'ചാരുമാനം'-  പ്രിന്‍സ് അയ്മനം എഴുതിയ കഥ

വലിപ്പത്തില്‍ മുന്തിയ പടപ്പുകളോട് മനുഷ്യന്‍ എക്കാലത്തും പുലര്‍ത്തിപ്പോരുന്ന  അതിശയം കലര്‍ന്ന ഒരു അടുപ്പമോ അകലമോ ആയിരുന്നു കെട്ടുവള്ളങ്ങളോടും അക്കാലത്തെ മനുഷ്യര്‍ക്ക്
'ചാരുമാനം'-  പ്രിന്‍സ് അയ്മനം എഴുതിയ കഥ

നാടന്‍ പുഴുക്കലരിയും വാഴക്കുലകളും നാട്ടിലെ ചെറുകിട കര്‍ഷകരുടെ അന്നത്തെ വിളവെടുപ്പിലെ പച്ചക്കറികളും നടുതലകളും കയറ്റിയ കെട്ടുവള്ളം പുലിക്കുട്ടിശ്ശേരി കടവില്‍നിന്ന് കുഞ്ഞാപ്പി തള്ളുമ്പോള്‍ നേരം പരപര വെളുക്കുന്നതേയുള്ളു. തലയ്ക്കല്‍ കോതിലെ പടിയില്‍ കാലുനീട്ടിയിരിക്കുന്ന കേശുപിള്ള ഉറക്കച്ചടവിന്റെ കമ്പളക്കെട്ടിനു പുറത്തുവന്നിട്ടില്ല. കേശുപിള്ളയുടേയും ഊന്നക്കാരന്‍ കുഞ്ഞാപ്പിയുടേയും ജീവിതത്തിന്റെ മുക്കാല്‍ പങ്കും വള്ളത്തിലും വെള്ളത്തിലുമാണ്. കിഴക്ക് ഈരാറ്റുപേട്ടയിലെ മുക്കടക്കടവ് മുതല്‍ പടിഞ്ഞാറ് കുമരകത്തെ മലരിക്കല്‍ വരെ നീളുന്ന മീനച്ചിലാറിന്റെ ഇരുകരകളിലേയും കടവുകളും അതിനുമപ്പുറം വേമ്പനാട്ടുകായലും കടന്ന് മുഹമ്മയും ആലപ്പുഴയും വരെ വ്യാപിച്ചുകിടന്നു അവരുടെ കച്ചവട കേന്ദ്രങ്ങള്‍. ആലപ്പുഴയില്‍നിന്നു കയറും കയറുല്പന്നങ്ങളും ഉണക്കമീനും ഉപ്പും കിഴക്കോട്ടും ഈരാറ്റുപേട്ടയില്‍നിന്നു ചുക്കും കുരുമുളകും ഏലവും അടങ്ങിയ മലഞ്ചരക്കുകളും കൊപ്രായും ഒക്കെ പടിഞ്ഞാറോട്ടും എന്നതാണ് പ്രധാന വ്യാപാരമെങ്കിലും ''കച്ചോടം ചെയ്യാന്‍ പറ്റാത്തതായി ലോകത്തൊന്നുമില്ല'' എന്നാണ് പിള്ളേച്ചന്റെ മതം.

വലിപ്പത്തില്‍ മുന്തിയ പടപ്പുകളോട് മനുഷ്യന്‍ എക്കാലത്തും പുലര്‍ത്തിപ്പോരുന്ന  അതിശയം കലര്‍ന്ന ഒരു അടുപ്പമോ അകലമോ ആയിരുന്നു കെട്ടുവള്ളങ്ങളോടും അക്കാലത്തെ മനുഷ്യര്‍ക്ക്. നൂറടി നീളവും പത്തടി വീതിയുമുള്ള, അമ്പതിനായിരം റാത്തലോളം ചരക്കുകള്‍ വഹിക്കുന്ന കെട്ടുവള്ളങ്ങളോളം പോന്ന മുട്ടക്കാട്ടന്‍ ഉരുപ്പടികളൊന്നും അന്നവരുടെ ചുറ്റുവട്ടങ്ങളില്‍ ഇല്ലായിരുന്നു. ഇരുകരകളിലും തഴച്ചു മുറ്റിയ കുറ്റിച്ചെടികളും മരനിരകളും കാവല്‍ നില്‍ക്കുന്ന മീനച്ചിലാറിന്റെ നടുവിലൂടെ ഇരുട്ടില്‍ ഇളകിയിളകി വരുന്ന കെട്ടുവള്ളത്തിന്റെ ദൂരക്കാഴ്ച്ച, കേട്ടുകേള്‍വിയിലൂടെ മാത്രം  ഉള്ളിലുറച്ച കാട്ടുപാതയിലെ  ഒറ്റയാനിറക്കം അവരെ ഓര്‍മ്മപ്പെടുത്തി. 

പകല്‍വെട്ടം വീണുതുടങ്ങിയപ്പോള്‍ കേശുപിള്ള വള്ളപ്പടിയില്‍ കത്തിക്കൊണ്ടിരുന്ന റാന്തല്‍ വിളക്കിന്റെ തിരി താഴ്ത്തിക്കെടുത്തി കോതിലേയ്ക്ക് ഒതുക്കിവെച്ചു. നീളമുള്ള കഴുക്കോല്‍ ആറ്റിലേയ്ക്ക് കുത്തി അതില്‍ രണ്ടു കൈകൊണ്ടും ബലം കൊടുത്ത്, വള്ളത്തിന്റെ വായ്ക്കോലിലൂടെ തലയ്ക്കല്‍നിന്ന് അമരത്തേയ്ക്കും തിരിച്ചുമുള്ള കുഞ്ഞാപ്പിയുടെ നടത്തം വള്ളത്തെ മുന്നോട്ടു കുതിപ്പിച്ചു. അപ്പോഴൊക്കെയും വള്ളത്തിന്റെ വായ്ക്കോലിലെ അയാളുടെ നടത്തത്തെ പകര്‍ത്തി കറുത്ത തൊലിക്കുള്ളില്‍ ഉറച്ച മാംസപേശികള്‍ മേലുകീഴ് ചലിച്ചുകൊണ്ടിരുന്നു. കറുപ്പു മെഴുകിയ കുഞ്ഞാപ്പിയുടെ ശരീരത്തില്‍ ഉരുണ്ടുകൂടിയ വേര്‍പ്പുതുള്ളികളില്‍ സൂര്യരശ്മികള്‍ തിളങ്ങുന്നത് നോക്കി വള്ളത്തിന്റെ കോതിലിരുന്ന കേശുപിള്ള ചോദിച്ചു:

''കുഞ്ഞാപ്പീ നീയീ വള്ളത്തിന്റെ വായ്ക്കോലേക്കൊടെ മൊത്തം എത്ര മയില് നടന്നിട്ടൊണ്ടാരിക്കും?''
''പിന്നേ ഈ കട്ടുകഴപ്പന്‍ വെയിലത്ത് വള്ളം ഊന്നുന്നേന്റെടേലല്ലേ ഞാന്‍ മയിലും കുയിലും നോക്കാമ്പോണെ. നിങ്ങക്കിതെന്നാത്തിന്റെ കേടാ പിള്ളേച്ചാ.''
''ഒന്നൂല്ലടാ... ഞാന്‍ പഴയതോരോന്നോര്‍ത്ത് ചോയ്ച്ചെന്നേയൊള്ള്.''
''എന്റെ പിള്ളേച്ചാ നിങ്ങളോരോന്നോര്‍ക്കും. വേറൊരോന്നു പറേം. ഈ അന്തോം കുന്തോമില്ലാത്ത വെല്ല്യ വര്‍ത്താനോന്നും എനിക്ക് തിരിയേല. കൊല്ലവ്വെത്രയായി ഞാനീക്കൂടെ കൂടീട്ട്. പിള്ളേച്ചന്‍ പറേന്ന പണി ചെയ്യുന്ന്. അയ്ന് കൂലിയായിട്ട് കിട്ടുന്ന കാശുകൊണ്ട് എന്റെ കുടുമ്മം കഴീന്ന് അല്ലാതെന്നാ.''

കുഞ്ഞാപ്പീം കേശുപിള്ളയും ഇങ്ങനെയാണ്. ഒരു കാര്യത്തിലും തമ്മില്‍ ചേരില്ല. തൊട്ടതിനും പിടിച്ചതിനും ഉടക്കും. നിന്നനില്‍പ്പില്‍ പിണങ്ങിപ്പിരിയും. പിന്നെയും അവരിലൊരാള്‍ മറ്റേയാളെ തിരക്കിച്ചെല്ലും. മുതലാളി തൊഴിലാളി എന്നതിനപ്പുറം വള്ളവും കഴുക്കോലുംപോലെ അവരുടെ നിലനില്‍പ്പ് പരസ്പരം തട്ടിമുട്ടി പുലര്‍ന്നു. മൂന്നാല് വയസ്സിന്റെ മൂപ്പ് കുഞ്ഞാപ്പിക്കാണെങ്കിലും ''എടാ കൂഞ്ഞാപ്പീ'' എന്ന കേശുപിള്ളയുടേയും ''എന്റെ പിള്ളേച്ചാ'' എന്ന കുഞ്ഞാപ്പിയുടേയും തമ്മാമ്മിലുള്ള വിളികളില്‍ ആ ബന്ധത്തിനുള്ളിലെ മേലുകീഴ് നിലകള്‍ അട്ടിവെച്ചുറപ്പിച്ചിരുന്നു.

താന്‍ പറയുന്നത് കുഞ്ഞാപ്പിക്ക് പിടികിട്ടുന്നില്ലെന്നറിഞ്ഞതോടെ പിള്ളേച്ചന്‍ വര്‍ത്തമാനത്തിന്റെ മട്ട് മാറ്റി.
''എന്നാ നിനക്ക് തിരിയുന്നപോലെ പറയാം. ഈ എന്റെ കാര്യം തന്നെ നോക്ക്. പറഞ്ഞുവരുമ്പം ആരാ? വരിക്കമാലി ഭാര്‍ഗ്ഗവപിള്ളേടെ ഏറ്റോം മൂത്ത അനന്തിരവന്‍. അതുകൊണ്ടെന്തേലും ഗുണോണ്ടോ എനിക്ക്.''
''അയ്ന് അങ്ങേര് പറേന്ന കേട്ട് തറവാട്ടി അടങ്ങിയൊതുങ്ങി നിക്കണാരുന്ന്.''
''പത്ത് പതിനഞ്ച് വയസ്സുവരെ അങ്ങനെ തന്നാടാ നിന്നത്. അയാള്‍ടെ ആട്ടും ചീറ്റും കേട്ടും അടിമേപ്പോലെ പണിയെടുത്തും.''
ഉമിനീര്‍ വറ്റി തൊണ്ടതിങ്ങിയ കേശുപിള്ള ഒരു നിമിഷം വാക്കുമുട്ടി ചുമച്ചു. അയാള്‍ വള്ളത്തിന്റെ കോതില്‍നിന്നിറങ്ങി വളവരയ്ക്കുള്ളിലെ കലത്തില്‍നിന്നു കാലത്ത് അനത്തിയിട്ട കട്ടന്‍കാപ്പി കോപ്പയിലേയ്ക്ക് പകര്‍ന്ന് ഒരിറക്ക് കുടിച്ചുകൊണ്ട് നടുപ്പടിയില്‍ കയറി ഇരുന്നു.

''നിനക്കറിയാവോ കുഞ്ഞാപ്പീ പത്തിരുപത്തെട്ട് കൊല്ലമ്മുമ്പ് ഞാനെന്തിനാ ആ നരകത്തീന്ന് എറങ്ങിപ്പോന്നേന്ന്. സിസ്ത് ഫോറം പാസായി തുടര്‍ന്നു പഠിക്കാന്‍ ആഗ്രഹമൊണ്ടന്നു പറഞ്ഞപ്പം അങ്ങേരു പറയുവാ നിനക്കെന്തിനാടാ ഇനീം വല്യ പഠിപ്പും പത്രാസും. തൊഴുത്തിലെ കന്നുകാലികളുടെ കാര്യം തെറ്റാതെ നോക്കി നടത്തിയാ തള്ളയ്ക്കും മക്കക്കും ഇവിടെ അല്ലലില്ലാതെ കഴിയാല്ലോന്ന്.''
നെഞ്ചുവിങ്ങിയ നൊമ്പരം ഒരു നെടുവീര്‍പ്പിലൂടെ പുറന്തള്ളി കേശുപിള്ള തുടര്‍ന്നു: ''എന്നേക്കാള്‍ മാര്‍ക്ക് കുറഞ്ഞ സ്വന്തം മകനെ ഇന്റര്‍മീഡിയേറ്റിനു ചേര്‍ത്തിട്ട് വന്നാ അയാളെന്നോടിത് പറഞ്ഞേന്ന് ഓര്‍ക്കണം.''
''അയ്നിപ്പം പിള്ളേച്ചനെന്നാ ചേതം. അന്തസ്സായിട്ട് ജീവിക്കുന്നില്ലേ.''
''ഒണ്ടെടാ... അതുതന്നെയാ ഞാന്‍ പറഞ്ഞു തൊടങ്ങീത്. അന്നങ്ങേരുടെ വാക്കും കേട്ട് ഞാന്‍ അവടെത്തന്നെ കെട്ടിക്കിടന്നിരുന്നെങ്കി തൊഴുത്തിലെ ചാണോം വാരി, പുല്ലും ചെത്തി ഇന്നും കന്നുകാലിയെപ്പോലെ തറച്ചുകെട്ടിയ കയറുങ്കുറ്റീക്കെടന്ന് വട്ടം കറങ്ങാരുന്ന്.''
''അതെന്നായാലും നന്നായി. അവടെ നിന്നാലും ജീവിക്കണോങ്കി പണിയെടുക്കണം. എന്നാപ്പിന്നെ പൊറത്ത് വന്നാ അത് തനിപ്പിടിക്കാകാല്ലോ.''
എന്നാല്‍, പറഞ്ഞതുപോലെ എളുപ്പമായിരുന്നില്ല തറവാടിനു പുറത്ത് കേശുപിള്ളയുടെ ജീവിതം. കേശുപിള്ളയെപ്പോലെ ഒരു മേല്‍ജാതി പയ്യന് നാട്ടുനടപ്പനുസരിച്ചു ചെയ്യാന്‍ പറ്റിയ തൊഴിലുകളൊന്നും അക്കാലം നാട്ടിലുണ്ടായിരുന്നില്ല. ആകെയുള്ളത് കുറച്ച് നെല്‍പ്പാടങ്ങളും അതുമായി ബന്ധപ്പെട്ട കൃഷിപ്പണികളുമാണ്. ആ പാടങ്ങളാവട്ടെ, വടക്കേടത്ത് മനക്കാരുടെ സ്വന്തം. ജീവിക്കാനായി പാടത്തെ പണിയാണെങ്കിലും ചെയ്യാനുള്ള ചങ്കുറപ്പോടെയാണ് കേശുപിള്ള തറവാട് വിട്ടിറങ്ങിയത്. വടക്കേടത്ത് മനക്കാരുടെ ഏറ്റുകൃഷിക്കാരായ ക്രിസ്ത്യാനികളായിരുന്നു അന്നു നാട്ടിലെ കൃഷിക്കാരിലധികവും. പിന്നെ വിരലിലെണ്ണാവുന്ന ഈഴവരും. നിലത്തിന്റെ ഉടമസ്ഥതയുള്ള മനയിലെ കാര്യസ്ഥനോട് തെറ്റിപ്പിരിഞ്ഞ അനന്തിരവന്‍ ചെറുക്കന് പാടത്തൊരു പണി കൊടുക്കാന്‍ ഒരു കൃഷിക്കാരനും ധൈര്യപ്പെട്ടില്ല. അങ്ങനെയൊരു അതൃപ്തി പിറ്റേക്കൊല്ലം പാട്ടഭൂമി തരപ്പെടുന്നതിന് ഒരു തടസ്സമാവരുതെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.

ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക

തിളയ്ക്കുന്ന വിശപ്പ് വയറിനുള്ളില്‍ കുമിളകുത്തിത്തുടങ്ങിയ ഒരു നട്ടുച്ചയില്‍, ഉച്ചികരിയന്‍ വെയിലില്‍ ഉണങ്ങാന്‍ തഴപ്പായിലിട്ട് ചിക്കിയ പുഴുക്കനെല്ലു പോലെ ഭാവിയെക്കുറിച്ചുള്ള ചോദ്യം കേശുപിള്ളയുടെ ഉള്ളില്‍ക്കിടന്നു പൊള്ളി.

അങ്ങനെയാണ് ബുദ്ധിമാനായ കേശുപിള്ള പുതിയൊരു വിചാരത്തിന്റെ വള്ളമേറിയത്. അക്കാലം നാട്ടില്‍ പലചരക്ക് കടകള്‍ ഇല്ലായിരുന്നു. ഉള്‍നാടന്‍ നദികള്‍ അതിരിട്ട ഒറ്റത്തുരുത്തുകളായിരുന്നു ഗ്രാമങ്ങള്‍. പാലങ്ങള്‍ പലതും പണിതീരും മുന്‍പുള്ള കാലമായതിനാല്‍ വള്ളത്തിലല്ലാതുള്ള പോക്കുവരവുകള്‍ തന്നെ അപൂര്‍വ്വം. ഈരാറ്റുപേട്ട, അതിരമ്പുഴ, ചങ്ങനാശ്ശേരി, താഴത്തങ്ങാടി, മുഹമ്മ തുടങ്ങി നദീതീരങ്ങളിലെ തുറസ്സുകളായിരുന്നു അന്നത്തെ കച്ചവടകേന്ദ്രങ്ങള്‍. ഒരു കെട്ടുവള്ളം സംഘടിപ്പിച്ചാല്‍ ചന്തകളില്‍നിന്നു ചന്തകളിലേയ്ക്കുള്ള സാധനങ്ങളുടെ കൈമാറ്റവും പോകുന്ന വഴികളിലെ ആറ്റിറമ്പുകളില്‍ ചില്ലറക്കച്ചോടവും ചെയ്യാമെന്ന് കേശുപിള്ള ഉറപ്പിച്ചു. തന്നേമല്ല കേറിക്കിടക്കാന്‍ ഒരു വീടാകുന്ന വരെ തീനുങ്കുടീം പൊറുതീമെല്ലാം വള്ളത്തേത്തന്നെ ആകാമെന്നൊരു നേട്ടോമൊണ്ട്. അങ്ങനെയാണ് കുരിശുമ്മൂട്ടില്‍ കൊച്ചൗസേപ്പിന്റെ കെട്ടുവള്ളം വാടകയ്‌ക്കെടുത്ത് പത്തിരുപത്തെട്ട് കൊല്ലം മുന്‍പ് കേശുപിള്ള കച്ചോടം തുടങ്ങുന്നത്.
കേശുപിള്ള വള്ളം വാടകയ്ക്ക് ചോദിച്ചു ചെന്ന കാര്യം കൊച്ചൗസേപ്പ് ആദ്യമെത്തിച്ചത് ഭാര്‍ഗ്ഗവപിള്ളയുടെ കാതില്‍ത്തന്നെയാണ്. താന്തോന്നിയായ അനന്തിരവന് വള്ളം കൊടുക്കുന്നത് എന്തായാലും ഭാര്‍ഗ്ഗവപിള്ള എതിര്‍ക്കുമെന്നും ഇങ്ങനെയൊരു വിവരം നേരിട്ടെത്തിച്ചതിലുള്ള പ്രീതി തനിക്ക് ലഭിക്കുമെന്നുമുള്ള പ്രതീക്ഷയാണ് കൊച്ചൗസേപ്പിനെ വരിക്കമാലിയിലെത്തിച്ചത്. എന്നാല്‍, അയാളുടെ പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് ''എന്തൊക്കെ ധിക്കാരം കാണിച്ചാലും അവനെന്റെ അനന്തിരോനല്ലാതാകുമോ? നിങ്ങള്‍ വള്ളം ഉറപ്പായും കൊടുക്കണം'' എന്നാണ് ഭാര്‍ഗ്ഗവപിള്ള പറഞ്ഞത്. എന്തെങ്കിലും ഒരു വേലേങ്കൂലീം ആയില്ലെങ്കില്‍ തറവാട്ടിനു പുറത്ത് അനന്തിരവന് വേരുപിടിക്കില്ലെന്നു മറ്റാരേക്കാളും നന്നായി ഭാര്‍ഗ്ഗവപിള്ളയ്ക്ക് അറിയാമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ തെറ്റുങ്കുറ്റോം ഏറ്റുപറഞ്ഞ് അവന്‍ മടങ്ങിവരാനും ഇടയുണ്ട്. അനന്തിരോന്റെ തറവാട്ടിലേയ്ക്കുള്ള മടങ്ങിവരവിനെ എങ്ങനെയും തടയുക എന്നൊരു ഉള്ളിലിരിപ്പ് തനിക്കുള്ളത് മറ്റാരും കാണാതെ ഭാര്‍ഗ്ഗവപിള്ള മറച്ചുപിടിച്ചു. അങ്ങനെയാണ് കുരിശുമ്മൂട്ടില്‍ കൊച്ചൗസേപ്പിന്റെ കെട്ടുവള്ളവും അതിലെ ഊന്നക്കാരനായിരുന്ന കുഞ്ഞാപ്പിയും കേശുപിള്ളയ്‌ക്കൊപ്പമെത്തുന്നത്.

സംസാരത്തിനൊപ്പം കുഞ്ഞാപ്പിയുടെ ഊന്നലില്‍ വള്ളം മുന്നോട്ടു പോകുന്തോറും പകല്‍ വെളിച്ചം അയാളുടെ നിഴലിനെ നീട്ടിയും കുറുക്കിയും മീനച്ചിലാറിന്റെ മുകള്‍പ്പരപ്പില്‍ സമയത്തെ വരച്ചുകൊണ്ടിരുന്നു.

''അന്നവിടുന്ന് എറങ്ങുമ്പം ആ മതില്‍ക്കെട്ടിനാത്ത് ഇട്ടേച്ച് പോന്നതാ ഊമ്പിയ ജാതീം മതോം അതിന്റെ മഹത്തോം. അതുകൊണ്ടെന്തുവേണ്ടി ഇപ്പം കാറ്റും വെളിച്ചോമൊള്ള മണ്ണില്‍ മനുഷ്യനായി ജീവിക്കുന്ന്'' ഓര്‍മ്മകളില്‍നിന്നുണര്‍ന്ന് കേശുപിള്ള പറഞ്ഞു.
''ഒന്നു ചുമ്മാതിരി പിള്ളേച്ചാ... നിങ്ങളിട്ടേച്ച് പോന്നെന്ന് പറേന്ന ജാതീം മതോം തന്നെയാ നിങ്ങളെ നെലനിര്‍ത്തിയെ.''
''അതെന്നാ മറ്റേട്ത്തെ വര്‍ത്താനാടാ കുഞ്ഞാപ്പീ നീയീപ്പറേന്നെ... അതും എല്ലാം അറിഞ്ഞിരുന്നോണ്ട്...''
''ചുമ്മാ തെറീം തെന്തനോം പറയാതെ ഞാന്‍ പറഞ്ഞേലെന്നാ പെശകെന്ന് പറ പിള്ളേച്ചാ.''
''നീയീ പറേന്നതെന്നാന്ന് എനിക്ക് മനസ്സിലാകുന്നില്ല. എടാ അതിരമ്പൊഴ ചന്തേലെ മാപ്ലമാര്, പേട്ടേലെ മൊത്തക്കച്ചവടക്കാരായ മേത്തമ്മാര്, മൊഹമ്മേലും ആലപ്പൊഴേലും മീനുങ്കൊണ്ട് വരുന്ന മരയ്ക്കാമ്മാര്, നമ്മടെ വള്ളത്തേന്ന് ചില്ലറ വെലയ്ക്ക് സാധനം മേടിക്കുന്ന, മീനച്ചിലാറിന്റെ നീളം ആറ്റുപൊറമ്പോക്കിലും പാടത്തിന്റെ കെട്ടേലും ചെറേലും പൊറുക്കുന്ന പെലേരും ചോകോന്മാരും. ഇവരാരേലും എന്റെ ജാതിക്കാരാണോ. ഇങ്ങനെ എല്ലാത്തരം ആള്‍ക്കാരുമായി കൂടിക്കൊഴഞ്ഞല്ലെ എന്റെ ജീവിതം. ഇതിലെന്നാ ജാതീം മതോം. അതൊക്കെ പണ്ട്.''
''അതുശരി. എന്നാ ഞാന്‍ വേറൊരു കാര്യം പറയാം. കുരിശുമ്മൂട്ടീന്ന് വള്ളോം വാടകയ്‌ക്കെടുത്ത് എന്നേംങ്കൂട്ടി പോരുമ്പം ഉടുതുണിയല്ലാതെ എന്നാ ഒണ്ടാരുന്ന് പിള്ളേച്ചന് സ്വന്തമായിട്ട്. എനിക്കന്ന് ആറ്റുപൊറമ്പോക്കി ഒരു കൂരയെങ്കിലുവൊണ്ടാരുന്ന്.''
''അതിലെന്നാ കാര്യം.''
''അതിലൊരു കാര്യോമില്ലേ... പിള്ളേച്ചനിന്നു സ്വന്തമായിട്ടൊരു വള്ളോം നാലഞ്ചേക്കറ് നെലോം പുരയിടോം ഒന്നാന്തരമൊരു വീടും എല്ലാമായില്ലേ. ഞാനിന്നും പഴേ കൂരേല്‍ തന്നെയാ.''
''അത് ഞാന്‍ കച്ചോടം ചെയ്ത് ഒണ്ടാക്കിയതല്ലേ.''
''അതെ, അതുതന്നെയാ ഞാനും പറേന്നെ. ഇപ്പറഞ്ഞ മാപ്ലമാരോ മേത്തമ്മാരോ മരയ്ക്കാന്മാരോ വെല്ലോം ചാന്തുപ്പെലേന്റെ മകന്‍ കുഞ്ഞാപ്പി ചോയിച്ചാ, വിറ്റിട്ട് വരുമ്പം കാശ് തന്നാമതിയെന്ന ഒറപ്പേല്‍ അവന്മാരൊണ്ടാക്കിയ മൊതല് കടത്തിന് തന്നുവിടാവാരുന്നോ. ഇല്ലല്ലോ. അങ്ങനെ കിട്ടിയകൊണ്ടല്ലെ ഓട്ടക്കീശേങ്കൊണ്ട് വന്ന പിള്ളേച്ചന്റെ മടിച്ചീല തടിച്ചത്.''
''ശ്ശെടാ... അതൊരു വിശ്വാസത്തിന്റെ പൊറത്തല്ലെ.''
''ഞാനത്ര കൊല്ലവായി പിള്ളേച്ചന്റെ കൂടെക്കൂടീട്ട്. ഇന്നേവരെ എന്റതല്ലാത്തൊരു കാലണാ നെലത്ത് കെടന്നാ ഞാനെടുക്കുന്ന കണ്ടിട്ടൊണ്ടോ. ഇല്ലല്ലോ. പിന്നെന്നാ എന്നോടൊരു വിശ്വാസക്കൊറവ്.''
''അങ്ങനെ ചോയിച്ചാ...'' - പിള്ളേച്ചന് ഉത്തരം മുട്ടി.
''ങാ... അതിന്റെ പേരാ ജാതി. വരിക്കമാലിയെന്ന തറവാട്ടുപേരും പിള്ളേച്ചനെന്ന വിളിപ്പേരുമാരുന്ന് നിങ്ങടെ മൊടക്ക് മൊതല്. അതങ്ങ് സമ്മതിച്ചാമതി.''
അറ്റം പൊട്ടിക്കീറാതിരിക്കാന്‍ കഴുക്കോലില്‍ അടിക്കുന്ന ഇരുമ്പുചുറ്റുപോലെ കുഞ്ഞാപ്പിയുടെ സംസാരം മുറുകി. തൊള്ളേല്‍ കൊള്ളാത്ത ഇരവിഴുങ്ങിയ പാമ്പിനെപ്പോലെ പിള്ളേച്ചനിരുന്നു. മിണ്ടാട്ടം മുട്ടിയവനെ മെക്കിട്ടുകേറി ശീലമില്ലാത്തതുകൊണ്ട് കുഞ്ഞാപ്പിയും പിന്നെ മിണ്ടിയില്ല.

അല്പനേരത്തിനുശേഷം പിടിച്ചുകേറാനൊരു കച്ചിത്തുരുമ്പ് കിട്ടിയ പിള്ളേച്ചന്‍ മൗനം വെടിഞ്ഞു:
''കുഞ്ഞാപ്പീ... നീ പറഞ്ഞത് നേരാ... മറ്റൊള്ളോര് ചെലപ്പമെന്നോടൊള്ള എടപാടില്‍ ജാതീം തറവാടുമൊക്കെ നോക്കി ഒര് കണ്ണുവാട്ടം ചെയ്യുന്നൊണ്ടാരിക്കും. അതിനിപ്പം ഞാനെന്നാ ചെയ്യാനാ. ഒന്നൊറപ്പാ... ഞാനായിട്ട് ആരോടും ഒരു ജാതിവെത്യാസോം കാണിക്കുന്നില്ല.''
''അതെ അങ്ങനൊരു വെത്യാസം ഇല്ലാത്തകൊണ്ടാണല്ലോ പിള്ളേച്ചന്‍ പെണ്ണുകെട്ടാന്നേരം ചങ്ങനാശ്ശേരീന്നൊരു നായരച്ചിയെത്തന്നെ തപ്പിയെടുത്തത്. നേരത്തെ നിങ്ങള് കൂടിക്കൊഴഞ്ഞ് ജീവിക്കുന്നെന്ന് പറഞ്ഞ കൂട്ടത്തിലൊന്നും പെണ്ണുങ്ങളില്ലാരുന്നല്ലോ.''
നീട്ടിയൊന്ന് ഊന്നിയിട്ട്, കഴുക്കോല്‍ പൊക്കി കോതുപടിയിലും വായ്ക്കോലിലും കൂട്ടി വട്ടം വെച്ച്, മുറുക്കാന്‍ പൊതിയഴിച്ച്, ഒന്നു മുറുക്കാനുള്ളത് വായിലിട്ട് ചവയ്ക്കുന്നതിനിടയില്‍ കുഞ്ഞാപ്പി ചോദിച്ചു:
''ശ്ശെടാ... അതു നമ്മടെ മനസ്സിന്റെയൊരു ഇഷ്ടവല്ലേ.''
''ഓഹോ... ആ ഇഷ്ടങ്കൊണ്ടായിരിക്കും ഇപ്പവൊരടിമേപ്പോലെ അതിനെയിട്ട് നരകിപ്പിക്കുന്നെ.''
''ആ മച്ചിപ്പശൂനെ കശാപ്പിനു കൊടുക്കാതെ തീറ്റിപ്പോറ്റുന്നതുതന്നെ എന്റെ വെല്യ മനസ്സ്.''
''ഛെ... മഹാപാപം പറയാതെ പിള്ളേച്ചാ.''
''അത്ര ദെണ്ണവാണെങ്കി അവളെ നീയങ്ങ് കൊണ്ട് പൊറുപ്പിക്കെടാ.''
''ത്ഫൂ...'' ചവച്ച് പതം വരുത്തിയ മുറുക്കാന്‍ ചണ്ടി കുഞ്ഞാപ്പി ആറ്റിലേയ്ക്ക് നീട്ടിത്തുപ്പി. വെള്ളത്തിന്റെ മേലാപ്പില്‍ ഒരു ഞൊടി അത് ചോര എന്നെഴുതി മാഞ്ഞു. തന്റെ പറച്ചിലില്‍ കുഞ്ഞാപ്പി കലികൊണ്ടെന്നറിഞ്ഞ പിള്ളേച്ചന്‍ പിന്നെ മിണ്ടിയില്ല.

പത്തിരുപത് വര്‍ഷം കഴിഞ്ഞു കേശുപിള്ള ലക്ഷ്മിക്കുട്ടിയെ വിവാഹം കഴിച്ചിട്ട്. കച്ചോടം തുടങ്ങി അഞ്ചാറ് കൊല്ലത്തിനുള്ളില്‍ സ്വന്തമായി ഒരു കിടപ്പാടമൊക്കെ ഉണ്ടാക്കിയെങ്കിലും സ്വന്ത ബന്ധുക്കളില്ലാത്ത ഒറ്റപ്പൊറുതിക്കാരനായ അയാള്‍ക്ക് കൊള്ളാവുന്നൊരു തറവാട്ടില്‍നിന്ന് പെണ്ണു കിട്ടാന്‍ എളുപ്പമായിരുന്നില്ല. അങ്ങനെയാണ് ചങ്ങനാശ്ശേരി ചന്തയിലൊരു ചായക്കടയില്‍ പാചകക്കാരനായിരുന്ന കുട്ടന്‍പിള്ളയുടെ നാല് പെണ്‍മക്കളില്‍ മൂത്തവളായ ലക്ഷ്മിക്കുട്ടിയെ കേശുപിള്ള കല്ല്യാണം കഴിക്കുന്നത്. വളരെ സന്തോഷകരമായിരുന്നു ആദ്യ നാളുകളില്‍ അവരുടെ ജീവിതം. സ്വത്തും മുതലും കൂടുന്നതനുസരിച്ച് കുറയുന്ന ഒരു ചരക്കായിരുന്നു കേശുപിള്ളയുടെ കാര്യത്തില്‍ മനുഷ്യത്വം. കനപ്പെട്ട എന്തെങ്കിലും കിട്ടപ്പോരുള്ള കൊള്ളാവുന്നൊരു തറവാട്ടില്‍നിന്നു തനിക്കൊരു ബന്ധം ആകാമായിരുന്നെന്ന തോന്നല്‍ അയാളുടെ ഉള്ളില്‍ ലക്ഷ്മിക്കുട്ടിയോടുള്ള അനിഷ്ടമായി വളര്‍ന്നു. ലക്ഷ്മിക്കുട്ടിയുടെ വീട്ടുകാരുടെ ഇങ്ങോട്ടും തിരിച്ചുമുള്ള പോക്കുവരവുകള്‍ വിലക്കുകയാണ് അയാള്‍ ആദ്യം ചെയ്തത്. നുള്ളിപ്പെറുക്കി ഉണ്ടാക്കുന്നതെല്ലാം കുത്തിമാന്തിക്കൊണ്ട് പോകാനാണ് ആ ദാരിദ്ര്യക്കൂട്ടങ്ങളുടെ വരവെന്നായിരുന്നു കേശുപിള്ളയുടെ കണ്ടെത്തല്‍. വിവാഹം കഴിഞ്ഞു പത്തിരുപത് കൊല്ലമായിട്ടും നെല്ലും ചക്രവും മുടക്കിച്ചെയ്ത മരുന്നും മന്ത്രവും ഫലിക്കാതെ, മക്കള്‍ ഉണ്ടാവാത്തതു കൂടിയായപ്പോള്‍ ഇനിയതിനുവേണ്ടി കാശുകളയേണ്ടതില്ലെന്ന തീരുമാനത്തിലെത്തി പിള്ളേച്ചന്‍. ''വടക്കെങ്ങാണ്ടൊരു ഉസ്താദിന്റെ ഒറ്റമൂലി ചികിത്സയൊണ്ടെന്നും ചെലവിത്തിരി കൂടുതലാണെങ്കിലും പത്ത് ദിവസിക്കുള്ളില്‍ ചെന പിടിക്കുമെന്ന് അച്ചിട്ടാണെന്നും'' അതിരമ്പുഴ ചന്തയില്‍ പുകയിലയുടെ മൊത്തക്കച്ചോടം ചെയ്യുന്ന സെയ്താലി പറഞ്ഞെങ്കിലും, ''ആ തരിശേക്കൊണ്ട് കാശെറിഞ്ഞാലും മൊളയ്ക്കുകേലന്ന്'' പറഞ്ഞ് ഒഴിയുകയായിരുന്നു കേശുപിള്ള. പോകപ്പോകെ സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയല്ലാതെ പിള്ളേച്ചന്‍ ലക്ഷ്മിക്കുട്ടിയെ പരിഗണിക്കാതായി. കേശുപിള്ളയല്ലാതെ ലക്ഷ്മിക്കുട്ടി കാണുന്ന ഒരേയൊരു മനുഷ്യജീവി കുഞ്ഞാപ്പിയായിരുന്നു. 
നിഴലുപോലെ കൂടെയുള്ളതുകൊണ്ട് കേശുപിള്ളയുടെ ജീവിതത്തിന്റെ ഏണും കോണും കുഞ്ഞാപ്പിക്ക് വശമായിരുന്നു. വള്ളം പോകുന്ന നാടുകളിലെല്ലാം കേശുപിള്ളയ്ക്ക് ചില പറ്റുപടിക്കാരികള്‍ ഉണ്ടായിരുന്നു. ആ വഴിയിലൂടെ ഒഴുകിപ്പോയ നെല്ലും ചക്രവും കേശുപിള്ളയുടെ കണക്കുബുക്കിലെ ഒരു കളത്തിലും ഇടം കിട്ടാതൊടുങ്ങി. അവളുമാരുടെ കടവുകളില്‍ എത്തുമ്പോള്‍ കൃത്യമായി പിള്ളേച്ചന് വെളിക്കെറങ്ങാന്‍ മുട്ടും. കാര്യം സാധിച്ച് ഏറെ വൈകി മടങ്ങി വരുന്ന പിള്ളേച്ചനോട് കുഞ്ഞാപ്പി തട്ടിക്കേറും. ''ആറ്റിലൂന്നാനല്ലാതെ കോലെടുക്കാത്ത നിന്നെക്കൊണ്ട് എന്നാത്തിന് കൊള്ളാമെന്ന്'' കേശുപിള്ള കുഞ്ഞാപ്പിയെ പരിഹസിക്കും. 
 
'ഊന്നണ്ട കോലുകൊണ്ട് ഊന്നണ്ടെടത്ത് ഊന്നിയ കൊണ്ടാ പയറ് മണി പോലെ മൂന്നാങ്കുഞ്ഞുങ്ങള് എന്റെ കൂരേല്‍ ഓടിക്കളിക്കുന്നത് '' 
ഒരിക്കല്‍ ഈ പരിഹാസം കേട്ട് പൊറുതിമുട്ടി കുഞ്ഞാപ്പി തിരിച്ചടിച്ചതാണ്. പറഞ്ഞുകഴിഞ്ഞതും അയ്യോടാ എന്നൊരു മനസ്താപത്തിലേയ്ക്ക് കുഞ്ഞാപ്പി വീണുപോയി. മക്കളില്ലാത്ത പിള്ളേച്ചന്‍ അതുകേട്ട് നിറകണ്ണുകളാടെ തലകുനിച്ചത് കുഞ്ഞാപ്പിക്ക് നീറ്റലായി. അതീപ്പിന്നെ പിള്ളേച്ചനിതേ പരിഹാസം തുടര്‍ന്നപ്പൊഴൊക്കെയും കുഞ്ഞാപ്പി മൗനിയായി.

''ഒന്നോര്‍ത്താ ഈ ജാതീന്ന് പറേന്നതൊര് എലിപ്പെട്ടി പോലാ. വെലിയോനും ചെറിയോനുമെല്ലാം ഓരോന്നില്‍പ്പെട്ടു കെടക്കുവാ. ഇച്ചിരെ വീതി വിസ്താരമൊള്ളതി കെടക്കുന്നവന് മരുങ്ങുതിരിയാന്‍ മേലാത്ത ഇടുക്കുപെട്ടീ കെടക്കുന്നവനെ കാണുമ്പം തന്റെ പെട്ടി കേമമാന്നു കരുതാന്നേയൊള്ള്. അവര്‍ക്കും പെട്ടിക്ക് പൊറത്തോട്ടൊരനക്കം പറഞ്ഞിട്ടില്ല.''
കുഞ്ഞാപ്പിയെ തണുപ്പിക്കാന്‍ പിള്ളേച്ചനൊരു സിദ്ധാന്തം പറഞ്ഞു.

''എന്നാലും എലീടെ കാര്യത്തി വേറൊരു ഗുണമൊണ്ട്. വെലുതിക്കെടക്കുന്നവന്‍ ചെറുതിലൊള്ളവനെ അടിമയാക്കാന്‍ നോക്കുകേല.''
''കാറ് കേറിക്കൊള്ളുന്നൊണ്ട്. വൈന്നേരം ഒരന്തിയടപ്പന്‍ മഴയ്‌ക്കൊള്ള കോളൊണ്ട്'' കുഞ്ഞാപ്പി പറഞ്ഞതില്‍ കൊത്താതെ പിള്ളേച്ചന്‍ മാനം നോക്കി വിഷയം മാറ്റി.

ഇങ്ങനെ കൊണ്ടും കൊടുത്തുമുള്ള വര്‍ത്തമാനത്തിനിടയില്‍ വള്ളം ഈരാറ്റുപേട്ടയിലെത്തിയതിന്റെ മല്ല് അവരറിഞ്ഞില്ല. വള്ളം പേട്ടയിലെത്തുമ്പോള്‍ ഇരുട്ടുവീണു തുടങ്ങിയിരുന്നു. മുക്കടക്കടവിലെ ചാരുമാനത്തോട് ചേര്‍ത്ത് കുഞ്ഞാപ്പി വള്ളം കെട്ടി. ചാരുമാനത്തെ തൊട്ടുനില്‍ക്കുന്ന വിളക്കുകാലിന്റെ ചോട്ടില്‍, അതില്‍ തൂക്കിയിരിക്കുന്ന റാന്തലിന്റെ മഞ്ഞച്ച വെട്ടം അനുസരണശീലമുള്ള ഒരു വളര്‍ത്തുപട്ടിയെപ്പോലെ ചുരുണ്ടുകൂടിക്കിടന്നു. വള്ളം അടുക്കുന്നതുകണ്ട് സമീപത്തെ കടകളിലെ മുതലാളിമാര്‍ ചാരുമാനത്തിനു മുകളിലെത്തി. ഓരോരുത്തരും പറഞ്ഞ പ്രകാരമുള്ള ചരക്കുകള്‍ കുഞ്ഞാപ്പി കരയ്ക്കിറക്കി ചാരുമാനത്തിലൂടെ മുകളിലെത്തിച്ചു. അവിടെനിന്നും കയറ്റാനുള്ള ചുക്കും കുരുമുളകും ഏലവും കൊപ്രായും ജാതിപത്രിയും ജാതിക്കുരുവും നിറച്ച ചാക്കുകള്‍ കുഞ്ഞാപ്പി വള്ളത്തിലെത്തിച്ചപ്പോഴേയ്ക്കും വില്‍ക്കുകയും വാങ്ങുകയും ചെയ്ത ചരക്കുകളുടെ കണക്കുനോക്കി പണമിടപാടുകള്‍ പിള്ളേച്ചനും തീര്‍ത്തുകഴിഞ്ഞിരുന്നു.
''ഒന്ന് നിക്കണേ പിള്ളേച്ചാ...''

വള്ളം തള്ളാനൊരുങ്ങുമ്പോഴാണ് പിന്നില്‍നിന്നും വിളി കേട്ടത്. അബൂബക്കര്‍ മൊതലാളിയാണ്. പേട്ടയിലെ പ്രധാന മലഞ്ചരക്ക് വ്യാപാരി. പേട്ടച്ചന്തയിലും മുക്കടക്കടവിലും വന്നുപോകുന്ന, പ്രായത്തില്‍ മൂത്തവരാല്‍പ്പോലും ബക്കറിക്ക എന്നു ബഹുമാനപൂര്‍വ്വം വിളിക്കപ്പെടുന്നയാള്‍. പ്രത്യേകിച്ചൊന്നുമില്ല, വര്‍ത്തമാനത്തിലും എടപാടിലുമുള്ള ഒരു ചേലുകൊണ്ട് ചുമ്മാതൊന്നു ബഹുമാനിച്ചുകളയാം എന്ന് ആര്‍ക്കും തോന്നിപ്പോകുന്ന ചിലരില്ലേ - അതുപോലൊരാള്‍. കാര്യസാധ്യത്തിന് ആരെയും ബഹുമാനിക്കാന്‍ പിശുക്കില്ലാത്ത കേശുപിള്ളയ്ക്ക് ബക്കറിക്കയോട് ഒരു പൊടി ബഹുമാനം കൂടുതലുണ്ടെങ്കിലേയുള്ളൂ. കച്ചോടത്തിന്റെ ആദ്യകാലങ്ങളില്‍ അങ്ങേരില്‍നിന്നു കിട്ടിയ കൈത്താങ്ങ് മുക്കടക്കടവില്‍ വള്ളം ചേര്‍ക്കാന്‍ പിള്ളേച്ചനു തുണയായിട്ടുമുണ്ട്. ചുക്കും കുരുമുളകും ഏലവുമൊക്കെയായി ആണ്ടോടാണ്ട് ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടത്തുന്ന വ്യാപാരിയാണെന്ന് അയാളുടെ കെട്ടും മട്ടും കണ്ടാല്‍ ആരും കരുതില്ല. നിറം മങ്ങിയ ഒരു കടുവാ വരയന്‍ കൈലിയും മുഷിഞ്ഞ ഒരു അരക്കയ്യന്‍ ബനിയനും തോളത്തൊരു തോര്‍ത്തുമാണ് ബക്കറിക്കയുടെ സ്ഥിരം വേഷം. ഇതുവരെ കൊണ്ട മഴയും വെയിലും ശീലയുടെ നരപ്പിനാല്‍ എഴുതിയ ഒരു കാലന്‍ കുടയും എപ്പോഴും കൂടെയുണ്ടാവും. പെട്ടിക്കടപോലൊരു ഇടുക്കുമുറിക്കുള്ളിലിരുന്നാണ് അബൂബക്കര്‍ ഇക്കാലമത്രയും തന്റെ വ്യാപാരം നടത്തിവന്നിരുന്നത്. ''ഉമിനീരു വിഴുങ്ങിയും ലുബ്ധിച്ചും വാരിക്കൂട്ടുന്നതൊക്കെ ഇങ്ങേരിതെവിടെക്കൊണ്ട് താക്കുന്നു?'' എന്നത് നാട്ടുകാരുടെ മാത്രമല്ല, ഇക്കായുടെ ഭാര്യയുടേയും മക്കളുടേയും കൂടി സംശയമാണ്. തടിമാടന്മാരായ നാല് ആണ്‍മക്കളാണ് അങ്ങേര്‍ക്ക്. ''താന്‍ തിന്നാതേം കുടിക്കാതേം ഒണ്ടാക്കിയതെല്ലാം ഡര്‍ബാറടിച്ച് മുടിക്കാനല്ലാതെ അവറ്റകളെക്കൊണ്ട് ഒന്നിനും കൊള്ളൂല്ല'' എന്ന സങ്കടമാണ് പുള്ളിക്കുള്ളത്. അതുകൊണ്ടുതന്നെ ഈ എണ്‍പതാം വയസ്സിലും കച്ചോടത്തിന്റെ കാര്യങ്ങളിലൊന്നും അങ്ങേര് മക്കളെ അടുപ്പിച്ചിട്ടില്ല. ഉള്ളതെല്ലാം വീതം വെച്ച് നാലാളേയും ഏല്പിച്ച് ഇനിയുള്ള കാലം ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവന്മാരതെല്ലാം ഉപ്പും തവിടുമാക്കി കളയുമെന്നു മാത്രമല്ല, തമ്മില്‍ത്തല്ലി തലകീറുമെന്ന പേടിയും ഇക്കായെ അതില്‍നിന്നു വിലക്കി.

''നിങ്ങക്ക് ആ ഒറ്റ സങ്കടമല്ലേ പിള്ളേച്ചാ... പനപോലെ വളന്ന നാല് മക്കളൊള്ള എനിക്ക് അവന്മാരെക്കൊണ്ടൊരു നൂറുകൂട്ടം സങ്കടങ്ങളാ...'' - മക്കളില്ലാത്തതില്‍ ദു:ഖിക്കുന്ന കേശുപിള്ളയെ ബക്കറിക്ക ആശ്വസിപ്പിക്കും.
''എന്നതാ ബക്കറിക്ക ചരക്ക് വല്ലതും കേറ്റാനൊണ്ടോ.''
വള്ളത്തിനടുത്തെത്തിയ അബൂബക്കറോട് കേശുപിള്ള ചോദിച്ചു.
''വില്‍ക്കാനും വാങ്ങാനുമൊന്നുവില്ല പിള്ളേച്ചാ. അതാ ഞാന്‍ തെരക്കൊഴിയാന്‍ വിട്ടുനിന്നത്.''
''അപ്പ മൊഹമ്മയ്‌ക്കെന്തോ കേറ്റെറക്കാണ്. കപ്പയോ കാപ്പിത്തൊണ്ടോ.''
വില്‍ക്കലും വാങ്ങലുമല്ലാതെ, പോകുന്ന കടവുകളില്‍ ഒന്നില്‍നിന്നു മറ്റൊരിടത്തേയ്ക്ക് കയറ്റിറക്ക് കൂലിയും യാത്രപ്പടിയും വാങ്ങി സാധനങ്ങള്‍ എത്തിച്ചുകൊടുക്കലും കെട്ടുവള്ളക്കാര്‍ ചെയ്തിരുന്നു. ആണ്ടില്‍ ഒന്നോ രണ്ടോ വട്ടം ബക്കറിക്ക ഇതുപോലെ മുഹമ്മയ്ക്ക് ഉണക്കുകപ്പയും കാപ്പിത്തൊണ്ടും മറ്റും കയറ്റിവിടാറുണ്ട്. അങ്ങേരുടെ ഉമ്മ ബീവാത്തുമ്മ മുഹമ്മക്കാരിയാണ്. മാമാമാരുടെ മക്കളുടേയും കൊച്ചുമക്കളുടേയുമൊക്കെയായി മുഹമ്മയിലും പരിസരങ്ങളിലും ഒരുപാട് ബന്ധുവീടുകളുണ്ട് ഇക്കായ്ക്ക്. മൂത്ത മാമായുടെ രണ്ടാമത്തെ മകന്‍ സുലൈമാനിക്കാക്ക് മുഹമ്മയില്‍ കായലോരത്തുതന്നെ ഒരു ചായപ്പീടികയുണ്ട്. കയറ്റിവിടുന്ന സാധനങ്ങള്‍ അവിടിറക്കി വെച്ചാല്‍ മതി. വള്ളം മുഹമ്മയിലെത്തുന്ന ദിവസം നോക്കി ബക്കറിക്ക മുന്‍പേതന്നെ അവിടെ ഹാജരുണ്ടാവും. പിന്നെ കൊണ്ടുപോയ സാധനങ്ങള്‍ പകുത്ത് പല സഞ്ചികളിലാക്കി ബന്ധുവീടുകളിലേയ്ക്കുള്ള സര്‍ക്കീട്ടാണ്.

''ങാ... ഇച്ചിരെ ഒണക്കുകപ്പ'' ഇക്ക ചമ്മലോടെ പറഞ്ഞു.
''അപ്പ അടുത്ത് പോക്കിന് ഏലോം കുരുമൊളകും'' കേശുപിള്ള പറഞ്ഞതുകേട്ട് ബക്കറിക്ക പൊട്ടിച്ചിരിച്ചു.
''നാട്ടുകാരെ മുഴുവന്‍ ഏലോം കുരുമൊളകും തീറ്റുന്ന ഇക്കാ ഈ കെഴക്കന്‍ മലമൂട്ടീന്ന് പടിഞ്ഞാറക്കരയ്ക്ക് ചെല്ലുമ്പം അതിക്കൂട്ട് എന്തേലുവല്ലെ കൊണ്ട് ചെല്ലണ്ടെ? ഇത് ചുമ്മാ ആര്‍ക്കും വേണ്ടാത്ത കപ്പേം കാപ്പിത്തൊണ്ടും''- ബക്കറിക്ക ഓരോ തവണ മുഹമ്മയ്ക്ക് സാധനം കേറ്റുമ്പോഴും കേശുപിള്ള പറയും. 

''അതിനൊക്കെ തല പോണ വെലയല്ലേ പിള്ളേച്ചാ... അടുത്ത പോക്കിനാട്ടെ'' -അപ്പോഴൊക്കെയും ഇക്കായ്ക്ക് ഒരേ മറുപടിയാണ്.
ഇതിനിടെ ചാരുമാനത്തില്‍നിന്നു കുറച്ചു മാറിയൊരു ആഞ്ഞിലിച്ചോട്ടിലെ പൊന്തയ്ക്കുള്ളില്‍ വാഴക്കച്ചിയിട്ട് മൂടിയിരുന്ന, ബക്കറിക്ക പറഞ്ഞ അഞ്ചു ചാക്കുകളും കുഞ്ഞാപ്പി വള്ളത്തിലെത്തിച്ചിരുന്നു.
''ഇനിയൊരു മൊഹമ്മയ്ക്ക് പോക്ക് ഒണ്ടാകൂന്ന് തോന്നുന്നില്ല പിള്ളേച്ചാ...''
ഇടയ്ക്കിടെ വീശിക്കൊണ്ടിരുന്ന ചൂടുകാറ്റില്‍ മങ്ങിത്തെളിഞ്ഞുകൊണ്ടിരുന്ന റാന്തലിന്റെ തിരിനാളംപോലെ ആ വൃദ്ധന്റെ സ്വരം ദുര്‍ബ്ബലമായി.
''വയ്യ! പഴേകാലമല്ല. പ്രായോം പോയി. പിന്നെ പുതിയ നികുതി നെയമോം അതിന്റെ എടങ്ങേറുകളും. എപ്പഴാ സാറന്മാര് കടേക്കേറി തപ്പുകാന്നറിയേല. ഇത്തറേം കാലം എനിക്കെല്ലാം മനക്കണക്കാരുന്ന്. ഇതിപ്പം നൂറായിരം കിത്താബും കടലാസും. ഒന്നും ഒക്കുകേല പിള്ളേച്ചാ...''
''എല്ലാം കലങ്ങിത്തെളിയുമിക്കാ.''
കേശുപിള്ള വെറുതെ ഒരാശ്വാസ വാക്ക് പറഞ്ഞു.
''ങാ... എന്നാരുന്ന് എന്റേം വിചാരം അതുപോട്ടെ, നിങ്ങളെന്ന് മൊഹമ്മ പിടിക്കും.''
''ഇന്ന് ബുധന്‍... വ്യാഴം, വെള്ളി, ശനിയാഴ്ച ഉച്ചയ്ക്ക് മുന്‍പങ്ങെത്തും.''
''എന്നാ ശരി... നാലാന്നാ മൊഹമ്മേ കാണാം.''
കയറ്റിറക്ക് കൂലിയും വള്ളക്കൂലിയും കൊടുക്കുന്നകൂടെ ഉണങ്ങിയ വട്ടയിലയിലെ ഒരു പൊതികൂടി കേശുപിള്ളയുടെ കയ്യില്‍ വെച്ചുകൊടുത്തിട്ട് ബക്കറിക്ക പറഞ്ഞു:

''മൂന്നാറിലെ മഞ്ഞുകൊണ്ട നല്ല സൊയമ്പന്‍ നീലച്ചടയനാ.''
മൂന്നാറില്‍നിന്നു ചരക്കുമായി വരുന്ന കാളവണ്ടിക്കാര് അണ്ണാച്ചിമാര് ഇക്കായ്ക്ക് ഇങ്ങനെ ചില സമ്മാനങ്ങള്‍ കൊടുക്കും. അങ്ങേരാണെങ്കില്‍ കടുപ്പം കൂടിയ ഒരു കട്ടന്‍ ചായപോലും ഹറാമായ ദീനി. കച്ചോടവും പണപ്പെട്ടിയില്‍ വീഴുന്ന കാശുമായിരുന്നു പുള്ളീടെ ലഹരി. അതാകട്ടെ, വള്ളക്കൂലിയിലും വിലയിലും ചില്ലറ വിട്ടുവീഴ്ചകള്‍ ചെയ്യുന്ന കേശുപിള്ളയെപ്പോലുള്ള വള്ളക്കാര്‍ക്ക് വരശായി.
കുഞ്ഞാപ്പി വള്ളം തള്ളി. ആറ്റുതീരത്തുകൂടിയുള്ള ബക്കറിക്കയുടെ വേച്ചുവേച്ചുള്ള നടത്തം വള്ളത്തിന്റെ കോതിലിരുന്ന് കേശുപിള്ള നോക്കി.
''ഒരുകാലത്ത് പേട്ടച്ചന്ത അടക്കിവാണ മനിഷനാ.''
അങ്ങേര് കൊടുത്ത വട്ടയിലപ്പൊതി അഴിക്കാതെ തന്നെ മൂക്കിനോട് ചേര്‍ത്തൊന്ന് ആഞ്ഞുമണത്തിട്ട് എളിയില്‍ തിരുകുന്നതിനിടയില്‍ കേശുപിള്ള പറഞ്ഞു:

''പേട്ടേ മാത്രോ... എവെടയാ അങ്ങേര്‍ക്ക് ആളുബലം ഇല്ലാത്തേ?''
കുഞ്ഞാപ്പി കൂട്ടിച്ചേര്‍ത്തു.
വള്ളം കട്ടച്ചിറക്കടവിലെ ആറ്റുവഞ്ചിക്കാടിനടുത്ത് എത്തിയപ്പോഴേയ്ക്കും മഴ പൊടിക്കാന്‍ തുടങ്ങി.
''അയ്യോ! അതിയാന്റെ കപ്പ നനഞ്ഞു പോകുവല്ലോ ഒന്ന് മൂടണ്ടെ പിള്ളേച്ചാ...'' - വള്ളം കടവിലേയ്ക്ക് ചേര്‍ത്തുകൊണ്ട് കുഞ്ഞാപ്പി ചോദിച്ചു.
തുലാമഴ മുന്നില്‍ക്കണ്ട് ആദ്യമേ കയറ്റിയ ചരക്കുകള്‍ പടുതയിട്ട് മൂടി കയറിനു വരിഞ്ഞ് കുഞ്ഞാപ്പി ഭദ്രമാക്കിയിരുന്നു. വള്ളം തള്ളാന്‍ നേരം ധൃതിവെച്ച് കേറ്റിയതുകൊണ്ടും ഇയാള്‍ക്കിതൊരു പതിവാണല്ലോയെന്ന ദേഷ്യംകൊണ്ടും ഇക്കായുടെ ചാക്കുകള്‍ കയറഴിച്ച് പടുതായ്ക്കടിയില്‍ കയറ്റാന്‍ കുഞ്ഞാപ്പി മെനക്കെട്ടിരുന്നില്ല. കുഞ്ഞാപ്പി കയറഴിച്ച് പടുതാ പൊക്കിയപ്പോഴേക്കും കേശുപിള്ളയും കോതില്‍നിന്നു വന്നു കൂടിക്കൊടുത്തു. രണ്ടാളും ചാക്കിന്റെ രണ്ടറ്റവും പിടിച്ചു പൊക്കി അട്ടിവെച്ച ചാക്കുകളുടെ മുകളിലേയ്ക്ക് ഒരോന്നോരോന്നായി വെച്ചുകൊണ്ടിരുന്നു. മൂന്നാമത്തെ ചാക്ക് കയറ്റുമ്പോഴാണത് സംഭവിച്ചത്. അടിയില്‍നിന്ന് പനിക്കുന്ന വെള്ളത്തില്‍ ചരക്കുകള്‍ നനയാതിരിക്കാന്‍ കെട്ടുവള്ളങ്ങളുടെ അകത്തൊരു പലകത്തട്ടുണ്ട്. ആ പലകത്തട്ടിന്റെ ആണിയില്‍ കോര്‍ത്ത് കിടന്ന മൂന്നാമത്തെ ചാക്ക് രണ്ടറ്റത്തും പിടിച്ചുള്ള അവരുടെ ബലമായ പൊക്കലില്‍ നെടുവെ കീറിപ്പോയി. കീറിപ്പോയ ചാക്കില്‍നിന്നു താഴേയ്ക്കു വീണ സാധനം കപ്പയല്ലെന്ന് കുഞ്ഞാപ്പിക്കും പിള്ളേച്ചനും തോന്നി.

''നീയൊരു കാലിച്ചാക്കിങ്ങെട്... എന്നാ ചക്കയാണേലും വാരിക്കേറ്റാതിരിക്കാന്‍ പറ്റുവോ.''
ചാക്കുകീറിയ നേരത്തെ മുഴുത്തൊരു തെറികൊണ്ട് വിശുദ്ധപ്പെടുത്തി കുഞ്ഞാപ്പിയോട് പറഞ്ഞിട്ട് കേശുപിള്ള കോതിലിരുന്ന റാന്തലെടുക്കാന്‍ പോയി. റാന്തലെടുത്ത് അടിയിലെ പലകത്തട്ടില്‍ വച്ചതും കണ്ണിലിരുട്ടു കയറി കുഞ്ഞാപ്പിയും പിള്ളേച്ചനും അങ്ങോട്ടിരുന്നു പോയി. കീറിപ്പോയ ചാക്കില്‍നിന്നും താഴെവീണ് പലകത്തട്ടില്‍ ചിതറിക്കിടക്കുന്നു, അടുക്കി ചാക്കുനൂലിട്ട് മുറുക്കിയ നോട്ടുകെട്ടുകള്‍. ഒരു ചാക്കില്‍ നോട്ടുകള്‍ നിറച്ചിട്ട്, അത് മറ്റൊരു വലിയ ചാക്കില്‍ ഇറക്കിവെച്ച് അടിയിലും വശങ്ങളിലും മുകളിലുമെല്ലാം ഉണക്കുകപ്പയിട്ട് പൊതിഞ്ഞുകെട്ടിയിരുന്നതാണ്. ചാക്കുകീറി പുറത്ത് വന്നില്ലായിരുന്നെങ്കില്‍ ഉള്ളില്‍ കപ്പയല്ലന്ന് ആരും കരുതില്ല. പിള്ളേച്ചന്‍ തുള്ളപ്പനി വന്നവനെപ്പോലെ വിറച്ചു. പിന്നെ ആ പലകത്തട്ടില്‍ ചടഞ്ഞിരുന്നിട്ട് രണ്ടു കയ്യില്‍ കൊള്ളാവുന്നത്ര നോട്ടുകെട്ടുകള്‍ വാരി നെഞ്ചത്തോട്ട് ചേര്‍ത്തിട്ട് എന്തോ പറഞ്ഞു. ഇര കണ്ട കാട്ടുമൃഗത്തിന്റെ മുരള്‍ച്ചപോലെ അവ്യക്തമായ ഒരു ഒച്ചമാത്രം പുറത്തുവന്നു.

''പിള്ളേച്ചാ ചുമ്മാ പേ കാണിക്കാതെ, പെട്ടന്നു വാരി ചാക്കിക്കേറ്റാന്നോക്ക്. വെല്ലോരും കണ്ടാ നമ്മളെ തീര്‍ത്തിട്ട് ഇതുങ്കൊണ്ട് പോകും'' - അകവാള് വെട്ടിയുള്ള നില്‍പ്പിനിടയിലും കുഞ്ഞാപ്പി പിള്ളേച്ചനെ ഓര്‍മ്മപ്പെടുത്തി.
''കൊണ്ടുപോകാനോ... കൊല്ലും ഞാന്‍ വരുന്നവനെ'' അതു പറയുമ്പോള്‍ പിള്ളേച്ചനു വളര്‍ന്നിറങ്ങിയ കോമ്പല്ലുകള്‍ ഉള്ളതുപോലെ കുഞ്ഞാപ്പി ഭയന്നു.

പെട്ടെന്നു തന്നെ കേശുപിള്ള കുഞ്ഞാപ്പി പിടിച്ചുകൊടുത്ത കാലിച്ചാക്കിലേയ്ക്ക് നോട്ടുകള്‍ വാരിനിറച്ചു ഭദ്രമായി കെട്ടി മാറ്റിവെച്ചു. ബക്കറിക്ക തന്നുവിട്ട ബാക്കി നാലു ചാക്കുകളിലും കപ്പതന്നെയെന്ന് ഉറപ്പുവരുത്തിയിട്ടേ വള്ളം തള്ളാന്‍ കേശുപിള്ള സമ്മതിച്ചുള്ളൂ.
''പത്തമ്പത് വര്‍ഷമെങ്കിലും ആയിട്ടൊണ്ട് ഇക്കാ കച്ചോടം തൊടങ്ങീട്ട്. ആണ്ടോടാണ്ട് ഒരു മൂന്നാല് ലക്ഷത്തിന്റെ വിറ്റുവരവെങ്കിലും കാണും. അങ്ങനെ നോക്കിയാ ആണ്ടൊന്നുക്ക് ശരാശരിയൊരു അമ്പതിനായിരം വെച്ച് ലാഭമൊണ്ടേല്‍ത്തന്നെ കൊറഞ്ഞത് ഒരു പത്തിരുപത്തഞ്ച് ലക്ഷമെങ്കിലും കാണും ചാക്കില്‍. ആ കാശുകൊണ്ട് പലതും ചെയ്യുന്നതും അങ്ങനെ വരിക്കമാലി തറവാടിന്റെ പേരും പെരുമേം തന്റെ പേരിനൊപ്പം ചേരുന്നതുമെല്ലാം കേശുപിള്ള മനക്കോട്ട കെട്ടി.

''എടാ കുഞ്ഞാപ്പീ... ബക്കറിക്ക കപ്പേന്നും പറഞ്ഞല്ലെ കേറ്റിവിട്ടത്. അതുകൊണ്ട് നമ്മള് കപ്പ മാത്രേ മൊഹമ്മേല്‍ എറക്കുന്നൊള്ള്.''
അതുകേട്ടതും കുഞ്ഞാപ്പി ഊന്നല്‍ നിര്‍ത്തി.

''പിള്ളേച്ചാ ചുമ്മാ തലപോണ പണിക്ക് നിക്കണ്ട. ഇക്കായെ ഊമ്പിച്ചേച്ച് നമ്മക്കീ നാട്ടില്‍ നിക്കാനൊക്കുകേല.''
കുഞ്ഞാപ്പി പറയുന്നതിലും കാര്യമുണ്ടെന്നു തോന്നിയതുകൊണ്ട് കേശുപിള്ള നിശ്ശബ്ദനായി.
''കൊറച്ച് മുന്നെ നമ്മളെ തീര്‍ത്തിട്ട് ഇതാരേലും കൊണ്ടുപോകൂന്ന് ഞാമ്പറഞ്ഞപ്പം പിള്ളേച്ചനെന്നാ പറഞ്ഞെ. കൊണ്ടുപോകാന്‍ വരുന്നവനെ കൊല്ലുവെന്നല്ലേ. ഒടേക്കാരനല്ലാത്ത നിങ്ങളത് പറഞ്ഞെങ്കി, ഇത്രേം കാശുപോയാ കഴച്ചവന്‍ വെറുതെയിരിക്കുവോ.''
''ങാ...!'' നിരാശയില്‍ വീണുകുഴഞ്ഞൊരു നിശ്വാസം കേശുപിള്ള പുറന്തള്ളി. ''ആരാന്റെ പറമ്പിലെ തീട്ടക്കുഴി കണ്ട് നമ്മള് പന്നിയെ വളത്തീട്ടെന്നാ കാര്യം.''

അതോടെ അവര്‍ ആ സംസാരം അവിടെ നിര്‍ത്തി. ചങ്ങനാശ്ശേരി, അതിരമ്പുഴ, താഴത്തങ്ങാടി ചന്തകളൊക്കെ കറങ്ങി നാലാം പൊക്കം ഉച്ചയോടെ മുഹമ്മയില്‍ അടുക്കുംവരെ അങ്ങനെയൊരു ചാക്ക് ആ വള്ളത്തിലുള്ളതായി അവര്‍ ഭാവിച്ചതുകൂടിയില്ല.
ചാക്കിറക്കാന്‍ സുലൈമാന്റെ ചായക്കടയുടെ പിന്നില്‍ വള്ളമടുപ്പിക്കുമ്പോള്‍ കട അടഞ്ഞുകിടക്കുന്നു.
''സുലൈമാനിന്നു തൊറന്നില്ല. ഒരു മരിച്ചടക്കിനു പോയേക്കുവാ.'' ജെട്ടിയിലെ മാടക്കടക്കാരന്‍ ഗോപാലനാണത് പറഞ്ഞത്.
''ഒടനേയെങ്ങാന്‍ വരുവോ? മൂന്നാല് ചാക്കെറക്കാനൊണ്ടാരുന്ന്.''
കേശുപിള്ള ചോദിച്ചു.
''അതിനിവിടെങ്ങുവല്ല മരണം അങ്ങ് പേട്ടേലാ... നാളെ വൈമ്പാടെങ്ങാന്‍ വന്നാലായി.''
''പേട്ടേലാരാ?'''
''അങ്ങേരുടെ വകേലൊരനിയന്‍ ഒരബൂക്കറ്... ങാ... നിങ്ങക്കറിയാരിക്കുവല്ലോ?''
''അയ്യോ ബക്കറിക്കയോ'' ഗോപാലന്‍ പറഞ്ഞു തീര്‍ന്നതും കേശുപിള്ളയും കുഞ്ഞാപ്പിയും ഒരുമിച്ചാണ് ചോദിച്ചത്.
''പ്രഷറ് കൂടി തലകറങ്ങി വീണതേയൊള്ള്. ആശൂത്രീച്ചെല്ലുന്നേന് മുന്നേ പോയി. തലയ്ക്കാത്തെ ഞരമ്പ് പൊട്ടിയതാ.''
''ഹും... ഇത്രേയൊള്ള് മനുഷ്യന്റെ കാര്യം. ഞങ്ങള് വരുമ്പം ഇവിടെ കണ്ടേക്കാന്ന് പറഞ്ഞ്, അങ്ങേര് ബുധനാഴ്ച പേട്ടേന്നു കേറ്റിവിട്ടതാ മൂന്നാല് ചാക്ക് കപ്പ.'' മിണ്ടരുതെന്ന് കുഞ്ഞാപ്പിക്ക് കണ്ണുകൊണ്ടൊരു താക്കീതു നല്‍കി കേശുപിള്ള പറഞ്ഞു.
കുഞ്ഞാപ്പിയെ കൂട്ടാതെതന്നെ കേശുപിള്ള നാല് ചാക്ക് കപ്പയും കരയ്ക്കിറക്കി സുലൈമാന്റെ കടയുടെ ഇറയത്ത് വച്ചു.
''ഞങ്ങള് വിട്ടേക്കുവാ... അങ്ങേര് വരുമ്പം ഒന്നു പറഞ്ഞേക്കണേ...''
ഗോപാലനെ ചട്ടംകെട്ടി പിള്ളേച്ചന്‍ വള്ളത്തില്‍ കയറി.

''വള്ളം തള്ള് കുഞ്ഞാപ്പീ... ഇന്നേലുവൊന്ന് അന്തിക്കുണ്ണന്‍ ചേക്കേറുന്നേന് മുന്‍പ് വീട് പിടിക്കണ്ടെ.''
വള്ളം തള്ളാന്‍ അമാന്തിച്ച കുഞ്ഞാപ്പിയാട് പിള്ളേച്ചന്‍ തട്ടിക്കേറി.
''നിങ്ങളെന്നാത്തിനൊള്ള പൊറപ്പാടാ പിള്ളേച്ചാ... ഈ ചാക്കെന്നാ അവടെ എറക്കാതെ പോന്നെ?'' വള്ളം കരയില്‍നിന്ന് അകന്നപ്പോഴെ കുഞ്ഞാപ്പി ചോദിച്ചത് കേശുപിള്ള കേട്ടില്ലെന്നു നടിച്ചു.
''ഈ കാശിന്റെ കാര്യമോര്‍ത്ത് ആതിപൂതിയെളകിയാ അതിയാന്‍ പോയത്... ഇതിലാരുന്ന് അങ്ങേരുടെ പ്രാണന്‍.''
അതിനും മൗനം തന്നെയായിരുന്നു കേശുപിള്ളയുടെ മറുപടി. പിന്നെ കുഞ്ഞാപ്പി ഒന്നും ചോദിക്കാന്‍ പോയില്ല. വള്ളം കായലിന്റെ പാതിയും പിന്നിട്ടു.

''എടാ... കുഞ്ഞാപ്പീ... ആ മുക്കടക്കടവില്‍ എന്നാത്തിനാ ചാരുമാനം ഒണ്ടാക്കീരിക്കുന്നെ.''
നീണ്ട മൗനത്തിനു ശേഷം കേശുപിള്ള ചോദിച്ചു.
''അതു താഴേന്ന് മേലോട്ട് ചരക്കുകള് കേറ്റിക്കൊണ്ട് പോകാന്‍'' കേശുപിള്ളേടെ ഉള്ളിലിരിപ്പ് വെളിപ്പെട്ടില്ലെങ്കിലും കുഞ്ഞാപ്പി പറഞ്ഞു.
''ആണല്ലോ. അതുപോലെ താഴ്ച്ചേക്കെടക്കുന്ന നമ്മടെ ജീവിതത്തിന് മേലോട്ടുകേറാന്‍ ആ ബക്കറിക്ക പോക്കുമ്പൊറത്ത് വെച്ചുതന്ന ഒരു ചാരുമാനമല്ലേടാ ഈ ചാക്കുകെട്ട്.''
''വെല്ലോരും വെച്ച ചാരുമാനത്തിന് അടിവിരിവൊണ്ടോന്ന് അറിയാനൊക്കുകേല പിള്ളേച്ചാ. അതേക്കേറി നടുവുളുക്കാന്‍ എനിക്ക് നേരയില്ല.''
പിള്ളേച്ചന്റെ സംസാരം എങ്ങോട്ടാണ് തത്തിപ്പിടിച്ച് കേറുന്നത് എന്നു തിരിഞ്ഞപ്പഴേ കുഞ്ഞാപ്പി കയ്യൊഴിഞ്ഞു. 
''എന്റേടാ നീയിങ്ങനെ എതിരൂട് നിക്കാതെ. ഒന്ന് നേരുപാട് ചിന്തിച്ചു നോക്കിക്കെ.''
കേശുപിള്ള കുഞ്ഞാപ്പിയെ ഗുണദോഷിക്കാന്‍ തുടങ്ങി.
''പേട്ടേല്‍ ഒരു ദെവസം എന്തോരം വള്ളക്കാര് വന്ന് പോണ്. എന്നിട്ടും ഇക്കായത് നമ്മടെയ്ല്‍ തന്നെ തന്നേ. കൃത്യം ഇന്നുതന്നെ അങ്ങേര് ഞെരമ്പ് പൊട്ടിച്ചത്ത്. അതും പോട്ടെ, നമ്മടെയ്ല്‍ ഇതു തരുന്നേന് മിന്നെയോ തിരിയെ കൊടുത്തേന് ശേഷോ ആകാരുന്നല്ലോ അങ്ങേരുടെ മരണം. അതാ പറയുന്നെ, ഇതു നമ്മക്ക് വിധിച്ചിട്ടൊള്ളതാ... നമ്മക്കിത് പപ്പാതിയെടുക്കാടാ...''
''പിള്ളേച്ചനെടുത്തോ... എനിക്കെന്നായാലും വേണ്ട. ഞാനായിട്ടിതാരോടും പറയാനുമ്പോണില്ല.''
കുഞ്ഞാപ്പി ഒരു നിമിഷം നിര്‍ത്തി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

''വേര്‍ക്കാതെ കിട്ടിയ വറ്റേന്ന് ഏമ്പക്കം വരിയേലന്നാ എന്റപ്പന്‍ എന്നോട് പറഞ്ഞിട്ടൊള്ളത്. ഇന്നുവരെ ഞാനത് തെറ്റിച്ചിട്ടില്ല. എന്നെക്കൊണ്ടത് പറ്റുകേല പിള്ളേച്ചാ.''
കുഞ്ഞാപ്പി അറത്തുമുറിച്ച് പറഞ്ഞതോടെ കേശുപിള്ളയുടെ മനസ്സ് പലവിചാരങ്ങളുടെ ചുഴിക്കുത്തില്‍പ്പെട്ടു.
''മക്കളെ പേടിച്ചാണ് ബക്കറിക്ക ഈ കാശവിടുന്ന് മാറ്റീരിക്കുന്നത്. അപ്പം അവന്മാര്‍ക്കിത് അറിയാന്‍ തരമില്ല. വള്ളമെത്തുമ്പോ മൊഹമ്മേ കണ്ടേക്കാന്നു പറഞ്ഞിരുന്നകൊണ്ട് മൊഹമ്മേലും ആരോടും ഇത് മുമ്പേറ് പറഞ്ഞു കാണുകേല. അപ്പപ്പിന്നെ ഇക്കാര്യം അറിയാവുന്ന മൂന്നേമൂന്ന് പേര് ഇക്കായും ഞാനും കുഞ്ഞാപ്പീം മാത്രം. അതില്‍ ഇക്കായിനിയില്ല. പിന്നെപ്പോയിട്ട് ഞാനല്ലാതൊള്ളത് കുഞ്ഞാപ്പി മാത്രം. അവനാണെങ്കി അമ്പിനും വില്ലിനും അടുക്കുന്നുവില്ല. കുഞ്ഞാപ്പി ആള് പാവമാ... തന്നെ ചതിക്കാനായിട്ട് അവനിതാരോടും പറയുകേല. പക്ഷേ, ഇത്രേം വെല്യൊരു രഹസ്യം പൊറത്തു പോകാതെ പൊതിഞ്ഞുപിടിക്കാനൊള്ള മനക്കട്ടി അവനില്ല. അറിയാതവന്റെ വായീന്നെങ്ങാന്‍ വീണുപോയാത്തന്നെ കാര്യങ്ങള് കൊഴയും.'' ഒരു തീരുമാനത്തില്‍ ഉറയ്ക്കാനാവാതെ കേശുപിള്ളയുടെ മനസ്സ് കായല്‍ക്കാറ്റില്‍പ്പെട്ട തോണിയായി ഉലഞ്ഞു.

''ഇതുവരെ നടക്കാത്ത രണ്ട് മോഹങ്ങളാ എനിക്ക്... ഒന്ന് ചത്തുകെടക്കുമ്പം കൊള്ളിവെക്കാന്‍ സ്വന്തം ചോരേലൊരു ആണ്‍തരി വേണോന്നായിരുന്ന്... അതിനീം നടക്കുവെന്നു തോന്നുന്നില്ല... പിന്നെയൊള്ളത് നാട്ടില്‍ വന്നൊരാള് വരിക്കമാലിത്തറവാട് ചോദിച്ചാ തന്റെ വീട്ടിലേയ്ക്ക് ചൂണ്ടാന്‍ കരക്കാര്‍ക്ക് തോന്നുമ്പോലെ, അമ്മാവനേക്കാള്‍ വളരണോന്നാരുന്ന്... ചെലപ്പഴാണെ അത് നടത്താന്‍ ഈ ബക്കറിക്കായൊരു നിമിത്തമായതാരിക്കും'' എന്ന് പിള്ളേച്ചനു തോന്നിത്തുടങ്ങി.
''ആ തോപ്പിലോട്ട് ചേര്‍ക്കെടാ. പ്രഭാകരന്‍ അന്തിചെത്താന്‍ വന്നെങ്കി നമ്മക്കൊന്ന് തൊണ്ട നനച്ചേച്ചും പോകാം.''
ആര്‍ ബ്ലോക്കിലെ തെങ്ങിന്‍തോപ്പടുത്തപ്പോള്‍ കേശുപിള്ള കുഞ്ഞാപ്പിയോട് പറഞ്ഞു.
പ്രഭാകരന്‍ അപ്പോള്‍ ഊറ്റിവെച്ച ചെത്തു കള്ള് കൈവെള്ളം മാത്രം തളിച്ചത് ലിറ്ററു കപ്പിന് ഈരണ്ടു വീതം ഇരുവരും അകത്താക്കി. നേരിയ പുളിയും മധുരവും പുനയുന്ന ആ പാനീയം തൊണ്ടയിലൂടെ ഇഴഞ്ഞപ്പോള്‍ പകലുകൊണ്ട വെയിലു മുഴുവന്‍, തീയില്‍ പഴുത്ത പച്ചിരുമ്പില്‍ വീണ വെള്ളംപോലെ തലയില്‍നിന്നു പൊങ്ങുന്നതായി കുഞ്ഞാപ്പിക്കു തോന്നി.

''നല്ല രസ്യന്‍ കള്ള് പക്ഷേ, തീരെ കലിപ്പില്ല.'' കപ്പ് താഴെ വെച്ച് വലതുകയ്യുടെ പുറംകൊണ്ട് കിറി തുടച്ച് കേശുപിള്ള പറഞ്ഞു.
''ഒവ്വ... പ്രഭാകരന്റെ കള്ളിനു കലിപ്പ് പോരെന്ന് ഇവടൊരുത്തനും പറഞ്ഞിട്ടില്ല. ഇച്ചിരികഴിയട്ടെ. അവങ്കേറി കൊളുത്തും. പിള്ളേച്ചന്‍ മുട്ടേലെഴയും'' പ്രഭാകരന്‍ പറഞ്ഞു ചിരിച്ചു.

''പിള്ളേച്ചന്‍ ചെലപ്പം മുട്ടേലെഴഞ്ഞെന്നിരിക്കും. അതു കള്ള് തലയ്ക്ക് പിടിക്കുമ്പഴല്ലന്നേയൊള്ള്''
പ്രഭാകരന്റെ ഭാര്യ രമണിയോട് കൂടിപ്പിരിഞ്ഞ അവസാന രാത്രി, കേശുപിള്ളയുടെ ഉള്ളില്‍ ഉറയൂരി നിവര്‍ന്നു.
കള്ളിനു കുറ്റം പറഞ്ഞെങ്കിലും അവിടുന്നു വള്ളം തള്ളും മുന്‍പ്, വള്ളത്തില്‍ കുടിവെള്ളമെടുക്കുന്ന മണ്‍കലം നിറയെ കള്ളുവാങ്ങി പിള്ളേച്ചന്‍ അയാളിരിക്കുന്ന കോതുപടിയില്‍ തിരികയിട്ട് വെച്ചു. കാറ്റ് പിടിക്കാന്‍ കെട്ടിയ പായ പോലെ ഇരുട്ടൊരു കട്ടി വിരിപ്പായി വള്ളത്തിലിളകി. 
വള്ളം നീങ്ങിത്തുടങ്ങിയപ്പോള്‍ കേശുപിള്ള, കുഞ്ഞാപ്പി കാണാതെ തന്റെ തോര്‍ത്ത് കീറി ബക്കറിക്ക കൊടുത്തുവിട്ട കഞ്ചാവ് കയ്യിലിട്ടു തിരുമ്മി അതില്‍ കിഴികെട്ടി കള്ളുങ്കലത്തിലിട്ടു.

ഊന്നി അടുത്തെത്തുന്ന മുറയ്ക്ക് ഇടയ്ക്കിടെ പിള്ളേച്ചന്‍ ഓരോ കോപ്പ മുക്കി മുക്കി കൊടുത്ത് കുഞ്ഞാപ്പിയെ കുടിപ്പിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍, കഞ്ചാവു നീരിറങ്ങിയ കള്ളിന്റെ ലഹരി കുഞ്ഞാപ്പിയുടെ ഞരമ്പുകളില്‍ കുളമ്പടിയൊച്ചകള്‍ കേള്‍പ്പിച്ചു പാഞ്ഞു. അയാള്‍ക്ക് മേലും നാക്കും കുഴഞ്ഞു.

''പിള്ളേച്ചാ തല കറങ്ങുന്നപോലെ. നമ്മക്കൊന്ന് നടുനൂര്‍ത്തേച്ചും പോയാലോ.''
''മതിയെടാ ഇനിയിപ്പം എന്നാത്തിനാ ധിറുതി.''
തിരുവാര്‍പ്പിലെ വെട്ടിക്കാട്ട് ഭാഗത്ത്, ഒമ്പതിനായിരം പാടശേഖരത്തിന്റെ വടക്കുപടിഞ്ഞാറേ കെട്ടില്‍ കുഞ്ഞാപ്പി വള്ളം അടുപ്പിച്ചു. അമരക്കോതിലെ പടിയില്‍ കുഞ്ഞാപ്പിയും തലയ്ക്കന്‍ കോതിലെ പടിയില്‍ കേശുപിള്ളയും കിടന്നു. അബോധത്തിന്റെ കയത്തിലേയ്ക്കുള്ള കുഞ്ഞാപ്പിയുടെ താഴ്ച്ച ബോധ്യപ്പെട്ട നിമിഷം കേശുപിള്ള മെല്ലെ എഴുന്നേറ്റ് അയാളുടെ അടുത്തെത്തി. കുഞ്ഞാപ്പിയെ കുലുക്കിവിളിച്ചു. നേര്‍ത്തൊരു ഞരക്കം മാത്രം അയാളില്‍നിന്നു പുറത്തുവന്നു. അയാളുടെ തുറന്നുമലച്ച വായില്‍ നിന്നൊഴുകി തലയ്ക്കു ചുറ്റും തളം കെട്ടിക്കിടന്ന നുരയും പതയും വള്ളപ്പടിയുടെ കറുത്ത പ്രതലത്തില്‍, ദൈവങ്ങളുടെ ചിത്രത്തിലെ പ്രഭാവലയം പോലെ തിളങ്ങിനിന്നു. മലര്‍ന്നുകിടന്ന കുഞ്ഞാപ്പിയെ കേശുപിള്ള ബലമായി ചരിച്ചുകിടത്തി. വേരറ്റ മരംപോലെ ആ തടി മറിഞ്ഞുവന്നു.

ഇനി നേരം കളയാനില്ലെന്നു വെളിപ്പെട്ട കേശുപിള്ള വളവരയ്ക്ക് ചേര്‍ന്നിരുന്ന അരകല്ലും പടുത മൂടിക്കെട്ടുന്ന കയറുമെടുത്ത് വേഗം കുഞ്ഞാപ്പിക്കടുത്തെത്തി. ചരിഞ്ഞുകിടക്കുന്ന കുഞ്ഞാപ്പിയുടെ പുറത്ത് ആ അരകല്ല് ചേര്‍ത്തുവച്ചു കയറിനു വരിഞ്ഞുകെട്ടി. കുഞ്ഞാപ്പിയുടെ വലംകയ്യിലെ ആറാം വിരല്‍ മാത്രം ആ കയറുചുറ്റിനു വെളിയിലേയ്ക്ക് നിശ്ശബ്ദമായൊരു ചോദ്യം ചെയ്യലിനു ചൂണ്ടിപ്പിടിച്ചതുപോലെ തനിക്കു നേരെ നിവര്‍ന്നുനില്‍ക്കുന്നത് റാന്തല്‍ വെട്ടത്തില്‍ കേശുപിള്ളയുടെ കണ്ണില്‍ തറച്ചു. ഒട്ടും അമാന്തിക്കാതെ മീനച്ചിലാര്‍ വേമ്പനാട്ടു കായലിന്റെ ആഴത്തിലൊളിക്കുന്ന വെട്ടിക്കാട്ടെ കയത്തിലേയ്ക്ക് അയാള്‍ വള്ളം നീക്കി. നടുവിലെത്തിയതും കുഞ്ഞാപ്പിയുടെ അനക്കമില്ലാത്ത ശരീരം ആ കായല്‍ക്കയത്തിലേയ്ക്ക് കേശുപിള്ള തള്ളിമറിച്ചു. ഇരുട്ടിന്റെ തിരുനെറ്റിയില്‍ തുറന്ന മൂന്നാം കണ്ണായി അകലെനിന്നും ഒരു കൊച്ചുവള്ളത്തിലെ വെളിച്ചം അടുത്തടുത്ത് വരുന്നത് കേശുപിള്ള കണ്ടു. ആ വള്ളം അടുത്തെത്തിയതോടെ വെള്ളത്തിന്റെ അടിത്തട്ടില്‍നിന്നും ഉയരുന്ന കുഞ്ഞാപ്പിയുടെ ദീനമായ വിലാപം ഞൊരിയും കുമിളയുമായി മേല്‍ത്തട്ടില്‍ വന്ന് അലമുറയിട്ടു പൊട്ടുന്നതുകണ്ട് മരണം ഉറപ്പാക്കാന്‍ നില്‍ക്കാതെ കേശുപിള്ള വള്ളം തള്ളി, കഴുക്കോല്‍ നീട്ടിനീട്ടിയൂന്നി. തന്റെ വീട്ടുകടവില്‍ വള്ളം കെട്ടി കുളിച്ചു കേറുന്നതുവരെ അയാള്‍ പിന്നെ തിരിഞ്ഞുനോക്കിയില്ല.

പിറ്റേന്നു പുലര്‍ച്ചെ തന്നെ കേശുപിള്ള കുഞ്ഞാപ്പിയുടെ കൂരയിലെത്തി.
''കുഞ്ഞാപ്പീ... എടാ കുഞ്ഞാപ്പീ.''
കേശുപിള്ളയുടെ വിളികേട്ട് കുഞ്ഞാപ്പിയുടെ ഭാര്യ ചിന്ന ഇറങ്ങിവന്നു.
''അയ്യോ... അതിയാന്‍ വന്നില്ലല്ലോ പിള്ളേച്ചാ. നിങ്ങളൊന്നിച്ചല്ലേ വന്നെ. വരുമ്പം ഞാന്‍ അങ്ങോട്ട് പറഞ്ഞുവിടാം.''
''വേണ്ട വേണ്ട... മേലാല്‍ എന്റെ പര്യമ്പ്രത്ത് കണ്ടുപോകരുതെന്നു പറയണം ആ നന്ദി കെട്ടവനോട്.''
''അയ്യോ അതെന്നാ പെണഞ്ഞ് പിള്ളേച്ചാ.''
''പെണഞ്ഞതൊന്നും പറയാതിരിക്കുന്നതാ ഭേദം. മൊഹമ്മേല്‍, കെട്ടിയോന്‍ ചത്തൊരു മരയ്ക്കാത്തി പെണ്ണുവായിട്ട് അവനു ചെല എടപാടുകളൊണ്ട്. നിന്നേം മക്കളേം കരുതി അതു നടക്കുകേലന്നു ഞാന്‍ വെലക്കി. എന്നെ ചീത്തേം തെറീം പറഞ്ഞേച്ച് അവന്‍ വള്ളത്തേന്ന് എറങ്ങിപ്പോയി. കെട്ടെറങ്ങുമ്പം വരുവെന്നു കരുതി ഞാനിരിപ്പും തൊടങ്ങി. മുതുപാതിര ആയിട്ടും കാണാതെ വന്നപ്പം ഒരു വിധത്തി ഞാനൊറ്റയ്ക്കാ ഉന്തീം തള്ളീം വള്ളമിങ്ങെത്തിച്ചെ.
പറഞ്ഞുകഴിഞ്ഞ് പിള്ളേച്ചന്‍ ദേഷ്യത്തോടെ തിരിഞ്ഞപ്പോള്‍, പിന്നിലൊരു കൊടുങ്കാറ്റായി വീശിയ ചിന്നപ്പെണ്ണിന്റെ തല്ലിയലേം നെലവിളീം കാറ്റുപിടിക്കാത്ത മരമ്പോലുള്ള പിള്ളേച്ചനെ തൊട്ടില്ല.

കുഞ്ഞാപ്പിയുടെ വീട്ടില്‍നിന്നു വന്നയുടന്‍ കേശുപിള്ള അതിരമ്പുഴയ്ക്ക് പോയി സെയ്താലിയെക്കണ്ട് പണ്ട് പറഞ്ഞ ഉസ്താദിന്റെ ഒറ്റമൂലി മരുന്നെത്തിക്കാനുള്ള ഇടപാട് ചെയ്തു. കാശിത്തിരി കൂടുതലായെങ്കിലും ബക്കറിക്കയുടെ ചാക്കുകെട്ട് കയ്യിലെത്തിയ നേട്ടത്തില്‍ കേശുപിള്ള അതൊരു നഷ്ടമായി എണ്ണിയില്ല. 
''പൊറമേ പൊരട്ടാനോ ഉള്ളിലേയ്‌ക്കോ?''
നാലുദിവസം കഴിഞ്ഞ് മരുന്നുമായെത്തിയ സെയ്താലിയോട് കേശുപിള്ള ചോദിച്ചു.
''പൊറമേയല്ല. അകത്തേയ്‌ക്കൊള്ളതാ.''
''ആര്ടെ അവള്‍ടെയോ'' കേശുപിള്ള ആകാംക്ഷപ്പെട്ടു.
''അവരുടെ അകത്തേയ്ക്ക് ഇതല്ല'' എന്നു പറയാനാണ് നാക്ക് ചൊറിഞ്ഞതെങ്കിലും സെയ്താലി മാന്യത വിട്ടില്ല.
''രണ്ടാളും കഴിക്കണം. കഴിക്കേണ്ട സമയോം രീതീമെല്ലാം അതിനാത്തെ കുറിപ്പടീലൊണ്ട്.''
''കുപ്പിയോടെ വിഴുങ്ങരുത്. ചില്ലാണ്, ദഹിക്കിയേല'' താന്‍ മടങ്ങും മുന്‍പേ പൊതിയഴിക്കാനുള്ള പിള്ളേച്ചന്റെ തിടുക്കം കണ്ട് സെയ്താലി കളിയാക്കി.

''ആര്‍ത്തവം തുടങ്ങി പന്ത്രണ്ട് മുതല്‍ പതിനാറ് വരെയുള്ള നാലു ദിവസത്തെ ഔഷധ സേവയും സ്ത്രീ പുരുഷ സംഭോഗവും സന്താനലബ്ധിക്ക് അത്യുത്തമം'' - കുറിപ്പടി വായിച്ച കേശുപിള്ള ലക്ഷ്മിക്കുട്ടിയെ സ്‌നേഹത്തോടെ അടുത്തുവിളിച്ചു കാര്യങ്ങള്‍ ചോദിച്ചു. കെട്ടുകഴിഞ്ഞ് പത്തിരുപത് കൊല്ലമായിയിട്ടും തിരക്കാത്ത കാര്യങ്ങളെക്കുറിച്ചുള്ള അതിയാന്റെ അന്വേഷണത്തിലെ പടുതിമാറ്റം അവരെ ആശങ്കപ്പെടുത്തി.
ലക്ഷ്മിക്കുട്ടിയുടെ കണക്ക് പ്രകാരം കുറിപ്പടിയിലെ ഉത്തമ ദിവസങ്ങളാണ് അന്നുമുതലുള്ള നാലുദിവസങ്ങളെന്ന തിരിച്ചറിവ് പിള്ളേച്ചനെ അത്യാവേശത്തിന്റെ കുന്തപ്പുറം കേറ്റി. കുളിയും നനയും കഴിഞ്ഞു രണ്ടാളും പ്രാര്‍ത്ഥനയോടെ മരുന്നു സേവിച്ചു. മരുന്ന് ഉള്ളില്‍ ചെന്നിട്ടും ലക്ഷ്മിക്കുട്ടിക്ക് പ്രത്യേകിച്ചെന്തെങ്കിലും തോന്നിയില്ല. എന്നാല്‍, പിള്ളേച്ചന്‍ ആളാകെ മാറി. താനൊരു ഉദ്ധരിച്ച ലിംഗം മാത്രമാണെന്ന് അയാള്‍ക്കു തോന്നിത്തുടങ്ങി. തന്റെ ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളും അതൊന്നിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള അധിക നിര്‍മ്മിതികള്‍ മാത്രമാണെന്നൊരു വിചാരത്തിലേയ്ക്ക് കേശുപിള്ള ഉയര്‍ന്നുനിന്നു. പിന്നീടങ്ങോട്ട് നാലുദിവസം തീപിടിച്ച കമ്പപ്പുരയായി പിള്ളേച്ചന്‍ നിന്നു കത്തി. പച്ചമണ്ണില്‍ മെനഞ്ഞ കമ്പത്തറയായി ലക്ഷ്മിക്കുട്ടി വെന്തുനീറിക്കിടന്നു. മരുന്നിന്റെ കൂട്ടുകൊണ്ടോ പിള്ളേച്ചന്റെ കാട്ടല്‍കൊണ്ടോ അടുത്ത വട്ടം പൂര്‍ത്തിയാക്കാനാവാതെ ലക്ഷ്മിക്കുട്ടിയുടെ ആര്‍ത്തവചക്രം ഏങ്കോണിച്ചു. 

കുഞ്ഞാപ്പി പോയതോടെ പിള്ളേച്ചനു ശുക്രനുദിച്ചെന്നു നാട്ടുകാരും പറഞ്ഞുതുടങ്ങി. ഗര്‍ഭിണിയായതോടെ പിള്ളേച്ചന്‍ ഭാര്യയെ കണ്ണിലെ കൃഷ്ണമണിയാക്കി. പേറും പ്രസവരക്ഷേം കഴിയുന്നതുവരെ മറ്റെങ്ങും പോവാന്‍ പാടില്ലെന്ന ഉറപ്പില്‍ വയറ്റാട്ടി ജാനകിയെ പിള്ളേച്ചന്‍ കൂലീം ചെലവും കൊടുത്ത് ലക്ഷ്മിക്കുട്ടിയുടെ കൂടെത്തന്നെ താമസിപ്പിച്ചു. പുതിയൊരു ഊന്നക്കാരനെ സംഘടിപ്പിച്ച അയാള്‍ കച്ചവടം പണ്ടത്തേക്കാള്‍ തകൃതിയായി മുന്നോട്ടുകൊണ്ടുപോയി. 

''പോണ വഴീ അതിയാനെയെങ്ങാന്‍ കാണാറൊണ്ടോ പിള്ളേച്ചാ.''
കുഞ്ഞാപ്പിയുടെ വീടിരിക്കുന്ന ആറ്റുതീരത്തെ കടവിലൂടെ കേശുപിള്ള ഒരു ദിവസം കൊച്ചുവള്ളത്തില്‍ പോകുമ്പോള്‍ കുഞ്ഞാപ്പിയുടെ ഭാര്യ ചിന്ന ചോദിച്ചു. മേലാകെ കരപ്പന്‍ പൊട്ടിയ മൂന്നാമത്ത കൊച്ചിനെ കടവില്‍ നിര്‍ത്തി ഇഞ്ച തേച്ച് കുളിപ്പിക്കുകയായിരുന്നു ചിന്നപ്പെണ്ണ്.
''ഒണ്ടോന്ന് ചോയ്ച്ചാ... അതീപ്പിന്നെ ഞങ്ങള് നേര്‍ക്കുനേരെ കണ്ടിട്ടില്ല. പക്ഷേ, രണ്ടാഴ്ച മുന്നെ ഒരു സംഭവമൊണ്ടായി. മൊഹമ്മ ഷാപ്പിന്റെ മുവ്വാതീലീക്കൊടെ ഞാനകത്തോട്ട് കേറുകേം പൊറകീന്നൊരുത്തന്‍ ഉളി ചാണ്ടുന്നപോലൊരു പോക്ക്.''
''അപ്പോ മൊഹം കണ്ടില്ലല്ലേ.''
കുഞ്ഞിന്റെ ദേഹത്തെ തേരും ഒരേം നിര്‍ത്തി ചിന്ന നിവര്‍ന്നുനിന്ന് പിള്ളേച്ചന്റെ മുഖത്തേയ്ക്ക് ദയനീയമായി നോക്കി.
''എന്തിനാ മൊഹം. അവന്റെ മട്ടും മാതിരീം ഏതൊറക്കത്തി കണ്ടാലും എനിക്ക് നിന്നേക്കാ തിട്ടമാ. എത്ര കൊല്ലവെന്റെ നെഴലുപോലെ നടന്നവനാ.''
വള്ളം നീങ്ങാതിരിക്കാന്‍ പിള്ളേച്ചന്‍ തുഴത്തുമ്പ്‌കൊണ്ട് വെള്ളത്തിന്റെ മേല്‍ത്തട്ടില്‍ പയ്യെ തത്തിത്തത്തി നിന്നു.
''പിള്ളേച്ചനൊന്ന് വിളിക്കാമ്മേലാരുന്നോ'' - ചിന്നേടെ തൊണ്ടയിടറി.
''നല്ല ചേലായി. എന്റെ അനക്കം കേട്ടപ്പഴെ ഓടിപ്പാഞ്ഞവന്‍, വിളിച്ചാപ്പിന്നെ നിക്കുവോ.''
''എന്നിട്ട് എങ്ങനെയാ ആകെ മെലിഞ്ഞ് കോലങ്കെട്ടാണോ ഇരിക്കുന്നെ'' ചിന്ന കെട്ടിയോനോടുള്ള സ്‌നേഹംകൊണ്ട് തിരക്കി.
''എവ്ടെ ഇച്ചിരെ തടിച്ചിട്ടൊണ്ടെങ്കിലേയൊള്ള്. നല്ല പനങ്കുറ്റിപോലാ ഇരിക്കുന്നെ.''
ഒന്നു നിര്‍ത്തിയിട്ട് പിള്ളേച്ചന്‍ തുടര്‍ന്നു: ''ങാ... മരയ്ക്കാത്തിക്ക് പിന്നെ പിള്ളേരും പിറുങ്ങണീം ഒന്നുവില്ലല്ലോ. രണ്ടും ഒറ്റയ്ക്കല്ലെ. തീറ്റിക്കൊന്നും ഒരു കൊറവും കാണുകേല.''

അതു കേട്ടതും ചിന്നപ്പെണ്ണ് പിന്നേം കൊച്ചിന്റെ മേല് തേക്കാന്‍ തുടങ്ങി. കേട്ടതിന്റെ കലിപ്പ് മുഴുവന്‍ അവള്‍ ഇഞ്ചകൊണ്ട് കൊച്ചിന്റെ കരപ്പന്റെ പുറത്ത് തീര്‍ത്തു. നീറ്റലെടുത്ത ചെക്കന്‍ വലിയവായില്‍ കീറ്റാന്‍ തുടങ്ങിയ തക്കത്തില്‍ പിള്ളേച്ചന്‍ പയ്യെ വള്ളം വിട്ടുപോയി.
ആലപ്പുഴയിലും മുഹമ്മയിലുമൊക്കെ പോയുള്ള മടങ്ങിവരവില്‍ പിള്ളേച്ചന്‍ ചരക്കുകള്‍ക്കൊപ്പം പിന്നെയും കുഞ്ഞാപ്പിയെക്കുറിച്ച് ഓരോരോ കഥകള്‍ കൊണ്ടുവരാന്‍ തുടങ്ങി. ''ആലപ്പൊഴ ചന്തേലെ ചായക്കടേടെ പൊറകി പാത്രം കഴുകിക്കൊണ്ട് നിക്കുമ്പം പിള്ളേച്ചനെക്കണ്ട് അപ്രത്യക്ഷനായ കുഞ്ഞാപ്പി.'' ''അര്‍ത്തുങ്കല്‍ പള്ളീലെ റാസാ നടക്കുമ്പം ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞ കുഞ്ഞാപ്പി.'' അങ്ങനെയങ്ങനെ പിള്ളേച്ചന്റെ കഥകളില്‍ പല പല വേഷത്തില്‍ കുഞ്ഞാപ്പി നിറഞ്ഞു പൊറുത്തു.

അബദ്ധത്തിലൊരുത്തന്റെ കൈപ്പിടിയില്‍ തലപെട്ട വിഷപ്പാമ്പിനെപ്പോലെ, ആഞ്ഞുകൊത്താനും ഇഴഞ്ഞുപായാനും വയ്യാത്ത ഗതികേടില്‍ ബക്കറിക്കയുടെ നോട്ടുഞ്ചാക്ക് മാത്രം പുറത്തിറങ്ങാനൊരു പഴുതുനോക്കി കേശുപിള്ളയുടെ കൈവശമിരുന്നു മുഷിഞ്ഞു. ഇത്രയും കാശിനു കാലങ്ങളോളം കാവലിരുന്നപ്പോള്‍ ബക്കറിക്ക അനുഭവിച്ച തിക്കുമുട്ടല്‍ കേശുപിള്ള നേരിട്ടറിഞ്ഞു.
പത്തും നൂറുമായി ആ നോട്ടുകള്‍ പയ്യെപ്പയ്യെ പുറത്തിറക്കാമെന്ന് കേശുപിള്ള തീര്‍ച്ചപ്പെടുത്തിയ ഒരു ദിവസം, പുലിക്കുട്ടിശ്ശേരി കടവില്‍ ഒരു വള്ളത്തില്‍ നാലു ചെറുപ്പക്കാര്‍ വന്നിറങ്ങി. ഒത്ത പൊക്കവും വണ്ണവുമുള്ള നാല് കെടാമുട്ടന്മാര്‍. വെളുപ്പിനുള്ള കേറ്റിറക്കും കച്ചോടവും കഴിഞ്ഞ് കടവിലെ തിരക്കൊഴിഞ്ഞ നേരമാണ്.

''ഈ കേശുപിള്ളാന്നു പറയുന്നവന്റെ വീടേതാ?''
രാവിലത്തെ പണികഴിഞ്ഞ് കടവിനടുത്തുള്ള മാഞ്ചോട്ടില്‍ തെറുപ്പുബീഡി പുകച്ചിരുന്ന ചുമട്ടുകാരന്‍ വേലാച്ചി ചോദ്യത്തിന്റെ കനംകൊണ്ട് തന്നെ എഴുന്നേറ്റുപോയി.

''ആ വഴി പോയിട്ട് മൂന്നാമത്തെ വീട്'' പിള്ളേച്ചന്റെ വീട്ടിലേയ്ക്കുള്ള വഴി ചൂണ്ടി വേലാച്ചി പറഞ്ഞു.
വഴി അറിഞ്ഞതും വന്നവര്‍ നാലും അങ്ങോട്ടു നടന്നു. ''ആരാ... എവിടുന്നാ... എന്നാ കാര്യം'' തുടങ്ങിയ വേലാച്ചിയുടെ ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ കടവില്‍ത്തന്നെ കിടന്നു.

നടന്നുവരുന്ന ആളുകളെ കണ്ടപ്പോള്‍ത്തന്നെ തിണ്ണയിലിരുന്ന പിള്ളേച്ചന്റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി.
''ആരാ'' അവര്‍ അടുത്തെത്തിയതും വെപ്രാളം പുറത്തുകാട്ടാതെ കേശുപിള്ള ചോദിച്ചു.
''ഞങ്ങള് പേട്ടേലെ അബൂബക്കറിന്റെ മക്കളാ'' കൂട്ടത്തില്‍ പ്രായം കൂടിയതെന്നു തോന്നിക്കുന്ന ആള്‍ പറഞ്ഞു.
''ആഹാ... ബക്കറിക്കായുടെ മക്കളോ... കേറി വാ ഇരിക്കാം.''
''ഇരിക്കാനൊന്നുവില്ല. ആ ചാക്കിങ്ങ് തന്നാ ഞങ്ങള് പൊക്കോളാം.''
''ഏത് ചാക്ക്? നിങ്ങളെന്നാ പറയുന്നെ?'' ഒച്ചകൊണ്ട് തന്നെ കേശുപിള്ള അവര്‍ക്കുമേല്‍ പൊങ്ങി. അനര്‍ഹമായതെന്തോ ചോദിച്ചുവന്നവരെപ്പോലെ അവരൊന്നു പതുങ്ങി.
''വേണ്ട, ഒച്ചേം ബഹളോം വെച്ച് പൊറത്തറിഞ്ഞാ ഞങ്ങള്‍ക്കു മാത്രമല്ല, നിങ്ങക്കും കൊഴപ്പാ. അതോണ്ട് പയ്യെ പറഞ്ഞാ മതി. മരിക്കുന്നേനു മുന്‍പ് ഞങ്ങടെ വാപ്പാ നിങ്ങടെ വള്ളത്തേല്‍ കേറ്റിവിട്ട ആ ചാക്കിനാ ഞങ്ങള് വന്നത്. അതു കിട്ടാതെ ഞങ്ങള് പോകുകേല.''
കൃത്യമായ കണക്കും രേഖേമില്ലാത്തകൊണ്ട് ഈ കാശിനുവേണ്ടിയൊരു കയ്യാങ്കളിക്കോ ഏറ്റുമുട്ടലിനോ ഇവന്മാര് തയ്യാറാകില്ലെന്നൊരു തോന്നല്‍ നല്‍കിയ ആശ്വാസത്തില്‍ പിള്ളേച്ചന്‍ പറഞ്ഞുതുടങ്ങി:

''ബക്കറിക്കാ അന്ന് മൂന്നാല് ചാക്ക് ഒണക്കുകപ്പ ഞങ്ങടെയ്ല്‍ തന്നുവിട്ടെന്നൊള്ളത് നേരാ. ഞങ്ങളത് മുഹമ്മേ എറക്കുവേം ചെയ്തു. അതല്ലാതെ എന്നാ ചാക്കിന്റെ കാര്യാ നിങ്ങളീ പറേന്നതെന്ന് എനിക്കറിയാമ്മേല.''
''ബാപ്പാ കേറ്റിവിട്ട ഒരു ചാക്കില്‍ നെറയെ കാശാരുന്ന്. അതു നിങ്ങള് മൊഹമ്മേല്‍ എറക്കീട്ടില്ല. അതാ ഞങ്ങള്‍ക്ക് വേണ്ടത്.''
''നിങ്ങളെയാരാ ഈ ഇല്ലാക്കഥ പറഞ്ഞ് പറ്റിച്ചെ? ചുമ്മാ ഒരു ചാക്കിന്റാത്ത് കാശുങ്കേറ്റി വള്ളത്തേ തന്നുവിടാമ്മാത്രം വെളിവും വെള്ളിയാഴ്ച്ചേം ഇല്ലാത്തവനാരുന്നോ ബക്കറിക്കാ.''
''ബാപ്പ കാശ് ചാക്കിക്കേറ്റുന്നത് ഒരാള് കണ്ടതാ. പേട്ടച്ചന്തേ ചൊമടെടുക്കുന്ന പാണ്ടിച്ചെക്കന്‍ മാമരശ്. അവനാ അന്നാ ചാക്കുകള് കടവിലോട്ട് ചൊമന്ന് വെച്ചത്. അവനത് കണ്ടകാര്യം ബാപ്പായൊട്ട് അറിഞ്ഞതുമില്ല. അന്നാ ചാക്കുകള് ചൊമന്ന് വെച്ചത് അവനാന്നറിഞ്ഞ് ഞങ്ങളൊന്ന് വെരട്ടിയേപ്പിന്നാ അവനിത് പറഞ്ഞത് '
'എന്നാപ്പിന്നെ ഞങ്ങളത് എറക്കീട്ട് പോന്നു കഴിഞ്ഞ് സുലൈമാനിക്കാ എങ്ങാന്‍ മാറ്റിയതാണേലോ'' കേശുപിള്ള അടുത്തചോട് നീട്ടിച്ചവിട്ടി.
''അതില്ല. ഞങ്ങളൊരുമിച്ച് പോയാ ആ ചാക്ക് തൊറന്നത്. അതീ കപ്പയല്ലാതെ ഒന്നുവില്ലാരുന്ന്.''
''എന്നാപ്പിന്നെ ഈ കാശ് കണ്ടെന്നു പറേന്നവന് തോന്നിതയാണെങ്കിലോ.''
''എന്നാലും വാപ്പാ ഇത്രേങ്കാലം കച്ചോടം ചെയ്ത കാശെവിടേലും കാണണ്ടെ.''
പിള്ളേച്ചന്‍ കുറച്ചുനേരം മിണ്ടാതെ വലിയ ആലോചനയിലാണ്ടെന്നപോലെ  ഇരുന്നു.
''നിങ്ങളിത്ര തറപ്പിച്ചു പറേന്നകൊണ്ട് എനിക്കിപ്പം വേറൊരു സംശ്യം തോന്നുവാ. അന്നു പേട്ടേന്നു ചാക്ക് കേറ്റിയതും മൊഹമ്മേല്‍ എറക്കിയതും കുഞ്ഞാപ്പിയാ. അവനറിയാതെ ആ കാശ് എങ്ങും പോകുകേല.''
''അതാരാ ഈ കുഞ്ഞാപ്പി. അവനെ വിളിക്ക്.''
''അതല്ലേ കൊഴപ്പം. അവന്‍ എന്റെ ഊന്നക്കാരനാരുന്ന്. അന്നത്തെ രാത്രി മൊഹമ്മേ വെച്ച് ഞങ്ങള് തമ്മി ഒന്നും രണ്ടും പറഞ്ഞൊന്ന് തെറ്റി. അവന്‍ എന്നെ ചീത്തേം തെറീം വിളിച്ചിട്ട് വള്ളത്തേന്ന് എറങ്ങിപ്പോയി. ഈ മൂന്നാല് മാസത്തിനെടെ പിന്നീടിന്നുവരെ ഞാനവനെ കണ്ടിട്ടില്ല.''
പിള്ളേച്ചന്‍ തലയുയര്‍ത്തി അവരെ നാലുപേരെയും നോക്കി. അവരും പരസ്പരം മുഖാമുഖം നോക്കി.
''നിങ്ങള് പറഞ്ഞത് നേരാ... ആ കാശവനു കിട്ടിക്കാണും. ചുമ്മാതല്ല കള്ളക്കഴുവേര്‍ട മോന്‍ മുങ്ങീട്ടിതുവരെ പൊങ്ങാത്തെ'' പിള്ളേച്ചന്‍ തറപ്പിച്ചു പറഞ്ഞു.
''ഇപ്പം നിങ്ങളെ വിശ്വസിച്ച് ഞങ്ങള് പോകുവാ. അവനെ തപ്പീട്ട് കിട്ടിയില്ലെങ്കി ഞങ്ങളിനീം വരും.''
''നിങ്ങളീ കരേലെറങ്ങിയൊന്ന് തെരക്കി നോക്ക് ഈ കേശുപിള്ളയാരാന്ന്. ജന്മംകൊണ്ട് വിധിച്ച തറവാട്ടുസൊത്ത്‌പോലും വേണ്ടന്നു വെച്ച് ഇട്ടെറിഞ്ഞു പോന്നവനാ... പത്ത് ചക്രത്തിനുവേണ്ടി ഒരുത്തനേം ചതിക്കേണ്ട കാര്യം കേശുപിള്ളയ്ക്കില്ല.''

ബക്കറിക്കയുടെ മക്കള്‍ മടങ്ങിയെങ്കിലും കാശുടനെ പുറത്തിറക്കേണ്ട എന്ന തീരുമാനത്തില്‍ പിള്ളേച്ചന്‍ എത്തി. പിന്നെയും പലവട്ടം അവരിവിടെ വന്നുപോയെങ്കിലും പിള്ളേച്ചനില്‍നിന്നും കൂടുതലൊന്നും കിട്ടാതായതോടെ കുഞ്ഞാപ്പി തന്നെ പ്രതിയെന്ന് അവരും ഉറപ്പിച്ചു.
പിന്നീടങ്ങോട്ട് കേശുപിള്ള പറയാതെതന്നെ സില്‍ക്കുജുബ്ബേം കസവുമുണ്ടും പൊന്നുകെട്ടിയ രുദ്രാക്ഷമാലേം സ്വര്‍ണ്ണച്ചെയിനുമൊക്കെയുള്ള പുതുപ്പണക്കാരന്റെ വേഷത്തില്‍ പലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട് കുഞ്ഞാപ്പി നാട്ടുകാരുടെ കഥകളില്‍ ചിരഞ്ജീവിയായി. വന്നു വന്ന് കുഞ്ഞാപ്പി എവിടെങ്കിലും ജീവിച്ചിരുന്നു തന്നോട് പ്രതികാരം ചെയ്യാന്‍ മടങ്ങിവരുമോയെന്ന് കേശുപിള്ള പോലും ഭയക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം കുഞ്ഞാപ്പിയുടെ ഭാര്യയും മക്കളും നാട്ടില്‍നിന്ന് അപ്രത്യക്ഷരായി. രായ്ക്കുരാമാനം കുഞ്ഞാപ്പി വന്ന് അവരെ കൂട്ടിക്കൊണ്ട് പോയതാണെന്ന് ഒരു കഥ നാട്ടില്‍ പരന്നത് പിള്ളേച്ചന്റെ കാതിലുമെത്തി. അതോടെ അന്നു പിന്നാലെ വള്ളത്തിലെത്തിയവര്‍ താന്‍ പോയപുറകെ കുഞ്ഞാപ്പിയെ രക്ഷിച്ചെന്നൊരു തീര്‍പ്പിലെത്തിയ പിള്ളേച്ചന് ഉറക്കം മുറിഞ്ഞുള്ള കാറിച്ച പതിവായി.

ബാപ്പാ ജീവിച്ചിരുന്ന കാലം ചന്തയിലോട്ട് തിരിഞ്ഞുനോക്കാതിരുന്ന ബക്കറിക്കയുടെ മക്കള്‍, വല്ലവരുടേയും കടകളില്‍ ചുമടെടുത്തും വണ്ടിവലിച്ചും കിട്ടുന്ന കാശെല്ലാം സ്വരുക്കൂട്ടിവെച്ച് കൃത്യമായ ഇടവേളകളില്‍ കുഞ്ഞാപ്പിയെ തപ്പി വണ്ടീം വള്ളോം പിടിച്ച് ആലപ്പുഴയുടെ മുക്കും മൂലയും അലഞ്ഞുതിരിഞ്ഞു. നിരാശരായുള്ള ഓരോ മടങ്ങിവരവിലും കാശോ കപ്പയോയെന്ന് ഓര്‍ത്തുനോക്കാന്‍ പറഞ്ഞ് ആ പാണ്ടിപ്പയ്യനെ ചോദ്യവും ഭേദ്യവും ചെയ്തു. രണ്ടുപറഞ്ഞാലും അടി ഉറപ്പായതോടെ കപ്പതന്നെയെന്ന് അവന്‍ തീര്‍ച്ചപ്പെടുത്തി. എന്നിട്ടും കുറേക്കാലം കൂടി അവനെ പിന്‍തുടര്‍ന്ന അവര്‍, അവന്‍ വെളിക്കിറങ്ങാന്‍ പോകുന്ന ആറ്റിറമ്പിലും കാട്ടുപൊന്തയിലും പോലും മാറിമാറി പതിയിരുന്നു കൊതുകുകടി കൊണ്ടു. പോകപ്പോകെ മടുത്തുതുടങ്ങിയ അവര്‍ അങ്ങനെയൊന്നു നടന്നിട്ടില്ലായെന്നു വിശ്വസിക്കാന്‍ കഴിയുംവിധം നിര്‍മമതയിലേയ്ക്കും നിസ്സംഗതയിലേയ്ക്കും ഉയര്‍ന്ന്, ചുമടെടുത്തും വണ്ടിവലിച്ചും കുഞ്ഞുകുട്ടി പരാധീനങ്ങളുമായി തട്ടിമുട്ടി ജീവിച്ചു. 

ലക്ഷ്മിക്കുട്ടിയുടെ പ്രസവം കഴിഞ്ഞിട്ട് ബക്കറിക്കയുടെ കാശിറക്കി പുതിയ ചില ഇടപാടുകള്‍ തുടങ്ങുന്നതിനെക്കുറിച്ചുള്ള കൂട്ടലും കിഴിക്കലുമായി പിള്ളേച്ചന്‍ നേരം കൊന്നിരുന്ന ഒരു മൂവന്തിയിലാണ് അവര് പേറ്റുനോവെടുത്ത് നിലവിളി തുടങ്ങിയത്. ലക്ഷ്മിക്കുട്ടി കിടന്ന വീടിനോട് ചേര്‍ന്നുള്ള ചായ്പ്പില്‍ കയറി വയറ്റാട്ടി ജാനകിത്തള്ള മറ ചാരിയതും കേശുപിള്ള വെപ്രാളപ്പെട്ട് വട്ടോം നീളോം നടക്കാന്‍ തുടങ്ങി.
ചായ്പ്പില്‍നിന്നു കുഞ്ഞിന്റെ കരച്ചില്‍ കേട്ടതും കേട്ടറിവുള്ള ക്ഷേത്രങ്ങളിലേയ്‌ക്കെല്ലാം ചുറ്റുവിളക്ക് നേര്‍ന്നു മുറ്റത്ത് ഉലാത്തിക്കൊണ്ടിരുന്ന കേശുപിള്ളയുടെ നെഞ്ചിടിപ്പ് നേരെയായി. കുഞ്ഞിനെ കണ്‍നിറച്ച് കാണാനുള്ള കൊതിയാല്‍ പിള്ളേച്ചന്‍ ചായിപ്പിനു പുറത്ത് തിടുക്കം കൂട്ടി. കുഞ്ഞിനെ തൂത്ത് തുടയ്ക്കുമ്പോള്‍ അവന്റെ വലതുകയ്യിലെ മടക്കിപ്പിടിച്ച അഞ്ചു വിരലുകള്‍ക്കു ശേഷം ചെറുവിരലിനോട് ചേര്‍ന്ന് ഒരാറാം വിരല്‍ നിവര്‍ന്നു നില്‍ക്കുന്നതുകണ്ട വയറ്റാട്ടി ജാനകിത്തള്ളയ്ക്ക് സന്തോഷമായി. കുഞ്ഞിന്റെ ഭാഗ്യവിരല്‍ കാട്ടി പിള്ളേച്ചന്റെ കയ്യീന്ന് നാല് ചക്രം കൂടുതല്‍ വാങ്ങാമെന്ന കോളോര്‍ത്ത് അവര്‍ക്കുള്ളില്‍ ഒരു ആര്‍പ്പുകുരവ ചിതറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com