

വലിയ പ്രതീക്ഷകളായിരുന്നു ആ 30 പേര്‍ക്കും. കുട്ടിക്കാലം മുതലേയുള്ള കാടറിവിനും മൃഗങ്ങളോടുള്ള പരിചയത്തിനും ഒപ്പം സാങ്കേതികവും ശാസ്ത്രീയവുമായ പഠനവും കഴിഞ്ഞിറങ്ങിയ ഗോത്രവിഭാഗത്തിലെ 30 പ്രൊഫഷണലുകള്‍. വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ ആനിമല്‍ ഹാന്‍ഡ്ലിങ് ഇന്‍ സൂ ആന്റ് ഫോറസ്റ്റ് കോഴ്സ് കഴിഞ്ഞിറങ്ങിയിട്ട് രണ്ടു വര്‍ഷമാകുന്നു. ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കടലാസുകളിലൊതുങ്ങി പോകുന്നതിന്റെ മറ്റൊരു ഉദാഹരണം. പുതിയൊരു മാറ്റത്തിനു വഴിയൊരുക്കുന്നതിനു പകരം സാങ്കേതികതയുടെ നൂലാമാലകളില്‍ കെട്ടിയിടുന്ന സര്‍ക്കാരിന്റേയും വകുപ്പുകളുടേയും മനോഭാവം കാരണം ആ കോഴ്സ് ഒറ്റ ബാച്ചില്‍ നിന്നുപോയി. വന-മൃഗ-പരിസ്ഥിതി സംരക്ഷണത്തിന് ആദിവാസികളെ ഉപയോഗിക്കുക എന്ന ആശയം പലരും പറയുമ്പോഴും അതിന്റെ പ്രായോഗിക മാതൃകയ്ക്ക് ഇന്ത്യയില്‍ത്തന്നെ ആദ്യം കേരളത്തില്‍ തുടക്കം കുറിക്കുകയായിരുന്നു. ഗോത്രവിഭാഗങ്ങളിലെ വിദ്യാഭ്യാസ യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്ക് നല്ല വരുമാനവും പദവിയുമുള്ള ഒരു ജോലി കിട്ടുന്നതിനൊപ്പം പരിസ്ഥിതിയുടെ സംരക്ഷണവും മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിയും എന്നതായിരുന്നു കോഴ്സിന്റെ മുഖ്യ ലക്ഷ്യം. ഇപ്പോഴും ഒരു മാതൃക എന്ന നിലയില്‍പ്പോലും ഇവരെ നിയമിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.
2016 നവംബറിലാണ് വെറ്ററിനറി സര്‍വ്വകലാശാലയ്ക്കു കീഴില്‍ ആറുമാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സ് ആരംഭിക്കുന്നത്. കേരളത്തിലെ 10 ജില്ലകളില്‍നിന്നുള്ള 30 ആദിവാസി ചെറുപ്പക്കാരായിരുന്നു പഠിതാക്കള്‍. ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് വഴി അപേക്ഷ ക്ഷണിച്ച് സര്‍വ്വകലാശാല തെരഞ്ഞെടുത്ത കുട്ടികളായിരുന്നു കോഴ്സിനെത്തിയത്. മൃഗ-വന പരിപാലനം ആണ് മുഖ്യ വിഷയം. വനം, മൃഗം, പരിസ്ഥിതി മേഖലകളിലെ വിദഗ്ദ്ധരായ 60 പേരാണ് ക്ലാസ്സുകളെടുത്തത്. മൃഗശാലകളിലും വന്യജീവി സങ്കേതങ്ങളിലും അടക്കം പ്രായോഗിക പരിശീലനവും നല്‍കി. പാരമ്പര്യമായി ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കുണ്ടാകുന്ന അനുഭവങ്ങള്‍ക്കൊപ്പം മികച്ച അക്കാദമിക്-പ്രായോഗിക പരിശീലനം കൂടി കിട്ടിയതോടെ മിടുക്കരായ 30 പേരാണ് കോഴ്സ് കഴിഞ്ഞിറങ്ങിയത്. പല മേഖലകളില്‍ തൊഴിലവസരങ്ങളുള്ള കോഴ്സായതിനാല്‍ ജോലി ഉറപ്പിച്ചായിരുന്നു ഓരോ ദിവസവും അവര്‍ മുന്നോട്ട് പോയതും. ക്ലാസ്സെടുക്കാന്‍ എത്തിയവരെല്ലാം ജോലിസാധ്യതകളെക്കുറിച്ചു സംസാരിച്ചതും ഇവര്‍ക്ക് ആത്മവിശ്വാസമേകി. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ഒരു കോഴ്സ് എന്നതിനാല്‍ മാധ്യമങ്ങളിലും ഇവര്‍ വാര്‍ത്തയായിരുന്നു. ഓരോരുത്തരുടേയും ഊരുകളിലും മെച്ചപ്പെട്ട ഒരു ജോലിയിലേക്ക് തങ്ങളുടെ കുട്ടിയും എത്തിപ്പെടും എന്ന തോന്നലായിരുന്നു. വയനാട്ടില്‍നിന്നു മാത്രം എട്ടുപേരുണ്ടായിരുന്നു കോഴ്സില്‍. രണ്ടു പെണ്‍കുട്ടികളും. 2017 ജൂണില്‍ ആഘോഷമായ ചടങ്ങില്‍ വനം മന്ത്രി കെ. രാജു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ശേഷം ഊരുകളിലേക്ക് മടങ്ങിപ്പോയ അവരുടെ കാത്തിരിപ്പ് രണ്ടുവര്‍ഷമാകുമ്പോഴും തുടരുന്നു. പലരും വീണ്ടും വീട്ടിലെ കഷ്ടപ്പാട് മാറ്റാന്‍ കൂലിപ്പണിക്ക് ഇറങ്ങി. കോഴ്സ് കഴിഞ്ഞ വിശാഖിനേയും മണിയേയും ശരത്കുമാറിനേയും വയനാട്ടില്‍ കണ്ടു സംസാരിച്ചപ്പോള്‍ പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങിയിരുന്നു.
എല്ലാവരും മടങ്ങി, കൂലിപ്പണിയിലേക്ക്
''വനം വകുപ്പിലും ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിലുമടക്കം പറ്റാവുന്നിടത്തൊക്കെ ഞങ്ങള്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. ഇനി എന്തു ചെയ്യണം എന്നു ഞങ്ങള്‍ക്കറിയില്ല. ആരെയാണ് കാണേണ്ടത്. ആരെയും സ്വാധീനിക്കാനുള്ള പിടിപാടും ഞങ്ങള്‍ക്കില്ല. ആദിവാസി ക്ഷേമത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളൊക്കെ എവിടെയാണ് നടക്കുന്നത്. അതൊന്നും ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ ഒരിക്കലും പോകാറില്ലല്ലോ.'' മാനന്തവാടി വാളാട് എടത്തന കോളനിയിലെ പി.എ. വിശാഖിന്റെ വാക്കുകളാണിത്. പരിചയമുള്ള ഒരു തൊഴില്‍ എന്ന മേന്മകൂടിയുണ്ടായിരുന്നു ഈ കോഴ്സിന്. ജീവിച്ച പരിസരങ്ങളില്‍ തന്നെ ജോലിയും ചെയ്യാം.
''ആരാകാനാണ് ഇഷ്ടം എന്നൊക്കെ ചോദിക്കില്ലേ ആളുകള്‍. അങ്ങനെയൊന്നും ആഗ്രഹിക്കാന്‍ ഞങ്ങള്‍ക്കു കഴിയാറില്ല. കുടുംബത്തെ രക്ഷപ്പെടുത്താന്‍ ഒരു ജോലി വേണം എന്നതാണ് പ്രാഥമികമായ ആവശ്യം. ജീവിതവും കുടുംബവും സുരക്ഷിതരാവുമ്പോഴല്ലേ ഇഷ്ടമുള്ള മേഖലയൊക്കെ ഒരാള്‍ക്ക് ആഗ്രഹിക്കാന്‍ പറ്റൂ. അതുകൊണ്ടല്ലേ കൊമേഴ്സ് ബിരുദം കഴിഞ്ഞ ഞാന്‍ ആനിമല്‍ ഹാന്‍ഡ്ലിങ് കോഴ്സ് പഠിക്കാന്‍ പോയത്. മൃഗങ്ങളെ പരിപാലിക്കാനും അതിന്റെ മരുന്നുകളെക്കുറിച്ചും മയക്കുവെടിപോലുള്ളവയ്ക്കായുള്ള ആയുധങ്ങള്‍ ഉപയോഗിക്കാനുമൊക്കെ പഠിപ്പിച്ചിരുന്നു. ആറുമാസം തൃശൂരില്‍ താമസിച്ചാണ് പഠനം. ജോലി കിട്ടും എന്നുതന്നെയാണ് വിചാരിച്ചത്. എം.എല്‍.എയേയും മന്ത്രിയേയും ഒക്കെ കണ്ടു പറഞ്ഞിരുന്നു. കൃത്യമായ ഒരു മറുപടി ഇനിയും കിട്ടിയില്ല'' വിശാഖ് പറയുന്നു. കോഴ്സിനു ശേഷം ജോലിക്കു വേണ്ടി കുറച്ചുകാലം കാത്തു. ഇപ്പോള്‍ ബി.എഡിനു ചേര്‍ന്നിരിക്കുകയാണ് വിശാഖ്. വയനാട് പൊഴുതനയില്‍നിന്ന് സിവില്‍ സര്‍വ്വീസ് സ്വന്തമാക്കിയ ശ്രീധന്യയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് വിശാഖ്.
നാലാംമൈല്‍ വടക്കോട്ട്കുന്ന് പണിയ കോളനിയിലെ മണി പെയിന്റിങ് ജോലിക്കു പോകുകയാണിപ്പോള്‍. ''എത്രകാലം കാത്തിരിക്കും. നാട്ടുകാരുടേയും വീട്ടുകാരുടേയും ചോദ്യം വേറെ. അമ്മയും അനിയനുമുണ്ട്. അമ്മയും കൂലിപ്പണിയെടുക്കുന്നു. വീട്ടിലെ സ്ഥിതിയൊക്കെ വളരെ മോശമാണ്. പൊളിയാറായ വീടും. കഷ്ടപ്പാടല്ലേ, കാത്തിരുന്നു കളയാന്‍ സമയമില്ലല്ലോ. പണിക്ക് പോകുന്നതിനിടയില്‍ പി.എസ്.സിക്കും പഠിക്കുന്നുണ്ട്. ടെസ്റ്റൊക്കെ എഴുതുന്നുണ്ടെങ്കിലും ഒന്നും ശരിയായില്ല'' മണി പറയുന്നു. ബികോം ബിരുദധാരിയാണ് മണി.
ആറു മാസം വെറുതെ ആയ പോലെയാണ് ഇവര്‍ക്കിപ്പോള്‍ തോന്നുന്നത്. വനം പരിസ്ഥിതി മേഖലയില്‍ ജോലി ചെയ്യാന്‍ ആളുകള്‍ മടിക്കുമ്പോഴും അപകടസാധ്യതകളുള്ള ഒരു തൊഴിലായിട്ടുകൂടി താല്പര്യത്തോടെ എത്തിയവരാണിവര്‍.
വാര്‍ത്തകളൊക്കെ വന്നതോടെയാണ് നാട്ടുകാര്‍ ജോലിക്കാര്യം ചോദിക്കാന്‍ തുടങ്ങിയതെന്നു വെള്ളമുണ്ട അത്തിമുറ്റത്തെ ശരത്കുമാര്‍ പറഞ്ഞു. ''ഞങ്ങളുടെ കാര്യത്തില്‍ ആളുകള്‍ സംവരണത്തിന്റെ കാര്യം കൂടി പറയുമല്ലോ. സംവരണം ഉണ്ടല്ലോ, പിന്നെന്താ ജോലികിട്ടാത്തത് എന്നാണ് ചോദ്യം. നമ്മള്‍ ശ്രമിക്കാത്തത് കൊണ്ടാണ് എന്നാണ് പലരുടേയും ധാരണ. അവര്‍ക്കറിയില്ലല്ലോ ഞങ്ങള്‍ അതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെടുന്നുണ്ട് എന്ന്. ഞങ്ങളുടെ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം കൂടി വരുന്നുണ്ട്. എന്നാല്‍, അതിനനുസരിച്ച് സംവരണത്തിന്റെ ശതമാനം കൂടുന്നില്ലല്ലോ. ഗോത്രവിഭാഗങ്ങള്‍ക്കുവേണ്ടി മാത്രം ഉണ്ടാക്കിയ ഒരു കോഴ്സായതിനാല്‍ അതുകൊണ്ടുതന്നെ ഇതില്‍ ഞങ്ങള്‍ക്കു പ്രതീക്ഷയുണ്ടായിരുന്നു. ഇനിയും പരിഗണിക്കും എന്നു വിശ്വസിക്കാനാണിഷ്ടം. ഞങ്ങളുടെ കുടുംബത്തില്‍ കാര്യങ്ങള്‍ പറഞ്ഞുതരാനോ ഗൈഡ് ചെയ്യാനോ ഒന്നും ആരുമില്ല. ഈ 30 പേരുടേയും സ്ഥിതി ഏതാണ്ട് ഇതുപോലെ തന്നെയാണ്. എല്ലാവരും ഗോത്രവിഭാഗത്തില്‍ പെട്ടവരാണല്ലോ'' ശരത് പറഞ്ഞു. കോഴിക്കോട് ഫാറൂഖ് കോളേജിലായിരുന്നു ശരത്കുമാറിന്റെ ബിരുദപഠനം. കുടുംബത്തെ സഹായിക്കാന്‍ ഇപ്പോള്‍ ഇടയ്ക്കു കൂലിപ്പണിക്കും പോയിത്തുടങ്ങി.
കേരളത്തില്‍നിന്നൊരു മാതൃക
മൃഗങ്ങളേയും സസ്യങ്ങളേയും കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് കോഴ്സിലൂടെ ഇവര്‍ക്ക് കിട്ടിയിട്ടുണ്ട്. മൃഗശാല, ഇക്കോളജിക്കല്‍ പാര്‍ക്ക്, വന്യജീവി സങ്കേതം, വനം വകുപ്പ് ഡോക്ടര്‍മാരുടെ അസിസ്റ്റന്റ്, വനത്തിനുള്ളില്‍ ഗൈഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ ജോലിസാധ്യത. 2016-ലാണ് കോഴ്സിനു രൂപം കൊടുക്കുന്നത്. പുതിയ കോഴ്സായതിനാല്‍ പി.എസ്.സി ഇതുവരെ അംഗീകരിച്ചിട്ടില്ല. വിവിധ വകുപ്പുകളില്‍ ഭേദഗതി വരുത്തി പി.എസ്.സിയില്‍ ഉള്‍പ്പെടുത്തേണ്ടിവരും. അതിന് ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ നടപടിയായില്ല. പി.എസ്.സി വഴി അല്ലാതേയും നിയമനം നടത്താമെന്നിരിക്കെ അതിനും ഉദ്യോഗസ്ഥ തലത്തില്‍ താല്പര്യപ്പെടുന്നില്ല. 30 വിദ്യാര്‍ത്ഥികളുള്ള ഈ ബാച്ചില്‍ 14 ജില്ലകളില്‍ രണ്ടോ മൂന്നോ പേരെ വെച്ച് നിയമിക്കുക അസാധ്യമല്ല. മൃഗ-വന പരിശീലനത്തിനു വിദഗ്ദ്ധ പരിശീലനം നേടിയ ഒരു ടീം ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. സര്‍ക്കാര്‍ ജോലി എന്നതിനപ്പുറം പ്രൊഫഷണല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി നിയമനം നല്‍കേണ്ട കോഴ്സാണിത്. ആദിവാസികള്‍ക്കിടയില്‍ സാമൂഹ്യപദവിയുള്ള ഒരു ജോലി എന്ന നിലയിലേക്കു മാറ്റപ്പെടേണ്ട ഒന്ന്. ഫോറസ്റ്റ് സെക്ഷന്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചെങ്കിലും ഒരു മോഡല്‍ എന്ന നിലയില്‍ ഇവരെ നിയമിക്കാവുന്നതാണ്.
വെറ്റനറി സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ. എം.കെ. നാരായണനാണ് ഇത്തരത്തിലൊരു കോഴ്സിനു സര്‍ക്കാര്‍ തലത്തില്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചത്. ഇപ്പോള്‍ സര്‍വ്വകലാശാല ഡയറക്ടറാണ് ഡോ. എം.കെ. നാരായണന്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ ഇടപെടല്‍ കൂടിയായതോടെ കോഴ്സിനു സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ടുവര്‍ഷം കൂടുമ്പോള്‍ 30 പേരെ വീതം പരിശീലിപ്പിക്കാം എന്നതായിരുന്നു തുടക്കത്തില്‍ ആലോചിച്ചത്. വനം പരിസ്ഥിതി സംരക്ഷണത്തില്‍ ആദിവാസിയുവതയെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുകയും അതുവഴി അവര്‍ക്കു മെച്ചപ്പെട്ട വരുമാനമുള്ള ഒരു ജോലി നല്‍കുകയുമായിരുന്നു കോഴ്സിന്റെ ലക്ഷ്യം.
പട്ടികജാതി ക്ഷേമ വകുപ്പിലും വനം വകുപ്പിലും ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നിലവിലുണ്ട്. പരിഗണിക്കാം എന്ന മറുപടി മാത്രമാണ് ഇവര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്. പുതിയ കോഴ്സായതിനാല്‍ ഇവരിലൂടെ ഇന്ത്യയില്‍ തന്നെ ഒരു മാതൃക കാണിക്കാന്‍ നമുക്കു കഴിയേണ്ടതാണ്. അതുവഴി കേരളത്തിനു പുറത്തേക്കും ജോലി സാധ്യതകള്‍ തുറന്നിടാനും.
നിയമനത്തിനു നിയമതടസ്സം പറയരുത്
ഡോ. എം.കെ. നാരായണന്‍ (ഡയറക്ടര്‍, എന്റര്‍പ്രണര്‍ഷിപ്പ്, കേരള വെറ്ററിനറി സര്‍വ്വകലാശാല)
വെറ്ററിനറി സര്‍വ്വകലാശാലയില്‍ രണ്ടുവര്‍ഷത്തോളം മൃഗശാലയുടെ അധിക ചുമതല കൂടിയുണ്ടായിരുന്നു എനിക്ക്. വെറ്റനറി സര്‍ജനായിട്ട്. മൃഗശാല എന്നു പറയുന്നത് പണ്ടൊക്കെ വിനോദത്തിനുള്ള ഒരു സ്ഥലമായിരുന്നു. ഇന്നത് ഗവേഷണത്തിനും പഠനത്തിനും സംരക്ഷണത്തിനുമുള്ള ഒരു സ്ഥാപനമാണ്. അവിടെ വരുന്ന സന്ദര്‍ശകര്‍ക്കു കാര്യങ്ങള്‍ പറഞ്ഞു കൊടുക്കണം. സിംഹവാലന്‍ കുരങ്ങിനെ കാണുമ്പോള്‍ അതിന്റെ ആവാസ സ്ഥലം, ഭക്ഷണരീതി, എന്തുകൊണ്ടു സംരക്ഷിക്കപ്പെടണം എന്നതൊക്കെ പറഞ്ഞുകൊടുക്കുമ്പോള്‍ അതിലൂടെ പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതിന്റേയും സൈലന്റ് വാലിയുടെ പ്രാധാന്യം വരെ നമുക്കു പകര്‍ന്നുകൊടുക്കാന്‍ കഴിയും. നിലവിലുള്ള സാഹചര്യത്തില്‍ അത്തരം സംവിധാനമില്ല. അതിനൊരു ബദല്‍ ആലോചിച്ചപ്പോഴാണ് ഇത്തരം ഒരു കോഴ്സിലേക്ക് എത്തിയത്. ആദിവാസി കുട്ടികളാണെങ്കില്‍ മൃഗങ്ങളും വനവും പരിസ്ഥിതിയുമായൊക്കെ നല്ല ബന്ധത്തില്‍ ജീവിക്കുന്നവരായിരിക്കും. മനുഷ്യനും മൃഗങ്ങളും തമ്മില്‍ സംഘര്‍ഷം നടക്കുന്ന സ്ഥലത്തുപോലും അവരൊരിക്കലും മൃഗങ്ങളെ പ്രതിസ്ഥാനത്തു നിര്‍ത്താറില്ല. അതവരുടെ ജീവിതത്തിന്റെ ഭാഗമാണ്.
ഇവരുടെ നിയമനത്തിനു നിയമത്തിന്റെ പ്രശ്‌നം പറയുന്നതില്‍ കാര്യമില്ല. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജോലി കൊടുക്കാന്‍ പി.എസ്.സിയെ കാത്തിരിക്കേണ്ട കാര്യമില്ല. ഇക്കോ ഡവലപ്പ്മെന്റ് സൊസൈറ്റികളിലും ഇക്കോ ടൂറിസം മേഖലകളിലും ഇവര്‍ക്കു ജോലി നല്‍കാം. വനം വകുപ്പിനു കീഴില്‍ 15 ഡോക്ടര്‍മാരുണ്ട്. മൃഗപരിപാലനം പ്രൊഫഷണലായി പഠിച്ച ഒരാളെ ഡോക്ടര്‍മാരുടെ സഹായിയായി നിയമിക്കാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. അങ്ങനെ മാത്രം നോക്കുകയാണെങ്കില്‍ രണ്ടുപേരെ വെച്ച് ഓരോ ഡോക്ടര്‍മാരുടെ കീഴില്‍ നിയമിച്ചാല്‍ തന്നെ ഇവരെ ഡിപ്പാര്‍ട്ട്മെന്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റും. കെ.ടി.ഡി.സിയുടെ ഹോട്ടലുകളില്‍ വരുന്നവര്‍ക്ക് ഗൈഡ് ആയി പോകുന്നതു നിലവില്‍ എക്സ്പീരിയന്‍സ് ഇല്ലാത്ത ആളുകളാണ്. അവിടെയും ഇവരെ ഉപയോഗിക്കാം. സാധ്യതകള്‍ ഒരുപാടുണ്ട്. ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന് ഉള്‍വനത്തില്‍ പോകണമെങ്കില്‍ ആദിവാസികളുടെ സഹായം വേണം. പി.എസ്.സി കിട്ടി പുറത്തുനിന്നു വരുന്ന ഒരാള്‍ക്ക് കാടുമായി ബന്ധമോ പരിചയമോ ഉണ്ടാകണമെന്നില്ല. ഇത്തരം ഇടങ്ങളില്‍ അവരുടെ ജീവിത പരിസരങ്ങളില്‍ത്തന്നെ ആദിവാസി കുട്ടികള്‍ക്കു ജോലി കൊടുക്കാന്‍ കഴിയണം. ഈ ആശയം സര്‍ക്കാര്‍ വേണ്ടവിധം അംഗീകരിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. കേരളത്തിന്റെ ഒരു പ്രായോഗിക മാതൃകയായി ഈ ബാച്ചിനെ നമുക്ക് ഉപയോഗിക്കാന്‍ കഴിയണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates