

ഉമ്മന്‍ ചാണ്ടിക്കതിരായ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പല സൂചനകളും നല്‍കുന്നുണ്ടെങ്കിലും കേസായി മാറിയത് ഒന്നുമാത്രം. അത് അഭിഭാഷകന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് സുധീര്‍ ജേക്കബ് ഗണേഷിനെതിരെ കൊട്ടാരക്കര മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ കേസ്. ഡമോക്ലീസിന്റെ വാളുപോലെ തൂങ്ങുന്ന ഈ കേസിനു കീഴിലാണ് ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം.
ഉമ്മന്‍ ചാണ്ടിയെ ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സരിത എസ്. നായരുടെ കത്ത് വ്യാജമാണെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുധീര്‍ ജേക്കബ് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഗണേഷ് കുമാറിനെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്തത്. 21 പേജുള്ള സരിത എസ്. നായരുടെ ഒറിജിനല്‍ കത്ത് തിരുത്തി ഉമ്മന്‍ ചാണ്ടിയുടെ പേര് ഉള്‍പ്പെടുത്തി 25 പേജ് ആക്കിയതിനു പിന്നില്‍ ഗണേഷ് കുമാര്‍ ആണ് എന്നതായിരുന്നു സുധീര്‍ ജേക്കബിന്റെ പരാതി. സുധീര്‍ ജേക്കബിന്റെ ഈ ഹര്‍ജി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കില്‍ കേസില്‍ അന്വേഷണം നടക്കണം എന്ന പരാമര്‍ശനത്തോടെയാണ് ഹൈക്കോടതി ജസ്റ്റിസ് സി.വി. കുഞ്ഞിക്കൃഷ്ണന്‍ ഹര്‍ജി തള്ളിയത്.
കേസിലെ പരാതിക്കാരുമായി ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തി എന്നതാണ് കേസ്. ഗൂഢാലോചന നടത്തിയെന്നത് ആരോപണമായി നിലനില്‍ക്കുന്ന കാലത്തോളം ഉമ്മന്‍ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല. ഗണേഷ് കുമാര്‍ നിരപരാധി ആണെങ്കില്‍ അതും തെളിയണം. അതുകൂടി പരിഗണിച്ചാണ് കേസ് തുടരണം എന്ന തീരുമാനത്തിലെത്തിയതെന്നു വിധിയില്‍ പറയുന്നു.
പരാതിക്കാരിയുടെ കത്തില്‍ തിരുത്തല്‍ വരുത്താന്‍ ഗൂഢാലോചന നടത്തിയെന്നും പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നുമാണ് സുധീര്‍ ജേക്കബിന്റെ പരാതി. ഗണേഷ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവ് ഉണ്ടെന്നു കണ്ടെത്തിയ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എതിര്‍കക്ഷികള്‍ ആയ ഗണേഷ് കുമാറിനും പരാതിക്കാരിക്കും നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ഗണേഷിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. ആരോപണങ്ങള്‍ തെറ്റെന്നു കണ്ടാല്‍ പരാതിക്കാരനെതിരെ ഗണേഷിനെ നിയമനടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു എന്നതിനു ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്ന തെളിവുകള്‍ ഇതൊക്കെയാണ്. പത്തനംതിട്ട ജയിലില്‍നിന്നു പരാതിക്കാരി ഫെനി ബാലകൃഷ്ണന്‍ മുഖേന കൊടുത്തുവിടുന്ന കത്തിന് 21 പേജാണ് ഉണ്ടായിരുന്നത്. 21 പേജ് ഉണ്ടായിരുന്നു എന്നുള്ളതിനു ജയില്‍ സൂപ്രണ്ട് വിശ്വനാഥ കുറുപ്പ് ഫെനി ബാലകൃഷ്ണനില്‍നിന്ന് ഒപ്പിട്ട് വാങ്ങിയ രസീത് തെളിവ്. എന്നാല്‍, പരാതിക്കാരി പിന്നീട് കമ്മിഷന്‍ മുന്‍പാകെ ഹാജരാക്കിയ കത്തിന് 25 പേജ്. ഫെനി ബാലകൃഷ്ണന്‍ പിന്നീട് പത്രസമ്മേളനം നടത്തിയും ഇക്കാര്യം ശരിവെച്ചിട്ടുണ്ട്. സുരേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരാതിക്കാരി ഉമ്മന്‍ ചാണ്ടിയുടെ ഉള്‍പ്പെടെയുള്ള പേരുകള്‍ കൂട്ടിച്ചേര്‍ത്തതെന്നും ഫെനി ചൂണ്ടിക്കാണിക്കുന്നു. ഈ വ്യാജ നിര്‍മ്മിത കത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ക്രിമിനല്‍ നടപടി ശുപാര്‍ശ ചെയ്തത്.
സരിതയുമായി ചേര്‍ന്നു ഗൂഢാലോചന നടത്തി കത്തില്‍ പുതിയ പേരുകള്‍ കൂട്ടിച്ചേര്‍ത്തു എന്ന വാദം ഗണേഷ് കുമാര്‍ കോടതിയില്‍ നിഷേധിച്ചു. തിരുത്തിയെന്നു പറയുന്ന കത്തും സരിത എസ്. നായരുടെ കൈവശത്തില്‍ തന്നെയാണ് എന്നതിനാല്‍ അതെങ്ങനെ വ്യാജമായി നിര്‍മ്മിച്ചതാവും എന്ന ചോദ്യവും ഗണേഷ് കുമാര്‍ ഉന്നയിക്കുന്നു.
ഗണേഷ് കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന രണ്ടു പേരുടെ മൊഴികളും കേസില്‍ ഗണേഷിനു കുരുക്കായിട്ടുണ്ട്. പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന സി.ഡബ്ല്യു.5 സരിതയുമായി ഗണേഷ് കുമാര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും ഗണേഷ് കുമാറിന് സരിതയുടെമേല്‍ വലിയ സ്വാധീനം ഉണ്ടായിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയിലെ പ്രസക്തഭാഗം ഹൈക്കോടതി ഇങ്ങനെ ഉദ്ധരിക്കുന്നു: ''മന്ത്രി ആകാനുള്ള ആഗ്രഹം അദ്ദേഹം ചില നേതാക്കളെ അറിയിച്ചു. എന്നാല്‍, ചില കാരണങ്ങളാല്‍ അതിനു സാധിച്ചില്ല. മന്ത്രി ആകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ആ സമയത്ത് ഞങ്ങള്‍ നല്ല അടുപ്പത്തിലായിരുന്നു. എന്നാല്‍, മന്ത്രി ആകാത്തതിനുള്ള നീരസം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നോട് തുറന്നു പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്ക് ഞാന്‍ പണി കൊടുക്കും എന്നും ഇവന്മാരെയൊക്കെ പെണ്ണുകേസില്‍ പെടുത്തുമെന്നും ഇവന്മാര്‍ അനുഭവിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.'' ക്രോസ് വിസ്താരം നടക്കാത്തതുകൊണ്ട് ഈ മൊഴി തെളിവായി സ്വീകരിക്കാന്‍ ആവില്ലെങ്കിലും പറഞ്ഞത് പേഴ്സണല്‍ സ്റ്റാഫ് ആണെന്നത് കണക്കിലെടുക്കുമ്പോള്‍ ഇതു പ്രസക്തമാണ്. സ്റ്റാഫായിരുന്ന സി.ഡബ്ല്യു.8-ഉം സമാനമായ മൊഴി നല്‍കിയിരിക്കുന്നു. ഒരു ദിവസം രാവിലെ താന്‍ ഓഫീസില്‍ എത്തിയപ്പോള്‍ ഗണേഷ് കുമാറും സരിതയും അവിടെ ഉണ്ടായിരുന്നുവെന്നും ''സി.എമ്മിനെക്കൂടി ഉള്‍പ്പെടുത്തണം അല്ലെങ്കില്‍ ശരിയാവില്ല. ബാക്കിയെല്ലാം എന്റെ കയ്യില്‍ ഉണ്ട്'' എന്ന് ഗണേഷ് കുമാര്‍ സരിതയോട് പറയുന്നത് കേട്ടതായും മൊഴി നല്‍കിയിരിക്കുന്നു. വിസ്താരം നടക്കാത്തതിനു കോടതിയില്‍ നല്‍കിയ ഈ മൊഴിയും തെളിവായി സ്വീകരിക്കുന്നില്ല. എങ്കിലും ഗണേഷ് കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് എന്ന നിലയില്‍ ഇതും പ്രസക്തമാണെന്നു ഹൈക്കോടതി വിലയിരുത്തി. ഇതിനു പുറമേ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് മുതല്‍ ഗണേഷ് കുമാര്‍ തന്നോട് നീരസത്തിലായിരുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ മൊഴിയും പ്രാധാന്യമുള്ളതാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ അന്വേഷണസംഘത്തിനു സ്വതന്ത്രമായി അന്വേഷണം തുടരാം എന്നും കേസിന് ആവശ്യമായ എന്തു രേഖകളും വസ്തുവകകളും പരിശോധിക്കാമെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് ഹാറൂണ്‍ ഉത്തരവായി. ഈ ഉത്തരവ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ മരണമണിയായി.
കമ്മിഷനെതിരെ ഹേമചന്ദ്രന്‍
കമ്മിഷന്റേയും അന്വേഷണസംഘത്തിന്റേയും സമാന്തരമായ അന്വേഷണത്തെ വിശകലനം ചെയ്തുകൊണ്ട് എ.ഡി.ജി.പി ഹേമചന്ദ്രന്‍ കമ്മിഷന്‍ മുന്‍പാകെ നല്‍കിയ മൊഴി ശ്രദ്ധേയമാണ്: ''കമ്മിഷന്റെ പ്രവര്‍ത്തനങ്ങളും അന്വേഷണസംഘത്തിന്റെ പ്രവര്‍ത്തനവും സമാന്തരവും സ്വതന്ത്രവും ആണ് കേസുകളുടെ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിച്ചത് അന്വേഷണസംഘം തലവനാണ്. അന്വേഷണ കമ്മിഷന്‍ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് 8 B വകുപ്പ് പ്രകാരമുള്ള നോട്ടീസ് തനിക്കു നല്‍കിയത്. കോടതിയുടെ മുന്‍പിലുള്ള കേസുകളുടെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്യേണ്ടത് ഭരണഘടനാപരമായും നിയമപരമായും നീതിന്യായ കോടതികളാണ്. അല്ലാതെ അന്വേഷണ കമ്മിഷന്‍ അല്ല. അന്വേഷണ കമ്മിഷന്‍ സ്റ്റാറ്റിയൂട്ടറി അന്വേഷണങ്ങള്‍ വിശകലനം ചെയ്യേണ്ടതില്ല. പരാമര്‍ശിക്കുകപോലും വേണ്ട. കൂടാതെ അന്വേഷണ കമ്മിഷന്റെ അന്വേഷണവിഷയത്തിനു പുറത്തുള്ള കാര്യങ്ങളിലാണ് കമ്മിഷന്‍ വിശദീകരണം ആരായുന്നത്. മാത്രമല്ല, സാക്ഷികളെ എതിര്‍സ്ഥാനത്തു നിര്‍ത്തി ചോദ്യം ചെയ്യാന്‍ ചുമതലപ്പെട്ട ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ ആ സമയം കമ്മിഷന്‍ മുന്‍പാകെ ഇല്ല. അങ്ങനെയിരിക്കെ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥരോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ന്യായീകരിക്കാന്‍ ആവില്ല. കമ്മിഷന്റെ ഇത്തരം നടപടികള്‍ ഉദ്യോഗസ്ഥരെ സമര്‍ദ്ദത്തിലാക്കുന്നു. സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കുന്നതിനപ്പുറം കടന്നു വസ്തുതാപരമായി യാതൊരു വിലയുമില്ലാതെ തെളിവുകള്‍ പെരുപ്പിച്ച് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ പരിഹസിക്കുന്നതിനാണ് കമ്മിഷന്‍ ശ്രമിച്ചതെന്നും അന്വേഷണസംഘത്തിന്റെ തലവന്‍ പരാതിപ്പെട്ടു. ചോദ്യങ്ങളില്‍ പരിധി വിടുന്ന കമ്മിഷന്‍ ഉന്നത നീതിബോധം നിലനിര്‍ത്തി സത്യം കണ്ടെത്തുന്നതിനു ശ്രമം നടത്തിയതായി കാണുന്നില്ല എന്നും ഉദ്യോഗസ്ഥ മേധാവി കുറ്റപ്പെടുത്തി.
അന്വേഷണ സംഘത്തെ അധികാരപ്പെടുത്തിയ സര്‍ക്കാര്‍ ക്രിമിനല്‍ നടപടി നിയമപ്രകാരമുള്ള സ്വതന്ത്രമായ അന്വേഷണം നടത്താന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം സംഘത്തിനു നല്‍കി. സംഘത്തിന് അതിനുള്ള ശേഷിയും ഉണ്ട്. അതുകൊണ്ട് മാത്രമാണ് അന്നത്തെ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളായിട്ടും പേഴ്സണല്‍ സ്റ്റാഫിന്റെ വീഴ്ചകള്‍ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. അറസ്റ്റ് പ്രതിപക്ഷവും മാധ്യമങ്ങളും ഭാവന ചെയ്തിരുന്നില്ല.
സോളാര്‍ കേസിലെ പ്രധാന പ്രതിക്ക് എക്‌സിക്യൂട്ടീവ്, രജിസ്ട്രാര്‍, ജുഡീഷ്യറി, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ബന്ധമുണ്ട്. ടെലിഫോണ്‍ കോളുകളും ജുഡീഷ്യറിയുടെ ഭാഗമായ ചിലരുടെ വീടുകളിലെ സോളാര്‍ പാനല്‍ സ്ഥാപിക്കലും ഇതിനു തെളിവാണ്. ഇതിന്റെ പേരില്‍ അവര്‍ക്കൊക്കെ സോളാര്‍ കമ്പനി ഇടപാടില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനോ നടപടി സ്വീകരിക്കാനോ കഴിയില്ല. അങ്ങനെ ചെയ്താല്‍ അതു വിശദമായ അന്വേഷണത്തിനുള്ള പൊലീസിന്റെ അധികാരത്തിന്റെ ദുരുപയോഗമായും മോറല്‍ പൊലീസിങ്ങായും അധ:പതിക്കും -ഹേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് കെമാല്‍ പാഷെയുടെ നിരീക്ഷണം
കോന്നി പൊലീസ് സ്റ്റേഷനില്‍ മുന്‍പ് പറഞ്ഞ കേസില്‍ (ക്രൈം നമ്പര്‍ 656 ബാര്‍ 20 13 ആയി രജിസ്റ്റര്‍ ചെയ്തത്) വിചാരണ നേരിടുന്നതിനിടയില്‍ സരിത നായര്‍ കേസിന്‍മേല്‍ പുനരന്വേഷണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജിയിന്മേല്‍ ജസ്റ്റിസ് ബി. കെമാല്‍ പാഷെ നല്‍കിയ വിധിയും സുപ്രധാനമാണ്. ആ വിധിയും സോളാര്‍ കമ്മിഷന്റെ കണ്ടെത്തലുകളുടെ യുക്തിരാഹിത്യത്തിലേയ്ക്ക് വ്യക്തമായി വിരല്‍ചൂണ്ടുന്നുണ്ട്.
കോന്നി കേസിലെ ഒന്‍പതാം എതിര്‍കക്ഷിയായ മുഖ്യമന്ത്രി തന്റെ സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചു എന്നും അതുകൊണ്ട് കേസ് പുനരന്വേഷിക്കണമെന്നുമാണ് സരിത ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി നേരിട്ട് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സരിത നായര്‍ക്ക് പണം നല്‍കിയത് എന്ന പരാതിക്കാരന്റെ വാദം കൂടി കണക്കിലെടുത്ത് പുനരന്വേഷണം വേണമെന്നാണ് സരിത വാദിച്ചത്.
ഒരു കേസ് അന്വേഷണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ വീഴ്ചവരുത്തി എന്നു വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കിയാല്‍ കോടതിക്കു പുനരന്വേഷണം നടത്താം. എന്നാല്‍, ഇവിടെ പരാതിക്കാരി ഈ കേസ് ഉള്‍പ്പെടെ 33 കേസുകളില്‍ പ്രതിയാണ്. പലതരം തെറ്റായ വാഗ്ദാനങ്ങളും വ്യാജരേഖകളും നല്‍കിയാണ് പ്രതി പലരില്‍ നിന്നായി കോടിക്കണക്കിനു രൂപ കൈവശപ്പെടുത്തിയത് എന്നും വിവിധ കേസുകളില്‍ തെളിഞ്ഞിട്ടുണ്ട്. ഈ കേസുകളില്‍ ഒന്നും മുഖ്യമന്ത്രിയെ വലിച്ചിഴയ്ക്കാന്‍ പരാതിക്കാരി ശ്രമിച്ചിട്ടില്ല.
അതേസമയം നേരത്തെ നല്‍കിയ ഒരു മൊഴിയിലും മുഖ്യമന്ത്രിയുടെ പങ്കാളിത്തം വഞ്ചനക്കിരയായ ഹര്‍ജിക്കാരന്‍ പറഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തില്‍ പരാതിക്കാരന്റെ വക്കാലത്ത് എടുത്ത് പുനരന്വേഷണത്തിനു ഹൈക്കാടതിയെ സമീപിക്കാന്‍ കേസിലെ മുഖ്യപ്രതി കൂടിയായ ഹര്‍ജ്ജിക്കാരിക്ക് അവകാശമില്ല.
മുഖ്യമന്ത്രിയെ കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ജോയി കൈതാരത്തും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും നല്‍കിയ റിട്ട് ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയ കാര്യവും കെമാല്‍ പാഷെയുടെ വിധിയില്‍ പരാമര്‍ശിക്കുന്നു. ഇനിയുള്ള ജസ്റ്റിസ് കെമാല്‍ പാഷെയുടെ നിരീക്ഷണമാണ് ഏറ്റവും ശ്രദ്ധേയം. നേരത്തെ നടത്തിയ അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ചയോ പക്ഷപാതമോ ഉണ്ടായതിന് ഒരു തെളിവും ഹാജരാക്കാന്‍ പരാതിക്കാരിക്കു കഴിഞ്ഞിട്ടില്ല. മാത്രമല്ല, അങ്ങനെ അന്വേഷണത്തെ ചോദ്യം ചെയ്യുന്ന പരാതിക്കാരിക്കു വിശ്വാസ്യതയും ഉണ്ടായിരിക്കണം. ഇവിടെ 33 കേസുകളില്‍ പ്രതിയും നിരവധി പേരില്‍നിന്നു കോടികള്‍ വഞ്ചിച്ചെടുക്കുകയും ചെയ്ത ഒരു വ്യക്തിക്ക് എന്തു വിശ്വാസ്യതയാണെന്നു കോടതി ചോദിക്കുന്നു. തന്മൂലം ഇതു നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി രാഷ്ട്രീയ ലക്ഷ്യത്തോടെ നല്‍കിയ ഹര്‍ജിയാണെന്ന് അനുമാനിക്കണം. അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷനും ഇത് രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല, 2013-ല്‍ കോടതിയുടെ മുന്നില്‍ വന്ന കേസില്‍ അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ച് പരാതി പറയാന്‍ പരാതിക്കാരി എന്തുകൊണ്ട് മൂന്നു വര്‍ഷം കാത്തിരുന്നു എന്ന ചോദ്യവും ഉണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന ഇത്തരം രാഷ്ട്രീയ അടവുകള്‍ക്ക് കോടതിയെ വേദിയാക്കുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് -ജസ്റ്റിസ് കെമാല്‍ പാഷെ സരിതയുടെ ഹര്‍ജി തള്ളിയത്.
സോളാറിന്റെ പരിണാമം
സോളാര്‍ കേസിന്റെ പരിണാമം രസകരമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒരു ആരോപണം കൊണ്ടുവരുന്നു. ആരോപണത്തിന്റെ ആദ്യഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി നിന്ന കേസിലെ പ്രതി സരിത രണ്ടാംഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തിരിയുന്നു. ഇതിനിടെ പ്രതിപക്ഷം ഭരണപക്ഷം ആകുന്നു. മൂന്നാം ഘട്ടത്തില്‍ ഭരണപക്ഷവും സരിതയും ചേര്‍ന്നു ലൈംഗിക ആരോപണം ഉയര്‍ത്തുന്നു. നാലാം ഘട്ടത്തില്‍ കേരള പൊലീസ് മുതല്‍ സി.ബി.ഐ വരെ അന്വേഷിച്ച് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കുന്നു. സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ സരിതയുടെ ലൈംഗിക ആരോപണ കേസില്‍ വി.എസ്. അച്യുതാനന്ദന്റെ അടുപ്പക്കാരനായ ദല്ലാള്‍ നന്ദകുമാര്‍ രംഗപ്രവേശനം നടത്തുന്നു. സരിതയുടെ വിവാദ കത്ത് പണം കൊടുത്തുവാങ്ങി മാധ്യമങ്ങളില്‍ എത്തിച്ചതും ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണം ഉന്നയിച്ചു കേസാക്കിയതും താനാണെന്നു പറഞ്ഞുകൊണ്ട് നന്ദകുമാര്‍ സ്വയം പ്രതിനായകന്റെ വേഷം കെട്ടുന്നു.
മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെയും വി.എസ്. അച്യുതാനന്ദനേയും എതിര്‍കക്ഷികള്‍ ആക്കി ഒരു കേസ് ഉമ്മന്‍ ചാണ്ടി സി.ബി.ഐക്ക് വിട്ടതിനുള്ള പകപോക്കല്‍ ആയിരുന്നു തന്റെ നടപടിയെന്നും നന്ദകുമാര്‍ വിശദീകരിക്കുന്നു. സംഭവം ഇങ്ങനെ:
''സരിതയുടേത് എന്ന പേരില്‍ പ്രചരിച്ച കത്തിന്റെ ഒറിജിനല്‍ സംഘടിപ്പിക്കാന്‍ അച്യുതാനന്ദനാണ് നന്ദകുമാറിനെ ചുമതലപ്പെടുത്തിയത്. കത്ത് ഗണേഷ് കുമാറിന്റെ സെക്രട്ടറി ശരണ്യ മനോജിന്റെ കൈവശമുണ്ടെന്നു മനസ്സിലാക്കിയ നന്ദകുമാര്‍ മനോജിനെ സമീപിക്കുന്നു. സരിത പറഞ്ഞാല്‍ കത്ത് കൈമാറാമെന്ന് മനോജ്. നന്ദകുമാര്‍ സരിതയെ നേരിട്ടു കണ്ട് ഡീല്‍ ഉറപ്പിക്കുന്നു. ഒന്നേകാല്‍ ലക്ഷം രൂപ പ്രതിഫലമായി സരിതയ്ക്ക് നല്‍കിയെന്ന് നന്ദകുമാര്‍. എന്നാല്‍, 50 ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത് എന്ന് സി.ബി.ഐ. അതെന്തായാലും സരിതയുടെ നിര്‍ദ്ദേശപ്രകാരം കത്ത് നന്ദകുമാറിനു കൈമാറി എന്ന് ശരണ്യ മനോജ്.
നന്ദകുമാര്‍ കത്തു വാങ്ങി ആദ്യം വി.എസ്. അച്യുതാനന്ദന്റേയും പിന്നീട് പിണറായി വിജയന്റേയും മുന്നില്‍ എത്തിക്കുന്നു. കത്ത് വായിച്ച് അത്ഭുതകരം എന്ന് വി.എസ്. പറഞ്ഞതായി നന്ദകുമാര്‍. പിണറായിയെ കണ്ടപ്പോള്‍ അദ്ദേഹവും പച്ചക്കൊടി കാട്ടി. വി.എസ്സിന്റെ നിര്‍ദ്ദേശപ്രകാരം കത്ത് ഒരു പ്രമുഖ ചാനലിനു കൈമാറുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തുന്ന കത്ത് ചാനല്‍ സംപ്രേഷണം ചെയ്തതോടെ കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം. അന്നത്തെ പ്രതിപക്ഷ നേതാവായ വി.എസ്. കത്തിന്റെ കാര്യം നിയമസഭയില്‍ ഉന്നയിക്കുന്നു.
സോളാര്‍ കേസ് വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് സി.ബി.ഐ കണ്ടെത്തിയതോടെ കത്ത് മാധ്യമങ്ങള്‍ക്കു നല്‍കിയ നന്ദകുമാറും ഒത്താശ ചെയ്ത വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും പ്രതിക്കൂട്ടിലായി. കത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്നു പ്രതിപക്ഷം. പക്ഷേ, പിന്നീട് പ്രതിപക്ഷം നിലപാട് മാറ്റി. പ്രത്യേക അന്വേഷണം വേണ്ടെന്നും നിലവിലുള്ള ഏജന്‍സി തന്നെ അന്വേഷിച്ചാല്‍ മതിയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
പരാതിക്കാരിയുടെ കത്ത് ചാനലിനു കൈമാറുന്നതിനു മുന്‍പ് കത്തുമായി നാല് തവണ പിണറായി വിജയനെ കണ്ടുവെന്നു നന്ദകുമാര്‍. അദ്ദേഹത്തിന്റെ അനുമതി വാങ്ങാനായിരുന്നു കൂടിക്കാഴ്ച. വാക്കുകളും മുഖഭാവവുംകൊണ്ട് പിണറായി അനുമതി നല്‍കിയെന്ന നന്ദകുമാര്‍, ആ കത്താണ് തുടര്‍ന്നു നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് 35 ശതമാനം വോട്ട് നേടിക്കൊടുത്തതെന്നും നന്ദകുമാര്‍.
വി.എസ്. അച്യുതാനന്ദന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എസ്.എന്‍.സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് താനും പിണറായിയും തമ്മില്‍ ചില ഇഷ്ടക്കേടുകള്‍ ഉണ്ടായിരുന്നു. അതു മാറി. എന്നാല്‍, നന്ദകുമാറിന്റെ അവകാശവാദം പിണറായി നിഷേധിച്ചു. നന്ദകുമാര്‍ ഒരിക്കല്‍ കേരള ഹൗസില്‍ വെച്ച് തന്റെ മുറിയില്‍ വന്നെന്നും എന്നാല്‍ കൂടിക്കാഴ്ച അനുവദിച്ചില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
2016-ല്‍ മാത്രമല്ല, 2021-ലെ തെരഞ്ഞെടുപ്പിലും സോളാര്‍ ഇടതുമുന്നണിയെ സഹായിച്ചുവെന്നും താന്‍ കാണാന്‍ ചെന്നപ്പോള്‍ പിണറായി തന്നോട് കടക്കു പുറത്ത് എന്നു പറഞ്ഞിട്ടില്ല എന്നും നന്ദകുമാര്‍.
മുന്‍കൂര്‍ ജാമ്യമെടുത്ത് സിപിഎം
സോളാര്‍ കേസ് കോണ്‍ഗ്രസ്സിന്റേയും യു.ഡി.എഫിന്റേയും സൃഷ്ടിയാണെന്നു പറഞ്ഞ് സി.പി.എം മുന്‍കൂര്‍ ജാമ്യം എടുത്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയമിച്ച കമ്മിഷനാണ് അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. അതിനു തങ്ങള്‍ എന്തു പിഴച്ചു എന്നാണ് സി.പി.എമ്മിലെ ചില നേതാക്കളുടെ ചോദ്യം. കമ്മിഷനെ ആര് നിയമിച്ചതാണെങ്കിലും അന്വേഷണവിഷയങ്ങളുടെ പരിധികടന്നുള്ള അന്വേഷണം നടത്തി തെളിവുകളുടെ പിന്‍ബലമില്ലാതെ തയ്യാറാക്കിയ കമ്മിഷന്‍ റിപ്പോര്‍ട്ട് അവധാനതയോടെ സമീപിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായില്ല. കേസിലെ പ്രതിയുടെ കേവലം ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ നിരവധി പേരെ കുറ്റക്കാര്‍ ആക്കുകയും പൊലീസ് അന്വേഷണം ശുപാര്‍ശ ചെയ്യുകയുമാണ് കമ്മിഷന്‍ ചെയ്തത്.
എന്തുകൊണ്ട് യു.ഡി.എഫ്?
ചരിത്രം നോക്കിയാല്‍ സി.പി.എം നേതാക്കളുടെ നേര്‍ക്ക് തെരഞ്ഞെടുപ്പില്‍ ലൈംഗിക ആരോപണങ്ങള്‍ മുഖ്യ പ്രചാരണായുധമായിട്ടുള്ളത് അത്യപൂര്‍വ്വം. കാരണം സി.പി.എം നേതാക്കളില്‍ ആര്‍ക്കെങ്കിലുമെതിരെ ലൈംഗിക ആരോപണം ഉണ്ടായാല്‍ അതു പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്ത് പാര്‍ട്ടി കോടതിവഴി പരിഹരിക്കുന്നതാണ് കമ്യൂണിസ്റ്റ് രീതി. പരാതിക്കാരി ഒരിക്കലും പൊലീസ് സ്റ്റേഷനിലോ നീതിന്യായ കോടതിയിലോ എത്തില്ല. കിളിരൂര്‍ കേസില്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞ വി.ഐ.പി പോലും ഇന്നും കാണാമറയത്താണ്. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാരിന്റെ കാര്യത്തില്‍, ഒരിക്കല്‍ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ അത് മാന്തി പുണ്ണാക്കുന്നതിന് ആരോപണവിധേയനായ ആളുടെ പാര്‍ട്ടി തന്നെ ഗ്രൂപ്പു തിരിഞ്ഞ് ഒത്താശ ചെയ്തുകൊടുക്കും. സോളാര്‍ കേസില്‍ സി.പി.എമ്മിന്റെ ആരോപണങ്ങള്‍ക്ക് ഏറ്റവും വലിയ പ്രചാരണം നല്‍കിയത് യു.ഡി.എഫിന്റെ ചീഫ് വിപ്പായിരുന്ന പി.സി. ജോര്‍ജായിരുന്നുവെന്നോര്‍ക്കുക. സരിതയ്ക്ക് സംരക്ഷണം നല്‍കിയത് യു.ഡി.എഫില്‍ മന്ത്രിയായിരുന്ന ഗണേഷ് കുമാറാണ് എന്ന് സി.ബി.ഐ കണ്ടെത്തല്‍. ഒടുവില്‍ തെരഞ്ഞെടുപ്പില്‍ ലൈംഗിക ആരോപണം വലിയ ആയുധമാക്കി ഉപയോഗിക്കുന്ന ഇടത് പാര്‍ട്ടികള്‍ക്ക് ''തങ്ങളല്ലല്ലോ ഇതൊന്നും ചെയ്തത് അവരുടെ നേതാക്കള്‍ തന്നെയല്ലേ'' എന്നു പറഞ്ഞ് തന്ത്രപൂര്‍വ്വം കൈ കഴുകി മാറിനില്‍ക്കാനും കഴിയും.
സോളാര്‍ കേസ് അന്വേഷണത്തെ പിണറായി വിജയന് എതിരായ എസ്.എന്‍.സി ലാവ്ലിന്‍ കേസ് അന്വേഷണവുമായി ബന്ധിപ്പിച്ച് ചിന്തിക്കുന്നവരുണ്ട്. സോളാര്‍ കേസും ലാവ്ലിന്‍ കേസും തമ്മില്‍ ഒട്ടേറെ സമാനതകള്‍ ഉണ്ട്. രണ്ടും വൈദ്യുതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ്. രണ്ടിലും ലക്ഷ്യമിട്ടത് മുന്നണി പോരാളികളെ. രണ്ടിലും സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് രണ്ടു മുന്നണി ഭരണങ്ങളുടെ അവസാന മന്ത്രിസഭായോഗങ്ങളില്‍. ലാവ്ലിന്‍ സി.ബി.ഐക്ക് വിട്ടതിന്റെ പക പോക്കലായാണ് സോളാര്‍ സി.ബി.ഐക്ക് വിട്ടതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. അതെന്തായാലും സോളാര്‍ കേസിന്റെ അന്തിമവിധി എഴുതപ്പെട്ടു. ലാവ്ലിന്‍ കേസ് ഇപ്പോഴും അന്തിമവിധിക്കായി സുപ്രീം കോടതിയുടെ പരിഗണനയില്‍.
സോളാര്‍ കേസും വിരോധാഭാസങ്ങളും
സോളാര്‍ കേസില്‍ ഒട്ടേറെ ഐറണികള്‍ ഉണ്ട്. വിരോധാഭാസങ്ങള്‍ ഉണ്ട്. വിധി വൈപരീത്യങ്ങള്‍ ഉണ്ട്. ഉമ്മന്‍ ചാണ്ടിക്കെതിരെ സരിതയെക്കൊണ്ട് പരാതി എഴുതിവാങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍ ലൈംഗിക പീഡനക്കേസ് ഉണ്ടാക്കിയെങ്കില്‍ അതേ പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് എന്ന വനിതയിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് തന്നെ മറ്റൊരു കേസ് ഉണ്ടാകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്‍ തന്നെ അതില്‍ പ്രതിയാകുന്നു. സോളാര്‍ ലൈംഗിക പീഡനക്കേസിന്റെ പേരില്‍ ക്ലിഫ് ഹൗസിനു മുന്നില്‍ സമരം നയിച്ച കടകംപള്ളി സുരേന്ദ്രനെതിരെ സ്വപ്ന സുരേഷ് ലൈംഗിക ആരോപണമുന്നയിക്കുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് സരിതയെ മുന്‍നിര്‍ത്തി ഉമ്മന്‍ ചാണ്ടിക്കെതിരെ പീഡന കേസ് ആളിക്കത്തിച്ച പി.സി. ജോര്‍ജിനെതിരെ അതേ സരിത തന്നെ ലൈംഗിക പീഡന കേസ് കൊടുക്കുന്നു. ഒടുവില്‍ പി.സി. ജോര്‍ജ് സരിതയെ തള്ളിപ്പറയുന്നു. താന്‍ ദൃക്സാക്ഷിയാണെന്നു പറഞ്ഞ ജോര്‍ജ് തന്നെ പീഡനരംഗം താന്‍ കണ്ടിട്ടേ ഇല്ലെന്ന് സി.ബി.ഐക്ക് മൊഴി കൊടുക്കുന്നു. അങ്ങനെ ചരിത്രത്തിന്റെ തിരുത്തലുകളും വിരോധാഭാസവും നിറഞ്ഞ രാഷ്ട്രീയ നാടകത്തിന്റെ സമാപനവും കണ്ടാണ് ഉമ്മന്‍ ചാണ്ടി വിടവാങ്ങിയത്.?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
