

നാലാംഘട്ട വോട്ടെടുപ്പിന് തൊട്ടുമുന്‍പാണ് വെടിമരുന്നിലേക്ക് കെജ്രിവാള്‍ തീപ്പൊരിയെറിഞ്ഞത്. മൂന്നാം തവണ ജയിച്ചാലും മോദി അടുത്ത വര്‍ഷം വരെ മാത്രമേ പ്രധാനമന്ത്രി പദത്തിലുണ്ടാകുവെന്നും മോദി വോട്ടു തേടുന്നത് അമിത്ഷായെ പ്രധാനമന്ത്രിയാക്കാനാണെന്നും അതിനായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഒതുക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നതായും അദ്ദേഹം ജയില്‍നിന്നിറങ്ങിയ ആദ്യ യോഗത്തില്‍ വെടിപൊട്ടിച്ചു.
മദ്യനയക്കേസില്‍ 50 ദിവസം തടവില്‍ കഴിഞ്ഞ ശേഷം വീരനായകന്റെ പരിവേഷത്തിലെത്തിയ കെജ്രിവാള്‍ പിന്നെ കളം നിറയുന്നതാണ് കണ്ടത്. സാധാരണ പ്രചരണവിഷയങ്ങളില്‍ അജണ്ട തീരുമാനിക്കുന്ന ബി.ജെ.പിക്ക് ഇതോടെ അടിതെറ്റി. കേവലം രണ്ട് മണിക്കൂറിനുള്ളില്‍ അമിത്ഷാ പ്രതികരിച്ചു. മോദിജി വീണ്ടും പ്രധാനമന്ത്രിയാവുകയും കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്യുമെന്നായിരുന്നു അമിത്ഷായുടെ മറുപടി. ഇതോടെ ബി.ജെ.പിയുടെ ട്വിറ്റര്‍ഹാന്‍ഡിലുകള്‍ ആവേശത്തോടെ സജീവമായി. സോഷ്യല്‍ മീഡിയയില്‍ ഡിജിറ്റല്‍ ആര്‍മി യുദ്ധം തുടങ്ങി. മോദിയുടെ ജനപിന്തുണയില്‍ വലഞ്ഞ പ്രതിപക്ഷം പരാജയം ഉറപ്പിച്ചു കഴിഞ്ഞുവെന്നും അതിനാലാണ് ഇത്തരമൊരു പ്രചാരണമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമൂഹമാധ്യമമായ എക്സില്‍ പിന്നാലെ കുറിച്ചു. സത്യത്തില്‍ കെജ്രിവാള്‍ എറിഞ്ഞ ചൂണ്ടയില്‍ ബി.ജെ.പി കൊരുക്കുകയായിരുന്നു.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ലക്ഷ്യം 400ലധികം സീറ്റുകളാണെന്ന് കഴിഞ്ഞ ജനുവരിയില്‍ വാരാണസിയില്‍ നടത്തിയ മഹാസമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയിലും ഇത് ആവര്‍ത്തിച്ചു. എന്നാലിന്ന്400 സീറ്റുകള്‍ നേടുമെന്ന അമിത ആത്മവിശ്വാസത്തില്‍നിന്ന് പിന്നാക്കം പോയ ബി.ജെ.പിയുടെ പ്രധാന പ്രചരണവിഷയമായ മോദി ഗ്യാരന്റിയെത്തന്നെ മുള്‍മുനയില്‍ത്തന്നെ നിര്‍ത്തുന്നതായി കെജ്രിവാളിന്റെ ചോദ്യങ്ങള്‍. ഈ രാഷ്ട്രീയകൗശലത്തില്‍ ബി.ജെ.പി വീണുപോയി എന്നതാണ് യാഥാര്‍ത്ഥ്യം. ഇ.ഡി ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തിരുന്ന കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിനുശേഷം രാഷ്ട്രീയ കാലാവസ്ഥ പൊതുവില്‍ പ്രതിപക്ഷമുന്നണിക്ക് അനുകൂലമായിരുന്നു.
എതിരാളികളായ നേതാക്കളെയെല്ലാം ഇല്ലാതാക്കുമെന്ന ഭീതി യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ബി.ജെ.പിയുടെ സ്ട്രാറ്റജിക് പിഴവായി കെജ്രിവാളിന്റെ അറസ്റ്റിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. എ.എ.പി നടത്തിയ സര്‍വേയില്‍ ഈ അറസ്റ്റ് രാഷ്ട്രീയമായ ഗുണം ചെയ്തെന്നും സഹതാപം കൂടിയെന്നും ജനപ്രീതിയില്‍ മൂന്നു ശതമാനം വരെ വര്‍ദ്ധനയുണ്ടെന്നും കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് കെജ്രിവാളിന്റെ ഭാര്യ സുനിത മത്സരരംഗത്തേക്കിറങ്ങിയതും. ഏപ്രില്‍ രണ്ടാംവാരം നരേന്ദ്ര മോദി നടത്തിയ വര്‍ഗ്ഗീയപ്രസംഗങ്ങളോടെ ഈ ജനപ്രീതി കുറഞ്ഞു തുടങ്ങിയെന്നും സര്‍വേയില്‍ പറയുന്നു. സാവന്‍-നവരാത്രി ദിനങ്ങളില്‍ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും മാംസഭക്ഷണം കഴിച്ചെന്നുള്ള മോദിയുടെ പരാമര്‍ശമൊക്കെ ഈ ഘട്ടത്തിലാണ് വരുന്നതും.
പിന്നീടങ്ങോട്ട് തുടര്‍ച്ചയായി മുസ്ലിംവിരുദ്ധ പ്രസംഗങ്ങള്‍ മോദി നടത്തി. തങ്ങളുടെ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ കേഡര്‍മാരോട് ആഹ്വാനം ചെയ്തു. ഹിന്ദുക്കളുടെ സ്വത്തും സംവരണവും കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്കു നല്‍കുന്നുവെന്ന വര്‍ഗ്ഗീയ പരാമര്‍ശം ആവര്‍ത്തിക്കപ്പെട്ടു. പോളിങ് ശതമാനം കുറവായ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ജനാധിപത്യവാദികള്‍ക്കും പ്രതീക്ഷകളുണ്ടായിരുന്നു. ദേശീയതയിലൂന്നിയ മാസ് വോട്ടിങ്ങോ മോദി തരംഗമോ ഇല്ലെന്നു വ്യക്തമായി. 2014ല്‍ മോദി തരംഗവും 2019ല്‍ പുല്‍വാമയും സൃഷ്ടിച്ച മാസ് വോട്ടിങ് ഇത്തവണയില്ലെന്ന് വേണം കരുതാന്‍.
75 എന്ന വിരമിക്കല്‍ പ്രായം ഉന്നയിച്ചതിലൂടെ ഈ അജണ്ടകളെയാണ് കെജ്രിവാള്‍ മാറ്റിമറിച്ചത്. മുസ്ലിംവിരുദ്ധതയിലൂന്നിയുള്ള പ്രചാരണങ്ങള്‍ ഒരുപരിധിവരെ കുറച്ചുസമയത്തേക്കെങ്കിലും അരികുവല്‍കരിക്കപ്പെട്ടുവെന്നുവേണം കണക്കാക്കാന്‍. മറ്റൊന്ന്, മോദിക്കെതിരെ പോരാടാന്‍ പ്രതിപക്ഷത്തിനു കഴിയില്ലെന്ന പരോക്ഷമായ അംഗീകാരം കൂടിയാണ് കെജ്രിവാളിന്റെ പരാമര്‍ശം. മോദിയെ ആക്രമിക്കുന്നത് വിപരീതഫലമായിരിക്കും സൃഷ്ടിക്കുകയെന്നത് പ്രതിപക്ഷത്തിനറിയാം. അതുകൊണ്ട് മോദിയെ പിന്തുണയ്ക്കുന്ന വ്യവസ്ഥയെ ആക്രമിക്കുക എന്ന നയമാണ് കെജ്രിവാള്‍ സ്വീകരിച്ചത്.
2014-ല്‍ നരേന്ദ്ര മോദി ബി.ജെ.പി കേന്ദ്രനേതൃത്വത്തിലേക്ക് വന്നപ്പോള്‍ നടപ്പാക്കിയ അലിഖിത നയമാണ് 75 എന്ന വിരമിക്കല്‍ പ്രായം. 2014-ലെ തെരഞ്ഞെടുപ്പില്‍ പല മുതിര്‍ന്ന നേതാക്കള്‍ക്കും സീറ്റ് കിട്ടിയില്ല. എല്‍.കെ. അഡ്വാനിയും സുമിത്ര മഹാജനും ആനന്ദി ബെന്നും മുരളി മനോഹര്‍ ജോഷി വരെ ഈ മാനദണ്ഡപ്രകാരം മാറി. ഈ പ്രായത്തിനു മുകളിലുള്ളവര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടെന്നും ഭരണഘടനാപദവി കൈകാര്യം ചെയ്യേണ്ടതില്ലെന്നുമുള്ളത് പാര്‍ട്ടി നയമായി സ്വീകരിച്ചിട്ടുണ്ടെന്ന് അമിത്ഷാ നേരത്തെ പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ ഇപ്പോള്‍ നിറയുന്ന വീഡിയോകള്‍ അന്നത്തേതാണ്. അതിനുശേഷം കര്‍ണാടകയില്‍ ബി.എസ്. യെദ്യൂരപ്പ മാത്രമാണ് മുഖ്യമന്ത്രിപദത്തിലിരുന്നത്,78 വയസ് വരെ.
ഇനി കെജ്രിവാളിന്റെ ചോദ്യത്തിലേക്ക്. 75 എന്ന വിരമിക്കല്‍ പ്രായം സംബന്ധിച്ച് ഔദ്യോ ഗിക നയം ബി.ജെ.പിക്കില്ലെങ്കില്‍ നരേന്ദ്ര മോദി ഇക്കാര്യത്തില്‍ ഇളവ് തേടുമോ? ഇളവ് തേടിയാല്‍ തന്നെ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാക്കളെ ആദ്യം ഒഴിവാക്കിയ പ്രധാനമന്ത്രി എന്തിന് അധികാരത്തില്‍ തുടരണം എന്ന് വിശദീകരിക്കേണ്ടി വരും. നിസ്വാര്‍ത്ഥനായ, വിശ്വഗുരുവാകാന്‍ തയ്യാറെടുക്കുന്ന മോദിയുടെ പ്രതിച്ഛായയ്ക്ക് അത് മങ്ങലേല്‍പ്പിക്കും. പിന്നാലെ മോദിയുടെ പിന്‍ഗാമിയാര് എന്ന ചോദ്യം കൂടി ഇതോടെ പ്രസക്തമായി. അമിത്ഷായാണോ അതോ യോഗി ആദിത്യനാഥാണോ എന്നത് ഒരിക്കല്‍കൂടി ചര്‍ച്ചയുമായി. പിന്തുടര്‍ച്ചാവകാശം ഇരുവര്‍ക്കും കല്പിച്ചു നല്‍കാന്‍ വ്യത്യസ്തമായ പല കാരണങ്ങളുമുണ്ടാകാം.
മോദിയെ ഇന്നത്തെ നിലയിലെത്തിച്ചതിനു പിന്നിലെ തന്ത്രജ്ഞന്‍ എന്ന നിലയില്‍ അമിത്ഷാ രണ്ടാമനായി നില്‍ക്കുന്നു. പാര്‍ട്ടിയിലും സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളിലുമെല്ലാം പ്രധാന പദവികളില്‍ അമിത്ഷായുടെ വിശ്വസ്തരാണ്. ആ അര്‍ത്ഥത്തില്‍ പാര്‍ട്ടിയും ഭരണവും കൈപ്പിടിയില്‍ നിര്‍ത്താന്‍ യോഗ്യന്‍. അതേസമയം, ബഹുജന പിന്തുണയാണ് യോഗിയുടെ കൈമുതല്‍. ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലല്ല എന്നു മാത്രമല്ല, അസ്വാരസ്യം നിലനില്‍ക്കുകയും ചെയ്യുന്നു. ഇവര്‍ക്കിടയില്‍ വിള്ളലുണ്ടാക്കാന്‍ കെജ്രിവാളിന്റെ ആരോപണം ഒരുപക്ഷേ, സഹായിച്ചാല്‍ അത് പ്രതിപക്ഷത്തിന് ഗുണകരമായേക്കും. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ യോഗി യു.പിയില്‍ മാത്രം ഒതുങ്ങിയപ്പോള്‍ അമിത്ഷാ രാജ്യത്തുടനീളം നിറഞ്ഞുനിന്നിരുന്നു. ചെറിയ തോതിലെങ്കിലും ഇത്തരം ഊഹാപോഹങ്ങള്‍ പറഞ്ഞുകേട്ടിരുന്നു. രാജ്യത്തുടനീളം ഇരുന്നൂറിലധികം റാലികളിലും യോഗങ്ങളിലും പങ്കെടുക്കാന്‍ ആവശ്യമുയര്‍ന്നിട്ടും യോഗി യു.പി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. മാര്‍ച്ച് 27 മുതല്‍ മേയ് 6 വരെ നൂറിലധികം റാലികളിലും റോഡ്ഷോകളിലും പങ്കെടുത്തെങ്കിലും യു.പിക്ക് പുറത്ത് 26 എണ്ണത്തില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. ഗൂഢാലോചന സിദ്ധാന്തമെന്ന നിലയില്‍ വേണമെങ്കില്‍ ഇത് തള്ളിക്കളയാം. യോഗിയുടെ സാന്നിധ്യം യു.പിയില്‍ അനിവാര്യമാണെന്ന വാദവും സമ്മതിക്കാം. ഇനി, അധികാരത്തിലെത്തിയാല്‍ രണ്ടുമാസത്തിനകം യോഗിയെ ഒഴിവാക്കുമെന്ന കെജ്രിവാളിന്റെ അനുമാനത്തെക്കുറിച്ച് ബി.ജെ.പി നേതാക്കളൊന്നും ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
മറ്റൊന്ന് ഈ ആരോപണങ്ങള്‍ ആര്‍.എസ്.എസിലുണ്ടാക്കിയേക്കാവുന്ന അസ്വസ്ഥതകളാണ്. വ്യക്തി ആരാധനയും അധികാരവും തമ്മിലുള്ള ബന്ധങ്ങളുമൊക്കെ ഇത് പ്രശ്‌നവല്‍ക്കരിക്കും. താത്ത്വിക പ്രതിബദ്ധതയുള്ള, രാഷ്ട്രീയ അജണ്ടകള്‍ പൂര്‍ത്തീകരിക്കുന്ന സര്‍ക്കാര്‍ എന്ന നിലയില്‍ മോദി സര്‍ക്കാരിനെക്കുറിച്ച് ആര്‍.എസ്.എസിന് സന്തോഷമേയുള്ളൂ. പക്ഷേ, ഇത്രയും ജനപ്രീതിയുള്ള ഒരു പ്രധാനമന്ത്രി ഭരിക്കുമ്പോള്‍ സംഘത്തിനു ഭാവിയില്‍ എത്രമാത്രം സ്വാധീനം ചെലുത്താനാകുമെന്നത് നിര്‍ണ്ണായകമാണ്. 75 എന്ന വിരമിക്കല്‍ പ്രായം തന്നെ യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസിന്റെ ആശയമാണ്. 60 പിന്നിട്ടവര്‍ വിരമിക്കണമെന്നു പത്തു വര്‍ഷം മുന്‍പ് അമിത്ഷാ പ്രസംഗിച്ചിരുന്നു. ആര്‍.എസ്.എസ് താത്ത്വികാചാര്യന്‍ നാനാജി ദേശ്മുഖിന്റെ അഭിപ്രായം ഉദ്ധരിച്ചായിരുന്നു ഇത്. പുതിയ തലമുറയ്ക്കുവേണ്ടി വഴിമാറിക്കൊടുക്കുക എന്ന ആശയം! ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭഗവത് പോലും ഈ വിരമിക്കല്‍ പ്രായം വേണമെന്ന് ശക്തമായി വാദിക്കുന്നയാളാണ്. 2025 സെപ്റ്റംബര്‍ 11-ന് മോഹന്‍ ഭഗവതിനും സെപ്റ്റംബര്‍ 17-ന് മോദിക്കും 75 തികയും. സെപ്റ്റംബര്‍ 11-ന് മോഹന്‍ ഭഗവത് സ്ഥാനമൊഴിയുമ്പോള്‍ സ്വാഭാവികമായും എല്ലാ കണ്ണുകളും മോദിയിലേക്ക് തിരിയും. സംഘിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട മുഖമാണ് മോദി. അങ്ങനെയെങ്കില്‍ ലോകത്തിലെ മൂന്നാമത്തെ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാന്‍, ഒരു പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ എന്നിങ്ങനെ ദൗത്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ഇളവ് വേണമെന്ന് ആവശ്യപ്പെട്ടേക്കാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഏതായാലും മോദിയുടെ വിരമിക്കല്‍, യോഗിയെ പുറത്താക്കല്‍ എന്നിവ സംബന്ധിച്ച് ചുരുങ്ങിയപക്ഷം അവരുടെ ആരാധകരുടെ ഇടയിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇതൊക്കെ സഹായിക്കുമെന്ന് കെജ്രിവാള്‍ കരുതുന്നുണ്ടാകണം. മോദിയേയും യോഗിയേയും ആരാധിക്കുന്നതുപോലെ ഒരു പേഴ്സാണിലിറ്റി കള്‍ട്ടല്ല അമിത്ഷാ. രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന കള്ളിയില്‍ മാത്രം ഒതുങ്ങുന്നയാളാണ് അദ്ദേഹം. സ്വാഭാവികമായും മോദി-യോഗി ആരാധകരുടെ മനസ്സില്‍ സംശയത്തിന്റെ വിത്ത് പാകാന്‍ കെജ്രിവാളിനു കഴിഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉയരുമ്പോള്‍, മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തുമ്പോള്‍, ഭൂരിഭാഗം എം.പിമാരേയും എം.എല്‍.എമാരേയും ഒഴിവാക്കുമ്പോള്‍ കെജ്രിവാളിന്റെ അനുമാനങ്ങള്‍ ചിലപ്പോള്‍ കുറിക്കുകൊണ്ടേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates