

ഇന്ത്യയുടെ ചരിത്രത്തേയും ഭാവിയേയും സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ് ഇപ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ്. ഓരോ തെരഞ്ഞെടുപ്പിനും ഓരോ രാഷ്ട്രീയമുണ്ട്. ഉദാഹരണത്തിന് '77-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരണോ എന്നതായിരുന്നു. ഇന്ത്യന്‍ ജനതയിലെ ക്രയശേഷിയുള്ള വിഭാഗവും നഗരങ്ങളിലെ മദ്ധ്യവര്‍ഗ്ഗവും സ്വാധീനം ചെലുത്തിയ '85-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഈ വിഭാഗങ്ങള്‍ സ്വപ്നം കാണുന്ന രീതിയിലുള്ള ജീവിതപുരോഗതിയുടേയും ദേശീയമായ അഖണ്ഡതയുടേയും രാഷ്ട്രീയമായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ടത്. '89-ലെ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ചിത്രം ആകെ മാറി. ഭരണതലത്തിലെ അഴിമതിയും ഭരിക്കുന്ന പാര്‍ട്ടിയുടെ വര്‍ഗ്ഗീയ പ്രീണനനയങ്ങളും ആ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയത്തെ നിര്‍ണ്ണയിച്ചു. '91-ലെ തെരഞ്ഞെടുപ്പില്‍ മന്ദിര്‍, മണ്ഡല്‍ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യപ്പെട്ടതെങ്കിലും രാജീവ് ഗാന്ധി തമിഴ് പുലികളാല്‍ കൊല ചെയ്യപ്പെട്ടത് ജനവിധിയുടെ ദിശ മാറ്റി. അതുവരെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ തല്‍ക്കാലം റദ്ദു ചെയ്യപ്പെട്ടു. ശരിക്കും പറഞ്ഞാല്‍ ഒരട്ടിമറിയാണ് അന്നുണ്ടായത്. തെരഞ്ഞെടുപ്പിനുശേഷം വലിയൊരു രാഷ്ട്രീയ മാറ്റം രാജ്യത്തുണ്ടായി. ഗുല്‍സാരിലാല്‍ നന്ദയ്ക്കും ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും ശേഷം ഇതാദ്യമായി നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നൊരാള്‍, അതും ദക്ഷിണേന്ത്യയില്‍നിന്നുള്ളൊരാള്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയായി. റാവുവിന്റെ നയങ്ങള്‍ '80-കളില്‍ ഇന്ദിര തുടക്കമിട്ട നയങ്ങളുടെ തുടര്‍ച്ചയായിരുന്നു. ആ നയങ്ങളുടെ നടത്തിപ്പിന്റെ കാര്യത്തില്‍ വ്യക്തമായ പുരോഗതിയുണ്ടായി. യഥാര്‍ത്ഥത്തില്‍ സൂക്ഷ്മമായ വിശകലനത്തില്‍ വേര്‍പെടുത്താനാകാത്ത ഇരട്ടകളെന്നു കൃത്യമായി മനസ്സിലാക്കാനാകുന്ന സാമ്പത്തികരംഗത്തെ ഉദാരവല്‍ക്കരണവും ഹിന്ദു സാംസ്‌കാരിക രാഷ്ട്രീയവും ശക്തിപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യമണ്ഡലങ്ങളില്‍ അതു പ്രതിഫലിച്ചു. ലോകം ഏകധ്രുവീയതയിലേയ്ക്കു വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍ ചേരിചേരാ രാജ്യങ്ങളുടെ നടുനായകത്വം വഹിക്കുന്ന ഇന്ത്യന്‍ നേതൃത്വത്തിന്റെ ഭാവമാറ്റം ലോകത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായിരുന്നു.
2004-ലേയും 2014-ലേയും തെരഞ്ഞെടുപ്പുകളായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ മറ്റു രണ്ടു തെരഞ്ഞെടുപ്പുകള്‍. ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും ഭരണതലത്തിലെ അഴിമതിക്കെതിരെ എന്ന പ്രതിപക്ഷ മുദ്രാവാക്യം വിജയിച്ചതായി കാണാം. 2004-ല്‍ ഇന്ത്യാ ഷൈനിംഗ് എന്ന മുദ്രാവാക്യമുയര്‍ത്തിയിട്ടുപോലും ഇതിനെ മറികടക്കാന്‍ കാവി രാഷ്ട്രീയത്തിനായില്ല.
ഹിന്ദു സാംസ്‌കാരിക
ദേശീയതയിലേക്ക്?
17-ാം ലോക്സഭയുടെ കാലാവധി ജൂണ്‍ 16-നാണ് അവസാനിക്കുന്നത്. ഏപ്രില്‍-മെയ് മാസങ്ങളിലായി നടക്കുന്ന 18-ാം ലോക്സഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തയക്കുന്ന സുപ്രധാനമായ ഒരു പൊതുതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയച്ചൂളയിലാണ് ഇതെഴുതുന്ന നിമിഷം രാജ്യം നില്‍ക്കുന്നത്. ഏകദേശം 960 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമെന്നാണ് ഇലക്ഷന്‍ കമ്മിഷന്റെ കണക്ക്. 543 എം.പിമാരെയാണ് ഇങ്ങനെ തെരഞ്ഞെടുക്കുക. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ. ആര്‍.എസ്.എസ്സിന്റെ പാര്‍ലമെന്ററി മുഖമായ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍.ഡി.എ), 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ് (I.N.D.I.A.) എന്നിവയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന കക്ഷികള്‍.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ന്യൂനപക്ഷ വിഭാഗങ്ങളുമുള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നതില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും മറ്റു പ്രമുഖ പാര്‍ട്ടികളും പരമാവധി ശ്രദ്ധ നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം ആവര്‍ത്തിച്ചുകൊണ്ട് ബി.ജെ.പി തെരഞ്ഞെടുപ്പു പോരാട്ടത്തിന്റെ നായകത്വവും അദ്ദേഹത്തിനു നല്‍കിയിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ 'അടുത്ത പ്രധാനമന്ത്രി' എന്ന നിലയില്‍, 'മോദി കി ഗ്യാരന്റി', 'അബ് കീ ബാര്‍ ചാര്‍ സോ പാര്‍' (400ലധികം സീറ്റുകള്‍) എന്നീ മുദ്രാവാക്യങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി അവതരിപ്പിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ന്യൂനപക്ഷ വിഭാഗങ്ങളുമുള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നതില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും മറ്റു പ്രമുഖ പാര്‍ട്ടികളും പരമാവധി ശ്രദ്ധ നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം ആവര്‍ത്തിച്ചുകൊണ്ട് ബി.ജെ.പി തെരഞ്ഞെടുപ്പു പോരാട്ടത്തിന്റെ നായകത്വവും അദ്ദേഹത്തിനു നല്‍കിയിരിക്കുന്നു.
2024-ലെ പൊതുതെരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത ഈ സന്ദര്‍ഭത്തില്‍ എടുത്തുപറയേണ്ടതുണ്ട്. തൊട്ടടുത്ത വര്‍ഷമായ 2025-ല്‍ ലോകത്തെ ഏറ്റവും പഴക്കമേറിയ വംശീയ ഫാസിസ്റ്റ് രാഷ്ട്രീയ സംഘടനയെന്ന് വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന ആര്‍.എസ്.എസ് അതിന്റെ നൂറാമത്തെ വര്‍ഷത്തിലേയ്ക്കു കടക്കുകയാണ്. 'ഒരു രാജ്യം, ഒരു വംശം, ഒരു സംസ്‌കാരം, ഒരു ഭാഷ, ഒരു രാഷ്ട്രം' എന്ന മുദ്രാവാക്യമാണ് എല്ലാക്കാലത്തും ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിപ്പോരുന്നത്. വൈവിദ്ധ്യങ്ങളുടെ ഐക്യത്തിനു (Unity) പകരം ഏകീകരിക്കലിലാണ് (Unification) അവരുടെ ഊന്നല്‍. അതുകൊണ്ടുതന്നെ ഹിന്ദുരാഷ്ട്ര നിര്‍മ്മിതി എന്ന ലക്ഷ്യത്തിലേയ്ക്ക് മുന്നോട്ടുള്ള നിര്‍ണ്ണായകമായ ഒരു ചുവടുവയ്പായിരിക്കും വിജയിക്കുന്നപക്ഷം ഹിന്ദു രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം ഈ പൊതുതെരഞ്ഞെടുപ്പിലെ വിജയം. രണ്ടു സുപ്രധാന മുദ്രാവാക്യങ്ങളാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണമുന്നണി മുന്നോട്ടുവയ്ക്കുന്നത്. വികസനമാണ് ഒന്നാമത്തേതെങ്കില്‍ ഹിന്ദു സാംസ്‌കാരിക ദേശീയതയാണ് ഇന്ത്യന്‍ ദേശീയതയെന്നു ഉറപ്പിക്കുകയാണ് രണ്ടാമത്തേത്. 'സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ് 'എന്നാണ് ഉദ്‌ഘോഷണമെങ്കിലും പ്രയോഗത്തില്‍ വികസനത്തിന്റേയും വിശ്വാസത്തിന്റേയും തലത്തില്‍ ഏതെങ്കിലും ഒരു കൂട്ടരെ അപരവല്‍ക്കരിക്കുകയും അരികുവല്‍ക്കരിക്കുകയുമാണ് ചെയ്യുന്നത് എന്നു ഭരണപക്ഷത്തിന്റെ വിമര്‍ശകരും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു. ഏറ്റവുമൊടുവില്‍ രാജസ്ഥാനില്‍ പ്രധാനമന്ത്രി നടത്തിയ വിവാദപ്രസംഗം അതിന് ഒരു ഉത്തമ ഉദാഹരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൗശലക്കാരനായ ജൂതന്‍ തിന്നുതീര്‍ക്കുന്നുവെന്ന ഹിറ്റ്‌ലറുടെ പരാമര്‍ശത്തോട് മോദിയുടെ പ്രസംഗത്തെ അവര്‍ ഉപമിക്കുന്നു. മൂന്നാംതവണയും അധികാരത്തില്‍ വന്നാല്‍ കഴിഞ്ഞ രണ്ടു ടേമിലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനാണ് ബി.ജെ.പി പരിശ്രമിക്കുക എന്നു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. സ്വാഭാവികമായും മൂന്നാം ടേമിലെ അജന്‍ഡയിലെ ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങള്‍ സാംസ്‌കാരിക രാഷ്ട്രീയവുമായി, ഹിന്ദുത്വ ആശയങ്ങളുടെ പ്രയോഗവല്‍ക്കരണവുമായി ബന്ധപ്പെട്ടവയായിരിക്കും എന്ന് ഉറപ്പിക്കാം. അതേസമയം. സ്ഥിരമായ സാമ്പത്തിക വളര്‍ച്ചയില്‍ ഊന്നലും ദൃശ്യമാകും, മേക്ക്-ഇന്‍-ഇന്ത്യ പരിപാടിക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഉള്ള പ്രോത്സാഹനവും വര്‍ദ്ധിക്കും. സമ്പത്തിന്റെ കേന്ദ്രീകരണം വന്‍തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു സ്വകാര്യമേഖലയെ കൂടുതല്‍ ആശ്രയിക്കുക എന്ന പഴയ തന്ത്രം തന്നെയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള പുതിയ ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നപക്ഷം അവലംബിക്കുക. 2029 ആകുമ്പോഴേക്കും അഞ്ചു വര്‍ഷത്തിനുള്ളില്‍, ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറ്റുമെന്നാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം. വിദേശനയത്തില്‍ തെക്കന്‍ ഏഷ്യയിലും തെക്കുകിഴക്കേ ഏഷ്യയിലും ഇന്ത്യയുടെ വന്‍ശക്തി മേധാവിത്വം തുടരുന്നതിന് അനുഗുണമായ നിലപാടുകള്‍ തന്നെയാണ് തുടരുക. വളര്‍ച്ചയ്ക്കും സുസ്ഥിരതയ്ക്കുമുള്ള അവസരങ്ങളാണ് ബി.ജെ.പി നേതൃത്വത്തിലുളള മുന്നണി അവരുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. തല്‍ഫലമായി നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു (എഫ്.ഡി.ഐ) ഉത്തേജനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, നിലവിലെ മേഖലാരാഷ്ട്രീയ സാഹചര്യം മുന്‍നിര്‍ത്തി ചൈനയില്‍നിന്നു പുറത്തുപോകാനും ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാനും ആഗ്രഹിക്കുന്ന സ്ഥാപനങ്ങളെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കാനുമാണ് അധികാരത്തില്‍ വരുന്നപക്ഷം ബി.ജെ.പി നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ശ്രമിക്കുക. അതുകൊണ്ടുതന്നെ മൂന്നാമതൊരു തവണ അധികാരത്തില്‍ വന്നാല്‍ നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതു ലക്ഷ്യമിട്ട് തൊഴില്‍നിയമങ്ങളില്‍ ഇതുവരെ രാജ്യം ഭരിച്ച ഗവണ്‍മെന്റുകളുടെ പേരിനെങ്കിലുമുള്ള തൊഴിലാളിവര്‍ഗ്ഗ ക്ഷേമമെന്ന മുദ്രാവാക്യം മാറ്റനിര്‍ത്തിയുള്ള ഒരഴിച്ചുപണിക്ക് സാദ്ധ്യതയുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലുകളും നടപ്പിലാക്കാന്‍ സാധ്യതയുണ്ട്. നിലവിലുള്ള ജി.എസ്.ടി നിരക്കുകള്‍ക്കു പകരം ഒറ്റ ജി.എസ്.ടി നിരക്ക് എന്ന ആശയം പ്രാവര്‍ത്തികമാകാനും സാദ്ധ്യതയുണ്ട്. അതോടെ ഇതിനകം തന്നെ വെല്ലുവിളിക്കപ്പെട്ട സാമ്പത്തികരംഗത്തെ ഫെഡറലിസത്തിന്റെ സ്ഥിതി ഒന്നു കൂടി വഷളാകും. എയര്‍ ഇന്ത്യ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ശുഷ്‌കാന്തിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മേഖലകളില്‍ സ്വകാര്യവല്‍ക്കരണവും വ്യവസായികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ബാങ്കുകളുള്‍പ്പെടെയുള്ള സേവനമേഖലയിലാണ് കൂടുതല്‍ സ്വകാര്യവല്‍ക്കരണം നടക്കുക. റയില്‍വേ ആണ് സ്വകാര്യവല്‍ക്കരണം കൂടുതലായി പ്രതീക്ഷിക്കുന്ന മറ്റൊരു മേഖല.
ചുരുക്കത്തില്‍ മൂന്നാംതവണയും ബി.ജെ.പി നേതൃത്വത്തിലുള്ള മുന്നണി അധികാരത്തില്‍ വന്നാല്‍ രാഷ്ട്രീയവിശാരദര്‍ പ്രതീക്ഷിക്കുന്നത് സാംസ്‌കാരികരംഗത്തു ഹിന്ദുത്വ മുദ്രാവാക്യങ്ങളുടെ കൂടുതല്‍ ശക്തമായ നടത്തിപ്പും സമ്പദ്‌വ്യവസ്ഥയില്‍ ട്രേഡ് താരിഫ് ഉദാരവല്‍ക്കരണത്തോടെ ഇന്ദിര തുടങ്ങിവെച്ചതും മന്‍മോഹന്‍ സിംഗ് ഘടനാപരമായ പരിഷ്‌കാരങ്ങളോടെ വ്യാപകമാക്കിയതുമായ സാമ്പത്തിക ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും തീവ്രമായ മുന്നോട്ടുകൊണ്ടുപോകലുമാണ്.
ജനാധിപത്യം
വഴിമാറുമ്പോള്‍
''2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്. രാജ്യത്തിന്റെ മതേതര ജനാധിപത്യം ആക്രമണത്തെ നേരിടുന്നതുകൊണ്ട് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്'' എന്നാണ് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ ഒരഭിമുഖത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറിയായ ഡി. രാജ പറഞ്ഞത്. രാമക്ഷേത്ര പ്രതിഷ്ഠ ഒരു നിര്‍ണ്ണായക വിഷയമായി പൊതുതെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന കാഴ്ചപ്പാടിനെ ഗൗരവത്തിലെടുക്കേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'രാമനെ'ക്കുറിച്ചുള്ള ബി.ജെ.പിയുടെ ധാരണ ഭഗവാനെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണയില്‍നിന്നു വ്യത്യസ്തമാണെന്നും പറഞ്ഞു. '2024-ലെ തെരഞ്ഞെടുപ്പ് രാജ്യത്തേയും അതിന്റെ ഭാവിയേയും സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. കഴിഞ്ഞ പത്തു വര്‍ഷമായി നമ്മള്‍ സാക്ഷ്യം വഹിച്ചത് വിനാശകരമായ ഒരു ഭരണത്തിനാണ്. മാക്‌സിമം ഗവേണന്‍സ്, മിനിമം ഗവണ്‍മെന്റ് എന്നൊക്കെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നത്. പക്ഷേ, മിനിമം ഗവേണന്‍സ് ആയിരുന്നു ഉണ്ടായത്. മൈനസ് എന്നുപോലും പറയാം. ജനാധിപത്യം അപകടത്തിലാണ്. പാര്‍ലമെന്റ് അനാവശ്യമാകുകയാണ്'' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റ് ഒരു അനാവശ്യഘടകമായിരിക്കുന്നു എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുടെ നിരീക്ഷണം ഒരുപക്ഷേ, രാജ്യത്തെ ഞെട്ടിപ്പിക്കേണ്ടതാണ്. എന്തെന്നാല്‍ ഒരുകാലത്ത് പാര്‍ലമെന്ററി ഡെമോക്രസിയെ തള്ളിപ്പറഞ്ഞ് സായുധ പോരാട്ടത്തിലേര്‍പ്പെടുകയും പില്‍ക്കാലത്ത് തെരഞ്ഞെടുപ്പു ജനാധിപത്യത്തില്‍ ഇന്ത്യയിലെ ബഹുജനങ്ങള്‍ക്കുള്ള വിശ്വാസം വളര്‍ന്നുവരുന്നുവെന്നു തിരിച്ചറിഞ്ഞു നിലപാടു മാറ്റത്തിനു തയ്യാറാകുകയും ചെയ്ത കക്ഷിയുടെ സെക്രട്ടറിയാണ് പാര്‍ലമെന്റ് ബി.ജെ.പി ഭരണത്തില്‍ അനാവശ്യഘടകമായിരിക്കുന്നുവെന്നു നിരീക്ഷിച്ചത്. കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ 140 അംഗങ്ങളെയാണ് പാര്‍ലമെന്റില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തത്. മുന്‍കാലങ്ങളിലൊന്നുമുണ്ടാകാത്ത നടപടിയാണത് എന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍, ഭരണഘടനയെ രക്ഷിക്കാന്‍ ബി.ജെ.പിയെ തോല്‍പ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വാദിക്കുന്നു. ''പാര്‍ലമെന്റ് ഒരു അനാവശ്യമായാല്‍ ജനാധിപത്യം മരിക്കും. അതാണ് നമ്മള്‍ ഇന്ന് ഇന്ത്യയില്‍ കാണുന്നത്: മതേതര ജനാധിപത്യത്തിനു നേരെ ആക്രമണമുണ്ടാകുന്നു. ആത്യന്തികമായി ഭരണഘടന അട്ടിമറിക്കപ്പെടുകയാണെന്നുതന്നെ മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ''ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ട് ഭരണഘടനയെത്തന്നെ അട്ടിമറിക്കുകയാണ്. അവര്‍ ഇന്ത്യ എന്ന റിപ്പബ്ലിക്കിനെ പുനര്‍നിര്‍വ്വചിക്കാനും ഇന്ത്യന്‍ ചരിത്രം തിരുത്തിയെഴുതാനും ശ്രമിക്കുന്നു; അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയെ എങ്ങനെ രക്ഷിക്കാം, എങ്ങനെ ഭരണഘടന, ജനാധിപത്യം, സമൂഹത്തിന്റെ മതേതര ജനാധിപത്യ ഘടന, ഫെഡറല്‍ ഭരണ സംവിധാനം ഇവയെ സംരക്ഷിക്കാം എന്നു ചിന്തിക്കേണ്ടതുണ്ട്'' എന്നും അഭിമുഖത്തില്‍ രാജ പറയുന്നുണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിലുമായി പുറത്തുവന്ന മൂന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ വേണം രാജയുടെ പ്രസ്താവനയെ വായിക്കാന്‍. മാര്‍ച്ച് മാസം ആദ്യം പുറത്തുവന്ന യു.എസ് ആസ്ഥാനമായുള്ള എന്‍.ജി.ഒ ഫ്രീഡം ഹൗസിന്റെ ആഗോള രാഷ്ട്രീയ അവകാശങ്ങളേയും സ്വാതന്ത്ര്യങ്ങളേയും കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍നിന്നും ''ഭാഗിക സ്വാതന്ത്ര്യ ജനാധിപത്യ രാഷ്ട്രം എന്ന പദവിയിലേക്കു തരംതാഴ്ത്തപ്പെട്ടു. കഴിഞ്ഞയാഴ്ച, സ്വീഡന്‍ ആസ്ഥാനമായുള്ള വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാകട്ടെ, കൂടുതല്‍ കടുത്ത വിമര്‍ശനമാണ് ഉള്ളത്. ഇന്ത്യയില്‍ ഉദാര ജനാധിപത്യം ഒരു 'തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം (Electoral Autocracy) ആയി മാറിയെന്ന് അതില്‍ പറയുന്നുണ്ട്. ഫെബ്രുവരിയില്‍ ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ജനാധിപത്യ സൂചികയില്‍ 'വികലമായ ജനാധിപത്യക്രമമുള്ള രാഷ്ട്രം' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ രണ്ട് സ്ഥാനം താഴേക്ക് പോയി 53-ാം സ്ഥാനത്തെത്തി.
''എന്തായാലും ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു നേട്ടമുണ്ടാകാന്‍ പോകുന്നില്ല. അയോദ്ധ്യയിലെ രാമവിഗ്രഹ പ്രതിഷ്ഠയൊന്നും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പോകുന്നില്ല. അത് (വോട്ടെടുപ്പില്‍) എന്തെങ്കിലും സ്വാധീനം ചെലുത്തുമെന്നു ഞാന്‍ കരുതുന്നില്ല. എന്നാല്‍, ഇത് തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കാന്‍ ബി.ജെ.പി താല്പര്യപ്പെടും. പക്ഷേ, വാസ്തവം ജനങ്ങള്‍ക്കറിയാം. രാമനെക്കുറിച്ചുള്ള ബി.ജെ.പിയുടെ ധാരണയും രാമനെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണയും വ്യത്യസ്തമാണ്. രാമരാജ്യത്തില്‍ എല്ലാ മനുഷ്യരും തുല്യരാണ്. ഇതൊക്കെ നന്നായി അറിയാവുന്ന ജനം ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ക്കെതിരെ വിധിയെഴുതുക തന്നെ ചെയ്യും'' എന്ന് രാജ പ്രതീക്ഷിക്കുന്നു.
''ഇന്ത്യ സഖ്യത്തിനു ഘട്ടം ഘട്ടമായി നടക്കുന്ന ഈ തെരഞ്ഞെടുപ്പുകളില്‍ ഒരു നല്ല തുടക്കം ലഭിക്കും. 102 പാര്‍ലമെന്റ് മണ്ഡലങ്ങളിലായി നടക്കുന്ന ഏഴ് ഘട്ടങ്ങളിലെ ആദ്യത്തേതും വലുതുമായ തെരഞ്ഞെടുപ്പുകളില്‍ രാജ്യം നേരിടുന്ന ചില ഗുരുതരമായ വെല്ലുവിളികളില്‍ ചര്‍ച്ച ഉയര്‍ത്താന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞാല്‍ അതു നേട്ടമാകും.'' പ്രമുഖ സെഫോളജിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്നു. 2019-ല്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ എന്‍.ഡി.എയും ഇപ്പോഴത്തെ ഇന്‍ഡ്യാ സഖ്യത്തിലെ കക്ഷികളും തുല്യനില പാലിച്ചിരുന്നു. കഴിഞ്ഞ തവണ ഈ ഘട്ടത്തില്‍ എന്‍.ഡി.എയും ഇന്ത്യയും 49 സീറ്റുകള്‍ വീതം നേടിയിരുന്നു. തമിഴ്‌നാട്ടിലെ 39 സീറ്റുകളായിരുന്നു ഈ സമനിലയ്ക്കു കാരണം. അതുകൊണ്ട് ബി.ജെ.പിക്കു മുന്‍തൂക്കം നല്‍കാനിടയുള്ള മറ്റു ഘട്ടങ്ങളില്‍നിന്നും വ്യത്യസ്തമായി ഇത്തവണ പ്രതിപക്ഷത്തിനു നേട്ടം നല്‍കാനിടയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍നിന്നും വ്യത്യസ്തമായി പ്രതിപക്ഷത്ത് ഇത്തവണ ഐക്യം കൂടുതല്‍ ദൃശ്യമാണ്. ബി.ജെ.പി മുന്നണിയില്‍ ഇന്‍ഡ്യ മുന്നണിയില്‍നിന്നും വ്യത്യസ്തമായി സീറ്റു നിഷേധിക്കലും പാര്‍ട്ടി വിടലും വ്യാപകമായിട്ടുണ്ട്. രാജസ്ഥാന്‍ ഒരു ഉദാഹരണം. ഇതെല്ലാം ഇന്‍ഡ്യ മുന്നണിയുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ വിഷയങ്ങള്‍ കൃത്യമായി ചര്‍ച്ച ചെയ്യുന്നപക്ഷം എന്‍.ഡി.എയ്ക്ക് മുന്നോട്ടുള്ള പോക്ക് സുഗമമാകില്ല'' -യാദവ് പറയുന്നു.
''ഇന്ദിരാ ഗാന്ധിയെപ്പോലെ മോദിക്കും സ്വേച്ഛാധിപത്യ സഹജാവബോധവും സമ്പൂര്‍ണ്ണ ആധിപത്യത്തിനുള്ള ആഗ്രഹവും ഉണ്ടെന്നതു ശരിയാണ്. എന്നിരുന്നാലും, ഇന്ദിരയുടെ രാഷ്ട്രീയ സാഹചര്യവും മോദിയുടേതും തമ്മില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്; അതായത്, 1977-ല്‍, ഒരു സംസ്ഥാനം ഒഴികെ മറ്റെല്ലായിടത്തും കോണ്‍ഗ്രസ് അധികാരത്തിലായിരുന്നു (തമിഴ്നാട്, എങ്കിലും അവിടത്തെ മുഖ്യമന്ത്രി ദില്ലിയിലെ അധികാരകേന്ദ്രത്തോടു കൂറുപുലര്‍ത്തിയിരുന്നു), ''ഇന്ദിരാഗാന്ധിയെപ്പോലെ മോദിക്കും സ്വേച്ഛാധിപത്യ സഹജാവബോധവും സമ്പൂര്‍ണ്ണ ആധിപത്യത്തിനുള്ള ആഗ്രഹവും ഉണ്ടെന്നതു ശരിയാണ്. എന്നാല്‍, ഇന്ന് മോദിക്ക് അത്തരത്തിലൊരു പിന്തുണ ഇല്ലെന്നും ദക്ഷിണേന്ത്യയിലടക്കം പലയിടങ്ങളിലും ബി.ജെ.പി ഗവണ്‍മെന്റുകളല്ല ഉള്ളതെന്നും ഇത് മോദി-ഷാ ദ്വയത്തിനു അധികാരത്തില്‍ വന്നാലും കാര്യങ്ങള്‍ എളുപ്പത്തിലാക്കില്ലെന്നും അദ്ദേഹം സ്‌ക്രോളില്‍ എഴുതിയ ഒരു ലേഖനത്തില്‍ വാദിക്കുന്നു. കുറച്ചുമാസങ്ങള്‍ക്കു മുന്‍പേ തന്റെ ഒരു പുസ്തകത്തിന്റെ പ്രകാശനവേളയില്‍ അദ്ദേഹം രാജ്യത്തെമ്പാടുമുള്ള കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം ഇപ്പോഴും ശുഭോദര്‍ക്കമായ വസ്തുതയാണെന്നും അത് ബി.ജെ.പിക്ക് ഒരു സന്ദര്‍ഭത്തിലും കാര്യങ്ങള്‍ എളുപ്പമാക്കില്ലെന്നും നിരീക്ഷിച്ചിരുന്നു.
''ഫാസിസമോ സ്വേച്ഛാധിപത്യമോ ആകട്ടെ, രണ്ടും തഴച്ചുവളരുന്നത് ഭയ മനോവിഭ്രാന്തിയില്‍ മാത്രമാണ്. ഇത്തരം ശക്തികള്‍ ഒരു രാജ്യം കയ്യടക്കുമ്പോഴെല്ലാം ന്യൂനപക്ഷങ്ങളേയും മറ്റു പിന്നോക്ക വിഭാഗങ്ങളേയും ഭൂരിപക്ഷത്തേയും ഭയപ്പെടുത്താന്‍ ശ്രമിക്കും. ന്യൂനപക്ഷങ്ങളുടെ നേരെ അഹങ്കാരം കാണിച്ച് അത് അവരെ ഉള്‍വലിക്കാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ അവരെ വര്‍ഗ്ഗീയ ചിന്തകളില്‍ കുടുക്കി ഉപജീവനം, റൊട്ടി, ജോലി, വിലക്കയറ്റം, അക്രമം തുടങ്ങിയവയെ സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് അവരെ അകറ്റാനും പിന്നീട് അവരെ വെറുപ്പിന്റെ ചൂളയിലേക്ക് എറിയാനും സാധിക്കും. വിദ്വേഷത്തിന്റെ ഈ രാഷ്ട്രീയത്തിനെതിരെ പോരാടാന്‍ ഒരേയൊരു വഴിയേയുള്ളൂ - നാം നമ്മുടെ ശബ്ദം നിര്‍ഭയമായി ഉയര്‍ത്തുക. തെരഞ്ഞെടുപ്പില്‍ ഇതുയരുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കേണ്ടത്'' -സാമൂഹ്യപ്രവര്‍ത്തകയായ ശബ്‌നം ഹഷ്മി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates