'പെലെയും മറഡോണയും സ്വര്‍ഗ്ഗത്തില്‍ പന്ത് തട്ടുമ്പോള്‍'- വി.കെ. സുധീര്‍കുമാര്‍ എഴുതിയ കഥ
By വി.കെ. സുധീര്‍കുമാര്‍ | Published: 26th August 2023 02:09 PM |
Last Updated: 26th August 2023 02:09 PM | A+A A- |

പെലെ: ജനനം (1940, ഒക്ടോബര്‍ 23)
മരണം: (മരിക്കുന്നില്ല)
മറഡോണ: മരണം (2020 നവംബര്‍ 25)
ജനനം: (ഇനിയൊരു മറഡോണ ജനിക്കുന്നില്ല)
'One day, I hope we can play ball together in heaven.'
(മറഡോണ മരിച്ചപ്പോള്‍ പെലെ ട്വിറ്ററില്‍ ഇങ്ങനെ രേഖപ്പെടുത്തി)
സ്വര്‍ഗ്ഗവാതില്‍ തുറന്ന് പച്ചപ്പുല്‍ മൈതാനത്തേയ്ക്ക് ഉരുണ്ടുവന്ന ആ പന്ത് അയാളുടെ ഇടങ്കാലില്‍ തൊട്ടു. മൈതാനത്ത് പാതി മയക്കത്തിലായിരുന്ന മറഡോണയെ ആ പന്ത് തട്ടിയുണര്‍ത്തി. ആ സ്‌നേഹസ്പര്‍ശത്താല്‍ തന്നെ ആ പന്തിനെ തഴുകിവിട്ട കാലുകള്‍ ആരുടേതാണെന്ന കാര്യത്തില്‍ ഡീഗോയ്ക്ക് യാതൊരു സംശയവുമില്ലായിരുന്നു. അയാള്‍ കണ്‍തുറന്നു. മുന്നില്‍ കറുപ്പിന്റെ കളിയഴകായി എഡ്‌സന്‍ അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെ.
(2022 ഡിസംബര്‍ 30. പെലെ മരിച്ചതിന്റെ പിറ്റേന്ന് പാലക്കാട്)
എവിടേയ്‌ക്കെങ്കിലും തിരക്കിട്ട് ഇറങ്ങാനുള്ള ഒരുക്കത്തിനിടയില്‍ രവിയെ വഴിതെറ്റിക്കാനായി മാത്രം പലപ്പോഴും ഏതെങ്കിലും ഒരു കോള്‍ വരാറുണ്ട്. എത്ര ഗൗരവമായ കാര്യമായാലും അതൊക്കെ മറന്ന് അത്തരമൊരു കോളില്‍ പലപ്പോഴും അവന്‍ വഴിതെറ്റി വീഴുകയാണ് പതിവ്.
എസ്.എസ്.എല്‍.സി ബാച്ചിന്റെ കൂട്ടായ്മ സംഘടിപ്പിക്കാനായുള്ള ആലോചനാ യോഗത്തില്‍ പങ്കെടുക്കാന്‍ രവി അല്പസമയത്തിനകം ഇറങ്ങും. 'സുഖമോ ദേവീ' എന്ന പാട്ടും പാടി അവനിപ്പോള്‍ കുളിമുറിയിലാണ്. കുളി കഴിഞ്ഞിറങ്ങുമ്പോള്‍ അവനൊരു കോള്‍ വരും.
രവി കുളിമുറിയുടെ വാതില്‍ തുറന്നതും മൊബൈലില്‍ കോള്‍ വന്നതും ഒരുമിച്ചായിരുന്നു.
അപകടം മനസ്സിലാക്കി രവി
ആ കോളിനെ അവഗണിച്ചു. പിന്നെയും മോക്ഷം കിട്ടാതെ മൊബൈല്‍ കരയുന്നത് കണ്ടപ്പോള്‍ അവന് ഫോണെടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
എവ്ടാണ്ട മച്ചൂ. ഇത് ഞാനാണ്ട. നിന്റെ പഴേ ഷാഫി.
ഒരു ചെറിയ പരിപാടിണ്ട് ഷാഫിക്ക. അതിനായി ഇറങ്ങാന്‍ നോക്കുന്നു.
ഇയ്യൊന്നു മാറ്റിപ്പിടിക്ക് മോനേ.
ഞങ്ങള് സൂര്യേലുണ്ട്. സ്‌നേഹത്തോടെയുള്ള ഷാഫിയുടെ ക്ഷണം നിരസിക്കാനോ സ്വീകരിക്കാനോ കഴിയാതെ രവി കുറച്ചുനേരം അങ്കലാപ്പിലായി.
എന്നാ ഇപ്പം വരാ. കുറേ കാലത്തിനുശേഷമാണ് ഷാഫി വിളിക്കുന്നത്, പ്രധാന കാര്യമായിരിക്കുമെന്നു വിചാരിച്ച് രവി പറഞ്ഞു.
എസ്.എസ്.എല്‍.സി ബാച്ചിലെ പാവാടക്കാരി പി.കെ. ഷീബയേയും അവളുടെ കരിമഷിക്കണ്ണുകളേയും പഴയ എസ്.എസ്.എല്‍.സി ക്ലാസ്സില്‍നിന്നും തല്‍ക്കാലം പുറത്താക്കി രവി സൂര്യയിലേക്ക് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു. ആ യാത്രയില്‍ ഷാഫിയെക്കുറിച്ചായിരുന്നു അവനോര്‍ത്തത്. പണ്ട് ഒരുമിച്ച് കുറേക്കാലം പന്ത് കളിച്ചിരുന്നു.
ഇപ്പോള്‍ ആളുകളോട് ചോദിച്ചാല്‍ ഇടുക്കിയില്‍ തോട്ടം പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി നടത്തുന്ന ഒരു കച്ചവടക്കാരനെക്കുറിച്ചായിരിക്കും ആളുകള്‍ ഷാഫിയെക്കുറിച്ചു പറയുക. നേരത്തെ ടൗണില്‍ കുറച്ചുകാലം ബിസ്മില്ല എന്നൊരു ഇറച്ചിക്കട നടത്തിയിരുന്നു. പിന്നീടെപ്പോഴോ ബിസ്മില്ല പൂട്ടി. അതുവരെ രവിക്ക് ഷാഫിയുമായി അടുത്തബന്ധം ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് ഷാഫിയെക്കുറിച്ചുള്ള ആളുകളുടെ ചില അടക്കിപ്പിടിച്ച സംസാരത്തില്‍ ഒരു അധോലോക മുഖവും ഷാഫിക്കുള്ളതായി കേട്ടിട്ടുണ്ട്.

പ്രദേശത്തെ അറവുകാരന്‍ മൊയ്തൂട്ടിയുടെ മകനാണ് ഷാഫി. മകന്‍ എസ്.എസ്.എല്‍.സി തോറ്റപ്പോഴാണ് മൊയ്തൂട്ടി പാരമ്പര്യമായി ലഭിച്ച അറവുകത്തി ഷാഫിക്ക് കൊടുക്കുന്നത്. അയല്‍ക്കാരന്‍ മമ്മദിന്റെ ആണ്ടിന് ആടിനെ അറുത്തായിരുന്നു അരങ്ങേറ്റം. കണ്ണടച്ചായിരുന്നു ആടിന്റെ കഴുത്തില്‍ അവന്‍ കത്തിവെച്ചത്. ഇതുകണ്ട മൊയ്തൂട്ടി അവനോട് കണ്ണ് തുറക്കാന്‍ പറഞ്ഞു. തക്ബീര്‍ ചൊല്ലി ജീവിയുടെ സമ്മതം ചോദിച്ച് അറക്കുമ്പോള്‍ പേടിക്കേണ്ടെന്ന് ഉപ്പ അവനു ധൈര്യം പകര്‍ന്നു. അവന്‍ കണ്ണു തുറന്ന് അറക്കാന്‍ തുടങ്ങി. പ്രാണവേദനയില്‍ ആടിന്റെ കണ്ണുകള്‍ തുറിച്ചുവരുന്നത് അവന്‍ കണ്ടു. പ്രാണന്‍ ഇറങ്ങിപ്പോകുന്നത് കണ്ണിലൂടെയാണെന്നും അതിനാല്‍ ചാവുന്നവന്റെ കണ്ണിലേക്ക് ഒരിക്കലും നോക്കരുതെന്നും അന്നുമുതല്‍ ഷാഫി പഠിച്ചു.
സൂര്യയുടെ ചില്ല് വാതില്‍ തുറക്കുമ്പോള്‍ ഇരുട്ടും വെളിച്ചവും തുല്യമായ അനുപാതത്തില്‍ ലയിച്ചുകിടക്കുന്നു.
രവ്യേ ഇവ്ട.
ബാറിലെ ഇരുള്‍ മൂലയില്‍നിന്നും ഷാഫി മൊബൈല്‍ ലൈറ്റ് ഉയര്‍ത്തിക്കാണിച്ചു. രവി ഷാഫിയുടെ അടുത്തുള്ള കസേരയില്‍ ഇരുന്നു.
ഇത് മുജീബ്. നമ്മണ്ടെ ആളാ. വിശദമായ പരിചയപ്പെടല്‍ പിന്നീടാവാമെന്ന അര്‍ത്ഥത്തില്‍ രവി അയാള്‍ക്കൊരു ഹായ് മാത്രം നല്‍കി.
നമ്മണ്ടെ പണ്ടത്തെ കളിയും തമാശയുമെല്ലാം ഞാന്‍ മുജീബിനോട് പറയായിരുന്നു.
ഇതെന്താ രാവിലെ തന്നെ തൊടങ്ങാന്‍.
ഇവര് നേരംവെളുക്കുമ്പം തന്നെ ബാറ് തൊറന്നാല്‍ നമ്മളെ പൊലുള്ളവര്‍ എന്ത് ചെയ്യാനാണ്ട. ഷാഫി പാതി തമാശയായും പാതി കാര്യത്തിലും പറഞ്ഞു.
ഞങ്ങള് പതുക്കെയങ്ങ് തൊടങ്ങി. തലയൊടിഞ്ഞ് നിരായുധനായി നെപ്പൊളിയന്‍ തൊട്ടടുത്തുണ്ട്.
ഒന്നൊഴിക്കട്ടെ.
വേണ്ടപ്പ.
എനിക്കൊരു ബീറ് മതി.
രവി വെയ്റ്ററെ നോക്കി കൈപൊക്കി.
വിനീതവിധേയന്റെ ഇമോജി മുഖത്ത് പോസ്റ്റ് ചെയ്ത് ഒരു ചെറുപ്പക്കാരന്‍ അവര്‍ക്കു മുന്നില്‍ അറ്റന്‍ഷനായി നിന്നു.
നല്ലോണം തണുപ്പിച്ചൊരു ബീറ്. രവി പറഞ്ഞു.
നമ്മണ്ടെ പെലെ പോയില്ലേ.
അതൊരു ഒന്നൊന്നര കളിയുടെ മൊതലായിരുന്നു. നെപ്പോളിയനെ അകത്താക്കുന്നതിനിടയില്‍ ഷാഫി പറഞ്ഞു.
ഇനിയങ്ങനെയൊരാളുണ്ടാവില്ല. രവി ഉറപ്പിച്ചു.
ഷാഫി തലയാട്ടി.
അപ്പോഴേക്കും കയ്യില്‍ നീലപൊന്മാന്റെ ചിത്രമുള്ള കുപ്പിയുമായി വെയ്റ്റര്‍ വന്നു.
വൈകീട്ട് ക്ലബ്ബിന്റെ വക ഗ്രൗണ്ടില്‍ അനുസ്മരണമുണ്ട്.
ഷാഫിക്ക വര്വോ. നമ്മളൊക്കെ പണ്ടെത്ര കളിച്ചതാ.
ഞങ്ങക്ക് ചെറിയൊരു ചടങ്ങ്ണ്ട്. അതിനായി മനസ്സൊന്ന് പാകപ്പെടുത്താനാ ഇവിടിരിക്കുന്നത്. ഇവന്‍ ഒരു വഴി പറഞ്ഞുതരുമായിരിക്കും. ഷാഫി നെപ്പോളിയന്റെ ഗ്ലാസ് വീണ്ടും ചുംബിച്ചു.
പെലെയിപ്പം സ്വര്‍ഗ്ഗത്തിലെത്തി മറഡോണയുമായി കളി തൊടങ്ങീട്ടുണ്ടാകും. നീലപൊന്മാന്‍ പതിയെ രവിയുടെ തലയില്‍ ചിറകുവീശി പറന്നുതുടങ്ങി.
അതെന്താ അങ്ങനെ?
ബ്രാണ്ടിയുടെ ചവര്‍പ്പ് ചുണ്ടില്‍നിന്നും തുടച്ചുകൊണ്ട് മുജീബ് ചോദിച്ചു.
അത് മറഡോണ മരിച്ചപ്പോള്‍ നമ്മള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് പന്ത് കളിക്കുമെന്ന് പെലെ പറഞ്ഞിരുന്നു.
**
പെലെ സ്വര്‍ഗ്ഗത്തിലേക്ക് കാലെടുത്തുവെച്ചതും ദൈന്യമായൊരു കരച്ചില്‍ അയാളുടെ ചെവി തേടിയെത്തിയതും ഒരുമിച്ചായിരുന്നു. പിന്നെയത് നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി.
സ്വര്‍ഗ്ഗത്തിലേക്ക് സ്വാഗതം. ഡീഗോ പറഞ്ഞു.
അവര്‍ പരസ്പരം ആലിംഗനം ചെയ്തു. കൊന്നപൂത്തപോല്‍ മഞ്ഞയായി പെലെയും നീലാകാശം പോല്‍ മറഡോണയും ഗ്രൗണ്ടിന്റെ ഇരുഭാഗങ്ങളിലായി നിന്നു. ഇത്രയും കാലം പന്തുകൊണ്ട് ഭൂമിയെ പറുദീസയാക്കിയവര്‍ സ്വര്‍ഗ്ഗത്തിലും ആ കളി തുടങ്ങി. ഒരുവേള ഉയര്‍ന്നുപൊങ്ങിയ പന്ത് ഹെഡ് ചെയ്യാന്‍ ചാടിയപ്പോഴാണ് പെലെ ആ കാഴ്ച കണ്ടത്. മേഘപാളികള്‍ക്കിടയിലൂടെ ഒരു പന്തുപോല്‍ തെന്നിത്തെന്നി നീങ്ങുന്നു ഗാരിഞ്ച.
ബോധാബോധത്തിന്റെ കുമ്മായവരകള്‍ക്കിടയിലൂടെ ഒരു തുവലെന്നോണം പാറിനടക്കുന്ന ഗാരിഞ്ച പക്ഷേ, പെലയെ കണ്ടില്ല. 'ഗാരിഞ്ച ഞാന്‍ അത്ഭുതപ്പെടുന്നില്ല. ഭൂമിയും നിനക്ക് അന്ന് ആകാശമായിരുന്നല്ലോ' പെലെ ഓര്‍ത്തു. അന്ന് മൈതാനത്ത് അത്ഭുതങ്ങള്‍ തീര്‍ത്ത നിന്റെ വളഞ്ഞ ആ കാല്‍ ഇവിടെയും അങ്ങനെത്തന്നെയുണ്ടല്ലോ. ദൈവത്തിനു സ്തുതി.
പെലെയുടെ തലയില്‍ കൊള്ളാതെ താഴേക്കു പതിച്ച പന്ത് ഡീഗോയുടെ ഇടങ്കാലിന്റെ തൊട്ടിലിലേക്കു വീണു. പിന്നെ ഇരുകാലുകളിലും തുടയിലും നെഞ്ചിലും തലയിലുമായി ആ പന്ത് ഒരു താരാട്ടുപോലെ ഒഴുകി. ഇതിനിടയില്‍ വീണ്ടും അതേ കരച്ചില്‍ പെലെയുടെ ചെവി കടന്നുപോയി. രണ്ട് പേര്‍ക്കും പരസ്പരം മറികടക്കാന്‍ കഴിയാതെയായപ്പോള്‍ ഇരുഭാഗത്തേയും ഗോള്‍മുഖം ഏകാന്തമാവുകയും ആദ്യപകുതി അവസാനിക്കുകയും ചെയ്തു.
ഇടവേളയില്‍ അവര്‍ മൈതാനത്തിരുന്നു. അപ്പോള്‍ ഗ്യാലറിയില്‍നിന്നും ഒരു വൃദ്ധന്‍ അവര്‍ക്കരികിലേക്ക് പതിയെ നടന്നുവന്നു.
പെലെ അയാളെ ശ്രദ്ധിച്ചു. വളരെ അടുത്തെത്തിയപ്പോഴാണ് അയാള്‍ക്ക് രണ്ട് കൈകളുമില്ലെന്ന് നാസിമെന്റോയ്ക്ക് മനസ്സിലായത്.
1'ബര്‍ബോസ' മറഡോണ പെലയുടെ കാതില്‍ മന്ത്രിച്ചു. ഞങ്ങളുടെ ബര്‍ബോസ കൈകളില്ലാത്ത ഗോളിയായിരുന്നോ.
മൈതാനത്ത് ഒറ്റ നോട്ടത്തില്‍ 22 കളിക്കാരെയും അളന്നെടുക്കുന്ന പെലെയ്ക്ക് ബര്‍ബോസയെന്ന രൂപത്തെ വായിച്ചെടുക്കാന്‍ കഴിയാതെ പ്രയാസപ്പെട്ടു.
പെലെയും മറഡോണയും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ തടഞ്ഞു. അയാള്‍ അവര്‍ക്കൊപ്പം ഇരുന്നു. തന്റെ കൈകളില്ലാത്ത ശരീരത്തിലേക്ക് അവിശ്വസനീയതയോടെ നോക്കിയിരിക്കുന്ന പെലെയോട് ബര്‍ബോസ പറഞ്ഞു: '1950ല്‍ തന്നെ എന്റെ കൈകള്‍ ഞാന്‍ വെട്ടിക്കളഞ്ഞിരുന്നു. പക്ഷേ, നിങ്ങള്‍ക്കതു കാണാന്‍ കഴിയുമായിരുന്നില്ല. സ്വര്‍ഗ്ഗത്തില്‍ ഒന്നും ഒളിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് നിങ്ങള്‍ക്കിപ്പോള്‍ എന്റെ അംഗഭംഗം കാണാന്‍ കഴിയും.
ഒരിക്കല്‍ എന്റെ കൈകള്‍ റിയോ ഡി ജനീറോയിലെ വിമോചക ശില്പത്തിലെ ക്രിസ്തുവിന്റെ കൈകള്‍പോലെ വിശുദ്ധമായിരുന്നു നിങ്ങള്‍ക്ക്. അന്ന് എന്റെ കൈകള്‍ മറികടന്നുപോയ ഒരു ഗോളില്‍ ഞാന്‍ ബ്രസീലിനു സാത്താനായി മാറിയില്ലേ... ബ്രസീലില്‍ ഒരു കുറ്റവാളിക്ക് നല്‍കുന്ന ശിക്ഷ 30 കൊല്ലമാണെങ്കില്‍ ഞാനത് ജീവിതകാലം മുഴുവന്‍ അനുഭവിച്ചില്ലേ.'
അത്രയും പറഞ്ഞ് ബര്‍ബോസ എഴുന്നേറ്റപ്പോള്‍ ചേര്‍ത്തുപിടിക്കാന്‍ കൈകളില്ലാത്തതിനാല്‍ പെലെ ആ കാലുകളില്‍ തൊട്ടു. അത് തന്റെ രാജ്യത്തിനുവേണ്ടിയുള്ള പ്രായശ്ചിത്തത്തിന്റെ കരസ്പര്‍ശമായിരുന്നു.
എനിക്കോര്‍മ്മയുണ്ട് ആ ദിനം; ബാര്‍ബോസ നടന്നുനീങ്ങിയപ്പോള്‍ പെലെ പറഞ്ഞു. 1950 ജൂലായ് 16. അന്നെനിക്ക് 10 വയസ്. മാറക്കാന ദുരന്തം അച്ഛന്‍ എനിക്കു പറഞ്ഞുതന്ന ഫുട്‌ബോള്‍ കഥകളില്‍ ഒന്നായിരുന്നു. എന്റെ രാജ്യവും ഫുട്‌ബോളും അദ്ദേഹത്തോട് ചെയ്തത് ഒരു കളിക്കാരനും പൊറുക്കാന്‍ കഴിയാത്തതാണ്. ജനങ്ങള്‍ ഒരു ദുശ്ശകുനമായിട്ടാണ് പിന്നീട് അദ്ദേഹത്തെ കണ്ടത്. പൊതുപരിപാടികളില്‍പോലും അദ്ദേഹത്തിന്റെ സാന്നിധ്യം ശപിക്കപ്പെട്ടതായി ആളുകള്‍ കരുതി. ആ കളങ്കം മായ്ക്കാന്‍ അയാള്‍ ചെയ്യാത്തതൊന്നുമില്ലായിരുന്നു. മാറക്കാനയിലെ മരംകൊണ്ടുള്ള
ആ ഗോള്‍പോസ്റ്റ് കഷണങ്ങളാക്കി വീട്ടില്‍ കൊണ്ടുവന്ന് കത്തിച്ച് കരിച്ചിട്ടും ആ കനല്‍ ആരുടെയുള്ളില്‍നിന്നും അണഞ്ഞില്ല. ഒടുവില്‍ മരണംതന്നെ വേണ്ടിവന്നു അയാളുടെ മോചനത്തിന്.
2ഡീക്കോ. ഇതൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്. ഇവിടെ ബര്‍ബോസയുടെ ചങ്ങാതിയാരാണെന്നറിയ്യോ ഗിഗ്ഗിയ. ഇദ്ദേഹത്തിന്റെ വിജയഗോളായിരുന്നല്ലോ ബര്‍ബോസയുടെ ജീവിതത്തെ പിന്നീട് നരകതുല്യമാക്കിയത്. ഒരിക്കലദ്ദേഹം എന്റെ കൈകള്‍ പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. ഫ്രാങ്ക് സിനാത്രയ്ക്കും പോപ്പ് ജോണ്‍പോളിനും ശേഷം മാറക്കാനയെ നിശ്ശബ്ദമാക്കിയ മൂന്നാമതൊരാള്‍ ഞാനാണെന്ന് അഹങ്കരിച്ചിരുന്നു. രാജ്യത്ത് ഞാന്‍ ഹീറോ ആയെങ്കിലും ഞാന്‍ നിശ്ശബ്ദമാക്കിയത് ബാര്‍ബോസയുടെ ജീവിതമായിരുന്നില്ലേയെന്നു പറഞ്ഞായിരുന്നു അദ്ദേഹം വിങ്ങിപ്പൊട്ടിയത്.
ഫുട്‌ബോള്‍ അങ്ങനെയാണ് ഡീഗോ, എല്ലാ കാലത്തേയ്ക്കുമായി ഒരു ചിരിയില്ല. കരച്ചിലും.
**
നീ ഇപ്പം ഇവിടത്തെ പ്രധാന ഫുട്‌ബോള്‍ കമണ്‍ട്രിക്കാരനാണല്ലേ. സവന്‍സ് ഗ്രൗണ്ടിലെല്ലാം നിന്റെ കളിപറച്ചില്‍ ഉഷാറാണെന്നും കേട്ടല്ലോ. മൂന്നാമത്തെ പെഗ്ഗില്‍ ഷാഫി രവിയുടെ ജാതകം തുറന്നു.
കാലില്‍നിന്നു മാത്രമെ പന്ത് വിട്ടുപോയിട്ടുള്ളൂ. മനസ്സില്‍ ഇപ്പോഴുമുണ്ട്.
ഫുട്‌ബോളിലെല്ലാണ്ട് ഷാഫിക്ക. കളീം ചിരീം ജീവിതോം മരണോം ദൈവോം സെയ്ത്താനും... എല്ലാം.
പക്ഷേ, ഇതോണ്ടെന്നും കഞ്ഞികുടിക്കാന്‍ പറ്റൂലല്ലോ. അതോണ്ട് മയില്‍വാഹനം ബസുകാര് വിളിക്കുമ്പം അതില്‍ കണ്ടക്ടറായും പോകും.
ഒരു ബീറുകൂടിയാവാല്ലേ... ഒരുപാട് നാളത്തെ കഥ പറയാനില്ലേ. രവി മറുപടിയൊന്നും ഒന്നും പറഞ്ഞില്ലേലും ഷാഫി ഒരു ബിയറിനായി വെയ്റ്ററെ വിളിച്ചു.
എസ്.എസ്.എല്‍.സി ബാച്ചിലെ പി.കെ. ഷീബ വീണ്ടും ഓര്‍മ്മയിലേക്ക് പാവാടയുടുത്ത് ക്യൂട്ടിക്കുറ പൗഡറിന്റെ മണവുമായി കയറിവന്നപ്പോള്‍ രവി യോഗതീരുമാനം അറിയാന്‍ സുഹൃത്തിനെ വിളിച്ചെങ്കിലും കിട്ടിയില്ല. എന്നാല്‍, തൊട്ടടുത്ത നിമിഷം യോഗത്തില്‍ പങ്കെടുത്ത ഷാജുവിന്റെ വാട്‌സാപ്പ് മെസ്സേജ് അവനു ലഭിച്ചു.
അതില്‍ സംഘാടകസമിതി ഭാരവാഹികളുടെ പേരും യോഗതീരുമാനങ്ങളുമെല്ലാം അറിയിച്ചിരുന്നു.
ഷാഫിക്ക ഞാന്‍ പറഞ്ഞിരുന്നില്ലേ. എസ്.എസ്.എല്‍.സി ബാച്ചിന്റെ ഒത്തുചേരലിന്റെ കാര്യം. അന്നത്തെ ബാച്ചിലെ മാക്‌സിമം ആളുകളെ കണ്ടെത്തി ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ എന്നെയാണ് ഏല്പിച്ചിരിക്കുന്നത്. എന്റെ പി.കെ. ഷീബയെ കണ്ടെത്താന്‍ എനിക്ക് കഴിയോ ഷാഫിക്ക. അവള്‍ക്കന്ന് കുട്ടിക്കൂറ പൗഡറിന്റെ മണമായിരുന്നു. രവിയുടെ ശബ്ദം ഒരു പാവം പത്താം ക്ലാസ്സുകാരന്റെ യൂണിഫോമിട്ടു.
രവ്യേ മ്മള് കണ്ടുപിടിക്കും. ഇപ്പളത്തെ കാലത്തിന്റെ പ്രത്യേകതയെന്താന്നറിയ്യോ രവ്യേ. ഒന്നും ഒളിച്ചുവെക്കാന്‍ പറ്റൂല്ല. എല്ലാം കണ്ട്പിടിക്ക്ന്ന ആപ്പ്ണ്ട്. നിന്റെ പി.കെ. ഷീബ ഏത് മാളത്തിലായാലും നമ്മള് കണ്ടുപിടിക്കും. ഷാഫി ധൈര്യം പകര്‍ന്നു.
ങ്ങള് ഫെയ്‌സുബുക്കിലൊക്കെ നോക്യോ. അപരിചിതത്തമൊക്കെ മാറിയതോടെ ആധികാരികമായിരുന്നു മുജീബിന്റെ ചോദ്യം.
എഫ്ബീലും ഇന്‍സ്റ്റയിലുമൊക്കെ കൊറേ സെര്‍ച്ച് ചെയ്തതാ. കുറേ ഷീബമാരെ കണ്ടു. അതിലൊന്നും എന്റെ പി.കെ. ഷീബയില്ല.
പിന്നെ ഫോട്ടോയ്ക്ക് പകരം പനിനീര്‍പ്പൂവെച്ച ചില ഊള ഷീബമാരെയും കണ്ടു.
ഫോണ്‍ പോക്കറ്റിലിട്ട അടുത്ത നിമിഷം തന്നെ അവന്റെ മൊബൈല്‍ ശബ്ദിച്ചു.
ഇതവള്‍ ആയിരിക്കും, ഫോണ്‍ എടുക്കാതെ തന്നെ രവി പറഞ്ഞു.
ആരെന്നര്‍ത്ഥത്തില്‍ ഷാഫി അവന്റെ മുഖത്തേയ്ക്ക് നോക്കി.
ഭാര്യ.
എന്തേലും നല്ല കാര്യം ചെയ്യുകയോ ചിന്തിക്കുകയോ ചെയ്യുമ്പോള്‍ സാധാരണ അവളുടെ ഓഞ്ഞൊരു വിളി വരാറുണ്ട്.
അതും പറഞ്ഞ് രവി പോക്കറ്റില്‍നിന്നും ഫോണെടുത്തു. രവിയുടെ ഊഹം തെറ്റിയില്ല. സ്‌ക്രീനില്‍ വൈഫ് എന്നു തെളിഞ്ഞുകണ്ടു. അവന്‍ ഫോണെടുത്തു.
പിന്നെ... ചെക്കന് തൂറലാ... വരുമ്പോ സര്‍ക്കാരാസ്പത്രീന്ന് മരുന്ന് വാങ്ങീട്ട് വന്നാ മതി. അല്ലേല്‍ നട്ടപ്പാതിരായ്ക്ക് അവനേം കെട്ടിപ്പേറി ങ്ങള് തന്നെ ആസ്പത്രീല് കൊണ്ട്വോണം. പിന്നെ അരീം മീനും വേണം. ഇല്ലേല്‍ ചോറുണ്ടാവില്ല. എത്രതന്നെ ചെവിയോടമര്‍ത്തിപ്പിടിച്ചെങ്കിലും അവളുടെ ശബ്ദം മൊബൈലിന്റെ ചതുരക്കൂടും കടന്ന് പുറത്തേക്ക് ചാടുന്നുണ്ടായിരുന്നു.
ഇത്രയും പറഞ്ഞ് അവള്‍ ഫോണ്‍ കട്ട് ചെയ്തു.
ഞാമ്പറഞ്ഞതില്‍ എന്തേലും തെറ്റുണ്ടോ ഷാഫിക്ക. കുട്ടിക്കൂറ പൗഡറിന്റെ സുഗന്ധം പരന്ന ഇവിടം എത്ര വേഗമാണവള്‍ ചെക്കന്റെ തൂറലിന്റെ കാര്യം പറഞ്ഞു നാറ്റിച്ചത്.
വീണ്ടും ഫോണ്‍ റിങ് ചെയ്തപ്പോള്‍ ഇപ്പം വരാന്ന് ആംഗ്യം കാണിച്ച് രവി അല്പം മാറിനിന്നു സംസാരിക്കാന്‍ തുടങ്ങി.
ഫോട്ടോ അയച്ചിട്ടുണ്ട്. മറ്റാരും കേള്‍ക്കാതിരിക്കാന്‍ മുജീബ് ശബ്ദം താഴ്ത്തി ഷാഫിയോടായി പറഞ്ഞു. മുജീബ് ഷാഫിക്കു മാത്രം കാണാന്‍ പാകത്തില്‍ മൊബൈല്‍ കാണിച്ചു. വാട്‌സ് ആപ്പില്‍ വന്ന ഫോട്ടോയിലേക്ക് ഷാഫി ഏറെനേരം നോക്കിനിന്നു. 'ചെറിയ ചെക്കനാ... എന്ത് ചെയ്യാനാ.' അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു.
**
കളിയുടെ രണ്ടാംപകുതിക്ക് മുന്നേ ഒരിക്കല്‍കൂടി ആ കരച്ചില്‍ പെലെയുടെ മനസ്സിനെ കീറിമുറിച്ച് കടന്നുപോയി. ആ വിലാപം സ്വര്‍ഗ്ഗത്തിലും പെലെയെ വല്ലാതെ അസ്വസ്ഥമാക്കി കണ്ടിരുന്നോ?
മറഡോണയുടെ വലതുകയ്യിലെ പച്ചകുത്തിയ ചെഗുവേരയെ കണ്ടപ്പോള്‍ ഡീക്കോയ്ക്ക് കൗതുകം.
ഇല്ല. കണ്ടില്ല.
ഇവിടെയുണ്ടായിരുന്നെന്ന് പലരും പറഞ്ഞു. എന്നാല്‍, ഒരു ദിനം സ്വര്‍ഗ്ഗവാതില്‍ തുറന്ന് എന്നെന്നേക്കുമായി ഇറങ്ങിപ്പോയി. സ്വര്‍ഗ്ഗത്തില്‍ എനിക്കൊന്നും ചെയ്യാനില്ലെന്നും നരകത്തിലാണ് എന്നെ ആവശ്യമെന്നും പറഞ്ഞായിരുന്നു മൂപ്പരുടെ
ആ ഇറങ്ങിപ്പോക്ക്. കാസ്‌ട്രോയും അതേ വഴി തിരഞ്ഞെടുത്തു. എനിക്കും പോകണം. ഈ കളി കഴിഞ്ഞാല്‍ ഞാനും പോകും. മറഡോണ പറഞ്ഞു.
മൈതാനത്ത് പെലെയും മറഡോണയും കളിക്കുന്ന ആ സവിശേഷതയിലും ആ കളി കാണാതെ ഗ്യാലറിയില്‍ പുറംതിരിഞ്ഞിരിക്കുന്ന രണ്ട് പേരുണ്ടായിരുന്നു. ഗോള്‍കീപ്പര്‍ നിക്കൊളായ് ട്രൂസെവിച്ചും സ്‌െ്രെടക്കര്‍ നിക്കൊളായ് കൊറൊടിക്കും. പെലെയുടേയും മറഡോണയുടേയും കാഴ്ചകള്‍ക്കപ്പുറത്തെ ആ പ്രതിഷേധത്തെ യുസേബിയസ് ആയിരുന്നു കളിയുടെ ഇടവേളയില്‍ അവര്‍ക്കു കാണിച്ചുകൊടുത്തത്.
രണ്ട് പേരും മുന്‍പത്തെ കീവ് ഡൈനാമോസിലെ താരങ്ങള്‍.
നമ്മള്‍ കളിച്ചതൊന്നുമല്ല അവര്‍ കളിച്ചതായിരുന്നു യഥാര്‍ത്ഥ ഫുട്‌ബോള്‍. യുസേബിയസ് ആവേശത്തിന്റെ ജഴ്‌സിയെടുത്തണിഞ്ഞു.
രണ്ടാം ലോകമഹായുദ്ധ കാലം. ജര്‍മനി റഷ്യയില്‍ അധിനിവേശം നടത്തിയപ്പോള്‍ ഉക്രെയ്‌നിലെ എഫ്.സി ഡൈനോമോസ് ടീമുമായി ജര്‍മന്‍ അധിനിവേശസേന ഫുട്‌ബോള്‍ മാച്ച് കളിച്ചിരുന്നു. ഒരോ മത്സരവും ജര്‍മന്‍ സേന തോറ്റു. അത് ഹിറ്റ്‌ലറുടെ ജര്‍മനിക്ക് സഹിക്കാനായില്ല. ഓരോ തവണ ഓരോ ടീമിനെ പരീക്ഷിച്ചെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. അവസാന മത്സരത്തിന്റെ ഇടവേളയില്‍ ജര്‍മന്‍ സേനയുടെ ഏജന്റ് ഡൈനാമോസ് ടീമിന്റെ ലോക്കര്‍ റൂമില്‍ എത്തി. ഈ കളി നിങ്ങള്‍ തോറ്റുകൊടുക്കണം, ജയിച്ചാല്‍ നിങ്ങളുടെ ജീവന്‍ നഷ്ടപ്പെടുമെന്ന് അയാള്‍ ടീമംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, ഭീഷണി വകവെയ്ക്കാതെ കാലില്‍ പന്ത് കിട്ടിയപ്പോഴെല്ലാം കോട്‌നിക്ക് ഉള്‍പ്പെടെയുള്ളവര്‍ എട്ട് ഗോളടിച്ചാണ് മരണത്തിലേക്ക് കാലെടുത്തുവെച്ചത്. ചിലരെ വെടിവെച്ചും മറ്റു കളിക്കാരെ ലേബര്‍ ക്യാമ്പിലിട്ടും ജര്‍മന്‍ സേന കൊല്ലുകയായിരുന്നു.
അപ്പോള്‍ ആരാണ് മികച്ച കളിക്കാര്‍? ആ ജീവന്മരണ പോരാട്ടത്തില്‍ അവരുടെ തോക്കും പീരങ്കിയുമെല്ലാം ആത്മാഭിമാനത്തിന്റെ കാറ്റ് നിറച്ച ആ ഫുട്‌ബോളായിരുന്നു.
നമ്മുടെയൊക്കെ ഡ്രിബ്‌ളിങിനും ട്രാപ്പിങിനുമെല്ലാം ഓരോ പേര് നല്‍കി ഫുട്‌ബോള്‍ ലോകം ഓരോ കിരീടം ചാര്‍ത്തി തന്നപ്പോള്‍ ഇവര്‍ ഗോളടിച്ച് മരണത്തെ ആവേശത്തോടെ പുല്‍കിയ നിമിഷത്തെ എന്തു പേരിട്ടാണ് നമ്മള്‍ വിളിക്കേണ്ടത്. നമ്മുടെയെല്ലാം കളിയെ കാല്പനിക സുന്ദര കാല്‍പന്തെന്നൊക്കെ വിളിക്കുമ്പോള്‍ അവര്‍ കാര്‍ക്കിച്ചു തുപ്പും.
കഥകേട്ടപ്പോള്‍ പെനാല്‍റ്റിക്കു മുന്‍പുള്ള നിമിഷംപോലെ പെലെയും മറഡോണയും മൗനികളായി.
നമ്മുടെ പ്രതിസന്ധി ദാരിദ്ര്യമായിരുന്നു. മറഡോണ മൗനത്തിന്റെ വലക്കണ്ണികളെ മുറിച്ചു.
സത്യം. മറ്റുള്ളവരെപ്പോലെയല്ല എന്റെ വായ എനിക്ക് കാലിലായിരുന്നു. പെലെ പറഞ്ഞു. ബോളായിരുന്നു എന്റെയന്നം കാലില്‍ പന്ത് കിട്ടിയപ്പോള്‍ മാത്രമാണ് എന്റെ വയറ് നിറഞ്ഞത്. ദാരിദ്ര്യത്തിന്റെ ഓര്‍മ്മകളിലേക്ക് മറഡോണ നല്‍കിയ ബാക്ക് പാസ്സില്‍ പെലെയുടെ കാലും തൊട്ടു. കളി തുടര്‍ന്നപ്പോള്‍ ഒരുവേള പെലെയുടെ പിഴവില്‍ മറഡോണയുടെ കാലില്‍ പന്ത് കിട്ടിയപ്പോള്‍ ഡീഗോ ഗോള്‍മുഖത്തേയ്ക്കു കുതിക്കാന്‍ നോക്കുമ്പോള്‍ രണ്ട് ചെവിയും പൊത്തി നിലത്തിരിക്കുന്ന പെലയെ കണ്ടു. അസ്വാഭാവികത തോന്നിയ മറഡോണ പന്ത് ഉപേക്ഷിച്ച് പെലയ്ക്ക് അരികിലിരുന്നു.
നീ ഒരു കരച്ചില്‍ കേള്‍ക്കുന്നുണ്ടോ?
ഇല്ല. അത് നിനക്കു മാത്രം കേള്‍ക്കാന്‍ കഴിയുന്ന കരച്ചിലാണ്. അവര്‍ പിന്നീട് കളിച്ചില്ല.
ഡീഗോ പന്തിനെ കാലില്‍ തന്നെ മെരുക്കിയിട്ടു. ഷൂവിന്റെ ലെയ്‌സ് അഴിഞ്ഞുപോയത് കെട്ടാനായി മറഡോണ പന്ത് വളരെ ഉയരത്തിലേക്ക് അടിച്ചു. ലെയ്‌സ് കെട്ടിത്തീര്‍ന്നതും മൈതാനത്തെ ഗണിതജ്ഞനായ അദ്ദേഹത്തിന്റെ ഇടങ്കാലില്‍ പന്ത് തിരിച്ചെത്തിയതും ഒരേ സമയത്തായിരുന്നു.
ലോങ് വിസില്‍ മുഴങ്ങുമ്പോള്‍ ആരും ഗോളടിക്കാതെ സ്വര്‍ഗ്ഗത്തില്‍ ആ മത്സരം അവസാനിച്ചു.
ഡീഗോ ഞാനിറങ്ങുകയാണ്.
നീ പറഞ്ഞതുപോലെ എനിക്കു മാത്രം കേള്‍ക്കാന്‍ കഴിയുന്ന ആ കരച്ചില്‍ ഞാന്‍ തിരിച്ചറിഞ്ഞു. അതിന്റെ ഉറവിടവും. ഞാന്‍ പോവുന്നു. പെലയെ തടുക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. എങ്കിലും മറഡോണ ഒന്നുമാത്രം മറുപടിയായി പറഞ്ഞു. ഇനി നിനക്കു മുന്നില്‍ സ്വര്‍ഗ്ഗവാതില്‍ തുറക്കില്ല. അതു കേട്ടെങ്കിലും തിരിഞ്ഞുനോക്കാതെ പെലെ സ്വര്‍ഗ്ഗവാതില്‍ കടന്ന് പുറത്തേയ്ക്ക് പോയി.
അടുത്തത് മറഡോണയുടെ ഊഴമായിരുന്നു.

**
മൂന്ന് ബിയറില്‍ പന്തുപോലെ വീര്‍ത്ത മൂത്രസഞ്ചിയുമായി രവി ടോയ്‌ലറ്റിലേക്ക് നടന്നു.
എടാ ആരെയും മേല്‍ വീഴാതെ നോക്കണെ.
ചെറുതായൊരു ആട്ടം കണ്ടിട്ടാവണം ഷാഫി മുന്നറിയിപ്പ് നല്‍കിയത്.
ഷാഫിക്ക ഞാനൊരു കളിക്കാരനായിരുന്നു. ആരെയും മുട്ടാതേയും തട്ടാതേയും ഡ്രിബിള്‍ ചെയ്ത് ഞാന്‍ പോകും. '86ല്‍ മറഡോണ പോയപോലെ. തിരിഞ്ഞുനോക്കാതെതന്നെ രവി പറഞ്ഞു.
'ഒന്ന് മാറിക്കൊടുത്തേ,
ആ മറഡോണയൊന്ന് പോയ്‌ക്കോട്ടെ.'
പിന്നില്‍നിന്നും കളിയാക്കിയുള്ള കമന്റ് കേട്ട് രവി തിരിഞ്ഞുനോക്കി.
പക്ഷേ, ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല, മൂത്രശങ്ക എക്‌സ്ട്രാ ടൈമിലേക്ക് കടന്നതോടെ രവിക്ക് നിക്കപ്പൊറുതിയില്ലാതായി.
ഷാഫിക്ക ലൊക്കേഷന്‍ അയച്ചുതന്നിട്ടുണ്ട്. മന്ത്രിക്കുന്നതുപോലെയായിരുന്നു മുജീബ് അതു പറഞ്ഞത്.
അയാളുള്ളതുകൊണ്ടാണ് ഞാന്‍ പറയാതിരുന്നത്. ഷാഫി മുജീബിന്റെ കയ്യില്‍നിന്നും ഫോണ്‍ വാങ്ങി നോക്കി.
കുറച്ച് ദൂരമുണ്ടല്ലേ...
ഷാഫി ബില്ല് സെറ്റ് ചെയ്തു പുറത്തേക്കിറങ്ങി.
അല്പം കഴിഞ്ഞ് പുറത്തെ ഉച്ചച്ചൂടിലേക്ക് രവിയും ആടിയിറങ്ങി.
രവ്യേ മ്മക്ക് ഇന്നൊന്ന് മാറ്റിപ്പിടിച്ചാലോ.
എന്താണെന്ന ഭാവത്തില്‍ രവി കണ്ണുകള്‍ ചെറുതാക്കി.
ഇന്ന് വൈകീട്ട് നമ്മളെല്ലാം ഫുട്‌ബോള്‍ കളിക്കുന്നു.
ഷാഫിക്ക നമ്മളേറ്റ പരിപാടിയില്ലേ?
മുജീബ് ഓര്‍മ്മിപ്പിച്ചു.
അത് വിടെടാ... എവിടേലും പോയി കളിച്ച് ജീവിച്ചോട്ടെ.
നിനക്കറിയോ രവ്യേ... നിന്നോട് ആദ്യം പറയേണ്ടെന്ന് വിചാരിച്ചതാ. ഇനി എന്തായാലും ഒളിക്കുന്നില്ല.
ഞങ്ങളൊരു കൊട്ടേഷന്‍ പണിക്കിറങ്ങിയതാ.
ആഫ്രിക്കേന്നോ സെനഗലിന്നോ ഏതോ ഒരു ബലാല് ഇവിടെ കളിക്കാന്‍ വന്നിക്ക്.
സെനഗല്.
മുജീബ് ഓര്‍മ്മിപ്പിച്ചു.
രവ്യേ സംഗതി ഒരു പ്രേമക്കേസ്സാ. അവനിപ്പം മുതലമടേലാ ഇരിക്കുന്നത്. അവനെ സ്‌കെച്ച് ചെയ്ത് ലൊക്കേഷനും ഫോണില്‍ വന്നിട്ടുണ്ട്. ഞങ്ങളെ കൂട്ടത്തിലെ ഒരു പൗരപ്രമാണിയുടെ മോളും അവനുമായി അങ്ങ് മൊഹബത്തായി.
അവന്റെ കാല് വെട്ടാനാ കൊട്ടേഷന്‍. കൊല്ലാനായിരുന്നു ആദ്യം പറഞ്ഞത്.
മുജ്യേ അവന്റെ ഫോട്ടോയൊന്നെടുക്ക്. അവന്‍ വാട്‌സ്ആപ്പിലെ ചിത്രം കാണിച്ചു. ഷാഫി രണ്ട് വിരലുകൊണ്ട് ചിത്രം വലുതാക്കി രവിയെ കാണിച്ചിട്ട് പറഞ്ഞു. ഇവനെ കണ്ടാല്‍ തന്നെ എഴുപതുകളിലെ പെലെയുടെ ലുക്കില്ലേ. എന്തായാലും എന്റെ കത്തിക്ക് ഈ കുട്ടീന്റെ ചോര വേണ്ട. കളിക്കുന്ന ഒരാളുടെ കാല് വെട്ട്യാ പിന്നെ കൊല്ലുന്നയ്‌ന് സമല്ലേ രവ്യേ.
നീ ഇന്നാട്ടിലെ എല്ലാ കളിയും കാണുന്നയാളല്ലേ. ഇവനെ എവിടേലും കണ്ടിട്ടുണ്ടോ.
ഷാഫി ചോദിച്ചു.
സെനഗലിന്റെ ദേശീയ ജഴ്‌സിയണിഞ്ഞു ചിരിച്ചുനില്‍ക്കുന്ന അവന്റെ മുഖത്തേക്ക് രവി ഒന്നുകൂടി സൂം ചെയ്തു. ഇല്ല. ഇതുപോലെ എല്ലാ ടീമിലും ആഫ്രിക്കന്‍ രാജ്യത്തില്‍നിന്നുള്ള കൊറേ കളിക്കാരുണ്ട്.
ഇവന്‍ ആദ്യം മലപ്പുറത്തായിരുന്നു. ഇപ്പം ഇവ്ടത്തെ ഏതോ ക്ലബിനാ കളിക്കുന്നത്.
ഷാഫി വിശദീകരിച്ചു.
നീ പറഞ്ഞതുപോലെ പെലെ ഇന്നു സ്വര്‍ഗ്ഗത്തില്‍ മറഡോണയുമായി കളിക്കുന്നുണ്ടെങ്കില്‍ ഇന്ന് നമ്മളും കളിക്കും.
മ്മക്ക് ആ ഗ്രൗണ്ടിലേക്കൊന്ന് പോയാലോ.
നീ കാറില്‍ കേറ്.
സ്‌കൂട്ടറുണ്ട്.
അതവിടെ നിക്കട്ടെ രവ്യേ നീ കേറ്.
പഴയ ഓള്‍ട്ടോ ആദ്യമൊന്ന് മടികാണിച്ചെങ്കിലും മൂന്നാം തവണ അവന്‍ അനുസരണയുള്ള കുട്ടിയായി.
പണ്ടത്തെ നമ്മുടെ ഗ്രൗണ്ടൊന്ന്വല്ല. ഒരു ഭാഗം മുഴുക്കെ കാടാണ്. ചെറിയൊരു സ്ഥലത്തേ ഇപ്പം കളിക്കാനാവൂ. അവിടെ കുട്ടികളാണിപ്പോള്‍ കളിക്കുന്നത് രവി പറഞ്ഞു.
അതൊക്കെ നമുക്കു ശര്യാക്കാം.
ഷാഫി നല്ല മൂഡിലായി.
അവര്‍ ഗ്രൗണ്ടിലെത്തുമ്പോള്‍ കത്തുന്ന വെയ്‌ലായിരുന്നു. എല്ലാര്‍ക്കും കളിക്കണമെങ്കില്‍ ഒന്ന് വൃത്തിയാക്കേണ്ടിവരും. രവി സംശയം പ്രകടിപ്പിച്ചു. അതനെന്താ നമുക്ക് ഇപ്പം തന്നെ തുടങ്ങാല്ലോ. ഷാഫി മുണ്ട് മാടിക്കുത്തി തയ്യാറായി നിന്നു. ഞാനിപ്പം വരാം, ഒരു വെട്ടുകത്തി കിട്ടുമോന്ന് നോക്കട്ടെ രവി പറഞ്ഞു.
എവിടേം പോണ്ട. മുജ്യേ അതിങ്ങെടുത്തേ.
ഷാഫിയുടെ മനസ്സറിഞ്ഞ മുജീബ് ഷര്‍ട്ടിന്റെ കോളറ് പൊക്കി വടിവാള്‍ വലിച്ചൂരി.
വെട്ടി തുടങ്ങിക്കോ. ഷാഫി പറഞ്ഞു. മുജീബ് പിന്നെ ഒന്നും നോക്കിയില്ല. മൈതാനത്തെ മൂടിയ കാടുകളെ സ്‌കെച്ച് ചെയ്ത അവന്‍ തലങ്ങും വിലങ്ങും വെട്ടാന്‍ തുടങ്ങി.
കാറിന്റെ ഡിക്കിയില്‍ ആരും കാണാതെ സൂക്ഷിച്ചിരുന്ന ഒരു വടിവാള്‍ ഷാഫിയും കയ്യിലെടുത്ത് പണി തുടങ്ങി. വാളിന്റെ അങ്ങിങ്ങായി ചോര ഉണങ്ങിപ്പിടിച്ചതിന്റെ പാടുകളുണ്ടായിരുന്നു.
പണ്ട് അവരുടെയൊക്കെ കാല്‍പാടുകള്‍ പതിഞ്ഞ മൈതാനം അവിടെ പതിയെ തെളിയാന്‍ തുടങ്ങി.
അന്നവിടെയായിരുന്നു ഗോള്‍പോസ്റ്റ്. ഷാഫിയുടെ ഓര്‍മ്മ കറുപ്പും വെളുപ്പും കലര്‍ന്ന ഒരു പഴയ പന്തിനു പിന്നാലെ പായാന്‍ തുടങ്ങി.
പോസ്റ്റൂന്നൊക്കെ പറഞ്ഞാല് രണ്ട് മരക്കമ്പുകള്‍. അത്രയെ ള്ളൂ മുജീബിനോടായ് രവി പറഞ്ഞു.
മുജ്യേ കളീലെന്തേലും പ്രശ്‌നണ്ടായാല്‍ പുറത്തിരുന്ന് കളി കാണുന്ന റിട്ടേഡ് ബാലേഷ്ണന്‍ മാഷായിരുന്നു തീര്‍പ്പാക്കല്. മൂപ്പര് റഫറിയൊന്നുമല്ല. എന്നാല്‍, മൂപ്പര് പറഞ്ഞാല്‍ പിന്നെ അതില്‍ അപ്പീലില്ല. ഓഫ്‌സൈഡും പെനാല്‍റ്റിയുമെല്ലാം കണ്ടുപിടിക്കുന്ന അന്നത്തെ ഞങ്ങളുടെ സാങ്കേതികവിദ്യ മാഷുടെ കണ്ണാണ്. പാവം മരിച്ചുപോയി രവിയും ആ കാലം ഓര്‍ത്തെടുത്തു.
പ്രകാശന്‍ പ്ലാവില്‍നിന്നും വീണതോര്‍മ്മയുണ്ടോ?
രവി ചോദിച്ചു.
ഓ... ഓനന്ന് രക്ഷപ്പെട്ടതാ അല്ലേല്‍
ആ പഹേന്‍ അന്ന് ചത്തുപോണ്ടതാ.
മുജ്യേ. സംഗതി എന്താന്നൊ. കളി കഴിഞ്ഞ് ബോള് വെക്കല് അസ്സയ്‌നാര്‍ക്കാന്റെ വീട്ടില. അവെരേടതായിരുന്നു അന്നീ സ്ഥലം. പിറ്റേന്ന് ബോള് കിട്ടണെങ്കി അസ്സയ്‌നാര്‍ക്കാന്റെ കെട്ട്യോള് കദീശുമ്മാന്റെ ആടിന് പ്ലാവില കൊത്തിക്കെടുക്കണം. അന്ന് പന്തെടുക്കാന്‍ പോയത് പ്രകാശനായിരുന്നു. കദീശുമ്മ അവനെ പ്ലാവില്‍ കയറ്റി. കൊറച്ച് കയറിയതും ഓന്‍ പിടിവിട്ട് താഴെ വീണു. ആകെ പുകിലായി. പിന്നെ കൊറച്ച് കാലത്തേയ്ക്ക് കളി മൊടങ്ങി. ഭാഗ്യത്തിന് അവന്റെ കയ്യിന്റെ എല്ലിനു ചെറിയൊരു പൊട്ടലെ ഉണ്ടായുള്ളൂ. അങ്ങനെ ഓരോ കഥകള്‍ പറഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ തല്‍ക്കാലം കളിക്കാനുള്ള തരത്തില്‍ അവര്‍ മൈതാനമൊരുക്കി.
തളര്‍ന്നപ്പോള്‍ പണ്ട് കളി കഴിഞ്ഞിരിക്കുന്നതുപോലെ അവര്‍ മൂന്ന് പേരും ഗ്രൗണ്ടിലിരുന്നു.
ഒരു കാര്യം ചോയ്ക്കട്ടെ രവ്യേ.
ആരുടെ കരച്ചിലാ പെലെയെ സ്വര്‍ഗ്ഗത്തില്‍ വല്ലാണ്ട് ബേജാറാക്കിയത്.
അതൊരു കഥയാ ഷാഫിക്ക. സംഭവിച്ച കഥ.
ദരിദ്രരായിരുന്നല്ലോ പെലെയുടെ കുടുംബം. ബാല്യത്ത്‌ല് ഒരു പന്ത് വാങ്ങാന്‍ പൈസയില്ലാത്തതിനാല്‍ പെലെയും കൂട്ടുകാരും നാട്ടിലെ വെയര്‍ഹൗസിന്ന് കപ്പലണ്ടി മോഷ്ടിക്കാന്‍ തീരുമാനിച്ചു. അതു വിറ്റുകിട്ടുന്ന പൈസയ്ക്ക് ബോളു വാങ്ങാനായിരുന്നു പ്ലാനിട്ടത്. ഒരു മഴയുള്ള രാത്രിയിലായിരുന്നു അവര്‍ മോഷണത്തിനിറങ്ങിയത്. മോഷ്ടിച്ച കപ്പലണ്ടി തല്‍ക്കാലത്തേയ്ക്ക് സൂക്ഷിക്കാന്‍ കുന്നിന്‍ചെരുവിലെ ഒരു ഗുഹ അവര് കണ്ടെത്തി. ചെറിയ ഗുഹയായതിനാല്‍ കൂട്ടത്തില്‍ ഏറ്റവും ചെറിയ കുട്ടിയെയായിരുന്നു അവര്‍ ഗുഹയിലേക്ക് കടത്തിയത്. എന്നാല്‍, ആ രാത്രി മഴ കനത്ത് ഉരുള്‍പൊട്ടി ഗുഹയിടിഞ്ഞ് ആ കുട്ടി അതില്‍പെട്ടു മരിച്ചു. ആ ഓര്‍മ്മ പെലെയെ അവസാനകാലംവരെ ഒരു വേട്ടയാടിയിരുന്നു. അന്നൊക്കെ പെലെ ഗോളടിക്കുമ്പോള്‍ അവനായി സമര്‍പ്പിക്കുമായിരുന്നു.
'പെലെ കേട്ട കരച്ചില്‍ അവന്റേതായിരുന്നു.
അവനെ തേടിയാണ് പെലെ സ്വര്‍ഗ്ഗം വിട്ടിറങ്ങിയത്.'
കഥ കഴിഞ്ഞ് മൂന്നു പേരും കുറേനേരം മൗനികളായി.
നീ പറഞ്ഞത് നേരാ ഫുട്‌ബോളില്‍ ഇല്ലാത്തത് ഒന്നുമില്ല.
ഷാഫിയുടെ ശബ്ദം കൂടുതല്‍ ആര്‍ദ്രമായി.
ഇനി വൈകീട്ട് കാണാം. ഞാന്‍ ബോളുമായി വരാം. പഴയ ആള്‍ക്കാരയെല്ലാം സംഘടിപ്പിക്കാന്‍ നോക്കാം രവി പറഞ്ഞു.
ഇനിയിതു വേണ്ട. മുജ്യേ.
അതങ്ങ് കളഞ്ഞേക്ക്.
മുജീബിന്റെ കയ്യിലെ വടിവാളിലേക്ക് നോക്കി ഷാഫി പറഞ്ഞു. ഷാഫി വടിവാള്‍ ദൂരേക്ക് എറിഞ്ഞു. ആ ചെക്കന്റെ ഫോട്ടോയും മറ്റ് മെസ്സേജുമെല്ലാം വന്ന സിംകാര്‍ഡും കളഞ്ഞേക്ക്. അതു കേട്ടപ്പോള്‍ രവി ഗോളടിച്ച കളിക്കാരനെയെന്നപോലെ ഷാഫിയെ കെട്ടിപ്പുണര്‍ന്നു.
നമ്മക്ക് സുല്‍ത്താന്‍പേട്ട വരെ ഒന്നുപോണം. പുതിയൊരു ജഴ്‌സി വാങ്ങണം. ഷാഫി പറഞ്ഞു.
കാറില്‍ കയറാന്‍ നേരം ഷാഫിയും തന്റെ മൂര്‍ച്ചയുള്ള വടിവാള്‍ കാട്ടിലേക്കു വലിച്ചെറിഞ്ഞു.
******************
1 ബര്‍ബോസ: 1950ലെ ലോകകപ്പില്‍ ബ്രസീലിന്റെ ഗോള്‍കീപ്പര്‍. ഒറ്റ ഗോളില്‍ കിരീടം നഷ്ടമായപ്പോള്‍ ബര്‍ബോസ ബ്രസീലില്‍ ശപിക്കപ്പെട്ടവനായി.
2 ഡീക്കോ: പെലെയുടെ വീട്ടിലെ വിളിപ്പേര്.
ഈ കഥ കൂടി വായിക്കൂ
'ആമിയുടെ ഗര്‍ഭഭാരം'- അനീഷ് ബര്‍സോം എഴുതിയ കഥ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ