'ആ കാണുന്നതാണ് ഹൈക്കോടതി, ഇവിടെ നിന്ന് നോക്കിയാല്‍ ഞങ്ങള്‍ക്ക് എല്ലാം കാണാം, പക്ഷേ അവിടെയുള്ള ആരും ഞങ്ങളെ കാണുന്നില്ല'

വടുതലയിലെ ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് കൊറുങ്കോട്ട. പഞ്ചായത്തിന്റെ പത്താം വാര്‍ഡിന്റെ ഭാഗമാണ് ദ്വീപ്
'ആ കാണുന്നതാണ് ഹൈക്കോടതി, ഇവിടെ നിന്ന് നോക്കിയാല്‍ ഞങ്ങള്‍ക്ക് എല്ലാം കാണാം, പക്ഷേ അവിടെയുള്ള ആരും ഞങ്ങളെ കാണുന്നില്ല'
Updated on
4 min read

മെട്രോ നഗരത്തിന്റെ ഹൃദയഭാഗത്തായി ഹൈക്കോടതിയില്‍നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെ ഒരു ദ്വീപുണ്ട്. ജീവിതത്തെ കരയുമായി അടുപ്പിക്കണമെന്ന സ്വപ്നവുമായി കഴിയുന്ന കുറച്ചു മനുഷ്യര്‍ താമസിക്കുന്ന കൊറുങ്കോട്ട എന്ന ദ്വീപ്. മെട്രോ നഗരത്തിന്റെ തിരക്കുകളോ പകിട്ടുകളോ കടന്നുചെല്ലാത്ത ഇങ്ങനെയൊരിടം ഇവിടെയുണ്ടെന്നു പലര്‍ക്കും അറിയുകപോലുമില്ല. കാലങ്ങളായി അവഗണനകള്‍ മാത്രം നേരിട്ടു ജീവിക്കുന്ന ഒരു ജനസമൂഹമുണ്ടിവിടെ. 

കൊറുങ്കോട്ടയിലേക്ക് 

വടുതലയിലെ ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് കൊറുങ്കോട്ട. പഞ്ചായത്തിന്റെ പത്താം വാര്‍ഡിന്റെ ഭാഗമാണ് ദ്വീപ്. നഗരത്തില്‍നിന്നും വെറും 15 മിനിറ്റ് യാത്ര ചെയ്താല്‍ കൊറുങ്കോട്ടയിലേക്കുള്ള കടവിലെത്താം. എന്നാല്‍, ദ്വീപിലേക്കെത്താന്‍ ഇനിയും ഒരുപാട് കടമ്പകളും ദൂരവും ഉണ്ട്. പാലമോ മറ്റ് റോഡ് ഗതാഗത സൗകര്യങ്ങളോ കൊറുങ്കോട്ടയിലേക്ക് ഇല്ല. ഒരു വഞ്ചി മാത്രമാണ് അങ്ങോട്ടേക്കുള്ള ഏക യാത്രാമാര്‍ഗ്ഗം. ദ്വീപിലേക്കും പുറത്തേക്കുമുള്ള ജനങ്ങളുടെ യാത്രകളെല്ലാം ഈ വഞ്ചിയെ ആശ്രയിച്ചാണുള്ളത്. തൊണ്ണൂറോളം വീടുകളിലായി ഇരുന്നൂറ്റിഅന്‍പതോളം പേരാണ് ഈ ദ്വീപില്‍ കഴിയുന്നത്. ഇവരുടെയെല്ലാം യാത്രകള്‍ ഈ വഞ്ചിയിലൂടെ മാത്രമാണ്.

നഗരം ബസിലും കാറിലുമായി കുതിക്കുമ്പോള്‍ പഞ്ചായത്ത് നല്‍കിയ ഒരു തോണിയിലാണ് കൊറുങ്കോട്ടക്കാരുടെ യാത്രകള്‍. പതിനഞ്ചോളം പേര്‍ക്കാണ് ഒരു സമയം തോണിയില്‍ കയറാന്‍ ആകുന്നത്. ആദ്യം ഉണ്ടായിരുന്ന തോണി നാട്ടുകാര്‍ തന്നെയാണ് തുഴഞ്ഞിരുന്നത്. അത് കാറ്റിലും മഴയിലും പെട്ട് നശിച്ചതിനാല്‍ പഞ്ചായത്ത് നല്‍കിയ എന്‍ജിന്‍ ഘടിപ്പിച്ച വള്ളത്തിലാണ് ഇപ്പോള്‍ ഇവരുടെ യാത്ര. എന്നാല്‍, മഴയുള്ള സമയങ്ങളില്‍ ഈ യാത്രയും ദുഷ്‌കരമാകും. ശക്തമായ കാറ്റുള്ള സമയങ്ങളില്‍ തോണി കരയ്ക്കെടുപ്പിക്കാന്‍ സാധിക്കാറില്ല. അങ്ങനെയുള്ള ദിവസങ്ങളില്‍ തോണിയിറക്കാതെ ഇരിക്കാന്‍ മാത്രമേ കൊറുങ്കോട്ടക്കാര്‍ക്ക് കഴിയാറുള്ളൂ. മഴയുള്ള ദിവസങ്ങളില്‍ കൊറുങ്കോട്ടക്കാര്‍ക്ക് യാത്ര വിധിച്ചിട്ടില്ല എന്നു പറയുന്നതാവും ശരി. ഇപ്പോഴുള്ള തോണിയില്‍ 15-ല്‍ കൂടുതല്‍ ആളുകള്‍ കയറിയാല്‍ തോണി ചരിഞ്ഞുതുടങ്ങും. തോണിയുടെ മുകള്‍വശത്ത് ഷീറ്റ് കെട്ടിയിട്ടുണ്ട്. എന്നാല്‍, അത് ഒരു ഭാഗത്തു മാത്രമേ ഉള്ളൂ. മഴയുള്ള സമയമാണെങ്കില്‍ മറുവശത്തുനിന്നു യാത്ര ചെയ്യാനും കഴിയില്ല. രാവിലെ 6.30-ന് ആരംഭിക്കുന്ന കടത്ത് വൈകിട്ട് ഒന്‍പതു മണിവരെ ഉണ്ടാകും. അതിനുശേഷം എന്തെങ്കിലും ആവശ്യം വന്നാല്‍ തോണി സ്വയം തുഴയുകയോ കടത്തുകാരനെ വീട്ടില്‍ പോയി വിളിക്കുകയോ മാത്രമേ നിര്‍വ്വാഹമുള്ളൂ. 

പാലമില്ലാത്തതിനാല്‍ ഉള്ള ബുദ്ധിമുട്ട് ഏറെയാണ് ഇവര്‍ക്ക്. എല്ലാ ആവശ്യങ്ങള്‍ക്കും പുറത്തു പോകണം. ദ്വീപില്‍ പലചരക്ക് കടകളോ ആശുപത്രികളോ മെഡിക്കല്‍ സ്റ്റോറുകളോ റേഷന്‍ കടകളോ ഇല്ല. ആകെയുള്ളത് ഒരു ചെറിയ പെട്ടിക്കട മാത്രമാണ്. ഗവണ്‍മെന്റ് സ്ഥാപനം എന്നു പറയാന്‍ ഇവിടെയുള്ളത് ഒരു അങ്കണവാടി മാത്രം. സൈക്കിളുകള്‍ മാത്രമേ വാഹനമായി കൊറുങ്കോട്ട ദ്വീപിലുള്ളൂ. വാഹനങ്ങള്‍ ഉള്ളവര്‍ക്കെല്ലാം അത് വടുതലയിലെ കടവില്‍ വയ്ക്കാനേ നിവൃത്തിയുള്ളൂ. അതിന്റെ സുരക്ഷാപ്രശ്‌നങ്ങള്‍ വേറെയും. കടവിലുള്ള ചില വീടുകളിലാണ് പലരും വാഹനങ്ങള്‍ സൂക്ഷിക്കുന്നത്. അതിന് ഓരോ മാസവും പണം നല്‍കേണ്ട അധികച്ചെലവ് കൂടിയുണ്ട് ഇവിടുത്തുകാര്‍ക്ക്. എന്തെങ്കിലും അത്യാവശ്യങ്ങള്‍ വന്നാല്‍ വഞ്ചിയില്‍ അക്കരെ എത്തി മറ്റു വാഹനങ്ങളില്‍ പോകണം.

മാസത്തില്‍ ഒരു തവണ ഇവിടെ ഡോക്ടര്‍ എത്താറുണ്ട്. അതല്ലാതെ മറ്റു ക്ലിനിക്കല്‍ സൗകര്യങ്ങളൊന്നുമില്ലാത്തതിനാല്‍ ഏതു രാത്രിയിലും വഞ്ചിയിറക്കുക മാത്രമേ ഇവര്‍ക്ക് നിവൃത്തിയുള്ളൂ. ചികിത്സ ലഭ്യമാകാന്‍ താമസിച്ചു രോഗികള്‍ മരണമടഞ്ഞ കഥകളും കൊറുങ്കോട്ടക്കാര്‍ക്ക് പറയാനുണ്ട്.

''രാത്രിയില്‍ ഒക്കെ വയ്യാതെ വരുമ്പോള്‍ ഭയങ്കര ബുദ്ധിമുട്ടാണ്. വഞ്ചി ഇറക്കി അക്കരെ എത്തിക്കുമ്പോഴേക്കും മിക്കവര്‍ക്കും തീരെ വയ്യാതെയാകും. പാലം ഇല്ലെങ്കില്‍ വേണ്ട. വാഹനങ്ങള്‍ ഇവിടെ എത്തിക്കാനുള്ള സൗകര്യമെങ്കിലും ചെയ്തു തന്നാല്‍ മതി. ഫെറി പോലെ എന്തെങ്കിലും.'' പെയിന്റ് പണിക്കാരനായ സിനോജ് പറയുന്നു.

കൊറുങ്കോട്ട ദ്വീപ്
കൊറുങ്കോട്ട ദ്വീപ്

മഴപ്പേടിയില്‍... 

''മഴക്കാലങ്ങളില്‍ കുട്ടികളേയും കൊണ്ടുള്ള യാത്ര വളരെ ബുദ്ധിമുട്ടാണ്. കൃത്യസമയത്ത് സ്‌കൂളില്‍ എത്താന്‍ ആകില്ല. പേടിയോടെയാണ് ഇവരെയും കൊണ്ട് തോണിയില്‍ യാത്ര ചെയ്യുന്നത്. മിക്ക ദിവസവും താമസിച്ചു ചെല്ലുന്നതിനു സ്‌കൂളില്‍നിന്നു വഴക്കും കിട്ടാറുണ്ട്'' -ദ്വീപു നിവാസിയായ ഒരമ്മയുടെ വാക്കുകളാണ്. മഴക്കാലം കൊറുങ്കോട്ടയ്ക്ക് ദുരിതകാലമാണ്. ഒഴുക്ക് കൂടുന്നതിനാല്‍ ആ സമയങ്ങളില്‍ വഞ്ചിയിറക്കുന്നത് ഏറെ ദുഷ്‌കരമാണ്. ദ്വീപില്‍ സ്‌കൂള്‍ ഇല്ലാത്തതിനാല്‍ കുട്ടികളെല്ലാം അക്കരെ എത്തിയാണ് സ്‌കൂളില്‍ പോകുന്നത്. ചെറിയ കുട്ടികളുടെ കൂടെ വഞ്ചിയില്‍ രക്ഷകര്‍ത്താക്കളും പോകേണ്ട അവസ്ഥയാണ്.

പ്രളയം വന്നപ്പോള്‍ ആകെ ദുരിതമായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്വതേ വെള്ളക്കെട്ടുള്ള ഇവിടെ പ്രളയം വന്നപ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങളായി.

''ചെറിയ മഴ പെയ്താല്‍പോലും വഴി മുഴുവന്‍ ചെളിയും വെള്ളക്കെട്ടുമാണ്. പ്രളയം വന്നപ്പോ വല്ലാതെ ബുദ്ധിമുട്ടി. എല്ലാവരും ക്യാമ്പിലേക്ക് മാറേണ്ടിവന്നു. കുറേ വീടുകള്‍ നശിച്ചു പോയി'' -ദ്വീപുനിവാസിയായ ചന്ദ്രന്‍ പറയുന്നു. 

ബുദ്ധിമുട്ടേറുന്ന യാത്രകള്‍ 

''വഞ്ചിയിലുള്ള യാത്ര പ്രായമായവര്‍ക്കൊക്കെ വലിയ ബുദ്ധിമുട്ടാണ്. വഞ്ചിയില്‍ കയറാനൊക്കെ പാടാണ്. രാത്രിയില്‍ പെട്ടെന്ന് അസുഖമൊക്കെ വന്നാല്‍ കടത്തുകാരന്റെ വീട്ടില്‍ പോയി വിളിക്കേണ്ടിവരും. ഇത്രയും നാളായിട്ടും ഇതിനു മാറ്റമൊന്നുമില്ല.'' 75-കാരിയായ ശാരാദാമ്മ പറയുന്നു. പാലം വരുമെന്ന് പണ്ട് മുതലേ കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ആയിട്ടില്ല എന്നും 56 വര്‍ഷമായി ദ്വീപില്‍ താമസിക്കുന്ന ശാരദാമ്മ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കൊറുങ്കോട്ട നേരിടുന്ന അവഗണനയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നു മനസ്സിലാക്കാം. ഇവരില്‍ പലരും ഇപ്പോള്‍ ഈ അവസ്ഥയോട് പൊരുത്തപ്പെട്ടുപോയി. നാട്ടുകാരിയായ വിംബിനിയുടെ വാക്കുകള്‍ ഇങ്ങനെ: ''ഇത്രയും നാള്‍ ആയതുകൊണ്ട് ഞങ്ങള്‍ക്കൊക്കെ ഇപ്പൊ ഇതു ശീലമായി. വളര്‍ന്നുവരുന്ന കുട്ടികളുടെ കാര്യത്തിലാണ് ആശങ്ക.'' 

കൊച്ചി നഗരസഭയോട് ചേര്‍ന്നുകിടക്കുന്ന ഒരു ദ്വീപിലുള്ള കുറച്ചു മനുഷ്യരാണ് യാത്രാമാര്‍ഗ്ഗം ഇല്ലാതെ കഷ്ടപ്പെടുന്നത്. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ഇവിടെയെത്തുന്ന രാഷ്ട്രീയക്കാരൊക്കെയും പാലം പണിയാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ പാലത്തിന്റെ പണി തുടങ്ങിയിട്ടില്ല. വര്‍ഷങ്ങളായി സമരം ചെയ്തിട്ടും ഈ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2010-ല്‍ ആയിരുന്നു കായലില്‍ മനുഷ്യചങ്ങല തീര്‍ത്ത് ഇവര്‍ നടത്തിയ സമരം. അന്ന് അത് മാധ്യമശ്രദ്ധ നേടിയിരുന്നു. അധികാരികള്‍ പാലം പണിയാമെന്ന് ഉറപ്പും പറഞ്ഞു. എന്നാല്‍, 12 വര്‍ഷം കഴിഞ്ഞിട്ടും ഇവിടെ പാലം എത്തിയിട്ടില്ല. ഒരു ആംബുലന്‍സിനു വരാന്‍ പറ്റുന്ന തരത്തിലുള്ള ഒരു പാലം, അതുമാത്രമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പഞ്ചായത്തിന്റെ ഫണ്ടില്‍നിന്നും പുതിയ വഞ്ചി നല്‍കിയതാണ് ഏക ആശ്വാസം. എന്നാല്‍, അതിന് ഷെഡ് കെട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനിയും ആയിട്ടില്ല.

കൊറുങ്കോട്ട ദ്വീപിലേക്ക് പാലം വേണം എന്ന ആവശ്യവുമായി ദ്വീപ് നിവാസികൾ നടത്തിയ സമരം (ഫയൽ ചിത്രം)
കൊറുങ്കോട്ട ദ്വീപിലേക്ക് പാലം വേണം എന്ന ആവശ്യവുമായി ദ്വീപ് നിവാസികൾ നടത്തിയ സമരം (ഫയൽ ചിത്രം)

നീളുന്ന കാത്തിരിപ്പുകള്‍ 

നഗരത്തിന്റെ വികസനങ്ങളൊക്കെയും കൊറുങ്കോട്ടക്കാരുടെ കണ്ണെത്തുന്ന ദൂരത്താണ്. എന്നാല്‍, അതിനെ നോക്കി തങ്ങളുടെ അവസ്ഥയോര്‍ത്ത് വിഷമിക്കാന്‍ മാത്രമേ ഇവര്‍ക്ക് ആകുന്നുള്ളൂ. യാത്രാ ബുദ്ധിമുട്ടുകള്‍ കാരണം നിരവധി കുടുംബങ്ങളാണ് ഇവിടെനിന്നും താമസം മാറിയത്. ശേഷിക്കുന്നവര്‍ പാലം എന്ന പ്രതീക്ഷയില്‍ ഇവിടെ കഴിയുന്നു.

2017-ല്‍ പാലത്തിനായി ഗവണ്‍മെന്റ് 10 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, 2022 ആയിട്ടും പാലത്തിന്റെ പണികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇവിടെ നടന്നിട്ടില്ല. നിയമപരമായ പല തടസങ്ങളുമാണ് അധികാരികള്‍ ഉന്നയിക്കുന്നത്. ഓരോ തവണയും പാലത്തിനായി ഫണ്ട് അനുവദിക്കുമ്പോഴും പണി തുടങ്ങാനുള്ള നടപടികള്‍ ആരംഭിക്കുമ്പോഴും കൊറുങ്കോട്ടക്കാര്‍ സന്തോഷിക്കാറുണ്ട്. എന്നാല്‍, അതൊക്കെയും വെള്ളത്തില്‍ വരച്ച വര പോലെ ആയിപ്പോയെന്നാണ് ഇവര്‍ പറയുന്നത്. ദ്വീപ് നിവാസിയായ ശ്രീജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ''പാലത്തിനായി ഫണ്ട് അനുവദിച്ചെന്നു പറഞ്ഞ് ഒരു വലിയ ഫ്‌ലെക്‌സ് ഒക്കെ ഇവിടെ വെച്ചിരുന്നു. 2017-ല്‍. പിന്നെ കുറച്ചുപേര്‍ വന്നു സ്ഥലം പരിശോധിക്കുകയൊക്കെ ചെയ്തു. ഞങ്ങള്‍ ഒക്കെ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഒന്നും ഉണ്ടായില്ല. ഇപ്പോള്‍ പാലം വരുമെന്ന് ഞങ്ങള്‍ക്ക് ഒരു വിശ്വാസവുമില്ല. പാലം തന്നില്ലെങ്കിലും മറ്റെന്തെങ്കിലും ചെയ്ത് ഈ യാത്രാബുദ്ധിമുട്ട് പരിഹരിച്ചാല്‍ മതി.''

വര്‍ഷങ്ങളായി കാത്തിരിപ്പു തുടരുന്നതിനാല്‍ പലര്‍ക്കും ഇപ്പോള്‍ പാലം വരുമെന്ന പ്രതീക്ഷ പോലും ഇല്ല.

തങ്ങളുടെ ദുരവസ്ഥയില്‍ പരിതപിച്ചു കഴിയുകയാണിവര്‍.

''എന്റെ ചെറുപ്രായം മുതല്‍ കേള്‍ക്കുന്നതാണ് പാലം ഉടനെ പണിയുമെന്നുള്ളത്. ഇപ്പോള്‍ ഇത്രയും വര്‍ഷമായി. ഇനി വലിയ പ്രതീക്ഷകളൊന്നുമില്ല.'' ദ്വീപുനിവാസിയായ അഡ്വക്കേറ്റ് ആതിര പറയുന്നു.  പാലം എന്നത് ഇവിടുത്തെ ഓരോ മനുഷ്യന്റേയും സ്വപ്നമാണ്. സ്വപ്നം മാത്രമല്ല, അവരുടെ ഏറ്റവും പ്രധാന ആവശ്യം കൂടിയാണ് പുറം ലോകത്തേക്ക് എത്താന്‍ ഒരു പാലം എന്നത്. കാലങ്ങളായി തുടരുന്ന കാത്തിരിപ്പിന് എന്ന് അവസാനം ആകുമെന്ന ചിന്തയിലാണ് ഓരോ കൊറുങ്കോട്ട നിവാസിയും.

''ആ കാണുന്നതാണ് ഹൈക്കോടതി. ഇവിടെനിന്നു നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് എല്ലാം കാണാം. പക്ഷേ, അവിടെയുള്ള ആരും ഞങ്ങളെ കാണുന്നില്ല.'' കൊറുങ്കോട്ട കടവില്‍നിന്നും കാണാവുന്ന ഹൈക്കോടതിയെ ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരനായ രമേഷ് പറയുന്നത്. ആരും തങ്ങളെ പരിഗണിക്കാത്തതിന്റെ എല്ലാ വിഷമങ്ങളുമുണ്ട് ഈ വാക്കുകളില്‍.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com