ഈ കേസുകളിലെ പ്രതി പൊലീസ്

നിസ്സഹായരും സാമൂഹികമായി ദുര്‍ബ്ബലരുമായ ആളുകള്‍ക്കുമേല്‍ അമിതാധികാരം പ്രയോഗിക്കുന്നതില്‍ കേരള പൊലീസ് ഒരുപാട് മുന്നിലാണ്
ഈ കേസുകളിലെ പ്രതി പൊലീസ്

നിസ്സഹായരും സാമൂഹികമായി ദുര്‍ബ്ബലരുമായ ആളുകള്‍ക്കുമേല്‍ അമിതാധികാരം പ്രയോഗിക്കുന്നതില്‍ കേരള പൊലീസ് ഒരുപാട് മുന്നിലാണ്. ആത്മവീര്യം ചോരാതിരിക്കാന്‍ എന്ന പേരില്‍ ഇവര്‍ ചെയ്യുന്ന അനീതികളെയെല്ലാം എക്കാലത്തും മറച്ചുവെയ്ക്കപ്പെടുകയും ന്യായീകരിക്കപ്പെടുകയും ചെയ്തുപോരുകയാണ്. രണ്ട് ആദിവാസി യുവാക്കളെ പൊലീസും വനംവകുപ്പും കള്ളക്കേസില്‍പ്പെടുത്തി ഉപദ്രവിച്ചതിന്റെ വിവരങ്ങളാണ് അടുത്തിടെ വയനാട്ടില്‍നിന്നു പുറത്തുവന്നത്.  മീനങ്ങാടി അത്തിക്കടവ് കോളനിയിലെ പണിയ സമുദായത്തില്‍പ്പെട്ട 22-കാരനായ ദീപുവും പനമരം ചീരാല്‍ കാടംകൊല്ലി ആദിവാസി കോളനിയിലെ 34-കാരനായ സുഭാഷും. രണ്ട് കേസിലും യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താന്‍ നാട്ടുകാര്‍ക്കും കുടുംബങ്ങള്‍ക്കും പ്രതിഷേധ സമരങ്ങളുമായി രംഗത്തിറങ്ങേണ്ടിവന്നു.

ഡ്രൈവിങ് അറിയാത്ത ദീപു കാര്‍ മോഷണക്കേസില്‍ പ്രതി 

സൈക്കിള്‍പോലും ഓടിക്കാനറിയാത്ത ദീപുവിനെ നവംബര്‍ അഞ്ചിന് കാര്‍ മോഷണ കേസില്‍ ബത്തേരി പൊലീസ് അറസ്റ്റു ചെയ്തു. ജീവിതത്തില്‍ ആദ്യമായി ദീപു  പൊലീസ് സ്റ്റേഷനില്‍ എത്തുന്നത് അന്നായിരുന്നു. പിറ്റേന്ന് നേരം വെളുക്കുംവരെ സ്റ്റേഷനില്‍ ഇരുന്നു. രാവിലെ മീനങ്ങാടി സ്റ്റേഷനില്‍നിന്നും പൊലീസുകാര്‍ എത്തി. ആ സ്റ്റേഷന്‍ പരിധിയിലെ രണ്ട് മോഷണക്കേസുകളില്‍ക്കൂടി ദീപുവിനെ പ്രതിചേര്‍ത്തു. ദീപു കുറ്റം ചെയ്തിട്ടുണ്ടെന്നും അത് സമ്മതിച്ചിട്ടുണ്ടെന്നുമാണ് പൊലീസിന്റെ വാദം. എന്നാല്‍ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് ദീപു തന്നെ പറയുന്നു. കുറ്റം സമ്മതിച്ചാല്‍ മര്‍ദ്ദിക്കില്ലെന്നും കേസില്‍നിന്ന് ഒഴിവാക്കാമെന്നും പറഞ്ഞപ്പോള്‍ സമ്മതിച്ചുപോയതാണെന്നാണ് 22-കാരനായ ഈ ആദിവാസി യുവാവ് പറഞ്ഞത്. സമരത്തില്‍നിന്നു പിന്മാറണമെന്നും അങ്ങനെ ചെയ്താല്‍ കേസ് ഒഴിവാക്കിത്തരാമെന്നും പൊലീസ് പറഞ്ഞതായി ദീപുവിന്റെ വീട്ടുകാരും പറയുന്നു.

''എനിക്ക് തോട്ടത്തില്‍ കൂലിപ്പണിയാണ്. മീനങ്ങാടി സ്‌കൂളില്‍നിന്ന് പത്താംക്ലാസ്സ് കഴിഞ്ഞപ്പോഴെ പണിക്കിറങ്ങി. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം കഴിച്ചത്. ഭാര്യയുടെ വീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്. ഞാന്‍ മദ്യപിക്കാറുണ്ട്. അന്ന് ബത്തേരി ടൗണിലിറങ്ങി മദ്യപിച്ചു. റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറില്‍ ചാരിനില്‍ക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് കാറിന്റെ ഉടമസ്ഥന്‍ വന്ന് ദേഷ്യപ്പെട്ടു. അയാള്‍ ഉടമസ്ഥനാണെന്ന് ആദ്യം എനിക്കും മനസ്സിലായില്ല. അതുകൊണ്ടുതന്നെ ഞാന്‍ അങ്ങോട്ടും തര്‍ക്കിച്ചു. മദ്യപിച്ചതുകൊണ്ട് സംഭവിച്ചതാണ്. അയാള്‍ എന്നെ പിടിച്ചുതള്ളി, അടിച്ചു. ആളുകള്‍ കൂടി. ഉടന്‍തന്നെ പൊലീസും വന്നു. കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാണ് അയാള്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് എന്നെ ബത്തേരി സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തു. ഞാന്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞു. കുറേ തവണ ചോദിച്ചെങ്കിലും ഞാന്‍ മോഷ്ടിക്കാന്‍ വന്നതല്ല എന്നുതന്നെ പറഞ്ഞു. ആ സമയത്ത് പൊലീസുകാര്‍ പറഞ്ഞത് രാവിലെ വിടാം എന്നാണ്. ഞാന്‍ ആദ്യമായിട്ടാണ് സ്റ്റേഷനില്‍. നന്നായി പേടിച്ചു. ഒറ്റയ്ക്കല്ലേ. ആരെയും വിളിക്കാനും പറ്റിയില്ല. എന്നാലും രാവിലെ വീട്ടില്‍ പോകാലോ എന്ന ആശ്വാസമായിരുന്നു. 

​ദീപു
​ദീപു

രാവിലെ മീനങ്ങാടി സ്റ്റേഷനില്‍നിന്നു കുറച്ചു പൊലീസുകാര്‍ വന്നു. മീനങ്ങാടി അപ്പാട് ഒരു വീട്ടില്‍ മുന്‍പ് മോഷണം നടന്നിരുന്നു എന്നും അതു നീയല്ലേ ചെയ്തത് എന്നുമാണ് ചോദിച്ചത്. ഞാനല്ല, ഞാന്‍ അങ്ങനെ ഒന്നും ചെയ്യുന്നയാളല്ല എന്നു പറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല. അവിടത്തെ ലൈബ്രറി റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി നന്നായി അടിച്ചു. കൂട്ടത്തിലുള്ളവരുടെ പേരു പറയാനൊക്കെയാണ് എന്നോട് പറഞ്ഞത്. എനിക്ക് ഒന്നുമറിയില്ല സാറെ എന്നു പറഞ്ഞിട്ടും വിട്ടില്ല. ഇതിനിടയില്‍ ഞാന്‍ ബാത്ത്റൂമില്‍ പോയി. കുറച്ചുനേരം ഞാന്‍ അവിടെ ഇരുന്നു. എന്നെ കാണാത്തതുകൊണ്ട് ഒരു വനിതാ പൊലീസ് വന്നു വാതില്‍ തട്ടി; തുറന്നു. അവിടെവെച്ച് അവര്‍ എന്റെ വയറ്റിനു ചവിട്ടി. എല്ലാ കുറ്റവും സമ്മതിച്ചാല്‍ മര്‍ദ്ദിക്കില്ലെന്നും കേസില്‍നിന്ന് ഒഴിവാകും എന്നും പൊലീസുകാര്‍ പറഞ്ഞു. പേടി കാരണം ഞാന്‍ എല്ലാം സമ്മതിച്ചു. അവര്‍ പറഞ്ഞുതന്നപോലെ മൊഴിയും കൊടുത്തു. അവിടുന്ന് എന്നെ മീനങ്ങാടി സ്റ്റേഷനിലും കൊണ്ടുപോയി. അവിടത്തെ ഒരു ബൈക്ക് മോഷ്ടിച്ചതും ഞാനാണ് എന്നു പറഞ്ഞു. മീനങ്ങാടിയിലെ ഒരു സ്ഥലത്ത് കുരുമുളക് മോഷണം പോയിരുന്നു. അതും നീയല്ലേ ചെയ്തത് എന്നു പൊലീസുകാര്‍ ചോദിച്ചു. ആ കേസ് എന്തോ ചേര്‍ത്തില്ല. മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴും മജിസ്ട്രേറ്റിന്റെ അടുത്തു കൊണ്ടുപോയപ്പോഴും മര്‍ദ്ദിച്ച കാര്യം പറയരുത് എന്നു ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല. പറഞ്ഞാല്‍ പിന്നെയും അടികിട്ടിയാലോ എന്നു ഞാന്‍ പേടിച്ചു. അന്നു വൈകിട്ട് മാനന്തവാടി ജയിലിലേക്ക് മാറ്റി. എന്റെ ചുണ്ടൊക്കെ പൊട്ടിയതു കണ്ട് ജയിലിലുള്ളവര്‍ പൊലീസ് അടിച്ചിരുന്നോ എന്നു ചോദിച്ചു. അപ്പോഴും ഞാന്‍ ഇല്ല എന്നാണ് പറഞ്ഞത്. ജയിലില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. ഏഴാം ദിവസം മീനങ്ങാടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. മോഷണം നടന്നു എന്നു പറയുന്ന വീട്ടില്‍ എന്നെ കൊണ്ടുപോയിരുന്നു. അവിടത്തെ മതില്‍ ചാടി കടക്കാന്‍ പറഞ്ഞു. എനിക്കു കഴിയില്ല എന്നു പറഞ്ഞപ്പോള്‍ ചാടിയില്ലെങ്കില്‍ നടുവിനു ചവിട്ടും എന്നു പറഞ്ഞു. അങ്ങനെ അവര് പറഞ്ഞതെല്ലാം ചെയ്തു. പിന്നീട് 21 ദിവസം കഴിഞ്ഞാണ് പുറത്തിറങ്ങിയത്. പുറത്ത് എനിക്കു വേണ്ടി സമരങ്ങളൊക്കെ നടന്നു. പുറത്തെത്തി വീട്ടുകാരേയും എനിക്കുവേണ്ടി നിന്നവരേയും കണ്ടപ്പോഴാണ് കുറച്ചെങ്കിലും ധൈര്യം വന്നത്. അതുവരെ ഞാന്‍ ഒറ്റയ്ക്കായിരുന്നല്ലോ.''

അന്നു വൈകുന്നേരമായിട്ടും ദീപുവിനെ കാണാത്തതുകൊണ്ട് വീട്ടുകാര്‍ എസ്.സി. പ്രൊമോട്ടറുമായി ബന്ധപ്പെട്ടപ്പോഴാണ് പൊലീസ് സ്റ്റേഷനിലാണ് എന്ന വിവരം അറിയുന്നത് എന്ന് ദീപുവിന്റെ ഭാര്യ അമ്പിളി പറയുന്നു: ''അന്നു രാത്രി മുഴുവന്‍ പ്രശ്‌നത്തിലായിരുന്നു. രാവിലെ തന്നെ സ്റ്റേഷനില്‍ ഞങ്ങള്‍ പോയിരുന്നു. പൊലീസുകാരും ഞങ്ങളോട് ദേഷ്യപ്പെട്ടാണ് സംസാരിച്ചത്. കോളനിയില്‍ പൊലീസുകാര്‍ വന്നു സമരത്തിനൊന്നും പോകരുത് എന്നു പറഞ്ഞു. സമരത്തിനു പോകും ഞങ്ങള്‍ക്കു നീതികിട്ടണം എന്നു ഞാനും പറഞ്ഞു. ഇതുവരെ ഒരു കേസിലും പെടാത്തയാളാണ്. ഒരു പ്രശ്‌നത്തിനും പോകാത്തയാളാണ്. നീതി കിട്ടും എന്നുതന്നെ വിശ്വസിക്കുന്നു.''

ദീപുവിന്റെ അമ്മയും സഹോദരിയും/ ഫോട്ടോ: ഷഫീഖ് താമരശ്ശേരി
ദീപുവിന്റെ അമ്മയും സഹോദരിയും/ ഫോട്ടോ: ഷഫീഖ് താമരശ്ശേരി

ദീപുവിന്റെ അറസ്റ്റിനുശേഷം മനുഷ്യാവകാശ പ്രവര്‍ത്തക അമ്മിണി കെ. വയനാടിന്റെ നേതൃത്വത്തില്‍ ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് കുടുംബം കളക്ട്രേറ്റിനു മുന്നില്‍ സമരം നടത്തിയത്. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശ കമ്മിഷനും റിപ്പോര്‍ട്ട് തേടി.

ജാമ്യത്തിലിറങ്ങിയ ദീപുവിനെ തേടി പൊലീസ് എത്തുകയും വീട്ടുകാരോട് സംസാരിക്കുകയും ചെയ്യുന്നത് പൊലീസിന് എന്തോ പ്രശ്‌നം വന്നതുകൊണ്ടാണ് എന്നു വ്യക്തമാണെന്ന് അമ്മിണി കെ. പറയുന്നു: ''അല്ലെങ്കില്‍ പൊലീസ് എന്തിന് ഇവരുടെ പിറകില്‍ നടക്കണം. മോഷണം നടന്നു എന്നു പറയുന്ന വീട്ടില്‍ ആദ്യ ദിവസം കൊണ്ടുപോയി ദീപുവിനെക്കൊണ്ട് അലമാരയും മറ്റും തുറപ്പിച്ചു. പിറ്റേ ദിവസം വിരലടയാള വിദഗ്ദ്ധരെ കൊണ്ടുവന്ന് തെളിവെടുക്കുകയായിരുന്നു. ആദിവാസികളാവുമ്പോള്‍ പൊലീസ് എന്തുകാണിച്ചാലും ചോദ്യം ചെയ്യുകയോ അതേക്കുറിച്ച് അന്വേഷിക്കുകയോ ചെയ്യില്ല എന്ന ധാരണ പൊലീസിനുണ്ട്. സ്‌കൂട്ടര്‍ മോഷണക്കേസില്‍ അങ്ങനെയൊരു പരാതി തന്നെ മീനങ്ങാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വണ്ടിയായിരുന്നു അത്. പ്രതിഷേധം ശക്തമായപ്പോള്‍ എന്നെത്തന്നെ വിളിച്ചുപറഞ്ഞിട്ടുണ്ട് പൊലീസിന് അബദ്ധം പറ്റിയതാണ് എന്ന്. ഡ്രൈവിങ് അറിയാത്ത ദീപു 70 മീറ്റര്‍ റിവേഴ്സ് എടുത്ത് വണ്ടിയോടിച്ച് പോയി, അതിനുശേഷം ഹൈവേ പൊലീസാണ് കണ്ടെത്തിയത് എന്നൊക്കെയാണ് പൊലീസ് പറയുന്നത്. പൊലീസുതന്നെ തെളിവുണ്ടാക്കി ക്രൈം രജിസ്റ്റര്‍ ചെയ്യുക എന്നത് ഞങ്ങള്‍ക്കു സമ്മതിച്ചുകൊടുക്കാന്‍ പറ്റില്ല. വയനാട് ജില്ലയില്‍ തന്നെ പല കേസുകളിലും പ്രതിചേര്‍ക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ ആദിവാസികളുണ്ട്. ചിലപ്പോള്‍ നിസ്സാര കേസുകളായിരിക്കാം. അതില്‍ വലിയ വകുപ്പുകളൊക്കെ ചേര്‍ക്കും. ഇവരില്‍ പലര്‍ക്കും നികുതി ചീട്ട് ഉണ്ടാകില്ല, ജാമ്യത്തിലിറക്കാന്‍ ആളുണ്ടാവില്ല, കോടതിയില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള ഭാഷ മനസ്സിലാവാത്ത അവസ്ഥ, പലരും ഗോത്രഭാഷയില്‍ത്തന്നെ ജീവിക്കുന്ന ആളുകളാണല്ലോ, ഇതുപോലുള്ള നിരവധി പ്രശ്‌നങ്ങളുണ്ട്. പിന്നെയുള്ള മാര്‍ഗ്ഗം ശിക്ഷ അനുഭവിക്കല്‍ മാത്രമാണ്. ഇനിയും ഇതു തുടരുന്നതു സങ്കടകരമാണ്.''

സുഭാഷ്
സുഭാഷ്

ഉദ്യോഗസ്ഥന്റെ വൈരാഗ്യം: പ്രതിയായി സുഭാഷ് 

ഓഗസ്റ്റ് 28-നാണ് ചന്ദനമോഷണം ആരോപിച്ച് വയനാട് പഴൂര്‍ കാടംകൊല്ലി ആദിവാസി കോളനിയിലെ സുഭാഷിനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. സുഭാഷിന്റെ ജീപ്പില്‍നിന്നും ചാക്കില്‍ പൊതിഞ്ഞ നിലയില്‍ 20 കിലോ ചന്ദനത്തടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുകയായിരുന്നു. ജീപ്പ് വീട്ടിലേക്ക് കൊണ്ടുപോകാന്‍ പറ്റാത്തതുകാരണം തൊട്ടടുത്ത വീട്ടിലാണ് നിര്‍ത്തിയിടാറുള്ളത്. സുഭാഷ് അത്തരത്തില്‍ മോഷണം നടത്താന്‍ ശ്രമിക്കില്ല എന്നും വനംവകുപ്പ് അറസ്റ്റു ചെയ്ത സുഭാഷിനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പഴൂര്‍ ഫോറസ്റ്റ് ഓഫീസില്‍ പ്രതിഷേധം നടത്തി. സുഭാഷിനെ ചോദ്യം ചെയ്തപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം വ്യക്തമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കുട്ടന്‍ കരിയന്‍ എന്ന മറ്റൊരു ആദിവാസി യുവാവിനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കുട്ടനെ ചോദ്യം ചെയ്തപ്പോഴാണ് വനംവകുപ്പുദ്യോഗസ്ഥന്റെ ക്രൂരത പുറത്തുവന്നത്. 

മുത്തങ്ങ ബീറ്റ് ഫോറസ്റ്റ് ഓഫീസറായിരുന്ന സി.എസ്. വേണുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടന്‍, സുഭാഷിന്റെ ജീപ്പില്‍ ചന്ദനത്തടി കൊണ്ടുവെച്ചത്. ഇതിനു പ്രതിഫലമായി 2000 രൂപയാണ് കുട്ടനു നല്‍കാമെന്നേറ്റത്. നിരന്തരമായ സമ്മര്‍ദ്ദവും ഭീഷണിയും കാരണമാണ് ഇങ്ങനെ ചെയ്തതെന്നും കുട്ടന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ജീപ്പില്‍ ആളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഓഫീസറും സുഭാഷും തമ്മില്‍ മുന്‍പ് ചെറിയ തോതില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിന്റെ പ്രതികാരം എന്ന നിലയിലാണ് ഫോറസ്റ്റ് ഓഫീസര്‍ ആദിവാസി യുവാവായ സുഭാഷിനെ കുടുക്കാന്‍ പദ്ധതിയൊരുക്കിയത്. സുഭാഷിന്റെ ജീപ്പില്‍ വാറ്റ് ചാരായം കൊണ്ടുവെച്ച് അറസ്റ്റ് ചെയ്യിക്കാന്‍ ശ്രമം നടന്നെങ്കിലും അന്നും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസിനു പിന്‍വാങ്ങേണ്ടി വന്നു. തുടര്‍ന്നാണ് ചന്ദനത്തടി കൊണ്ടുവെച്ചത്. അതിനുവേണ്ടി ഫോറസ്റ്റ് ഓഫീസര്‍ ഉപയോഗിച്ചത് മറ്റൊരു ആദിവാസി യുവാവിനേയും. വകുപ്പുതല അന്വേഷണത്തില്‍ ഫോറസ്റ്റ് ഓഫീസര്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഷന്‍ സമയത്ത് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറായി അദ്ദേഹത്തിനു സ്ഥലം മാറ്റം കിട്ടിയിരുന്നു. മൂന്നു മാസത്തേക്കാണ് സസ്പെന്‍ഷന്‍. 

ദീപുവിന്റെ അമ്മ സമര വേദിയിൽ/ ഫോട്ടോ: ഷഫീഖ് താമരശ്ശേരി
ദീപുവിന്റെ അമ്മ സമര വേദിയിൽ/ ഫോട്ടോ: ഷഫീഖ് താമരശ്ശേരി

നാട്ടുകാര്‍ തന്നെ വിശ്വാസത്തിലെടുത്ത് പ്രതിഷേധത്തിന് ഇറങ്ങിയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ എന്റെ വിധി മറ്റൊന്നായിപ്പോയേനെ എന്ന് സുഭാഷ് പറയുന്നു. ഉദ്യോഗസ്ഥന്‍ മെനഞ്ഞെടുത്ത രണ്ട് കേസിലും രക്ഷപ്പെടാനായത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു. ഇത്തരത്തില്‍ വ്യാജക്കേസുകളില്‍ കുടുക്കി അറസ്റ്റുചെയ്യപ്പെട്ട ചിലര്‍ ഇപ്പോഴും ഈ പ്രദേശത്ത് അതുമായി ബന്ധപ്പെട്ട് കഷ്ടപ്പെടുന്നതായും സുഭാഷ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com