

ധനികര്‍ക്ക് പാര്‍ട്ടിയേയും പാര്‍ട്ടിക്ക് ധനികരേയുംകൊണ്ട് പ്രയോജനമുണ്ട്. ഇത്തരത്തിലുള്ള കമ്യൂണിസം ഓഫ് കണ്‍വിണ്‍വിനിയന്‍സ് വളരുന്നതിന്റെ ഫലം കമ്യൂണിസ്റ്റ് പാര്‍ട്ടി തളരുക എന്നതാണ്- ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു.
പി. കൃഷ്ണപിള്ളയുടേയും എ.കെ.ജിയുടേയും ഇ.എം.എസ്സിന്റേയും പിന്മുറക്കാരായി പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയുമൊക്കെ അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരില്‍ ഒരാളാണ് ഇതെഴുതുന്നവന്‍. ആദ്യം പറഞ്ഞ മൂന്നുപേരും കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശില്പികളും അതിന്റെ ഉത്തമ പ്രതിനിധാനങ്ങളുമായിരുന്നു. മാര്‍ക്‌സിസ്റ്റ് എത്തിക്‌സ് മുറുകെ പിടിക്കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയവരാണവര്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ചോര്‍ന്നുപോകരുതെന്ന നിര്‍ബന്ധബുദ്ധി അവര്‍ക്കുണ്ടായിരുന്നു എന്നത് അത്യുക്തിയല്ല.
കൃഷ്ണപിള്ള 1948-ലും എ.കെ.ജി. 1977-ലും ഇ.എം.എസ്. 1998-ലും അന്തരിച്ചു. കേരളത്തിലെ ആ കമ്യൂണിസ്റ്റ് ത്രിമൂര്‍ത്തികള്‍ മാര്‍ക്‌സിസത്തെ കണ്ടിരുന്നത് ജനസാമാന്യത്തിന്റെ സ്വാതന്ത്ര്യവും ന്യായമായ അവകാശങ്ങളും ഉറപ്പുവരുത്താനുള്ള ഉപകരണമായിട്ടാണ്. നിര്‍ധന-നിരാലംബ വിഭാഗങ്ങളെ മര്‍ദ്ദിച്ചും വഞ്ചിച്ചും ചൂഷണം ചെയ്തും മടിശ്ശീല വീര്‍പ്പിച്ച കുബേര വര്‍ഗ്ഗത്തോടും അവരുടെ ആശയലോകത്തോടും സമരസപ്പെടാന്‍ അവര്‍ ഒരിക്കലും തയ്യാറായിരുന്നില്ല. പാര്‍ട്ടി വളര്‍ത്താന്‍ അതിസമ്പന്നരുടെ അരമനകളില്‍ സ്വയം കയറിച്ചെല്ലുകയോ അണികളെ അങ്ങോട്ടയയ്ക്കുയോ ചെയ്തിരുന്നില്ല അവര്‍. പാലോറ മാതമാര്‍ മനസ്സറിഞ്ഞു നല്‍കിയ പശുക്കിടാങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭാവനകളിലൂടെയാണ് മലയാള മണ്ണില്‍ കമ്യൂണിസ്റ്റ് വൃക്ഷം തളിര്‍ത്തതും പൂത്തതും. അതിന്റെ മുന്നോട്ടുള്ള ഗമനം ആ ശൈലിയില്‍ തന്നെയാകണമെന്ന പൊതുബോധം ഇ.എം.എസ്സിന്റെ അന്ത്യം വരെയെങ്കിലും പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുകയും ചെയ്തിരുന്നു.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ശ്ലാഘനീയമായ ആ ശൈലിയില്‍ നിന്നുള്ള സാരമായ വ്യതിചലനം സമീപകാലത്ത് സംസ്ഥാനത്തെ സി.പി.ഐ.എമ്മില്‍ സംഭവിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ സാമ്പത്തികാവശ്യങ്ങള്‍ക്ക് ആരെ സമീപിക്കണം എന്ന വിഷയത്തില്‍ മാത്രമല്ല, ഈ വ്യതിചലനം ദൃശ്യമാകുന്നത്. മറ്റു മേഖലകളിലും അതു പ്രസ്പഷ്ടമായി കാണാം. കമ്യൂണിസ്റ്റ് ലോക വീക്ഷണത്തിന്റെ മേഖലയാണ് അവയിലൊന്ന്. തഴച്ചുവളരുന്ന മാഫിയകളോടുള്ള സമീപനത്തിന്റേതാണ് രണ്ടാമത്തെ മേഖല. ഇവ രണ്ടിലേക്കും ചെന്നു നോക്കിയ ശേഷം സാമ്പത്തികാവശ്യങ്ങള്‍ക്ക് പാര്‍ട്ടി ആരെ ആശ്രയിക്കുന്നു എന്ന വിഷയത്തിലേക്ക് കടക്കാം.
ഏത് കമ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ അണികളില്‍ വളര്‍ത്തിയെടുക്കേണ്ട സവിശേഷമായ ഒരു ലോകവീക്ഷണമുണ്ട്. വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തില്‍ അധിഷ്ഠിതമായ ലോകവീക്ഷണമാണത്. സമൂഹത്തില്‍ പ്രബലമായി നിലനില്‍ക്കുന്ന മതാത്മകവും ആശയവാദപരവുമായ ലോകവീക്ഷണത്തിനു കടകവിരുദ്ധമായ ഈ ലോകവീക്ഷണത്തിലേക്ക് അംഗങ്ങളേയും അണികളേയും കൈപ്പിടിച്ചുയര്‍ത്താതെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും സാര്‍ത്ഥകമായി നിലനില്‍ക്കാനാവില്ല. പേരില്‍ മാത്രം കമ്യൂണിസവും സത്തയില്‍ കമ്യൂണിസ്റ്റ് വിരുദ്ധ ലോകവീക്ഷണവുമുള്ള അനുയായിവൃന്ദം പാര്‍ട്ടിയെ ബലഹീനമാക്കും. സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ തന്നെ കമ്യൂണിസ്റ്റ് ലോകവീക്ഷണം ഒട്ടും സ്വാംശീകരിച്ചിട്ടില്ല എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂരമ്പല എപ്പിസോഡ് സുതരാം വ്യക്തമാക്കിയത്.
കടകംപള്ളിയെ പഴി പറഞ്ഞിട്ട് കാര്യമില്ല. മാര്‍ക്‌സിസ്റ്റ് ലോകവീക്ഷണം സഖാക്കളില്‍ ഊട്ടിയുറപ്പിക്കുന്നതില്‍ പാര്‍ട്ടി കാണിച്ച അലംഭാവമാണ് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ സുരേന്ദ്രനെ ഭക്തിപരവശനാക്കിയത്. നാലപാടുനിന്നും വിമര്‍ശനമുയര്‍ന്നപ്പോള്‍ തടിയൂരാന്‍ ഭാര്യയുടെ ഈശ്വരവിശ്വാസത്തില്‍ അഭയം തേടുകയത്രേ അദ്ദേഹം ചെയ്തത്. ഇത്ര നാളായിട്ടും സ്വന്തം ഭാര്യയെപ്പോലും മാര്‍ക്‌സിസ്റ്റ് ലോകവീക്ഷണത്തിലേയ്ക്ക് പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തയാള്‍ കമ്യൂണിസ്റ്റ് മന്ത്രിയാകുന്നതിലെ ഔചിത്യക്കേടിനെക്കുറിച്ച് കടകംപള്ളിക്ക് ആലോചന പോയില്ല.
മര്‍മ്മപ്രധാനമായ ലോകവീക്ഷണ പ്രശ്‌നത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രകടിപ്പിച്ചു പോരുന്ന അലസതയും അലംഭാവവും സൃഷ്ടിക്കുന്ന വിനകള്‍ ഏറെയാണ്. ഇന്നലെ വരെ കമ്യൂണിസ്റ്റുകാരനായിരുന്ന വ്യക്തിക്ക് ഇന്നു ബി.ജെ.പിക്കാരനോ ലീഗുകാരനോ ആവാനും തലേന്നു രാത്രിവരെ ഏതെങ്കിലും വര്‍ഗ്ഗീയ പാര്‍ട്ടിയില്‍ അംഗമായിരുന്നയാള്‍ക്ക് പിറ്റേന്നു വെളുപ്പിനു് കമ്യൂണിസ്റ്റുകാരനാകാനും സാധിക്കുന്നത് ലോകവീക്ഷണപരമായ പരിവര്‍ത്തനത്തിനു കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രാധാന്യം നല്‍കാത്തതിനാലാണ്. കൈയിലേറുന്ന കൊടിയുടെ നിറത്തെക്കാള്‍ മനസ്സിലേറുന്ന ലോകവീക്ഷണത്തിനു വേണം മാര്‍ക്‌സിസത്താല്‍ നയിക്കപ്പെടുന്ന പാര്‍ട്ടി പ്രാമുഖ്യം നല്‍കാന്‍. മറിച്ചാകുമ്പോള്‍ സിമിയുടെയോ ആര്‍.എസ്.എസ്സിന്റെയോ ലോകവീക്ഷണത്തെ നെഞ്ചകത്ത് കുടിയിരുത്തിയവര്‍ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗങ്ങളായി വിരാജിക്കുന്ന പരിഹാസ്യതയ്ക്ക് നാട് സാക്ഷിയാകും. വര്‍ത്തമാന കേരളം ആ ദുര്യോഗം വേണ്ടുവോളം അനുഭവിക്കുന്നുണ്ട്.
ലോകവീക്ഷണ വിഷയം വിട്ട് മാഫിയാ രാജിനോട് പാര്‍ട്ടി അനുവര്‍ത്തിക്കുന്ന സമീപനത്തിലേക്ക് ചെല്ലുമ്പോഴും ഒട്ടും ആശാവഹമല്ല സ്ഥിതി. നമുക്ക് രുചിച്ചാലും ഇല്ലെങ്കിലും കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ കേരളം മാഫിയകളുടെ സ്വന്തം നാടായി മാറിയിട്ടുണ്ടെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. വനം, വിദ്യാഭ്യാസം, ആരോഗ്യം, കൊള്ളപ്പലിശ, റിയല്‍ എസ്റ്റേറ്റ്, ക്വാറി, ലഹരി മാഫിയകള്‍ തൊട്ട് ഭൂമാഫിയ വരെ മലയാളക്കരയില്‍ അഴിഞ്ഞാടുന്നുണ്ട്. മുഖം നോക്കാതെ അവയുടെ എതിര്‍പക്ഷത്ത് എല്ലുറപ്പോടെ നിലകൊള്ളുമെന്നു പൊതുജനം വിശ്വസിച്ചുപോന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. പക്ഷേ, മൂന്നാര്‍ ഉള്‍പ്പെടെ പലയിടങ്ങളിലും മാഫിയകളെ തലോടുന്ന സമീപനം പാര്‍ട്ടിമേധാവികളില്‍നിന്നു ഉണ്ടാകുന്നതായി ജനം കാണുന്നു. ഭൂമാഫിയയ്‌ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥനെ അഭിനന്ദിക്കുന്നതിനു പകരം ആട്ടിയോടിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. മാഫിയകള്‍ സക്രിയമായ ഇതര മേഖലകളിലും മനസ്സറിഞ്ഞ ഇടപെടലുകള്‍ ഭരണക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.
സാമ്പത്തികാവശ്യ നിര്‍വ്വഹണത്തിനു പാര്‍ട്ടി സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളിലേക്കാണ് ഇനി നാം കണ്ണോടിക്കേണ്ടത്. മറ്റു പല പാര്‍ട്ടികളില്‍നിന്നും വ്യത്യസ്തമായി, ഏറെ വിയര്‍പ്പു തൂകി പൊതുജനങ്ങളില്‍നിന്നു സംഭാവന സമാഹരിച്ച് നിത്യനിദാനച്ചെലവുകള്‍ നടത്തിപ്പോന്നതാണ് സി.പി.ഐ.എമ്മിന്റെ ചരിത്രം. അടുത്തകാലത്തായി അത്രയൊന്നും വിയര്‍പ്പു തൂകാതെ പണം സമാഹരിക്കുന്നതിലാണ് പാര്‍ട്ടി മിടുക്ക് കാണിക്കുന്നത്. പോകേണ്ട, വന്‍ തുക ലഭ്യമായിടത്ത് പോയാല്‍ മതി എന്നതാണ് പുതിയ തത്ത്വം. അതോടെ 'സര്‍വ്വരാജ്യ തൊഴിലാളികളില്‍' നിന്നു 'സര്‍വ്വരാജ്യ മുതലാളികളി'ലേക്ക് പാര്‍ട്ടിയുടെ ചുവടുമാറ്റം സംഭവിക്കുന്നു.
കൃഷ്ണപിള്ളയുടെയോ എ.കം.ജിയുടെയോ ഇ.എം.എസ്സിന്റെയോ കാലത്ത് ഇല്ലാതിരുന്ന ധനാഢ്യപ്രേമവും പ്രീണനവും ഇന്നു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുഖമുദ്രയായി മാറിയിട്ടുണ്ട്. പാര്‍ട്ടി രേഖകളില്‍ എഴുതിവെച്ചത് എന്തുതന്നെയായാലും ഭീമമായ സംഖ്യ സംഭാവന നല്‍കാന്‍ ത്രാണിയുള്ളവരെയാണ് കുറച്ചേറെ വര്‍ഷങ്ങളായി പാര്‍ട്ടി നേതൃത്വം കാര്യമായി ആശ്രയിക്കുന്നത്. കമ്യൂണിസത്തോട് അനുഭാവമൊട്ടുമില്ലെങ്കിലും പാര്‍ട്ടിപ്പെട്ടിയില്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കാന്‍ അത്തരക്കാര്‍ തയ്യാറാണ് താനും. കാരണം, കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ താങ്ങും തണലും ആ കച്ചവട പ്രഭുക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
ഈ ധനാഢ്യ പ്രേമത്തിലെ ജുഗുപ്‌സാവഹത്വം പാര്‍ട്ടിക്കേല്‍പ്പിക്കുന്ന പോറലിന്റേയും നാണക്കേടിന്റേയും ആഴം മനസ്സിലാക്കണമെങ്കില്‍, വര്‍ത്തമാനകാല പാര്‍ട്ടി മേധാവികള്‍ വിവിധ കേന്ദ്രങ്ങളിലെ സമ്മേളനങ്ങളിലോ 'തെക്കുവടക്ക് യാത്ര'കളിലോ പങ്കെടുക്കുമ്പോള്‍ സമയാസമയം ഭക്ഷണം കഴിക്കാന്‍ അവര്‍ ചെന്നുകയറുന്ന വെണ്‍മാടങ്ങളിലേക്ക് നോക്കിയാല്‍ മതി. അതത് പ്രദേശങ്ങളിലെ അതിസമ്പന്നരുടെ രമ്യഹര്‍മ്മ്യങ്ങളിലെ ഭോജനമുറികളില്‍ വിഭവധാരാളിത്തത്തിന്റെ നടുവില്‍ അവര്‍ എത്തുന്നു. സാധാരണ സഖാക്കളുടെ കൊച്ചുവീടുകളില്‍ ലഭ്യമായ കഞ്ഞിയും പയറും ചമ്മന്തിയും ആര്‍ക്കും വേണ്ട. ഈ മാനസികാവസ്ഥയുടെ യുക്തിസഹമായ തുടര്‍ച്ചയായി മാത്രം കണ്ടാല്‍ മതി കോടിയേരി ബാലകൃഷ്ണന്‍ കൊടുവള്ളിയില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ധനികന്റെ ആഡംബര കാറില്‍ നടത്തിയ യാത്രയെ.
ഇംഗ്ലീഷില്‍ 'മാരീജ് ഓഫ് കണ്‍വീനിയന്‍സ്' എന്ന ഒരു പ്രയോഗമുണ്ട്. സ്വാര്‍ത്ഥലാഭം മുന്നില്‍വെച്ചുള്ള വിവാഹം എന്നാണതിനര്‍ത്ഥം. കേരളത്തില്‍ സമീപകാലത്തായി 'കമ്യൂണിസം ഓഫ് കണ്‍വീനിയന്‍സ്' എന്ന ഒരു പ്രതിഭാസം രൂപപ്പെട്ടിരിക്കുന്നു. സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കുവേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉപയോഗിക്കുന്ന രീതി എന്ന് അതിനു അര്‍ത്ഥം നല്‍കാം. സംസ്ഥാനത്തെ ധനികരില്‍ പലരും അതിന്റെ ഗുണഭോക്താക്കളാണ്. പാര്‍ട്ടി നേതൃത്വത്തിനു ധനികരേയും ധനികര്‍ക്ക് പാര്‍ട്ടി നേതൃത്വത്തേയും വേണം. കമ്യൂണിസം ഓഫ് കണ്‍വീനിയന്‍സ് വളരുന്തോറും കമ്യൂണിസം തളരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates