമേ ഒരു വര്‍ഷം ഇവിടെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുകയുള്ളൂ. സിംഗപ്പൂരില്‍ ആറു കോടിയാണ്. ദുബായില്‍ ഏകദേശം അഞ്ചു കോടി. ചൈന ഇപ്പോള്‍ത്തന്നെ, അഞ്ചു മാസമായപ്പോള്‍ത്തന്നെ 13 കോടി. വലിയ വ്യത്യാസമാണ്. വിഴിഞ്ഞം തുറമുഖം പത്തു സിംഗപ്പൂരാകും, പത്ത് ദുബായ് ആകും എന്നൊക്കെ ആളുകളോട് പറഞ്ഞു നടന്നിട്ട് ഇപ്പോള്‍ എല്ലാം തിരിച്ചടിക്കുന്നുണ്ട്. രണ്ടു കപ്പല്‍ വന്നുകഴിഞ്ഞപ്പോള്‍ എത്ര പേരാണെന്ന് അറിയാമോ എന്നെ വിളിക്കുന്നത്. നിങ്ങളല്ലേ പറഞ്ഞത് ഇവിടെ ആ ജോലി കിട്ടും ഈ ജോലി കിട്ടും എന്നൊക്കെ; എന്നിട്ട് എവിടെ എന്നാണ് ചോദ്യം. ഞാന്‍ പ്രതിയായിരിക്കുകയാണ് ഇപ്പോള്‍. നമ്മള്‍ പറഞ്ഞതുപോലെയൊന്നുമല്ല ഇപ്പോള്‍ തുറമുഖം വന്നിരിക്കുന്നത്.
തുറമുഖ പദ്ധതി എം.വി. രാഘവന്റെ കാലത്ത് അന്തിമരൂപത്തിലെത്തിയിരുന്നില്ല. ചില കമ്പനികളെയൊക്കെ കൊണ്ടുവന്നു. ഡി.പി വേള്‍ഡിന്റെ ആളുകളെ കൊണ്ടുവന്നു. അവര്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പദ്ധതിക്ക് അന്തിമരൂപമാകുന്നത് ഉമ്മന്‍ ചാണ്ടിയുടേയും കെ. ബാബുവിന്റേയും കാലത്താണ്. ചുരുക്കിക്കളഞ്ഞു എന്ന പരാതി ഉമ്മന്‍ ചാണ്ടിയോട് നേരിട്ടു പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ സംഘടനയുടെ സെക്രട്ടറി വില്‍ഫ്രെഡ് കുലാസ്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയറായി വിരമിച്ച അപ്പുക്കുട്ടന്‍ പിള്ള എന്നിവരുമായി ഞാന്‍ അദ്ദേഹത്തെ ചെന്നു കണ്ടു. ഇതു വലിയ കുഴപ്പമാണ് എന്നു പറഞ്ഞു. അന്ന് അദാനിയൊന്നും ചിത്രത്തില്‍ ഇല്ല. ഇതുമായി മുന്നോട്ടു പോകരുത്, ഞങ്ങള്‍ ഈ ഒരു പദ്ധതിക്കുവേണ്ടിയല്ല ഇത്രയും കാലം സമരം ചെയ്തത് എന്നു പറഞ്ഞു. എന്താ കുഴപ്പമെന്നു മുഖ്യമന്ത്രി ചോദിച്ചു. എല്ലാ ഉദ്യോഗസ്ഥരും എന്നോട് പറഞ്ഞിരിക്കുന്നത് ഒരു കുഴപ്പവുമില്ല എന്നാണല്ലോ. ഈ പദ്ധതികൊണ്ട് നാടിനൊരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല എന്ന് അപ്പുക്കുട്ടന്‍ പിള്ള വസ്തുതാപരമായി വിശദീകരിച്ചു. മുഖ്യമന്ത്രി അത്ഭുതം പ്രകടിപ്പിച്ചു. അങ്ങനെയാണെങ്കില്‍ നമുക്ക് എ.കെ. ആന്റണിയുമായിക്കൂടി ചര്‍ച്ച ചെയ്യാം എന്നു പറഞ്ഞു. അദ്ദേഹം പ്രതിരോധമന്ത്രിയാണ്. അതൊരു ഡിസംബര്‍ ആയിരുന്നു. '30-ന് ആന്റണി വരും; തിരക്കായിരിക്കും. എങ്കിലും നമുക്ക് അരമണിക്കൂര്‍ അദ്ദേഹവുമായി ഇരിക്കാം, ചര്‍ച്ച ചെയ്യാം.'' മരിക്കുന്നവരെ ആ മീറ്റിംഗ് അദ്ദേഹം നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാര്‍ കൂടെയുണ്ട്. ശ്രീകുമാറേ, ഈ മീറ്റിംഗിന് എങ്ങനെയെങ്കിലും അരമണിക്കൂര്‍ കണ്ടുപിടിക്കണം എന്ന് അപ്പോള്‍ത്തന്നെ നിര്‍ദ്ദേശിക്കുകയും ചെയ്തു. പിറ്റേ ദിവസം മുതല്‍ ഞങ്ങള്‍ ശ്രീകുമാറിനെ വിളിക്കും. അവിടെവെച്ച് പറഞ്ഞതല്ലാതെ എന്നോടു പിന്നീടൊന്നും സി.എം പറഞ്ഞില്ലെന്ന് ശ്രീകുമാര്‍ പറയും. ആ മീറ്റിംഗ് നടന്നാലുള്ള 'കുഴപ്പം' അതൊരു ഔദ്യോഗിക രേഖയായി മാറും എന്നതാണ്. നമ്മളും അദ്ദേഹവും ആ ചര്‍ച്ച രേഖപ്പെടുത്തുമല്ലോ. സെക്രട്ടറിമാര്‍ അതു ഡോക്യുമെന്റാക്കും. വസ്തുതകള്‍ വെച്ചാണല്ലോ പറയുന്നത്. വളരെ ബുദ്ധിപരമായി അദ്ദേഹം ആ മീറ്റിംഗ് തന്നെ ഒഴിവാക്കി. പറഞ്ഞുവന്നത്, അന്നു തൊട്ടേ ഞങ്ങള്‍ പറയുന്നുണ്ട്, ഈ പദ്ധതി ഈ രൂപത്തില്‍ മലയാളികള്‍ക്കു പ്രതീക്ഷിച്ച ഗുണം ചെയ്യില്ല എന്ന്; ഇന്നും പറയുന്നുണ്ട്. എന്തുകൊണ്ട് എതിര്‍ത്തില്ല എന്നു ചോദിച്ചാല്‍ ഇതെങ്കിലും വരട്ടെ എന്നൊരു നിലപാടാണ്.
അതിനിടെ ഞങ്ങളുടെ സംഘടന പിളര്‍ന്നു. അദാനിക്ക് ഇതു കൊടുക്കുന്ന സമയത്താണത്. ഈയൊരു രീതിയില്‍ ഈ പദ്ധതി നടപ്പാക്കരുത് എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ, എന്തെങ്കിലും വരട്ടെ, ഇത്രയും കാലമായില്ലേ നമ്മള്‍ സമരം ചെയ്യുന്നത് എന്നു പറയുന്നവരുണ്ടായിരുന്നു. പിന്നെ അവര്‍ സ്‌നേഹപൂര്‍വ്വം എന്ന സമീപിച്ചു നിര്‍ബ്ബന്ധിച്ചു. പിന്നെ ഒരു ഘട്ടത്തില്‍ എനിക്കും തോന്നി, നിരാഹാരം ഉള്‍പ്പെടെ ഒരുപാട് സമരങ്ങള്‍ ചെയ്തതാണ്. എത്ര കുറച്ചാണെങ്കിലും വരട്ടെ; അതില്‍നിന്നു ബില്‍ഡപ്പ് ചെയ്യാം. ഇപ്പോഴും ആശ്വസിക്കുന്നത് അങ്ങനെയാണ്. വലുതിലേയ്ക്കു പോകാനുള്ള ഒരു പ്രതീക്ഷ. അന്ന് ആ ഉറപ്പിലാണ് എതിര്‍ക്കേണ്ട എന്നു തീരുമാനിച്ചത്.
തടസ്സങ്ങള്‍, തടസ്സപ്പെടുത്തലുകള്‍
എല്‍.ഡി.എഫ് വന്നപ്പോള്‍ ഈ പ്രൊജക്റ്റി ലേക്ക് പോകുന്നതിനു മുന്‍പ് എന്നെ വിളിച്ചിരുന്നു. ഇതു വളരെ ടഫ് സബ്ജക്റ്റാണ്. ഞങ്ങള്‍ കരാറുമായി മുന്നോട്ടു പോവുകയാണ്, നിങ്ങളുടെ നിലപാടെന്താണ് എന്നു ചോദിച്ചു. എതിര്‍ക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞു. എതിര്‍ക്കുന്നില്ല എന്നാണ് പറഞ്ഞത്. അനുകൂലിക്കുന്നു എന്നല്ല. മനസ്സിലാക്കിയിടത്തോളം ഇനി എതിര്‍ത്തിട്ടു കാര്യമില്ല. അതുകൊണ്ട് നിശ്ശബ്ദരാകാം എന്നു ഞങ്ങള്‍ തീരുമാനിച്ചു.
നേരത്തെ പറഞ്ഞുവന്നത് തുടര്‍ന്നാല്‍, ആഴത്തിന്റെ കാര്യത്തിലൊക്കെ വ്യക്തത കിട്ടി. നമ്മുടെ അടുത്തുകൂടി കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം കിട്ടി. ഒരു നേവി ഉദ്യോഗസ്ഥന്‍ പറഞ്ഞത് 200 കപ്പലുകളാണ് ഒരു ദിവസം കടന്നുപോകുന്നത് എന്നാണ്. എല്ലാം കൂടി. കണ്ടെയ്നര്‍ വെസ്സല്‍ മാത്രമല്ല, ബള്‍ക്ക്, ക്രൂഡ്, പാസഞ്ചര്‍, സാധാരണ പോകുന്ന പായ്വഞ്ചികള്‍ എല്ലാം കൂടി ചേര്‍ന്ന് അവരുടെ റഡാറില്‍ കിട്ടുന്നത് ഒരു ദിവസം ഏകദേശം ഇരുന്നൂറെണ്ണമാണ്. അതിനെക്കാള്‍ കൂടുതലുണ്ട് എന്ന് ഇപ്പോള്‍ നമുക്ക് ആപ്പ് വഴി ട്രാക്ക് ചെയ്യാന്‍ പറ്റും. നമ്മുടെ തീരത്തുനിന്നു പത്ത് നോട്ടിക്കല്‍ മൈല്‍ ദൂരത്തുകൂടിയാണ് സാധാരണ അവ പോകുന്നത്. ഇന്നലെ നോക്കുമ്പോള്‍ ഒരെണ്ണം 8.9 നോട്ടിക്കല്‍ മൈല്‍ ദൂരത്തുകൂടിയാണ് പോകുന്നത്. കുറച്ചുകൂടി അടുത്ത്. ഒരുപാട് ആഴമുണ്ട്. ഞായറാഴ്ചയാണെങ്കില്‍ കുറച്ചുകൂടി കയറിവരും. അന്നു മീന്‍പിടുത്തം ഇല്ലാത്തതുകൊണ്ട് വള്ളങ്ങള്‍ ഉണ്ടാകില്ലല്ലോ. ശാസ്ത്രീയമായിത്തന്നെ തുറമുഖം സാധ്യമാണെന്നും ഇതുപോലെ ഒരു തുറമുഖം ഇന്ത്യയ്ക്കു വേറെ ഇല്ലെന്നും തെളിയിക്കപ്പെട്ടതാണ്.
കരാറിന്റെ സമയത്ത് ചൈനയാണ് ആദ്യത്തെ ബിഡ്ഡില്‍ പങ്കെടുക്കുന്നത്. ചൈനയുടെ രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ഇവിടുത്തെ ഒരു കമ്പനിയും വന്നില്ലല്ലോ എന്ന് അപ്പോള്‍ ആലോചിച്ചു. ഇന്ത്യയില്‍ ഒരു കമ്പനിയുമില്ലേ. സൂം ഡെവലപ്പേഴ്സ് എന്ന ഒരു പേരാണ് ആകെ ഇന്ത്യന്‍ പങ്കാളിയായി വന്നത്. അവരെ മധ്യപ്രദേശ് ഗവണ്‍മെന്റ് കരിമ്പട്ടികയില്‍ പെടുത്തിയതാണ് എന്നു മനസ്സിലായി. നോക്കുമ്പോള്‍ ഒരു വെബ്സൈറ്റ് പോലുമില്ല. ചൈനയിലെ രണ്ട് പൊതുമേഖലാ കമ്പനികള്‍ക്ക് ഇന്ത്യയിലെ വിശ്വാസ്യതയുള്ള ഒരു കമ്പനിയെപ്പോലും പങ്കാളിയാക്കാന്‍ കിട്ടുന്നില്ല. ചൈനയുമായി സഹകരിക്കാന്‍ ഇവിടെയുള്ള കമ്പനികള്‍ തയ്യാറാകുന്നില്ല എന്ന് അന്വേഷിച്ചപ്പോള്‍ മനസ്സിലായി. വിശ്വാസ്യതയും തുറമുഖ നിര്‍മ്മാണത്തില്‍ മുന്‍ പരിചയവും മെച്ചപ്പെട്ട സാമ്പത്തിക പശ്ചാത്തലവുമില്ലാത്ത ഒരു കമ്പനിയെ കൂട്ടുപിടിച്ച് ഇവര്‍ എന്തിനാണ് വിഴിഞ്ഞം തുറമുഖ പദ്ധതി ഏറ്റെടുക്കാന്‍ വരുന്നത് എന്ന് അന്വേഷിച്ചു. വസ്തുതയിലേക്കു വന്നപ്പോള്‍, അവര്‍ വിഴിഞ്ഞം പദ്ധതി നടത്താനല്ല അവരുടെ താല്‍പ്പര്യം എന്നു മനസ്സിലായി. അവരുടെ നിയന്ത്രണത്തില്‍ ഇതിനെ വയ്ക്കുക. എന്നിട്ടു വേണമെങ്കില്‍ പേരിന് വല്ലാര്‍പാടംപോലെ എന്തെങ്കിലും ഒരു ഓപ്പറേഷന്‍ നടത്തുക. വിഴിഞ്ഞം ഒരിക്കലും അവര്‍ക്കൊരു ഭീഷണിയായി മാറരുത്. നമുക്കു മനസ്സിലാകുന്നതിനു മുന്‍പു തന്നെ അവര്‍ക്ക് വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ മനസ്സിലായി. വിഴിഞ്ഞത്ത് തുറമുഖം വന്നാല്‍ ഇന്ന് അവിടെ പോയിരിക്കുന്ന നിക്ഷേപം മുഴുവന്‍ ഇന്ത്യയിലേയ്ക്കു വരുമെന്ന് അന്ന് ഇഅവര്‍ മനസ്സിലാക്കി. അവര്‍ക്ക് അവിടെ എഴുപതുകള്‍ മുതല്‍ വന്‍കിട തുറമുഖങ്ങളുണ്ട്. വിഴിഞ്ഞത്തിനു സമാനമായ 32 തുറമുഖങ്ങളുണ്ട് അവിടെ.
വിഴിഞ്ഞം ഒരു മാഗ്നെറ്റാണ്. വെറുതേ ഒരു തുറമുഖമാണെങ്കില്‍ ഇവിടെ പ്രത്യേകിച്ചു 'റവല്യൂഷന്‍' ഒന്നും സംഭവിക്കില്ല. പക്ഷേ, ഇതിന്റെ ഭാഗമായി കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന ഇത്രയും പ്രദേശങ്ങളുടെയെങ്കിലും വ്യവസായവല്‍ക്കരണത്തിനു സഹായകമാകും. ഇതു നമ്മളെക്കാള്‍ മുന്‍പ് ചൈന മനസ്സിലാക്കി. അതുകൊണ്ടാണ് അവര്‍ ഇതില്‍ താല്‍പ്പര്യം കാണിച്ചത്. ഒന്നുകില്‍ ഇതു നടക്കരുത്; നടന്നാല്‍ അവരുടെ നിയന്ത്രണത്തിലായിരിക്കണം. അങ്ങനെ അവര്‍ ആദ്യത്തെ ടെന്‍ഡര്‍ എടുത്തു. അവര്‍ക്കു കൊടുക്കാന്‍ കേരള ഗവണ്‍മെന്റ് തീരുമാനിച്ചു. ഡല്‍ഹിയില്‍ ഉടക്കി. ഇവര്‍ക്ക് കൊടുക്കാന്‍ പറ്റില്ലെന്നു പറഞ്ഞു. പൊളിറ്റിക്കല്‍ ക്ലിയറന്‍സിനുവേണ്ടി ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ കാണാന്‍ പോയി. വെളിയം ഭാര്‍ഗവനൊക്കെ ആ സംഘത്തിലുണ്ടായിരുന്നുവെന്ന് ഓര്‍ക്കുന്നു. രാജ്ഭവനു മുന്നില്‍ പ്രതിഷേധമൊക്കെ സംഘടിപ്പിച്ചിരുന്നു. പിന്നീടാണ് ഡല്‍ഹിയില്‍ പോയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വേറൊരു മുറിയില്‍ ഇവരെ കൊണ്ടുപോയിട്ട് ടി.കെ.എ. നായര്‍ അനുനയിപ്പിച്ചു പറഞ്ഞു, ചൈന നമുക്കു ബുദ്ധിമുട്ടാകും. കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ ഇവര്‍ക്കു മനസ്സിലായി. പക്ഷേ, പുറത്തു വന്നിട്ട് ഇവര്‍ വീണ്ടും പഴയ പല്ലവി ആവര്‍ത്തിച്ചു. രാഷ്ട്രീയമായ കാരണങ്ങളാലാണ് ചൈനയ്ക്കു കൊടുക്കാത്തത് എന്നൊക്കെ പറഞ്ഞു. ആളുകളെ കയ്യിലെടുക്കണമല്ലോ. പക്ഷേ, അവിടെ സമ്മതിച്ചിട്ടാണ് വന്നത്. എന്തായാലും ചൈനയ്ക്കു കൊടുക്കണ്ടാ എന്ന് മന്‍മോഹന്‍ സിംഗ് തീരുമാനിച്ചു. അതു വളരെ നല്ല തീരുമാനമായിരുന്നു. ആ സമയത്ത് മനോരമ എന്നോടു ചോദിച്ചു, ചൈനയ്ക്ക് അനുമതി കൊടുക്കുന്നില്ലല്ലോ; എന്താണ് അഭിപ്രായം. കൊടുക്കാതിരുന്നതു നന്നായി എന്നു പറഞ്ഞപ്പോള്‍ അത് എന്താണെന്നു ചോദിച്ചു. ഏതെങ്കിലും കമ്പനിക്ക് കൊടുക്കണം എന്നു പറഞ്ഞിരുന്നവരല്ലേ. ''ചൈന എടുക്കുന്നത് നമ്മളെ വളര്‍ത്താനല്ല, അവര്‍ക്കു വേറെ അജന്‍ഡയുണ്ട്. അതുകൊണ്ടാണ് കൊടുക്കാതിരുന്നത് നന്നായത്'' എന്നു പറഞ്ഞു. പിന്നെ വേറെ കമ്പനികള്‍ വന്നു.
ഒന്നും ഇപ്പോള്‍ ആയിട്ടില്ല കേട്ടോ. ഒരുപാടു കാര്യങ്ങള്‍ ഇനിയും ഗവണ്‍മെന്റ് ചെയ്യാനുണ്ട്. ട്രാന്‍സ്ഷിപ്മെന്റ് ആണ് നടന്നത്. രണ്ടു കപ്പല്‍ വന്നിട്ടും കരയിലോട്ട് ഒരു കണ്ടെയ്നര്‍പോലും ഇറക്കിയില്ല. ഇറങ്ങും, ഇല്ലെന്നു പറയുന്നില്ല. ഒക്ടോബറോടുകൂടി കമ്മിഷന്‍ ചെയ്യുമ്പോള്‍ ഇറങ്ങും. ഇറങ്ങുമ്പോഴും വളരെ പരിമിതമാണ്. ഒരു വര്‍ഷം അവരുടെ കണക്കനുസരിച്ചുതന്നെ നമ്മുടെ റോഡിലൂടെയോ റെയില്‍ മാര്‍ഗ്ഗമോ പോകാന്‍ പോകുന്നത് വരുന്ന കണ്ടെയ്നറുകളുടെ 16 ശതമാനം മാത്രമാണ്. അതായത് 1,60,000. അത്രയും എണ്ണം പോകുന്നതുകൊണ്ട് വലിയ ഗുണമൊന്നുമില്ല. വല്ലാര്‍പാടത്ത് ആറു ലക്ഷം, ഏഴു ലക്ഷം ഹാന്‍ഡില്‍ ചെയ്യാം. അതിന്റെ വളര്‍ച്ചയാണ് നമ്മള്‍ കൊച്ചിയില്‍ കാണുന്നത്. എന്തു വളര്‍ച്ചയാണുള്ളത്? അതുപോലെ തന്നെയായിരിക്കും ഇവിടെയും. നമുക്കെല്ലാം കാണാം. അല്ലാതെ വലിയ തൊഴിലവസരങ്ങളൊന്നും ഉണ്ടാകില്ല; കാര്യമായ ഇംപാക്റ്റ് ഉണ്ടാക്കില്ല. പക്ഷേ, ഉള്ളതില്‍നിന്നു വളരാനുള്ള വഴി നമ്മുടെ ഗവണ്‍മെന്റ് നോക്കണം. അദാനി വളരെ വേഗത്തിലാണ് നീങ്ങുന്നത്. എല്ലാ ഘട്ടങ്ങളും നേരത്തെ നിശ്ചയിച്ചതിലും നേരത്തെ തീര്‍ക്കാന്‍ കഴിയുന്നവിധം ഷെഡ്യൂള്‍ പുനഃക്രമീകരിച്ചു. നാലുവര്‍ഷംകൊണ്ട് വാര്‍ഫ് ഇപ്പോഴത്തെ 800 മീറ്ററില്‍നിന്ന് 2000 മീറ്ററാകും. ഒരേ സമയം അഞ്ച് മദര്‍ വെസ്സലുകള്‍ക്കു നില്‍ക്കാം. 3.2 കിലോമീറ്റര്‍ ബ്രേക്ക് വാട്ടര്‍. ഇതുവരുന്നതോടുകൂടി വലിയ കുതിച്ചുചാട്ടമുണ്ടാകും. അതുപോലെ, അവര്‍ പ്രഖ്യാപിച്ചിട്ടുള്ള ബങ്കറിംഗ്. പെട്രോള്‍ ബങ്കുകള്‍പോലെ കപ്പലുകള്‍ക്ക് ഇന്ധനം കൊടുക്കുക. 200 കപ്പല്‍ പോകുന്ന സ്ഥാനത്ത് 20 കപ്പല്‍ ഇന്ധനമടിക്കാന്‍ വന്നാല്‍ മതി. ആ ഇനത്തില്‍ ഗവണ്‍മെന്റിനു നികുതിയായി വലിയ തുക കിട്ടും. ഇവിടെ കൊടുക്കുന്ന ഇന്ധനത്തിനു നികുതി കുറവാണെന്ന് ഇന്‍ഡിഗോയില്‍ പൈലറ്റായ സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു. അവര്‍ ബെംഗളൂരു സെക്ടറിലേയ്ക്ക് പറക്കുമ്പോള്‍ രണ്ട് ടണ്‍ ഇന്ധനം എടുക്കാനാണ് കമ്പനി പറഞ്ഞിരിക്കുന്നത്. പക്ഷേ, വിലക്കുറവ് കാരണം അഞ്ചു ടണ്‍ വരെ എടുക്കും. ഇന്ത്യയില്‍ ഒരുപക്ഷേ, ഏറ്റവും വിലകുറഞ്ഞ് ഈ ഇന്ധനം കിട്ടുന്നത് തിരുവനന്തപുരത്താണ്. എന്തായാലും നമ്മള്‍ നികുതി കുറച്ചുകൊടുത്ത് ഇന്ധനം കൂടുതല്‍ ഇവിടെനിന്ന് അടിക്കാന്‍ കപ്പലുകള്‍ക്കും അവസരം കൊടുക്കണം. കണ്ടെയ്നര്‍ വെസ്സല്‍ അല്ല. ഇതുവഴി കടന്നുപോകുന്ന 20 കപ്പലുകളെങ്കിലും സ്ഥിരമായി ഇവിടെനിന്ന് എണ്ണയടിക്കുക എന്നു പറഞ്ഞാല്‍ അതിനു ജോലി ചെയ്യാന്‍ ആളുകള്‍ വേണം. ഇതിനെല്ലാം ടഗ്ഗ് പോകണം. അങ്ങനെ നോക്കുമ്പോള്‍ ഒരുപാട് തൊഴിലവസരങ്ങള്‍ ഇനി സൃഷ്ടിക്കാം. ഇത് തുറമുഖത്തിനകത്ത്. അതുപോലെ, ക്രൂയിസ് ടെര്‍മിനല്‍ അവര്‍ കൊണ്ടുവരികയാണ്. 5000 പേര്‍ക്കൊക്കെ കയറാവുന്ന ക്രൂയിസ് വെസ്സല്‍. അതു വരുമ്പോള്‍, അതിലെ യാത്രക്കാര്‍ നഗരത്തിലേക്ക് ഇറങ്ങിയാല്‍ അതൊരു ഉത്സവമായിരിക്കും. നന്നായി പണം ചെലവഴിക്കുന്ന ടൂറിസ്റ്റുകളാണ് ക്രൂയിസില്‍ കയറുന്നത്. ആ രീതിയില്‍ 2028 ഓടുകൂടി ഒരു വലിയ ഫലപ്രാപ്തി ടൂറിസം മേഖലയില്‍ ഉണ്ടാകും. ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ വരണമെന്നുണ്ടെങ്കില്‍ ഗവണ്‍മെന്റ് ചെയ്യേണ്ടത് നിര്‍ദ്ദിഷ്ട റിംഗ് റോഡ് അടിയന്തരമായി കൊണ്ടുവരണം. പ്രത്യേക സാമ്പത്തിക മേഖലയുണ്ടാക്കി നിയമനിര്‍മ്മാണം നടത്തി സ്ഥലം അടയാളപ്പെടുത്തിയാല്‍ മതി. ഗേറ്റും വയ്ക്കുക, മതിലും കെട്ടുക. ഇങ്ങനെ നിക്ഷേപം നടത്താന്‍ തയ്യാറായി നൂറുകണക്കിനു കമ്പനികളുണ്ട്; മലയാളികളും തമിഴരും കര്‍ണാടകക്കാരും രാജ്യത്തിനു പുറത്തുള്ളവരുമൊക്കെയുണ്ട്. കഴക്കൂട്ടം ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ഹരിയാന കമ്പനി ഈയിടെ 100 കോടി നിക്ഷേപമുള്ള ഹാര്‍ഡ്വെയര്‍ ഉല്പാദന യൂണിറ്റാണ് തുടങ്ങിയത്. അത് വിഴിഞ്ഞം മൂലമാണ്. മറ്റൊന്ന്, ജര്‍മന്‍ കോണ്‍സലറുടെ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കഴിഞ്ഞയാഴ്ച കേരളത്തില്‍ വന്നിരുന്നു. സാധാരണ ഗവണ്‍മെന്റ് ഗസ്റ്റായിട്ടാണ് വരേണ്ടത്. പക്ഷേ, സ്വകാര്യ സന്ദര്‍ശനംപോലെ തുറമുഖത്ത് വന്നു കണ്ട് തിരിച്ചുപോയി. കൃത്യമായി അവര്‍ ഓഫര്‍ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് ആദ്യം അറിഞ്ഞത്. പിന്നീട് അറിഞ്ഞു, ഒക്ടോബറില്‍ മോദിയെ കാണാന്‍ ജര്‍മന്‍ ചാന്‍സലര്‍ വരുന്നുണ്ട്; അപ്പോള്‍ അവര്‍ ബിസിനസ് പ്ലാനും നിക്ഷേപവും പ്രഖ്യാപിക്കും എന്നാണ്. അതിന്റെ സൂചന, കഴിഞ്ഞ ദിവസം അവരുടെ കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റില്‍ ഈ തുറമുഖത്തെക്കുറിച്ച് വിശദമായി എഴുതിയിരിക്കുന്നു. ഇതാദ്യമാണ് ഇങ്ങനെയൊന്ന് വരുന്നത്.
വികസനം വരികതന്നെ ചെയ്യും. പക്ഷേ, ഗവണ്‍മെന്റ് ഒന്നും ചെയ്തിട്ടില്ല. റിംഗ് റോഡിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ബാലരാമപുരത്ത് ചെല്ലുമ്പോള്‍ കുരുങ്ങും. ബൈപ്പാസ് തമിഴ്നാട്ടിലെ ഒരു സ്ഥലത്തു ചെന്ന് അവസാനിക്കുകയാണ്. കണ്ടെയ്നറുകളെല്ലാം കൂടി ഇറങ്ങിയാല്‍ ഇതെങ്ങനെ പോകും. ആമയിഴഞ്ചാന്‍ തോട്ടില്‍ മുങ്ങി ജോയി മരിച്ചതുപോലെ ആംബുലന്‍സുകള്‍ റോഡില്‍ കുരുങ്ങി വലിയ അത്യാഹിതം ഉണ്ടായാല്‍ മാത്രമേ സര്‍ക്കാര്‍ ഇതിനു വേണ്ടത്ര താല്‍പ്പര്യം കാണിക്കുകയുള്ളൂ. അങ്ങനെയുള്ള ഒരു ദുരന്തവും സംഭവിക്കാതിരിക്കട്ടെ; ഒരു ജീവനും ആപത്തു വരാതിരിക്കട്ടെ. പക്ഷേ, മുട്ടത്തറ പാലത്തിനടിയില്‍ ഒരു കണ്ടെയ്നര്‍ ലോറി തിരിക്കുന്നത് ഞാന്‍ കണ്ടു. അവിടം മുഴുവന്‍ ബ്ലോക്കായി. അതിന്റെ ക്യാബിനും ബോഡിയും പ്രത്യേകമാണ്. തിരിയാന്‍ വലിയ പാടാണ്. ഇതുപോലെയുള്ള കണ്ടെയ്നറുകള്‍ ദേശീയപാതയില്‍ എവിടെയെങ്കിലും പോയി കുടുങ്ങിക്കിടന്നാല്‍ കംപ്ലീറ്റ് ബ്ലോക്കാകും. ഇത്തരം സാഹചര്യങ്ങളെല്ലാം പരിഹരിച്ച് വന്‍തോതില്‍ തുറമുഖത്തിന് അനുബന്ധ വികസനം നടന്നാല്‍ ലക്ഷക്കണക്കിനു തൊഴിലിന് ഇപ്പോഴും സാധ്യതയുണ്ട്. കരാറനുസരിച്ച് കണ്ടെയ്നര്‍ വെസ്സല്‍ മാത്രം വന്നാല്‍ മതി. ക്രൂയിസും ബങ്കറിങ്ങുമൊക്കെ അതില്‍ ഇല്ലാത്തതാണ്. അവര്‍ പക്ഷേ, എല്ലാം ചെയ്യുന്നു. കാശുണ്ടാക്കാനാണ്. നമ്മള്‍ അതു പ്രയോജനപ്പെടുത്തണം.
എറണാകുളത്തെ ഉടക്ക്
വൈകിപ്പിക്കാന്‍ പല ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമായും ചൈനയാണ് അതു ചെയ്തത്. ചൈന വിഴിഞ്ഞത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് നേരിട്ടല്ല. ഏറ്റവും ഒടുവില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടാണ്. ആ റിപ്പോര്‍ട്ടിലൂടെ അദാനിയെ അടിക്കുകയാണ്. ഇതു തുറക്കാനുള്ള ഡേറ്റ് പ്രഖ്യാപിക്കുന്ന സമയത്താണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതോടെ അദാനിയുടെ ഓഹരിമൂല്യം കുത്തനേ ഇടിഞ്ഞു. തകര്‍ന്നുതരിപ്പണമായി. വിഴിഞ്ഞം നിന്നുപോയി എന്നു വിചാരിച്ചു. ബാക്കിയെല്ലാ കടമ്പകളും കടന്നാണ് ഇവിടെയെത്തിയത്. ഇപ്പോഴും ചൈന വിടാന്‍ തയ്യാറല്ല എന്നാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്. ഹിന്‍ഡന്‍ബര്‍ഗിന്റെ ഉദ്ദേശ്യം അദാനിയെ പൊളിച്ചടുക്കുക എന്നായിരുന്നു. അതുവഴി അദാനി വിഴിഞ്ഞം ഉപേക്ഷിക്കും എന്ന് ചൈന കരുതി. അദാനി പോയാല്‍പ്പിന്നെ ഒരു മനുഷ്യന്‍ ഇതിലേക്കു തിരിഞ്ഞുനോക്കില്ല. മോദിയുടെ വിശ്വസ്തനു വിജയിപ്പിക്കാന്‍ കഴിയാത്ത പ്രോജക്റ്റ് ഏറ്റെടുക്കാന്‍ പിന്നെ ആരും വരില്ല. അതോടെ വിഴിഞ്ഞത്തിന്റെ കട്ടയും ബോര്‍ഡും മടങ്ങുമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍. ഭാഗ്യത്തിന് എങ്ങനെയോ രക്ഷപ്പെട്ടു. വേറൊരു ഇന്ത്യക്കാരനാണ് അദാനിയെ രക്ഷിച്ചത്. ഓസ്‌ട്രേലിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജി.ക്യു.ജി എന്നയാളാണ് ആ സമയത്ത് അദാനി ഗ്രൂപ്പില്‍ ഫണ്ട് കൊണ്ടിട്ട് രക്ഷിച്ചത്. ഞാന്‍ പറഞ്ഞുവരുന്നത് ഇനിയും ചൈന പ്രശ്‌നമുണ്ടാക്കും എന്നാണ്. ഇവിടെ എന്തെങ്കിലും അട്ടിമറിയോ പ്രശ്‌നങ്ങളോ വര്‍ഗ്ഗീയ കലാപമോ എന്തെങ്കിലുമുണ്ടാക്കി ഈ പദ്ധതി നശിപ്പിക്കാന്‍ അവര്‍ ശ്രമിക്കും. പിന്നെ, കൊളംബോയുടെ താല്‍പ്പര്യങ്ങളുമുണ്ട്. ഇതു വരാന്‍ പാടില്ലെന്നാണ് അവരുടേയും താല്‍പ്പര്യം. ഇപ്പോള്‍ കൊളംബോ വളരെ ആക്റ്റീവാണ്. എങ്ങനെയാണ് ഹോങ്കോങ് ചൈനയെ ഉപയോഗപ്പെടുത്തിക്കൊണ്ട് വളര്‍ന്നത് അതുപോലെ ഇന്ത്യയെ ഉപയോഗപ്പെടുത്തിക്കൊണ്ടു വളരാനാണ് ശ്രീലങ്കയുടെ ശ്രമം. ഈ ട്രാന്‍സ്ഷിപ്മെന്റ് ഇനത്തില്‍ വര്‍ഷം തോറും അവര്‍ക്കു കിട്ടുന്നത് 3000 കോടി രൂപയാണ് എന്നാണ് നമ്മുടെ റഫ് എസ്റ്റിമേറ്റ്. നിസ്സാര തുകയൊന്നുമല്ല. ഇതു നേരിട്ടുള്ള ഡോളര്‍ ആണെങ്കില്‍ അതിലൂടെ ഉണ്ടാകുന്ന തൊഴിലുകള്‍ വേറെ. അവരുടെ സമ്പദ്വ്യവസ്ഥ പൂര്‍ണ്ണമായും തകര്‍ന്നുപോകാന്‍ സാധ്യതയുണ്ട്, വിഴിഞ്ഞം ആക്റ്റീവാകുന്നതോടുകൂടി. അതുകൊണ്ട് അവര്‍ ഇതു തടയാന്‍ എല്ലാ പ്ലാറ്റ്ഫോമും ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, സിംഗപ്പൂര്‍ മൈന്‍ഡ് ചെയ്തിട്ടില്ല എന്നാണ് എന്റെയൊരു കണക്കുകൂട്ടല്‍. അവരെ ബാധിക്കാന്‍ സാധ്യതയില്ല. പക്ഷേ, നമ്മുടെ എറണാകുളത്തെ കോണ്‍ഗ്രസ് രാഷ്ട്രീയക്കാര്‍ മുഖേന ദുബായ് ഒരുപാടു കളിച്ചിരുന്നു. അല്ലെങ്കില്‍പ്പിന്നെ ഈ 30 വര്‍ഷമൊന്നും നീളേണ്ട കാര്യമില്ലല്ലോ. എനിക്കു പറയുന്നതിന് ഒരു മടിയുമില്ല, പി. രാജീവ്, അജയ് തറയില്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഇവരെല്ലാം ഒരുമിച്ചു. എറണാകുളത്തെ ഭിത്തിയിലെല്ലാം ഇവര്‍ പോസ്റ്റര്‍ ഒട്ടിച്ചു, രാജീവിന്റേയും അജയ് തറയിലിന്റേയും ഉള്‍പ്പെടെ പേരും പടവുമുള്ള പോസ്റ്റര്‍: അതില്‍ പറയുന്നത്: ''തമിഴ്നാട് അതിര്‍ത്തിയിലെ വിഴിഞ്ഞം പദ്ധതി: തമിഴ്നാടിനു നേട്ടവും കൊച്ചിക്കു കോട്ടവും.'' അതിനുവേണ്ടി ഇവരെല്ലാം കൂടി വെബ്സൈറ്റുണ്ടാക്കി; ആ ക്യാംപെയ്നുവേണ്ടി. അവിടുത്തെ കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും ചില ഉദ്യോഗസ്ഥന്മാരും കൂടി ചേര്‍ന്ന് വിഴിഞ്ഞത്തെ പാരവയ്ക്കാന്‍ ശ്രമിച്ചു. ദുബായ് ആയിരുന്നു അതിന്റെ പിന്നില്‍. ഈ സമയത്ത് ഞങ്ങള്‍ പോയി എം. വിജയകുമാറിനെ കണ്ടു. ''ഇതെന്തു പരിപാടിയാണ്? നിങ്ങളിവിടെ തുറമുഖ മന്ത്രി. ഇവിടെ വിഴിഞ്ഞത്തിനുവേണ്ടി നടക്കുന്നു. നിങ്ങളുടെ പാര്‍ട്ടിക്കാരന്‍ അവിടെ വിഴിഞ്ഞത്തിനെതിരെ ചെയ്യുന്നു.'' രാജീവ് അന്ന് ജില്ലാ സെക്രട്ടറിയായിരുന്നുവെന്നു തോന്നുന്നു. അത് ഇന്റേണലി പാര്‍ട്ടിക്കകത്ത് പ്രശ്‌നമായിട്ട് രാജീവിനെ വിലക്കി. ആ ക്യാംപെയ്നിംഗ് അവസാനിച്ചു. അതായത് ചൈന, കൊളംബോ, ദുബായ് മൂന്നു പേരും വിഴിഞ്ഞത്തിനെതിരെ നീങ്ങി. എന്നെ വരെ ദുബായ് ടാര്‍ഗറ്റ് ചെയ്തു.
കൊല്ലണ്ട, കയ്യും കാലും വെട്ടണം
പില്‍ക്കാലത്ത് അത് ഒരാള്‍ എന്നോടു പറഞ്ഞു. ഡി.പി വേള്‍ഡിന്റെ കൊച്ചി ഓഫീസില്‍ ജോലി ചെയ്തിരുന്ന ആളാണ്. ഇപ്പോള്‍ ഇവിടെ ഒരു ടിവി ചാനലിന്റെ മാര്‍ക്കറ്റിംഗിലോ മറ്റോ തലപ്പത്തുണ്ട്; പേര് പറയില്ല. അദ്ദേഹം ഒരു ദിവസം എന്നെ വിളിച്ചിട്ട് അവരുടെ ചാനലിന്റെ അഡൈ്വസറായിട്ട് പോകാന്‍ പറ്റുമോ എന്നു ചോദിച്ചു. ഞാന്‍ വെച്ച ചില ഉപാധികള്‍ അവര്‍ക്കു സ്വീകാര്യമാകാതിരുന്നതുകൊണ്ട് അതു നടന്നില്ല. ആ സംഭാഷണത്തിലാണ് പുള്ളി പറഞ്ഞത്, നിങ്ങളെ ഞങ്ങള്‍ ഒരിക്കല്‍ ടാര്‍ഗറ്റ് ചെയ്തിട്ടുണ്ട്. ചാനലുകാര്‍ക്ക് എന്നെ ടാര്‍ഗറ്റ് ചെയ്തിട്ടെന്തു കിട്ടാനാണ് എന്നു ഞാന്‍ ചോദിച്ചു. ചാനല്‍ അല്ല; അതിനു മുന്‍പ് ഡി.പി വേള്‍ഡിലായിരുന്നു. ആ സമയത്ത് ദുബായില്‍നിന്നു ഞങ്ങളോട് നിങ്ങളക്കുറിച്ച് എല്ലാ ഡീറ്റെയില്‍സും എടുക്കാന്‍ പറഞ്ഞു. എന്തിനായിരുന്നു, വളര്‍ത്താനാണോ കൊല്ലാനാണോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അതറിയില്ല; എന്തായാലും നിങ്ങളെക്കുറിച്ചുള്ള എല്ലാ ഡീറ്റെയില്‍സും എടുത്തുകൊടുത്തു എന്നു പറഞ്ഞു.
അതായത്, ഇവരെല്ലാവരും എല്ലാ മാര്‍ഗ്ഗവും പരീക്ഷിച്ചിട്ടുണ്ട്. 2013-ലോ 2014-ലോ ഒരു പബ്ലിക് ഹിയറിംഗ് നടന്നപ്പോള്‍ അവിടെവെച്ച് എന്നെ തട്ടാനുള്ള ക്വട്ടേഷന്‍ കൊടുത്തു. ഒരു ടീം. ഈയിടെ ഒരു പബ്ലിക് ഹിയറിംഗ് നടന്നു. അതില്‍ സംസാരിക്കണമെങ്കിലോ വിഷയം എന്തെങ്കിലും ഉന്നയിക്കണമെങ്കിലോ പേര് എഴുതിക്കൊടുക്കണമായിരുന്നു. അന്ന് അങ്ങനെ ആയിരുന്നില്ല. കൈ പൊക്കി കയറാം. അന്ന് ഇതിലും ചെറുപ്പമാണല്ലോ. ഞങ്ങള്‍ പോയി. മുന്നില്‍ത്തന്നെ ഞാന്‍ പോയി ഇരുന്നു. കോവളം എം.എല്‍.എ ജമീല പ്രകാശം സംസാരിക്കുകയാണ്. ഇനിയും പഠിക്കണം. പദ്ധതി ബാധിക്കുന്ന ആളുകളുടെ ഏരിയ നിങ്ങള്‍ പറഞ്ഞതു ചുരുങ്ങിപ്പോയി; വലുതാക്കണം തുടങ്ങിയ കുറേ കാര്യങ്ങള്‍. പദ്ധതി നീട്ടാനാണ് പറയുന്നത്. ഞാന്‍ ചാടിക്കയറി അവരുടെ കയ്യില്‍നിന്നു മൈക്ക് വാങ്ങി. ''ഒരു പഠിത്തത്തിന്റേയും ആവശ്യമില്ല. കഴിഞ്ഞ 20 കൊല്ലമായി ഇവിടെ പഠിച്ചുകൊണ്ടിരിക്കുകയാണ്'' എന്നു പറഞ്ഞു. തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട എന്റെ വാദങ്ങള്‍ കണക്കുകളൊക്കെ വെച്ച് വിശദീകരിച്ചു. ഞാന്‍ പറഞ്ഞ ഒരു കാര്യം: ''ഈ കളക്ടര്‍ കടം വാങ്ങിയ പണം കൊണ്ടാണ് പെട്രോളടിച്ച് ഇവിടെ വന്നിരിക്കുന്നത് (അന്നേരം ഖജനാവെല്ലാം പൊളിഞ്ഞ വാര്‍ത്തകളൊക്കെയുണ്ട്). ഖജനാവില്‍ അഞ്ചു പൈസയില്ല. എത്രയും വേഗം ഈ പദ്ധതി പൂര്‍ത്തിയാക്കി വരുമാനമുണ്ടാക്കാനുള്ള നടപടിയാണ് വേണ്ടത്.'' അങ്ങനെ കുറേ കാര്യങ്ങള്‍ സംസാരിച്ചിട്ടു ഞാന്‍ ഇറങ്ങിയങ്ങു പോയി. ആ ഹാളിന്റെ മൂലയില്‍ ഈ പദ്ധതിയെ എതിര്‍ക്കുന്ന ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. പില്‍ക്കാലത്ത്, ആ ആലോചനയില്‍ പങ്കെടുത്ത ഒരാള്‍ എന്റെ മുന്‍പില്‍ വന്നു; വരേണ്ടിവന്നു. സതീഷ് എന്നാണ് പേര്. ഈ പദ്ധതിയെ നശിപ്പിക്കാന്‍ ശ്രമിച്ച പ്രാദേശിക പത്രപ്രവര്‍ത്തകനാണ്. ഇയാള്‍ തന്നെ എന്നോട് ആ ആലോചനയ്ക്കു സാക്ഷിയായ വിവരം നേരത്തെ പറഞ്ഞിട്ടുണ്ട്. പുള്ളിയെ എന്തോ സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് പിടിച്ചുവെച്ചു. അവിടെനിന്നു വിടണമെങ്കില്‍ ഞാന്‍ പറയണം എന്ന സാഹചര്യം വന്നു. കുറച്ചു വലിയ കഥയാണ്. തുറമുഖ പദ്ധതി നശിപ്പിക്കാന്‍ നടന്നയാളെ ഞാനെന്തിനു രക്ഷിക്കണം എന്നു ചോദിച്ചു. അബദ്ധം പറ്റിയതാണ്, രക്ഷിക്കണം എന്ന് ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് എന്നു മുതലാണോ ഈ പദ്ധതിയെ എതിര്‍ക്കാന്‍ തുടങ്ങിയത്, ആരാണ് ഇതിനു പിന്നില്‍ എല്ലാം എഴുതണം എന്നാണ്. അപ്പോഴാണ് അയാള്‍ അന്നത്തെ ആ ക്വട്ടേഷന്റെ കാര്യം പറഞ്ഞത്. വേദിയില്‍ കയറി മൈക്ക് പിടിച്ചുവാങ്ങി സംസാരിച്ച അന്നാണ് ക്വട്ടേഷന്‍ കൊടുത്തത്. കൊല്ലണ്ട, കയ്യും കാലും വെട്ടണം. അതില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ ഉള്‍പ്പെടെ സതീഷ് എഴുതിത്തന്നു. ഞങ്ങള്‍ അതു രജിസ്റ്റേഡായി മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും അയച്ചു. ഈ ഗ്രൂപ്പിനെക്കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു. ഇങ്ങനെയുള്ള ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഞാന്‍ അന്നുമിന്നും അതിനെയൊന്നും മൈന്‍ഡ് ചെയ്തിട്ടില്ല. എന്തായാലും മരിക്കും. അത് ഇതിനുവേണ്ടിയായാല്‍ അത്രയും നല്ലത് എന്ന വിശ്വാസത്തില്‍ നടക്കുകയാണ്. ഒരു പാണ്ടി ലോറി ഇവിടെ വന്നിട്ടുണ്ട്; സൂക്ഷിക്കണം എന്ന് ഒരിക്കല്‍ ഒരാള്‍ എന്നെ വിളിച്ചു പറഞ്ഞു. ഞാനൊരു സ്‌കൂട്ടറിലാണ് സഞ്ചരിക്കുന്നത്. തട്ടണമെങ്കില്‍ എവിടെവെച്ചും തട്ടാം. പേടിച്ച് അകത്തുകയറി ഇരിക്കാനൊന്നും പോകുന്നില്ല. പക്ഷേ, ഒടയതമ്പുരാന്റെ കാരുണ്യമായിരിക്കാം, എല്ലാ ഭീഷണികളില്‍നിന്നും രക്ഷപ്പെട്ട് മുന്നോട്ടു പോകാന്‍ പറ്റി. ആദ്യത്തെ കപ്പല്‍ വന്നതും കണ്ടു. ഇനി ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. ഇനി ഈ പദ്ധതിക്കു മുന്നോട്ടേ പോകാന്‍ പറ്റുകയുള്ളൂ.
ഞങ്ങള്‍ നോട്ടീസ് അടിച്ചിറക്കി. അദാനിക്ക് ബംബര്‍ ലോട്ടറി എന്ന്. ഭയങ്കര സാധ്യതയല്ലേ പുള്ളിക്കു കൊടുത്തിരിക്കുന്നത്. ഇതു തുടങ്ങുന്നതിനു മുന്‍പ് നാല് കപ്പലാണ് ഷെഡ്യൂള്‍ ചെയ്തത്. ഒരു പോര്‍ട്ടിലും പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്‍പ് ഒരു കപ്പലും വന്നിട്ടില്ല. ഇത് സ്ട്രാറ്റജിക് ലൊക്കേഷനായതുകൊണ്ടാണ്. ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates