

പത്മരാജൻ സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഇന്നലെ. വാസന്തിയുടെ ജനനം എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഇന്ന് ചിത്രം പുറത്തിറങ്ങിയിട്ട് 35 വർഷം തികഞ്ഞിരിക്കുകയാണ്. സുരേഷ് ഗോപി, ശോഭന, ശ്രീവിദ്യ, ജയറാം എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. പത്മരാജന്റെ മാസ്റ്റർപീസുകളിൽ ഒന്നായാണ് ഇന്നലെ അറിയപ്പെടുന്നത്.
മനുഷ്യ മനസിലെ സങ്കീർണതകളെ തുറന്നുകാട്ടുന്ന സിനിമ കൂടിയാണ് ഇന്നലെ. ഓർമ നഷ്ടപ്പെട്ട ഒരു യുവതിയുടെ നിസ്സഹായതയും പുതിയ ജീവിതത്തോടുള്ള അവളുടെ ആകാംക്ഷയുമെല്ലാം അതിതീവ്രമായാണ് പത്മരാജൻ അവതരിപ്പിച്ചത്. ശോഭനയുടെ കരിയറിൽ തന്നെ വഴിത്തിരിവായി മാറിയ ചിത്രം കൂടിയാണ് ഇന്നലെ. ചിത്രത്തിലെ മായ എന്ന കഥാപാത്രത്തിന് ശോഭനയെ തേടി മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവുമെത്തി.
ഇന്നലെകൾ മറന്ന് ജീവിക്കേണ്ടി വരുന്ന നിഷ്കളങ്കയായ ഒരു സ്ത്രീയെ അത്ര മനോഹരമായാണ് ശോഭന അവതരിപ്പിച്ചതും. ജയറാം ശരത് എന്ന കഥാപാത്രത്തെയും ഹൃദ്യമാക്കി. ഡോ നരേന്ദ്രനായി സുരേഷ് ഗോപി കടന്നുവരുമ്പോൾ ചിത്രം മറ്റൊരു തലത്തിലേക്ക് മാറുന്നത്. ഒരു ചെറിയ വേഷമാണെങ്കിലും, നഷ്ടപ്പെട്ട ഭാര്യയെ കണ്ടെത്തുമ്പോഴുണ്ടാകുന്ന നരേന്ദ്രന്റെ വിഹ്വലതയും സ്നേഹവും സുരേഷ് ഗോപിയിൽ ഭദ്രമായിരുന്നു. ശരിക്കും പ്രേക്ഷകരുടെ നെഞ്ച് തകർത്ത ഒരു കഥാപാത്രം തന്നെയായിരുന്നു നരേന്ദ്രൻ.
സുരേഷ് ഗോപിയുടെയും കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് നരേന്ദ്രൻ. വേണുവാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പെരുമ്പാവൂർ ജി രവീന്ദ്രനാഥാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. കണ്ണിൽ നിൻ മെയ്യിൽ, നീ വിൺ പൂ പോൽ തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗാനങ്ങളാണ്. മോഹൻ സിത്താര ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത്.
ചിത്രം കാണുന്ന പ്രേക്ഷകരെ വലിയൊരു ആഘാതത്തിലേക്ക് വലിച്ചിട്ട ഒരു ക്ലൈമാക്സ് കൂടിയായിരുന്നു ഇന്നലെയുടേത്. എപ്പോഴെങ്കിലും ശോഭനക്ക് ഓർമ തിരിച്ചു കിട്ടിയാൽ എന്ത് ചെയ്യുമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കാത്ത ആളുകൾ കുറവായിരിക്കും. 2025 ലും ഇന്നലെ സിനിമയ്ക്ക് ആരാധകരേറെയാണ്. 35 വർഷങ്ങൾക്കിപ്പുറവും സിനിമ പ്രേക്ഷകർക്കുള്ളിൽ മായാതെ നിൽക്കുന്നുണ്ടെങ്കിൽ അത് പത്മരാജൻ എന്ന അതുല്യപ്രതിഭയുടെ മാജിക് എന്നേ പറയാനാകൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
