സ്വകാര്യ സെക്യൂരിറ്റി ജീവനക്കാര്‍ പുതിയ കാലത്തെ അടിമകള്‍

തൃശൂരിലെ ശോഭാസിറ്റിയില്‍ ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ചും കാറിടിപ്പിച്ചും കൊന്ന കിങ്‌സ് ബീഡി കമ്പനി ഉടമ മുഹമ്മദ് നിഷാമിനെ കേരളം മറന്നിട്ടില്ല
സ്വകാര്യ സെക്യൂരിറ്റി ജീവനക്കാര്‍ പുതിയ കാലത്തെ അടിമകള്‍

തൃശൂരിലെ ശോഭാസിറ്റിയില്‍ ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ചും കാറിടിപ്പിച്ചും കൊന്ന കിങ്‌സ് ബീഡി കമ്പനി ഉടമ മുഹമ്മദ് നിഷാമിനെ കേരളം മറന്നിട്ടില്ല. 39 വര്‍ഷം കഠിനതടവാണ് കോടതി അയാള്‍ക്കു വിധിച്ച ശിക്ഷ. കാറിലെത്തിയ നിഷാമിന് ഗേറ്റ് തുറന്നുകൊടുക്കാന്‍ വൈകി എന്നതായിരുന്നു ചന്ദ്രബോസ് ചെയ്ത 'കുറ്റം.' അതിനു ക്ഷമ പറഞ്ഞിട്ടും മര്‍ദ്ദിച്ചു. സെക്യൂരിറ്റി ജീവനക്കാരന്റെ ക്യാബിനിലേക്ക് മടങ്ങിയിട്ടും പുറകെ ചെന്നു വലിച്ചു പുറത്തിട്ട് കാറിടിപ്പിച്ചു. മാരകമായി പരിക്കേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് ചന്ദ്രബോസ് മരിച്ചത്. 2015 ഫെബ്രുവരിയിലായിരുന്നു അത്. ഒരു കുടുംബം അനാഥമായി. പക്ഷേ, അന്നുമിന്നും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരുടെ ദുരിതപൂര്‍ണ്ണമായ തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ കേരളം വേണ്ടവിധം ചര്‍ച്ച ചെയ്തിട്ടില്ല എന്നതാണ് സത്യം. 

ബാങ്കുകളും എ.ടി.എമ്മുകളും ഉള്‍പ്പെടെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ഫ്‌ലാറ്റ് സമുച്ചയങ്ങളിലും സുരക്ഷ ആവശ്യമുള്ള മറ്റെവിടെയും കാവല്‍ നില്‍ക്കുന്ന, സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ വളരെ മോശമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയമപരമായി അംഗീകരിച്ച മിനിമം കൂലി പോലും ലഭിക്കുന്നില്ല, അര്‍ഹമായ അവധി ഉള്‍പ്പെടെ ആനുകൂല്യങ്ങളൊന്നുമില്ല. 

സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാനും ഏകീകരിക്കാനും പത്തു വര്‍ഷത്തിലധികമായി നടക്കുന്ന ശ്രമങ്ങള്‍ വളരെക്കുറഞ്ഞ വിജയം മാത്രമാണ് ഉണ്ടായത്. പരിമിത ശമ്പളത്തില്‍ അടിമപ്പണിക്കു തുല്യമായ ജോലി ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷവും. അസംഘടിത മേഖലയില്‍ ഏറ്റവും അധികം പരിഗണന അര്‍ഹിക്കുന്ന വിഭാഗമായി മാറിയിരിക്കുന്ന ഇവരില്‍ വലിയൊരു വിഭാഗം 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാരാണ്. തുടര്‍ച്ചയായ രാത്രിജോലി മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളേറെയാണ്. സി.സി.ടി.വി ക്യാമറക്കണ്ണിലാണ് ജീവിതം. കണ്ണൊന്ന് അടഞ്ഞുപോയാല്‍ കൂലിയില്‍ കുറവുവരും. ജീവനുപോലും സുരക്ഷിതത്വമില്ല എന്നതിന് നിഷാം സംഭവമല്ലാതെയുമുണ്ട് അനുഭവങ്ങള്‍. തൊഴിലുടമയുടെ മാനേജരുടെ മര്‍ദ്ദനമേറ്റും പാമ്പു കടിയേറ്റും സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച സംഭവങ്ങളുണ്ടെന്ന് ചേര്‍ത്തലയില്‍ സെക്യൂരിറ്റി ജീവനക്കാരുടെ സ്വയം സഹായ സംഘം രൂപീകരിക്കാന്‍ മുന്‍കയ്യെടുത്ത പ്രസാദ് പറയുന്നു. 20 പേരുള്ള സംഘം മൂന്നു വര്‍ഷം മുന്‍പാണ് തുടങ്ങിയത്. ചികിത്സപോലെ അടിയന്തര ആവശ്യങ്ങളില്‍ സഹായം നല്‍കാന്‍ ഈ സംഘത്തിനു കഴിയാറുണ്ട്. ഓണത്തിനും മറ്റും അത്ര വലുതല്ലെങ്കിലും ഒരു തുക ബോണസ് കൊടുക്കാനും കഴിയുന്നു. കേരളത്തില്‍ മറ്റൊരിടത്തും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇങ്ങനെയൊരു കൂട്ടായ്മ ഇല്ല. ഐ.എന്‍.ടി.യു.സി നേതൃത്വത്തില്‍ ഓള്‍ കേരള സെക്യൂരിറ്റി സര്‍വ്വീസ് എംപ്ലോയീസ് അസോസിയേഷന്‍ (എ.കെ.എസ്.എസ്.ഇ.എ), സി.ഐ.ടിയു നേതൃത്വം നല്‍കുന്ന കേരള സ്റ്റേറ്റ് സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംഗ് സ്റ്റാഫ് അസോസിയേഷന്‍ എന്നിവയാണ് ഈ മേഖലയിലെ പ്രധാന തൊഴിലാളി സംഘടനകള്‍. എ.ഐ.ടി.യു.സിക്കും ബി.എം.എസ്സിനും യൂണിയനുണ്ട്. ഇടപെടലുകളും ഒറ്റപ്പെട്ട സമരങ്ങളും നടക്കുന്നുമുണ്ട്. 

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മനുഷ്യരെപ്പോലെ ജീവിതം ഉറപ്പാക്കാന്‍ കൂടുതല്‍ സജീവമായ ഇടപെടലുകള്‍ ആവശ്യമാണ്. 

മാസം 5000 മാത്രം

മാസം 5000 രൂപ മാത്രം കിട്ടുന്ന സെക്യൂരിറ്റി ജീവനക്കാരുണ്ട്. ജീവിതം പറയുമ്പോള്‍ അവരില്‍ ചിലര്‍ കരഞ്ഞുപോയി. പേരോ ചിത്രമോ വരരരുത് എന്നു ദയനീയമായി അഭ്യര്‍ത്ഥിച്ചു. അത്രയ്ക്കു വലിയ ഭീഷണിപ്പെടുത്തലുകളും ചൂഷണവുമാണ് ഇവര്‍ അഭിമുഖീകരിക്കുന്നത്. 12000 രൂപയാണ് സംസ്ഥാനത്ത് സെക്യൂരിറ്റി ജീവനക്കാരുടെ ഏറ്റവും ഉയര്‍ന്ന മാസശമ്പളം. പക്ഷേ, 6000 മുതല്‍ 9000 വരെയാണ് ഇവര്‍ക്കു കൊടുക്കുന്നത്. ബാക്കി 3000 മുതല്‍ 6000 വരെ ഏജന്‍സികള്‍ എടുക്കും. സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ തൊഴിലാളികളെ ആവശ്യക്കാര്‍ക്കു നല്‍കുന്ന നൂറുകണക്കിന് ഏജന്‍സികളുണ്ട്. തൊഴിലുടമയില്‍നിന്നു കൂലി വാങ്ങുന്നത് ഇവരാണ്. അവരുടെ കമ്മീഷന്‍ കിഴിച്ചിട്ടാണ് തൊഴിലാളിക്കു കൂലി നല്‍കുന്നത്. ഇതിനു യാതൊരുവിധ ഏകീകൃത സ്വഭാവവുമില്ല. തൊഴിലാളിക്ക് ഇ.എസ്.ഐ, പി.എഫ് എന്നിവ നിയമപരമായി നിര്‍ബ്ബന്ധമാണെങ്കിലും അവ അനുവദിക്കുന്ന ഏജന്‍സികള്‍ അപൂര്‍വ്വം.

പലയിടത്തും ജോലി സമയം 24 മണിക്കൂറാണ്. എട്ടു മണിക്കൂര്‍ ജോലി എന്നത് സ്വപ്നത്തില്‍പ്പോലുമില്ല. 12 മണിക്കൂറാണ് ഈ മേഖലയിലെ 'അംഗീകൃത' തൊഴില്‍ സമയം. പക്ഷേ, അടുത്ത 12 മണിക്കൂര്‍ കൂടി ഡബിള്‍ ഡ്യൂട്ടിയാക്കി ജോലി ചെയ്ത് അടുത്ത ദിവസം വിശ്രമിക്കുന്നവരുണ്ട്. അതിനുപോലും കഴിയാത്തവരുമുണ്ട്. ചില ഏജന്‍സികള്‍ ഇത് ഒരൊറ്റ ഡ്യൂട്ടിയായേ കണക്കാക്കാറുള്ളു. പക്ഷേ, തൊഴിലുടമയോട് പണം വാങ്ങുകയും ചെയ്യും. ബാറുകളില്‍ വിശ്രമരഹിതമാണു ജോലി. മൂന്നു നേരത്തെ ഭക്ഷണവുമായി വേണം ജോലിക്കെത്താന്‍. ഹോട്ടലുകളില്‍ കാവല്‍ നില്‍ക്കുന്നവര്‍ ഉച്ചയാകുമ്പോള്‍ 'ഊണു തയ്യാര്‍' എന്ന കൈചൂണ്ടി ബോര്‍ഡ് പിടിച്ച് മഴയത്തും വെയിലത്തും വഴിയേ പോകുന്നവരെയൊക്കെ ക്ഷണിക്കുക കൂടി വേണം. അതിനു പകരമായി നല്‍കുന്ന ഭക്ഷണം സമയത്തു കഴിക്കാനോ ഇരുന്നു കഴിക്കാനോ പോലും കഴിയാത്ത സാഹചര്യം. കുടിവെള്ളംപോലും കിട്ടാത്ത സ്ഥലങ്ങളുണ്ട്. ജപ്തി ചെയ്ത സ്ഥലത്തു കാവല്‍ നില്‍ക്കുന്നവരുണ്ട്: അവര്‍ക്കവിടെ വെള്ളവും വെളിച്ചവും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും പോലും ഉണ്ടാകില്ല. അഞ്ചാം തീയതിയെങ്കിലും ശമ്പളം നല്‍കുന്ന ഏജന്‍സികള്‍ കുറവാണ്. പത്താം തീയതിയോടെയാണ് മിക്ക ഏജന്‍സികളും ശമ്പളം നല്‍കുന്നത്. പീഡനം സഹിക്കാനാകാതെ പിരിഞ്ഞുപോകുന്നവരെ ജോലി ചെയ്ത മാസത്തെ ശമ്പളം നല്‍കാതെ ബുദ്ധിമുട്ടിക്കും. കൊവിഡ് സെന്ററില്‍ ജോലി ചെയ്തിട്ട് രണ്ടുമാസത്തെ ശമ്പളം വരെ മുടങ്ങിയ അനുഭവമുണ്ട്. 

ശമ്പളം കുടിശ്ശിക ആയിരിക്കുമ്പോള്‍ത്തന്നെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട സംഭവങ്ങളുണ്ട്. സമയം വൈകാതിരിക്കാന്‍ പതിവുപോലെ ഓടിക്കിതച്ച് എത്തുമ്പോഴായിരിക്കും തന്റെ ജോലി മറ്റൊരാള്‍ ചെയ്യുന്നതു കാണുക. തൊഴിലുടമ കൈമലര്‍ത്തും. ഏജന്‍സി എന്തെങ്കിലും ഉടക്കു ന്യായം പറയും. ഫലത്തില്‍ കുടിശ്ശികയുള്ള ശമ്പളം പോലും കിട്ടാതെ വരും. ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതി.
 
ഒന്നു മുതല്‍ പൂജ്യം വരെ 

അന്തര്‍ദ്ദേശീയ തൊഴില്‍ സംഘടന (ഐ.എല്‍.ഒ) ഈ നൂറ്റാണ്ടിന്റെ ആദ്യം നടത്തിയ പഠനമാണ് ആഗോളതലത്തില്‍ത്തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നീതി ലഭിക്കാനുള്ള ഇടപെടലുകള്‍ക്ക് തുടക്കമായത്. ഇടതുപക്ഷ പിന്തുണയോടെ രാജ്യം ഒന്നാം യു.പി.എ സര്‍ക്കാര്‍ 2005-ല്‍ ഇന്ത്യയില്‍ പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സീസ് റെഗുലേഷന്‍സ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു നിയമമാക്കി. ദുരിതമനുഭവിക്കുന്ന സെക്യൂരിറ്റിക്കാര്‍ സംഘടിതരല്ലെന്നു വിലയിരുത്തിയ ഐ.എല്‍.ഒ അവരില്‍ സംഘബോധം വളര്‍ത്തി യൂണിയനുകള്‍ രൂപീകരിക്കണമെന്നും തീരുമാനിച്ചു. സ്വിറ്റ്സര്‍ലന്റ് ആസ്ഥാനമായ യുണി ഗ്ലോബല്‍ യൂണിയന്‍ ഫെഡറേഷന്‍ എന്ന സന്നദ്ധസംഘടനയാണ് ഇന്ത്യയില്‍ ഇതിനു നിയോഗിക്കപ്പെട്ടത്. യുണീ ഗ്ലോബല്‍ പ്രതിനിധികള്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളെ കണ്ട് യൂണിയനുകള്‍ രൂപീകരിക്കാന്‍ ആവശ്യമായ പിന്തുണ നല്‍കി. യുണി ഗ്ലോബല്‍ ശമ്പളം കൊടുത്ത് സംഘാടകരെ വച്ച് സംഘടന ഉണ്ടാക്കുകയായിരുന്നു. ജീവനക്കാരെ ബോധവല്‍ക്കരിക്കാന്‍ ക്യാമ്പുകള്‍ നടത്തിയതും യുണി ഗ്ലോബല്‍. കേന്ദ്രഭരണം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനായതുകൊണ്ട് അവരുടെ ട്രേഡ് യൂണിയന്‍ ഐ.എന്‍.ടി.യുസിയെ ആണ് പ്രധാനമായും സമീപിച്ചത്. സി.ഐ.ടി.യു, ബി.എം.എസ് എന്നിവയേയും ഉപയോഗപ്പെടുത്തി. 

തുടക്കത്തില്‍ ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയും എ.കെ.എസ്.എസ്.ഇ.എ പ്രസിഡന്റും എ.ഐ.സി.സി അംഗവുമായിരുന്ന കെ. സുരേഷ് ബാബു പേരുവച്ച് ഇറക്കിയ നോട്ടീസുണ്ട്. ലോകത്തിലെ മുഴുവന്‍ സെക്യൂരിറ്റി ജീവനക്കാരേയും സംഘടിത ശക്തിയാക്കുന്നതിന് സെക്യൂരിറ്റിക്കാരുടെ അന്താരാഷ്ട്ര സംഘടന യൂണി ഗ്ലോബല്‍ യൂണിയനും ഇന്ത്യയില്‍ ഐ.എന്‍.ടി.യുസിയും സി.ഐ.ടിയുവും ചേര്‍ന്നുണ്ടാക്കിയ കരാര്‍പ്രകാരം കേരളത്തില്‍ അവരെ സംഘടിപ്പിക്കാനുള്ള പൂര്‍ണ്ണാധികാരം ഐ.എന്‍.ടി.യുസിക്കു കിട്ടി എന്നാണ് അതില്‍ പറയുന്നത്. 

ഒന്നാം യു.പി.എ സര്‍ക്കാരിലെ തൊഴില്‍ മന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസുമായി 2008 ഫെബ്രുവരി 24-നു യൂണി ഗ്ലോബല്‍ യൂണിയന്റേയും ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു എന്നിവയുടേയും പ്രതിനിധികള്‍ ആദ്യ ചര്‍ച്ച നടത്തി. തിരുവനന്തപുരത്തെ ജി4എസ് എന്ന ഇംഗ്ലണ്ട് ആസ്ഥാനമായ സെക്യൂരിറ്റി ഏജന്‍സിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായി സെക്യൂരിറ്റിക്കാരുടെ സേവന വേതന വ്യവസ്ഥകളിലെ പരിഷ്‌കരണത്തെക്കുറിച്ചു ചര്‍ച്ചയ്ക്കു ജി4എസ് തയ്യാറായി. കേരളത്തില്‍ മാത്രം അന്ന് 9000-ത്തോളം സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടായിരുന്ന ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര സെക്യൂരിറ്റി ഏജന്‍സി എന്ന നിലയിലാണ് ആദ്യം ജി4എസിനെ ലക്ഷ്യമിട്ടത്. 104 രാജ്യങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനമുണ്ട്. തൊഴിലാളികള്‍ക്ക് പ്രാഥമിക അവകാശങ്ങള്‍ പോലും നല്‍കാത്ത, തൊഴിലുടമയില്‍നിന്ന് ഈടാക്കുന്ന തുകയുടെ പകുതിപോലും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കൊടുക്കാത്ത തനി സാമ്രാജ്യത്വ, ചൂഷക സ്ഥാപനം. 

ജി4എസ് മാനേജ്മെന്റും ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു പ്രതിനിധികളും കേന്ദ്ര ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ 2008 ജനുവരി 22-ന് ഡല്‍ഹിയില്‍ വച്ചു നടത്തിയ ചര്‍ച്ചയിലാണ് സെക്യൂരിറ്റി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളെക്കുറിച്ച് തൊഴിലാളി സംഘടനകള്‍ കൃത്യമായ നിബന്ധനകള്‍ മുന്നോട്ടു വച്ചത്. മിനിമം വേജസ്, പ്രോവിഡന്റ് ഫണ്ട് വിഹിതം, ബോണസ്, അധികസമയ ജോലിക്ക് അധിക വേതനം, ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ എന്നിവയില്‍ ധാരണയുണ്ടാക്കുന്നതിനു സമിതി രൂപീകരിക്കാന്‍ ആ ചര്‍ച്ചയില്‍ തീരുമാനിച്ചു. എല്ലാ സെക്യൂരിറ്റിക്കാര്‍ക്കും നിയമന ഉത്തരവ് നല്‍കുക, കരാര്‍ കാലാവധി കഴിഞ്ഞാലും പ്രത്യേക തൊഴില്‍ പരിചയം നേടിയവര്‍ക്ക് തുടരാന്‍ അനുവദിക്കുക, തൊഴിലാളികളെ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സിന്റെ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിക്കുക, ആകസ്മിക അവധിയും മറ്റ് അവധികളും അനുവദിക്കുക, തൊഴിലിടങ്ങളിലെ സൗകര്യം മെച്ചപ്പെടുത്തുക, തൊഴിലാളികള്‍ക്ക് രണ്ടു ജോഡി യൂണിഫോം നല്‍കുക, ജീവനക്കാരോട് ഡെപ്പോസിറ്റ് തുക വാങ്ങുന്നത് അവസാനിപ്പിക്കുകയും വാങ്ങിയ തുക തിരിച്ചു നല്‍കുകയും ചെയ്യുക, മാനേജ്മെന്റുകള്‍ വാങ്ങിവച്ചിരിക്കുന്ന തൊഴിലാളികളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കേറ്റുകള്‍ തിരിച്ചു നല്‍കുക, ഉടന്‍ പി.എഫ് സ്റ്റേറ്റ്മെന്റ് നല്‍കുക എന്നിവയായിരുന്നു അന്നത്തെ ചര്‍ച്ചയിലെ പ്രധാന ആവശ്യങ്ങള്‍. അവധികളുടെ കാര്യത്തില്‍ ക്രമീകരണമുണ്ടാക്കുന്നതിന് ഏജന്‍സി കൂടുതല്‍ സമയം ചോദിച്ചു. മറ്റു കാര്യങ്ങളില്‍ കരാര്‍ ഒപ്പിടാനും തയ്യാറായി. ജി4എസ് ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസ്സായി കിട്ടാന്‍ പിന്നെയും കാത്തിരിക്കേണ്ടിവന്നു. ഡല്‍ഹി ചര്‍ച്ചയ്ക്കു തുടര്‍ച്ചയായി കെ. സുരേഷ് ബാബുവും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നന്ദിയോട് ജീവകുമാറും എറണാകുളത്ത് മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ ധാരണയായത്. 

കേരളത്തിലെ മുഴുവന്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കും ഒരു മാസത്തെ ശമ്പളം ബോണസ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് വിവിധ ഏജന്‍സികള്‍ക്ക് അസോസിയേഷന്‍ ഇതോടെ കത്ത് നല്‍കി. പക്ഷേ, ഉള്ള ശമ്പളം പോലും സമയത്ത് കിട്ടാത്ത സ്ഥിതിയിലായിരുന്നു പല ഏജന്‍സികളിലേയും ജീവനക്കാര്‍. അങ്ങനെയാണ് ശമ്പളം സമയത്ത് നല്‍കുക എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 2008 ജൂണ്‍ 15-ന് സെക്യൂരിറ്റിക്കാര്‍ അവകാശദിനം ആചരിച്ചത്. അന്താരാഷ്ട്ര അവകാശ ദിനാചരണത്തിന്റെ ഭാഗമായിരുന്നു ഇത്. 

ഓള്‍ കേരള സെക്യൂരിറ്റി വര്‍ക്കേഴ്സ് അസോസിയേഷന്‍ എന്നായിരുന്നു ഐ.എന്‍.ടി.യു.സി നേതൃത്വത്തിലുള്ള സംഘടനയുടെ തുടക്കത്തിലെ പേര്. മാത്രമല്ല, ''അന്താരാഷ്ട്ര തലത്തില്‍ സെക്യൂരിറ്റി ജോലിക്കാരെ സംരക്ഷിക്കുന്നതിനുവേണ്ടി ശ്രമിക്കുന്ന യൂണി ഗ്ലോബലിന്റെ കീഴില്‍ ഇന്ത്യയിലെ സെക്യൂരിറ്റി ജോലിക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ സെക്യൂരിറ്റി വര്‍ക്കേഴ്സ് ഓര്‍ഗനൈസിംഗ് ഇനിഷ്യേറ്റീവിന്റെ (ഐ.എസ്.ഡബ്ല്യു ഒ.ഐ) കേരള ഘടകം'' എന്നാണ് പരിചയപ്പെടുത്തിയിരുന്നതും. തുടക്ക കാലത്ത് നടത്തിയ ഒരു ഏകദിന ശില്പശാലയെക്കുറിച്ചു മാധ്യമങ്ങള്‍ക്കു നല്‍കിയ കുറിപ്പില്‍ നിന്നാണ് ഇത് ഉദ്ധരണി. ഐ.എസ്.ഡബ്ല്യു ഒ.ഐയുടെ ഇന്ത്യയിലെ സംഘാടക യു.കെ സ്വദേശിയായ സന്നദ്ധസംഘടനാ പ്രവര്‍ത്തക ലിസാ എഡ്വേര്‍ഡ് ആയിരുന്നു. അവരാണ് ആ ശില്പശാലയില്‍ ക്ലാസ്സെടുത്തത്. ഐ.എന്‍.ടി.യു.സി നേതാക്കളും ഐ.എസ്.ഡബ്ല്യു ഒ.ഐ കേരള സംഘാടക മിനി മോഹനും പങ്കെടുക്കുകയും ചെയ്തു. അസോസിയേഷനായി മാറിയ ശേഷമുള്ള സമരങ്ങളിലും വിവിധ ചര്‍ച്ചകളിലും ഇടപെടലുകളിലും ഐ.എസ്.ഡബ്ല്യു ഒ.ഐയുടെ സാന്നിധ്യമുണ്ടായിരുന്നു. ക്രമേണ സെക്യൂരിറ്റി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ മുഖ്യധാരയിലേക്കു വന്നു. കൂടുതല്‍ പ്രധാന നേതാക്കള്‍ സംഘടനയുടെ മുഖ്യധാരയിലേക്കു വന്നു തുടങ്ങുകയും ചെയ്തു. എ.കെ.എസ്.എസ്.ഇ.എയുടെ നേതൃത്വത്തില്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയാണ്. എത്രയും വേഗം സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മിനിമം വേതനം പ്രഖ്യാപിക്കണം എന്നായിരുന്നു ധര്‍ണ്ണയിലെ മുഖ്യ ആവശ്യം. യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സീസ് റെഗുലേറ്ററി ആക്റ്റ് കേരളത്തിലും നടപ്പാക്കണം എന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സെക്യൂരിറ്റി സേവനമേഖലയില്‍ കുറഞ്ഞ കൂലി നിശ്ചയിക്കുന്നതിനുള്ള കരട് വിജ്ഞാപനം പ്രഖ്യാപിച്ചത് വി.എസ്. സര്‍ക്കാരാണ്, 2009 നവംബര്‍ 26-ന്. പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞ് 2011-ലാണ് സി.ഐ.ടി.യു നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംഗ് സ്റ്റാഫ് അസോസിയേഷന്‍ രൂപീകരിച്ചത്. പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സീസ് റെഗുലേറ്ററി ആക്റ്റ് കേരളത്തില്‍ ഇതിനിടെ നടപ്പാക്കിയെങ്കിലും അതിന്റെ ചട്ടങ്ങള്‍ തയ്യാറാക്കിയിരുന്നില്ല. അതുകൊണ്ട് നടപ്പാക്കിയ നിയമത്തിന്റെ പ്രായോഗിക ഫലം തൊഴിലാളികള്‍ക്ക് ലഭിച്ചു തുടങ്ങാനും വൈകി. ചട്ടങ്ങള്‍ കൊണ്ടുവരാന്‍ നടത്തിയ നിരവധി ഇടപെടലുകളുടെ തുടര്‍ച്ചയായാണ് സി.ഐ.ടി.യു സംഘടന രൂപീകരിച്ചത്. 2010ല്‍ ചട്ടങ്ങള്‍ വന്നു. ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ലൈസന്‍സിംഗ് ഏജന്‍സിയായിട്ടുള്ള അതോറിറ്റി നിലവില്‍ വരികയും ചെയ്തു. ഈ ലൈസന്‍സ് ഇല്ലാത്തവരാണ് ഭൂരിപക്ഷം ഏജന്‍സികളും. 2017 മെയ് ഒന്‍പതിനാണ് ആണ് ഒടുവില്‍ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതിനു രണ്ടു മാസം മുന്‍പ്, മാര്‍ച്ച് 17-ന് കേന്ദ്രവും മിനിമം വേതനം പുതുക്കി. പലതരം ജോലികള്‍ക്കുള്ള ഡി.എ കൂടി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ളതാണ് കേന്ദ്രത്തിന്റെ മിനിമം വേതനം. മിനിമം വേതനം നിലവിലുള്ള സംസ്ഥാനങ്ങളില്‍ ഇതില്‍ ഏതാണോ കൂടുതല്‍ അത് തൊഴിലാളിക്ക് കൊടുക്കണം എന്ന് കേന്ദ്ര നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതു നടപ്പാക്കുന്ന സമയത്ത് കേരളത്തിലെ കൂലി ആയിരുന്നു കൂടുതല്‍. അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും കേരളത്തിന്റെ നിരക്കിലുള്ള കൂടിയ വേതനമാണ് കേരളം കൊടുത്തത്. ഈ മിനിമം വേതനം ലഭിക്കാത്തവരാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും എന്ന് യൂണി ഗ്ലോബല്‍ പ്രതിനിധിയായി ഇവരെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളില്‍ മുഖ്യ പങ്കുവഹിച്ച സന്നദ്ധ പ്രവര്‍ത്തക മിനി മോഹന്‍ പറയുന്നു. 

2018 ഏപ്രിലില്‍ തിരുവനന്തപുരം തോന്നക്കലിലെ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിന് സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംഗ് സ്റ്റാഫ് അസോസിയേഷന്‍ സമര്‍പ്പിച്ച ഒരു അവകാശപത്രികയുണ്ട്. കേരളത്തിലെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരുടെ പ്രശ്‌നങ്ങളും അവരുടെ ആവശ്യങ്ങളും സംബന്ധിച്ച ഒരു ചുരുക്കപ്പട്ടിക തന്നെയാണത്. പൊതുവെ ബാധകം. വിവിധ ഏജന്‍സികളുടെ കീഴിലും തൊഴിലുടമകള്‍ നേരിട്ടും നിയോഗിച്ചിട്ടുള്ള സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പ്രൈവറ്റ് സെക്യൂരിറ്റി റെഗുലേഷന്‍ ആക്റ്റ് 2005, അതുമായി ബന്ധപ്പെട്ട 2010-ലെ ചട്ടങ്ങള്‍, മിനിമം വേതന വ്യവസ്ഥകള്‍ പ്രകാരം ഏതാണോ കൂടുതല്‍ അതും തൊഴില്‍ നിയമങ്ങള്‍ പ്രകാരമുള്ള ആനുകൂല്യങ്ങളും അനുവദിക്കണം എന്നതാണ് അതിലെ പ്രധാന ആവശ്യം. നിയമപരമായി ജീവനക്കാര്‍ക്ക് 37 ദിവസത്തെ ശമ്പളത്തോടുകൂടിയ ദേശീയ അവധികള്‍, ഉത്സവ അവധികള്‍, കാഷ്വല്‍ ലീവുകള്‍, ആര്‍ജ്ജിത അവധികള്‍, വര്‍ഷത്തില്‍ രണ്ട് യൂണിഫോം, തൊഴിലിടങ്ങളില്‍ ക്ലോക്ക് റൂം സൗകര്യം, മാസത്തില്‍ 300 രൂപ വാഷിംഗ് അലവന്‍സ്, പേയ്മെന്റ് ഓഫ് വേജസ് നിയമ പ്രകാരം സമയത്തു ശമ്പളം, ലേബര്‍ വകുപ്പ് പരിഷ്‌കരിച്ചു നിര്‍ദ്ദേശിച്ച പ്രകാരമുള്ള പേ സ്ലിപ് എന്നിവയായിരുന്നു മറ്റാവശ്യങ്ങള്‍.  അവകാശ പത്രികകള്‍ അവരുടെ ജീവിതമാണ് വരച്ചുകാണിക്കുന്നത്.

ഇടപെടലുകള്‍ എത്രമാത്രം? 

അംഗീകാരമുള്ളതും ഇല്ലാത്തതുമായ നൂറുകണക്കിന് ഏജന്‍സികള്‍ ഓരോ ജില്ലയിലുമുണ്ട്. ''ജോലി വേണ്ടവരും ജോലിക്കാരെ വേണ്ടവരും സമീപിക്കുക'' എന്ന ബോര്‍ഡ് വച്ച് വിവിധ ജോലികള്‍ക്ക് ആളുകളെ കൊടുക്കുന്നവരും സെക്യൂരിറ്റി ജീവനക്കാരെ മാത്രം കൊടുക്കുന്നവരുമുണ്ട്. ഏജന്‍സികള്‍ സംഘടിതരാണ്. കെ.പി.എസ്.പി.എ (കേരള പ്രൈവറ്റ് സെക്യൂരിറ്റി പ്രൊവൈഡേഴ്സ് അസോസിയേഷന്‍) അവരുടെ സംഘടനയാണ്. വിവിധ തൊഴില്‍ മേഖലകളിലെ അസംഘടിതരായ ലക്ഷോപലക്ഷം തൊഴിലാളികളെ സംഘടിപ്പിക്കുകയും മെച്ചപ്പെട്ട തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്ത ട്രേഡ് യൂണിയനുകളെ പ്രതീക്ഷയോടെ നോക്കുകയാണ് ഇവര്‍. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നിയമപ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ ഉറപ്പാക്കാനും മുഴുവന്‍ ആനുകൂല്യങ്ങളും നേടിക്കൊടുക്കാനുമുള്ള സമരങ്ങളും ഇടപെടലുകളും തുടരുമെന്ന് എ.കെ.എസ്.എസ്.ഇ.എ പ്രസിഡന്റ് അജയ് തറയില്‍ പറയുന്നു. സെക്യൂരിറ്റി ജീവനക്കാരോടുള്ള നീതി നിഷേധത്തിനെതിരെ എ.കെ.എസ്.എസ്.ഇ.എ പ്രാദേശികമായി പല സമരങ്ങള്‍ നടത്തി. മികച്ച പങ്കാളിത്തമാണ് ആ സമരങ്ങളില്‍ പലതിനും ഉണ്ടായത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍ വന്‍തോതില്‍ ജീവനക്കാര്‍ പങ്കെടുത്തു. പക്ഷേ, ശക്തമായ തൊഴിലാളി സംഘടനാ പ്രവര്‍ത്തനമാണ് ഈ മേഖലയില്‍ വേണ്ടതെന്ന് പ്രസാദ് ചൂണ്ടിക്കാട്ടുന്നു. ചേര്‍ത്തലയിലെ സംഘം ട്രേഡ് യൂണിയനാക്കി മാറ്റാന്‍ ഒരു ശ്രമം നടന്നിരുന്നു. പക്ഷേ, ഏജന്‍സികള്‍ ആ നീക്കം പൊളിച്ചു. ചേര്‍ത്തലയില്‍ ഉല്പാദനം നിര്‍ത്തി പൂട്ടിയിട്ടിരിക്കുന്ന മാക്ഡവല്‍ കമ്പനിക്ക് കാവല്‍ നില്‍ക്കുന്ന മൂന്നു പേരുടെ ശമ്പളം നാലുപേര്‍ വീതംവച്ചെടുത്തുകൊള്ളാനാണ് കഴിഞ്ഞ ദിവസം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വിളിച്ച യോഗത്തില്‍ കമ്പനി നിര്‍ദ്ദേശിച്ചത്. 90 ഡ്യൂട്ടിയുടെ ശമ്പളം കൊടുക്കും, ഇവര്‍ 120 ഡ്യൂട്ടിയാക്കി എടുക്കണം. എറണാകുളത്തുള്ള കമ്പനിയാണ് അവരെ കൊടുത്തിരിക്കുന്നത്. വാരാന്ത്യ അവധി പോലുമില്ല. എറണാകുളത്ത് സുഭാഷ് പാര്‍ക്കിനു സമീപം ആസ്ഥാനമുള്ള ഏജന്‍സിയുടെ ക്രൂരതകള്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കിടയില്‍ കുപ്രസിദ്ധമാണ്. സെക്യൂരിറ്റി ജീവനക്കാരെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ സന്നദ്ധസംഘടനാ പ്രവര്‍ത്തക മിനി മോഹനെ ഗുണ്ടകളെ വിട്ട് ആക്രമിക്കുക വരെ ചെയ്തു ഇവര്‍. 

പൊതുവേ ഏജന്‍സികള്‍ തികച്ചും മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത്. രാത്രി പരിശോധനയുണ്ടാകും. ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള വഴിതേടിയാണ് പരിശോധന. സെക്യൂരിറ്റി ജീവനക്കാര്‍ ഏറ്റവുമധികം അടിമത്ത്വം അനുഭവിക്കുന്നവരാണെന്ന് എ.കെ.എസ്.എസ്.ഇ.എ ജനറല്‍ സെക്രട്ടറി നന്ദിയോട് ജീവകുമാര്‍ വിശദീകരിക്കുന്നു. ''ഇരിക്കാന്‍ പാടില്ലാത്ത 12 മണിക്കൂര്‍ ഡ്യൂട്ടി. ശമ്പളം തുച്ഛം. കേരളത്തിലാകെ ആറ് ലക്ഷത്തിലധികം പേരുണ്ടെന്നാണ് ഐ.എന്‍.ടി.യു.സിയുടെ കണക്ക്. ഇവര്‍ക്ക് ആനുകൂല്യങ്ങളില്ല. പകുതിയോളം പേര് 60 കഴിഞ്ഞവരും വേറെ ഗതിയില്ലാത്തവരുമാണ്. അത് മുതലെടുക്കുകയാണ് സ്വകാര്യ ഏജന്‍സികള്‍'' -അദ്ദേഹം പറയുന്നു.മറ്റേതു മേഖലയില്‍ ജോലി ചെയ്യുന്നവരെപ്പോലെയുമുള്ള അവകാശങ്ങള്‍ ഇവര്‍ക്കുമുണ്ടെന്ന് അംഗീകരിക്കാന്‍പോലും മടിക്കുന്ന ഏജന്‍സികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേരള സ്റ്റേറ്റ് സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംഗ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് വി. ജയപ്രകാശ് പറയുന്നു: ''വേറെ യാതൊരു വഴിയുമില്ലാതെ, കുടുംബം പോറ്റാനും പരസഹായമില്ലാതെ സ്വന്തം മരുന്നു വാങ്ങാനെങ്കിലുമുള്ള വരുമാനത്തിനു വേണ്ടിയുമൊക്കെയാണ് സെക്യൂരിറ്റിക്കാരുടെ യൂണിഫോം ധരിക്കുന്നത്.''

പ്രശ്‌നം തര്‍ക്കത്തിലാണ്, സമരത്തിലും

കേരളത്തില്‍ സെക്യൂരിറ്റി ജീവനക്കാരുടെയൊരു സമരം നടക്കുന്നുണ്ട്, കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ആസ്ഥാനത്തിനു മുന്നില്‍, ഡിസംബര്‍ 19-ന് എ.കെ.എസ്.എസ്.ഇ.എയും അതിന് ഒരാഴ്ച മുന്‍പ് സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംഗ് സ്റ്റാഫ് അസോസിയേഷനും സമരം നടത്തി. പിരിച്ചുവിടലിനെതിരായ ഈ സമരം തുടരാനാണ് സംഘടനകളുടെ തീരുമാനം. ബിവറേജസിന്റെ ഓരോ കടയിലേയും തിരക്കും ആവശ്യവും കണക്കിലെടുത്താണ് അവിടെ ആവശ്യമുള്ള സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം നിശ്ചയിച്ചിരുന്നത്. 2010 മുതല്‍ ഇവിടെ സെക്യൂരിറ്റിക്കാരുണ്ട്. ഇവരെ നല്‍കാന്‍ ഏജന്‍സികളെ ടെന്‍ഡറിലൂടെയാണ് തീരുമാനിച്ചിരുന്നത്. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് കടകള്‍ അടഞ്ഞു കിടന്നപ്പോള്‍ സ്വാഭാവികമായും വരുമാനം ഇല്ലാതായി. ഇതോടെ കഴിഞ്ഞ വര്‍ഷം സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറച്ചു. യൂണിയനുകള്‍ ആരെയും പിരിച്ചുവിടാതിരിക്കാന്‍ ഇടപെട്ടു. പക്ഷേ, ഓരോ ജീവനക്കാരന്റേയും ഡ്യൂട്ടി ദൈര്‍ഘ്യം കുറയ്ക്കുകയും അതുവഴി വേതനവും ആവശ്യമുള്ളവരുടെ എണ്ണവും കുറയ്ക്കുകയാണ് ചെയ്തത്. മാസത്തില്‍ മൂന്നിലൊന്നു ദിവസങ്ങള്‍ മാത്രമായി ജോലി കുറഞ്ഞു. പുതിയ മാനേജിംഗ് ഡയറക്ടര്‍ ചുമതലയെടുത്തപ്പോള്‍ സെക്യൂരിറ്റിക്കാരുടെ ആവശ്യമേയില്ല എന്നായി. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്പനശാലകളെ ആശ്രയിക്കുന്ന ഉപഭോക്താക്കള്‍ക്കു മാന്യമായി മദ്യം വാങ്ങാന്‍ സാഹചര്യമുണ്ടാക്കണം എന്ന ഹൈക്കോടതി നിര്‍ദ്ദേശം നിലനില്‍ക്കെയാണിത്. സെക്യൂരിറ്റി സംവിധാനം മെച്ചപ്പെടുത്താമെന്നാണ് അന്ന് കോടതിയില്‍ കോര്‍പ്പറേഷന്‍ കൊടുത്ത സത്യവാങ്മൂലത്തിലെ ഉറപ്പ്. പ്രശ്‌നം തര്‍ക്കത്തിലാണ്, സമരത്തിലും. ഗുരുവായൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിനെ സെക്യൂരിറ്റി ജീവനക്കാരുടെ വിതരണം ഏല്പിക്കാനുള്ള നീക്കമാണ് പിന്നിലെന്ന് ഐ.എന്‍.ടി.യു.സി ആരോപിക്കുന്നു. അതേസമയം വിരമിച്ച സൈനികരുടെ സംഘടന നടത്തുന്ന ഏജന്‍സിയായ കെസ്‌കോണിനെ ഏല്പിക്കാനും നീക്കമുണ്ടുതാനും. ഫലത്തില്‍ നിലവിലെ ജീവനക്കാര്‍ വഴിയാധാരമാകും. അതിനെതിരെയാണ് സമരങ്ങള്‍.

വൃത്തിയുള്ള യൂണിഫോം ധരിച്ച്, വിനീതവിധേയരായി ആളുകളെ അഭിവാദ്യം ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരുടെ തൊഴിലിനേയും ജീവിതത്തേയും കുറിച്ച് കേരളം അധികം മനസ്സിലാക്കിയിട്ടില്ല. വല്ലപ്പോഴും അവരെക്കുറിച്ചു സംസാരിക്കുന്നത് അവരില്‍ ആരെങ്കിലുമൊരാള്‍ കാവല്‍ നില്‍ക്കുന്ന സ്ഥാപനത്തില്‍ വരുന്ന ആരെങ്കിലുമായി വാക്കുതര്‍ക്കമോ കയ്യേറ്റമോ ഉണ്ടാകുമ്പോള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ അത്തരം ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇവരുടെ മുഖം; ഈ പറഞ്ഞതൊക്കെയാണ്. അവര്‍ വീടുകളില്‍നിന്നു പുറപ്പെടുന്നവരാണ്, ലക്ഷ്യം കുടുംബം പോറ്റലാണ്. തുടക്കത്തില്‍ പറഞ്ഞ നിഷാമിലേക്കു തന്നെ ഒന്നുകൂടി പോകണം. സെന്‍ട്രല്‍ ജയിലില്‍ അയാള്‍ക്കു പ്രത്യേക സെല്ലും പരിഗണനയും സഹായിയേയും നല്‍കിയതാണ് ശിക്ഷ വിധിച്ചതിനു പിന്നാലെ വാര്‍ത്തയായത്. അതു വെറും ആരോപണമായിരുന്നുമില്ല. ജയില്‍ മേധാവിയായിരുന്ന ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശപ്രകാരം ജയില്‍ ഐ.ജി ഗോപകുമാര്‍ നടത്തിയ അന്വേഷണത്തില്‍ ജയിലിലെ ചില ജീവനക്കാര്‍ ഇക്കാര്യത്തില്‍ വഴിവിട്ടു പ്രവര്‍ത്തിച്ചു എന്നു കണ്ടെത്തുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരന്റെ ജീവനേക്കാള്‍ നിഷാമിന്റെ പണത്തിനായിരുന്നു പരിഗണന. 

തങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങള്‍ക്കു മാത്രമല്ല, അവരെ വിശ്വസിച്ച് സ്വസ്ഥമായി ഉറങ്ങുന്ന നിരവധി ആളുകള്‍ക്കു കൂടിയാണ് ചന്ദ്രബോസുമാര്‍ ജീവന്‍ പണയംവച്ച് കാവല്‍ നില്‍ക്കുന്നത്.

അസംഘടിതരില്‍ രണ്ടാംസ്ഥാനം 

ഇന്ത്യയിലെ സ്വകാര്യ സെക്യൂരിറ്റി വ്യവസായത്തെക്കുറിച്ച് 2019-ല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) നടത്തിയ സമഗ്ര പഠനമുണ്ട്. കാര്‍ഷിക മേഖലയ്ക്കു തൊട്ടുപിന്നില്‍ അസംഘടിതമേഖലയില്‍ ഏറ്റവുമധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണിതെന്ന് അതില്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത പതിറ്റാണ്ടില്‍ ഇത് 10% വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രതിവര്‍ഷം 70 ലക്ഷം മുതല്‍ ഒരു കോടി വരെ ആളുകള്‍ ഈ മേഖലയിലേക്ക് അധികമായി വരാം. സ്വാഭാവികമായും കേരളത്തിലും ആനുപാതിക വളര്‍ച്ചയുണ്ടാകും. ഈ വളര്‍ച്ചയ്ക്ക് ആനുപാതികമായ വികാസം സേവന വേതന വ്യവസ്ഥകളില്‍ ഉണ്ടാകുന്നുണ്ടോ എന്നതു പ്രധാനം. അതായത്, സുരക്ഷാ ജീവനക്കാരുടെ തൊഴില്‍ എത്രത്തോളം മാനുഷികവും സുരക്ഷിതവും ആയി മാറും എന്ന ചോദ്യമാണ് ഉയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com