കാലിക്കറ്റ് സര്‍വ്വകലാശാല എം.എ അറബിക് വിദൂര വിദ്യാഭ്യാസത്തിന്റെ പാഠപുസ്തകത്തില്‍ അടുത്തിടെയുണ്ടായ വിവാദമാണ് സലഫി-വഹാബി മൂവ്മെന്റ് സ്ഥാപകന്‍ ഇബ്നു അബ്ദുള്‍ വഹാബിനെ പരാമര്‍ശിക്കുന്ന പാഠഭാഗം നീക്കം ചെയ്യണമെന്നത്. സുന്നി വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇതു സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതിയും നല്‍കി. എന്നാല്‍, ഞങ്ങളാരും ഇതിനുത്തരവാദികളല്ല എന്ന നിലപാടാണ് യൂണിവേഴ്സിറ്റിക്ക് ഇക്കാര്യത്തിലുള്ളത്. പഠനസാമഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തേക്കാള്‍ യൂണിവേഴ്സിറ്റിയുടെ നിരുത്തരവാദിത്വമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും. വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന പഠന സാമഗ്രികള്‍ ഉണ്ടാക്കേണ്ടത് ഗൗരവതരമായ ഒരു കാര്യമായി യൂണിവേഴ്സിറ്റി കണ്ടിട്ടില്ല. പഠനസാമഗ്രി തയ്യാറാക്കുന്നവര്‍ക്കും മോണിറ്റര്‍ ചെയ്യുന്നവര്‍ക്കും കുറഞ്ഞ വേതനമാണ് യൂണിവേഴ്സിറ്റി നല്‍കുന്നത്. ഇതു പുസ്തകത്തിന്റെ നിലവാരത്തിലും പ്രതിഫലിക്കപ്പെടുന്നുണ്ട്. പരാതിയുയര്‍ന്ന സാഹചര്യത്തിലും അതില്‍ കഴമ്പുണ്ടോ പിന്‍വലിക്കപ്പെടേണ്ടതാണോ എന്നതിലുള്ള ചര്‍ച്ചയിലും ഈ ഉദാസീനത യൂണിവേഴ്സിറ്റിയുടെ ഭാഗത്തുണ്ട്. ഇതാദ്യമായല്ല അറബി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് വിവാദമുയരുന്നതും പിന്‍വലിക്കുന്നതും.
വഹാബിസത്തിന്റെ മഹത്വവല്‍ക്കരണം
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസം എം.എ അറബിക് രണ്ടാംവര്‍ഷത്തിലെ 'ഹിസ്റ്ററി ഓഫ് കണ്ടംപററി അറബ് വേള്‍ഡ്' എന്ന പുസ്തകത്തിന്റെ പഠനസാമഗ്രിയിലാണ് വിവാദത്തിനിടയാക്കിയ പരാമര്‍ശങ്ങള്‍. എം.എ അറബിക് റഗുലര്‍ കോഴ്സിനും ഇതേ സിലബസ് തന്നെയാണ്. ഇതില്‍ സൗദി അറേബ്യയിലെ ഇസ്ലാമിക് മൂവ്മെന്റിനെ പരാമര്‍ശിക്കുന്ന ഭാഗത്താണ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഉന്നയിക്കുന്ന 'വഹാബിസത്തിന്റെ മഹത്വവല്‍ക്കരണം.'
ആഗോളതലത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട പ്രസ്ഥാനമാണ് വഹാബിസമെന്നും മുഹമ്മദ് ഇബ്നു അബ്ദുള്‍ വഹാബ് നേതൃത്വം നല്‍കിയ പ്രസ്ഥാനം ഇസ്ലാമിനെ തെറ്റായ ആചാരങ്ങളില്‍നിന്നും മോചിപ്പിക്കുകയും അതിനെ തൗഹീദിലേക്ക് കൊണ്ടുവരികയുമാണ് ചെയ്തതെന്നും പുസ്തകത്തില്‍ പറയുന്നു. ''റസൂലിനേയും ഔലിയായേയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നും മുസ്ലിങ്ങളെ കാഫിറുകളാക്കാന്‍ ശ്രമിക്കുന്നു എന്നെല്ലാം തെറ്റായ കാര്യങ്ങളാണ് വഹാബികളെക്കുറിച്ച് പ്രചരിപ്പിക്കുന്നത്. തൗഹീദിനെ എതിര്‍ക്കുന്നവരും ഖബര്‍ ആരാധകരുമാണ് ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍. മുസ്ലിങ്ങളിലെ തെറ്റായ വിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ വേണ്ടി ഉണ്ടാക്കിയ പ്രസ്ഥാനമാണ് വഹാബിസം.'' പേജ് 203 മുതല്‍ 206 വരെ വഹാബിസത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ചില ഭാഗങ്ങളാണിത്.
എന്നാല്‍, സലഫി-വഹാബി മൂവ്മെന്റിന്റെ സ്ഥാപകനും പാരമ്പര്യ ഇസ്ലാമിന്റെ ശത്രുവുമായ ഇബ്നു അബ്ദുള്‍ വഹാബിനെ മഹത്വവല്‍ക്കരിക്കുന്ന പാഠഭാഗം അപകടകരവും അപലപനീയവുമാണെന്നാണ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ വാദം. ''ഇസ്ലാമില്‍ പല കാലങ്ങളിലായി ഉണ്ടായ മതവികല പ്രസ്ഥാനങ്ങളില്‍ ഒന്നാണ് വഹാബിസം. അങ്ങനെയൊരു സംഘടനയേയും നേതാവിനേയും വെള്ളപൂശാന്‍ സര്‍ക്കാര്‍ ചെലവില്‍ ശ്രമിക്കുന്നത് ചരിത്രത്തെ വികലമാക്കലാണ്. ഇബ്നു അബ്ദുള്‍ വഹാബും സംഘവും നടത്തിയ അക്രമപരമ്പരകളെ മറച്ചു വെച്ച് തെറ്റായ ചരിത്രം ഉള്‍പ്പെടുത്തിയത് പിന്‍ലിക്കണം'' -ഇതാണ് എസ്.എസ്.എഫിന്റെ വാദം.
ഇത് ആദ്യത്തെ സംഭവമല്ലെന്നും പല ഘട്ടങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ക്കു സമരം നടത്തേണ്ടിവന്നിട്ടുണ്ടെന്നും എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ബഷീര്‍ മുസ്ലിയാര്‍ പറയുന്നു: ''ഇത് ഇടയ്ക്കിടയ്ക്ക് നടക്കുന്നുണ്ട്. ഞങ്ങള്‍ അറിയുമ്പോള്‍ പ്രതിഷേധിക്കും, അവര്‍ പിന്‍വലിക്കും, വീണ്ടും ഇതുപോലെ ഒളിച്ചു കടത്തും-ഇതിങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊന്നും അറിയാതെ സംഭവിച്ചതാകാന്‍ സാധ്യതയില്ല. അങ്ങനെയാണെങ്കില്‍ ഒരു തവണയൊക്കെയല്ലേ സംഭവിക്കൂ. പാഠപുസ്തകങ്ങളില്‍ സംഘപരിവാര്‍ അജന്‍ഡ എങ്ങനെയാണോ കടന്നുവരുന്നത് തത്തുല്യമായിത്തന്നെ വഹാബി അജന്‍ഡയും കടന്നുവരുന്നു. പുസ്തക കമ്മിറ്റികളില്‍ ഇവര്‍ക്കാണ് ആധിപത്യമുള്ളത് എന്നതുകൊണ്ടു കൂടിയായിരിക്കാം അങ്ങനെ സംഭവിക്കുന്നത്. നിഷ്പക്ഷമായി അത്തരമൊരു പാഠഭാഗം ഉള്‍പ്പെടുത്തിയതാണെങ്കില്‍ ചിലപ്പോള്‍ നമുക്കതിനെ ന്യായീകരിക്കാം. ഇത് അങ്ങനെയല്ല. ഇത് ദുരുദ്ദേശ്യപരമായി ഈ ആശയത്തെ കുത്തിവെയ്ക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്'' -ബഷീര്‍ മുസ്ലിയാര്‍ പറയുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അറബിക് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുബീനുല്‍ ഹഖ് ആണ് പുസ്തകം തയ്യാറാക്കിയത്. സൂക്ഷ്മ പരിശോധന നടത്തിയത് ഫറൂഖ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. മുഹമ്മദ് ആബിദും. പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്.എസ്.എഫ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. വൈസ് ചാന്‍സലര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതിയും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസിനോട് വിശദീകരണവും ചോദിച്ചിരുന്നു.
ആധുനിക സൗദി അറേബ്യയുടെ ചരിത്രം
ഇസ്ലാമിലുണ്ടായ നവോത്ഥാന മൂവ്മെന്റുകളിലൊന്നാണ് വഹാബിസമെന്നും അതു പഠിക്കപ്പെടേണ്ടതാണെന്നുമാണ് മറുവാദം. വര്‍ഷങ്ങളായി സിലബസില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. പഠനസാമഗ്രി തയ്യാറാക്കിയപ്പോള്‍ ഉള്‍പ്പെടുത്തിയ ലേഖനത്തില്‍ ഇബ്നു അബ്ദുള്‍ വഹാബിനെ ന്യായീകരിക്കുന്ന തരത്തില്‍, അക്കാദമിക് കാഴ്ചപ്പാടിലൂടെയല്ലാത്ത പരാമര്‍ശങ്ങള്‍ ഉണ്ടായതു മാത്രമാണ് പ്രശ്‌നമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസിനോട് യൂണിവേഴ്സിറ്റി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം ചോദിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിനു മറുപടി നല്‍കിയതായി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. എ.ബി. മൊയ്തീന്‍കുട്ടി പറഞ്ഞു: ''പാഠപുസ്തകത്തില്‍ വഹാബിസം തിരുകി കയറ്റാന്‍ ശ്രമിക്കുന്നു എന്ന തരത്തിലുള്ള ജനറലായ ഒരു പരാതിയാണ് കിട്ടിയത്. സിലബസില്‍ അവര്‍ക്ക് എതിര്‍പ്പുള്ള ഭാഗം കൃത്യമായി അടയാളപ്പെടുത്തി തന്നാല്‍ ആ ഭാഗത്തെക്കുറിച്ച് പരിശോധിക്കാം എന്നാണ് യൂണിവേഴ്സിറ്റിക്ക് ബോര്‍ഡ് നല്‍കിയ മറുപടി. പിന്നീടൊന്നും ബോര്‍ഡിനു മുന്നില്‍ വന്നിട്ടില്ല. സിലബസില്‍നിന്ന് ആ പാഠഭാഗം മാറ്റുക എന്നത് ചരിത്രത്തിന്റെ ഒരു ഭാഗം മാറ്റുന്നതിനു തുല്യമാണ്. അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയും യൂണിവേഴ്സിറ്റി അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതൊരു മൂവ്മെന്റാണ്. സാഹിത്യത്തിലും സ്വാധീനം ചെലുത്തിയ ഒരു മൂവ്മെന്റ്. ഒരു രാജ്യത്തെ രൂപവല്‍ക്കരിച്ച മൂവ്മെന്റുകൂടിയാണ്. അതു മാറ്റുക എന്നു പറഞ്ഞാല്‍ ആധുനിക സൗദി അറേബ്യയുടെ ചരിത്രം മാറ്റുക എന്നതാണ് അര്‍ത്ഥം. ഇതാണ് ബോര്‍ഡിന്റെ അഭിപ്രായം. ആവശ്യമെങ്കില്‍ സിലബസ് മാറ്റാനും പാഠഭാഗം നീക്കം ചെയ്യാനുമുള്ള അധികാരവും യൂണിവേഴ്സിറ്റിക്കുണ്ട്'' -ഡോ. എ.ബി. മൊയ്തീന്‍കുട്ടി പറയുന്നു.
അക്കാദമിക് കാഴ്ചപ്പാടിലല്ല ആ ഭാഗം വന്നത് എന്നും കുട്ടികള്‍ക്കായി കണ്ടന്റ് തയ്യാറാക്കുമ്പോള്‍ അക്കാദമിക് കാഴ്ചപ്പാടോടെ ചെയ്യേണ്ടതായിരുന്നു എന്നും ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവും തിരൂര്‍ ഗവണ്‍മെന്റ് കോളേജ് അദ്ധ്യാപകനുമായ ജലീല്‍ കെ. പറയുന്നു: ''സിലബസില്‍ വഹാബി പ്രസ്ഥാനത്തെക്കുറിച്ച് മാത്രമല്ല, പല നവോത്ഥാന ആശയങ്ങളും പഠിക്കാനുണ്ട്. ഈ ഭാഗം വന്നപ്പോള്‍ മറ്റെവിടെയോ വന്ന ഒരു ലേഖനം എടുത്ത് ചേര്‍ത്തു. ഇത് ഇബ്നു അബ്ദുള്‍ വഹാബിനെ മഹത്വവല്‍ക്കരിക്കുന്ന തരത്തില്‍ അവതരിപ്പിക്കുന്ന ലേഖനമാണ് എന്നതാണ് ആരോപണം. അതിന്റെ നല്ല വശവും ചീത്തവശവും പറയുന്നതിനു പകരം ഏകപക്ഷീയമായിപ്പോയി എന്നതാണ് ആരോപണം. കണ്ടംപററി ആന്റ് മോഡേണ്‍ അറബ് വേള്‍ഡ് എന്ന സിലബസ് വര്‍ഷങ്ങളായി ഉള്ളതാണ്. സിലബസാണ് ബോര്‍ഡ് ഉണ്ടാക്കിക്കൊടുത്തത്. മെറ്റീരിയല്‍ ഉണ്ടാക്കുന്നത് ഡിസ്റ്റന്‍സ് വിഭാഗമാണ്. ബോര്‍ഡിനു പ്രത്യേകിച്ച് അതില്‍ റോള്‍ ഇല്ല. സ്വതന്ത്ര ആശയമുള്ള ഒരു ലേഖനം ഒരാള്‍ക്ക് എഴുതാം. പക്ഷേ, ഒരു അക്കാദമിക് പ്ലാറ്റ്ഫോമിലേക്ക് അതു കൊണ്ടുവന്നപ്പോഴുള്ള അബദ്ധമാണിതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം'' - അദ്ദേഹം പറയുന്നു.
വര്‍ഷങ്ങളായി വഹാബി മൂവ്മെന്റ് സിലബസിന്റെ ഭാഗമായി ഉണ്ടെന്നും ഇപ്പോള്‍ ഇതൊരു വിവാദത്തിലേക്ക് പോയത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ലെന്നും പുസ്തകം സൂക്ഷ്മ പരിശോധന നടത്തിയ ഡോ. മുഹമ്മദ് ആബിദ് പറയുന്നു: ''മോഡ്യൂള്‍ നോക്കുക എന്നതാണ് സൂക്ഷ്മപരിശോധനയില്‍ നടക്കുന്നത്. ഹിഡന്‍ അജന്‍ഡയില്‍ ഒരു വാക്കോ വാചകമോ അതിനകത്ത് പൊതിഞ്ഞുവെച്ചിട്ടുണ്ടെങ്കില്‍ അതു കണ്ടെത്തുക പ്രയാസമാണ്. 24 അറബ് രാജ്യങ്ങള്‍, അവിടത്തെ ചരിത്രം, യുദ്ധം, സംഘര്‍ഷം, വ്യക്തികള്‍, ഭരണപരിഷ്‌കാരങ്ങള്‍ തുടങ്ങി ഒരുപാട് വിഷയത്തിനകത്താണ് ഈ സംഭവം വരുന്നത്. പല മൂവ്മെന്റുകള്‍പോലെ ഒരു മൂവ്മെന്റാണ് ഇതും. ഇതിനെ അനുകൂലിക്കുന്നവരുണ്ടാകാം പ്രതികൂലിക്കുന്നവരുണ്ടാകാം. വര്‍ഷങ്ങളായുള്ള ഒരു കണ്ടന്റാണിത്. അതിന്റെ ആവര്‍ത്തനം എന്ന രീതിയില്‍ മാത്രമേ ഞാനിതിനേ കാണുന്നുള്ളൂ. പലരും വൈകാരികമായാണ് ഇതിനെ കാണുന്നത്. അക്കാദമിക് പര്‍പ്പസില്‍ എടുക്കുക എന്നതാണ് ചെയ്യാനുള്ളത്'' - അദ്ദേഹം പറയുന്നു.
വഹാബിസത്തിന്റെ ഒരുവശം മാത്രം കാണുന്ന ഒരു ലേഖനം അപ്പാടെ കോപ്പി ചെയ്തു വെച്ചു എന്നതാണ് പ്രശ്‌നമെന്നും ക്രിട്ടിക്കല്‍ ഇവാല്യുഷന്‍ എന്ന തരത്തില്‍ അവതരിപ്പിക്കുന്നതില്‍ പുസ്തകം തയ്യാറാക്കിയ ആള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അതാണ് ഇത്തരം വിവാദങ്ങള്‍ക്കു കാരണമെന്നും ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ ബോര്‍ഡ് ഓഫ് എക്‌സാം ചെയര്‍മാനും തിരൂര്‍ ഗവണ്‍മെന്റ് കോളേജ് അറബി വിഭാഗം മേധാവിയുമായ സൈനുദ്ദീന്‍ പി.ടി. പറയുന്നു: ''മോഡേണ്‍ അറബ് വേള്‍ഡ് പഠിക്കുമ്പോള്‍ സ്വാഭാവികമായും അവിടെ സ്വാധീനിച്ച പ്രസ്ഥാനങ്ങളെ പറഞ്ഞുപോകേണ്ടതുണ്ട്. അതു പറയുമ്പോള്‍ ഇതാണ് ശരി ഇതു തെറ്റാണ് എന്നൊന്നും പറയാന്‍ സിലബസിന് അവകാശമില്ല. കുട്ടികള്‍ക്കു തീരുമാനിക്കാം അതെങ്ങനെയാണ് എന്ന്. അല്ലാതെ നമ്മള്‍ പുസ്തകത്തില്‍ ഇതു തറപ്പിച്ചു പറയാന്‍ പാടില്ലല്ലോ.''
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഇതിനു മുന്‍പും പാഠപുസ്തകത്തില്‍ വഹാബി ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന നടപടികള്‍ ഉണ്ടായിട്ടുണ്ടെന്ന് സുന്നി വിദ്യാര്‍ത്ഥി സംഘടന പറയുന്നു. ബി.എ. അഫ്സലുല്‍ ഉലമ കോഴ്സിലെ കിത്താബു തൗഹീദ് എന്ന പുസ്തകം 2016-ല്‍ വിവാദമായിരുന്നു. 2004-ല്‍ ഈ പുസ്തകം വിവാദത്തെത്തുടര്‍ന്നു പിന്‍ലിച്ചിരുന്നു. പിന്നീട് വീണ്ടും ഉള്‍പ്പെടുത്തുകയായിരുന്നു. മുഹമ്മദുബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍ എഴുതുകയും കേരളത്തിലെ സലഫി പ്രചാരകനായ കോയക്കുട്ടി ഫാറൂഖി സംഗ്രഹിക്കുകയും ചെയ്ത പുസ്തകം വലിയ പ്രതിഷേധങ്ങളെത്തുടര്‍ന്നു വീണ്ടും പിന്‍വലിക്കേണ്ടിവന്നു. സലഫികളല്ലാത്തവരെല്ലാം അവിശ്വാസികളാണെന്നും അവിശ്വാസികളെല്ലാം വധിക്കപ്പെടേണ്ടവരാണെന്നുവരെ പുസ്തകം പറയുന്നതായി എസ്.എസ്.എഫ് ചൂണ്ടിക്കാട്ടിയിരുന്നു. സംഘടനാപരമായ ആശയ പ്രചാരണത്തിനുള്ള മാര്‍ഗ്ഗമായാണ് അറബിഭാഷാ പഠനത്തെ ഒരു വിഭാഗം കാണുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates