

ആരായിരുന്നു ഐ.സി.പി ? കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജന്‍മം കൊണ്ടത് മുതല്‍ ആ പാര്‍ട്ടിയുടെ രൂപപരിണാമങ്ങള്‍ക്ക് മുഴുവന്‍ സാക്ഷിയായ നേതാവ്. അതിനും മുമ്പ് നമ്പൂതിരി സമുദായത്തിന്റെ മാറ്റങ്ങള്‍ക്ക് സ്വന്തം ജീവിതം കൊണ്ട് മാര്‍ഗദീപം തെളിച്ച മനുഷ്യസ്നേഹി. ഐ.സി.പിയുടെ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് നന്മയുടെ കൊടി പിടിച്ചവരെ കേരളമറിയും. വി.ടി. ഭട്ടതിരിപ്പാട്, പി. കൃഷ്ണപിള്ള, ഇ.എം.എസ് നമ്പൂതിരിപ്പാട്, എ.കെ.ജി, എം.ആര്‍.ബി, ഇ.പി ഗോപാലന്‍, കെ.പി.ആര്‍. ഗോപാലന്‍, പ്രേംജി...പട്ടിക നീളും.
കവളപ്പാറ നെടുമ്പോഴി മനയില്‍ ശിവകരന്‍ നമ്പൂതിരിയെന്ന സി.പി.ഐ നേതാവിന്റെ വീട്ടില്‍ വെച്ച് ഐ.സി.പിയെ പരിചയപ്പെട്ട നാള്‍ തൊട്ട് അദ്ദേഹത്തിന്റെ ആവേശകരമായ നിരവധി കഥകള്‍ക്ക് കാതോര്‍ത്തിരുന്ന ദിവസങ്ങള്‍ മനസ്സിലേക്ക് തെളിമയോടെയിപ്പോള്‍ നിവര്‍ന്നു വരുന്നു.
കാടമ്പറ്റ കുഞ്ചു നമ്പൂതിരിയുടേയും വൈശ്രവണത്ത് നമ്പൂതിരിയുടേയും ശിഷ്യത്വം സ്വീകരിച്ച് ഓത്ത് പഠിക്കാന്‍ പോയ ചെറിയ പരമേശ്വരന്‍ നമ്പൂതിരി ഒരു സാമൂഹിക വിപ്ലവകാരിയുടെ കനല്‍ നെഞ്ചിലേറ്റിയാണ് തിരികെ തന്റെ ഗ്രാമത്തിലെത്തുന്നത്. വി.ടിയുമായുള്ള അടുപ്പം അദ്ദേഹത്തെ യോഗക്ഷേമസഭയിലെത്തിച്ചു. മിതവാദികളും ഉല്‍പതിഷ്ണുക്കളും തമ്മിലുള്ള പോരാട്ടത്തില്‍ ഐ.സി.പി യോഗക്ഷേമസഭയിലെ മിതവാദികള്‍ക്കെതിരെ ആഞ്ഞടിച്ചു. യോഗക്ഷേമം പത്രത്തിന് പകരമായി ചെറുപ്പക്കാര്‍ 'ഉണ്ണിനമ്പൂതിരി'മാസിക തുടങ്ങിയപ്പോള്‍ ഐ.സി.പിയും അതിന്റെ ഭാഗമായി. മുപ്പതുകളുടെ തുടക്കത്തില്‍ ഈ യുവജനസംഘടനയുടെ പ്രവര്‍ത്തനരംഗം ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഒരു കൈവഴിയായി മാറുകയായിരുന്നു. പില്‍ക്കാലത്ത് പ്രമുഖ കമ്യൂണിസ്റ്റ് സൈദ്ധാന്തികനായി മാറിയ കോണ്‍ഗ്രസ് നേതാവ് കെ. ദാമോദരനുമായുള്ള അടുപ്പം ഐ.സി.പിയെ ഒരു മുഴുവന്‍ സമയ കോണ്‍ഗ്രസുകാരനാക്കി മാറ്റി. പി.വി കുഞ്ഞുണ്ണി നായര്‍ ( പില്‍ക്കാലത്ത് ഒറ്റപ്പാലം എം.എല്‍.എ), എ.കെ രാമന്‍കുട്ടി, എ. രാമചന്ദ്രന്‍ നെടുങ്ങാടി, എ. മാധവന്‍, ഇ.പി. ഗോപാലന്‍ തുടങ്ങിയവരോടൊത്ത് രാഷ്ട്രീയപ്രവര്‍ത്തനമാരംഭിച്ച ഐ.സി.പി വള്ളുവനാട്ടിലാകെ അറിയപ്പെട്ട നേതാവായി ഉയരുകയായിരുന്നു.
കോണ്‍ഗ്രസിനകത്തെ ഇടതുപക്ഷക്കാരുടെ ജിഹ്വയായി ഷൊര്‍ണൂരില്‍ നിന്നാരംഭിച്ച പ്രഭാതം വാരികയുടെ പ്രിന്ററും പബ്ലിഷറുമായി ഐ.സി.പി നിയോഗിക്കപ്പെട്ടു. 1934 ല്‍ പാറ്റ്നയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തിന് ശേഷമാണ് ആ പാര്‍ട്ടിയുടെ കേരളത്തിലെ മുഖപത്രമായി പ്രഭാതം പ്രസിദ്ധീകരിക്കാന്‍ ഇ.എം.എസും മറ്റും തീരുമാനമെടുത്തത്. സ്ഥിരമായി മുഖപ്രസംഗങ്ങള്‍ ഇ.എം.എസിന്റേതായിരുന്നു.
പാലക്കാട്, വള്ളുവനാട്, പൊന്നാനി, ഏറനാട് താലൂക്കുകളടങ്ങിയ ദക്ഷിണമലബാറിലെ ക്മ്യൂണിസ്റ്റ് പാര്‍ട്ടി ഓര്‍ഗനൈസറായി ഐ.സി.പി നിയോഗിക്കപ്പെട്ടതും ഈ കാലയളവിലാണ്. പാര്‍ട്ടി സാഹിത്യങ്ങളും ലഘുലേഖകളുമായി ഐ.സി.പി ഗ്രാമഹൃദയങ്ങളിലൂടെ സഞ്ചരിച്ചു. കമ്യൂണിസ്റ്റ് ഇന്റര്‍നാഷനലിന്റെ ജിഹ്വയായ ഇന്റര്‍നാഷനല്‍ പ്രസ് കറസ്പോണ്ടസ് (ഇമ്പ്രകോര്‍) രഹസ്യമായി വിതരണം ചെയ്യുന്ന ജോലിയും ഐ.സി.പിയുടേതായിരുന്നു. പാര്‍ട്ടി നിരോധനവും തുടര്‍ന്നുള്ള ഒളിവ് ജീവിതവും ഏറെ ക്ലേശങ്ങള്‍ നിറഞ്ഞതായിരുന്നു. ഇ.എം.എസിനേയും കെ.സി ജോര്‍ജിനേയും ഷെല്‍ട്ടറുകളില്‍ നിന്ന് ഷെല്‍ട്ടറുകളിലേക്ക് കൊണ്ടുപോകേണ്ട ചുമതല കൂടിയുണ്ടായിരുന്നു ഐ.സി.പിക്ക്. അതെല്ലാം വിജയകരമായി നിര്‍വഹിച്ചു. പോലീസ് തെരഞ്ഞുകൊണ്ടിരുന്ന, വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെടുന്ന സി.കെ.കുമാരപ്പണിക്കര്‍ക്ക് ( സി.കെ. ചന്ദ്രപ്പന്റെ പിതാവ്) ഷെല്‍ട്ടര്‍ നല്‍കിയത് ഐ.സി.പിയുടെ വീട്ടിലായിരുന്നു. പുന്നപ്ര വയലാര്‍ സമരനായകനായ കുമാരപ്പണിക്കരെ പോലീസ് വേട്ടയാടുന്ന കാലത്താണത്. ഐ.സി.പിയുടെ ചളവറയിലെ ഇല്ലത്ത് കുമാരപ്പണിക്കര്‍ കഴിയുമ്പോഴാണ് ചന്ദ്രപ്പന്‍ ജനിക്കുന്നത്.
ഇതിനകം പോലീസിന്റെ പിടിയിലായ അദ്ദേഹത്തിന് ക്രൂരമായ മര്‍ദ്ദനങ്ങള്‍ സഹിക്കേണ്ടതായും വന്നു. ആലുവയ്ക്കടുത്ത് വെള്ളാരപ്പള്ളി വെണ്‍മണി ഇല്ലത്തെ പാര്‍വതി അന്തര്‍ജനമാണ് ഐ.സി.പിയുടെ സഹധര്‍മിണി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒളിവ് ജീവിതത്തിനിടെ തനിക്ക് കണ്‍കുളുര്‍ക്കെയൊന്ന് കാണാന്‍ പോലും കഴിയാതെ പോയ ശ്രീദേവിയെന്ന മകള്‍ ഒമ്പതാം വയസ്സില്‍ പൊള്ളലേറ്റ് മരിച്ചത് ഐ.സി.പിയുടെ ഹൃദയം നടുക്കി. സാവിത്രി എന്ന മറ്റൊരു മകള്‍ രണ്ടു വയസ്സുള്ളപ്പോള്‍ കുളത്തില്‍ വീണ് മരിച്ചു. കൃഷ്ണന്‍ എന്ന് പേരുള്ള മറ്റൊരു മകന്‍ പന്ത്രണ്ടാം വയസ്സില്‍ പാമ്പ് കടിയേറ്റു മരിച്ചു. ദുരന്തങ്ങളുടെ വരവ് കൂട്ടത്തോടെയായിരുന്നു. അധ്യാപികയായ സുമ, റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റിലെ മാനേജരായിരുന്ന വിഷ്ണു, പത്രപ്രവര്‍ത്തകനായിരുന്ന ഐ. വാസുദേവന്‍, ഗ്യാസ് ഏജന്‍സി ഉടമയായിരുന്ന ബ്രഹ്മദത്തന്‍, എസ്.ബി.ടി ജീവനക്കാരനായിരുന്ന സതീശന്‍, സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമായ നാരായണന്‍ ഇട്ട്യാംപറമ്പത്ത്, ഡോ. ശാന്ത എന്നിവരാണ് ഐ.സി.പിയുടെ മക്കള്‍.
യൗവനത്തിലേക്ക് കാലെടുത്ത് വയ്ക്കും മുമ്പേ വിധവയായിത്തീര്‍ന്ന തന്റെ ഇളയ സഹോദരി നങ്ങേമാ അന്തര്‍ജ്ജനത്തെ എം.ആര്‍.ബിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചുകൊടുത്തത് അന്ന് നമ്പൂതിരി സമുദായത്തില്‍ വന്‍കോളിളക്കം സൃഷ്ടിച്ചു. വിധവാവിവാഹം നിഷിദ്ധമായ കാലമായിരുന്നു അത്. മറ്റൊരു സഹോദരി പ്രിയദത്തയെ കോഴിക്കോട്ടെ പ്രമുഖ സി.പി.ഐ നേതാവായ കല്ലാട്ട് കൃഷ്ണന്റെ കൈകളിലേല്‍പിച്ചു കൊണ്ട് മിശ്രവിവാഹത്തിന് ഐ.സി.പി മാതൃക കാണിച്ചുകൊടുത്തു. മൂത്ത സഹോദരി ശ്രീദേവി അന്തര്‍ജനത്തെ, സാമൂഹിക വിപ്ലവത്തിന്റെ പടനായകന്‍ വി.ടി ഭട്ടതിരിപ്പാടാണ് ജീവിതസഖിയാക്കിയത്.
കേരള മോസ്‌കോ ആയ ചളവറയില്‍ 1955 ല്‍ പഞ്ചായത്ത് നിലവില്‍ വന്നപ്പോള്‍ 1980 വരെ പഞ്ചായത്ത് പ്രസിഡന്റായത് ഐ.സി.പിയാണ്. 2001 മെയ് 27 നാണ് ഐ.സി.പി വിടവാങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
