ഒന്നരമണിക്കൂറില്‍ ലോകം കീഴ്‌മേല്‍ മറിച്ച അരീക്കോട്ടുകാരന്‍ സഹറു; ജെസിബി ചുരുക്കപ്പട്ടികയിലിടം കണ്ടെത്തിയ ആദ്യനോവലിനെക്കുറിച്ച് പറയുന്നു

സഹറു നുസൈബ കണ്ണനാരിയുടെ 'ക്രോണിക്കിള്‍ ഓഫ് ഏന്‍ അവര്‍ ആന്റ് എ ഹാഫ്' എന്ന പുസ്തകം.
സഹറു നുസൈബ കണ്ണനാരി
സഹറു നുസൈബ കണ്ണനാരി
Updated on
7 min read

ള്‍ക്കൂട്ടത്തിനിടയില്‍ സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും വ്യാകുലതകളും നിറഞ്ഞ ഒന്നരമണിക്കൂര്‍. കൊടുംമഴ പെയ്തിറങ്ങിയ ആ സമയപരിധിക്കുള്ളില്‍ വൈഗ എന്ന ഗ്രാമത്തില്‍ നടക്കുന്ന നാടകീയമായ സംഭവങ്ങളും മനുഷ്യാവസ്ഥയുടെ സൂക്ഷ്മാവിഷ്‌കാരവുമാണ് സഹറു നുസൈബ കണ്ണനാരിയുടെ 'ക്രോണിക്കിള്‍ ഓഫ് ഏന്‍ അവര്‍ ആന്റ് എ ഹാഫ്' എന്ന പുസ്തകം. മലപ്പുറം അരീക്കോട്ടുകാരനായ സഹറുവിന്റെ ആദ്യ നോവല്‍ തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള ജെ.സി.ബി സാഹിത്യപുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചു. പട്ടികയില്‍ അഞ്ച് ഇന്ത്യന്‍ നോവലുകളാണ് ഉണ്ടായിരുന്നത്.

അരീക്കോട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സാഹിത്യപുസ്തകങ്ങളോട് കൂട്ടുകൂടാത്ത സഹറു അലീഗഢിലെ കോളേജ് കാലത്താണ് സാഹിത്യവായനയിലേക്ക് പ്രവേശിക്കുന്നത്. അതും ഇംഗ്ലീഷില്‍. വായിച്ച ഇംഗ്ലീഷ് സാഹിത്യം മനസ്സിലാക്കിയെടുക്കാന്‍ തന്നെ വര്‍ഷങ്ങളെടുത്തു. വീണ്ടും വീണ്ടും വായിച്ച് ഇംഗ്ലീഷ് ഭാഷ പഠിച്ചെടുത്ത് അതേ ഭാഷയില്‍ എഴുതിത്തുടങ്ങി. കവിതകളിലൂടെയാണ് നോവലെഴുത്തിലേക്കെത്തിയത്. നോവലെഴുതി പ്രസാധകനെ തേടി നടന്നെങ്കിലും ആരും പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. പക്ഷേ, സഹറു പിന്നെയും എഴുതി. ആദ്യ നോവല്‍ പോലെ തന്നെ രണ്ടാമത്തേയും മൂന്നാമത്തേയും നോവലുകളും വെളിച്ചം കണ്ടില്ല. വര്‍ഷങ്ങളെടുത്താണ് ഓരോ നോവലും പൂര്‍ത്തിയാക്കിയത്. പക്ഷേ, ആ തിരസ്‌കാരങ്ങള്‍ക്കൊന്നും സഹറുവിലെ ഭാവനയേയും എഴുത്തിനേയും തടയിടാന്‍ ആയില്ല. നാലാമതെഴുതിയ പുസ്തകം 'ക്രോണിക്കിള്‍ ഓഫ് ഏന്‍ അവര്‍ ആന്റ് എ ഹാഫ്' പ്രശസ്തമായ വെസ്റ്റ്ലാന്റ് പബ്ലിഷേഴ്സ് പുറത്തിറക്കിയപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ട കന്നിനോവല്‍ ആയി. ഇന്ത്യന്‍ സാഹിത്യത്തിലെ മികച്ച ഇംഗ്ലീഷ് നോവലുകളിലൊന്നായി അത് വായിക്കപ്പെട്ടു. അങ്ങനെ സഹറു നുസൈബ കണ്ണനാരി എന്ന എഴുത്തുകാരന്‍ മുപ്പത്തിയെട്ടാമത്തെ വയസ്സില്‍ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ അടയാളപ്പെട്ടു. അടുത്ത നോവല്‍ പെന്‍ഗ്വിന്‍ പബ്ലിഷേഴ്സിലൂടെ ഉടന്‍ പുറത്തുവരും. മറ്റൊരു നോവലിന്റെ അവസാന എഴുത്തുപണികളിലാണ് സഹറു ഇപ്പോള്‍. അലീഗഢ് യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം ഡല്‍ഹി ജെ.എന്‍.യു.വില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലായിരുന്നു എം.എ.

സി.ഡി.എസ്. ചെയര്‍പേഴ്സണായിരുന്ന നുസൈബയുടേയും രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന ഖാദര്‍ കെ. തേഞ്ഞിപ്പലത്തിന്റേയും മകനാണ് സഹറു. നോവലിനെക്കുറിച്ചും എഴുത്തുവഴികളെക്കുറിച്ചും സഹറു നുസൈബ കണ്ണനാരി സംസാരിക്കുന്നു.

Q

പ്രസിദ്ധീകരിച്ച ആദ്യ നോവല്‍ തന്നെ പുരസ്‌കാര പട്ടികയില്‍ ഇടം നേടുന്നു, ചര്‍ച്ച ചെയ്യപ്പെടുന്നു. എഴുത്ത് കൂടുതല്‍ പ്രചോദിതമായോ?

A

പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത് വലിയ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് അടുത്ത നോവല്‍ എഴുതുന്നത്. 'ക്രോണിക്കിള്‍ ഓഫ് ഏന്‍ അവര്‍ ആന്റ് എ ഹാഫ്' ഞാന്‍ താരതമ്യേന പെട്ടെന്ന് എഴുതിത്തീര്‍ത്ത നോവലായിരുന്നു. അതും പ്രസിദ്ധീകരിക്കപ്പെടും എന്ന് ആലോചിച്ചിരുന്നില്ല. പക്ഷേ, അത് പ്രസിദ്ധീകരിക്കപ്പെട്ടില്ലായിരുന്നെങ്കിലും ഞാന്‍ അടുത്ത നോവല്‍ എഴുതും. എനിക്കറിയാം എന്നെങ്കിലും എന്റെ പുസ്തകം പ്രസിദ്ധീകൃതമാവും എന്ന്. അങ്ങനെ തള്ളിക്കളയാന്‍ പറ്റില്ല എന്ന്.

ഭാഷ വളരെ വൈകിയാണ് എന്നിലേക്ക് വന്നത്. ഭാവനയായിരുന്നു കൂടുതലും. മുപ്പതുകളുടെ തുടക്കം വരെയൊക്കെ എന്റെ എഴുത്തൊന്നും ഗ്രമാറ്റിക്കലി ശരിയായിരുന്നില്ല. ഇംഗ്ലീഷ് അറിയാം. പക്ഷേ, ഒരു അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ കുറവ് നല്ലവണ്ണം ഉണ്ടായിരുന്നു. വാചകങ്ങളുടെ നിര്‍മ്മിതിയിലൊക്കെ അതുണ്ടായിരുന്നു. ആദ്യത്തെ രണ്ട് നോവലുകള്‍ എഴുതിയപ്പോഴും തെറ്റുകള്‍ ഉണ്ടായിരുന്നു. എഴുതിയത് കാണിച്ചുകൊടുക്കാന്‍ അങ്ങനെയൊരാളൊന്നും ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് തന്നെ കണ്ടെത്തണം. മൂന്നെണ്ണം എഴുതി, മറ്റ് ജോലിയൊന്നും ഇല്ല, അങ്ങനെയൊരവസ്ഥയില്‍ പെട്ടെന്ന് എഴുതിയതായിരുന്നു 'ക്രോണിക്കിള്‍ ഓഫ് ഏന്‍ അവര്‍ ഏന്റ് എ ഹാഫ്.' ഞാന്‍ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് എഴുതിയ നോവലായിരുന്നു ഇത്. എട്ടുമാസം കൊണ്ട് എഴുതി. 2019-ലായിരുന്നു അത്.

Q

നോവലിലെ വൈഗ എന്ന ഗ്രാമത്തില്‍ കൊടും മഴയാണ്. കഥാപാത്രങ്ങളേയും സംഭവങ്ങളേയും മഴയിലൂടെ തീവ്രമായി അവതരിപ്പിക്കാന്‍ കഴിയുന്നുണ്ട് നോവലില്‍?

A

പ്രധാന കഥാപാത്രമായ നബീസുമ്മ ദുരിതം നിറഞ്ഞ ഒരു വീട്ടിലാണ് താമസിക്കുന്നത്. കേരളത്തില്‍ ആ ദുരിതം ചിത്രീകരിക്കാന്‍ ഏറ്റവും ഉപകാരം മഴയാണ്. മഴ കാല്പനികമായല്ല ഞാന്‍ എഴുതിയത്. കൊടുംമഴ ചിത്രീകരിക്കുക. കൊടുംമഴയില്‍ പൊതുവെ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ മടിയാണ്. എന്നിട്ടും പുറത്തിറങ്ങുന്ന ഒരു സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. അതിനൊപ്പം ദുരിതം പറയാനും. പ്ലോട്ടിനെ അതിനാടകീയമാക്കാന്‍ കാലാവസ്ഥയ്ക്ക് പറ്റും. ഗ്രാമത്തിന്റെ പല ഭാഗങ്ങളില്‍നിന്നാണ് ഇതിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്. ഒരു അന്‍പത് പേജൊക്കെ കഴിഞ്ഞിട്ടായിരിക്കും അതിന് മുന്‍പുള്ള ഒരാളിലേക്ക് തിരിച്ചുവരുന്നത്. ആ ഒരു ടൈംലൈന്‍ ഏകോപിപ്പിക്കാന്‍ ഇങ്ങനെയൊരു നാടകീയമായ കാലാവസ്ഥ വേണമായിരുന്നു. മഴയിലെ വ്യതിയാനങ്ങള്‍ പല സംഭവങ്ങളിലും ചേര്‍ന്നുവരുന്നുണ്ട്. മറ്റ് കാലാവസ്ഥയിലൊന്നും ഇങ്ങനെ വ്യതിയാനങ്ങള്‍ സംഭവിക്കുന്നില്ല. വെയിലോ തണലോ ഒന്നും പെട്ടെന്ന് ജനജീവിതത്തെ ബാധിക്കുന്ന തരത്തിലല്ല. ഈ കാരണങ്ങള്‍കൊണ്ടാണ് മഴ തെരഞ്ഞെടുത്തത്.

മഴ പാവപ്പെട്ടവന്റെ ജീവിതത്തില്‍ ദുരിതമാണ്. ഇന്‍സ്റ്റഗ്രാമില്‍ കാണുന്നപോലെ മഴത്തുള്ളി വീഴുന്നത് നോക്കിനില്‍ക്കുകയൊന്നുമില്ല. മഴക്കാലത്ത് പലപ്പോഴും പാവപ്പെട്ടവരുടെ വീട്ടിലെ സംസാരവിഷയം ചോര്‍ച്ചയാണ്. മഴക്കാലം പേടിയാണ്. മഴക്കാലത്ത് ഇങ്ങനെയുള്ള വീട്ടിലേക്ക് ഒരു അതിഥി വരുന്നതുവരെ ബുദ്ധിമുട്ടാണ്. വീട് മുഴുവന്‍ ദുരവസ്ഥയുടെ തെളിവുകളായിരിക്കും. ആളുകള്‍ക്ക് ദുരഭിമാനം ഉണ്ടാവും. നാടകീയമായ ഒരു കാലാവസ്ഥയില്‍ നടക്കുന്ന ഒരു ദുരന്തം. ആ ദുരന്തത്തിന്റെ ഭാഗമായിട്ടുള്ള കഥാപാത്രത്തിന്റെ ദുരവസ്ഥയും മഴയിലൂടെ പറയാന്‍ കഴിഞ്ഞു.

Q

റെയ്ഹാനയാണ് മറ്റൊരു സ്ത്രീ കഥാപാത്രം. റെയ്ഹാനയിലൂടെ നിറം, സാമ്പത്തികം, വിവാഹം, മറ്റ് ബന്ധങ്ങള്‍ തുടങ്ങിയ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്?

A

റെയ്ഹാന ജീവിതത്തില്‍ കൂടുതലും വിശ്രമിക്കുകയാണ്. ഭര്‍ത്താവ് ഗള്‍ഫിലാണ്. കുട്ടി സ്‌കൂളിലും പോവുമ്പോള്‍ ഒരുതരത്തില്‍ അവരുടെ ജീവിതം ബോറാണ്. വിശ്രമിച്ച് ക്ഷീണിക്കുന്ന ഒരാളാണ്. നബീസുമ്മ ഒരിക്കലും വിശ്രമിക്കുന്നില്ല. റെയ്ഹാന ജീവിതത്തില്‍ ആനന്ദം ആഗ്രഹിക്കുന്നുണ്ട്. ആനന്ദമല്ല നബീസുമ്മയുടെ മുന്‍ഗണന. അവരുടെ പ്രശ്‌നം ഒന്ന് ഇരിക്കാന്‍ നേരമില്ല. രോഗിയാവാന്‍ പോലുമുള്ള സ്വാതന്ത്ര്യം നബീസുമ്മയ്ക്കില്ല. റെയ്ഹാന പാവപ്പെട്ടവളായിരുന്നെങ്കിലും ഒരു പണക്കാരനെയാണ് കല്ല്യാണം കഴിച്ചത്. ആ കല്ല്യാണം നടക്കാനുള്ള കാരണം വളരെ കോമണ്‍ ആയി നമുക്കിടയില്‍ നടക്കുന്നത് തന്നെയാണ്, നിറം. കറുത്ത വ്യക്തിയും വെളുത്ത വ്യക്തിയും തമ്മില്‍ വിവാഹം നടക്കുന്നത് പലപ്പോഴും സാമ്പത്തിക കാരണങ്ങള്‍കൊണ്ടാണ്. കറുത്ത തൊലിയുള്ള ആണ് സ്വന്തം സാമ്പത്തിക മുന്നേറ്റത്തെ ഉപയോഗിച്ച് വെളുത്ത സ്ത്രീയെ വിവാഹം കഴിക്കുന്നതാണ് നടപ്പുരീതി. ഒരു പണക്കാരിയായ കറുത്ത സ്ത്രീ വെളുത്ത പുരുഷനെ തേടിപ്പോവുന്നത് കാണാറില്ല.

ആണുങ്ങളിലാണ് ഈ വര്‍ണ്ണബോധം കൂടുതലുള്ളത്. യഥാര്‍ത്ഥത്തില്‍ റെയ്ഹാനയുടെ ഭര്‍ത്താവ് സാദിഖും ഒരു ഇരയാണ്. ആ വ്യക്തി ആ വ്യക്തിയുടെ സൗന്ദര്യത്തില്‍ തന്നെ വിശ്വസിക്കുന്നില്ല. അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടതിന്റെ ഉത്തരവാദി അയാളല്ല. അങ്ങനെ നോക്കിയാല്‍ അയാള്‍ ഇരയാണ്. സ്വന്തം നിറത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് മറ്റൊരു നിറത്തിന്റെ പിന്നാലെ പോവുന്നത്. സ്വന്തം നിറത്തോടുള്ള പുച്ഛം ഇരകളില്‍ കുത്തിനിറച്ചതിന്റെ ഭാഗമായിട്ടാണ് ഇത്തരം ആണുങ്ങളുണ്ടാവുന്നത്.

റെയ്ഹാന നോവലില്‍ നിറത്തെക്കുറിച്ച് തുടര്‍ച്ചയായി പറയുന്നുമുണ്ട്. ഭര്‍ത്താവ് സാദിഖിനെ ഇഷ്ടമില്ലാതിരിക്കാന്‍ കാരണം അയാള്‍ കറുത്തിട്ടാണ് എന്നതാണ്. കാക്കയെപ്പോലെ കറുത്തിട്ടാണ് എന്നാണ് പറയുന്നത്. സ്വന്തം ശരീരത്തെക്കുറിച്ച് അവര്‍ തന്നെ പറയുന്നത് മില്‍ക്കി വൈറ്റ് എന്നാണ്. ഇവരെയൊന്നും പെര്‍ഫെക്ട് ആയിട്ടല്ല ഞാന്‍ ചിത്രീകരിച്ചത്. കുറേക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെയാണ് ചിത്രീകരിച്ചത്. നമ്മുടെ സമൂഹത്തിലെ എല്ലാ പരിമിതികളും ഇരയിലും കുറ്റക്കാരിലും ഉണ്ടാകും.

റെയ്ഹാന ആണ്‍പെണ്‍ ബന്ധങ്ങളെക്കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്. അതിനു കാരണം ഉണ്ട്. മനുഷ്യചരിത്രത്തില്‍ ഏറ്റവും സ്വാധീനവും വിജയകരവുമായ മൂവ്‌മെന്റുകളിലൊന്നാണ് ഫെമിനിസം. അത് പലപ്പോഴും നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് നമ്മള്‍ പറയാറുള്ളത്. പക്ഷേ, ഈ ഭാഷയും ബോധവും ഗ്രാമങ്ങളിലും അവിടത്തെ വീടുകളിലും ലഭ്യമാണ്. അത് ആ വിജയത്തിന്റെ തെളിവാണ്. അതുകൊണ്ടാണ് ഗ്രാമീണയായിട്ടും റെയ്ഹാനയ്ക്ക് ആണ്‍പെണ്‍ ബന്ധങ്ങളെ കുറിച്ച് അത്രയും തീവ്രചിന്ത വരുന്നത്.

ഗ്രാമീണ സ്ത്രീകളെ പൊതുവെ നിഷ്‌കളങ്കരും സാമര്‍ത്ഥ്യക്കുറവുള്ളവരുമൊക്കെയായാണ് ചിത്രീകരിക്കാറുള്ളത്. അപൂര്‍വ്വമായി അങ്ങനെയല്ലാത്ത സ്ത്രീകളെക്കുറിച്ച് വരാറുള്ളത് ദളിത് സ്ത്രീകളെയാണ്. ദളിത് സ്ത്രീകള്‍ കൂടുതല്‍ മൊബിലിറ്റിയുള്ള ആളുകളാണ്. സ്വന്തമായി പണിയെടുത്ത് ജീവിക്കുന്ന സത്രീകളാണ്. ജാതിവ്യവസ്ഥയുടെ ഉപോല്പന്നമാണെങ്കില്‍ കൂടി. ദളിത് സ്ത്രീകള്‍ കുറേക്കൂടി ഉച്ചത്തില്‍ സംസാരിക്കും. പച്ചയ്ക്ക് സംസാരിക്കും. ആ ഒരു സ്വീകാര്യത മറ്റുള്ള മതത്തിലോ ജാതിയിലോ പെട്ട സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ നമ്മുടെ സാഹിത്യരചനയില്‍ വരുന്നില്ല. അതൊരു സാംസ്‌കാരിക പൊള്ളത്തരമാണ്. മുസ്‌ലിം സ്ത്രീകളും ക്രിസ്ത്യന്‍ സ്ത്രീകളും ഒക്കെ ഈ ദളിത് സ്ത്രീകള്‍ സംസാരിക്കുന്നതുപോലെത്തന്നെയും സ്വന്തം ജീവിതത്തെക്കുറിച്ച് നല്ല ധാരണയുള്ളവരും സ്വന്തം ജീവിതത്തിന്റെ സംഘര്‍ഷം ഉച്ചത്തില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ്. ഈ സ്ത്രീകള്‍ക്ക് ഈ അവസരം സിനിമയിലും സാഹിത്യത്തിലും കൊടുക്കുന്നില്ല. മലയാളത്തിലാണെങ്കില്‍ ഇത് എഴുതാന്‍ എനിക്കും ബുദ്ധിമുട്ടായേനെ. കാരണം അത് ഉള്‍ക്കൊള്ളില്ല.

പി.കെ. ബാലകൃഷ്ണന്റെ 'ജാതിവ്യവസ്ഥിതിയും കേരള ജാതിചരിത്രവും' എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ഡോ. എം. ഗംഗാധരന്‍ പറയുന്നൊരു കാര്യമുണ്ട്. ജാതിയെക്കുറിച്ചാണ് ഒരാള്‍ എഴുതുന്നതെങ്കില്‍ അയാള്‍ പെട്ടെന്നുതന്നെ ഇന്‍ഫീരിയോറിറ്റി കോംപ്ലക്‌സുള്ള ആളാവും. ലൈംഗികതയെക്കുറിച്ച് എഴുതുന്നവര്‍ സെക്ഷ്വലി എന്തിനും തയ്യാറായിനില്‍ക്കുന്നവരാണ് എന്നും ചിത്രീകരിക്കും. അതുപോലെത്തന്നെയാണ് നിറബോധവും. ഉദാഹരണത്തിന് ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിക്കാന്‍ നടിയെ ആവശ്യമുണ്ട് എന്ന് കാസ്റ്റിങ് കോള്‍ വരികയാണെങ്കില്‍ നമ്മുടെ നാട്ടിലെ ഭൂരിഭാഗം കറുത്ത സ്ത്രീകളും അതിനു പോവില്ല. കാരണം അവര്‍ക്കറിയാം ഈ ശരീരം വേണ്ട എന്ന്. കറുത്ത നായികയെ വെച്ചാല്‍ കറുത്ത ആണുങ്ങളടക്കം തിയേറ്ററില്‍ പോവുകയും ഇല്ല. അവര്‍ക്കും അറിയാം ഇതല്ല നമുക്ക് കാണേണ്ടത്. നമ്മള്‍ നമ്മുടെ തന്നെ ഇന്‍ഫീരിയോറിറ്റിയെ സെലിബ്രേറ്റ് ചെയ്യുകയാണ്. ദേഷ്യം ഇല്ല ആര്‍ക്കും. ദേഷ്യം ആരെങ്കിലും പ്രകടിപ്പിച്ചാല്‍ ആ വ്യക്തിയ്ക്ക് കറുത്തനിറമായതിന്റെ ഇന്‍ഫീരിയോറിറ്റി കോംപ്ലക്‌സാണ് എന്ന് വ്യാഖ്യാനിക്കും. അതോടുകൂടി ആ വ്യക്തി തളര്‍ന്നുപോകും. അതോടെ മറ്റ് വ്യക്തികള്‍ ഇത് വിളിച്ചുപറയാതിരിക്കും. കാരണം അവന്റെ അനുഭവം നമുക്കറിയാം. ഇങ്ങനെ നമ്മള്‍ പ്ലെയിന്‍ കാണുന്ന കുറേ കാര്യങ്ങള്‍ക്ക് ഞാന്‍ ഭാഷ നല്‍കുകയാണ് ചെയ്യുന്നത്.

Q

നബീസുമ്മയുടെ ചിന്തകള്‍പോലും അതിശയിപ്പിക്കുന്ന തരത്തില്‍ എഴുതാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളെ എങ്ങനെയാണ് സൂക്ഷ്മമായി ചിത്രീകരിക്കാന്‍ കഴിഞ്ഞത്?

A

ആണുങ്ങള്‍ക്ക് പെണ്ണുങ്ങളെ മനസ്സിലാക്കാന്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ല. സത്യസന്ധത കുറവുള്ള ഒരു ജീവിയാണ് മനുഷ്യന്‍. ഒരു കുട്ടിയെ വളര്‍ത്തുന്നതില്‍ അച്ഛന്റെ പങ്ക് ചുരുക്കമാണ്. കുഞ്ഞായിരിക്കുമ്പോള്‍ തൊട്ട് കോളേജില്‍ ടിഫിന്‍ ബോക്‌സ് എടുത്തുകൊടുക്കുന്നത് വരെ അമ്മയാണ്. എനിക്കുവേണ്ടി ജീവിക്കുന്ന ആ ജീവിതം എനിക്ക് മനസ്സിലാകുന്നില്ല എന്നു പറഞ്ഞാല്‍ അത് നുണയാണ്. അങ്ങനെ മനസ്സിലാകായ്മ ഒന്നും നമ്മളിലില്ല. ഇതേ പ്രശ്‌നം തന്നെയാണ് നമ്മള്‍ ജാതിയെക്കുറിച്ച് പറയുമ്പോഴും വരുന്നത്. ദളിതനല്ലാത്ത ഒരു വ്യക്തിക്ക് ആ ജീവിതം മനസ്സിലാക്കാന്‍ കഴിയും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ അനുഭവങ്ങളും ഏകാന്തതയില്‍നിന്ന് ഉണ്ടാകുന്നതല്ല. ഏകാന്തതയുടെ ലംഘനമാണ് അനുഭവം. എനിക്ക് ഞാനല്ലാത്ത ഒരാളുമായി ബന്ധപ്പെടുമ്പോഴേ അനുഭവം ഉണ്ടാകൂ. ഒരു ദളിതനുഭവം ഈഴവനും നായരും ബ്രാഹ്മണനും ഉള്‍പ്പെടുന്നതാണ്. ഈഴവനില്ലാതെ ദളിതനില്ല. ദളിതന്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ദളിതനല്ല. ദളിതനു മുന്നില്‍ മറ്റൊരു ജാതി വരുമ്പോഴാണ് ദളിത് അസ്തിത്വം വരുന്നത്. നമ്മള്‍ കൂടി ഉള്‍പ്പെടുന്ന ഒരാളുടെ അനുഭവം നമുക്ക് എങ്ങനെയാണ് മനസ്സിലാകാതിരിക്കുക. കൂടുതല്‍ മനസ്സിലാകുന്നതുകൊണ്ടാണ് നമ്മള്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ സംസാരിപ്പിക്കാതിരിക്കുന്നത്.

Q

നോണ്‍ലീനിയര്‍ രീതിയിലാണ് കഥപറഞ്ഞ് പോകുന്നത്. പല സംഭവങ്ങളുടേയും തുടര്‍ച്ചയാണ് കഥാപാത്രങ്ങള്‍?

A

മള്‍ട്ടിപ്പിള്‍ വോയ്‌സ് ഫസ്റ്റ് പേഴ്‌സണ്‍ നരേറ്റീവ് ശ്രദ്ധേയമായത് വില്യം ഫോക്‌നറിന്റെ 'ആസ് ഐ ലേ ഡൈയിങ്' എന്ന പുസ്തകമാണ്. എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നെ സ്വാധീനിച്ച വ്യക്തിയാണ് ഫോക്‌നര്‍. ഫോക്‌നര്‍ എഴുതിയിരുന്നത് അമേരിക്കന്‍ സൗത്തിനെ കുറിച്ചാണ്. സൗത്തിലാണ് വംശീയ അക്രമങ്ങളൊക്കെ കൂടുതലുള്ളത്. ദാരിദ്ര്യവും കൂടുതലാണ്. ആ കഥ പറഞ്ഞത് മള്‍ട്ടിപ്പിള്‍ പേഴ്‌സണ്‍ നരേറ്റീവ് ആയിരുന്നു. ആ പുസ്തകമാണ് ഇതിന്റെ ഘടനയെ സ്വാധീനിച്ചിട്ടുള്ളത്. ആ പുസ്തകത്തിലെ ആഡി ബണ്ട്രന്‍ എന്ന അമ്മകഥാപാത്രം ഈ പുസ്തകത്തിലെ നബീസുമ്മ എന്ന കഥാപാത്രത്തെ പ്രചോദിപ്പിച്ചു എന്നു പറയാം.

Q

വിവാഹേതര ബന്ധവും ആള്‍ക്കൂട്ട ആക്രമണവും ആണ് നോവലില്‍ പറയുന്നത്. സമകാലികമായി നമുക്ക് പരിചിതമായ കുറേ സന്ദര്‍ഭങ്ങള്‍ തീക്ഷ്ണമായി ഇതില്‍ അവതരിപ്പിക്കുന്നുണ്ട്?

A

ഒരു ചെറിയ കുട്ടിയെ ഉപദ്രവിച്ചതാണെങ്കില്‍ ആരും പോയി ഒരാളെ തല്ലിക്കൊല്ലില്ല. പീഡോഫീലിയയ്ക്ക് ഒരുതരം സാമൂഹ്യസമ്മതി തന്നെയുണ്ട്. അങ്ങനെ ഒരു വിഷയം വന്നാലോ കണ്ടാലോ വളിച്ച തമാശയും പറഞ്ഞ് അതങ്ങ് അടിച്ചമര്‍ത്തി വിടും. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ പരസ്പരസമ്മതത്തോടെ നടത്തുന്ന ബന്ധമാണ് ഒരു ജനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിപ്പിക്കുന്നത്. അല്ലാതെ ഒരു കൊച്ചുകുട്ടിയെ ഒരു വലിയ മനുഷ്യന്‍ ഉപദ്രവിക്കുന്നതിലല്ല.

ഇത്തരം ബന്ധങ്ങള്‍ ആഗ്രഹിക്കുന്നവര്‍ തന്നെയാണ് ആ ആള്‍ക്കൂട്ടത്തിലേക്ക് പോകുന്നവരും. നമ്മുടെ നാട്ടില്‍ അങ്ങനെയൊന്നു സംഭവിക്കാന്‍ പാടില്ല എന്നതാണ് അവരുടെ ചിന്ത. ശ്രദ്ധിച്ചാല്‍ അറിയാം, മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ ബലാത്സംഗം ചെയ്യുമ്പോഴാണ് കൂടുതല്‍ പ്രതിഷേധം ഉണ്ടാവുക. ഞങ്ങളിവിടെ ഉണ്ടാവുമ്പോള്‍ നിങ്ങളെന്തിന് വന്നു എന്നതാണ് അതിലെ അന്തര്‍ലീനമായ ഘടകം. റേപ്പില്‍ വരെ ദേശീയ അവബോധം ഉള്ളവരാണ് മലയാളികള്‍. അന്യദേശക്കാര്‍ ചെയ്യുമ്പോഴാണ് നമ്മള്‍ കൂടുതല്‍ പ്രകോപിതരാകുന്നത്. അവര്‍ ഇവിടെ വന്ന് ഇങ്ങനെ ചെയ്തു എന്നു പറയുമ്പോള്‍ നമ്മള്‍ ഞെട്ടുകയാണ്. പക്ഷേ, പത്രം നോക്കിയാല്‍ അറിയാം ഇത് ഇവിടെ സ്ഥിരം നടക്കുന്നതാണ്. ആ സ്വഭാവത്തിന്റെ മറ്റൊരു മുഖമാണ് ഇതും.

ആള്‍ക്കൂട്ട കൊലപാതകം കേരളത്തില്‍ കുറവാണ്. നോര്‍ത്തിന്ത്യന്‍ സാഹചര്യത്തില്‍നിന്ന് അത് വ്യത്യസ്തവുമാണ്. പക്ഷേ, ദുരഭിമാനക്കൊല കേരളത്തില്‍ വിരളമല്ല. മിശ്രജാതി മിശ്രമത വിവാഹങ്ങളിലാണ് ഇത് കൂടുതല്‍. 2011-ല്‍ മുക്കത്ത് ഒരു ആള്‍ക്കൂട്ട കൊലപാതകം അവിഹിതബന്ധത്തിന്റെ പേരില്‍ നടന്നിരുന്നു. ആ സംഭവം എനിക്ക് ഓര്‍മ്മയുണ്ട്. അത്തരം സംഭവങ്ങള്‍ക്ക് പൊട്ടന്‍ഷ്യല്‍ ഉള്ള സ്ഥലമാണ് കേരളം.

മനുഷ്യന്‍ ഒരു അക്രമവാസനയുള്ള ജീവിയാണ്. മറ്റൊരാണിനെക്കാള്‍ ബലവാനാണ് എന്ന് തെളിയിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പൊതുവെ ആണുങ്ങള്‍. ആള്‍ക്കൂട്ടം ഭീരുവായ ഒരു മനുഷ്യനെപ്പോലും ധൈര്യശാലിയാക്കും. ഒരാണിനെ മറ്റൊരാണ് തല്ലുക എന്നത് ആണത്തത്തിന് വിലമതിക്കുന്ന ഒരു കാര്യവുമാണ്. ഇത്തരം അക്രമങ്ങളില്‍ പങ്കെടുക്കുന്നവര്‍ പൊതുവെ ജീവിതത്തില്‍ അക്രമകാരികളൊന്നുമായിരിക്കില്ല. അമേരിക്കന്‍ ഫിലോസഫര്‍ എറിക് ഹോഫെര്‍ പറഞ്ഞതുപോലെ വെറുപ്പില്‍ കൂട്ടുതേടുകയും സ്‌നേഹത്തില്‍ ഒറ്റപ്പെട്ട് ജീവിക്കാനും ഇഷ്ടപ്പെടുന്നവരാണ് മനുഷ്യര്‍. അതുകൊണ്ടാണ് നമുക്കൊരാളോട് ഇഷ്ടം തോന്നിയാല്‍ നീയും കൂടി അയാളെ ഇഷ്ടപ്പെടൂ എന്ന് നമ്മളൊരാളോട് പറയില്ല. അതേസമയം എനിക്ക് ഇഷ്ടക്കേട് ഒരാളോട് തോന്നിയാല്‍ ആ ഇഷ്ടക്കേടിന് തുണയുണ്ടാക്കാന്‍ ശ്രമിക്കും. ഈ വെറുപ്പിന് കൂട്ടുതേടുന്നവരെ സഹായിക്കാന്‍ വളരെ പെട്ടെന്നുള്ള കമ്മ്യൂണിക്കേഷന്‍ മീഡിയം എന്ന നിലയില്‍ വാട്‌സ് ആപ്പ് സഹായകരമാകുന്നുണ്ട്. അതും നോവലില്‍ വരുന്നുണ്ട്

നോവലില്‍ അത് ഓര്‍ഗനൈസ്ഡ് അല്ല. വളരെ പെട്ടെന്ന് ആണ് സംഭവിക്കുന്നത്. ഒരു വാര്‍ത്ത പരക്കുന്നു. അത് മുഴുവന്‍ ആണുങ്ങളുടേയും അഭിമാനപ്രശ്‌നമായി മാറുന്നു. റെയ്ഹാനയുടെ ഭര്‍ത്താവ് സാദിഖ് നാട്ടിലില്ലെങ്കിലും സാദിഖിന് ഒരു വിഷമം തോന്നേണ്ട കാര്യമില്ലാത്ത തരത്തില്‍ മൊത്തം വൈഗ എന്ന ഗ്രാമം മാറുകയാണ്. ഏറ്റവും സ്റ്റീരിയോടിപ്പിക്കലായ ഒരു ആകുലതയെ യാഥാര്‍ത്ഥ്യമാക്കി മാറ്റുകയാണ് നോവലില്‍ ചെയ്തിരിക്കുന്നത്. സാധാരണക്കാരായ മനുഷ്യര്‍ അസാധാരണമാംവിധം അക്രമകാരികളാവുന്ന എന്തോ ഒന്ന് ആള്‍ക്കൂട്ടത്തിനുണ്ട്. അവിഹിതം എന്നത് ഈ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന ഒരു വാര്‍ത്തയുമാണ്.

Q

മുസ്‌ലിം പശ്ചാത്തലത്തിലുള്ള സാഹിത്യരചനകള്‍ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ അധികം കാണാറില്ല?

A

അതിന് ഒരു കാരണം ഇന്ത്യയിലെ എണ്‍പത് ശതമാനം മുസ്‌ലിങ്ങളും മൂന്നോ നാലോ സംസ്ഥാനങ്ങളിലൊതുങ്ങിനില്‍ക്കുന്നു- ഉത്തര്‍പ്രദേശ്, ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ മുസ്‌ലിങ്ങളില്‍ ഭൂരിപക്ഷവും കേന്ദ്രീകരിച്ചിട്ടുള്ളത്. ഈ സംസ്ഥാനങ്ങളില്‍ പൊതുവെ താഴ്ന്ന സാമൂഹ്യസാഹചര്യങ്ങളിലുള്ളവരൊന്നും എഴുത്തില്‍ അധികം വരുന്നില്ല. ജാതിവ്യവസ്ഥ അതിരൂക്ഷമായി നിലനില്‍ക്കുന്ന സ്ഥലങ്ങളായതുകൊണ്ടുതന്നെ കാസ്റ്റ് ക്യാപിറ്റലൊക്കെയാണ് അവരെ എഴുത്തുകാരാക്കുന്നത്. മുസ്‌ലിങ്ങളുടെ മാത്രമല്ല, സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങളുടേയും പ്രാതിനിധ്യക്കുറവുണ്ട്.

കേരളത്തിലാണെങ്കില്‍ മുസ്‌ലിങ്ങള്‍ മലയാളത്തിനു മുന്‍പേ അറബി പഠിക്കുന്നവരാണ്. പലപ്പോഴും സ്‌കൂളിലെത്തിയാലും ഒന്നാം ഭാഷ അറബിയായിരിക്കും. അതുകൊണ്ടുണ്ടാകുന്ന ഒരു അന്യതയുണ്ട്. മലയാളത്തില്‍ എഴുതാനുള്ള ഒരു വഴക്കം അതുകൊണ്ടുതന്നെ കുറവായിരിക്കും. പിന്നെ പൊതുവെ പറയുകയാണെങ്കില്‍ ഒരു സംസ്‌കൃത സ്വഭാവം മലയാളത്തിനുണ്ട്. സംസ്‌കൃത സ്വഭാവം എന്തിനൊക്കെയുണ്ടോ അതിനൊക്കെ ജാതിയും സദാചാരവുമുണ്ട്. അതും ആള്‍ക്കാരെ അകറ്റി നിര്‍ത്തിയിട്ടുണ്ടാകാം.

കേരളത്തില്‍ രാഷ്ട്രീയത്തില്‍ മുസ്‌ലിങ്ങളുടെ പ്രാതിനിധ്യക്കുറവ് വളരെ വ്യക്തമാണ്. ഒരു മുസ്‌ലിം മുഖ്യമന്ത്രി നമുക്കുണ്ടാവുന്നില്ല എന്നത് അധികാര രാഷ്ട്രീയത്തില്‍ പുറത്തുപറയാത്ത ഒരു രഹസ്യമാണ്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും വ്യക്തമായ ധാരണയോടുകൂടിയാണ് മുന്നോട്ട് പോകുന്നത്. മുസ്‌ലിങ്ങള്‍ പ്രത്യേകിച്ച് അക്കാര്യത്തില്‍ ഒരു വേദന പറയാറുമില്ല, അങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിക്കാറുമില്ല. അങ്ങനെ പ്രകടിപ്പിക്കാത്ത ആ സമുദായത്തിന് മതിയായിട്ടുള്ള ഒരു ബഹുമാനം കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയും നല്‍കാറില്ല.

മുസ്‌ലിംലീഗ് ഉള്ളതുകൊണ്ടാണ് യു.ഡി.എഫില്‍ മുസ്‌ലിം പ്രാതിനിധ്യം കാണുന്നത്. ഇടതുപക്ഷത്തില്‍ മുസ്‌ലിം സമുദായത്തില്‍നിന്ന് ഒന്നോ രണ്ടിലോ കൂടുതല്‍ ഒരുഘട്ടത്തിലും മന്ത്രിമാരായിട്ടില്ല. ഒരു ദളിതനപ്പുറം ഒരു മന്ത്രിയും ഉണ്ടായിട്ടില്ല. ദളിതനും മുസ്‌ലിങ്ങളും മാത്രമെടുത്താല്‍ കേരളത്തിലെ നാല്‍പ്പത്തിയഞ്ച് ശതമാനത്തോളം പോപ്പുലേഷനായി. ഈ 45 ശതമാനത്തില്‍ ഇടതുപക്ഷത്തില്‍ കാണാറുള്ളത് രണ്ടോ മൂന്നോ മന്ത്രിമാരെയാണ്. അത്രത്തോളം ദുര്‍ബലമാണ് കേരളത്തിലെ അധികാര രാഷ്ട്രീയത്തിലെ മതേതര മനസ്സ്. രാഷ്ട്രീയമായിട്ടുള്ള പ്രാതിനിധ്യക്കുറവ് നമ്മുടെ എല്ലാ സാംസ്‌കാരിക മേഖലയിലും കാണാന്‍ പറ്റും.

Q

അലീഗഢില്‍ എത്തിയ ശേഷമാണ് വായന തുടങ്ങിയത് എന്ന് പറഞ്ഞു. എങ്ങനെയാണ് എഴുത്തിന്റെ വഴിയും എഴുത്തുരീതിയും?

A

അരീക്കോട്ടെ സ്‌കൂള്‍ കാലത്തൊന്നും ഞാന്‍ പുസ്തകങ്ങള്‍ വായിച്ചിരുന്നില്ല. അലീഗഢ് യൂണിവേഴ്‌സിറ്റിയില്‍ എത്തിയപ്പോഴാണ് അവിടത്തെ ലൈബ്രറി പരിചയപ്പെടുന്നത്. ഇംഗ്ലീഷ് വായിക്കാനും മനസ്സിലാക്കാനുമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നിട്ടും പുസ്തകങ്ങള്‍ വായിക്കണം എന്നു തോന്നി. അമേരിക്കന്‍ സാഹിത്യമാണ് കൂടുതല്‍ വായിച്ചത്. ഞാന്‍ കുറെയധികം പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ല. ഗൂഗിളില്‍ പോയി നോക്കി ഏറ്റവും നല്ല എഴുത്തുകാര്‍ ആരൊക്കെയാണ് എന്ന് തിരഞ്ഞ് ആ ലിസ്‌റ്റെടുത്ത് വായിച്ചതാണ്. കുറെക്കാലമെടുത്തു മനസ്സിലാകാനും ഭാഷ പഠിച്ചെടുക്കാനും. ഭാഷ അറിയുന്നതിനു മുന്നേത്തന്നെ എനിക്ക് സാഹിത്യം ഇഷ്ടപ്പെട്ടു തുടങ്ങി എന്നതാണ് സത്യം.

ഞാന്‍ വളരെ പ്രാദേശികമായി ചിന്തിക്കുന്ന ഒരാളാണ്. പ്രാദേശികമായ പ്രശ്‌നങ്ങളെക്കുറിച്ചും മനുഷ്യാവസ്ഥകളെക്കുറിച്ചുമാണ് എഴുതാറുള്ളത്. മനുഷ്യാവസ്ഥ നന്നായി ചിത്രീകരിച്ചാല്‍ സ്വീകരിക്കപ്പെടും എന്ന വിശ്വാസത്തിന്റെ പുറത്താണ് മൂന്ന് നോവലെഴുതി പരാജയപ്പെട്ടിട്ടും നാലാമത്തെ നോവല്‍ എഴുതിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ ട്രാന്‍സ്ലേഷനുകളിലൂടെ പ്രാദേശികമായ ഒരു അവബോധം പബ്ലിഷര്‍മാര്‍ക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് എന്റെ ബുക്ക് സര്‍പ്രൈസിങ് അല്ലാത്ത രീതിയില്‍ അവര്‍ക്ക് വായിക്കാന്‍ പറ്റുന്നത്. എഴുത്തിന്റെ ലിറ്റററി ക്വാളിറ്റിയില്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഞാന്‍ സാഹിത്യത്തില്‍ ജീവിക്കുന്ന ഒരാളാണ്. രാവിലെ എണീക്കുമ്പോള്‍ ആദ്യം പുസ്തകമാണ് വായിക്കുന്നത്. എപ്പോഴും ബുക്കുമായി ബന്ധപ്പെട്ടാണ് എന്റെ ജീവിതം. അല്ലാതെ പ്രത്യേകിച്ച് വിനോദങ്ങളൊന്നുമില്ല. സിനിമ കാണലോ പന്തുകളി കാണലോ ഒന്നും ഇല്ല. കടപ്പുറത്ത് പോയിരിക്കുക ഒന്നും ഇല്ല. മുമ്പൊക്കെ ചെയ്തിരുന്നു. അത്യപൂര്‍വ്വമായേ സുഹൃത്തുക്കളെ കാണാറുള്ളൂ. ഫോണ്‍ സംഭാഷണം വളരെ കുറവാണ്. മറ്റ് ഡിസ്ട്രാക്ഷനുകളില്ലാത്ത ഒരു മനുഷ്യനാണ് ഞാന്‍. വളരെ ഫോക്കസ്ഡ് ആണ്. ഹാപ്പി ആണ്. സാമ്പത്തികമായി ബുദ്ധിമുട്ട് എന്നല്ലാതെ ഒരു ഘട്ടത്തിലും എഴുത്തിനെ പഴിക്കുകയോ എഴുത്തുകൊണ്ട് അസ്വസ്ഥനാവുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷത്തിനിടയില്‍ ഒരു ദിവസം പോലും രാവിലെ എഴുന്നേറ്റ് എഴുതാന്‍ ശ്രമിക്കാതിരുന്നിട്ടില്ല. മൂന്നോ നാലോ മാസം ചിലപ്പോള്‍ എഴുതാന്‍ കഴിയാത്ത അവസ്ഥ വരും. പക്ഷേ, അപ്പോഴും ഞാന്‍ എഴുതിയത് വായിച്ചുകൊണ്ടിരിക്കും. തിരുത്തലുകള്‍ വരുത്തും. രാവിലേയും വൈകിട്ടുമായി ദിവസവും പത്തുമണിക്കൂറോളം ഞാന്‍ എഴുതും. എഴുതിയത് വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരിക്കും, മുന്‍പ് എഴുതിയതിന്റെ സാമ്യതകളൊക്കെ ഒഴിവാക്കാന്‍ വേണ്ടിയാണ്. അതൊരു പെരുമാറ്റ രീതിയാണിപ്പോള്‍. അതിനുവേണ്ടി സാമൂഹ്യജീവിതത്തില്‍ പല കാര്യങ്ങളും ത്യജിക്കേണ്ടിവരും.

വായിച്ച് വായിച്ചാണ് എഴുതാന്‍ തുടങ്ങിയത്. ആര്‍ത്തിയോടെ വായിക്കും. ഒരു കാര്യം വായിച്ച് ഇഷ്ടപ്പെട്ടാല്‍ അത് വീണ്ടും വീണ്ടും വായിക്കും. ഇംഗ്ലീഷ് കവിതകളൊക്കെ വായിച്ച് സ്വയം ചൊല്ലി റെക്കോര്‍ഡ് ചെയ്ത് അതും ചെവിയില്‍വെച്ച് നടക്കാന്‍ പോകും. ചിട്ടയുള്ള എഴുത്തുകാരനാണ് ഞാന്‍. ഇതൊരു പാഷന്‍ ഒന്നും അല്ല. പണി ആയിട്ടാണ് ഞാന്‍ കാണുന്നത്. വല്ലപ്പോഴും ചെയ്യുന്ന ആനന്ദത്തിനോ വിനോദത്തിനോ ഉള്ള ഒരു കാര്യമാക്കിയാല്‍ നമ്മള്‍ എഴുതുന്നതും വല്ലപ്പോഴും വിനോദത്തിനും ആനന്ദത്തിനും വായിക്കാന്‍ പറ്റുന്ന സാധനങ്ങളായിരിക്കും.

അടിസ്ഥാനമില്ലാത്തതുകൊണ്ടാണ് വളരെ പതുക്കെയാണ് എഴുത്തിലേക്ക് എത്തിയത്. നമ്മുടെ വിദ്യാഭ്യാസരീതി വളരെ പരിമിതമാണ് പി.ജി. കഴിഞ്ഞ ആളുകള്‍ക്കുപോലും ഒരു വാചകം തെറ്റുകൂടാതെ ഇംഗ്ലീഷില്‍ എഴുതാന്‍ കഴിയുന്നില്ല. അത് കുട്ടികളുടെ കുഴപ്പമല്ല. വിദ്യാഭ്യാസ രീതിയിലെ പരാജയമാണ്. നമ്മളെ പഠിപ്പിക്കുന്ന ടീച്ചറും ഇതേ പരാജയത്തിന്റെ ഇരകളാണ്. രാഷ്ട്രീയം നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖലയെ പൂര്‍ണ്ണമായും വിഴുങ്ങിക്കളഞ്ഞു. കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലുമാക്കെ ചെന്നാല്‍ രണ്ടോ മൂന്നോ മിനിറ്റ് സംസാരിച്ചാല്‍ തന്നെ ഇവരെ ആരാണ് നിയമിച്ചത് എന്ന് നമുക്ക് മനസ്സിലാകും. ആ നന്ദി ഇവരുടെ എല്ലാ വാക്കുകളിലും കാണാന്‍ പറ്റും. പാര്‍ട്ടിക്ക് പ്രിയപ്പെട്ടവര്‍ക്ക് ജോലി കൊടുക്കാനുള്ള ഒരു കേന്ദ്രമായി കേരളത്തിലെ സര്‍വ്വകലാശാലകള്‍ എത്രയോ കാലമായി മാറി. അതുകൊണ്ടാണ് കേരളം വിട്ട് മറ്റ് സഥലങ്ങളിലേക്ക് ജീവിതത്തില്‍ ആഗ്രഹങ്ങള്‍ ഉള്ള ആളുകള്‍ ചേക്കേറുന്നതും. ഞാന്‍ എം.എ. ജെ.എന്‍.യുവില്‍ ചെയ്തിരുന്നില്ലെങ്കില്‍ ഒരിക്കലും എഴുത്തുകാരനാവില്ല. നാട് വിട്ടുപോയതുകൊണ്ടാണ് ഇംഗ്ലീഷ് ഭാഷ പഠിച്ചതും ആത്മവിശ്വാസം ഉണ്ടായതും എഴുത്തുകാരനായതും. അങ്ങനെ അല്ലാത്തവരും ഉണ്ടാവാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com