

1970-കളുടെ അവസാനമാണ് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചു തുടങ്ങിയത്. ആയിരക്കണക്കിനു മനുഷ്യരാണ് മാനസികവും ശാരീരികവുമായ വൈകല്യം ബാധിച്ച് ഈ കീടനാശിനിയുടെ ഇരകളാക്കപ്പെട്ടത്. അതിനൊപ്പം നിരവധി ജീവജാലങ്ങളും. പിന്നാക്ക ജില്ലയായ കാസര്‍ഗോട്ടെ ഈ ക്രൂരത പുറംലോകത്തെത്തുന്നതു വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. വലിയ നേതാക്കന്മാരുടേയും സംഘടനകളുടേയും പിന്‍ബലമില്ലാതെ സാധാരണക്കാരായ മനുഷ്യര്‍ പലതരത്തില്‍ പല ഘട്ടങ്ങളില്‍ നടത്തിയ സമരങ്ങളിലൂടെയാണ് കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ 20 വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ കശുമാവിന്‍ തോപ്പുകളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതു നിര്‍ത്തിയത്.
ഔദ്യോഗിക കണക്കു പ്രകാരം 6525 പേരാണ് എന്‍ഡോസള്‍ഫാന്‍ ബാധിതരായി ഇന്നും കാസര്‍ഗോട്ടുള്ളത്. ഇപ്പോഴും ജനിക്കുന്നു തല വലുതായതും കാലുകള്‍ പിണഞ്ഞുപോയതുമായ കുട്ടികള്‍. ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് വൈകല്യമുള്ളവരും രോഗികളുമായ നരകിക്കുന്ന ഒരു സമൂഹത്തെ നമുക്കിപ്പോഴും കാസര്‍ഗോഡ് കാണാം. പ്രതിയും ഉത്തരവാദിയും സര്‍ക്കാരാണ്.
എന്താനുകൂല്യം കൊടുത്താലും തിരുത്താനാവാത്ത ക്രൂരതയാണത്. ഒരു ന്യായവും ഈ ജനതയോട് നമുക്കു പറയാന്‍ കഴിയില്ല. ചെയ്യാന്‍ കഴിയുന്നത് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക മാത്രമാണ്. പക്ഷേ, കാസര്‍ഗോഡ് സംഭവിച്ചത് മറ്റൊന്നായിരുന്നു. നരകിക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സാച്ചെലവിനുവേണ്ടിപ്പോലും തെരുവുകളില്‍ സമരത്തിനിറങ്ങേണ്ട ഗതികേട്. ആ അമ്മമാരും കുഞ്ഞുങ്ങളും ഇപ്പോഴും സമരത്തിലാണ്. അവരുടെ ആവശ്യങ്ങള്‍ക്കൊന്നും സര്‍ക്കാറിനു മുന്നില്‍ വിലയില്ല. പ്രതി ഞങ്ങളാണ് എന്ന ഒരു കുറ്റബോധം മാറിവരുന്ന സര്‍ക്കാരുകള്‍ക്കോ ജനപ്രതിനിധികള്‍ക്കോ തോന്നാറുമില്ല. അവരുടെ കണ്ണില്‍ ഈ ദുരന്തബാധിതര്‍ അപമാനമാണ്. അവര്‍ക്കുവേണ്ടി ചെലവഴിക്കുന്ന ഫണ്ടിനെയോര്‍ത്ത് വ്യാകുലപ്പെടുന്നവര്‍.
കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ ഇല്ലായെന്നും എന്‍ഡോസള്‍ഫാന്‍ വിഷമല്ല എന്നും സ്ഥാപിച്ചെടുക്കുകയാണ് ഭരണകൂടത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം.
അതിനുവേണ്ടിയുള്ള നീക്കങ്ങള്‍ കാസര്‍ഗോട്ടെ ജില്ലാ ഭരണകൂടത്തില്‍നിന്നും തുടങ്ങിക്കഴിഞ്ഞു. ദുരന്തബാധിതരെ അപമാനിക്കുകയും സമരത്തിനിറങ്ങുന്നവരെ അധിക്ഷേപിക്കുകയും ചെയ്യുന്ന ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബുവിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചെയര്‍മാനും റവന്യൂ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്റെ നിലപാടും വിമര്‍ശിക്കപ്പെടുകയാണ്. സര്‍ക്കാറിന്റെ ഗൂഢപദ്ധതി കളക്ടറിലൂടെ നടപ്പാക്കുകയാണെന്നും എന്‍ഡോസള്‍ഫാന്‍ ബാധിതരെ കേന്ദ്രസര്‍ക്കാരിന്റെ ഭിന്നശേഷി ലിസ്റ്റിലേക്കു മാറ്റാനുള്ള നീക്കം നടക്കുന്നതായും സംശയമുയരുന്നു. എന്‍ഡോസള്‍ഫാന്‍ കാരണമല്ല കാസര്‍ഗോഡ് അസുഖങ്ങള്‍ ഉണ്ടാകുന്നത് എന്ന കളക്ടറുടെ വാദവും എന്‍ഡോസള്‍ഫാന്‍ അപമാന വിമോചനസമിതി എന്ന സംഘടനയുടെ പേരില്‍ ഇരകള്‍ക്കെതിരായി നടത്തുന്ന സമരങ്ങളുമാണ് കാസര്‍ഗോഡ് പുതിയ വിവാദങ്ങളിലേക്കെത്തിയത്.
വാദങ്ങളും വിവാദങ്ങളും
കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ തുടക്കം മുതല്‍ത്തന്നെ പ്രതിവാദങ്ങളും ഉന്നയിക്കപ്പെട്ടിരുന്നു. ആളുകളുടെ അസുഖത്തിനു കാരണം എന്‍ഡോസള്‍ഫാന്‍ അല്ല എന്നും അതൊരു മാരക വിഷമല്ല എന്നുമായിരുന്നു വാദം. 2000-ല്‍ എന്‍ഡോസള്‍ഫാന്‍ തളി നിര്‍ത്തിയതിനുശേഷം പല കമ്മിറ്റികളും ദുരന്തത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നു. അതില്‍ത്തന്നെ ചില കമ്മിറ്റികളുടെ പഠനങ്ങള്‍ എന്‍ഡോസള്‍ഫാന് അനുകൂലമായിരുന്നു. അതില്‍ പ്രധാനം 2001-ല്‍ നിയോഗിച്ച അബ്ദുള്‍സലാം കമ്മിറ്റിയും പിന്നിട് വന്ന ദുബെ കമ്മിറ്റിയുമാണ്. ഈ രണ്ടു കമ്മിറ്റികളുടേയും റിപ്പോര്‍ട്ടുകള്‍ വിവാദവുമായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്ത കാരണമല്ല എന്ന് റിപ്പോര്‍ട്ട് നല്‍കിയ കമ്മിറ്റിയുടെ തലവനായ അബ്ദുള്‍സലാം കശുമാവ് ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കൂടിയായിരുന്നു. പിന്നീട് വന്ന കമ്മിറ്റിയുടെ ചെയര്‍മാനായ ഒ.പി. ദുബെ സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍ ആയിരുന്ന ആളാണ്.
അബ്ദുള്‍സലാം കമ്മിറ്റിയില്‍ അംഗമായിരുന്ന പടന്നക്കാട് കാര്‍ഷിക കോളേജിലെ അഗ്രിക്കള്‍ച്ചര്‍ എന്‍ഡമോളജി തലവന്‍ ചില ഡോ. കെ.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ അനുകൂല സമരങ്ങള്‍ നടക്കുന്നത്. കെ.എം. ശ്രീകുമാര്‍ കൂടി അംഗമായി 2013-ല്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ചില തൊഴിലാളികള്‍ക്കൊപ്പം രൂപീകരിച്ച 'എന്‍ഡോസള്‍ഫാന്‍ അപമാന വിമോചനസമിതി' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. ജില്ലാ കളക്ടര്‍ കൂടി അനുകൂല നിലപാടെടുത്തതോടെ പ്രത്യക്ഷ സമരത്തിലേക്കും ഈ സംഘടന എത്തി. എന്‍ഡോസള്‍ഫാന്‍ ദുരന്തം എന്ന കെട്ടുകഥയുടെ അപമാനത്തില്‍നിന്നും കാസര്‍ഗോഡിനെ രക്ഷിക്കുകയെന്നും സര്‍ക്കാര്‍ ഫണ്ടിന്റെ ദുര്‍വ്യയം തടയുകയെന്നും ഉന്നയിച്ച് ജില്ലാ കളക്ട്രേറ്റിലേക്കു മാര്‍ച്ച് നടത്തി. കൂടുതല്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് ഈ സംഘടന.
എന്ഡോസള്ഫാന് സെല്ലിന്റെ കണ്‍വീനര്‍ കൂടിയാണ് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍. സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും കളക്ടറാണ്. ഒരു വര്‍ഷം മുന്‍പാണ് ഡോ. സജിത് ബാബു കാസര്‍ഗോഡ് കളക്ടറായി ചുമതലയേറ്റത്. എന്‍ഡോസള്‍ഫാന്‍ കീടനാശിനി കാരണമല്ല കാസര്‍ഗോഡ് ദുരന്തമുണ്ടായതെന്നും അതു മാരകമായ വിഷമല്ലെന്നുമുള്ള അഭിപ്രായപ്രകടനങ്ങള്‍ ഒരു വിദ്യാര്‍ത്ഥിക്കു നല്‍കിയ അഭിമുഖത്തില്‍ കളക്ടര്‍ നടത്തിയിരുന്നു. ഫെയ്സ്ബുക്കിലൂടെ ഇതു വൈറലായതോടെയാണ് കളക്ടര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നത്. അതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ആ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പിന്നീടും പരസ്യമായി വെളിപ്പെടുത്തി. മന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുത്ത എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ മീറ്റിങ്ങിനിടയില്‍ സെല്‍ അംഗങ്ങള്‍ ഇക്കാര്യം ഉന്നയിക്കുകയും ഇത്തരം നിലപാടുള്ള ഒരാള്‍ സെല്ലിന്റെ കണ്‍വീനറായി തുടരാന്‍ പാടില്ലെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് മന്ത്രി മിണ്ടിയതേയില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍ സര്‍ക്കാറിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്നുമാത്രമായിരുന്നു കളക്ടറുടെ മറുപടി. ശാസ്ത്രീയ പഠനങ്ങള്‍ വഴി എന്‍ഡോസള്‍ഫാന്‍ ആണ് കാസര്‍ഗോഡ് അസുഖങ്ങള്‍ക്കു കാരണം എന്ന് ഇതുവരെ തെളിയിച്ചിട്ടില്ലെന്നും ചില വ്യക്തികള്‍ ഉണ്ടാക്കുന്ന കഥകള്‍ മാത്രമാണിതെന്നുമാണ് കളക്ടറുടെ വാദം. കളക്ടറെ സെല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റണം എന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി തിങ്കളാഴ്ച കളക്ട്രേറ്റിലേക്കു മാര്‍ച്ചും നടത്തി.
അവ്യക്തതകള്‍, അട്ടിമറി നീക്കം
ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് അമ്മമാരും എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളും നടത്തിയ സമരത്തിനൊടുവില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചതാണ് മെഡിക്കല്‍ ക്യാമ്പ് നടത്തും എന്നത്. എന്നാല്‍, ആ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ല. കഴിഞ്ഞ മാസം റവന്യൂമന്ത്രിയും എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചെയര്‍മാനുമായ ഇ. ചന്ദ്രശേഖരനും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയും അടക്കം പങ്കെടുത്ത സെല്‍ മീറ്റിങ്ങില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ജൂണ്‍ 26 മുതല്‍ ജൂലായ് അഞ്ച് വരെ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പറഞ്ഞ തീയതികളില്‍ ക്യാമ്പ് നടന്നില്ല. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയിലെ അംഗങ്ങള്‍ പിന്നീട് അന്വേഷിച്ചപ്പോഴാണ് അതു ഭിന്നശേഷിക്കാരെ കണ്ടെത്താനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായുളള ക്യാമ്പാണ് എന്നറിയുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകളെക്കൂടി ഭിന്നശേഷി ക്യാമ്പില്‍ പങ്കെടുപ്പിച്ചു ലിസ്റ്റുണ്ടാക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. ''ഭിന്നശേഷിക്കാരുടെ ക്യാമ്പാണ് എന്നത് പിന്നീടാണ് അറിയുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ എണ്ണം കുറച്ചുകൊണ്ടുവരാനും ഇവരെ ഭിന്നശേഷിക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അട്ടിമറിക്കാനുമുള്ള ഒരു നീക്കമാണ് ഇവിടെ നടക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റ് നിലവിലിരിക്കെ അവരെ കൂടി ഭിന്നശേഷി ക്യാമ്പില്‍ ഉള്‍പ്പെടുത്തുന്നതെന്തിനാണ്. മന്ത്രിയും കളക്ടറും അറിഞ്ഞുകൊണ്ട് ലിസ്റ്റ് അട്ടിമറിക്കാനുള്ള നീക്കമാണെന്നു സ്വാഭാവികമായും സംശയിക്കേണ്ടിവരും.'' എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. അംബികാസുതന്‍ മാങ്ങാട് പറയുന്നു.
അവ്യക്തതകള്‍ സൃഷ്ടിക്കുകയാണ് ജില്ലാ ഭരണകൂടമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ അമ്പലത്തറ പറഞ്ഞു. ''ക്യാമ്പിന്റെ കാര്യത്തില്‍ പ്രതിഷേധമുയര്‍ത്തിയതോടെ ബോവിക്കാനത്ത് ക്യാമ്പ് നടത്തും എന്നറിയിച്ചു. എന്നാല്‍, ഹര്‍ത്താലായതു കാരണം കഴിഞ്ഞ ക്യാമ്പില്‍ വരാന്‍ പറ്റാത്തവര്‍ക്കുവേണ്ടിയുള്ള ക്യാമ്പാണ് അവിടെ നടക്കുന്നത്. ആളുകളുടെ എണ്ണം കുറച്ചുകൊണ്ടുവരാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. മന്ത്രി പ്രഖ്യാപിച്ചത് വേറൊന്ന്, ജില്ലാ കളക്ടര്‍ പറയുന്നത് മറ്റൊന്ന്. പലതരത്തിലുള്ള അവ്യക്തതകള്‍ ഉണ്ടായിട്ടുണ്ട്. കുഞ്ഞിക്കൃഷ്ണന്‍ അമ്പലത്തറ പറയുന്നു. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍പ്പെട്ടവര്‍ ഭിന്നശേഷി ക്യാമ്പില്‍ പങ്കെടുക്കുകയാണെങ്കില്‍ അവര്‍ക്കു കേന്ദ്രത്തിന്റെ സഹായം കൂടി ലഭ്യമാകും എന്നാണ് കളക്ടര്‍ പറയുന്നത്. ഭിന്നശേഷി ലിസ്റ്റ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്നത് കാസര്‍ഗോഡാണെന്നും അദ്ദേഹം പറയുന്നു.
കാസര്‍ഗോട്ടെ പഠനങ്ങള്‍
ഉപ്പൂറ്റി വിണ്ടുകീറിയവര്‍ മുതല്‍ ഹെയര്‍ഡൈ ഉപയോഗിച്ച് അലര്‍ജിക്കായവര്‍ വരെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉണ്ടെന്നാണ് പടന്നക്കാട് കാര്‍ഷിക കോളേജ് അധ്യാപകനും എന്‍ഡോസള്‍ഫാന്‍ അപമാന വിമോചന മുന്നണി പ്രവര്‍ത്തകനുമായ ഡോ. കെ.എം. ശ്രീകുമാറിന്റെ വാദം. ഇതേ കാര്യങ്ങള്‍ തന്നെയാണ് ജില്ലാ കളക്ടറും ഉന്നയിക്കുന്നത്.
ശാസ്ത്രീയമായ രീതിയില്‍ ഇതുവരെ കാസര്‍ഗോഡ് പഠനങ്ങള്‍ നടന്നിട്ടില്ല എന്നാണ് കളക്ടറുടെ വാദം. ''ഈ ലിസ്റ്റ് ഉണ്ടാക്കിയ ഏതെങ്കിലും ഒരു ഡോക്ടര്‍ പൊതുസമൂഹത്തിനു മുന്‍പില്‍ വന്നുപറയുമോ എന്‍ഡോസള്‍ഫാന്‍ കൊണ്ടാണ് ഈ അസുഖം ഉണ്ടായതെന്ന്. ഒരു ഡോക്ടറും പറയില്ല. ആരും ശാസ്ത്രത്തെക്കുറിച്ചു പറയുന്നില്ല. ഞാന്‍ ശാസ്ത്രീയതയില്‍ ഉറച്ചുനില്‍ക്കുന്നു- കളക്ടര്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ തളി നിര്‍ത്തിയ 2001 മുതല്‍ വിവിധ ഏജന്‍സികളും കമ്മിറ്റികളും ഡോക്ടര്‍മാരും കാസര്‍ഗോഡ് പഠനങ്ങള്‍ നടത്തി എന്‍ഡോസള്‍ഫാന്‍ മാരകമായ വിഷമാണെന്നും പലതരത്തിലുള്ള രോഗങ്ങള്‍ക്കു കാരണമാകുമെന്നും ദുരിതബാധിതരുടെ ശരീരത്തില്‍ എന്‍ഡോസള്‍ഫാന്‍ അംശങ്ങള്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശമനുസരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്കുപേഷണല്‍ ഹെല്‍ത്ത് നടത്തിയ പഠനം, സുനിതാ നാരായന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലുള്ള സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയേണ്‍മെന്റ് പഠനം, കേരള സര്‍ക്കാര്‍ നിയോഗിച്ച അച്യുതന്‍ കമ്മിറ്റി, ഐ.എം.എയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നടത്തിയ പഠനം, മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ രവീന്ദ്രനാഥ ഷാന്‍ഭോഗ് നടത്തിയ ഗവേഷണം, 2017-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി നടത്തിയ പഠനം തുടങ്ങി നിരവധി ആധികാരികമായ ഗവേഷണങ്ങളും പഠനങ്ങളും കാസര്‍ഗോഡ് നടന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗബാധിതരെ നിര്‍ണ്ണയിച്ചതും അവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതും. ഇത്തരം പഠനങ്ങളുടെ പിന്‍ബലത്തിലാണ് കോടതികളില്‍നിന്ന് അനുകൂല വിധി എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കു ലഭിച്ചതും. 2016-ല്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ കണ്ണൂര്‍ സ്വദേശിയായ ഡോ. സതീഷ് രാഘവന്റെ നേതൃത്വത്തില്‍ എലികളില്‍ എന്‍ഡോസള്‍ഫാന്‍ കുത്തിവെച്ചു പഠനം നടത്തിയിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഡി.എന്‍.എയിലടക്കം എലികള്‍ക്കു സംഭവിക്കുന്നതായി അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. കാസര്‍ഗോഡ് മനുഷ്യരിലും സംഭവിച്ചത് അതാണെന്ന് അദ്ദേഹം പറയുന്നു.
വിദഗ്ദ്ധ പരിശോധനയ്ക്കുശേഷം മാത്രമാണ് ലിസ്റ്റില്‍ ആളുകളെ ഉള്‍പ്പെടുത്തുന്നത്. ഇരകളുടെ എണ്ണം കുറയ്ക്കുക എന്ന അജന്‍ഡ ഉള്ളതുകൊണ്ടുതന്നെ ദുരിതബാധിതരില്‍ പലരും ലിസ്റ്റില്‍നിന്നു പുറന്തള്ളപ്പെടുന്നതും കാണാം. 2013-ല്‍ 10000-ത്തിലധികം അപേക്ഷകര്‍ ഉണ്ടായിരുന്നു. ഇതില്‍ ആറായിരത്തോളം പേരെയാണ് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുപ്പിച്ചത്. 348 പേര്‍ മാത്രമായിരുന്നു അന്നു ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.
2017 ഏപ്രിലില്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ 1905 പേരുടെ അന്തിമപ്പട്ടിക ഉണ്ടാക്കി. ആ പട്ടികയില്‍ അട്ടിമറി നടത്തി 287-ലേക്ക് ചുരുക്കിയപ്പോഴാണ് കാസര്‍ഗോഡ് വലിയ സമരങ്ങള്‍ നടന്നത്. 287 പേരുടെ ലിസ്റ്റില്‍ കുട്ടികളെ പരമാവധി ഒഴിവാക്കിക്കൊണ്ട് പ്രായമായവരെ ഉള്‍പ്പെടുത്തിയായിരുന്നു ഉണ്ടാക്കിയത്. സമരത്തെത്തുടര്‍ന്ന് 798 പേരെക്കൂടി ഉള്‍പ്പെടുത്തി. ബാക്കിയുള്ളവരെ മെഡിക്കല്‍ ക്യാമ്പ് നടത്തി പരിശോധിച്ച് ഉള്‍പ്പെടുത്താം എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. അതിപ്പോഴും പാലിക്കപ്പെട്ടില്ല.
അനര്‍ഹരെന്നും കെട്ടുകഥകളെന്നും അപമാനമെന്നും ആക്ഷേപം നേരിടുന്ന സമയത്തുതന്നെയാണ് സുപ്രീംകോടതിയില്‍നിന്നും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് അനുകൂലമായ ഒരു വിധി കഴിഞ്ഞ ആഴ്ച വന്നത്. ഇരകള്‍ക്ക് ആജീവനാന്ത ചികിത്സയ്ക്കായി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് 2017-ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇതു പാടെ അവഗണിച്ചു. ഡി.വൈ.എഫ്.ഐ കൊടുത്ത കേസിലായിരുന്നു ഈ വിധി. നഷ്ടപരിഹാരത്തുക കിട്ടാത്ത സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയിലെ നാല് അമ്മമാര്‍ അഡ്വ. കാളീശ്വരം രാജ് മുഖാന്തരം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. അതിലാണ് കഴിഞ്ഞയാഴ്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിധി വന്നത്. നഷ്ടപരിഹാരത്തിന് ഇവര്‍ അര്‍ഹരാണെന്നും രണ്ടുമാസത്തിനകം അഞ്ചുലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്കു നല്‍കണം എന്നുമാണ് വിധി. വിധി അനുസരിച്ചു ബാക്കിയുള്ളവര്‍ക്കു കൂടി നഷ്ടപരിഹാരം കൊടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇല്ലെങ്കില്‍ അവര്‍ക്കും സുപ്രീംകോടതിയില്‍ പോയി അനുകൂല വിധി നേടിയെടുക്കാം.
ജീവിതകാലം മുഴുവന്‍ ശരീരം തളര്‍ന്നു കിടപ്പിലായി മരിച്ച നിരവധി പേരുണ്ട് കാസര്‍ഗോഡ്. ഇപ്പോഴും പരസഹായമില്ലാതെ ഒന്നിനും കഴിയാത്ത കുറേ ജീവിതങ്ങള്‍ ഇവിടത്തെ വീടുകളിലുണ്ട്. അവരുടെ കുറ്റം കൊണ്ടല്ല അവരങ്ങനെ ആയത് എന്നെങ്കിലും ഓര്‍ക്കേണ്ടതുണ്ട്. ഇവരുടെ മുന്നില്‍ വെച്ചാണ് ശാസ്ത്രീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. ഫണ്ടിന്റെ ദുര്‍വ്യയം ചിലരെയെങ്കിലും ആശങ്കപ്പെടുത്തുന്നുണ്ട്. ഇവരെ വെട്ടിമാറ്റിക്കൊണ്ടാണ് എന്‍ഡോസള്‍ഫാന്‍ ഇരകളെ കുറച്ചുകാണിക്കാന്‍ സര്‍ക്കാര്‍ വ്യഗ്രതപ്പെടുന്നത്. വലിയൊരു സംഘടനയുടെ പിന്‍ബലത്തിലല്ല കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ പോരാട്ടങ്ങള്‍ നടക്കുന്നത്. ദുരന്തബാധിതരായ സാധാരണ മനുഷ്യരാണ് സമരത്തിനിറങ്ങുന്നത്. ശാസ്ത്രീയമായ പഠനങ്ങള്‍ നടക്കട്ടെ. അതിനുവേണ്ടി അപമാനിതരാവേണ്ടവരല്ല ഇവിടുത്തെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍.
നോവലുകളല്ല ശാസ്ത്രമാണ് തീരുമാനമെടുക്കുക
ഡോ. സജിത്ത് ബാബു
കാസര്‍ഗോഡ് ജില്ലാ കളക്ടര്‍
ഞാന്‍ അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റ് കൂടിയാണ്. അഗ്രിക്കള്‍ച്ചറില്‍ ഡോക്ടറേറ്റ് കഴിഞ്ഞ് ആറര കൊല്ലം കാര്‍ഷിക ശാസ്ത്രം പഠിപ്പിച്ച ഞാന്‍ ഇതുവരെ പഠിച്ചതും പഠിപ്പിച്ചതും തെറ്റാണെന്ന് പറയണോ. അതോ അംബികാസുതന്‍ മാങ്ങാടിനെപ്പോലെയുള്ള സാഹിത്യകാരന്മാര്‍ പറയുന്നത് വിശ്വസിക്കണോ. നമ്മുടെ ഭരണഘടന പറയുന്നതുതന്നെ ശാസ്ത്രം വളര്‍ത്താനല്ലേ. അല്ലാതെ സാഹിത്യം വളര്‍ത്താനല്ല. സത്യം മാത്രമേ ജയിക്കാന്‍ പാടുള്ളൂ. ഇവിടെ ലിസ്റ്റുണ്ടാക്കിയ ഡോക്ടര്‍മാരെല്ലാം എന്തു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അതുണ്ടാക്കിയത്. ഞാന്‍ പല ഡോക്ടര്‍മാരോടും സംസാരിച്ചിട്ടുണ്ട്. അവരാരും പൊതുസമൂഹത്തിനു മുന്നില്‍ വന്ന് എന്‍ഡോസള്‍ഫാന്‍കൊണ്ടാണ് അസുഖം ഉണ്ടായത് എന്നു പറയില്ല. ഇവിടെ ആരും ശാസ്ത്രത്തെക്കുറിച്ചു സംസാരിക്കുന്നില്ല. ശീലാബതിയെക്കുറിച്ചൊക്കെയുള്ള മംഗളത്തിലൊക്കെ വരുന്ന കഥപോലുള്ളവ കേട്ട് ആളുകള്‍ ആകെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഇവര്‍ പറയുന്ന ഇതേ വിഷം കൈകൊണ്ടു തളിച്ച ആളുകള്‍ ഇവിടെ ഇപ്പോഴുമുണ്ട്. അവര്‍ക്കെന്തുകൊണ്ടാണ് അസുഖം വരാത്തത്. നോവലുകളൊന്നും വായിച്ചു തീരുമാനമെടുക്കാന്‍ പറ്റില്ലല്ലോ. ശാസ്ത്രമാണ് മുന്നോട്ട് പോകേണ്ടത്. ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട് സര്‍ക്കാരിന്റെ അഭിപ്രായമാണ് ഔദ്യോഗികമായി എന്റെ അഭിപ്രായം. പക്ഷേ, ഞാന്‍ ശാസ്ത്രീയതയില്‍ ഉറച്ചുനില്‍ക്കുന്നു.
കളക്ടറുടെ നിയമനം പോലും സംശയിക്കണം
കുഞ്ഞികൃഷ്ണന്‍ അമ്പലത്തറ
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡന്റ്
സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കേണ്ട ആളാണ് കളക്ടര്‍. ഇങ്ങനെ നിലപാടെടുക്കുന്ന കളക്ടറെ എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ഉത്തരവാദിത്വത്തില്‍നിന്നു മാറ്റിനിര്‍ത്തണം. എന്‍ഡോസള്‍ഫാനെ അനുകൂലിച്ച് മാര്‍ച്ച് നടത്തിയ ഡോ. കെ.എം. ശ്രീകുമാര്‍ പണ്ടുതൊട്ടേ എന്‍ഡോസള്‍ഫാന്‍ കള്ളക്കഥയാണ് എന്നു പറഞ്ഞുകൊണ്ടിരിക്കുന്നയാളാണ്. കളക്ടറുടെ കൂടെ ഉറപ്പിലാണ് ഇത്തരത്തില്‍ ഒരു മാര്‍ച്ച് നടത്തിയത് എന്നാണ് തോന്നുന്നത്. മാരകമായ കീടനാശിനിയായതുകൊണ്ടല്ലേ പല രാജ്യത്തും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. പല പഠനങ്ങളും ഇക്കാര്യം തെളിയിച്ചതല്ലേ. നമ്മുടെ ജില്ലാകളക്ടറിനെപ്പോലുള്ള ചിലയാളുകള്‍ക്ക് ഇപ്പോഴും അതു ബോധ്യപ്പെട്ടിട്ടില്ല.
അപകടകരമായ ഒരവസ്ഥയിലേക്കാണ് ഇതു നീങ്ങുന്നത്. എന്‍ഡോസള്‍ഫാന്‍ സമരം പൊളിക്കാനുള്ള ഒരു നീക്കം നടക്കുന്നുണ്ട് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് സമരത്തിനു പോയപ്പോള്‍ ശൈലജടീച്ചര്‍ ഞങ്ങളെ അധിക്ഷേപിച്ചത് കണ്ടതാണല്ലോ. കുട്ടികളെ പ്രദര്‍ശിപ്പിച്ചു എന്നു പറഞ്ഞായിരുന്നു. 2016-ല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തും ഞങ്ങള്‍ സമരം നടത്തിയിരുന്നു. അന്നും കുട്ടികളുണ്ടായിരുന്നു. ആ സമയത്ത് ഇവരൊക്കെ ഞങ്ങളുടെ കൂടെയായിരുന്നു. സമരത്തെ മുന്നോട്ടുകൊണ്ടുപോയതു തന്നെ ഇടതുപക്ഷ സംഘടനകളായിരുന്നു എന്നുവേണമെങ്കില്‍ പറയാം. സാമ്പത്തികമായും പ്രചാരണങ്ങള്‍ നടത്തിയും അവര്‍ സഹായിച്ചു. പക്ഷേ, ഇത്തവണ കുട്ടികളെ കൊണ്ടുപോയപ്പോള്‍ പ്രദര്‍ശനമായി. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് എന്‍ഡോസള്‍ഫാന്‍ പ്രത്യക ട്രൈബ്യൂണലിനു വേണ്ടി നിയമസഭയില്‍ സ്വകാര്യബില്‍ അവതരിപ്പിച്ച ആളാണ് ഇ. ചന്ദ്രശേഖരന്‍. അദ്ദേഹം മന്ത്രിയായി. ഇപ്പോള്‍ അദ്ദേഹം ചോദിക്കുന്നത് ഇനി അതു വേണോ എന്നാണ്. കളക്ടറുടെ നിലപാടിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചിട്ടില്ല.
ഞങ്ങള്‍ക്കു മുന്നില്‍ ഒരുപാട് പഠനങ്ങളുണ്ട്. അതുവെച്ചാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. കീടനാശിനി കമ്പനികള്‍ക്ക് അനുകൂലമായി നില്‍ക്കുന്നവരുടെ പഠനങ്ങള്‍ എങ്ങനെയാണ് നമ്മള്‍ കാര്യമായി എടുക്കുക. ജില്ലാ കളക്ടറെ ആദ്യം കാണാന്‍ പോയപ്പോള്‍ത്തന്നെ അദ്ദേഹം ഞങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചാണ് ചോദിച്ചത്. നിങ്ങള്‍ ഇതിനെക്കുറിച്ചു ഗവേഷണം നടത്തി പഠിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം. അദ്ദേഹം കാര്‍ഷിക ശാസ്ത്രജ്ഞനാണ്. പക്ഷേ, മനുഷ്യരുടെ ആരോഗ്യത്തെപ്പറ്റി നമുക്ക് പറയാന്‍ പറ്റുന്നതുപോലെയേ അദ്ദേഹത്തിനും പറയാന്‍ കഴിയൂ. കളക്ടറുടെ നിയമനംപോലും സംശയിക്കേണ്ടിയിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
പ്രതിരോധത്തിന് വേണ്ടി പഠനങ്ങള്‍ വേണം
അംബികാസുതന്‍ മാങ്ങാട്
എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്ന ഒരാള്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ തലപ്പത്ത് ഇരിക്കാന്‍ അര്‍ഹനല്ല. എന്തു ശാസ്ത്രീയ പിന്‍ബലത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെ സംസാരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ 120-ഓളം രാജ്യങ്ങള്‍ നിരോധിച്ചത് അവരൊക്കെ വിഡ്ഢികളായതുകൊണ്ടാണോ? ശാസ്ത്രീയ പഠനങ്ങള്‍ ഉണ്ടായിട്ടില്ല എന്നാണ് കളക്ടറുടെ വാദം. 2011-ല്‍ എന്‍ഡോസള്‍ഫാന്‍ കേരള ഹിസ്റ്ററി എന്ന പുസ്തകം തിരുവനന്തപുരത്തു വെച്ച് വി.എസ്. അച്യുതാനന്ദന്‍ പ്രകാശനം ചെയ്തിട്ടുണ്ട്. നാനൂറോളം പഠനങ്ങളുടെ ലിങ്ക് ആ പുസ്തകത്തിലുണ്ട്. പഠനം നടത്തിത്തന്നെയല്ലേ ലിസ്റ്റ് ഉണ്ടാക്കുന്നത്. അല്ലാതെ എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ലിസ്റ്റുണ്ടാക്കുന്നത് ഞങ്ങളാണോ. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘങ്ങളല്ലേ. എന്‍ഡോസള്‍ഫാന്‍ വിഷമല്ല എന്നുപറഞ്ഞ് മാര്‍ച്ച് നടത്താനുള്ള ഇച്ഛാശക്തി കിട്ടുന്നത് കളക്ടര്‍ അവരുടെ കൂടെ ഉണ്ട് എന്ന ബോധ്യം കൊണ്ടാണ്. ഞങ്ങള്‍ ആവശ്യപ്പെടുന്നതും കൂടുതല്‍ പഠനങ്ങള്‍ തന്നെയാണ്. ഇവരുടെ ചികിത്സയ്ക്കും മരുന്നിനും സഹായകമാകുന്ന പഠനങ്ങള്‍ ഉണ്ടാവണം. പ്രതിരോധത്തിനുവേണ്ടിയുള്ള പഠനങ്ങള്‍. എന്‍ഡോസള്‍ഫാന്‍ തളിച്ച പല ആളുകള്‍ക്കും എന്തുകൊണ്ട് രോഗം വരുന്നില്ല എന്നാണ് കളക്ടര്‍ ചോദിക്കുന്നത്. 2010-ല്‍ തോട്ടം തൊഴിലാളി യൂണിയന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുത്തിരുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ 1300-ഓളം തൊഴിലാളികളില്‍ 70 ശതമാനത്തോളം പേര്‍ രോഗബാധിതരാണ് എന്ന് അതില്‍ പറയുന്നുണ്ട്. ഇതുതന്നെയല്ലേ അതിനുള്ള മറുപടി.
കുട്ടികളെ വെച്ച് പ്രദര്‍ശനസമരങ്ങള്‍ നടത്തുന്നു
ഡോ. കെ.എം. ശ്രീകുമാര്‍
പടന്നക്കാട് കാര്‍ഷിക കോളേജ് എന്‍ഡമോളജി വിഭാഗം തലവന്‍
പീഡിത ജനകീയ മുന്നണി സര്‍ക്കാറിനെ തോക്കുചൂണ്ടി പേടിപ്പിച്ച് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്ന സ്ഥിതിയാണ്. കുട്ടികളവെച്ചു പ്രദര്‍ശനസമരങ്ങള്‍ നടത്തി കാസര്‍ഗോഡ് മുഴുവന്‍ ഇത്തരക്കാരാണ് എന്ന തോന്നല്‍ ഉണ്ടാക്കുകയാണ്. കല്യാണങ്ങള്‍പോലും നടക്കാത്ത അവസ്ഥയാണ്. ഇതിന് അറുതി വരണം. സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റ വെച്ചു നോക്കിയാല്‍ ഭിന്നശേഷിക്കാരുടെ തോത് മറ്റിടങ്ങളിലുള്ളതുപോലെയെ ഇവിടെയുമുള്ളൂ. 184 കോടി രൂപ ഇതുവരെ ഇവിടെ ചെലവഴിച്ചിട്ടുണ്ട്. വിലകൂടിയ കാറില്‍ വന്ന് എന്‍ഡോസള്‍ഫാന്റെ സൗജന്യ റേഷന്‍ വാങ്ങി പോകുന്നവരുമുണ്ട് ഇവിടെ. എന്തുരോഗം വന്നാലും എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍പ്പെടുന്ന അവസ്ഥയാണ്. ലിസ്റ്റില്‍പ്പെട്ടാല്‍ ജീവിതം രക്ഷപ്പെട്ടു എന്ന അവസ്ഥയാണ്. പലയിടങ്ങളില്‍നിന്നും കുടിയേറി വന്ന് ഉദ്യോഗസ്ഥരെ സ്വാധീനിച്ചു ലിസ്റ്റില്‍ കയറിപ്പറ്റുന്നവരുണ്ട്. മറ്റു രാജ്യങ്ങളിലൊന്നുമില്ലാത്ത അസുഖങ്ങള്‍ കാസര്‍ഗോഡ് മാത്രം വരുന്നതെങ്ങനെയാണ്. തളി നിര്‍ത്തിയിട്ട് 20 കൊല്ലമായി. എന്തുകൊണ്ട് കൃത്യമായി ഒരു പഠനം നടത്തിയില്ല. ശാസ്ത്രീയമായാണ് ഞാന്‍ സംസാരിക്കുന്നത്. ഇതിങ്ങനെ അനന്തമായി നീണ്ടുപോകാന്‍ പാടില്ല. ഇതു തീര്‍ക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates