ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ല; നടത്തിപ്പുകാര്‍ക്ക് സര്‍ക്കാര്‍ കൊടുക്കാനുള്ളത് 90 കോടി രൂപ; അത്യാസന്നനിലയില്‍ 108 ആംബുലന്‍സ്

രണ്ട് മാസമായി ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ സമരത്തില്‍
108 Ambulance workers to go on strike
108 ആംബുലൻസ് പ്രതീകാത്മക ചിത്രം
Updated on
5 min read

ജീവന്‍രക്ഷാ മരുന്നുകള്‍പോലെയാണ് 108 ആംബുലന്‍സ് സേവനങ്ങളും; മുടങ്ങിപ്പോകാന്‍ പാടില്ലാത്തവിധം അവ ജീവന്‍രക്ഷാപ്രവര്‍ത്തനങ്ങളുടെ നിര്‍ണ്ണായകമായ ആദ്യ മണിക്കൂറിന്റെ ഭാഗമാണ്. റോഡപകടങ്ങളില്‍പ്പെടുന്നവരുടെ മാത്രമല്ല, അടിയന്തര ചികിത്സ വേണ്ടിവരുന്ന രോഗികളുടേയും ജീവന്‍ കയ്യിലെടുത്ത് ഏറ്റവും വേഗത്തില്‍ ഏറ്റവുമടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നവര്‍.

കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കു കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേയ്ക്കുള്ള മാറ്റത്തിനും വേഗവും കരുതലും കൈവിടാത്തവര്‍. വിവിധ സാമൂഹിക സംഘടനകളുടേയും സന്നദ്ധസംഘടനകളുടേയുമൊക്കെ ആംബുലന്‍സുകള്‍ നിരവധിയുണ്ട് കേരളത്തില്‍. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സുസജ്ജമായ, ഈ സമ്പൂര്‍ണ്ണ സൗജന്യ ആംബുലന്‍സുകള്‍ മറ്റ് ഏതു പൊതുമേഖലാ സേവനങ്ങളേക്കാള്‍ അഞ്ചു വര്‍ഷമായി കേരളത്തിനു സുപരിചിതം.

എല്ലാ ജില്ലകളിലുമായി 315 ആംബുലന്‍സുകള്‍, അവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 1200-ഓളം ജീവനക്കാര്‍. അവരുടെ ശമ്പളം ഇപ്പോള്‍ തുടര്‍ച്ചയായി മുടങ്ങുന്നു. ആരോഗ്യവകുപ്പിനു കീഴിലുള്ള കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്‍ ലിമിറ്റഡും (കെ.എം.എസ്.സി.എല്‍) 108-ന്റെ നടത്തിപ്പ് ഏല്പിച്ചിരിക്കുന്ന സ്വകാര്യ ഏജന്‍സി ജി.വി.കെ ഇ.എം.ആര്‍.ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വ്വീസും തമ്മിലുള്ള കരാര്‍ പുതുക്കാത്തതും കേന്ദ്ര, കേരള സര്‍ക്കാരുകളില്‍നിന്നു ലഭിക്കേണ്ട പണം പത്തു മാസമായി മുടങ്ങിയതുമാണ് കാരണം. 100 കോടി രൂപയാണ് കുടിശ്ശിക. ഇടയ്‌ക്കൊരു പത്തുകോടി കൊടുത്തു. അതുകഴിഞ്ഞ് ഒരുമാസമായപ്പോള്‍ കൊടുക്കാനുള്ള തുക വീണ്ടും 100 കോടിയായി. കേന്ദ്രസര്‍ക്കാരിനുവേണ്ടി ഈ പദ്ധതിയുടെ ഭാഗമായ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.എം) നല്‍കേണ്ടതാണ് ഇതില്‍ 50 കോടിയോളം രൂപ. പക്ഷേ, ആംബുലന്‍സുകള്‍ ഇപ്പോഴും ഓടുന്നുണ്ട്. ശമ്പളം മുടങ്ങിയിട്ടും ജീവനക്കാര്‍ ജോലി ചെയ്യുന്നു. നവംബര്‍ ആദ്യവാരത്തിനപ്പുറം ഈ സ്ഥിതിയും തുടരില്ല എന്ന നിലയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.

ധന, ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ ഇടപെടലില്‍ കെ.എം.എസ്.സി.എല്‍, ഇ.എം.ആര്‍.ഐ പ്രതിനിധികളും 108 ആംബുലന്‍സ് ജീവനക്കാരുടെ വിവിധ സംഘടനാ പ്രതിനിധികളും ഉള്‍പ്പെട്ട ചര്‍ച്ചകള്‍ പലവട്ടം നടന്നു. ശമ്പളം കിട്ടാതെ മൂന്നാം മാസത്തിലേയ്ക്കു കൂടി കടന്നാല്‍ പണിമുടക്കാന്‍ ജീവനക്കാര്‍ക്കിടയില്‍ സമ്മര്‍ദ്ദമുണ്ട്. പക്ഷേ, ഒരു ദിവസംപോലും സര്‍വ്വീസ് മുടങ്ങരുതെന്നും അതുണ്ടാക്കാവുന്ന പ്രത്യാഘാതം പിന്നീട് പരിഹരിക്കാനാകില്ലെന്നും ജീവനക്കാര്‍ക്ക് ബോധ്യവുമുണ്ട്. അവരും കെ.എം.എസ്.സി.എല്ലും ഇ.എം.ആര്‍.ഐയും ധനവകുപ്പും ധനമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തില്‍ ഒരേ നിലപാടിലാണ്. സാമ്പത്തിക പ്രതിസന്ധി എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ടാണ് അവരെല്ലാവരും ഈ വിഷയത്തെ സമീപിക്കുന്നത്. പക്ഷേ, വാനുകളുടെ ലീസ് തുക, ഇന്ധനച്ചെലവ് തുടങ്ങിയവയും ഈ ശമ്പളം മാത്രം ആശ്രയിച്ചു ജീവിക്കുന്ന ജീവനക്കാരുടെ കുടുംബങ്ങളിലെ ബുദ്ധിമുട്ടുകളും ചേര്‍ന്ന് '108'-നെ പ്രതിസന്ധിയിലാക്കുന്നു.

ജീവനക്കാര്‍ നടത്തിയ സൂചനാപണിമുടക്ക്
ജീവനക്കാര്‍ നടത്തിയ സൂചനാപണിമുടക്ക്Center-Center-Trivandrum

ആരുടെ ബ്രാന്റിംഗ്

2023 ഡിസംബര്‍ മുതലുള്ള കുടിശ്ശികയാണ് 100 കോടി. 10 കോടി കൊടുത്തത് പ്രവര്‍ത്തനച്ചെലവിലേക്കു മാത്രമാണ് പ്രയോജനപ്പെട്ടത്. അതായത്, ഇന്ധനം നിറയ്ക്കാനും നേരത്തെ നിറച്ചതിന്റെ കുടിശ്ശിക തീര്‍ക്കാനും വാനുകള്‍ ലീസിനു നല്‍കിയ ഏജന്‍സിയുടെ കുടിശ്ശിക തീര്‍ക്കാനും മറ്റും ഈ തുക വിനിയോഗിച്ചു. കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ അവര്‍ വാനുകള്‍ പിടിച്ചെടുക്കും എന്ന് അറിയിച്ചെന്നാണ് ഇ.എം.ആര്‍.ഐ പറയുന്നത്. മരുന്നുകളുടേയും മെക്കാനിക്കല്‍ ജോലികള്‍ ചെയ്തതിന്റേയും ഉള്‍പ്പെടെ കുടിശ്ശിക ഉണ്ടായിരുന്നു. ജീവനക്കാരുടെ ശമ്പളമാണ് ഇനി ബാക്കി. കേന്ദ്രസര്‍ക്കാരിന്റെ ശ്വാസംമുട്ടിക്കലിന്റെ തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത് കെ.എം.എസ്.സി.എല്ലിനു ഫണ്ട് അനുവദിക്കുന്നതിനെ ബാധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം എന്‍.എച്ച്.എം പദ്ധതികളില്‍ നിര്‍ബ്ബന്ധമായും വയ്ക്കുന്നതു സംബന്ധിച്ച കേന്ദ്രനിര്‍ദ്ദേശം കേരളം അംഗീകരിക്കാന്‍ വിസമ്മതിച്ചത് 108-ന്റെ കേന്ദ്രവിഹിതത്തിനും തടസ്സമായി. എന്‍.എച്ച്.എം വിഹിതവും കെ.എം.എസ്.സി.എല്‍ മുഖേനയാണ് നല്‍കുന്നത്. തുടക്ക വര്‍ഷത്തില്‍ 60 ശതമാനവും അടുത്ത വര്‍ഷം 40 ശതമാനവും മൂന്നാം വര്‍ഷം 20 ശതമാനവുമായിരുന്നു എന്‍.എച്ച്.എം വിഹിതം. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു വാനിന് ഇത്ര രൂപയെന്ന നിരക്കിലാണ് കൊടുക്കുന്നത്. അതുതന്നെ ഇപ്പോള്‍ കുടിശ്ശികയാണ്. സംസ്ഥാന ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വിവിധ എന്‍.എച്ച്.എം പദ്ധതികള്‍ക്ക് വിഹിതം നല്‍കാതിരിക്കുന്നതിന്റെ ഭാഗമാണ് ഇതും. ആരോഗ്യമന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു: '108 ആംബുലന്‍സ് സേവനങ്ങള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടവരുത്തില്ല. ഇക്കാര്യത്തില്‍ ഇ.എം.ആര്‍.ഐയുടെ സഹകരണം ആരോഗ്യവകുപ്പ് ഉറപ്പുവരുത്തുന്നുണ്ട് എന്നാണ് മന്ത്രി അറിയിച്ചത്. കുടിശ്ശിക ഒന്നിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഘട്ടംഘട്ടമായി കൊടുത്ത് പ്രതിസന്ധി പരിഹരിക്കും. കേന്ദ്രം എന്‍.എച്ച്.എം ഫണ്ട് തരാത്തതും ഗൗരവമുള്ള വിഷയമാണ്'' അദ്ദേഹം വ്യക്തമാക്കുന്നു. ധനമന്ത്രിയുമായി മന്ത്രിതലത്തില്‍ നിരന്തരം ഇടപെട്ട് പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുകയാണെന്ന് കുറേ ശ്രമിച്ചപ്പോള്‍ ആരോഗ്യമന്ത്രിയുടെ ഓഫീസും പ്രതികരിച്ചു. ഈ വിഷയത്തില്‍ ഉത്തരവാദിത്വത്തോടെ പ്രതികരിക്കേണ്ട കെ.എം.എസ്.സി.എല്‍ ജനറല്‍ മാനേജര്‍ ഡോ. ഷിബുലാല്‍ ഇപ്പോള്‍ പ്രതികരിക്കാറില്ല.

ബില്‍ സമര്‍പ്പിച്ച് പത്തു ദിവസത്തിനുള്ളില്‍ പണം അനുവദിക്കും എന്നാണ് ഇ.എം.ആര്‍.ഐയും കെ.എം.എസ്.സി.എല്ലും തമ്മിലുള്ള കരാറിലെ വ്യവസ്ഥ. ഒന്‍പതു മാസം ഒരുവിധം ഓടിച്ചുകൊണ്ടുപോയി എന്നും ഇനി പണം കിട്ടാതെ കഴിയില്ലെന്നുമാണ് ഇ.എം.ആര്‍.ഐ നിലപാട്. ''കെ.എം.എസ്.സി.എല്ലും ഞങ്ങളും പ്രതിസന്ധി പരിഹരിക്കാന്‍ കൂട്ടായി ശ്രമിക്കുകയാണ്. ഇത്തരമൊരു ജീവന്‍രക്ഷാ പദ്ധതി ഒരു ദിവസംപോലും നിലച്ചു പോകാതിരിക്കാനാണ് ശ്രമിക്കുന്നത്'' ഇ.എം.ആര്‍.ഐ പറയുന്നു. 2023 ഡിസംബര്‍ വരെ വലിയ കുഴപ്പമില്ലാതെയാണ് പൊയ്‌ക്കൊണ്ടിരുന്നത്. പ്രതിമാസ തുക ഇടയ്ക്ക് വൈകാറുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെപ്പോലെ പ്രതിസന്ധിയിലേയ്ക്ക് എത്തിയിരുന്നില്ല.

സംസ്ഥാനത്ത് ആയിരക്കണക്കിനു സ്വകാര്യ ആംബുലന്‍സുകളുണ്ട്, അവ പ്രധാനമായും മൃതദേഹങ്ങള്‍ വഹിക്കുക, കിടപ്പിലായ രോഗികളെ വീട്ടിലേക്കോ ആശുപത്രിയിലേക്കോ ലബോറട്ടറികളിലേക്കോ കൊണ്ടുപോകുന്നതുപോലുള്ള ആവശ്യങ്ങള്‍ക്കാണ് ഉപയോഗപ്പെടുന്നത്. സ്വകാര്യ ആംബുലന്‍സുകളും അമിതനിരക്ക് ഈടാക്കുന്നതിനെക്കുറിച്ചുള്ള പരാതികള്‍ നിലനില്‍ക്കുമ്പോഴാണ് 108 പൂര്‍ണ്ണമായും സൗജന്യസേവനം നല്‍കുന്നത്.

S SENBAGAPANDIYAN

നിലയ്ക്കുമോ ജീവന്‍ 'രക്ഷ'

കെ.എം.എസ്.സി.എല്‍ ഇ.എം.ആര്‍.ഐയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നതെങ്കിലും കോര്‍പറേഷന്‍ തലത്തില്‍ മാത്രമായി തീരുമാനമെടുക്കാന്‍ കഴിയില്ല. പണം സര്‍ക്കാരില്‍നിന്നു വരണം. കാത്തിരിക്കാതെ രക്ഷയില്ല. ആരോഗ്യവകുപ്പിനു മൊത്തത്തില്‍ ഒരു ഉദാസീനതയുണ്ട്. നിലയ്ക്കുന്നെങ്കില്‍ അങ്ങനെയാകട്ടെ എന്ന സമീപനം അവരുടെ പ്രതികരണങ്ങളിലും പ്രകടമാണ്. പക്ഷേ, ഇത് ഇങ്ങനെ പോകണോ ക്രമേണ നിര്‍ത്തണോ എന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കണമെങ്കില്‍ത്തന്നെയും രാഷ്ട്രീയ തീരുമാനമുണ്ടാകേണ്ടതുണ്ട്. 108 സര്‍വ്വീസ് തുടരണോ എന്ന് ഇടതുമുണി തീരുമാനമെടുക്കേണ്ട സ്ഥിതിയിലാണ് കാര്യങ്ങള്‍. ഉടനേത്തന്നെ ടെന്‍ഡര്‍ വിളിച്ച് കരാര്‍ പുതുക്കി നല്‍കുകയാണ് വേണ്ടത്. പദ്ധതി മുന്നോട്ടു പോകണം എന്നാണ് പൊതുവികാരം. ഇ.എം.ആര്‍.ഐയ്ക്കു പാരാമെഡിക്കല്‍ ജീവനക്കാരുടെ കുറവുള്ളതുകൊണ്ട് ഇടയ്ക്കിടെ അവര്‍ നിയമനം നടത്തുന്നുമുണ്ട്. ശമ്പളം വൈകുന്നതുകൊണ്ടും സമയം പാലിക്കുന്ന കാര്യത്തിലെ സമ്മര്‍ദ്ദങ്ങളുമൊക്കെ കാരണം സ്വാഭാവികമായും ജീവനക്കാരുടെ കൊഴിഞ്ഞുപോക്കുമുണ്ട്. ഒരൊറ്റ ആംബുലന്‍സ് പോലും മുടക്കിയിടാന്‍ പാടില്ലാത്തതുകൊണ്ട് പകരം ജീവനക്കാരെ വേഗം നിയമിക്കും.

2024 മെയ് മൂന്നിനാണ് അഞ്ചു വര്‍ഷത്തെ ടെന്‍ഡര്‍ കഴിഞ്ഞത്. മൂന്നു മാസത്തേയ്ക്കുകൂടി നീട്ടിക്കൊടുത്തു. ആ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിച്ചു. അതിനുശേഷവും നവംബര്‍ മൂന്നു വരെ കരാര്‍ നീട്ടാന്‍ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി അറിയുന്നു എന്നാണ് ഇ.എം.ആര്‍.ഐ പറയുന്നത്. പക്ഷേ, അതു രേഖാമൂലം കിട്ടിയിട്ടില്ല. ഫലത്തില്‍ കരാറില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത ഒരു ടെന്‍ഡര്‍ വിളിച്ച് പുതിയൊരു കമ്പനി വരുന്നതുവരെയുള്ള കാലയളവില്‍ ആംബുലന്‍സ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് കരാര്‍ കാലാവധി കഴിഞ്ഞിട്ടും നീട്ടിക്കൊടുത്തു മുന്നോട്ടു പോകുന്നത് എന്നാണ് വിശദീകരണം. മറ്റൊരു കമ്പനിക്കാണ് കരാര്‍ കിട്ടുന്നതെങ്കില്‍ ഇത്രയും ആംബുലന്‍സുകള്‍ വാങ്ങിയോ ലീസിന് എടുത്തോ ഓടിത്തുടങ്ങാന്‍ മൂന്നു നാലു മാസമെടുക്കും. അതുവരെ നിലവിലെ കമ്പനിക്ക് തുടരാന്‍ അനുമതി നല്‍കുകയാണ്.

പുതിയ ടെന്‍ഡര്‍ വിളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒരു വശത്തു നടക്കുന്നുമുണ്ട്. ഇടയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലിരുന്നതുകൊണ്ടാണ് പുതിയ ടെന്‍ഡര്‍ നടപടി വൈകിയത്.

ശമ്പളം വൈകുന്നതിനെതിരെ കഴിഞ്ഞ ജൂലൈയില്‍ ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചപ്പോള്‍, അവശ്യ സേവനാവിഭാഗം ആയതുകൊണ്ട് സമരം ചെയ്യാന്‍ പാടില്ല എന്ന് ചൂണ്ടിക്കാട്ടി വിലക്കുകയാണ് ചെയ്തത്. തിരുവനന്തപുരം കഴക്കൂട്ടത്ത് ടെക്‌നോപാര്‍ക്കിലെ ഇ.എം.ആര്‍.ഐ ആസ്ഥാനത്ത് എത്തി ജീവനക്കാരുടേയും യൂണിയനുകളുടേയും പ്രതിനിധികള്‍ സമരവിവരം അറിയിച്ചപ്പോഴായിരുന്നു ഇത്. അവശ്യ സേവനാവിഭാഗത്തിന്റെ പ്രതിഷേധം വിലക്കുമ്പോള്‍ അവര്‍ക്ക് ശമ്പളം മുടങ്ങാതിരിക്കാനുള്ള ഉത്തരവാദിത്വം കൂടി കമ്പനിക്കുണ്ടെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്കല്ല സര്‍ക്കാരിനാണ് ഈ ഉത്തരവാദിത്വമെന്നാണ് കമ്പനിയുടെ പ്രതികരണം.

നിസഹായതയും സമരവും

ശമ്പളം കുറേ മാസങ്ങളായി വൈകുന്നുണ്ട്. സര്‍ക്കാരില്‍നിന്നു പണം കിട്ടിയാല്‍ മാത്രമേ ശമ്പളം കൃത്യമായി കിട്ടുകയുള്ളൂ എന്നു നിയമിക്കുമ്പോള്‍ ആരോടും പറയുന്നില്ല. ഇ.എം.ആര്‍.ഐ ആണ് നിയമിക്കുന്നതും ശമ്പളം കൊടുക്കുതും. ഏഴിന് ശമ്പളം ഉറപ്പായും നല്‍കും എന്നാണ് മുന്‍പ് ശമ്പളം മുടങ്ങിയപ്പോള്‍ ഇടപെട്ട യൂണിയന്‍ നേതൃത്വത്തോട് പറഞ്ഞിരുത്. അതു പാലിക്കാറില്ല. 20-നും 25-നുമൊക്കെയാണ് ശമ്പളം കൊടുക്കുന്നത്. അപകടക്കേസുകള്‍ എടുക്കാതിരിക്കില്ലെങ്കിലും ഒരു ആശുപത്രിയില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം രോഗിയെ കൊണ്ടുപോകുന്നത് (ഐ.എഫ്.റ്റി-ഇന്റര്‍ ഫെസിലിറ്റി ട്രാന്‍സ്ഫര്‍) ചെയ്യാതിരിക്കുകയാണ് ഇടയ്ക്കു ചെയ്തത്. അപ്പോഴാണ് ശമ്പളക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. ഇപ്പോഴാണെങ്കില്‍, ശമ്പളം മുടങ്ങിയിട്ട് രണ്ടു മാസമായെങ്കിലും യൂണിയനുകള്‍ കാര്യമായ ഇടപെടല്‍ നടത്തുന്നുമില്ല. പ്രധാന യൂണിയന്‍ സി.ഐ.ടി.യുവിന്റേതാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി അറിയാവുന്നതുകൊണ്ട് അവര്‍ സമരത്തിലേക്കു പോകാന്‍ തയ്യാറല്ല. ഒക്ടോബര്‍ 28-ന് തിരുവനന്തപുരത്ത് ചര്‍ച്ച നടന്നിരുന്നു. അതിലും സി.ഐ.ടിയും പ്രതിനിധികള്‍ പങ്കെടുത്തു. പക്ഷേ, പരിഹാരത്തെക്കുറിച്ചു ധാരണയില്ല. കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് ഒരിക്കല്‍പ്പോലും ശമ്പളം കൃത്യമായി കൊടുക്കാതെ ജീവനക്കാരെ ബുദ്ധിമുട്ടിച്ചതിനു തുടര്‍ച്ചയായാണ് ഇപ്പോള്‍ ശമ്പളം മുടങ്ങി അവര്‍ നിസ്സഹായാവസ്ഥയില്‍ പെട്ടിരിക്കുന്നത്. ഇത് അറിയാവുന്ന യൂണിയന്‍ ജീവനക്കാര്‍ക്കൊപ്പം തന്നെയാണെങ്കിലും നിസ്സഹായതയാണ് ബാക്കി.

ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും ഈ ശമ്പളം ആശ്രയിച്ചു കുടുംബം പുലര്‍ത്തുന്നവരാണ്. ഭവന, വാഹന, വിദ്യാഭ്യാസ വായ്പകളുടേയും മറ്റും പ്രതിമാസ അടവ് മുടങ്ങുന്നതിന്റെ പ്രശ്‌നങ്ങള്‍, വിഷമങ്ങള്‍; കയ്യില്‍ കാശില്ലാത്തതുകൊണ്ട് ദൈനംദിന കാര്യങ്ങള്‍ വിഷമത്തിലാകുന്നതുകൊണ്ട് വീട്ടിലേയ്ക്കു പോകാന്‍പോലും മടിക്കുന്നത് തുടങ്ങി ഈ ആംബുലന്‍സ് ജീവനക്കാരുമായി സംസാരിച്ചാല്‍ അറിയാന്‍ കഴിയുന്ന ജീവിതാവസ്ഥകള്‍ സങ്കടപ്പെടുത്തുന്നതാണ്.

108 വന്ന ശേഷം ആളുകള്‍ക്ക് അപകടഘട്ടങ്ങളില്‍ കൂടുതല്‍ വേഗത്തിലും ശ്രദ്ധയോടെയുമുള്ള ഇടപെടല്‍ ഉണ്ടാകുന്നുണ്ട് എന്നാണ് പൊലീസുകാരും ആശുപത്രി ജീവനക്കാരും മറ്റും ചൂണ്ടിക്കാട്ടുന്നത്. പക്ഷേ, 108 പൂര്‍ണ്ണമായും സൗജന്യമാണെന്ന് ഇപ്പോഴും പല ആളുകള്‍ക്കും അറിയില്ലെന്ന് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ''അപകടഘട്ടങ്ങളില്‍ 108-ലേക്കു വിളിച്ചാല്‍ എപ്പോഴും നിങ്ങളെ സഹായിക്കുന്നതിന് ഓടിയെത്താന്‍ ഞങ്ങള്‍ തയ്യാറാണ്. കൊവിഡ് കാലത്താണ് 108 ആംബുലന്‍സുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അതുകൊണ്ട്, ആ കാലത്തേയ്ക്കു മാത്രമുള്ളതായിരുന്നു 108 എന്ന തെറ്റിദ്ധാരണയും സമൂഹത്തിലുണ്ട് അതൊന്നും ശരിയല്ല'' -അവരുടെ വാക്കുകള്‍.

അതിനിടെ, വാഹനങ്ങള്‍ പലതും അഞ്ചു വര്‍ഷമായി ഓടി പരമാവധി ഉപയോഗിച്ചവയാണ്. രണ്ടും മൂന്നും ലക്ഷം കിലോമീറ്റര്‍ ഓടിക്കഴിഞ്ഞ ഇവ മാറ്റേണ്ട സമയമായി. ഒരു മണിക്കൂറിലധികം ജി.പി.എസ് ലൈവിനു പുറത്തായിരിക്കാന്‍ പാടില്ലെന്ന നിബന്ധന കരാറില്‍ ഉള്ളതുകൊണ്ട് കൂടുതല്‍ നേരം വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുചെന്നിട്ട് നന്നാക്കാനും പറ്റില്ല. ലീസ് നല്‍കിയ കമ്പനിക്ക് പണം മുടങ്ങുന്നതുകൊണ്ട് വാനുകള്‍ മാറ്റി വാങ്ങുന്നതിനു ശക്തമായി ഇടപെടാന്‍ ഇ.എം.ആര്‍.ഐയ്ക്ക് കഴിയുന്നുമില്ല. പ്രതിസന്ധി പരമാവധി പെരുപ്പിച്ചു കാണിച്ച് അടുത്ത കരാറും തങ്ങള്‍ക്കു തന്നെ ഉറപ്പാക്കാനുള്ള തത്രപ്പാടിലാണ് ഇ.എം.ആര്‍.ഐ എന്നാണ് ജീവനക്കാരുടെ വിമര്‍ശനം.

സര്‍ക്കാര്‍ ഫണ്ട് നല്‍കുകയോ ഓഗസ്റ്റ് മാസം മുതല്‍ കരാര്‍ നീട്ടിക്കൊടുക്കുകയോ ചെയ്യാത്തതുകൊണ്ട് ആംബുലന്‍സുകള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെയ്ക്കുന്നതിനോ 150 ആംബുലന്‍സുകളായി കുറയ്ക്കുകയോ ചെയ്യാന്‍ ആലോചിക്കുന്നതായി നേരത്തെ ഇ.എം.ആര്‍.ഐ കേരള മേധാവി അറിയിച്ചതായി ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചിരുന്നു. തൊഴില്‍ നഷ്ടമുണ്ടാകുകയാണെങ്കില്‍ വലിയ സമരങ്ങള്‍തന്നെ സംഘടിപ്പിക്കേണ്ടിവരുമെന്ന് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.,യു) പ്രതിനിധിയുടേതായി മെസ്സേജ്. വന്നപ്പോഴാണ് മൂന്നു മാസത്തേയ്ക്ക് കരാര്‍ നീട്ടിയതും താല്‍ക്കാലികമായി ശമ്പളം കിട്ടിയതും.

ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) കഴിഞ്ഞ ജൂലൈയില്‍ ഇ.എം.ആര്‍.ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വ്വീസിന് ഒരു നിവേദനം നല്‍കിയിരുന്നു.

ശമ്പളം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 3.84 കോടി രൂപ നല്‍കിയതിനേത്തുടര്‍ന്ന് 54 ലക്ഷം രൂപ ശമ്പളം ഇനത്തില്‍ നല്‍കാമെന്ന് കെ.എം.എസ്.സി.എല്‍ ഉറപ്പു നല്‍കിയിട്ടും ജീവനക്കാരുടെ വേതനം ഇ.എം.ആര്‍.ഐ നിഷേധിക്കുന്നതായാണ് അതില്‍ ചൂണ്ടിക്കാണിച്ചത്. ''ഇതിനെതിരെ ജൂലൈ 21 മുതല്‍ ഐ.എഫ്.റ്റി കേസുകള്‍ എടുക്കാതെ സമരം തുടര്‍ന്നുകൊണ്ടും എടുക്കുന്ന എമര്‍ജന്‍സി കേസുകളുടെ എണ്ണം കമ്പനി ഫോണില്‍ രേഖപ്പെടുത്താതേയും കാള്‍ സെന്ററില്‍ നല്‍കാതേയും സമരം തുടരും'' എന്നാണ് മുറിയിപ്പ് നല്‍കിയത്. ശമ്പളം ലഭിച്ച ശേഷം വിവരങ്ങള്‍ ലോഗ് ബുക്കില്‍നിന്നു ശേഖരിക്കാം; ജീവനക്കാര്‍ ഈ വിവരങ്ങള്‍ കാള്‍ സെന്ററില്‍ നല്‍കില്ലെന്നും അറിയിച്ചു. ജൂലൈ 23-നു സൂചനാപണിമുടക്കും പ്രഖ്യാപിച്ചു.

അന്നുണ്ടാക്കിയ താല്‍ക്കാലിക പരിഹാരത്തിലാണ് ഇപ്പോഴും 108 ആംബുലന്‍സുകള്‍ ഓടുന്നത്. പക്ഷേ, ഇനി താല്‍ക്കാലിക പരിഹാരങ്ങളില്‍ കാര്യമില്ലെന്നതാണ് സ്ഥിതി. ജീവന്‍രക്ഷയുടെ ഈ വേഗതയും കരുതലും നിലച്ചുപോകാതിരിക്കാനുള്ള ഉത്തരവാദിത്വത്തിന് കേരളത്തിലെ റോഡുകളില്‍ വീഴുന്ന നിരപരാധികളായ മനുഷ്യരുടെ ജീവന്റെ വിലയുണ്ട്.

108 Ambulance workers to go on strike
ശമ്പളം ഇല്ല; 108 ആംബുലന്‍സ് ജീവനക്കാര്‍ നാളെ മുതല്‍ സമരത്തിലേക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com