

കേരളത്തിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകരുടെ പൊതു സ്ഥലംമാറ്റത്തിലെ അധാര്‍മ്മികതയെക്കുറിച്ചു ഗവണ്‍മെന്റിനോടു ചോദിച്ചു നോക്കൂ: നിലവിലെ മാനദണ്ഡങ്ങള്‍ തെറ്റിച്ചിട്ടില്ല എന്നു പറയും. 2019-ല്‍ പരിഷ്‌കരിച്ച മാനദണ്ഡങ്ങളുടെ വിശദാംശങ്ങളെക്കുറിച്ചു ചോദിച്ചാല്‍, അതിലെ വ്യവസ്ഥകള്‍ മാത്രം പാലിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിയെക്കുറിച്ചു പറയും. പക്ഷേ, അദ്ധ്യാപകരില്‍ വലിയൊരു വിഭാഗം സ്ഥലംമാറ്റത്തില്‍ അഭിമുഖീകരിക്കുന്ന അനീതിയുടെ നേരനുഭവം ഈ പറയുന്ന മാനദണ്ഡങ്ങളേയും വിധിവാചകങ്ങളേയും മറികടക്കുന്നവിധം സങ്കടപ്പെടുത്തുന്നതാണ്. പൊതുവിദ്യാഭ്യാസ മന്ത്രിക്കും വകുപ്പിനും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിനും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഈ അദ്ധ്യാപകരുടെ ജീവിതാവസ്ഥകളോടു ചേര്‍ന്നുനില്‍ക്കാനുള്ള കാരുണ്യത്തിന്റെ കണികപോലുമില്ല; അവരെ കേള്‍ക്കാന്‍പോലും താല്പര്യമില്ല; നീതിബോധവും മനുഷ്യത്വവും വട്ടപ്പൂജ്യം. സാങ്കേതികത്വം മാത്രം നോക്കിയാണ് അവരുടെ നടപടികള്‍; മാത്രമല്ല, പെരുമാറ്റവും. അതുകൊണ്ടാണ് സ്വന്തം വീടും നാടും വിട്ടു വിദൂര ജില്ലകളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ ബുദ്ധിമുട്ടുകള്‍ അവര്‍ക്കൊരു പ്രശ്‌നമല്ലാത്തത്. മന്ത്രിയുടെ ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട ചുമതലയുള്ളവര്‍ക്കു സാമാന്യ ധാരണയുമില്ല; കൊല്ലുന്ന മന്ത്രിക്കു തിന്നുന്ന ഡയറക്ടര്‍ കൂട്ട് എന്നു പറയാവുന്നതാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ സമീപനം. മാനദണ്ഡങ്ങളിലെ ഭേദഗതിക്കു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു ഉദ്യോഗസ്ഥ തല സമിതി രൂപീകരിച്ചിട്ടുണ്ട്. അവര്‍ക്കു നല്‍കിയിരിക്കുന്ന പരിഗണനാവിഷയങ്ങളും സമയപരിധിയും ഏതു വിധമാണെന്നതില്‍ത്തന്നെയുണ്ട് അവ്യക്തത. നടപടികള്‍ സ്വീകരിച്ചു വരികയാണ് എന്നാണ് മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം; 130-ഓളം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ ഒഴിവു നികത്തുന്നതിലെ കാലതാമസത്തെക്കുറിച്ചു എന്നു ചോദിച്ചാലും ഇതുതന്നെ പ്രതികരണം.
നിയമസഭയില്‍ മറുപടി കൊടുക്കുന്നതുപോലെ, ചോദ്യം നേരിട്ടു പരാമര്‍ശിക്കുകപോലും ചെയ്യാതെ ഉണ്ട്, ഇല്ല, പരിഗണിച്ചു വരുന്നു എന്ന മട്ടിലുള്ള ഈ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് ഒരു മനോഭാവമാണ്. എന്തെങ്കിലുമാകട്ടെ, എങ്ങനെയെങ്കിലുമാകട്ടെ എന്ന അതേ മനോഭാവം.
ചങ്ങനാശ്ശേരിയിലെ പറപ്പിക്കല്‍
കോട്ടയം ജില്ലയിലെ ചങ്ങനാശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ച് അദ്ധ്യാപികമാരെ കഴിഞ്ഞ ജൂണില്‍ വിദൂര ജില്ലകളിലേക്കു നിന്നനില്‍പ്പില്‍ സ്ഥലം മാറ്റിയത് വലിയ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. മൂന്നുപേരെ വയനാട്ടിലേയ്ക്കും ഒരാളെ കണ്ണൂരിലേയ്ക്കും മറ്റൊരാളെ കോഴിക്കോട്ടേയ്ക്കുമാണ് മാറ്റിയത്. കേരളത്തില്‍ എവിടേയ്ക്കും എപ്പോഴും മാറ്റപ്പെടാവുന്ന വിധത്തില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റ വ്യവസ്ഥകള്‍ അദ്ധ്യാപകവിരുദ്ധവും മനുഷ്യത്വരഹിതവുമാണ് എന്നുകൂടിയാണ് അന്നു ചൂണ്ടിക്കാണിക്കപ്പെട്ടത്.
ചില വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനു സ്പെഷ്യല്‍ ക്ലാസ്സുകള്‍ നടത്താന്‍ ചങ്ങനാശ്ശേരി എം.എല്‍.എയും സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയും പി.ടി.എയും കൂട്ടായി എടുത്ത തീരുമാനത്തോട് സഹകരിച്ചില്ല എന്നാണ് ഇംഗ്ലീഷ്, ഫിസിക്‌സ്, കൊമേഴ്സ്, ബോട്ടണി, ഹിന്ദി അദ്ധ്യാപകരുടെ അടിയന്തര സ്ഥലംമാറ്റത്തിനു കാരണമായി പറഞ്ഞത്. അവരുടെ വിഷയങ്ങളിലെ റിസല്‍റ്റ് മെച്ചപ്പെടുത്താനുള്ള നടപടികളോട് അദ്ധ്യാപകര്‍ സഹകരിച്ചില്ല എന്നു ഡി.ജി.ഇയുടെ സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നു. ഈ അദ്ധ്യാപികമാര്‍ സ്റ്റാഫ് റൂമിലിരുന്ന് ഉറങ്ങി, അദ്ധ്യാപകര്‍ക്കു ചേരാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു എന്നീ ആക്ഷേപങ്ങളുമുണ്ടായിരുന്നു അതില്‍. എന്നാല്‍, ഇതു വാര്‍ത്തയും വിവാദവുമായതോടെ തിരുത്തിയ പുതിയ ഉത്തരവ് ഇറക്കി. അതില്‍ ജോബ് മൈക്കിള്‍ എം.എല്‍.എയുടെ ഇടപെടലിനെ പരാമര്‍ശിക്കുന്ന മുഴുവന്‍ ഭാഗങ്ങളും നീക്കിയിരുന്നു. മാത്രമല്ല, സ്റ്റാഫ് റൂമിലിരുന്ന് ഉറങ്ങിയെന്നും അദ്ധ്യാപകര്‍ക്കു ചേരാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു എന്നുമുള്ള പരാമര്‍ശങ്ങളും ഒഴിവാക്കി.
സ്റ്റാഫ് റൂമില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതിനേയും അതു ദുരുപയോഗം ചെയ്യുന്നതിനേയും കുറിച്ച് നേരത്തെ ഇവരിലൊരു അദ്ധ്യാപിക സംസ്ഥാന വനിതാ കമ്മിഷനു പരാതി കൊടുത്തിരുന്നു. വനിതാ കമ്മിഷന്‍ അംഗം സ്‌കൂള്‍ സന്ദര്‍ശിക്കുകയും സ്റ്റാഫ് റൂമിലെ ക്യാമറ അദ്ധ്യാപികമാരുടെ സ്വകാര്യതയ്ക്കു വിരുദ്ധമായതുകൊണ്ട് എടുത്തുമാറ്റാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിലെ പകവീട്ടലാണ് മറ്റൊരു കാരണം പറഞ്ഞ് 'പണിഷ്മെന്റ്' ട്രാന്‍സ്ഫര്‍ നടപ്പാക്കാന്‍ ഇടയാക്കിയത് എന്നാണ് അദ്ധ്യാപക സംഘടനകള്‍ അന്നു ചൂണ്ടിക്കാട്ടിയത്. റെഗുലര്‍ ക്ലാസ്സുകള്‍ നടക്കുന്നതിനിടെ സ്പെഷ്യല്‍ ക്ലാസ്സുകള്‍കൂടി വയ്ക്കുന്നത് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അമിതഭാരമാണ് എന്നതും ചര്‍ച്ചയില്‍ വന്നു.
2005 മുതല്‍ 2019 വരെ ഹയര്‍ സെക്കന്‍ഡറിയിലെ സ്ഥലംമാറ്റം വലിയ കുഴപ്പമില്ലാതെ നടന്നു വന്നതാണെന്നു ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ (എച്ച്.എസ്.ടി.എ) സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം. ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. ''തസ്തികകള്‍ എല്ലാം തന്നെ പൂര്‍ണ്ണമായി നികത്തിക്കഴിഞ്ഞപ്പോള്‍ തെക്കന്‍ ജില്ലകളില്‍നിന്നുള്ളവരുടെ എണ്ണം കൂടുതലായി. ഇപ്പോള്‍ മിക്കവാറും എല്ലാ ജില്ലകളിലും തുല്യമാണെങ്കിലും വിദൂര ജില്ലകളില്‍ നാലഞ്ച് വര്‍ഷം മറ്റു ജില്ലകളില്‍ ജോലിചെയ്ത ശേഷവും സ്വന്തം ജില്ലയില്‍ ജോലി ചെയ്യാന്‍ അവസരം കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതു മാറണം. വര്‍ഷങ്ങളായി പുറത്തു ജോലി ചെയ്യുന്നവര്‍ക്ക് ഇതര ജില്ലകളിലെ സേവന കാലയളവ് (ഹോം ഡിസ്ട്രിക്റ്റ് സര്‍വീസ്) കൂടുതലാണ്. അതുകൊണ്ട് പുതുതായി ജോലിക്കു കയറുന്നവര്‍ക്കു മറ്റു ജില്ലകളിലെ സേവന (ഔട്ട് സ്റ്റേഷന്‍ സര്‍വ്വീസ്) കാലത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലായിപ്പോകുന്നു. അതു മാറ്റിയെടുക്കുക എന്നതാണ് പ്രധാനം'' - അദ്ദേഹം പറയുന്നു.
നീതിക്കു പല പേര്?
എല്ലാ വര്‍ഷവും സ്ഥലംമാറ്റം നടന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടും എന്നാണ് അദ്ധ്യാപകരും സംഘടനാ നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോള്‍, രണ്ടും രണ്ടരയും മൂന്നും വര്‍ഷംകൊണ്ടാണ് സ്ഥലംമാറ്റ പ്രക്രിയ പൂര്‍ത്തിയാകുന്നത്; സമയബന്ധിതമായി നടക്കുന്നില്ല. അതിനു കാരണങ്ങള്‍ പലതാണ്; നോംസ്, കേസ്, മറ്റു തര്‍ക്കങ്ങള്‍ അങ്ങനെ പലതുകൊണ്ടും ഇതു നീണ്ടുപോകും. എല്ലാ വര്‍ഷവും സ്ഥലംമാറ്റം നടന്നാല്‍ ഈ അപാകതയും അനീതിയും പരിഹരിക്കപ്പെടും. മറ്റൊന്ന്, നിലവിലെ സ്ഥലംമാറ്റ മാനദണ്ഡങ്ങളില്‍ കാലോചിതമായി പരിഷ്‌കരണം വരുത്തുക എന്നതാണ്. 2019-ല്‍ ഭേദഗതി ചെയ്ത മാനദണ്ഡങ്ങളാണ് നിലവിലുള്ളത്. ഒരുവിധം എല്ലാവര്‍ക്കും സ്വന്തം ജില്ലയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്ന വിധത്തിലുള്ള മാറ്റം അതില്‍ വരുത്തണം. ഔട്ട് സ്റ്റേഷന്‍ സര്‍വ്വീസും ഹോം സ്റ്റേഷന്‍ സര്‍വ്വീസുമാണ് പ്രധാന വിഷയങ്ങള്‍. ഹയര്‍ സെക്കന്‍ഡറിയിലെ നിയമനങ്ങള്‍ സംസ്ഥാനാടിസ്ഥാനത്തിലായതുകൊണ്ട് ആദ്യത്തെ നിയമനം മറ്റു ജില്ലകളിലായിരിക്കും. മൂന്നു വര്‍ഷം പൂര്‍ത്തിയായവര്‍ക്കു സ്വന്തം ജില്ലയിലേയ്ക്കു വരാന്‍ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചു വര്‍ഷം പൂര്‍ത്തിയായവര്‍ നിര്‍ബ്ബന്ധമായും മാറണം. ആ സമയത്ത്, മറ്റു ജില്ലയിലെ സേവന കാലയളവ് പ്രധാന പരിഗണനയായി വരും. നിലവിലെ പലര്‍ക്കും മറ്റു ജില്ലകളിലെ കാലാവധി കൂടുതലായതുകൊണ്ട് അതു കുറവുള്ള, പിന്നീട് വന്നവര്‍ക്കു സ്വന്തം ജില്ലയിലേയ്ക്കു വരാന്‍ പറ്റുന്നില്ല. അതായത്, പഴയവരുടെ ഔട്ട് സ്റ്റേഷന്‍ സേവനം പരമാവധി പരിഗണിക്കപ്പെടുന്നുണ്ട്. അതില്‍ മാറ്റം വരുത്തണം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എങ്കില്‍ എല്ലാവര്‍ക്കും കുറച്ചുകാലമെങ്കിലും സ്വന്തം ജില്ലയില്‍ ജോലി ചെയ്യാന്‍ അവസരം കിട്ടും എന്നാണ് ഈ ആവശ്യം ഉന്നയിക്കുന്നവരുടെ വാദം. അതിന് എച്ച്.എസ്.ടി.എ മുന്നോട്ടു വെച്ചിരിക്കുന്ന നിര്‍ദ്ദേശം, അഞ്ചു വര്‍ഷം കഴിയുമ്പോള്‍ എല്ലാവരുടേയും ഔട്ട് സ്റ്റേഷന്‍ സേവനം 'പൂജ്യം' ആക്കുക എന്നതാണ്. പിന്നീട് അടുത്ത സ്ഥലംമാറ്റത്തില്‍ മറ്റു ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ക്കു സ്വന്തം ജില്ലയിലേയ്ക്കു വരാന്‍ അവസരം ലഭിക്കുകയും ചെയ്യുമെന്ന് അനില്‍ എം. ജോര്‍ജ് പറയുന്നു.
മറ്റൊന്ന്, 'പ്രയോറിറ്റി, കംപാഷണേറ്റ്' സ്ഥലംമാറ്റങ്ങളാണ്. പ്രത്യേക മുന്‍ഗണനകളും സവിശേഷ പരിഗണനകളും. ഭിന്നശേഷിക്കാരേയും ഭിന്നശേഷിക്കാരുടെ മാതാപിതാക്കളേയും ഉള്‍പ്പെടെ പ്രത്യേക മുന്‍ഗണന നല്‍കേണ്ട വിഭാഗമായി പരിഗണിക്കുന്നുണ്ട്. അവര്‍ക്കു നിശ്ചിത ശതമാനം സംവരണവുമുണ്ട്. ഇതു രണ്ടും കുഴപ്പങ്ങളില്ലാതെ പോകുന്നുണ്ട്.
സ്ഥലംമാറ്റത്തിലെ അനീതി നേരിട്ട് അനുഭവിച്ചവരാണ് കോടതിയില്‍ പോയത്. പക്ഷേ, നിലവിലെ മാനദണ്ഡങ്ങള്‍ എന്താണെന്നു മാത്രമേ കോടതി സ്വാഭാവികമായും പരിഗണിച്ചുള്ളൂ. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പുറപ്പെടുവിച്ച വിധിയില്‍നിന്നു വിരുദ്ധമായി നിലവിലെ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉയര്‍ത്തിപ്പിടിച്ചത്. അതിനനുസരിച്ചു സ്ഥലംമാറ്റം നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി. എങ്കിലും മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്നും ഭേദഗതിക്കു നടപടികള്‍ തുടങ്ങണമെന്നുമുള്ള ആവശ്യവും സര്‍ക്കാര്‍ കണക്കിലെടുത്തു. അങ്ങനെയാണ് കമ്മിറ്റിയെ വെച്ചത്. കഴിഞ്ഞ വര്‍ഷം തന്നെ രണ്ടു തവണ മന്ത്രിയും വകുപ്പും അദ്ധ്യാപക സംഘടനകളുടെ യോഗം വിളിക്കുകയും ചെയ്തു. സംഘടനകള്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.
പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റവുമായിക്കൂടി ബന്ധപ്പെട്ടാണ് അദ്ധ്യാപക സ്ഥലംമാറ്റത്തിന്റെ ഗതി നിശ്ചയിക്കപ്പെടുക. ഒരു പ്രിന്‍സിപ്പല്‍ പ്രമോഷനായി സ്ഥലംമാറ്റപ്പെടുമ്പോള്‍ അവിടെ നിന്ന് ഒരു അദ്ധ്യാപകന്‍ അധികമായി 'പുറന്തള്ളപ്പെടും.' കഴിഞ്ഞ സ്ഥലംമാറ്റം പ്രിന്‍സിപ്പല്‍ നിയമനത്തിനൊപ്പമായിരുന്നു. അപ്പോള്‍ 130 പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിനൊപ്പം 130 അദ്ധ്യാപക തസ്തികകള്‍ അധികമായി വരും. അവരെയെല്ലാം കഴിഞ്ഞ മാസമാണ് പുനര്‍നിയമിച്ചത്. അതിന്റെ തുടര്‍ച്ചയായി 'അഡ്ജസ്റ്റ്മെന്റ് ട്രാന്‍സ്ഫറുകള്‍' നടക്കാനുണ്ട്. അതുകൂടി കഴിഞ്ഞാലേ പ്രക്രിയ പൂര്‍ത്തിയാവുകയുള്ളൂ. പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതിനുള്ള കമ്മിറ്റി അവസാന റൗണ്ടില്‍ വീണ്ടും അദ്ധ്യാപക സംഘടനകളുമായിക്കൂടി ചര്‍ച്ച ചെയ്ത് അന്തിമ രൂപം നല്‍കിയ ശേഷം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ അടുത്ത സ്ഥലംമാറ്റത്തിനു നടപടി തുടങ്ങാം. ആ നടപടികള്‍ വേഗത്തിലാക്കുക എന്നതാണ് സംഘടനകളുടേയും അദ്ധ്യാപകരുടെയും പ്രധാനപ്പെട്ട ഒരു ആവശ്യം.
മാറ്റത്തിലെ മാറ്റങ്ങള്‍
എല്ലാ വര്‍ഷവും മാര്‍ച്ച് 31-നു വിരമിക്കലും ഒഴിവുകളും ഉണ്ടാകുന്നുണ്ട്. ഈ വേക്കന്‍സികളില്‍ അഡ്ജസ്റ്റ്മെന്റ് ട്രാന്‍സ്ഫര്‍ എന്ന പേരില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ സാധിക്കും. സ്വന്തം നാട്ടില്‍നിന്നു വളരെ ദൂരെ ജോലി ചെയ്യുന്ന ആരും അഡ്ജസ്റ്റ്മെന്റ് ട്രാന്‍സ്ഫറിന് അപേക്ഷ കൊടുക്കില്ല. കാരണം, അങ്ങനെ അപേക്ഷ കൊടുത്തിട്ട് കിട്ടിയില്ലെങ്കിലും ആ തസ്തിക 'കണ്ടീഷണല്‍ വേക്കന്‍സി' ആയി മാറും. കഴിഞ്ഞ വര്‍ഷം അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, മൂന്നു വര്‍ഷമായി മലപ്പുറത്ത് ജോലിചെയ്യുന്ന അദ്ധ്യാപകന്‍/അദ്ധ്യാപിക അഡജ്സ്റ്റ്മെന്റ് ട്രാന്‍സ്ഫറിന് അപേക്ഷിച്ചു എന്നു വയ്ക്കുക. സ്ഥലംമാറ്റം കിട്ടിയില്ലെങ്കില്‍പ്പോലും അത് ആര്‍ക്കും അപേക്ഷിക്കാവുന്ന കണ്ടീഷണല്‍ വേക്കന്‍സിയായി മാറുന്നതോടെ മറ്റാര്‍ക്കെങ്കിലും കിട്ടിയാല്‍ നിലവില്‍ അവിടെ ജോലിചെയ്യുന്ന ആളെ 'എടുത്തെറിയുന്നത്' ചിലപ്പോള്‍ കൂടുതല്‍ ദൂരെ മറ്റെവിടേയ്‌ക്കെങ്കിലുമായിരിക്കും. കഴിഞ്ഞ വര്‍ഷം ഈ ദുരവസ്ഥ ഉണ്ടായവര്‍ പരാതിപ്പെട്ടിട്ട് പിന്നീട് 'കണ്ടീഷന്‍ സ്റ്റാറ്റസ്' മാറ്റിക്കൊടുക്കുകയാണ് ചെയ്തത്. അത് എപ്പോഴും നടക്കണമെന്നില്ല. ആരും അപേക്ഷ കൊടുക്കുന്നില്ലെങ്കിലും അഡ്ജസ്റ്റ്മെന്റ് ട്രാന്‍സ്ഫര്‍ നടക്കുന്നുണ്ട്. മാനദണ്ഡം പരിഷ്‌കരിക്കാനുള്ള കമ്മിറ്റി കൃത്യമായി ചേരുകയോ ഹിയറിംഗ് നടത്തുകയോ ചെയ്യുന്നില്ല എന്നതില്‍ അദ്ധ്യാപകര്‍ക്ക് ആശങ്കയുണ്ട്. അവസാന നിമിഷമായിരിക്കും അദ്ധ്യാപക സംഘടനകളെ കേള്‍ക്കാന്‍ വിളിക്കുക. സംഘടനാ നേതാക്കളിലെത്തന്നെ എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്കു സ്ഥലംമാറ്റ പ്രശ്‌നം ഇല്ലതാനും.
മറ്റൊരു പ്രധാന പ്രശ്‌നമായി പല അദ്ധ്യാപകരും ചൂണ്ടിക്കാണിക്കുന്നത്, തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ക്കു മാത്രമാണ് ഈ ഔട്ട് സ്റ്റേഷന്‍ സര്‍വ്വീസ് പ്രശ്‌നം കാര്യമായി ബാധകമാകുന്നത് എന്നതാണ്. മറ്റു ജില്ലകളില്‍ ഈ പ്രശ്‌നം അത്രയ്ക്കു ബാധിക്കില്ല. ''കാരണം, ഇംഗ്ലീഷ് അദ്ധ്യാപകര്‍ കൂടുതലുള്ളത് ഈ രണ്ട് ജില്ലകളില്‍നിന്നാണ്. മറ്റു ജില്ലകളില്‍ ഇംഗ്ലീഷ് തസ്തികയുണ്ട്; അദ്ധ്യാപകരുടെ എണ്ണം കുറവാണ്. അവര്‍ക്ക് ഈ സ്ഥലംമാറ്റ പ്രശ്‌നം കാര്യമായി വരുന്നില്ല. രണ്ടു ജില്ലക്കാര്‍ക്കുവേണ്ടി ബാക്കി 12 ജില്ലകളിലെ സംഘടനാ അംഗങ്ങളെ വെറുപ്പിക്കാന്‍ സംഘടനാ നേതൃത്വങ്ങള്‍ മടിക്കുന്നു. അങ്ങനെയൊരു സംഗതിയുമുണ്ട്'' ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരിലൊരാള്‍ ചൂണ്ടിക്കാട്ടുന്നു. ''മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് പുതിയത് വരുന്ന കാര്യത്തില്‍ അടുത്ത മെയ് മാസമേ അദ്ധ്യാപകര്‍ പ്രതീക്ഷ വയ്ക്കുന്നുള്ളൂ. അതായത്, 2024 മെയ് 31 വെച്ചാണ് അപേക്ഷ ക്ഷണിക്കുക. അപ്പോഴും ഒരു വര്‍ഷം നഷ്ടപ്പെടും. അല്ലെങ്കില്‍ ജൂണില്‍ നിയമിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരണം നടത്തണം. ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ ഡോ. അഷ്റഫ് ഷാ പറയുന്നു.
അക്കാദമിക വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ സ്ഥലംമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കണം എന്നാണ് സംഘടനകളുടേയും അദ്ധ്യാപകരുടേയും നിര്‍ദ്ദേശം. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് സ്ഥലംമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കി ജൂണില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ പുതിയ സ്‌കൂളില്‍ പോകാന്‍ കഴിയണം. മാനദണ്ഡങ്ങളിലെ നിര്‍ദ്ദേശവും അതുതന്നെയാണ്. പക്ഷേ, അത് ഒരിക്കലും നടക്കാറില്ലെന്നു മാത്രം.
ഔട്ട്സ്റ്റേഷന്‍ സര്‍വ്വീസ് തൊട്ടടുത്ത ജില്ലയില്‍ പരിഗണിക്കേണ്ടതില്ല എന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. തൊട്ടടുത്ത സ്വന്തം ജില്ല കൂടി പരിഗണിക്കണമെന്നാണ് നിലവിലെ മാനദണ്ഡം. അതു പരിഗണിക്കാതെ അതിനു മുന്‍പത്തെ മാനദണ്ഡം കണക്കിലെടുക്കുകയാണ് ഡിവിഷന്‍ ബെഞ്ച് ചെയ്തത്. അതുമതി എന്ന നിലപാടാണ് കോടതിയില്‍ ഗവണ്‍മെന്റ് സ്വീകരിച്ചത്.
'സീറോ'യിലെ അനീതി
മറ്റുള്ള ജില്ലകളിലേക്കും ഔട്ട്സ്റ്റേഷന്‍ സര്‍വ്വീസ് പരിഗണിക്കണം എന്ന വിധി നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. അതിനെതിരെ അപ്പീല്‍ പോകാതെയാണ് സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍, നേരത്തേയുള്ള വിധി നടപ്പാക്കാതെയാണ് ഇപ്പോള്‍ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് എന്നു ചൂണ്ടിക്കാട്ടി ഇതു ബാധകമാകുന്ന അദ്ധ്യാപകര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. അങ്ങനെയാണ് അവര്‍ക്ക് അനുകൂല വിധി കിട്ടിയത്. ''സ്വന്തം ജില്ലയിലേയ്ക്കുള്ള മാറ്റത്തില്‍ മാത്രമേ ഔട്ട്‌സ്റ്റേഷന്‍ സേവനം പരിഗണിക്കാന്‍ പാടുള്ളൂ. അതു വളരെ ശരിയാണ്, അതില്‍ തെറ്റൊന്നുമില്ല. പക്ഷേ, ഒരു വിഭാഗത്തിന് ഈ അടിസ്ഥാനത്തില്‍ മാറ്റം കൊടുക്കുമ്പോള്‍ത്തന്നെ മറ്റുള്ളവര്‍ക്കു സീനിയോറിറ്റി അടിസ്ഥാനപ്പെടുത്തി മാറ്റം കൊടുക്കണം. ഈ പറഞ്ഞ എല്ലാ തത്ത്വങ്ങളും പാലിക്കണം'' കേരള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (കെ.എച്ച്.എസ്.ടി.യു) ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ പാണക്കാട് ആവശ്യപ്പെടുന്നു. ''മുന്‍ഗണനാടിസ്ഥാനത്തിലെ നിയമനത്തിനു നിശ്ചിത ശതമാനം പരിഗണന, സ്വന്തം ജില്ലയിലേക്കുള്ള മാറ്റത്തിനു നിശ്ചിത ശതമാനം, ഒപ്പം തന്നെ സീനിയോറിറ്റിയും പരിഗണിക്കണം. ഔട്ട്‌സ്റ്റേഷന്‍ സേവനത്തിന്റെ ദൈര്‍ഘ്യം നോക്കി മാത്രമേ സ്വന്തം ജില്ലയിലേയ്ക്കു നിയമനം പറ്റുകയുള്ളൂ. അല്ലെങ്കില്‍പ്പിന്നെ, സ്വന്തം ജില്ലയിലേയ്ക്കുള്ള മാറ്റത്തിന്റെ സാംഗത്യം നഷ്ടപ്പെടും'' എന്നാണ് വാദം.
അഞ്ചു വര്‍ഷം വരെയുള്ള ഔട്ട്‌സ്റ്റേഷന്‍ സേവനകാലത്തിനുശേഷം ആ സര്‍വ്വീസ് പൂജ്യമാക്കണം എന്ന പ്രപ്പോസല്‍ ഉണ്ടെങ്കിലും അത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സംഘടനകള്‍ക്കിടയിലെ വ്യത്യസ്താഭിപ്രായങ്ങളാണ് കാരണം. മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നതിനു നിയോഗിച്ച കമ്മിറ്റി സംഘടനകളുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഈ വിഷയവും വന്നിരുന്നു. ''ഔട്ട്‌സ്റ്റേഷന്‍ സേവനകാലം സീറോ ആയി പുനഃക്രമീകരിക്കുന്നതിനു ഞങ്ങള്‍ അനുകൂലമല്ല. ആര്‍ക്കാണോ ഔട്ട്‌സ്റ്റേഷന്‍ സേവനകാലം കൂടുതലുള്ളത് അവര്‍ക്കായിരിക്കണം സ്വന്തം ജില്ലയിലേക്കുള്ള നിയമനത്തില്‍ ആദ്യ പരിഗണന'' -അബ്ദുല്‍ ജലീല്‍ പറയുന്നു. സീറോ ആക്കുന്നതിനുപകരം ചെയ്യാവുന്നത്, ഒരാളുടെ ഔട്ട്‌സ്റ്റേഷന്‍ സേവനം എപ്പോഴാണോ മറ്റുള്ളവരെക്കാള്‍ കൂടുതലാകുന്നത് ആ സമയത്ത് ആ ആള്‍ക്കു സ്വന്തം ജില്ലയിലേക്കു വരാം എന്നതാണെന്ന് എതിര്‍ക്കുന്നവര്‍ വിശദീകരിക്കുന്നു. അത്രമാത്രമേ അതു പരിഗണിക്കപ്പെടാന്‍ പാടുള്ളൂ. മറ്റൊരു കാര്യം, ജൂനിയര്‍, സീനിയര്‍ ഉണ്ട്. സീനിയറിന്റെ സര്‍വ്വീസിന്റെ ഒരു ശതമാനമെങ്കിലും പരിഗണിക്കണം എന്നാണ് ഇവരുടെ നിലപാട്. ഒരാള്‍ ജൂനിയര്‍ അദ്ധ്യാപകന്‍/അദ്ധ്യാപിക ആയിരിക്കെ ഔട്ട്‌സ്റ്റേഷന്‍ സര്‍വ്വീസ് നഷ്ടപ്പെട്ടാല്‍ ഔട്ട്‌സ്റ്റേഷന്‍ സേവനകാലത്തിനുശേഷം നേരെ സ്വന്തം ജില്ലയിലേയ്ക്കു വരുന്നു. അവിടെ നിന്നാണ് വീണ്ടും സീനിയറായി മാറുന്നത്. അവരുടെ നേരത്തെയുള്ള ഇതര ജില്ലാ സേവനകാലം ഒരുതരത്തിലും പരിഗണിക്കപ്പെടാത്ത സ്ഥിതി വരരുത്. പൂര്‍ണ്ണമായും പരിഗണിക്കണം എന്നല്ലെന്നും കുറച്ചെങ്കിലും പരിഗണിക്കണം എന്നുമാണ് വാദം. പക്ഷേ, സര്‍ക്കാരിന്റേയും ഭൂരിഭാഗം അദ്ധ്യാപക സംഘടനകളുടേയും നിലപാട് രണ്ടും രണ്ട് കേഡറാണ് എന്നും ഒരുമിച്ചു പരിഗണിക്കപ്പെടാന്‍ പറ്റില്ല എന്നാണ്.
ഇതുമായി ബന്ധപ്പെട്ട്, അദ്ധ്യാപകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു വിഷയം, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പന്ത്രണ്ടാം ക്ലാസ് വരെ ഏകീകരിക്കുമ്പോള്‍ സീനിയറുണ്ടാകുമോ ജൂനിയറുണ്ടാകുമോ എന്നു വ്യക്തമല്ലാത്തതിനെക്കുറിച്ചാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ ഏകീകരണം നടപ്പാക്കുമെന്നാണ് മന്ത്രി വി. ശിവന്‍കുട്ടി ആവര്‍ത്തിക്കുന്നത്. അപ്പോള്‍പ്പിന്നെ, ഇപ്പോള്‍ പറയുന്ന ഈ സ്ഥലംമാറ്റ മാനദണ്ഡ പരിഷ്‌കരണം തന്നെ അപ്രസക്തമാകും, പുതിയത് രൂപീകരിക്കേണ്ടിവരും. പുതുതായി സെക്കന്‍ഡറി ടീച്ചറും സെക്കന്‍ഡറി ടീച്ചര്‍ ഗ്രേഡ് ഒന്നും ഉണ്ട്. ഗ്രേഡ് ഒന്നിനെ ഒരു യൂണിറ്റായാണോ എടുക്കുന്നത് സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചറെ വേറൊരു യൂണിറ്റായിട്ടാണോ എന്നതിലൊക്കെ വ്യക്തത വരേണ്ടതുണ്ട്. നിലവിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചറെയാണ് ഗ്രേഡ് 1 ആക്കുന്നത്. അവര്‍ നിലവില്‍ ഗസറ്റഡ് റാങ്കിലുള്ളവരാണ്. ഇനിയുള്ളവര്‍ ഗ്രേഡ് 1 ആകുമെന്നാണ് പറഞ്ഞിരിക്കുന്നത്. അവര്‍ ഗസറ്റഡ് ആണോ അല്ലേ എന്നു വ്യക്തമല്ല. ഖാദര്‍ കമ്മിറ്റി മറ്റു കാര്യങ്ങള്‍ പറഞ്ഞതിനൊപ്പം ഈ അദ്ധ്യാപകരുടെ വിന്യാസം എങ്ങനെയാകും എന്നുമാത്രം പറഞ്ഞിട്ടുമില്ല. അവരുടെ സ്ഥലംമാറ്റത്തിന്റെ കാര്യത്തിലും റിപ്പോര്‍ട്ടില്‍ മൗനമാണ്.
2022-ല്‍ നടക്കേണ്ട സ്ഥലംമാറ്റമാണ് 2024-ല്‍ നടന്നത്. ഓരോ വര്‍ഷവും സ്ഥലംമാറ്റം നടക്കാതിരിക്കുമ്പോള്‍ അദ്ധ്യാപകസമൂഹം മൊത്തത്തില്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. സംസ്ഥാനതല സ്ഥലംമാറ്റമായതുകൊണ്ട് ഒരാളുടെ മാറ്റത്തിനു തുടര്‍ച്ചയായി മറ്റൊരാള്‍ക്കു കൂടി അതിന്റെ ഗുണഫലം ലഭിക്കാന്‍ കാത്തിരിക്കുകയാണ് അവര്‍. അതുകൊണ്ട് ഈ അക്കാദമിക വര്‍ഷത്തില്‍ത്തന്നെ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തു പുതിയ സ്ഥലം മാറ്റത്തിനു നടപടി തുടങ്ങുകയാണ് നീതി. എങ്കില്‍ മാത്രമേ എല്ലാവര്‍ക്കും നീതി കിട്ടുകയുള്ളൂ എന്ന വാദത്തില്‍ കഴമ്പുണ്ട്. ഒരുവശത്ത് സ്‌കൂളുകളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ 130-ല്‍പ്പരം സ്ഥാപനത്തിനു മേധാവിയില്ലാത്ത സ്ഥിതി അതിനെതിരായി മാറുകയും ചെയ്യുന്നു. സ്ഥാനക്കയറ്റം കാത്തിരിക്കുന്ന അത്രയും തന്നെ പേരുമുണ്ട്. ഇതു രണ്ടിലും തീരുമാനം വേണം. സ്ഥാനക്കയറ്റങ്ങള്‍ നടക്കാത്തതുകൊണ്ട് എത്ര തസ്തികകള്‍ ഒഴിവുണ്ടെന്നു വ്യക്തത ഇല്ല. അതുകൊണ്ട് പി.എസ്.സി മുഖേന പുതിയ അദ്ധ്യാപക നിയമനങ്ങളും നടക്കുന്നില്ല. അതിലെ അതൃപ്തി പുറത്തും പുകയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates