

ഇന്ത്യൻ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ബിഗ് ബജറ്റ് ചിത്രം ‘രാമായണ’. റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസങ്ങളിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടി ചിത്രം പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ 1000 കോടി രൂപയെന്ന നാഴികക്കല്ലും ചിത്രം പിന്നിട്ടു.
1500 കോടിയിലേറെ ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ദീപാവലി റിലീസായെത്തിയ രാമായണ ഏറ്റവും വേഗത്തിൽ 1000 കോടി ക്ലബ്ബിലെത്തിയ ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. പുഷ്പ 2, ധുരന്ധർ 2 എന്നീ ചിത്രങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
ആദ്യദിനം 120 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആഗോള കളക്ഷൻ. രണ്ടാം ദിനം 103 കോടി, മൂന്നാം ദിനം 154 കോടി, നാലാം ദിനം 134 കോടി, അഞ്ചാം ദിനം 148 കോടി, ആറാം ദിനം 176 കോടി, ഏഴാം ദിനം 116 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയതെന്നാണ് ട്രാക്കർമാരുടെ റിപ്പോർട്ടുകൾ. ഏഴ് ദിവസങ്ങളിലും കളക്ഷൻ 100 കോടി രൂപയ്ക്ക് താഴേക്ക് പോയില്ലെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ നേട്ടം.
ഇന്ത്യയിലെ എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നതെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാരുടെ വിലയിരുത്തൽ. രണ്ടാം വാരത്തിലും ഈ മുന്നേറ്റം തുടരാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ നിന്ന് മാത്രം ആയിരം കോടിയോളം രൂപ ചിത്രം സ്വന്തമാക്കുമെന്നും സിനിമാ ട്രാക്കിങ് പേജുകൾ പ്രവചിക്കുന്നുണ്ട്.
അതേസമയം, ചിത്രത്തിന് മുടക്കുമുതൽ തിരിച്ചുപിടിച്ച് ലാഭത്തിലേക്ക് കടക്കാൻ ഏകദേശം 2800 കോടി രൂപയുടെ കളക്ഷൻ ആവശ്യമാണെന്നാണ് ട്രാക്കിങ് പേജുകളുടെ വിലയിരുത്തൽ. ദംഗലിന് ശേഷം മറ്റൊരു ബോളിവുഡ് ചിത്രത്തിനും 2000 കോടി ക്ലബ്ബിലെത്താൻ സാധിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates