

സൂപ്പര്‍ മാമ ഈസ് സൂപ്പര്‍ ലക്കി-റഷീദ് അമ്മയെ പുകഴ്ത്തുന്നു. സൂര്യനുമായി തീരാത്ത പിണക്കത്തിലാണ് ഹിപ്പോകള്‍. ഇരുളിന്റെ മറവിലേ അവര്‍ തങ്ങളുടെ ജലസങ്കേതങ്ങളുടെ സുരക്ഷിതത്വത്തില്‍നിന്നു കരയിലേക്കു കയറാറുള്ളൂ. ഇതിപ്പോള്‍ ഒന്നു മയങ്ങാമെന്നു സന്ധ്യ ആലോചിക്കുന്നേയുള്ളൂ.
ഒരുപക്ഷേ, ആറുമണിയാകുന്നതോടെ മനുഷ്യകീടങ്ങളൊക്കെ ഒഴിഞ്ഞുപോകുമെന്നും കാട് പൂര്‍ണ്ണമായും തങ്ങള്‍ക്കു തിരിച്ചുകിട്ടുമെന്നും മൃഗങ്ങള്‍ക്കും മരങ്ങള്‍ക്കും കാറ്റിനുമൊക്കെയറിയാം. ക്രേറ്ററിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ പുല്‍മേടുകളില്‍ നിറയെ പക്ഷിമൃഗാദികളുടെ കോക്ക്ടെയിലാണ്. ഞങ്ങളവിടെ കറങ്ങുമ്പോള്‍ ഇത്രയും സമ്പന്നമായിരുന്നില്ല അവരുടെ
സാന്നിധ്യം. പ്രകൃതിയുടെ ഏതു മടക്കുകളിലാണ് ഇവരത്രയും ഒളിച്ചിരുന്നത്. മലയിറങ്ങിവരുന്ന കാറ്റിനെ എത്ര ആവേശത്തിലാണ് മരങ്ങള്‍ പച്ചത്തലയാട്ടി പുണരുന്നത്. ഒരു പകല്‍ മുഴുവന്‍ കത്തിത്തളര്‍ന്നു മടങ്ങാനൊരുങ്ങുന്ന സൂര്യനെ തന്റെ പച്ച സൗന്ദര്യം പൊലിച്ചിച്ച് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട് ക്രേറ്റര്‍.
സെരങ്കട്ടിയെപ്പോലെയല്ല ഗോരംഗോരോ ഞങ്ങളെ തൊടുന്നത്. തന്റെതന്നെ ഉള്ളിലേയ്ക്ക് ഉടഞ്ഞുപോയ അന്തര്‍മുഖനാണല്ലോ ഗോരംഗോരോ. വല്ലാത്തൊരു സുഖം നല്‍കുന്ന ശാന്തതയാണിവിടെ. നമുക്കു മുന്നിലേക്കുള്ള കാഴ്ചകളുടെ വരവ് തന്നെ സുഖകരമായൊരു മന്ദതാളത്തിലാണ്.
കിളികളുടെ കൂകലുകളുണ്ട്. അരുവിയില്‍ ഊളിയിട്ടു കളിക്കുന്ന ഹിപ്പോകളുടെ മുക്രയിടലുകളുണ്ട്. മരക്കൊമ്പുകളിലിരുന്നു കാറ്റ് പാടുന്ന സ്വച്ഛരാഗങ്ങളുണ്ട്. പക്ഷേ, എല്ലാ ശബ്ദങ്ങളും നമ്മളനുഭവിക്കുന്ന നിശ്ശബ്ദതയ്ക്കു താഴെ ചെന്നൊതുങ്ങിക്കിടക്കും. സൂര്യന്റെ വെയിലേറുകള്‍ക്കും മൂര്‍ച്ച നന്നേ കുറവാണ്. ഈ അസുലഭാനുഭവം ഗോരംഗോരോയുടെ സായാഹ്നങ്ങളുടെ സമ്മാനമാണ്.
റഷീദ് ക്രൂയിസറിനെ കേറ്ററിനു പുറത്തേയ്ക്കുള്ള കയറ്റത്തിലൂടെ തെളിച്ചു തുടങ്ങി. അപൂര്‍ണ്ണമായ കാമുകീസംഗമത്തില്‍നിന്നു മടങ്ങുന്നവനെപ്പോലെ അപ്പോളെന്റെ മനസ്സ് ഭാരപ്പെട്ടു. നമ്മള്‍ രാവിലെ പുറപ്പെട്ട സമയം ബെസ്റ്റായിരുന്നു. ഒരുപാട് മൃഗങ്ങളെ കാണുമായിരുന്നു. കുറേക്കൂടി ഭാഗങ്ങളിലേയ്ക്ക് കറങ്ങാമായിരുന്നു. സഫാരി ഗംഭീരമായേനേ. ഫസ്റ്റ് ഗിയറില്‍ മുക്കിക്കേറവേ ക്രൂയിസറും റഷീദും സങ്കടപ്പെട്ടു. രാവിലത്തെ അപകടം ഏതാനും മണിക്കൂറുകള്‍ മാത്രമല്ല, ഗോരംഗോരയിലെ ചില കാഴ്ചകളും ഞങ്ങളില്‍നിന്നും തട്ടിയെടുത്തു. ലെറായ് ഫോറസ്റ്റ് പ്രദേശത്തേയ്ക്കും മഗാദി തടാകത്തിലേയ്ക്കും സമയക്കുറവ് കാരണം പോകാനായില്ല. ക്രേറ്ററില്‍ റൈനോയെപ്പോലെത്തന്നെ കാണാന്‍ കൊതിച്ചതാണ് സെര്‍വലുകളെ (Serval). ആഫ്രിക്കയുടെ സ്വന്തം കാട്ടുപൂച്ചയാണ് സെര്‍വല്‍. രാവിലെത്തന്നെ ക്രേറ്ററിലെത്തിയിരുന്നെങ്കില്‍ സെര്‍വല്‍ ദര്‍ശനം തന്നേനെ.
ക്രേറ്ററിന്റെ വക്കത്തേക്കു വലിഞ്ഞുകയറുന്ന ക്രൂയിസറിനു മുന്‍പിലേക്ക് ഒരു ഹൈന കയറി വന്നു. ക്രേറ്ററിലൊരൊറ്റ ഹൈനയേയും ഞങ്ങള്‍ കണ്ടിരുന്നില്ല. ക്രേറ്ററിന്റെ തുഞ്ചത്തെത്തുന്നതിനു മുന്‍പ് ഒരു വ്യൂപോയന്റുണ്ട്. അവിടെ ഞങ്ങള്‍ താഴെയുള്ള പറുദീസയും ഹൈനക്കുട്ടന്‍ ഞങ്ങളേയും കണ്ടുനിന്നു. പിന്നെ വീണ്ടും മുകളിലേയ്ക്ക്, ഗോരംഗോരോയുടെ മായിക വലയത്തില്‍നിന്നു പുറത്തേയ്ക്ക്.
ക്രേറ്ററില്‍നിന്നു പുറത്തിറങ്ങി റോഡിലെത്തിയതും ജിറാഫുകളുടെ കൂട്ടങ്ങള്‍ (ടവര്‍ എന്നാണ് ജിറാഫ് സംഘങ്ങള്‍ക്കുള്ള സാങ്കേതികസംജ്ഞ) കാഴ്ചയിലെത്തി. ജിറാഫ് മുക്ത പ്രദേശത്ത് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞതേയുള്ളൂ, ഈ നീളന്മാര്‍ ഞങ്ങള്‍ക്കു വീണ്ടും പ്രിയപ്പെട്ടവരായി. നീളന്‍ കഴുത്ത് നീട്ടിപ്പൊക്കി അക്കേഷ്യയുടെ മുള്ളുകള്‍ക്കിടയില്‍നിന്നും തന്റെ നീളന്‍ നീലനാവു ചുഴറ്റി ഇലകളെടുക്കുകയാണവര്‍. കഴുത്തിനു നീളമുണ്ടെങ്കിലും അവിടെ ഒതുക്കിവെച്ചിട്ടുള്ള കശേരുക്കളുടെ എണ്ണം നമ്മെപ്പോലെ ഏഴേയുള്ളൂ. മൃഗങ്ങളില്‍ ഏറ്റവും പൊക്കമുള്ളവരാണിവര്‍. പക്ഷേ, ഈ പൊക്കമാണെന്റെ പൊല്ലാപ്പ് എന്നാണ് ജിറാഫിന്റെ സങ്കടം. ഭൂമിയില്‍നിന്നിത്തിരി വെള്ളം കുടിക്കണമെങ്കില്‍ പെടാപ്പാടുപെടണം. കാലുകളുടെ പൊക്കം കഴുത്തിന്റെ നീളത്തോട് മത്സരിക്കും. അവസാനം കഴുത്തും കാലും ജിറാഫും തോല്‍ക്കും. പിന്നെ കാലുകള്‍ അകത്തിവെച്ച് പൊക്കം കുറച്ച് കഴുത്തു വളച്ചുതാഴ്ത്തി ഒരുവിധം വെള്ളം കുടിക്കും. ഇത്രയും
മെനക്കെടാന്‍ വയ്യാത്തതുകൊണ്ട് രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴേ ജലപാനം പതിവുള്ളൂ. പതിവുപോലെ ഏതാനും ജിറാഫുകള്‍ ഭൂമിയുടെ അതിരിലൂടെ നീങ്ങുന്നുണ്ട്. ഒന്നടിതെറ്റിയാല്‍ അവരെങ്ങോട്ടാവും വീണുപോവുക. അസ്തമയസൂര്യന്റെ ചോരപ്പാടുകളെ അവരങ്ങനെ മുറിച്ചുകടക്കുന്നത് കൊതിപ്പിക്കുന്ന ഫ്രെയിമാണ്.
കുറച്ചുനേരത്തേക്ക് റഷീദിനെ ഞങ്ങള്‍ വെറുതെ വിട്ടു. അപ്പുവിനെക്കുറിച്ചും അവനീ സഫാരി നഷ്ടമായതും സാംബിയായില്‍ നടത്തേണ്ട അടുത്ത സഫാരിയെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ മലയാളത്തിലെ സംസാരം നീണ്ടുപോയാല്‍ റഷീദ് അസ്വസ്ഥനാവും. കുടുംബത്തുനിന്നു പുറത്താക്കിയപോലെ എന്നാണ് റഷീദ് പറയുന്നത്. ഇത്തവണ തനിക്കറിയാവുന്ന സിംഹപുരാണത്തിന്റെ പേജുകള്‍ മറിച്ചാണ് റഷീദ് കുടുംബത്തേയ്ക്ക് തിരിച്ചു കയറിയത്.
അത്യദ്ധ്വാനം ചെയ്ത് സ്വകുലത്തിന്റെ എണ്ണം പെരുക്കിയ ആ ആറംഗ ആണ്‍സംഘത്തിനെന്തു പറ്റിയെന്നറിയാമോ?
റഷീദ് ചോദിക്കുന്നു, ഒരു കുസൃതിച്ചിരി യോടെ. എന്നിട്ട് ഉത്തരത്തില്‍നിന്നു സിംഹപുരാണം തുറക്കുന്നു-രാജവംശങ്ങളിലെ പതിവനുസരിച്ച് അവരെ അവരുടെ മക്കള്‍ ക്രേറ്ററില്‍ നിന്നാട്ടിയോടിച്ചു. ആ മക്കളും അവരുടെ മക്കളും അവരുടെ അമ്മമാരിലും പെങ്ങന്മാരിലും ആന്റിമാരിലും കസിനുകളിലും ചിലപ്പോഴൊക്കെ പെണ്‍മക്കളിലും പേരക്കുട്ടികളിലും സന്താനോല്പാദനം നടത്തിയാണ് ഇന്നത്തെ സിംഹസമൂഹത്തെ കെട്ടിപ്പടുത്തത്.
മൃഗരാജാവിന്റെ ജീവിതവഴികള്‍ ഒട്ടും രാജോചിതമല്ല. സിംഹരാജനു മരണഹേതുവായി ഒന്നേയുള്ളൂ കാട്ടില്‍, മറ്റൊരു സിംഹം. അപൂര്‍വ്വമായി അനേകം ജീവനുകളൂതിക്കെടുത്താനെത്തുന്ന മഹാമാരികളും. രാജകുമാരന്മാര്‍ ഒന്നാംപിറന്നാള്‍ പിന്നിടുന്നത് ചുരുക്കമാണ്. പഞ്ഞകാലമാണെങ്കില്‍ പട്ടിണി കിടന്നു ചാവും. തീറ്റിയുടെ ആദ്യാവകാശികള്‍ ആണുങ്ങളും മുതിര്‍ന്നവരുമാണ്. വല്ലതും ബാക്കിവന്നാല്‍ നക്കാം. ഹൈനകളും പുള്ളിപ്പുലികളും തരം കിട്ടിയാല്‍ കുമാരന്മാരെ തട്ടിക്കളയും. ഒരു സിംഹം വളര്‍ന്നു മുറ്റുന്നത് അവര്‍ക്കാപത്താണ്. ചിലപ്പോള്‍ സംഘത്തിലേക്ക് (Pride) പുതിയ രാജാക്കന്മാര്‍ എത്തും. കീഴടങ്ങുന്ന പഴയ മൂപ്പന്മാര്‍ സ്ഥലം വിടും. അവരുടെ കിടാങ്ങളെ തീര്‍ത്തുകളയലാണ് വിജയികളുടെ അടുത്ത നടപടി. കുഞ്ഞുങ്ങള്‍ മരണപ്പെടുന്നതോടെ അമ്മമാര്‍ മാതൃഭാവങ്ങള്‍ വെടിയും. പുത്തന്‍ കാമുകിമാരായി പുതിയ മിടുക്കന്മാര്‍ക്കു വഴങ്ങും. അവരുടെ മക്കളെ പ്രസവിക്കും. അപ്പോഴേക്കും അടുത്ത അധിനിവേശക്കാരെത്തും.
സെരങ്കട്ടിയിലെ സി-ബോയ്
പെണ്‍സിംഹങ്ങള്‍ 18 വയസ്സുവരെയൊക്കെ ജീവിക്കും, ശൈശവം കഴിഞ്ഞുകിട്ടിയാല്‍. ആണിനൊപ്പം എപ്പോഴും മരണമുണ്ട്. 12 വയസ്സാണ് ശരാശരി ആയുസ്സ്. പന്ത്രണ്ടും കടന്ന് 14 വരെ ജീവിച്ച മിടുമിടുക്കനാണ് സെരങ്കട്ടിയിലെ സി-ബോയ്. സുമുഖനും സട സമൃദ്ധനും ആകാരവടിവു തികഞ്ഞവനും ബലവാനുമായിരുന്നു സി-ബോയ്. നിറഞ്ഞുനിന്ന സടയില്‍ എഴുന്നുനിന്നിരുന്ന കറുപ്പുരാശി അവന്റെ അഴകും ഗാംഭീര്യവും കൂട്ടി. സെരങ്കട്ടിയിലെ മൃഗരാജകുടുംബ സംവിധാനത്തെ പഠിച്ചുകൊണ്ടിരുന്ന സ്വീഡിഷ് വനിതയാണ് സി-ബോയ് എന്നു പേരിടുന്നത്. ഒരു ദിവസം കണ്ടെത്തിയ മൂവര്‍ സംഘത്തിന് എ. ബോയ്, ബി. ബോയ്, സി. ബോയ് എന്നിങ്ങനെ പേരിടുകയായിരുന്നു അവര്‍. സെരങ്കട്ടിയിലെ ജീവനക്കാര്‍ക്കും സഫാരിക്കാര്‍ക്കും ഗൈഡുകള്‍ക്കും നാഷണല്‍ ജ്യോഗ്രഫിക്കു തന്നെയും പ്രിയപ്പെട്ടവനായിരുന്നു സി. ബോയ്. അവനൊത്ത കൂട്ടുകാരനായിരുന്നു ഹില്‍ദൂര്‍ (Hildur). രണ്ടു പേര്‍ക്കും സെരങ്കട്ടിയിലെ രണ്ടു സംഘങ്ങളില്‍ സംബന്ധമുണ്ടായിരുന്നു. ആണ്‍ബലവും ആള്‍ബലവും കുറഞ്ഞ സംഘങ്ങളില്‍ ശക്തരായ ചില വിദ്വാന്മാര്‍ ഇതുപോലെ വിസിറ്റിങ്ങ് കണ്‍സള്‍ട്ടന്റായി കേറിപ്പറ്റും. സംരക്ഷണം, സന്താനദാനം, ഇരപിടുത്തത്തില്‍ സഹായം-ഇത്രയുമാണ് ഇവരുടെ സേവനം. പ്രൈഡില്‍ സ്ഥിരാംഗത്വമില്ലാത്ത ഇവര്‍ റെസിഡെന്റ് ലയേണ്‍സ് എന്നറിയപ്പെടുന്നു. പുതിയ ശക്തന്മാരാല്‍ ആക്രമിക്കപ്പെട്ടാല്‍ സംബന്ധസംഘത്തില്‍നിന്നു സഹായമൊന്നും കിട്ടില്ല.
അങ്ങനെ സി. ബോയുടെ ദിവസം വന്നു. അവന്റെ കാമുകിമാരില്‍ മോഹമുദിച്ച നാല്‍വര്‍ സംഘം സി. ബോയ്-യെ തീര്‍ക്കാനൊരുങ്ങി. കില്ലേഴ്സ് (the Killers) എന്നായിരുന്നു സെരങ്കട്ടി രേഖകളില്‍ ഈ സംഘത്തിന്റെ പേര്. അക്രമികള്‍ ആദ്യം ഹില്‍ദൂറിനെ ആട്ടിപ്പായിച്ചു. പിന്നെ സി. ബോയ്യെ വളഞ്ഞിട്ട് ആക്രമിച്ചു. വീരോചിതമായി പൊരുതിനിന്നു സി. ബോയ്. നാലാണ്‍ സിംഹങ്ങളുടെ ക്രൗര്യത്തിനു മുന്നില്‍ അവസാനം അവന്‍ വീണു. അവന്‍ പരാജയപ്പെട്ടു, പക്ഷേ, മരിച്ചിരുന്നില്ല. ബാക്കിനിന്ന ജീവനുമായി, ബാക്കി ശക്തിയെല്ലാം കൂട്ടിയെടുത്ത് അവന്‍ രക്ഷപ്പെട്ടു. അവന്റെ സംഘങ്ങള്‍ രക്ഷയ്‌ക്കെത്തില്ല. സഹായത്തിനെത്തില്ല. അവന്റെ റാണിമാര്‍ കൂറുമാറും. അവന്റെ കുഞ്ഞുങ്ങളെ കില്ലേഴ്സ് കൊല്ലും. സി. ബോയ് ഒന്നുമല്ലാതാവും.
ഏതാനും വനഗവേഷകരും സഫാരി ഗൈഡുകളും നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ഫോട്ടോഗ്രാഫര്‍മാരും സി. ബോയ്-യുടെ പതനത്തിനു സാക്ഷികളായിരുന്നു. ഒന്നുകില്‍ മുറിവുകളില്‍നിന്നു ചോരവാര്‍ന്ന് ഇന്നുതന്നെ അവന്‍ മരിക്കും. അല്ലെങ്കില്‍ മുറിവുകള്‍ പഴുത്തു പിന്നീട്. അതുമല്ലെങ്കില്‍ ഇരപിടിക്കാനാവാതെ പട്ടിണിയായി മെല്ലെമെല്ലെ. ഏതായാലും മരണം ഉറപ്പാണ്. അതു കാഴ്ചക്കാര്‍ക്കു ബോധ്യപ്പെട്ടിരുന്നു.
ചുറ്റുവട്ടങ്ങളിലൊക്കെ വനപാലകരും മറ്റും സി. ബോയ്-യെ അന്വേഷിച്ചുകൊണ്ടിരുന്നു. കൂട്ടുകാരന്‍ ഹില്‍ദുര്‍ ഓടി രക്ഷപ്പെട്ടിരിക്കാം. പക്ഷേ, സി. ബോയ് എവിടെ? മരിച്ചെങ്കില്‍ ശവശരീരമെവിടെ? മൃഗങ്ങള്‍ തിന്നുതീര്‍ത്തോ? ദി കില്ലേഴ്സ് സംഘം ചോരപുരണ്ട കീഴ്ത്താടികളുമായി പരിസരങ്ങളില്‍ റോന്ത് ചുറ്റുന്നുമുണ്ട്. സി. ബോയ് നിരന്തരം ആക്രമിക്കപ്പെടുകയാണോ?
രണ്ടു മാസത്തോളം അവനെക്കുറിച്ച് വിവരമൊന്നുമുണ്ടായില്ല. missing - suspected dead എന്നു പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കു ശേഷം ദൂരെയുള്ള ഒരു പ്രൈഡില്‍ അവനെ കണ്ടെത്തി. പുതിയ സംബന്ധം തുടങ്ങിയിരിക്കുന്നു സി. ബോയ്യും ഹില്‍ദൂറും. മുറിവുകളെല്ലാം കരിഞ്ഞിരിക്കുന്നു. ആരോഗ്യവും ആകാരസൗഷ്ഠവവും തിരിച്ചെത്തിയിരിക്കുന്നു. വനപാലകരും സഫാരിക്കാരും കണ്ടെത്തുമ്പോള്‍ മൂപ്പൊരൊരു സുന്ദരിയുമായി ഇണചേരുകയായിരുന്നു. പിന്നെയും ഒന്‍പതു വര്‍ഷം കഴിഞ്ഞാണ് സി. ബോയ് സ്വാഭാവിക മരണം വരിക്കുന്നത്. കാട്ടില്‍ മറ്റു മൃഗങ്ങളാല്‍ കൊല്ലപ്പെടുന്നതും 'സ്വാഭാവിക'മെന്ന് റഷീദ്.
സി. ബോയ് - ഹില്‍ദൂര്‍ ചങ്ങാത്തംപോലെ ഗോരംഗോരോയിലെ കൂട്ടുകെട്ടാണ് ജാമറും (Hjalmer) കിജാനയും (Kijana). ജാമര്‍, Hjalmer the dreadful എന്നാണ് അറിയപ്പെടുന്നത്. അവന്റെ സടയാകെ ചെളിപുരണ്ട് ജടപിടിച്ചിരുന്നു. അങ്ങനെയാണ് ആ പേര് കിട്ടുന്നത്. നമുക്കവനെ ജടസടയന്‍ എന്നു വിളിക്കാം. ക്രേറ്ററില്‍ത്തന്നെ പിറന്നു വളര്‍ന്നവനാണ് ജടയന്‍. 2015-ല്‍ കിജാന ക്രേറ്ററിലെത്തുന്നു. അക്കാലത്ത് പുറത്തുനിന്ന് ഒരു സിംഹം താഴേക്കിറങ്ങുന്നത് അപൂര്‍വ്വമാണ്. അതിലും അപൂര്‍വ്വമായിരുന്നു സ്വദേശി-വിദേശി സഖ്യം. 2017-ല്‍ യൂത്തന്മാര്‍ ജാമറെ പുറത്താക്കുന്നതുവരെ ആ സഖ്യം ക്രേറ്റര്‍ അടക്കിവാണു. കിജാന അപ്രത്യക്ഷനായി. ജാമര്‍ ഗോരംഗോരോ പുല്‍മേട്ടില്‍ സെരങ്കട്ടിയോട് ചേര്‍ന്നു കൂരവെച്ച മസായികളുടെ കന്നുകാലികളില്‍ കണ്ണുവെച്ചു. കോപ് ലയോണ്‍ പ്രൊജക്ടുകാര്‍ സമയത്തിടപെട്ടതുകൊണ്ട് മസായിക്കുന്തങ്ങളില്‍നിന്നു ജാമര്‍ രക്ഷപ്പെട്ടു. ജാമര്‍ ഇപ്പോള്‍ ക്രേറ്ററിന്റെ പ്രാന്തപ്രദേശങ്ങളില്‍ തിരിച്ചെത്തിയിട്ടുണ്ട്.
സിംഹപുരാണമങ്ങനെ കത്തിക്കയറുകയാണ്... അപ്പോഴാണ് റഷീദ് ഓരം ചേര്‍ത്തു വണ്ടി നിര്‍ത്തിയത്. കാടെന്നു പറയാവുന്ന പച്ചപ്പൊന്നുമില്ലാത്ത ഒരിടം. ഒരു മൊട്ടക്കുന്നും ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരക്കേഷ്യയുമാണ് സീനില്‍. മരത്തിന്റെ മറവില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന പൊക്കക്കാരനെ റഷീദ് കാണിച്ചുതന്നു. അത്തരമൊരിടത്ത് ജിറാഫിനെ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അതും ഒറ്റയ്ക്ക്. പോക്കുവെയിലിന്റെ പീതപ്പകിട്ടില്‍ അതിന്റെ കള്ളിപ്പുള്ളികളെല്ലാം കടുത്തിരുന്നു.
വയസ്സനാണ്, റഷീദ് പറഞ്ഞുതുടങ്ങി. വയസ്സേറും തോറും ജിറാഫിന്റെ പുള്ളികള്‍ക്കു തെളിച്ചം കൂടും. വയസ്സന്‍ സംഘത്തിന് അപകടമാണ്. പ്രായം തളര്‍ത്തിയ ശരീരം സിംഹവും പുലിയും നോട്ടമിടും. അവനെ ലക്ഷ്യംവെച്ചുള്ള വേട്ടക്കിടയില്‍ ഇളമുറക്കാരും പെട്ട് പട്ടുപോകും. അതുകൊണ്ട് വൃദ്ധരെ ജിറാഫ് കൂട്ടങ്ങള്‍ തള്ളിക്കളയും. വല്ലാതെ വയസ്സാവുമ്പോള്‍ വല്ലാത്തൊരു കെട്ടഗന്ധം അതിനെ മൂടും. അതോടെ അതിന്റെ ഒറ്റപ്പെടല്‍ പൂര്‍ണ്ണമാവും.
വയസ്സന്‍ ജിറാഫ് അക്കേഷ്യയുടെ പച്ചയിലകള്‍ ചവച്ചും പഴയ ഓര്‍മ്മകള്‍ അയവിറക്കിയും അങ്ങനെ നിന്നു. തന്റെ സംഘത്തിനു ബാധ്യതയാകാതെ കുലം വിട്ടിറങ്ങിയവനാണ്. ഇന്നു കൂട്ടത്തില്‍നിന്ന്; കാട്ടില്‍നിന്ന്, ജീവിതത്തില്‍നിന്നുതന്നെയും വളരെ ദൂരെ.
അമ്മു സൂം ക്യാമറയിലൂടെ വയസ്സന്‍ ജിറാഫിനെ അടുപ്പിച്ചുനിര്‍ത്തി. മുഖം മുതല്‍ പാദം വരെ വാര്‍ദ്ധക്യത്തിന്റെ നീര്‍ക്കെട്ട്. കണ്ണുകളിലേക്ക്, കണ്ണുകള്‍ക്കുള്ളിലേക്ക് സൂം ചെയ്യൂ, ഞാന്‍ അമ്മുവിനോട് പറഞ്ഞു. കണ്ണുകളിലൂടെ സൂം ചെയ്തിറങ്ങി മൃഗങ്ങളുടെ മനസ്സിലേക്കെത്തുന്ന വിദ്യ സെരങ്കട്ടിയിലെ സഫാരിക്കിടയില്‍ ഞങ്ങള്‍ പഠിച്ചെടുത്തിരുന്നു.
കുറച്ചു നേരത്തേയ്ക്കു ഞങ്ങള്‍ സംസാരിക്കാന്‍ മറന്നുപോയി. വയസ്സന്‍ ജിറാഫിന്റെ ഒറ്റപ്പെടല്‍ ഞങ്ങളെ അത്രത്തോളം സ്പര്‍ശിച്ചിരുന്നു. അമ്മു സൂം ചെയ്തളന്നെടുത്ത, അയാളുടെ കണ്ണുകളിലെ നിസ്സഹായതയുടെ ആഴങ്ങളില്‍ തന്നെയായിരുന്നു ഞാന്‍. ഞാന്‍ എന്റെ കൈത്തലം മണത്തു നോക്കി. ഇല്ല, റഷീദ് പറഞ്ഞ രൂക്ഷഗന്ധമില്ല. എന്റെ സീറ്റിന്റെ ബാക്ക് റെസ്റ്റില്‍ വെച്ചിരുന്ന മിനിയുടെ വിരലുകള്‍ ഞാനവളറിയാതെ മണത്തു നോക്കി. കുഴപ്പമില്ല. രാവിലെ തേച്ച നിവിയ മോസ്ച്ചുറൈസറിന്റെ മണമേയുള്ളൂ. പിന്‍സീറ്റില്‍ അപ്പുറത്തിരുന്ന അമ്മയുടെ ചുളിവ് വീണ കൈകളിലേക്കു ഞാന്‍ നീങ്ങവേ അമ്മുവിന്റെ സ്‌നേഹശാസന മുഴങ്ങി. Stop this stupidity. ആ ശാസനയില്‍ എന്റെ ഗന്ധസന്ദേഹങ്ങള്‍ റദ്ദായി.
സൂര്യന്‍ മറഞ്ഞുകഴിഞ്ഞു. മൂപ്പര് കൂടെയെടുക്കാന്‍ മറന്ന അല്പം വെളിച്ചമേ ബാക്കിയുള്ളൂ. യാത്രയുടെ ക്ഷീണവും ജിറാഫിന്റെ വാര്‍ദ്ധക്യവും ഞങ്ങളെ നിശ്ശബ്ദരാക്കിയിരുന്നു. പുറത്തെ കാഴ്ചകള്‍ അത്ര വ്യക്തമല്ല. എന്നാലും ക്രൂയിസറിന്റെ പിന്നിലൂടെ ഓടിവരുന്ന സി. ബോയ്യെയും ഹില്‍ദൂറിനേയും കാണാം. ജാമറും കിജാനയും സിമ്പയുമുണ്ട്. വര്‍ദ്ധക്യവും വലിച്ച് ആ ജിറാഫുണ്ട്. കറുത്ത കണ്ണീരുമായി സെരങ്കട്ടയിലെ കാട്ടുപോത്തുണ്ട്. കാടുകളിലെ ആരവങ്ങളൊപ്പമുണ്ട്. ക്രൂയിസറിന്റെ ഗര്‍ജ്ജനങ്ങളാകട്ടെ, ഒതുങ്ങിപ്പോയിരിക്കുന്നു.
കാഴ്ചകളും റഷീദിന്റെ ക്ലാസുകളും കഥകളും മായാദര്‍ശനങ്ങളും എന്റെ മതിഭ്രമങ്ങളുംകൊണ്ട് ക്രൂയിസര്‍ 50 കിലോമീറ്റര്‍ ഓടിയതറിഞ്ഞില്ല. കാരാട്ടങ്ങാടി കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ അന്‍പതുകളിലെ നാട്ടുകവലകളില്‍ പെട്ടുകിടക്കുകയാണ് കാരാട്ട് (Karatu) എന്ന അര്‍ദ്ധനഗരം. കാളവണ്ടികളുടേയും കാപ്പിത്തോട്ടങ്ങളുടേയും ബീന്‍സ് പാടങ്ങളുടേയും ഇഷ്ടികക്കളങ്ങളുടേയും ഇറാക്ക്ഗ്വ ഗോത്രത്തിന്റേയും കാരാട്ട്.
ഇറാക്ക്ഗ്വ (Iraqw എന്ന വാക്കിന് ഇതിലും ശരിയായ ഉച്ചാരണം മലയാളത്തില്‍ എഴുതാനെനിക്കറിയില്ല.) മസായികളെപ്പോലെ ഒരു പുരാതന ഗോത്രമാണ്. ഇവര്‍ മസായികളുമായി ശത്രുതയിലുമാണ്. കൃഷിയും കന്നുകാലികളും തന്നെ ജീവനോപാധി. മദ്യം വാറ്റുന്നതില്‍ മിടുക്കര്‍. കുടിലുണ്ടാക്കുന്നത് മരക്കമ്പുകളും മണ്ണും ചാണകവും ഉപയോഗിച്ച്. മസായികളേക്കാള്‍ ഒരു പൊടിക്ക് മെച്ചമാണെന്നു പറയാം. ടാന്‍സാനിയയിലെ വടക്കന്‍ സഫാരി (northern circuit) പ്രദേശങ്ങളിലേക്കുള്ള സഫാരി ജംഗ്ഷനാണ് കാരാട്ട്. വടക്ക് ഗോരംഗോരോയും തെക്ക് മന്യാരയുമാണ്, രണ്ടും മുന്തിയ സഫാരിയിടങ്ങള്‍.
കാരാട്ട് വൈല്‍ഡ് ലൈഫ് ലോഡ്ജിലാണ് ഇന്നത്തെ ഉറക്കം. ലോഡ്ജിലെത്തുമ്പോള്‍ നിറയെ ഇരുട്ട്. മുനിഞ്ഞ് കത്തുന്ന ഏതാനും സോളാര്‍ വിളക്കുകള്‍ മാത്രം. ലോഡ്ജിന്റെ
രൂപഭംഗിയോ ചുറ്റുമുള്ള പ്രകൃതിയോ ഞങ്ങള്‍ക്ക് ആസ്വദിക്കാനായില്ല. പത്തു മിനിട്ടോളം എടുത്തു റഷീദിന് റിസപ്ഷനിലേക്ക് ഒരാളെ സംഘടിപ്പിക്കാന്‍. ഞങ്ങള്‍ മാത്രമാണത്രെ ഇന്നത്തെ അതിഥികള്‍. പ്രതീക്ഷിച്ചിരുന്ന മറ്റൊരു സംഘം വരുന്നില്ല. ഓഫ് സീസണില്‍ ഇതൊക്കെ പതിവെന്ന് റഷീദ്. ഞങ്ങളുടെ വരവ് ലോഡ്ജുകാര്‍ക്ക് ആശ്വാസമായോ അതോ ശല്യമായോ ആവോ?
രണ്ടു ടെന്റുകള്‍ ബുക്ക് ചെയ്തിരുന്നെങ്കിലും പതിവുപോലെ ഞങ്ങള്‍ ഒന്നില്‍ത്തന്നെ ഒതുങ്ങിക്കൂടി. ഭക്ഷണം അത്ര കേമമായിരുന്നില്ല. ഭക്ഷണശാലയിലേക്കു കൂട്ടുവന്നത് രണ്ടു സ്ത്രീകളായിരുന്നു. തീരെ തെളിച്ചമില്ലാത്ത രണ്ടു ടോര്‍ച്ചു വിളക്കുകള്‍ വഴിയൊന്നും കാണിക്കുന്നുണ്ടായിരുന്നില്ല. ആളും ആരവവും വെളിച്ചവുമില്ലാതെ ഈ ടെന്റഡ് ലോഡ്ജ് വല്ലാതെ മടുപ്പിക്കുന്നു. സെരങ്കട്ടിയിലെ ടോട്ടിക്കോളിസ് ക്യാമ്പിലെ ടെന്റുകളേക്കാള്‍ മെച്ചപ്പെട്ട ടെന്റുകളാണ്, എന്നാല്‍, അവിടത്തോളം ഡൈനാമിക്ക് അല്ല ഈ ക്യാമ്പ്. ഏതായാലും രണ്ടു റൗണ്ട് റമ്മി കളിയേ വേണ്ടിവന്നുള്ളൂ ഉറക്കത്തിനു ഞങ്ങളെ തോല്‍പ്പിക്കാന്‍.
കോട്ടൂരിലെ പ്രഭാതം എട്ടുമണിവരെ കാത്തുനിന്നു ഞങ്ങളെ കാണാന്‍. രാത്രിയെടുക്കാന്‍ മറന്നു പോയ ഈറന്‍തോര്‍ത്ത് പ്രഭാതമെടുത്തു ചുറ്റിയിട്ടുണ്ട്. രാത്രിയുടെ നീരാട്ട് ഗാഢനിദ്രയില്‍ ഞങ്ങളറിഞ്ഞതേയില്ല. പ്രഭാതത്തിനും പ്രകൃതിക്കും ഞങ്ങള്‍ക്കും വല്ലാത്തൊരു മൂഢത. ലോഡ്ജാകട്ടെ, ഇന്നലെയുണ്ടായിരുന്ന വിഷണ്ണഭാവം വെടിഞ്ഞിട്ടുമില്ല. ഇന്ന് സഫാരി അവസാനിക്കുകയാണ്. ദിവസങ്ങളോളം നീണ്ട വനവാസം തീരുകയാണ്. എല്ലാ യാത്രകളിലും അവസാന
ദിനങ്ങളില്‍ ഞങ്ങളനുഭവിക്കുന്നതാണ് ഈ ഊര്‍ജ്ജശോഷണം. അതങ്ങനെ മന്ദതയായി ഞങ്ങളുടെ ചേതനകളെ തളര്‍ത്തിക്കൊണ്ടിരിക്കും.
ഇന്നലെ നേരത്തെ പുറപ്പെട്ടുണ്ടായ തിക്താനുഭവങ്ങള്‍ കൊണ്ടാവാം പുറപ്പെടാന്‍ റഷീദ് തിരക്കു കൂട്ടുന്നുമില്ല. ഞങ്ങള്‍ ലോഡ്ജിലെ ടെന്റുകള്‍ക്കിടയിലൂടെ നടന്നു. വിവിധ വലുപ്പത്തിലും നിലവാരത്തിലുമുള്ള ടെന്റുകള്‍. സെരങ്കട്ടിയില്‍ താമസിച്ച ടെന്റുകളോളം പ്രാകൃതമല്ല ഈ ടെന്റുകള്‍. തറയില്‍നിന്ന് അരമീറ്ററോളം പൊക്കിയാണ് ടെന്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വലുപ്പവും കൂടുതലുണ്ട്. സോളാര്‍ ഹീറ്ററുകളിലാണ് ചൂടുവെള്ളം തയ്യാറാവുന്നത്. സെരങ്കട്ടിയിലുണ്ടായിരുന്ന സുരക്ഷാകരുതലുകളോ മസായി സാന്നിധ്യമോ വാക്കിടോക്കികളോ ഇവിടെയില്ല. കുന്ന്, ചെരുവിറങ്ങിപ്പോകുന്നിടത്താണ് ഞങ്ങളുടെ ടെന്റ്. ചെരുവിറങ്ങിയാല്‍ ബീന്‍സ് പാടങ്ങളാണ്. അതിനപ്പുറം മരങ്ങളുടെ തിരക്കാണ്. കണ്ണുകളെ കുന്നിറക്കിവിട്ടാല്‍ ഇറാക്ക്ഗ്വ ഗോത്രക്കാരുടെ വലിയ കൃഷിപ്പാടങ്ങളെ പെട്ടെന്നു മുറിച്ചുകടന്ന് മരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കാടുകളില്‍ ചെന്നു കയറും, നാല് വശത്തും. പകരം തണുത്ത പച്ചമണവുമായി കാട്ടിലെ കാറ്റ് കുന്നുകേറി വരുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും നിങ്ങള്‍ വനത്തിലാണ് എന്നു പരിസരം ഞങ്ങളോട് പറയുന്നില്ല. സെരങ്കട്ടിയിലെ പ്രഭാതങ്ങള്‍ നല്‍കിയ 'കാടന്‍ ഫീലിങ്ങ്സ്' കാരാട്ട് തരുന്നില്ല.
ഹഡ്സേകളുടെ ഊര്
പ്രാതലിനു ഹാളിലെത്തിയപ്പോളതാ റഷീദ് തന്റെ ഭക്ഷണവുമായി കാത്തിരിക്കുന്നു. അടുത്തു തന്നെ വിളമ്പല്‍കാരുമുണ്ട്, ഇവരൊന്നു കഴിച്ചുപോയാല്‍ മതിയെന്ന ഭാവത്തില്‍. മറ്റതിഥികളൊന്നുമില്ലാത്ത ദിവസം കയറിച്ചെന്ന് ലോഡ്ജ് ജീവനക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് ഞങ്ങള്‍. റഷീദിനു കഴിക്കാമായിരുന്നില്ലേ.
വിശന്നിരിക്കണോ? ഭക്ഷണം തണുത്തും പോയി - എന്ന് അമ്മയുടെ സ്‌നേഹശാസനം. ''നോ പ്രോബ്ലം. വേയ്റ്റിങ്ങ് ഫോര്‍ മൈ സൂപ്പര്‍ മാമ'' എന്ന് റഷീദ്. ഇവര്‍ക്കിടയിലീ ആട്ടോ ട്രാന്‍സ്ലേഷന്‍ ടെക്നിക്ക് എന്താണാവോ! പ്രഭാതഭക്ഷണം
രുചിയിലും അളവിലും സമൃദ്ധമായിരുന്നു. ഭക്ഷണത്തില്‍ ഞങ്ങള്‍ തൃപ്തരാണെന്നറിഞ്ഞ അടുക്കള അധികാരി സന്തോഷത്തോടെ തിരിച്ചുപോയി. അയാളും കാവല്‍ക്കാരനും മാത്രമാണ് ലോഡ്ജിലെ പുരുഷജീവനക്കാര്‍. ബാക്കിയെല്ലാം തണ്ടും തടിയുമുള്ള തരുണികളാണ്.
ഈ ഭാഗത്ത് മസായികളില്ലേ? ആരേയും കണ്ടില്ലല്ലോ, എന്ന് അമ്മ. ഈ ഭാഗത്ത് മസായി ബോമകളില്ലെന്ന് റഷീദ്. പ്രധാനമായും മൂന്ന് വനഗോത്രങ്ങളാണ് കാരാട്ട്-മന്യാര പ്രദേശത്തുള്ളത്. ഇറാക്ക്ഗ്വാ, ദത്തുഗ (Datooga), ഹഡ്സാബെ (ഹഡ്സ, ഹഡ്സേയ്ബ്, Hadzabe). ഇറാക്ക്ഗ്വക്കാരെക്കുറിച്ചു മുന്‍പ് സംസാരിച്ചതാണ്. ഗോരംഗോരോ പ്രദേശത്തിനും തെക്കുള്ള റിഫ്ട് വാലിയുടെ ഭാഗമാണ് എയാസി തടാകം (Lake Eyasi). ടാന്‍സാനിയായിലെ ഏറ്റവും വലിയ സോഡാ ലേയ്ക്ക്. തടാകപ്രദേശത്തെ കാടുകളിലും സമതലങ്ങളിലും കഴിയുന്ന നാടോടി
ഗോത്രമാണ് ഹഡ്സേബ് അഥവാ ഹഡ്സേകള്‍. കാട്ടുപഴങ്ങള്‍, കാട്ടുതേന്‍, കിഴങ്ങുകള്‍, വേരുകള്‍ എന്നിവയൊക്കെയാണ് സസ്യഭക്ഷണം. പിന്നെ കാട്ടുമരച്ചില്ലകള്‍ കൊണ്ടുണ്ടാക്കുന്ന അകുശലമായ അമ്പും വില്ലും കൊണ്ട് ചെറുമൃഗങ്ങളെ വേട്ടയാടും. അവര്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, സംഭരിക്കുന്നില്ല. വളര്‍ത്തുന്നില്ല, കൊല്ലുന്നില്ല. കൂട് കെട്ടി ഒരിടത്തുതന്നെ കെട്ടിക്കിടക്കുന്നില്ല. സുഖജീവിതം. കഴിഞ്ഞ 1000 വര്‍ഷങ്ങള്‍ക്കിടയില്‍ അവരുടെ രീതികള്‍ക്കു മാറ്റങ്ങളുണ്ടായിട്ടില്ലത്രേ. ഇന്ന് തനത് ആദിമ ആഫ്രിക്കന്‍ ജീവിതം നയിക്കുന്ന ഒരേയൊരു ഗോത്രം. റഷീദ് നിര്‍ത്തിയിടത്ത് നിന്ന്, ഹഡ്സേകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളുമായി അമ്മു 'വിക്കി' കയറിവന്നു. ഹഡ്സേകള്‍ക്ക് എഴുത്തില്ല, കൃത്യമായ
സംസാരഭാഷയില്ല. മിനിട്ടുകളില്ല, മണിക്കൂറുകളില്ല, ദിവസങ്ങളില്ല, മാസങ്ങളില്ല, കലണ്ടറില്ല. രാത്രി, പകല്‍. ഇന്ന്, ഇപ്പോള്‍-അത്രമാത്രം. നാക്ക് അണ്ണാക്കില്‍ മുട്ടിച്ചുണ്ടാക്കുന്ന 'ഞൊട്ടല്‍' ശബ്ദങ്ങളിലൂടെയാണ് സംസാരം. അപൂര്‍വ്വങ്ങളായ clicking language കുലത്തില്‍ ഇതും പെടും. ആയിരത്തോളം പേര്‍ മാത്രമാണ് ഇന്നീ ഗോത്രത്തില്‍ ബാക്കിയുള്ളത്. റഷീദ് ക്ലിക്കന്‍ ഭാഷയില്‍ രണ്ടുമൂന്നു വാചകങ്ങള്‍ പൂര്‍ത്തിയാക്കി. നൊട്ടലും നുണയലും മൂളലുമൊക്കെയായി ബാഹുബലിയിലെ കാലകേയന്മാരെപ്പോലെ.
റഷീദ് മൂന്നു തവണ സഞ്ചാരികളേയും കൊണ്ട് ഹഡ്സേകളുടെ മടകളില്‍ പോയിട്ടുണ്ട്. മാത്രമല്ല, മൂപ്പര് വളര്‍ന്നത് ഈ കാരാട്ട് പ്രദേശത്ത് തന്നെയാണ്. റഷീദിന്റെ ഹഡ്സേ ഭാഷ ഞങ്ങളെയൊക്കെ രസിപ്പിച്ചു. അമ്മ മാത്രം ഗൗരവത്തിലിരുന്നു, പിണങ്ങിയ കുട്ടിയെപ്പോലെ.
ഇതെന്തേ നേരത്തെ പറയാതിരുന്നത്. മസായിക്കുടിലില്‍ പോയപോലെ ഈ ഹഡ്സേകളേയും കാണാന്‍ പോകണമായിരുന്നു. അമ്മ റഷീദിനോട് തട്ടിക്കയറുന്നു. ചെവിക്കു പിടിക്കുമെന്നു പേടിപ്പിക്കുന്നു. വേണമെങ്കില്‍ ഒരു കൊച്ചടി കൊടുക്കാനുള്ള സ്വാതന്ത്ര്യമൊക്കെ അവരുടെ അടുപ്പത്തിനിപ്പോഴുണ്ട്.
അമ്മേ, നമ്മുക്കതിനുള്ള സമയമില്ല. മുക്കാല്‍ മണിക്കൂറെങ്കിലുമെടുക്കും എയാസി തടാകത്തിലെത്താന്‍. പിന്നെ ഏതു ഭാഗത്താണ് ഹഡ്സേകളിപ്പോഴുള്ളതെന്നറിയണം. അവരോട് സംസാരിക്കാന്‍ കഴിയുന്ന ലോക്കല്‍ ഗൈഡ് വേണം. ആ... പോട്ടെ, സാരമില്ല. അമ്മ നിരാശ നീക്കിവെയ്ക്കുന്നു.
റഷീദ് മൂന്നാം ഗോത്രത്തിലേയ്ക്കു കടക്കുന്നു. ദത്തൂഗകള്‍ ജീവിതരീതിയിലും വസ്ത്രധാരണത്തിലും മസായികളെപ്പോലെയാണ്. കാലിമേയ്ക്കലും അല്പം കോഴിക്കൃഷിയും സസ്യകൃഷിയുമായി കഴിഞ്ഞുകൂടുന്നു. കൊല്ലപ്പണിയില്‍ മിടുക്കരാണ്. ഹഡ്സേകളുടെ സ്‌പെഷ്യല്‍ അമ്പുകള്‍ക്ക് ലോഹമുന പിടിപ്പിക്കുന്നത് ഇവരാണ്. ഈ മൂന്നു ഗോത്രങ്ങളും മസായികളുമായി ചങ്ങാത്തത്തിലല്ല.
ഭക്ഷണം കഴിഞ്ഞപ്പോഴേക്കും പെട്ടികളൊക്കെ റൂം ഗേള്‍സ് വണ്ടിക്കടുത്തെത്തിച്ച് റഷീദിനെ ഏല്‍പ്പിച്ചുപോയി. മിനി നേരെ ഗാര്‍ഡിനടുത്തേയ്ക്കാണ് പോയത്. ലോഡ്ജിലെമ്പാടും ധാരാളം പൂച്ചെടികളും ഇലച്ചെടികളും കള്ളിച്ചെടികളും ഉണ്ട്. അവയില്‍ ഏതാനും തൈകളോ കമ്പുകളോ സംഘടിപ്പിക്കാനാണ് മിനിയുടെ ശ്രമം. മിനിക്ക് ബുദ്ധിമുട്ടേണ്ടിവന്നില്ല, ആവശ്യപ്പെട്ടതെല്ലാം മുറിച്ചും പറിച്ചുമെടുത്ത് അയാള്‍ മിനിയുടെ സഞ്ചി നിറച്ചുകൊടുത്തു. മിനി ആനന്ദലബ്ധിക്കിനിയെന്തു വേണം എന്ന മൂഡിലായി. ചെല്ലുന്നിടത്തുനിന്നെല്ലാമുള്ള
ചെടിശേഖരണത്തില്‍ ഞങ്ങള്‍ കൂടാറില്ല. അത് മിനിയുടെ സോളോ മിഷനാണ്. അന്നത്തെ ചെടിക്കൂട്ടം കുവൈറ്റിലെ ഹരിതവിരോധികളായ മരുഭൂകാലാവസ്ഥകളെ അതിജീവിച്ചു എന്നു
മാത്രമല്ല, ഞങ്ങളുടെ കൂടെ പിന്നീട് ഇന്ത്യയിലേയ്ക്ക് പറക്കുകയും കൊച്ചിയിലെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ രണ്ടു മാസം ഒതുങ്ങിക്കൂടുകയും പിന്നെ തൃശൂരിലെത്തി വീട്ടിനു മുന്‍പിലെ ചട്ടികളില്‍ തഴച്ചുവളരുകയും ചെയ്തു. മിനിയോട് ഇത്രയും കൂറുകാണിച്ച വേറെ ചെടികളില്ല.
സാമാന്യം വലിയൊരു അണ്ഡാകൃതിയിലാണ്, റിസപ്ഷനും ഭോജനശാലയും അടുക്കളയുമൊക്കെ ചേര്‍ന്ന പ്രധാന കെട്ടിടം. നടുഭാഗം, നമ്മുടെ നടുമുറ്റംപോലെ തുറസ്സാണ്. മേച്ചില്‍ പുല്ലുകൊണ്ടാണ്. റിസപ്ഷനു നേരെ, പ്രധാന കവാടത്തിനൊരു വശത്ത് മരത്തില്‍ ചെയ്ത ശില്പങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും ഒരുക്കിയിട്ടുണ്ട്. സോവനീര്‍ ഷോപ്പുകളിലെ ആന - സിംഹം - ജിറാഫ് ഐറ്റംസ് അല്ല. കലയും ബോധവും ഉദ്ബോധനവും ചേര്‍ന്ന ശില്പങ്ങള്‍. മിക്കവയും ക്രിസ്ത്യന്‍ പശ്ചാത്തലമുള്ളത്. പറന്നുപൊങ്ങുന്ന പ്രാവുകളുടെ രൂപങ്ങള്‍ കൊത്തിയിണക്കിയുണ്ടാക്കിയ കുരിശ്. അവസാന അത്താഴത്തിന്റെ മട്ടില്‍ മൃഗങ്ങളെ ദീര്‍ഘചതുരത്തില്‍ നിരത്തി കൊത്തിയെടുത്ത മനോഹരശില്പം. അധ്യക്ഷനായി ഒറിജിനല്‍ ക്രിസ്തു തന്നെ. ഒന്നുരണ്ടെണ്ണത്തിന്റെ വില കണ്ടപ്പോള്‍ തന്നെ അമ്മയും മിനിയും കലാസ്വാദനം നിര്‍ത്തി സഫാരിവണ്ടിയിലേയ്ക്കു നീങ്ങി. സൂപ്പര്‍ മാമ... ഹക്കുണ മത്താത്ത... റഷീദ് പതിവുപോലെ നീട്ടിപ്പാടി അമ്മയെ സഫാരിവണ്ടിയിലേക്ക് കയറാന്‍ സഹായിക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലോഡ്ജ്, അതിന്റെ സഹജമായ വിഷണ്ണഭാവത്തോടെ വിട നല്‍കി. നാട്ടില്‍നിന്നും കാട്ടില്‍നിന്നും ഒറ്റപ്പെട്ടുപോയവന്റെ സങ്കടം ഒന്‍പതുമണി വെയിലിലും ലോഡ്ജ് പരിസരത്ത് ഉറഞ്ഞുകിടന്നു. കൃഷിയിടങ്ങളും കവലകളും താണ്ടി കാരാട്ടങ്ങാടിയും കടന്ന് മന്യാരയിലേയ്ക്ക് തിരിഞ്ഞപ്പോഴാണ് റഷീദ് സങ്കടം പറഞ്ഞത്. ഇന്നലെ നേരത്തെ എത്തുകയാണെങ്കില്‍
വീട്ടിലൊന്നു പോകണമെന്നുണ്ടായിരുന്നു. രാത്രി തങ്ങി രാവിലെ വന്നാല്‍ മതിയല്ലോ. അഞ്ചാറ്
മാസമായി അവരെ കണ്ടിട്ട്. അമ്മയ്ക്കതു സങ്കടമായി. ഇന്നു രാവിലെ പോകാമായിരുന്നില്ലേ റഷീദ്? ലോഡ്ജില്‍നിന്ന് ആറുമണിക്കേ ഇറങ്ങാമായിരുന്നല്ലോ? അമ്മേ, അവര് എട്ടുമണിയോടെ ജോലിക്കു പോകും. ഉമ്മയും അനിയന്റെ ഭാര്യയും നേരത്തെയിറങ്ങും. വീട്ടുജോലിയാണ്. ഉപ്പയ്ക്ക് കൃഷിപ്പണിയാണ്. അനിയന്‍? അവന്‍ ഒരു ടാക്‌സി ഓടിക്കുന്നു. മോഷിയില്‍. എന്നാലും രാവിലെ അവിടെ പോകാമായിരുന്നു. റഷീദിന്റെ വീട്ടുകാരെ എനിക്കും കാണണ്ടേ? ബേബിയമ്മയുടെ പരിഭവം ഒഴിയുന്നില്ല. രാവിലെത്തന്നെ ബേബിയമ്മയ്ക്ക് എവിടെയൊക്കെ പോണം! ഹഡ്സേകളുടെ ഊരില്‍ പോണം, റഷീദിന്റെ വീട്ടില്‍ പോണം. നമ്മളൊരു വൈല്‍ഡ് ലൈഫ് സഫാരിയിലാണമ്മേ. അമ്മയെ ശുണ്ഠിപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് അമ്മുവും മിനിയും. ഇതൊക്കെക്കൂടിയാണ് ബേബിയമ്മ. ബേബിയമ്മ കൂടെയുള്ളതുകൊണ്ടാണ് യാത്രകള്‍ ഇത്രയും ജൈവമാകുന്നത്. ഒരു മണിക്കൂറിലോ ഒറ്റ ദിവസം കൊണ്ടോ, അപരിചിതരായവര്‍ പരിചിതരായി യാത്രകളില്‍ കയറിനില്‍ക്കുന്നതും. ഈ വനസഫാരിയില്‍ സിംഹങ്ങളും പുലികളും മാനുകളും ആനകളുമൊക്കെ മാത്രമാവാതെ റഷീദും അയാളുടെ കുടുംബവും മസായികളും ലോഡ്ജ് ജീവനക്കാരും അടുക്കളക്കാരും ഗോരംഗോരോ ലോഡ്ജിലെ വി.ഐ.പി രൂപനും മറ്റു മനുഷ്യരും വന്നുകയറുന്നത് ബേബിയമ്മയുള്ളതുകൊണ്ടാണ്.
മരംകേറി കേസരികള്‍
അമ്മയുടെ പരിഭവങ്ങള്‍ നേര്‍പ്പിക്കാനുള്ള ഉപായമൊക്കെ റഷീദിന് ഇപ്പോഴറിയാം. റഷീദ് വണ്ടി ഒരിടത്തരം സോവനീര്‍ ഷോപ്പിനോട് ചേര്‍ത്തുനിര്‍ത്തി, അമ്മയ്ക്ക് കൂട്ടുകാര്‍ക്ക് കൊടുക്കാന്‍ കുറച്ചു ചെറിയ സോവനീറുകള്‍ വേണമെന്നു പറഞ്ഞിരുന്നു. അമ്മ കള്ളച്ചിരിയുമായി ഇരിക്കുന്നു. ഞങ്ങളറിയാതെ അവര്‍ നേരിട്ടൊപ്പിട്ട ഒരു കരാറാണത്. ധാരാളം സെലക്ഷനുള്ള ഷോപ്പ്. ഭംഗിയായി സോവനീറുകള്‍ വിന്യസിച്ചിരിക്കുന്നു. സൗഹാര്‍ദ്ദം മുറ്റുന്ന ജീവനക്കാര്‍. പേശലില്‍ ഇടിഞ്ഞുവീഴുന്ന വിലകള്‍. വന്‍ കടകളുടെ ശല്യപ്പെടുത്തുന്ന കോര്‍പറേറ്റ് ചിട്ടകളുമില്ല. അമ്മയ്ക്കു കടയിഷ്ടമായി, ഞങ്ങള്‍ക്കും. കൂട്ടുകാര്‍ക്കുള്ള ഗിഫ്ടുകളും വലിയ അഞ്ചിനേയും ചുറ്റും കൊത്തി നിര്‍ത്തിയ ഒരു മരത്തളികയും കരിമരം കൊണ്ടുള്ള ചട്ടികളും വാങ്ങി. അമ്മയ്ക്കായി ഒരു മസായി ഷുക്ക കൂടി വാങ്ങണമെന്നുണ്ടായിരുന്നു. കുവൈത്തിലെ തണുപ്പുകാലത്ത് അമ്മയ്ക്ക് ഷോളായി ഉപയോഗിക്കാം. പക്ഷേ, മസായിത്തനിമയുള്ള ഷുക്കയൊന്നുമില്ല, പോരാത്തതിന് മെയ്ഡ് ഇന്‍ ചൈന എന്ന പ്രിന്റും. മസായിയുടെ ഷുക്കയില്‍ ചൈനക്കെന്ത് കാര്യം?
നേരം വൈകുന്നു, മൃഗങ്ങള്‍ പോകും എന്നൊക്കെയുള്ള വെപ്രാളമൊന്നും ആര്‍ക്കുമിപ്പോഴില്ല. സഫാരി അവസാന ദിനമാണല്ലോ. സെരെങ്കട്ടിയും ഗോരംഗോരയും കണ്ടവര്‍ക്ക് ഇനിയെന്ത് കൊച്ചു മന്യാര എന്ന പുച്ഛവും ബാക്കിയെന്തുണ്ട് കാണാന്‍ എന്നൊരല്‍പ്പത്തവും. മന്യാര പുറത്തെടുക്കുന്ന അത്ഭുതങ്ങള്‍ ഞങ്ങളറിഞ്ഞിരുന്നില്ല.
പോകെപ്പോകെ വഴിയില്‍ മന്യാരയുടെ സൂചനകള്‍ കണ്ടുതുടങ്ങി. വലിയ ബോര്‍ഡുകള്‍ തന്നെ മന്യാരയിലേയ്ക്ക് ചൂണ്ടിനില്‍ക്കുന്നുണ്ട്. അവയിലൊക്കെ മരച്ചില്ലയില്‍ അലസം കിടക്കുന്ന സിംഹങ്ങളുണ്ട്. കൂട്ടംകൂടി നില്‍ക്കുന്ന ബബൂണുകളുണ്ട്. പിങ്ക് നിറത്തിന്റെ ഉത്സവവുമായി ഫ്‌ലെമിംഗോകളുണ്ട്. എങ്കിലും മരങ്കേറിക്കേസരികള്‍ തന്നെയാണ് പ്രധാനികള്‍.
ഹോം ഓഫ് ട്രീ ക്ലൈമ്പിങ്ങ് ലയണ്‍സ് എന്നാണ് പരസ്യവാചകം. പരിണാമത്താവഴികളിലൊരിടത്തും മരം കയറാനും മരക്കൊമ്പുകളില്‍ അലസമായി കിടന്നുറങ്ങാനുമുള്ള അവകാശം ആര്‍ജ്ജിച്ചിട്ടില്ലാത്ത സിംഹങ്ങളുടെ ഈ താന്തോന്നി സ്വഭാവം ജന്തുശാസ്ത്രജ്ഞരേയും മൃഗശീല ഗവേഷകരേയും വല്ലാതെ വിസ്മയപ്പെടുത്തുന്നുണ്ട്. ഉഗാണ്ടയിലെ ക്യൂന്‍ എലിസബത്ത് പാര്‍ക്കിലും ഇവിടെയും മാത്രമാണ് ലോകത്തില്‍ ഈ മരംകേറിക്കേസരികളുള്ളത്. പിന്നെ മന്യാരക്കാരുടെ ചില ബന്ധുക്കള്‍ തൊട്ടടുത്ത തരംഗീറിയില്‍ ചെന്നും മരംകേറ്റം പ്രദര്‍ശിപ്പിക്കാറുണ്ട്. തന്നെ വെട്ടിച്ചോടി മരത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ബബൂണിന്റേയോ പുലിക്കുട്ടിയുടേയോ പിന്നാലെ ചാടിക്കേറുന്ന സിംഹങ്ങളെ സെരങ്കട്ടിയിലും മസായിമാരയിലും കാണാറുണ്ട്. അതു പക്ഷേ, വിശപ്പിന്റേയോ വികാരത്തിന്റേയോ തള്ളിച്ചയില്‍ കേറിപ്പോവുന്നതാണ്. അവിടെനിന്ന് ഇറങ്ങാന്‍ പാടുപെടുന്ന, കാല്‍ത്തെന്നി താഴെ വീഴുന്ന സിംഹത്താന്മാര്‍ സഫാരി വീഡിയോസിലെ കോമാളികളാണ്.
ഇവിടത്തെ സിംഹങ്ങള്‍ എന്തുകൊണ്ട് മരം കേറുന്നു എന്ന ബേബിയമ്മയുടെ ചോദ്യത്തിനു മുന്നില്‍ റഷീദ് നിന്നു കുഴങ്ങി. സിംഹങ്ങളുടെ ഈ ദുഃസ്വഭാവത്തിന്റെ കാരണം റഷീദിനു കൃത്യമായറിയില്ല. തറനിരപ്പിലെ ചൂടൊഴിവാക്കി കാറ്റുകൊള്ളാനായിരിക്കാം, ഇരകളെ ഉയരത്തില്‍നിന്നു നോക്കാനായിരിക്കാം, കീടങ്ങളില്‍നിന്ന്, പ്രത്യേകിച്ച് Tse Tse പ്രാണികളില്‍നിന്നു രക്ഷപ്പെടാനായിരിക്കാം എന്നൊക്കെയുള്ള വിശദീകരണങ്ങളില്‍ അമ്മയ്ക്കും റഷീദിനു തന്നെയും വിശ്വാസമില്ല. ഗവേഷകര്‍ക്കും തീര്‍ച്ചയില്ലാത്തതുകൊണ്ട് അമ്മയുടെ ചോദ്യത്തിന് ഉത്തരങ്ങള്‍ നിരവധിയാണ്. ജന്മസിദ്ധമായ ശീലമല്ല, ആര്‍ജ്ജിതപാടവമാണ് ഇതെന്നുമാത്രം ഗവേഷകര്‍ ഉറപ്പിക്കുന്നു. ''എന്തിനേറെ പറയുന്നു, മന്യാരയില്‍ സിംഹങ്ങള്‍ സുഖമായി മരം കേറുന്നു'' എന്നു ഞങ്ങള്‍ ആ ഉപന്യാസം ഉപസംഹരിച്ചു. വലിയ ഉരുളന്‍ കല്ലുകള്‍ ആഫ്രിക്കന്‍ രീതിയില്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ വലിയ കമാനം കടന്നു പാര്‍ക്കിലെത്തുമ്പോള്‍ രണ്ടു വണ്ടികളും 10-12 സഞ്ചാരികളും മാത്രമാണ് പാര്‍ക്ക് ഓഫീസ് പരിസരത്തുണ്ടായിരുന്നത്. ഒരു വനത്തിന്റെ പ്രതീതിയൊന്നും പരിസരത്തിനില്ല. ധാരാളം മരങ്ങളുള്ള ഒരു മുനിസിപ്പല്‍ പാര്‍ക്കിലെത്തിയപോലെ. പാര്‍ക്കുകളിലെപ്പോലെ സന്ദര്‍ശകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എഴുതിവെച്ചിട്ടുള്ള കൊച്ചു പച്ച ബോര്‍ഡുകളുമുണ്ട്. അതിലൊന്നിലെ വരികള്‍ ഇതാണ് - Remove nothing from park except nourishment for the osul, conoslation for the heart and inspiration for the mind.
320 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രം പരപ്പുള്ള ചെറിയ വനമാണ് മന്യാര നാഷണല്‍ പാര്‍ക്ക്. ഇതില്‍ 230 സ്‌ക്വയര്‍ കിലോമീറ്ററും മന്യാര തടാകമാണ്. ആഴം കുറഞ്ഞ ഉപ്പുതടാകമാണ് മന്യാര. എത്ര വെള്ളമടിച്ചു വീര്‍ത്താലും മൂന്നു മീറ്റര്‍ മാത്രം ആഴം. തടാകത്തിനു ചുറ്റുമായി ചതുപ്പുകളും പുല്‍മേടുകളും അതിനും പുറത്തു തിങ്ങിനിറഞ്ഞു വൃക്ഷങ്ങളും കുറ്റിച്ചെടികളും വിന്യസിച്ചിരിക്കുന്നു പ്രകൃതി. ഗേറ്റില്‍നിന്നു കാട് കേറിത്തുടങ്ങുമ്പോള്‍ തന്നെ മന്യാരയുടെ സ്വഭാവം മനസ്സിലാവും. മരങ്ങളുടെ പൂരമാണ്. ഫിഗും മഹാഗണിയും അക്കേഷ്യയും കൂട്ടം കൂടി നില്‍ക്കുന്നു. ജലം സുലഭമായതിനാല്‍ നല്ല തണ്ടും തടിയും ഉയരവും. റിഫ്ട് വാലിയുടെ
കുത്തനേയുള്ള ചെരുവുകളില്‍ വീഴാതിരിക്കാന്‍ ബദ്ധപ്പെട്ടുനില്‍ക്കുന്ന ഏതാനും ബോവ്ബാബുകളേയും അക്കേഷ്യകളേയും കാണാം. മറ്റു കാടുകളിലെപ്പോലെ സുലഭമല്ലെങ്കിലും സോസേജ് മരങ്ങളും ധാരാളമായുണ്ട്. സോസേജ്, അത്തി, അക്കേഷ്യ മരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് റഷീദിന്റെ നിര്‍ദ്ദേശം. അവിടെയാണ് മരംകേറി സിംഹങ്ങളെ കാണാനിടയുള്ളത്. ധാരാളമായുള്ള മരച്ചില്ലകള്‍ ഒത്തുചേര്‍ന്നു സൂര്യനെ പകുത്തെടുക്കുന്നു. ഒരിരുണ്ട പ്രതീതിയാണ് ഈ കാടിന്. നമ്മള്‍ കാണാന്‍ കൊതിക്കുന്ന മൃഗങ്ങളേയും പക്ഷികളേയും മറച്ചുപിടിക്കുന്ന ദുഃസ്വഭാവവുമുണ്ട്. സെരങ്കട്ടിയെപ്പോലെ പ്രസന്നയല്ല, സുതാര്യയല്ല. മന്യാര മുഴുവന്‍ കൊടുംകാടൊന്നുമല്ലെന്ന് റഷീദ്. ശരിയാണ്, കിഴക്കനാഫ്രിക്കന്‍ വനപ്രകൃതികളുടെയെല്ലാം അംശമാതൃകള്‍ മന്യാരയിലുണ്ട്.
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates