'4 പ്രതികള്‍'- എബ്രഹാം മാത്യു എഴുതിയ കഥ

നാല് പശുക്കളും അവയുടെ കിടാങ്ങളും ഒരാടും അയാള്‍ക്ക് സ്വന്തമായുണ്ട്. ഇടങ്ങഴിപാല്‍ വീതം കിട്ടും; തീറ്റ കൂടുന്നത് അനുസരിച്ച് പാല്‍ വിഹിതവും കൂടും
'4 പ്രതികള്‍'- എബ്രഹാം മാത്യു എഴുതിയ കഥ

നാല് പശുക്കളും അവയുടെ കിടാങ്ങളും ഒരാടും അയാള്‍ക്ക് സ്വന്തമായുണ്ട്. ഇടങ്ങഴിപാല്‍ വീതം കിട്ടും; തീറ്റ കൂടുന്നത് അനുസരിച്ച് പാല്‍ വിഹിതവും കൂടും. കിടാങ്ങള്‍ ആവോളം കുടിച്ചുകഴിഞ്ഞുള്ള കണക്കാണ്. ആടിന് കുട്ടികളില്ല; രണ്ടുമാസം കഴിഞ്ഞാല്‍ അതും ഒരമ്മയാകും.

കിണറ്റിന്‍കരയില്‍ വന്നിരുന്ന് തൊഴുത്തിലേക്ക് നോക്കി അയാള്‍, ആ പശുക്കളുടേയും ആടിന്റേയും അഭിമാനിയായ ഉടമ പലതും ചിന്തിക്കും. ചിലതൊക്കെ വിഷമമുണ്ടാക്കുന്ന ഓര്‍മ്മകളാണ്. കൂടുതലും അങ്ങനെത്തന്നെ. തൃപ്തിയും സുഖവും നല്‍കുന്ന കാര്യങ്ങളുമുണ്ട്.  സന്ധ്യക്ക് പുല്ലും വൈക്കോലും വിതറിയിട്ടിട്ട്, കൊതുകിനെ തുരത്താന്‍ നെരിപ്പോടില്‍ തൊണ്ടും ചകിരിയും തിരുകി തീ കത്തിച്ചിട്ട് തിരികെ വന്നിരുന്ന് അയാള്‍ പലതും ഓര്‍ക്കും. ഒന്നുമില്ലാത്തവനായി തുടങ്ങി, ഇപ്പം ദാ കണ്ടില്ലേ, അഞ്ച് നന്ദിയുള്ള ജീവികള്‍ നോക്കി നില്‍ക്കുന്നു. 

നിറയാന്‍ വെമ്പിയ കണ്ണുകളെ ഇരുട്ടില്‍ സ്വതന്ത്രരാക്കിയിട്ട് അയാള്‍ ഒന്നു നെടുവീര്‍പ്പിട്ടു. തൊഴുത്തില്‍, നെരിപ്പോടില്‍നിന്നും പുക ഉയരുന്നുണ്ട്. കൊതുകുകള്‍ക്കിനി രക്ഷയില്ല; വന്നവഴിയേ തിരികെ പായട്ടെ. മകളും ഭാര്യയും കൂടി അത്താഴത്തിനു വകയുണ്ടാക്കുന്ന തട്ടും മുട്ടും കേള്‍ക്കാം. മകന്‍ വന്നിട്ടില്ല. കുറെക്കൂടി സമയമെടുക്കും. രണ്ടുമണിക്കൂര്‍ ട്രെയിന്‍ യാത്രയുണ്ട് ജോലി സ്ഥലത്തേക്ക്; തിരിച്ചും. രണ്ട് ബസ് മാറി കയറുകയും വേണം. മകള്‍ക്ക് ജോലിയൊന്നുമായിട്ടില്ല. പക്ഷേ, വീട്ടില്‍ തീര്‍ത്താല്‍ തീരാത്ത ജോലിയുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ഒരു തൊഴില്‍ ഉറപ്പാകുമെന്നാണ് അവളുടെ വിശ്വാസം.

വളര്‍ത്തുജീവികളോട് അവള്‍ക്കാണു പ്രിയം. പിണ്ണാക്കും പുളിയരിയും ചേര്‍ത്ത് പശുക്കള്‍ക്ക് കഞ്ഞിയുണ്ടാക്കുന്ന പണി ചെറുപ്പം തൊട്ടേ അവര്‍ ഏറ്റെടുത്തിരിക്കുന്നു. മേയ്ക്കാന്‍ കൊണ്ടുപോയിട്ടുവന്ന് തിരികെ തൊഴുത്തില്‍ കെട്ടിയാലുടന്‍ കൊടുക്കാനായി അവള്‍ വലിയ പാത്രങ്ങളില്‍ പുളിയരിക്കഞ്ഞി നിറച്ചുവച്ചിട്ടുണ്ടാവും. അച്ഛനും മകളും ചേര്‍ത്ത് അതെടുത്ത് തൊഴുത്തില്‍ കൊണ്ടുവയ്ക്കും. 

നാല്‍പ്പതുകൊല്ലം മുന്‍പ് ആ മലഞ്ചെരുവില്‍ കയ്യാലപ്പണിക്കായി അയാള്‍ വന്നതാണ്. കയ്യൂക്കുള്ള ചെറുപ്പം. പണി കൂടുതല്‍ കിട്ടി; കൂട്ടുകാരെയും. പിന്നെ വേറെ എവിടെപ്പോകാന്‍? ആദ്യം ഒരു കിടാവിനെ ഏറ്റിനു കിട്ടി. തീറ്റിനിറച്ച് വളര്‍ത്തി, അതു പെറ്റു. കറവ തീര്‍ന്നപ്പോള്‍ കിടാവിനെ സ്വന്തമായി കിട്ടി. തള്ളയെ തിരികെ കൊടുത്തു. അങ്ങനെയാണ് തുടക്കം. ഇപ്പോള്‍ നാല് പശുക്കള്‍; അവയുടെ ഓരോ കിടാങ്ങള്‍; എല്ലാത്തിനും ഏതാണ്ട് ഒരേ പ്രായം. 

രാത്രിയില്‍ മകന്‍ വന്നുകയറിയപ്പോള്‍ വൈകിപ്പോയി. ട്രെയിന്‍ എവിടെയൊക്കെയോ പിടിച്ചിട്ടുവെന്ന് അവന്‍ പറഞ്ഞു. ആകെ ക്ഷീണിച്ചൊരു പരുവമായി. അയാള്‍ക്ക് വിഷമം തോന്നി. മകന് പനിയുടെ ലക്ഷണം തോന്നുന്നുണ്ടെന്ന് തൊട്ടുനോക്കിക്കൊണ്ട്  അമ്മ അറിയിച്ചു. മകളും ശരിവച്ചു:

''ചുട്ടുപൊള്ളുന്നു; വൈറലാരിക്കും.''

ചുക്കും കുരുമുളകും ശര്‍ക്കരയും ചേര്‍ത്ത് കാപ്പിയുണ്ടാക്കി കൊടുത്തു. അവന്‍ മടിച്ചു മടിച്ചാണ് കുടിച്ചത്. കുടിച്ചിട്ടങ്ങു കിടന്നു. അയാളും ചെന്നു തൊട്ടുനോക്കി. തീക്കട്ടയില്‍ തൊടുംപോലെ. പുലര്‍ന്നിട്ട് ആശുപത്രിയില്‍ പോകാമെന്നായി ആലോചന. രാത്രിയില്‍ എവിടെ ചെന്നുപറ്റാന്‍?  

പത്തുപതിനഞ്ച് മൈല്‍ ചെന്നാല്‍ ചെറിയൊരു ആശുപത്രിയുണ്ട്. രാത്രിയില്‍ അത് തുറന്നുവയ്ക്കാറുമില്ല. നല്ല ആശുപത്രിയില്‍ എത്താന്‍ പിന്നെയും ഒരു മണിക്കൂര്‍ യാത്രയുണ്ടാവും. പെങ്ങള്‍ ആങ്ങളയെ തൊട്ടും തലോടിയുമിരുന്നു. ഉറങ്ങിക്കോ, രാവിലെ എല്ലാം ശരിയാകുമെന്നാണവള്‍ പറയുന്നത്. അയാളും അതുതന്നെ രഹസ്യമായി പറഞ്ഞു. രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും എല്ലാം ശരിയാകും.

തൊഴുത്തില്‍ എല്ലാവരും ശാന്തരായി. തമ്മിലടിയില്ല, മത്സരമില്ല, ചോദ്യവും പറച്ചിലുമില്ല. ഇരുട്ടില്‍ മിന്നാമിനുങ്ങുകള്‍ അവസാനത്തെ വെട്ടം കാണിച്ചു; നിലാവുള്ള രാത്രിയായിരുന്നില്ല. ഒരു വരണ്ട കാറ്റുവന്ന് വാഴക്കൈയ്കളെ ഒടിച്ചിട്ട് തിരികെ പൊയ്ക്കളഞ്ഞു.

എന്തുകൊണ്ടോ പോയി കിടക്കാന്‍ 
തോന്നിയില്ല. വേണ്ടാത്ത തോന്നല്‍ ഓടിക്കയറി വരുന്നുണ്ട്. തൊട്ടെതിര്‍വശത്ത് കുറ്റിക്കാടാണ്. അതുകഴിഞ്ഞാല്‍ കൊടുംവനം തുടങ്ങും. കുറ്റിക്കാട്ടില്‍ കാല്‍പെരുമാറ്റങ്ങള്‍പോലെ എന്തോ. രണ്ടുവട്ടം ടോര്‍ച്ചടിച്ചുനോക്കി. ഒന്നുമില്ല. വരണ്ട കാറ്റ് ചിലപ്പോഴൊക്കെ പരിചയമില്ലാത്ത ശബ്ദം കേള്‍പ്പിക്കാറുണ്ട്. കുറെ നേരം കാറ്റിനു കാതോര്‍ത്തിരുന്നു. എല്ലാവരും കിടന്നു. ഇടയ്ക്കെപ്പോഴോ അച്ഛനെന്തിനാ ഉറക്കമിളക്കുന്നതെന്ന് മകള്‍ വിളിച്ചു ചോദിച്ചു. ഭാര്യ കിടക്കേണ്ട താമസം നന്നായങ്ങ് ഉറങ്ങി; പകല്‍ എന്തുംവേണ്ടി പണിചെയ്യുന്നതാ. വീടുകള്‍ തോറും. കടകള്‍തോറും മാറി മാറി പാല്‍ കൊണ്ടുകൊടുക്കുന്നത് ചെറിയ പണിയല്ലല്ലോ. 
  
ഒരിക്കല്‍കൂടി തൊഴുത്തിലേക്ക് ടോര്‍ച്ചടിച്ചു. എല്ലാവരും കിടന്നു. പശുക്കുട്ടികളുടെ കണ്ണുകള്‍ ഗോട്ടികള്‍ പോലെ വെട്ടിത്തിളങ്ങി. ഒരു പശു കാര്യം തിരക്കാനായി എഴുന്നേല്‍ക്കാന്‍ നോക്കി. അയാള്‍ വിലക്കി. ആടുമാത്രം കിടന്നിട്ടില്ല. അത് അസ്വസ്ഥത കാണിക്കുന്നുണ്ട്. പേറ്റുനോവാണോ? ആവാനിടയില്ല; കാലമായിട്ടില്ല. മാസം തെകയാതെ പെറ്റാലോ? 
ഓ, അതു മനുഷ്യര്‍ക്കുമാത്രമുള്ള തലവേദനയാണ്. മൂന്നുനാല് തവണ കുറ്റിക്കാട്ടിലേക്ക് ടോര്‍ച്ച് തിരിച്ചും മറിച്ചും ഞെക്കിക്കൊണ്ട് പ്രകാശവലയത്തില്‍ വന്നുപെട്ട കുറ്റിച്ചെടികളുടെ ഭയപ്പെടുത്തുന്ന നിസ്സംഗത ഒപ്പിയെടുത്തുംകൊണ്ട് അയാള്‍ അകത്തേക്കു കയറി; കിടന്നതേയുള്ളൂ, പിന്നെ കൂര്‍ക്കംവലിയാണ് കേട്ടത്. 

രാവിലെ കറക്കാന്‍ തൊഴുത്തില്‍ ചെന്നപ്പോള്‍ ഒരു പശുക്കിടാവില്ല. നെറ്റിയില്‍ വെള്ളച്ചുട്ടിയുള്ള തവിട്ടുനിറക്കാരനായ മൂരിക്കുട്ടന്‍ എവിടെയോ പോയി ഒളിച്ചു?

- കൊച്ചുങ്ങളിലൊന്നിനെ കാണുന്നിലല്ല്.

അയാള്‍ക്ക് വേവലാതിയായി. പ്ലാസ്റ്റിക് കയറില്‍ വെറുതെ ഒന്നു കൊരുത്തുകെട്ടിയിരുന്നു; കയര്‍ ദാ, പൊട്ടിക്കിടക്കുന്നു.
 
- പൈക്കിടാവ് എവിടെ?

ആ വീട്ടിലെ എല്ലാവരും ഒരുപോലെ 
ചോദിച്ചു. പനിപിടിച്ചുകിടന്ന മകനും പറ്റുംവിധം എഴുന്നേറ്റിരുന്നു. നോക്കാനിറങ്ങണമെന്നുണ്ട് പക്ഷേ, അവന്റെ കാലുറക്കുന്നില്ല. തിരികെ കിടന്നു. അയാള്‍ തൊടിയിലൂടെ പാഞ്ഞു; ഭാര്യ കുളത്തില്‍ പോയി നോക്കി. മകള്‍ അതിനെ കെട്ടിയിട്ടിരുന്നിടത്ത് വീണ്ടും ചെന്നു.

- അയ്യോ അച്ഛാ, 

മകള്‍ നിലവിളിച്ചു. 

ചോര! 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

ചോരത്തുള്ളികള്‍ നീളെയുണ്ട്. ചോരപ്പാടുകളില്‍ കട്ടുറുമ്പരിക്കുന്നു. ആ തള്ളപ്പശു എല്ലാവരേയും നോക്കിനിന്ന് കരഞ്ഞു. അതിനു കാര്യം അറിയാമെങ്കിലും എല്ലാം ഉള്ളിലൊതുക്കി സങ്കടപ്പെട്ടു നില്‍ക്കുകയാണ്.  

രാവിലെ കറവ മുടങ്ങി. മറ്റു മൂന്ന് കിടാങ്ങളും പേടിച്ച് വിറച്ചതുപോലെ 
നില്‍പ്പാണ്. ഒന്നുരണ്ടു വട്ടം കരഞ്ഞു. അയാള്‍ സമാധാനിപ്പിക്കാന്‍ വേണ്ടിയെന്നപോലെ അടുത്തുചെന്നപ്പോള്‍ പശുക്കളില്‍ ഒന്ന് അയാളെ നക്കിത്തോര്‍ത്തി. അന്നത്തേക്ക് കറവ വേണ്ടെന്നുവച്ചു. മൂന്നു കിടാങ്ങളേയും കെട്ടഴിച്ചുവിട്ടു. മൂന്നും പോയി മാറി മാറി കുടിച്ചു. കിടാവ് നഷ്ടപ്പെട്ട തള്ള കുടിക്കാന്‍ വന്ന മറ്റൊരു കിടാവിനെ ചേര്‍ത്തുനിര്‍ത്തി നക്കിക്കൊടുക്കുന്നതു കണ്ടപ്പോള്‍ ആ വീട്ടില്‍ ഒരു തേങ്ങിക്കരച്ചിലുയര്‍ന്നു.

അന്നുരാത്രി അയാള്‍ ഉറങ്ങാതെ കാവലിരുന്നു. ടോര്‍ച്ച് താഴെവച്ചില്ല. കയ്യില്‍ ഇരുമ്പുവടി കരുതിയിട്ടുണ്ട്. വീട്ടുകാര്‍ അയാളെ തടഞ്ഞു. ഒറ്റയ്ക്ക് ഇരുട്ടില്‍ പുറത്തിറങ്ങരുതെന്ന് വിലക്കി. അയാളുണ്ടോ കേള്‍ക്കുന്നു. ഇന്ന് കിടാവ്, നാളെ പശുതന്നെ ആയാലോ? രാത്രി ഏറെ വൈകി. ഇടയ്ക്കിടെ കുറ്റിക്കാട്ടിലേക്ക് അയാള്‍ ടോര്‍ച്ച് തെളിച്ചു നോക്കുന്നുണ്ട്. ഒരനക്കവുമില്ല. ശബ്ദംകേട്ടാല്‍ ചാടിയിറങ്ങാന്‍ തയ്യാറാണെന്ന് മകനും പറഞ്ഞു. മകള്‍ക്കും പേടിയില്ല. പക്ഷേ, മൂത്രശങ്ക തോന്നിയപ്പോള്‍ ഇരുട്ടില്‍ പോയി നില്‍ക്കാന്‍ അയാള്‍ക്ക് പേടിയുണ്ടായി. അടുത്തെങ്ങും വീടുകളുമില്ല. 

ഒന്നാലോചിച്ചിട്ട് അയാള്‍ അകത്തേക്കു കയറിപ്പോയി. വടിയും ടോര്‍ച്ചും കയ്യില്‍തന്നെയുണ്ട്. ഒന്നു ചാരിവച്ച് മുഖം കഴുകി ഉറക്കം പോക്കി തിരിച്ചിറങ്ങാന്‍ കഷ്ടിച്ച് അഞ്ച്  മിനിട്ടേ വേണ്ടിവന്നുള്ളൂ. എവിടെയോ ഒരു കെട്ടിമറിയല്‍ ശബ്ദം കേട്ടപോലെ, ആടിന്റെ പതുങ്ങി കരച്ചിലും. അയാള്‍ അറിയാതെ വിറച്ചുപോയി. ആട്ടിന്‍കൂട്ടിലേക്കടിച്ച വെട്ടം ഒന്നും കാണാതെ തിരികെ വന്നു. ടോര്‍ച്ച് താഴെ വീണു; കമ്പിവടിയും. മകന്‍ ഓടിവന്ന് അയാളെ താങ്ങി. മകന്‍ വാതിലുകള്‍ അടച്ചിട്ടു.

- അത് ഈ പരിസരത്തുതന്നെ കാണും.

മകന്‍ ഇടറിയ ശബ്ദത്തില്‍ മുന്നറിയിപ്പ് നല്‍കി. അയല്‍വാസികളെ വിവരം അറിയിച്ചു. അപ്പോഴാണ് ഒരാള്‍ പറഞ്ഞത്, രണ്ടുദിവസം മുന്‍പ് അയാളുടെ പശുവിനെ പുലി കൊണ്ടുപോയി. ഇനി എന്തുചെയ്യും? രാവിലെ തന്നെ പരിഹാരം വേണം. ഇന്നു ഞാന്‍ നാളെ നീ. ഏതു നിമിഷവും ഓരോന്നു നഷ്ടപ്പെടാം. വീട്ടില്‍ ജനലിന്റെ വിടവിലൂടെ പുറത്തേക്ക് ടോര്‍ച്ചടിച്ച് സമയം നീക്കി. അന്നാരും ഉറങ്ങിയില്ല. 

രാവിലെ അയല്‍ക്കാര്‍ കൂടി. പൊലീസിലും വനംവകുപ്പിലും അറിയിച്ചിട്ട് പ്രത്യേക കാര്യമൊന്നുമില്ല. അവര്‍ കൂടുവച്ച് പിടിക്കാമെന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ, വനത്തിനുള്ളില്‍ കൂടവയ്ക്കാന്‍ പറ്റുകയില്ല, നിയമവിരുദ്ധമാണത്. വനാതിര്‍ത്തിക്കപ്പുറമേ പറ്റൂ. ഉചിതമായ സ്ഥലം നോക്കാന്‍ തീരുമാനമായി. പക്ഷേ, കൂടുവരാന്‍ രണ്ടാഴ്ച എടുക്കും. 
- അവര്‍ അവരടെ വഴിനോക്കട്ടെ. ഞാന്‍ എന്റെ വഴിനോക്കും.

അയാള്‍ പറഞ്ഞു. എന്താണ് ആ വഴി?

എല്ലാവരും തിരക്കി. അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല. അയാള്‍ ആരോടും ഒന്നും മിണ്ടുന്നില്ല. സദാസമയവും ആലോചനതന്നെ. എന്താണ് മനസ്സിലുള്ളതെന്ന് ആര്‍ക്കറിയാം.

പിന്നേ നാലഞ്ച് ദിവസം പ്രശ്നമൊന്നുമുണ്ടായില്ല. കറവ തുടങ്ങി. മലയോരത്തുനിന്നും പശുക്കള്‍ തിന്നു നിറഞ്ഞിറങ്ങിവന്നു. എല്ലാം പഴയപടിയായി; കിടാവില്ലാത്ത പശു മറ്റു കിടാങ്ങള്‍ക്ക് ചുരത്തിക്കൊടുക്കുന്നതും കണ്ടു.

ഒരു ദിവസം വെളുപ്പിന് ഏതാണ്ട് അഞ്ചുമണിയായിക്കാണും. വഴിയരികില്‍ ജീപ്പു വന്നുനില്‍ക്കുന്ന ശബ്ദം. അയാള്‍ കറവയ്ക്ക് വട്ടംകൂട്ടുകയായിരുന്നു. മക്കള്‍ എഴുന്നേറ്റിട്ടില്ല. ഭാര്യ എഴുന്നേറ്റ് പാലു കറക്കാനുള്ള പാത്രത്തിന്റെ അറ്റത്ത് അല്പം വെണ്ണ ഇറ്റിച്ചുവച്ചു. വെടിച്ചുകീറിയ മുലകള്‍ പിഴിയും മുന്‍പ് വെണ്ണ തേച്ചുകൊടുക്കണം; പശുക്കള്‍ക്ക് വേദനിക്കരുത്. പാത്രവുമായി അയാള്‍ മുറ്റത്തിറങ്ങിയതും പതുങ്ങിയിരുന്ന പുലി ചാടി വീഴുന്നപോലെ നാലഞ്ചുപേര്‍ അയാള്‍ക്കുമേല്‍ വീണു. പാല്‍പ്പാത്രം തെറിച്ചുപോയി. പശുക്കള്‍ ഒരുമിച്ചമറി. കണ്ണടച്ചുതുറക്കുംമുന്‍പ് അയാളുമായി ജീപ്പു പാഞ്ഞുപോയി. 

വീട്ടുകാര്‍ ഇറങ്ങിനിന്നു നിലവിളിച്ചു. വന്യമൃഗങ്ങളല്ല, മനുഷ്യരാണു വന്നത്. അതുകൊണ്ടിനി എന്തും സംഭവിക്കാം. രണ്ടാമതും മൂന്നാമതുമായി ജീപ്പുകള്‍ വന്നുനിന്നു. മൂന്നാളിന്റേയും അറസ്റ്റ് രേഖപ്പെടുത്താന്‍ വളരെ കുറച്ചു സമയമേ വേണ്ടിവന്നുള്ളൂ. 

വേഷം മാറിവരാമെന്ന് മകള്‍ അറിയിച്ചു. അതിന് സ്റ്റേഷനില്‍ സൗകര്യമുണ്ടെന്ന് വനിതാ ഓഫീസര്‍ അറിയിച്ചു. ജീപ്പ് സ്റ്റാര്‍ട്ടായി.

മഹസ്സര്‍ തയ്യാറാക്കിക്കൊണ്ടിരുന്നയാള്‍ക്ക് ഇടയ്ക്ക് അക്ഷരത്തെറ്റു സംഭവിച്ചു. ആദ്യമെഴുതിയത് അല്പം ഉറക്കെ വായിച്ച് അയാള്‍ വാക്യഘടന ശരിപ്പെടുത്തി:

- മൂന്നുപ്രതികളും കൂടി ജീവഹാനി വരുത്തണം എന്ന ഉദ്ദേശ്യത്തോടുകൂടി...

പ്രധാന ഓഫീസര്‍ നാല് പ്രതികളേയും ഒരുമിച്ചു നിര്‍ത്തി ചോദ്യം ചെയ്തു. ഒന്നാംപ്രതിയെ നോക്കി ഓഫീസര്‍ ചോദിച്ചു:
- ഷോക്കേറ്റ് പുലി ചത്ത വിവരം നീ എപ്പോഴാണറിഞ്ഞത്?

അയാള്‍ കിടുകിടാ വിറച്ചു. വാക്കുകള്‍ സ്വന്തമായി ഉണ്ടെങ്കിലല്ലേ അറിയാത്ത കാര്യത്തിന് മറുപടി പറയാനാകൂ.
- ജാമ്യമില്ലെന്നറിയാമോ?

ഓഫീസര്‍ ഒന്നാംപ്രതിയോട് ദ്വേഷിച്ചു. 

അറിയില്ലെന്നയാള്‍ വിതുമ്പി. മറ്റ് പ്രതികള്‍ അറിയാമെന്നും. 

നേരം പുലര്‍ന്നു. 

നാല് പ്രതികളുടേയും കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടി. ഒരാള്‍ വന്ന് ഫോട്ടോ എടുത്തു. നാലാംപ്രതിയായ മകള്‍ ഫോട്ടോയില്‍ പെടാതിരിക്കാന്‍ മുഖം കുനിച്ചുനിന്നു. 

ആ മുഖം ഉയരുംവരെ ഫോട്ടോഗ്രാഫര്‍ ക്ഷമയോടെ കാത്തിരുന്നു.

ഫോറസ്റ്റ് ഓഫീസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു. പുലിയുടെ പോസ്റ്റ്മോര്‍ട്ട നടപടികള്‍ പുരോഗമിക്കുന്നുണ്ട്. പ്രതികളെ ഒരുനോക്കു കാണാന്‍ കാട്ടിലെ ആ സ്റ്റേഷന്‍ പരിസരത്ത് നിരവധിയാളുകള്‍ വന്നുചേര്‍ന്നിട്ടുണ്ട്. മുഖം താഴ്ത്തി നിന്ന നാലാം പ്രതിയെ നോക്കി ഇത്ര ക്രൂരത ചെയ്തിട്ടും ഒരു കുറ്റബോധവും ഇവള്‍ക്ക് തോന്നുന്നില്ലല്ലോ എന്നൊരാള്‍ പരിഹസിച്ചു. 

നാല് പ്രതികളേയും രണ്ട് ജീപ്പുകളിലായി കൊണ്ടുപോകാന്‍ കൂടിയാലോചനകള്‍ക്കൊടുവില്‍ തീരുമാനമായി. 
ഉച്ച കഴിയുന്നു. വെയില്‍ വകവയ്ക്കാതെ പ്രതികളെ കാണാന്‍ ആളുകള്‍ വന്നുകൊണ്ടിരുന്നു. ചത്ത പുലിയെ കാണാനാകാതെ നിരാശരായവര്‍ ജീവനുള്ള പ്രതികളെ കണ്ട് തൃപ്തരായി; പ്രതികളെ നോക്കി ചിലര്‍ കൂകിവിളിച്ചു. 
വന്നവഴിയേ തന്നെയാണ് കോടതിയിലേക്ക് കൊണ്ടുപോകുന്നതെന്നറിഞ്ഞപ്പോള്‍ ഒന്നാംപ്രതി ജീപ്പിലിരുന്ന് എന്തോ പറയാന്‍ തുടങ്ങി. ഒരോഫീസര്‍ വിലക്കി. രണ്ടാമത്തെ ഓഫീസര്‍ സമ്മതിച്ചു; ഒന്നാംപ്രതിക്ക് വീട്ടിലൊന്നു കയറണമത്രേ.
- എന്തിനാടാ?

- കിടാങ്ങള്‍ക്കിച്ചിരെ വെള്ളം കൊടുക്കണം; അതുങ്ങള്‍ ചത്തുപോകും.

രണ്ടാമത്തെ ജീപ്പ് തൊട്ടുപിന്നില്‍തന്നെ വരുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനിടയില്‍ ഓഫീസര്‍മാര്‍ അയാള്‍ പറഞ്ഞത് ശ്രദ്ധിച്ചില്ല. 

രണ്ട് ജീപ്പുകളും അടുത്തടുത്തായി.

നാല് പ്രതികളും പരസ്പരം കാണുന്നുണ്ട്.

ഈ കഥ കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com