ടാബുലാ റാസാ

അങ്ങനെയൊരു സ്ഥലമോ പാർപ്പോ ആ സമയം ഞാനും ആഗ്രഹിച്ചിരുന്നു.
ടാബുലാ റാസാ

A mother’s love liberates.

- Maya Angelou

മ്മ മരിച്ച് ഇരുപത്തിരണ്ടു ദിവസങ്ങൾക്കു ശേഷം ആദ്യമായി ഞാൻ കുറച്ചു ദിവസത്തേയ്ക്ക് ഒരു യാത്ര പുറപ്പെട്ടതായിരുന്നു, തമിഴ്‌നാടിനോട് ചേർന്നുള്ള ഒരു ചെറിയ പട്ടണത്തിലേക്ക്. ആയിടെ അവിടെയുള്ള ഒരു വാടക വീട്ടിലേക്ക് താമസം മാറിയ എന്റെ ഒരു സുഹൃത്തിന്റെ അടുത്തേയ്ക്കായിരുന്നു യാത്ര. മൂന്നു വർഷത്തിനു ശേഷം കാണുകയുമായിരുന്നു, ഞങ്ങൾ. അവളാകട്ടെ, അതുവരെയും ചെയ്തിരുന്ന അദ്ധ്യാപന ജോലി ഉപേക്ഷിച്ച്, കുറച്ചുനാൾ ഒന്നും ചെയ്യാതിരിക്കാൻ തീരുമാനിച്ചിരിക്കുകയുമായിരുന്നു.

നിന്റെ വരവ് ഇപ്പോൾ എനിക്കും നല്ലതാണ്” അവൾ ഫോണിൽ എന്നോട് പറഞ്ഞു. “നമ്മുക്ക് കുറച്ചു ദിവസം ഇവിടെ പാചകം ചെയ്തും ചെടികൾക്ക് വെള്ളമൊഴിച്ചും കൂടാം.”

ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക

അങ്ങനെയൊരു സ്ഥലമോ പാർപ്പോ ആ സമയം ഞാനും ആഗ്രഹിച്ചിരുന്നു. ഒരുപക്ഷേ, ചില വേർപാടുകൾ പതുക്കെ തേഞ്ഞുപോവാൻ തുടങ്ങുന്നതും ഇങ്ങനെയാകാം. അങ്ങനെയാണ് അധികം വൈകാതെ കഴിഞ്ഞ സെപ്റ്റംബറിലെ ആദ്യത്തെ ചൊവ്വാഴ്ച ഞാൻ യാത്ര പുറപ്പെട്ടതും. എന്നാൽ, ഇപ്പോൾ, ആ യാത്രയുടെ ആദ്യത്തെ ദിവസത്തിന്റേയും അവസാനത്തെ ദിവസത്തിന്റേയും ഇടയിൽ, എന്റെ ആ യാത്രതന്നെ, ഒരൊറ്റ ഓര്‍മ്മയിൽ കോര്‍ത്തിട്ടിരിക്കുന്നു എന്നു തോന്നും; അല്ലെങ്കിൽ, അകന്നുപോകുന്ന ചില വിടപറച്ചിലുകൾ അദൃശ്യമായ ഒരു വലയത്തിൽ നമ്മെ എക്കാലത്തേയ്ക്കുമായി നിര്‍ത്തിപ്പോവുകയാണ് എന്നും.

അന്നു രാവിലെ, സുഹൃത്ത് പാര്‍ക്കുന്ന പട്ടണത്തിലേക്കു പുറപ്പെടുന്ന ബസിൽ മറ്റു യാത്രക്കാര്‍ക്കുമൊപ്പം ഞാൻ ഇരിക്കുകയായിരുന്നു, എട്ടോ ഒന്‍പതോ വയസ്സ് തോന്നിക്കുന്ന ഒരാൺകുട്ടി ബസിലേക്ക് കയറിവന്നു. പിന്നെ, അവൻ, ഞങ്ങൾ യാത്രക്കാരുടെ ഓരോരുത്തരുടേയും മടിയിൽ, മലയാളത്തിൽ അച്ചടിച്ച ഓരോ പോസ്റ്റ് കാര്‍ഡ് വെച്ച്, ബസിന്റെ മുന്‍ഭാഗത്ത്, ഡ്രൈവർ ഇരിക്കുന്ന സീറ്റിനരികിലേക്കു നടന്നു, അവിടെ, ഞങ്ങൾ യാത്രക്കാര്‍ക്ക് അഭിമുഖമായി നിന്നു. അവനോടൊപ്പം കയറിവന്നതുപോലെയുള്ള ഒരുതരം ശൂന്യതയോടെ ചിലപ്പോൾ ഞങ്ങളേയും ചിലപ്പോൾ ബസിനു പുറത്തേക്കും അവൻ നോക്കുന്നുണ്ടായിരുന്നു. മുഴുവനായും ഒഴിഞ്ഞ ഒരിടത്തെ നേരിടുന്നപോലെ. ഞാൻ മടിയിൽനിന്നും എനിക്കു കിട്ടിയ പോസ്റ്റ് കാര്‍ഡ് എടുത്ത്, പുറത്തുനിന്നെത്തുന്ന വെളിച്ചത്തിലേക്കു നീട്ടിപ്പിടിച്ചു; കാര്‍ഡിൽ, മായാൻ തുടങ്ങുന്നപോലുള്ള അക്ഷരങ്ങളിൽ എഴുതിയതു വായിക്കാൻ തുടങ്ങി.

സംസ്ഥാനത്തുതന്നെ ഉണ്ടായ വലിയൊരു ഉരുള്‍പ്പൊട്ടലിൽ, തമിഴ്‌നാടിന്റേയും കേരളത്തിന്റേയും അതിര്‍ത്തിയിലെ ജില്ലയിലായിരുന്നു അതു നടന്നത്, ആൺകുട്ടിക്കും അവന്റെ സഹോദരിക്കും അവര്‍ക്ക് ആകെയുണ്ടായിരുന്ന അവരുടെ അമ്മയെ നഷ്ടപ്പെട്ടിട്ടുണ്ട്. ആ ഉരുള്‍പ്പൊട്ടലിൽ അവര്‍ക്ക് അവരുടെ വീടും നഷ്ടപ്പെട്ടു. ഇപ്പോൾ താമസിക്കാൻ വീടോ കൂടെ പാര്‍പ്പിക്കാൻ ഉറ്റവരോ അവര്‍ക്കില്ല. സ്കൂളിൽ പോകണമെന്നും പഠിക്കണമെന്നുമുണ്ട്. താമസിക്കാൻ ഒരു ചെറിയ വീട് വേണമെന്നുണ്ട്. അതിനു കനിയണം...

ഞാൻ അവന്റെ സഹോദരിയെ കാണാൻ തലയുയർത്തി. അവനെപ്പോലെത്തന്നെ കറുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടി, അവളുടെ സഹോദരനേക്കാൾ ഒന്നോ രണ്ടോ വയസ്സ് കുറവായിരിക്കും അവള്‍ക്ക്, ഇപ്പോൾ ബസിന്റെ പിറകുവശത്തെ വാതിലിന്റെ ചവിട്ടുപടിയിൽ ബസിലേക്കു നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. പതുക്കെ, അവൾ ബസിന്റെ ഉള്ളിലേക്കു കയറിവന്നു, യാത്രക്കാർ ഓരോരുത്തരുടേയും മുന്‍പിൽ അല്‍പ്പസമയം മാത്രം നിന്ന് അവളുടെ മെലിഞ്ഞ ഇളംകൈ നീട്ടിപ്പിടിച്ചു. അങ്ങനെ, എല്ലാവരേയും കണ്ടുകൊണ്ട് പെണ്‍കുട്ടി പതുക്കെ മുന്‍പോട്ട് നടക്കാൻ തുടങ്ങി...

ഇത്രയും നിശ്ശബ്ദമായ മുഖങ്ങൾ ഇനി കാണുകയേ ഇല്ല എന്ന് ആ കുട്ടികളെ നോക്കിക്കൊണ്ടു ഞാൻ വിചാരിച്ചു. അവരുടെ ഉടലുകളിലും അവരുടെ പ്രവൃത്തികളിലും അവരുടെ എളിയ വസ്ത്രങ്ങളിലും അതേ നിശ്ശബ്ദത പടര്‍ന്നിരിക്കുന്നു എന്നും തോന്നി. ഞാൻ കാര്‍ഡ് എന്റെ മടിയിൽ തന്നെ വെച്ച്, ഞാൻ ഇരിക്കുന്നിടത്തേയ്ക്കും പെണ്‍കുട്ടി എത്തുന്നതും നോക്കി ഇരുന്നു...

അതേ നിമിഷങ്ങളില്‍ത്തന്നെ, ബസിലേക്ക് ഡ്രൈവർ ധൃതിയിൽ കയറിവരികയും കുട്ടികളോട് വേഗം ബസിൽനിന്നും ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. അതേ ധൃതിയിൽ അയാൾ തന്റെ സീറ്റിലേക്ക് ഇരുന്ന് ബസ് സ്റ്റാര്‍ട്ട് ചെയ്തു, രണ്ടുതവണ ഹോൺ മുഴക്കി. കുട്ടികൾ ഇറങ്ങിപ്പോയോ എന്ന് അറിയാൻ ഒരുവട്ടം തിരിഞ്ഞുനോക്കി. അതേ ധൃതിയില്‍ത്തന്നെ, ഞങ്ങളുടെ മടിയിൽനിന്നും കാര്‍ഡുകൾ എടുത്ത് കുട്ടികൾ ബസിന്റെ പിൻവാതിലിലൂടെ പുറത്തേയ്ക്ക് പെട്ടെന്ന് ഇറങ്ങി. ആ സമയത്താണ് പുറത്ത് ബസ് സ്റ്റാന്റിലെ ഒരു തൂണിന്റെ മറവിൽ നില്‍ക്കുന്ന ഒരു യുവതിയെ ഞാൻ ശ്രദ്ധിച്ചത്. അത്രയും സമയം, അവൾ ബസിലേക്കു തന്നെ നോക്കി നില്‍ക്കുകയായിരുന്നു എന്ന് എനിക്കു തോന്നി. അല്ലെങ്കിൽ, ഇതെല്ലാം അവളും കാണുകയായിരുന്നു. ഒരുവേള, യുവതി എന്നെ നോക്കി പുഞ്ചിരിച്ചതുപോലെയും എനിക്കു തോന്നി. തൊട്ടുപിന്നെ, ബസ് മുന്‍പോട്ട് പോകുന്നതിനുമൊപ്പം, പിറകിലേക്ക് പിറകിലേക്ക് ആ കാഴ്ചയും മാഞ്ഞു മാഞ്ഞു പോയി...

എന്റെ അരികിലെ ഒഴിഞ്ഞ സീറ്റിൽ ആരായിരിക്കും ഇനി ഇരിക്കാൻ പോകുന്നത് എന്നു സങ്കല്പിച്ച്, അങ്ങനെ ഇരിക്കാനെത്തുന്ന പരിചിതരേയും അപരിചിതരേയും സങ്കല്പിച്ച്, ഞാൻ ബസിനു പുറത്തേയ്ക്ക് നോക്കി ഇരുന്നു. ബസ് അതിവേഗം പട്ടണം വിടുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം ബസ് ഒരു വലിയ കയറ്റത്തിലേക്ക് എത്തി, പിന്നെ പതുക്കെ കയറ്റം ഇറങ്ങാൻ തുടങ്ങി. റോഡിന്റെ രണ്ടു ഭാഗത്തും ഒരിക്കൽ ഉണ്ടായിരുന്ന കാടിന്റെ ഓര്‍മ്മയിൽ വലുതും ചെറുതുമായ മരങ്ങൾ നിൽക്കുന്നുണ്ടായിരുന്നു. തെളിഞ്ഞ ആകാശത്തിൽ മേഘങ്ങൾ സഞ്ചരിക്കുന്നുണ്ടായിരുന്നു. ഒരു കാറ്റ് ബസിനൊപ്പം തന്നെ ഇറങ്ങുന്നുണ്ടായിരുന്നു. ആ സമയത്താണ് അപ്പോഴും എന്റെ മടിയിൽത്തന്നെ കിടക്കുന്ന പോസ്റ്റ് കാര്‍ഡ് ഞാൻ ശ്രദ്ധിച്ചത്...

കുട്ടികൾ എന്റെ മടിയിൽനിന്നും കാര്‍ഡ് എടുക്കാൻ മറന്നിരിക്കുന്നു.

എനിക്ക് എന്തോ വല്ലാതെ തോന്നി. എന്തുചെയ്യണമെന്നറിയാതെ ഞാൻ കാര്‍ഡ് കയ്യിലെടുത്തു. ഒന്നുകൂടി അതിൽ എഴുതിയതു വായിച്ചു. ആ കുട്ടികളെ ഓര്‍ത്തു. കൂടെ യാത്ര ചെയ്യുന്ന ആരുടെയെങ്കിലും കയ്യിൽ, ഇതേപോലെ ഒരു കാര്‍ഡ് ഉണ്ടോ എന്നു നോക്കി. കുറച്ചു നിമിഷങ്ങള്‍ കൂടി അങ്ങനെ ഇരുന്നിരിക്കണം, പിന്നെ, ബസിനു പിറകോട്ട് പായുന്ന കാറ്റിലേക്ക്, ബസിനു പുറത്തേയ്ക്ക് ആ കാര്‍ഡ് ഞാൻ പറത്തിവിട്ടു... അതേ നിമിഷത്തിൽ, എവിടെ നിന്നെറിയാതെ ബസ് സ്റ്റാന്റിൽ എന്നെത്തന്നെ നോക്കിനിന്നിരുന്ന യുവതിയേയും എനിക്ക് ഓര്‍മ്മവന്നു. അവൾ എന്നെ നോക്കി പുഞ്ചിരിച്ചത് ഇപ്പോൾ ഞാൻ ചെയ്ത ഈ പ്രവൃത്തി ഇതിനും മുന്‍പേ കണ്ടുകൊണ്ടതാകും എന്നും തോന്നി...

ഞാൻ കണ്ണുകൾ അടച്ചു...

സുഹൃത്തിന്റെ വീട്ടിലെ ആദ്യത്തെ രണ്ടു ദിവസം അവൾ പറഞ്ഞതുപോലെ പാചകവും ചെടി നനയ്ക്കലുമായി കഴിഞ്ഞു. ഒരു വൈകുന്നേരം അവളുടെ കൂടെ തമിഴ്ച്ഛായയുള്ള ഒരു ഗ്രാമം കാണാൻ പോയി. ആ ദിവസങ്ങളിൽ അവിടെ അവളുണ്ടാക്കിയ പരിചയക്കാരെ എനിക്കും പരിചയപ്പെടുത്തി തന്നു. ഒരു ദിവസം രാവിലെ, അവൾ എന്നോട് എന്റെ അമ്മയെക്കുറിച്ച് ചോദിച്ചു. അവളുടെ മാറിനും അടിവയറ്റിനുമിടയിലെ ഇളംചൂടിൽ ഞാൻ മുഖം പൂഴ്ത്തിവെച്ച് കിടക്കുകയായിരുന്നു. അവളെന്റെ അരക്കെട്ടിൽ എനിക്കില്ലാത്ത അരഞ്ഞാണത്തിന്റെ കണ്ണികൾ പോലെ ചെറിയ ചെറിയ വട്ടങ്ങൾ വരയ്ക്കുകയായിരുന്നു.

നിന്നെ പ്രസവിക്കുമ്പോൾ നിന്റെ അമ്മയ്ക്ക് എത്ര വയസ്സായിരുന്നു എന്നറിയുമോ?” അവൾ എന്നോട് ചോദിച്ചു. “എന്തായാലും നിന്റെ ഇപ്പോഴത്തെ പ്രായം ആയിരിക്കാൻ വഴിയില്ല.”

എന്റെ അരക്കെട്ടിൽ കൈ അമര്‍ത്തി, എന്നെ ഇക്കിളിയാക്കി അവൾ ചിരിച്ചു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

അതേപോലെ കിടന്നുകൊണ്ടുതന്നെ ഞാൻ അമ്മയുടെ പ്രായം ഓര്‍ക്കാൻ ശ്രമിച്ചു. എണ്‍പത്തിയൊന്‍പതു വയസ്സു വരെ ജീവിച്ച, ആയിടെ മാത്രം മരിച്ച അമ്മയുടെ പല പ്രായങ്ങൾ എനിക്ക് ഓര്‍മ്മവന്നു. ഏറ്റവും ഒടുവിൽ ഞങ്ങൾ, മക്കളെ എല്ലാവരേയും മറന്ന്, ഓര്‍മ്മയൊന്നും വേണ്ടാതെ, ആരെയും കാണാനില്ലാത്തിടത്തേയ്ക്കു നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്ന അമ്മയെ കണ്ടതും എനിക്ക് ഓര്‍മ്മവന്നു. ആ കാഴ്ച ഇപ്പോഴും എന്നെ സങ്കടപ്പെടുത്തി.

ഒരുപക്ഷേ ഇരുപത്തിമൂന്ന്” -ഞാൻ അവളോട് പറഞ്ഞു. “എനിക്കും മുന്‍പേ അമ്മ മൂന്നു പേരെ കൂടി അമ്മ പ്രസവിച്ചു.”

ഇപ്പോൾ വായിലെ ഏതോ മധുരം നഷ്ടപ്പെട്ടതുപോലെ എനിക്കു തോന്നി. ഞാൻ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു. എന്റെ സുഹൃത്ത് എന്നെ നോക്കി പുഞ്ചിരിച്ചു. അവളുടെ അരികിലേക്കു തന്നെ എന്നെ പിടിച്ചുകിടത്തി. എന്റെ നെറ്റിയിലും കവിളിലും ഓരോ ഉമ്മ തന്നു. പിന്നെ, അവളുടെ ചെറിയ പ്രായത്തിൽ തന്നെ മരിച്ചുപോയ അവളുടെ അമ്മയെക്കുറിച്ചു പറഞ്ഞു.

അവളും അവളുടെ അമ്മയും താമസിച്ചിരുന്നത് ഒരു റെയിൽവെ ക്രോസിനടുത്തായിരുന്നു. അതിനോടുതന്നെ ചേര്‍ന്നുനില്‍ക്കുന്ന ഒരു ഒറ്റമുറി വീട്ടിൽ. അവളുടെ അച്ഛൻ അതേ റെയില്‍വെ ക്രോസിലെ കീപ്പറായി വര്‍ഷങ്ങളായി ജോലി നോക്കുന്നുണ്ടായിരുന്നു. ഒരു രാത്രി അവളുടെ അച്ഛൻ അവിടെ വെച്ചുതന്നെ വണ്ടിതട്ടി മരിച്ചപ്പോൾ അയാളുടെ ജോലി താല്‍ക്കാലികമായി അവളുടെ അമ്മയ്ക്കു കിട്ടി. കയ്യിൽ പച്ചയും ചോപ്പും കൊടികളും രാത്രികളിൽ അതേ കൊടികളുടെ കൂടെ നല്ല പ്രകാശമുള്ള വിളക്കും പിടിച്ച്, വണ്ടി വരുന്ന ദിശയിലേക്കു നോക്കി നിൽക്കുന്ന അമ്മയെയാണ് അവള്‍ക്ക് പലപ്പോഴും ഓര്‍മ്മവരാറുള്ളത് എന്ന് എന്റെ സുഹൃത്ത് പറഞ്ഞു. ചിലപ്പോൾ അതേ കാഴ്ച തന്നെ അവൾ സ്വപ്നത്തിലും കണ്ടു.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ അവളുടെ മനസ്സ് ഓര്‍മ്മകളോ ഓര്‍മ്മകളുടെ നിഴലുകളോ ഒന്നുമില്ലാത്ത ഒഴിഞ്ഞ ഇടമാണ് എന്നു പറയാറുണ്ട്” -അവൾ പറഞ്ഞു. “ആ അവസ്ഥയ്ക്ക് ഒരു പേരും പറയാറുണ്ട്: ‘ടാബുലാ റാസാ.’ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. “ക്ലീൻ സ്ലേറ്റ് എന്നാണ് ആ ലാറ്റിൻ വാക്കിന്റെ ഇംഗ്ലീഷ് അര്‍ത്ഥം.”

കുറച്ചുനേരം എന്തോ ഓര്‍ത്ത് അവൾ കണ്ണുകളടച്ചു. വീണ്ടും എന്നെ നോക്കി പുഞ്ചിരിച്ചു.

ഒരു രാത്രി ആ പച്ചക്കൊടി എന്റെ കയ്യിൽ തന്ന് എന്നെ ജനാലയ്ക്കൽ ചെറിയ ഒരു സ്റ്റൂളിൽ അമ്മ കയറ്റിനിര്‍ത്തി. അതേ ജനാലക്കൽ അങ്ങനെ നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ആണ് ആ വഴി കടന്നുപോകുന്ന വണ്ടികൾ ഞാൻ കാണാറുള്ളത്. അന്ന്, അവിടെ അങ്ങനെ നിന്നുകൊണ്ട് വണ്ടി കടന്നുപോകുന്നതുവരെയും ആ പച്ചക്കൊടി വീശി കാണിക്കാൻ അമ്മ എന്നോടു പറഞ്ഞു. കൊടിപിടിച്ചിരുന്ന എന്റെ ചെറിയ കൈ അമ്മ തന്നെ ജനലിലൂടെ പുറത്തേയ്ക്ക് നീട്ടിവെച്ചു. പിന്നെ ഞാൻ കാണുന്നത് ദൂരെനിന്നും പാഞ്ഞുവരുന്ന വണ്ടിയുടെ നേരെ ഓടുന്ന, അതിലും വേഗത്തിൽ വണ്ടിയോടു മത്സരിക്കുന്ന അമ്മയെയാണ്. അപ്പോഴും കൊടിവീശി കാണിക്കുന്ന എനിക്ക് പെട്ടെന്ന് ഒന്നും കാണാതായി. റെയില്‍വെ ട്രാക്കിലേക്ക് വീഴുന്ന വെളിച്ചമൊഴിച്ച്...”

അതാണ് എന്റെ രണ്ടാമത്തെ ടാബുലാ റാസാ.”

ഇപ്പോഴും അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.

പത്തു ദിവസം കഴിഞ്ഞ് മറ്റൊരു രാവിലെ എന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നും ഞാൻ എന്റെ വീട്ടിലേക്കു തന്നെ മടങ്ങി. അന്ന് വൈകുന്നേരത്തോടെ ഞാനെന്റെ പട്ടണത്തിൽ അതേ ബസ് സ്റ്റാന്റിൽ ബസിറങ്ങുമ്പോൾ ഒരു നിമിഷം, അതേ കുട്ടികളെ ഒരിക്കല്‍ക്കൂടി കാണുമെന്നുതന്നെ ഞാൻ വിചാരിച്ചു. ഒട്ടും വൈകാതെ ഞാനവരെ അവിടെത്തന്നെ കണ്ടുപിടിക്കുകയും ചെയ്തു.

പുറപ്പെടാനിരിക്കുന്ന മറ്റൊരു ബസിൽ ആദ്യം ആ ആൺകുട്ടിയെ കണ്ടു. ഞാൻ നില്‍ക്കുന്ന ദിശയിലേക്കു നോക്കി, ബസിന്റെ ഏറ്റവും മുന്‍പിലത്തെ ഇരിപ്പിടത്തിനടുത്ത് അതേപോലെ ശൂന്യമായ നോട്ടത്തോടെ അവൻ നില്‍ക്കുന്നുണ്ടായിരുന്നു. എങ്കിൽ അവനു പിറകിൽ പതുക്കെ ബസിന്റെ ചവിട്ടുപടി കയറുന്ന പെണ്‍കുട്ടിയുമുണ്ടാകുമെന്നും എനിക്ക് ഉറപ്പായിരുന്നു. എന്നാൽ, എന്നെ അമ്പരപ്പിച്ചുകൊണ്ട് ബസ് സ്റ്റാന്റിൽ ഞാൻ നിന്നിരുന്ന ഇടത്തുനിന്നും രണ്ടോ മൂന്നോ തൂണുകള്‍ക്കപ്പുറത്ത് മറ്റൊരു തൂണിന്റെ മറവിൽ എന്നെത്തന്നെ നോക്കുന്ന അന്നു കണ്ട അതേ യുവതിയേയും ഞാൻ ഇപ്പോൾ കണ്ടു. ഇളകുന്ന ഒരു നിഴൽപോലെ.

അതേ പകൽ, ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയാണ് എന്ന് എനിക്കു തോന്നി. അല്ലെങ്കിൽ ഞാൻ ഇപ്പോഴും അതേ പകലിലാണ് എന്നപോലെ. ഇപ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞതും യുവതി എന്നെ നോക്കി പുഞ്ചിരിച്ചു. തൊട്ടുപിറകെ, എവിടെനിന്നോ വന്ന ഒരു ചെറു ചുഴലി ബസ്റ്റോപ്പിൽ അതുവരെയും താഴ്ന്നുകിടന്നിരുന്ന ചപ്പുചവറുകൾ ഉയർത്തി. ആ കാഴ്ചയേയും ഇളകുന്ന ആ നിഴലിനേയും മായ്‌ചു...

അന്ന് രാത്രി എന്റെ സുഹൃത്ത് “നീ വീട്ടിൽ സുഖമായി എത്തിയോ?” എന്നു ചോദിച്ച് എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് അയച്ചു. അതിനു മറുപടി അയക്കാൻ ഞാൻ തുടങ്ങുമ്പോൾ അവൾ ഒരു വോയ്‌സ് മെസ്സേജ് റെക്കോർഡ് ചെയ്യുന്നതും കണ്ടു.

നീ നിന്റെ പ്രധാനപ്പെട്ട ഒരു വസ്തു ഇവിടെ മറന്നുവെച്ചിരിക്കുന്നു.” അവൾ വോയ്‌സ് മെസ്സേജിൽ പറഞ്ഞു. “നീ ഇനി വിളിക്കുമ്പോൾ പറയാം.” അത് അവൾ ചിരിച്ചുകൊണ്ടാണ് പറഞ്ഞിരിക്കുന്നത്.

ഞാൻ അവളെ അപ്പോള്‍ത്തന്നെ ഫോണിൽ തിരിച്ചു വിളിച്ചു.

എന്താണ് ഞാൻ മറന്നത്?” ഞാൻ ചോദിച്ചു.

അങ്ങനെയൊന്നും മറന്നതായി എത്ര ആലോചിച്ചിട്ടും എനിക്ക് ഓര്‍മ്മയും വന്നില്ല.

നിന്റെ ഐ.ഡി കാര്‍ഡ്” -അവൾ പറഞ്ഞു. “മറ്റൊന്നുമല്ല, നിന്നെ പരിചയപ്പെടുത്തുന്ന നിന്റെ പോസ്റ്റ് കാര്‍ഡ് തന്നെ.”

പിന്നെ പൊട്ടിച്ചിരിച്ചുകൊണ്ട്, അന്നത്തെ ആ യാത്രയിൽ എന്റെ മടിയിൽനിന്നും ആ കുട്ടികൾ എടുക്കാൻ മറന്ന പോസ്റ്റ് കാര്‍ഡിൽ എഴുതിയത്, അതേപോലെ, അവൾ എനിക്കുവേണ്ടി ഫോണിൽ വായിക്കാൻ തുടങ്ങി. ഇപ്പോൾ അവളെ കേള്‍ക്കുന്നതിനും ഒപ്പം പിറകോട്ടു പാഞ്ഞുപോവുന്ന കാറ്റിലേക്കു പറത്തിവിടാൻ, ബസിൽ, പോസ്റ്റ് കാര്‍ഡ് കയ്യിൽ ഉയര്‍ത്തി പിടിച്ചിരിക്കുന്ന എന്നെയും ഞാൻ കണ്ടു...

പക്ഷേ, ആ വലിയ ഉരുള്‍പ്പൊട്ടൽ നടന്ന ദിവസം ഇതിൽ നീ ഒഴിച്ചിട്ടിരിക്കുയാണല്ലോ” എന്റെ സുഹൃത്ത് ചിരി തുടര്‍ന്നുകൊണ്ടുതന്നെ പറഞ്ഞു.

നിന്റെ അമ്മയെ നിനക്കും നിന്റെ ഇല്ലാത്ത സഹോദരിക്കും നഷ്ടപ്പെട്ട ആ തീയതി നീ ഇതിൽ എഴുതിയിട്ടില്ല.”

അതു ഞാൻ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.

ശരിക്കും?” ഞാൻ അവളോട് ചോദിച്ചു.

പിന്നെ ഞാനും അവളുടെ കൂടെ പൊട്ടിച്ചിരിച്ചു...

ഈ കഥ കൂടി വായിക്കാം
ചൂര്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com