ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരെ ഗവണ്‍മെന്റ് പരിഗണിക്കണം

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന മേഖലയാണ് ടൂറിസം
ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരെ ഗവണ്‍മെന്റ് പരിഗണിക്കണം

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന മേഖലയാണ് ടൂറിസം. കഴിഞ്ഞ കുറച്ചുകാലങ്ങളായി ടൂറിസം മേഖലയില്‍നിന്നും നല്ല രീതിയിലുള്ള വരുമാനം കേരളത്തിനു ലഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ പൊതുവേയുള്ള വികസനത്തിനു സഹായിക്കുമെന്നും ധാരാളം തൊഴില്‍ സാധ്യതകള്‍ ഉള്‍പ്പെടെ സൃഷ്ടിക്കപ്പെടുമെന്നും കരുതി ഈ മേഖലയുടെ നവീകരണത്തിന് ഗവണ്‍മെന്റുകള്‍ പലതരം പദ്ധതികളും ആവിഷ്‌കരിച്ചിരുന്നു. ആഭ്യന്തര ടൂറിസ്റ്റുകളേയും വിദേശ ടൂറിസ്റ്റുകളേയും വെവ്വേറെ ലക്ഷ്യം വെച്ചുള്ള പദ്ധതികളും തീര്‍ത്ഥാടന കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള വിനോദ സഞ്ചാരവുമൊക്കെ ടൂറിസത്തിന്റെ പുതിയ തുടക്കത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു. എന്നാല്‍, ലോകത്തെയാകെ പിടിച്ചുകുലുക്കിയ കൊവിഡ് മഹാമാരി കേരള ടൂറിസത്തേയും സാരമായിത്തന്നെ ബാധിച്ചു. ഏകദേശം രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന നിശ്ചലാവസ്ഥയ്ക്കു ശേഷം വിനോദസഞ്ചാരം വീണ്ടും പ്രതീക്ഷയുണര്‍ത്തി പച്ചപിടിച്ചു തുടങ്ങുന്ന ഒരു സമയമാണിത്. എന്നാല്‍, എത്രത്തോളം ഉണര്‍വ്വ് ഈ മേഖലയില്‍ വരുന്നുണ്ട് എന്നതാണ് ഇനി പരിശോധിക്കേണ്ടത്.

ഉണര്‍വ്വ് കൊവിഡാനന്തരം 

ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു കൊവിഡ് കാലത്ത് കേരള ടൂറിസം നേരിട്ടത്. യാത്രകള്‍ പൂര്‍ണ്ണമായി നിലച്ച് സഞ്ചാരികളുടെ വരവ് തീര്‍ത്തും ഇല്ലാതായ രണ്ടു വര്‍ഷക്കാലങ്ങളായിരുന്നു കടന്നുപോയത്. ഈ ഇടവേളയ്ക്കുശേഷം വീണ്ടും ടൂറിസം മേഖല പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും മുന്‍പുള്ള അവസ്ഥയിലേക്ക് എത്തിയോ എന്നത് സംശയമാണ്.

കൊവിഡിനു മുന്‍പ് സാമ്പത്തികമായി പുരോഗതി പ്രാപിച്ചുകൊണ്ടിരുന്ന മേഖലയായിരുന്നു കേരളത്തിലെ വിനോദസഞ്ചാരം. വിദേശികളും തദ്ദേശീയരുമായ ധാരാളം ടൂറിസ്റ്റുകള്‍ കേരളത്തില്‍ എത്തിയിരുന്നു. ബീച്ചുകള്‍, ജലാശയങ്ങള്‍ മലയോരകേന്ദ്രങ്ങള്‍, പൈതൃക സ്ഥാനങ്ങള്‍, കലാരൂപങ്ങള്‍ തുടങ്ങി കേരളത്തിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ സമ്പൂര്‍ണ്ണ അടച്ചിടലും വിവിധ ഗതാഗത മാര്‍ഗ്ഗങ്ങളുടെ നിശ്ചലാവസ്ഥയും എല്ലാം ടൂറിസത്തെ അടിമുടി തകര്‍ത്തു. കൊവിഡ് മൂലം ഏറ്റവും വലിയ തകര്‍ച്ച നേരിട്ട മേഖലകളിലൊന്നായി ടൂറിസം മാറി. ഇതില്‍നിന്നൊക്കെയുള്ള ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഈയടുത്തായി ടൂറിസം മേഖലയില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ടൂറിസം വകുപ്പ് അടുത്ത ദിവസം പുറത്തുവിട്ട ചില കണക്കുകള്‍ പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദത്തില്‍ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 600 ശതമാനം വര്‍ദ്ധനവ് ഉണ്ടായി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 196 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തുകയുണ്ടായി. 2022 ആദ്യ പാദങ്ങളിലെ കണക്ക് അനുസരിച്ച് 1,33,80,000 ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. ഇത് സര്‍വകാല റെക്കോര്‍ഡാണെന്നാണ് കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ട് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. 

കൊച്ചി എന്ന കേരള ടൂറിസത്തിന്റെ ഹബ്ബ്

കേരളത്തില്‍ ഏറ്റവുമധികം വിദേശികളും ആഭ്യന്തര ടൂറിസ്റ്റുകളും എത്തുന്ന ഇടങ്ങളില്‍ ഒന്നാണ് ഫോര്‍ട്ട്കൊച്ചി. കേരള ചരിത്രത്തിലെ സുപ്രധാനമായ പലയിടങ്ങളും അടങ്ങിയ ഒരു പൈതൃക കേന്ദ്രം എന്ന നിലയിലാണ് ഫോര്‍ട്ട്കൊച്ചിക്ക് പ്രസക്തിയേറുന്നത്. കേരളത്തിലെ ആദ്യത്തെ യൂറോപ്യന്‍ ടൗണ്‍ഷിപ്പ് എന്നു പറയാവുന്ന ഫോര്‍ട്ട്കൊച്ചിയിലെ ഏറ്റവും വലിയ ആകര്‍ഷണം പോര്‍ച്ചുഗീസ് കാലത്തെ അവശേഷിപ്പുകള്‍ നിലനില്‍ക്കുന്ന ചരിത്രസ്മാരകങ്ങളാണ്. സാന്താക്രൂസ് ബസിലിക്ക, സെന്റ് ഫ്രാന്‍സിസ് പള്ളി, ഡച്ച് സെമിത്തേരി, മട്ടാഞ്ചേരി സിനഗോഗ്, ചീനവലകള്‍ തുടങ്ങിയവയൊക്കെ കൊച്ചിയില്‍ വിനോദസഞ്ചാരികള്‍ക്കു കാഴ്ചയൊരുക്കുന്നു. കൊവിഡിനു മുന്‍പ് കേരളത്തില്‍ ഏറ്റവും അധികം സഞ്ചാരികള്‍ സന്ദര്‍ശിച്ച ഇടങ്ങളിലൊന്നും കൊച്ചിയായിരുന്നു. എന്നാല്‍, കൊവിഡ് കാലത്ത് രണ്ടുവര്‍ഷം വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് വലിയ ഇടിവാണ് വന്നിട്ടുള്ളത്. പഴയ അവസ്ഥയിലേക്ക് ഫോര്‍ട്ട്‌കൊച്ചി ഉണര്‍ന്നു തുടങ്ങിയിട്ടുണ്ടെങ്കിലും വിദേശ സഞ്ചാരികള്‍ കുറവാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുമുണ്ട്. എന്നാല്‍, ഇതുകൊണ്ട് മാത്രം ഫോര്‍ട്ട്കൊച്ചിയിലെ എല്ലാ മേഖലകളും പൂര്‍ണ്ണമായി കരകയറിത്തുടങ്ങി എന്നു പറയാന്‍ സാധിക്കില്ല. വിശേഷിച്ചും ഹോംസ്റ്റേകള്‍. ഫോര്‍ട്ട്കൊച്ചിയിലെ ടൂറിസം ബിസിനസിലെ പ്രധാന കണ്ണികളില്‍ ഒന്നായ ഹോം സ്റ്റേകള്‍ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്നും പൂര്‍ണ്ണമായും കരകയറിയിട്ടില്ല എന്നാണ് ഉടമകള്‍ പറയുന്നത്.

''വിദേശികളുടെ എണ്ണം മുന്‍പത്തേതിനേക്കാള്‍ ഒരുപാട് കുറഞ്ഞിട്ടുണ്ട്. ആഭ്യന്തര ടൂറിസ്റ്റുകള്‍ വരുന്നുണ്ടെങ്കിലും ഹോംസ്റ്റേകള്‍ കൂടുതലായും ഉപയോഗിക്കുന്നത് വിദേശികളാണ്. അവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്'' -ഫോര്‍ട്ട്കൊച്ചിയില്‍ കട നടത്തുന്ന അനൂപ് പറയുന്നു.

ആഭ്യന്തര ടൂറിസ്റ്റുകളെക്കാള്‍ കൂടുതലായി ഹോംസ്റ്റേകള്‍ ഉപയോഗിക്കുന്നത് വിദേശ സഞ്ചാരികളാണ്. അവരുടെ എണ്ണത്തിലുള്ള കുറവ് ഹോംസ്റ്റേകളേയും ഹോട്ടലുകളേയും കാര്യമായി ബാധിച്ചിട്ടുണ്ട് എന്നാണ് ഉടമകള്‍ പറയുന്നത്. വിസ പ്രശ്‌നവും ശ്രീലങ്കന്‍ ആഭ്യന്തര പ്രതിസന്ധിയും റഷ്യ-ഉക്രൈന്‍ യുദ്ധവുമൊക്കെ ഇതിനു കാരണമായി ഇവര്‍ പറയുന്നു.

വിസയും യുദ്ധവും 

യു.കെ വിസ പ്രശ്‌നം ഫോര്‍ട്ട്കൊച്ചി ടൂറിസത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം. പല രാജ്യങ്ങളില്‍നിന്നുമുള്ള സഞ്ചാരികള്‍ക്ക് ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസ നല്‍കാത്തത് ഒരു വലിയ പ്രശ്‌നമായിത്തന്നെ ഹോംസ്റ്റേ ഉടമകള്‍ ഉയര്‍ത്തുന്നു. സെപ്റ്റംബര്‍ മാസം മുതല്‍ വിനോദസഞ്ചാരികളുടെ ഒഴുക്ക് കൊച്ചിയിലേക്ക് ഉണ്ടാകേണ്ടതാണെങ്കിലും ഡിസംബര്‍ ആയിട്ടുകൂടി കാര്യമായ പുരോഗതി ഒന്നും ഉണ്ടാകുന്നില്ല എന്നാണിവര്‍ പറയുന്നത്. ഫോര്‍ട്ട്കൊച്ചിയില്‍ ഹോംസ്റ്റേ നടത്തുന്ന സാദിക് സാജിന്റെ വാക്കുകളിങ്ങനെ:

''വിസ പ്രശ്‌നം ടൂറിസ്റ്റുകളെ കുറച്ചിട്ടുണ്ട്. മുന്‍പ് ഓണ്‍ലൈനായി വിസ ലഭ്യമാക്കിയിരുന്നു; എന്നാല്‍, ഇപ്പോള്‍ അതില്ലാത്തതുകൊണ്ട് പല രാജ്യങ്ങളില്‍നിന്നും ഉള്ള ടൂറിസ്റ്റുകള്‍ എത്തുന്നില്ല. വേള്‍ഡ് കപ്പ് തുടങ്ങിയതും ചെറിയ രീതിയില്‍ നമ്മളെ ബാധിച്ചിട്ടുണ്ട്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പൊതുവേ കൊച്ചിയില്‍ വിദേശികളുടെ തിരക്കേറേണ്ടതാണ്. എന്നാല്‍, ഇതുവരെ അത്തരത്തില്‍ ഒരു വലിയ ഒഴുക്ക് ഉണ്ടാകുന്നില്ല. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അവരെ മാത്രം പ്രതീക്ഷിച്ച് ഹോംസ്റ്റേകള്‍ക്കു നിലനില്‍ക്കാനാവില്ല.''

ആഭ്യന്തര പ്രശ്‌നത്തോടെ പൂര്‍ണ്ണമായി തകര്‍ന്നെങ്കിലും ശ്രീലങ്കന്‍ ടൂറിസവും ഇപ്പോള്‍ തിരിച്ചു വരവിന്റെ പാതയിലാണ്. എന്നാല്‍, നിയമക്കുരുക്കുകള്‍ കാരണം ഇവിടേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞുപോകുന്നു. യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികളും പരിഹരിക്കപ്പെട്ടിട്ടില്ല.

കൊച്ചിയുടെ പ്രതീക്ഷകള്‍ 

കൊച്ചി മുസിരിസ് ബിനാലെ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. കൊവിഡിനു ശേഷം ആദ്യമായി നടക്കുന്ന ബിനാലെ എന്ന നിലയില്‍ പ്രതീക്ഷയോടെയാണ് പലരും ഇതിനെ കാത്തിരിക്കുന്നത്. 
''ബിനാലെ കൂടുതലും ആഭ്യന്തര ടൂറിസ്റ്റുകളെയാണ് ആകര്‍ഷിക്കുന്നത്. യൂറോപ്യന്മാര്‍ പൊതുവെ ആള്‍ക്കൂട്ടങ്ങള്‍ അധികം ഇഷ്ടപ്പെടുന്നവരല്ല. അവര്‍ കുറച്ചുകൂടി ശാന്തമായ ഇടങ്ങളാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് ബിനാലെ എത്രത്തോളം സഹായിക്കും എന്നു പറയാന്‍ പറ്റില്ല''-ഹോംസ്റ്റേ ഉടമയായ പാട്രിക് പറയുന്നു.

മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ കൊച്ചിയില്‍ ഇത്തവണ കൂടിയിട്ടുണ്ടെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ബിനാലെയും കാര്‍ണിവലും ഒക്കെ ആഭ്യന്തര ടൂറിസ്റ്റുകളേയും കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നുള്ളവരേയും ഒക്കെ ആകര്‍ഷിക്കുന്നതുകൊണ്ടുതന്നെ ചെറുകിട കച്ചവടക്കാര്‍ക്കും മറ്റും ബിനാലെ പ്രതീക്ഷയേകുന്നുണ്ട്.

കൊവിഡിനു മുന്‍പ് ഉണ്ടായിരുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും ടൂറിസം മേഖല ഉണര്‍ന്നു തുടങ്ങുന്നുണ്ട് എന്നാണ് HOWAK (Homestay Owners Welfare Association Kerala) വൈസ് ചെയര്‍മാന്‍ ദേവാനന്ദ് പറയുന്നത്. മുന്‍വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് ധാരാളം ആഭ്യന്തര ടൂറിസ്റ്റുകള്‍ ഇത്തവണ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ബിനാലെ ഒക്കെ നമുക്കു സഹായകമാണ്. എന്നാല്‍, വരുമാനത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകണമെങ്കില്‍ വിദേശികള്‍ തന്നെ വരണം. സാധാരണഗതിയില്‍ തദ്ദേശീയരേക്കാളെറെ വിദേശികളാണ് ഈ സമയങ്ങളിലൊക്കെ ഫോര്‍ട്ട്കൊച്ചിയില്‍ ഉണ്ടാവേണ്ടത്. അതില്‍ വലിയ കുറവ് വന്നിട്ടുണ്ട്. മുന്‍പ് ഉള്ളതിന്റെ 20 ശതമാനം മാത്രമേ ഇപ്പോള്‍ വിദേശികള്‍ എത്തുന്നുള്ളൂ. ഓണ്‍ അറൈവല്‍ വിസ ലഭ്യമാകാത്തതും വിസ നടപടികള്‍ക്കു കുറച്ചുകൂടി താമസം നേരിടുന്നതുമൊക്കെ ഇവരുടെ വരവ് കുറച്ചു. ജര്‍മനിയില്‍നിന്നൊക്കെ മുന്‍പ് ധാരാളം പേര്‍ എത്തുമായിരുന്നു. ഇപ്പോള്‍ ആരും വരുന്നില്ല. വിദേശ വിനോദസഞ്ചാരികള്‍ വന്നെങ്കില്‍ മാത്രമേ എല്ലാ മേഖലയിലും വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവൂ.

ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന കുറേയേറെ പേര്‍ ഫോര്‍ട്ട്കൊച്ചിയിലുണ്ട്. കൊവിഡ് നല്‍കിയ തിരിച്ചടിയില്‍നിന്നും പതിയെ കരകയറിക്കൊണ്ടിരിക്കുകയാണ് അവര്‍. എന്നാല്‍, നിയമത്തിന്റേയും യുദ്ധത്തിന്റേയും രൂപത്തില്‍ അവര്‍ക്കു വീണ്ടും തിരിച്ചടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ടൂറിസം മേഖലയെ ഉയര്‍ത്താനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ഗവണ്‍മെന്റ് ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന കുറച്ചു മനുഷ്യരെക്കൂടി പരിഗണിക്കേണ്ടതുണ്ട്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com