ശാന്തിവനത്തിന് പിന്നീട് എന്ത് പറ്റി?

ഒരിക്കല്‍ പച്ചത്തുരുത്തായിരുന്ന ശാന്തിവനം ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്
ശാന്തിവനത്തിന് പിന്നീട് എന്ത് പറ്റി?

ജൈവവൈവിദ്ധ്യങ്ങളുടെ മൂല്യം നമ്മുടെ ആവാസവ്യവസ്ഥയെ കൂടുതല്‍ പ്രതിരോധശേഷിയുള്ള, സുസ്ഥിര സമൂഹത്തിനുവേണ്ടിയുള്ള വ്യവസ്ഥയായി നിലനിര്‍ത്തുന്നു. എന്നാല്‍, അവയ്ക്ക് എല്ലാം നശിപ്പിക്കാനുള്ള പ്രവണതയുള്ളതുകൊണ്ട് നാമെല്ലാം ഇപ്പോള്‍ ചെയ്യുന്നത് രക്ഷാദൗത്യത്തിന് ഇറങ്ങിയ ഒരു പായ്വഞ്ചിയെ കത്തിക്കുന്നതിനു തുല്യമാണ്.'' സ്വീഡിഷ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജോഹാന്‍ റോക്ക്സ്ട്രോമിന്റെ വാക്കുകളാണിവ. തീര്‍ച്ചയായും ഇത് വിരല്‍ചൂണ്ടുന്നത് പ്രകൃതിയുടെ സുസ്ഥിരതയിലേക്കാണ് (sustainability). പല ലോകോത്തര, ദേശീയ-അന്തര്‍ദ്ദേശീയ തലത്തില്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് പ്രകൃതിയും മനുഷ്യനും അവരുടെ ആവാസവ്യവസ്ഥയും എന്നത്. ഇത്രയേറെ ചൂടുപിടിച്ച ചര്‍ച്ചകള്‍ ഒക്കെ നടന്നിട്ടും പല ആശയങ്ങളും വെറും കടലാസുകഷണങ്ങളില്‍ ഒതുങ്ങിപ്പോകാറാണ് പതിവ്. പരിസ്ഥിതി ദിനമോ അല്ലെങ്കില്‍ പരിസ്ഥിതി സംബന്ധിയായ മറ്റേതെങ്കിലും ദിനമോ വേണം ഇവയെല്ലാം പൊടിതട്ടിയെടുക്കാന്‍ എന്നതാണ് പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട്.


 'മരം ഒരു വരം', 'ഒരു മരം, അവ വളര്‍ന്നങ്ങൊരു കാട്, അതിന്റെ തണല്‍, മറക്കരുതൊരുനാളും' എന്നിങ്ങനെയുള്ള പഴംപാട്ടുകള്‍ ഏറ്റുപാടുന്ന ബഹു സ്വര സമൂഹം എത്രത്തോളം അവയെ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. അത്യാഗ്രഹം നിറഞ്ഞ ഒരു മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടിയും അല്ലെങ്കില്‍ വികസനം എന്ന പേരില്‍ ഒരു നിയമവ്യവസ്ഥയുടെ പിന്‍ബലത്തോടുകൂടിയും പ്രകൃതിയെ നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ നമുക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍ അറിഞ്ഞും അറിയാതേയും നാമാവശേഷമായിട്ടുണ്ട്. പലതും നാശത്തിന്റെ വക്കിലുമാണ്. അവയില്‍ സംരക്ഷിതമേഖലകളും ഉള്‍പ്പെടുന്നു എന്നത് സങ്കടകരമായ വസ്തുതയാണ്. എറണാകുളത്തും ഉണ്ട് അങ്ങനൊരു സ്ഥലം. വടക്കന്‍ പറവൂരിനടുത്ത് കോട്ടുവള്ളിയില്‍ സ്ഥിതിചെയ്യുന്ന, കേരള വനം വകുപ്പ് സംരക്ഷിത മേഖലയായി അടയാളപ്പെടുത്തിയ സ്വകാര്യ ഭൂമിയായ ശാന്തിവനം.

ശാന്തി വനത്തിനു മുന്നില്‍ ഉടമയായ മീന 
ശാന്തി വനത്തിനു മുന്നില്‍ ഉടമയായ മീന 


ശാന്തിവനം - സമാധാനത്തിന്റെ ഹരിതസമ്പന്നമായ വാസസ്ഥലം. പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ കാടുമൂടിയ സ്ഥലവും നടുവിലായി ഒരു ചെറിയ വീടും അതിനു ചുറ്റും അഞ്ചു നടകളുള്ള കാവും ചേര്‍ന്ന 'തുണ്ടപ്പറമ്പ്' എന്ന സ്വകാര്യ ഭൂമിയാണ് ശാന്തിവനം. വിവിധ സസ്യങ്ങളുടെ സമ്പന്നത ഈ സ്ഥലത്തെ സവിശേഷമാക്കുന്നു. ശാന്തിവനത്തിന്റെ ഇപ്പോഴത്തെ അവകാശിയും ആലുവ യു.സി കോളേജ് മന:ശാസ്ത്ര വിഭാഗ വിദ്യാര്‍ത്ഥിനിയുമായ ഉത്തര മേനോന്‍ ശാന്തിവനത്തെ കുറിച്ച് പറയുന്നതിങ്ങനെ ''ശാന്തിവനം 200 വര്‍ഷത്തോളം പഴക്കമുള്ള എന്റെ മുത്തശ്ശി സാവിത്രിയുടെ സ്ഥലമാണ്. എന്റെ മുത്തച്ഛന്‍ രവീന്ദ്രനാഥാണ് ഒരുകാലത്ത് തെങ്ങുംതോപ്പായിരുന്ന ഇവിടം ഹരിതാഭമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. കൂടുതല്‍ അടുത്തുചെന്നു പരിശോധിച്ചാല്‍ നമുക്കു മനസ്സിലാവും ഇവ സാധാരണയായി കണ്ടുവരുന്ന മിയാവാക്കി (miyawaki) കാടുകള്‍പോലെയല്ല, മറിച്ച് ഇവിടെയുള്ള പച്ചപ്പ് തികച്ചും സ്വാഭാവികമായി ഉരുത്തിരിഞ്ഞ ഒന്നാണെന്നും സസ്യങ്ങള്‍ ഇഷ്ടത്തിന് വളരുകയും അവയെ വളരാന്‍ അനുവദിക്കുകയുമാണിവിടെ. ഈ കാടിനു ചുറ്റും നടക്കുന്നതിനായി ചെറുപാതകള്‍ ഇവയുടെ വളര്‍ച്ചയ്ക്കു വിഘാതമാകാതെ കടന്നുപോകുന്നു. ഈ ഹരിതവനത്തിന്റെ ജീവനം എന്ന കൂട്ടായ ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ.'' 

ശാന്തിവനത്തില്‍ കെ.എസ്.ഇ.ബിയുടെ
ടവറിന്റെ നിര്‍മാണം നടക്കുന്നു


സൈലന്റ്വാലി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന മുത്തച്ഛന്‍ രവീന്ദ്രനാഥിന്റെ മരണശേഷം ഉത്തരയുടെ അമ്മ മീനാമേനോന്‍ ശാന്തിവനത്തെ അതീവ ശ്രദ്ധയോടെ സംരക്ഷിക്കുകയും ആ ആവാസവ്യവസ്ഥയെ അവിടെ നിലനിര്‍ത്താന്‍ അക്ഷീണം പരിശ്രമിക്കുകയും ചെയ്തു. ഒരു സംഗീതപ്രേമികൂടിയായ മീനാമേനോന്‍ ശാന്തിവനത്തെ വെറുമൊരു വാസസ്ഥലമായി മാത്രമല്ല, മറിച്ച് തന്റെ ആത്മാവായിട്ടാണ് കണ്ടത്. വിദ്യാഭ്യാസത്തില്‍ പ്രകൃതിയുടെ സ്ഥാനത്തിനു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ചിന്തയാല്‍ അവര്‍ ശാന്തിവനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്കായി പല കുട്ടിക്കൂട്ടായ്മകള്‍ക്കു നേതൃത്വം നല്‍കി. അവയിലൊന്നാണ് 'ക്രോസ് ക്ലബ്ബ് (Crows Club).' പരിസ്ഥിതി ശുചീകരണത്തിന് ഏറ്റവും പ്രധാന പക്ഷിയായ കാക്കയുടെ പേരുള്ള ഈ ക്ലബ്ബ് വഴി, പ്രകൃതിയിലെ ഓരോ ജീവനും വിലപ്പെട്ടതാണെന്നുള്ള ആശയത്തിലൂന്നാനും പ്രവര്‍ത്തിക്കാനും കുട്ടികളെ സജ്ജമാക്കാനാണ് ലക്ഷ്യമിട്ടത്. 

ശാന്തിവനം
എന്ന സംരക്ഷിത വനം

ഇന്‍സ്റ്റഗ്രാംപോലുള്ള നവമാധ്യമങ്ങളുടെ പ്രചാരമേറിയതോടെ കൂടുതല്‍ ആളുകളിലേക്ക് പ്രകൃതിയുടേയും ജീവജാലങ്ങളുടേയുമെല്ലാം പ്രത്യേകതകളും പ്രാധാന്യവും ഏകോപിപ്പിച്ച് 'അല- Ask, Learn & Act' എന്ന പേരിലൂടെ ആശയങ്ങള്‍ കൈമാറുകയും കൂടെത്തന്നെ പ്രേക്ഷകനു സംശയനിവാരണത്തിന് അവസരങ്ങളും നല്‍കിയിരുന്നു. എങ്ങനെ പ്രകൃതിയോടു ചേര്‍ന്നുകൊണ്ട് സുസ്ഥിര ജീവിതം നയിക്കാം, എങ്ങനെയൊക്കെ പ്രകൃതിയെ വീക്ഷിക്കാം, എങ്ങനെ അവയ്ക്ക് കോട്ടം തട്ടാതെ നമ്മുടെ ജീവിതത്തെ മാറ്റിയെടുക്കാം എന്നിവയും 'അല' ചര്‍ച്ചയാക്കുന്നു. ചെറുപ്പക്കാരിലേക്കു മാത്രം ഒതുക്കിനിര്‍ത്താതെ മുതിര്‍ന്നവരിലേക്കും ഇവ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. സംഗീത സംവിധായകന്‍ ബിജിബാലാണ് 'അല'യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉത്തരയും അമ്മ മീനയോടൊത്ത് ഈ ആശയങ്ങളുടെ അവതരണത്തിനായി വിവിധ പോസ്റ്ററുകളും എഴുത്തുകളും സൃഷ്ടിച്ചു. 'അല'യിലൂടെ ഒരു മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനായി പ്രകൃതിയേയും അതിന്റെ നിഗൂഢ ഘടകങ്ങളേയും സുസ്ഥിരമായ ജീവിതരീതികളേയും കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ച്, വിദഗ്ദ്ധരില്‍നിന്നും വിശദീകരണം ലഭിക്കുന്ന രീതിയാണ് ഇവിടെ.

ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍
ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍


നാട്ടിലും വീട്ടിലും ഒരുപോലെത്തന്നെ അറിവു പകര്‍ന്നുകൊടുക്കാന്‍ മീനാമേനോന്‍ ശ്രദ്ധിച്ചു. ഉത്തരയ്ക്ക് എങ്ങനെയാണ് പ്രകൃതിയോട് ഇത്രയും പാരസ്പര്യം വന്നത് എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ- 'അമ്മ.' ഉത്തരയുടെ വാക്കുകളിങ്ങനെ:
''അമ്മ എല്ലാ കാര്യവും വളരെ വ്യക്തിപരമായിട്ടാണ് എടുക്കാറുള്ളത്. ശാന്തിവനത്തിലെത്തുന്ന ഓരോ ജീവജാലത്തിനും മനുഷ്യരെപ്പോലെ വിളിപ്പേരുകള്‍ അമ്മ നല്‍കിയിരുന്നു. പ്രകൃതിയുടെ ചക്രത്തിലെ ഇവയുടെയെല്ലാം പ്രാധാന്യം അത്രമേല്‍ ഗൗരവമേറിയതിനാല്‍ ഈ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുകപോലുള്ളവയൊന്നും ചെയ്യാന്‍ പാടില്ലെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. പ്രകൃതിയോട് കൂടുതല്‍ താദാത്മ്യം തോന്നുന്ന ഒരാളായി അമ്മയെന്നെ പരുവപ്പെടുത്തിയെടുത്തു എന്നു ഞാനുറച്ചു വിശ്വസിക്കുന്നു.''


ഒരിക്കല്‍ പച്ചത്തുരുത്തായിരുന്ന ശാന്തിവനം ഇന്ന് അതിന്റെ ജൈവവൈവിധ്യ സമ്പത്ത് നഷ്ടപ്പെട്ട അവസ്ഥയിലാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടേയും പ്രകൃതിസ്‌നേഹികളുടേയും പക്ഷിനിരീക്ഷകരുടേയുമെല്ലാം സ്വര്‍ഗ്ഗമായിരുന്ന ഈ സ്ഥലം നാശത്തിന്റെ വക്കിലാണ്. ഈ സാഹചര്യത്തിലേക്ക് നയിച്ചത് 'വികസനം'  തന്നെയാണ്. മന്നം - വൈപ്പിന്‍ വൈദ്യുതോര്‍ജ്ജ ലൈന്‍ പദ്ധതിയോടനുബന്ധിച്ചുള്ള കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ 110 കെ.വി ലൈന്‍ സ്ഥാപിക്കാനായി തിരഞ്ഞെടുക്കപ്പെട്ടത് ശാന്തിവനത്തെയായിരുന്നു. ആ ടവര്‍ ശാന്തിവനത്തിനു നടുവിലായിത്തന്നെ സ്ഥാപിക്കാനുള്ള നീക്കങ്ങളും നടന്നുകൊണ്ടിരുന്നു. ഈ ടവര്‍ വന്നാല്‍ ആ ഭൂപ്രകൃതിക്കും ആവാസവ്യവസ്ഥയ്ക്കും വലിയരീതിയിലുള്ള ആഘാതങ്ങളുണ്ടാവും എന്ന ഉത്തമബോധ്യമുള്ളതുകൊണ്ട് ശാന്തിവനം പ്രക്ഷോഭങ്ങളുടെ ഭൂമികയായി മാറി.
ടവറിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനുവേണ്ടിയും ശാന്തിവനത്തിലെ ജീവജാലങ്ങള്‍ക്കു നാശം സംഭവിക്കാതിരിക്കാനുമായി മീനാമേനോന്‍ സലീം അലി ഫൗണ്ടേഷനുമായി ചേര്‍ന്ന് ഒരു ബദല്‍ പാതയ്ക്കായുള്ള രൂപരേഖ കെ.എസ്.ഇ.ബിക്ക് സമര്‍പ്പിച്ചു. എന്നാല്‍, അത് തള്ളിപ്പോവുകയും പിന്നീട് കേസ് കോടതിയിലേക്ക് എത്തുകയും ചെയ്തു. ശാന്തിവനം എന്നത് കേരള സംസ്ഥാന വനംവകുപ്പിന്റെ രേഖകള്‍ പ്രകാരം ഒരു സംരക്ഷിത മേഖലയാണെന്നതായിരുന്നു ആ റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കിയത്. അനുകൂലമായ കോടതിവിധി വന്നെങ്കിലും അവയുടെ പകര്‍പ്പ് കയ്യില്‍ കിട്ടുന്നതിനു മുന്‍പുതന്നെ കെ.എസ്.ഇ.ബി അധികൃതര്‍ പദ്ധതി വേഗത്തില്‍ നടപ്പാക്കുന്നതിനായി ശാന്തിവനത്തിലേക്ക് ഒരു മുന്നറിയിപ്പും കൂടാതെ ജെ.സി.ബികളുമായി ഇടിച്ചുകയറി മരങ്ങള്‍ വെട്ടിമാറ്റാനും തുടങ്ങി. '50 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വമായ വെള്ള പൈന്‍ (Vateria indica) പോലും ഒരുപാടു തവണ പറഞ്ഞിട്ടു പോലും അവര്‍ നിഷ്‌കരുണം വെട്ടിമാറ്റി.'' ഉത്തര ദു:ഖത്തോടെ ഓര്‍ത്തു. പക്ഷേ, ആ സംഭവത്തോടുകൂടിയാണ് ഉത്തര വളരെ ധൈര്യവതിയായ തന്റെ അമ്മയെ കണ്ടത്. ''നേരത്തെ പറഞ്ഞതുപോലെത്തന്നെ അമ്മ എല്ലാ കാര്യവും വളരെ വ്യക്തിപരമായിട്ട് എടുക്കുന്നതുകൊണ്ടാണ് കെ.എസ്.ഇ.ബിക്കാര് മരം മുറിച്ചപ്പോള്‍ അമ്മ തന്റെ മുടി ഒരു പ്രതിഷേധമെന്നോണം മുറിച്ചുമാറ്റിയത്.'' മീനാമേനോന്റെ ആ ശബ്ദം ഇന്നും അവിടെ അലയടിക്കുന്നുണ്ട്. ''അവരതിന്റെ തലയറുത്തു, അപ്പൊ ഞാനെന്റെ മുടിയറുത്തു. ഇതാണെന്റെ പ്രതിഷേധസ്വരം.''

അമ്മ മീനയുടെ മരണത്തിനു ശേഷം
ഏറെ നാള്‍ കഴിഞ്ഞാണ് മകള്‍ ഉത്തര ശാന്തിവനത്തിലെത്തിയത്. ശാന്തിവത്തിലെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ ചിത്രത്തില്‍ കാണാം


തന്റെ അമ്മ ഒരിക്കലും പേരോ പ്രശസ്തിയോ സമ്പത്തോ ആഗ്രഹിച്ചിരുന്നില്ല എന്നും എന്തു പ്രവൃത്തി ചെയ്താലും അത് പ്രകൃതിക്കു ദോഷമാകരുത് എന്നും പ്രകൃതിയുടെ പ്രാധാന്യം മറ്റുള്ളവരിലേക്കും എത്തിക്കണം എന്നതു മാത്രമായിരുന്നു മീനാമേനോന്റെ ലക്ഷ്യം. ''പലരും അതിശയത്തോടെയാണ് ഞങ്ങളെ നോക്കാറുള്ളത്. പ്രകൃതിയോട് എങ്ങനെ ഇത്രയും ഇണങ്ങി എങ്ങനെ 'ആ കാടിനു നടുവില്‍' ജീവിക്കുന്നു എന്ന സംശയമാണ് ചിലര്‍ക്ക്. മറ്റു ചിലര്‍ ആകട്ടെ, 'ഉപദേശികളാണ്.' ഇതല്ല സാധാരണ ജീവിതം, നിങ്ങള് സാധാരണ മനുഷ്യരെപ്പോലെയാവൂ എന്നതായിരുന്നു ഏറ്റവും കൂടുതല്‍ കിട്ടിയ ഉപദേശം. ചിലര്‍ ദേശീയപാതയോരത്തെ ഈ സ്ഥലം ലക്ഷ്യം വെച്ചിട്ടാണ് സംസാരം. ''ഉത്തര ഒരു ചെറുപുഞ്ചിരിയോടെ ഓര്‍ത്തെടുത്തു. പക്ഷേ, ഈ ജീവിതം തന്നെയാണ് ഞങ്ങളുടെ 'സാധാരണ' ജീവിതം എന്ന് ഉത്തര അടിയുറച്ചു വിശ്വസിക്കുന്നു. അന്ന് ആ വെള്ളപ്പൈന്‍ വെട്ടിയതിനുശേഷം കൂടുതല്‍ ആളുകള്‍ പ്രതിഷധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. അവയില്‍ പ്രശസ്തരും സാധാരണക്കാരും ഒരുപോലെ ശാന്തിവനം സംരക്ഷിക്കാനായി അണിനിരന്നു. ''ഈ പ്രതിഷേധം ഒരു വന്‍സമരമായി വളര്‍ന്നത് യാദൃച്ഛികമായിട്ടാണ്. അമ്മയുടെ ആ പ്രതിഷേധസ്വരം പല മാധ്യമങ്ങളിലൂടെ പൊതുജനത്തിലേക്ക് എത്തിയതുകൊണ്ടുതന്നെ ഒരേ മനസ്സുള്ള പലരും ഞങ്ങള്‍ക്കു കൂട്ടായി വന്നു. ഫേസ്ബുക്ക് പോലുള്ള നവമാദ്ധ്യമങ്ങളിലൂടെയും ഒരുപാടു പേര്‍ ഒത്തുചേര്‍ന്നു'' -ഉത്തര കൂട്ടിച്ചേര്‍ത്തു.

ശാന്തിവനം
ശാന്തിവനം

ശാന്തിവനം ഒരു സ്വകാര്യസ്വത്തായതിനാലും സര്‍ക്കാറിന്റെ ഒരംശത്തിനെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്നതുകൊണ്ടും സര്‍ക്കാറിന്റെ ഇടപെടലുകള്‍ക്ക് ഒരു പരിധിയുണ്ടായിരുന്നു. സാധാരണ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം അവയ്ക്കു കീഴിലുള്ള സംരക്ഷിത ഭൂമിയുടെ പട്ടികയുള്ള രജിസ്റ്റര്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍, ശാന്തിവനം ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ളതായതിനാല്‍ ആ രജിസ്റ്ററില്‍പോലും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല എന്ന് ഉത്തര സങ്കടത്തോടെ ഓര്‍ക്കുന്നു. ഈ സമരം വെറും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണെന്ന ഒരു കുപ്രചാരണവും ഇതിനിടയില്‍ ഉണ്ടായി. പക്ഷേ, അവയെല്ലാം അതിജീവിച്ചുകൊണ്ട് സമരം വളരെ ശക്തിയോടെ മുന്നോട്ടുനീങ്ങി. രണ്ടു മാസത്തോളം പ്രക്ഷോഭങ്ങള്‍ നടന്നെങ്കിലും അനുകൂലമായ മാറ്റമൊന്നും ഉണ്ടായില്ല. എങ്കിലും ധാരാളം വിദ്യാര്‍ത്ഥികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്തിച്ചേര്‍ന്നു.


'എന്റെ വഴി പ്രകൃതിതന്നെയാണ്' എന്നായിരുന്നു അവസാന ശ്വാസത്തിലും മീനാമേനോന്റെ നയം. ഉത്തരയെ സംബന്ധിച്ചിടത്തോളം ശാന്തിവനം വെറുമൊരു വീടല്ല. അവരുടെ എല്ലാമെല്ലാമാണ്. അവര്‍ ഊന്നിനില്‍ക്കുന്ന വേരാണ് ശാന്തിവനം. അതവരുടെ വാക്കുകളില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ''ശാന്തിവനത്തെ ഒരു ഭൂതകാലമായി കാണാനാഗ്രഹിക്കുന്നില്ല. പല രീതികളില്‍ ശാന്തിവനം ഇന്നും എന്നോടൊപ്പം യാത്ര ചെയ്യുന്നുണ്ട്. എന്തൊക്കെ പ്രതിസന്ധികള്‍ വന്നാലും ശാന്തിവനം സത്യത്തിന്റെ അടയാളമായി എന്നില്‍ സദാ വര്‍ത്തിക്കും'' ഉത്തര കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും ചില സംഘടനകളിലൂടെയും ഒരുപാടുപേര്‍ പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തോടെ ഒന്നിക്കുന്നുണ്ട് എന്നത് സന്തോഷകരമായ കാര്യം തന്നെയാണ്. എന്നാല്‍, അവയില്‍ ചിലതിന്റെയെങ്കിലും പ്രവര്‍ത്തനം എത്രത്തോളം ഫലവത്താണെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.


അധികാരകേന്ദ്രങ്ങള്‍ പരിസ്ഥിതി ബോധവല്‍ക്കരണം ഫലപ്രദമായി കുട്ടികളിലടക്കം നടത്തിയാല്‍ പ്രകൃതിയോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകും. ഇപ്പോള്‍ സമൂഹത്തില്‍ സുസ്ഥിര ജീവിതരീതികള്‍ (Sustainable lifestyle) വളരെ ആവേശത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ പ്രവണത തുടരുകയാണെങ്കില്‍ സ്വാഭാവികമായും മനുഷ്യന്‍ തന്റെ നിലനില്‍പ്പിനായി പ്രകൃതിയെ സംരക്ഷിക്കാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും ശ്രമിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ മനുഷ്യരായ നമ്മള്‍ ഭാവിയില്‍ പ്രകൃതിയുടെ മുറിവുകള്‍ ഉണക്കുമെന്നും ശാന്തിവനംപോലുള്ള സംരക്ഷിതമേഖലകളെ യാതൊരു ചൂഷണങ്ങള്‍ക്കും ഇനിയെങ്കിലും വിട്ടുനല്‍കില്ല എന്നും നമുക്കു പ്രത്യാശിക്കാം.    ?

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
 ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com