

ദിലീപ് നായകനായ ഭഭബ കഴിഞ്ഞ ദിവസാണ് തിയേറ്ററിലെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായ ശേഷമെത്തുന്ന ചിത്രമെന്ന നിലയില്‍ ദിലീപ് ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു ഭഭബ. മാറുന്ന മലയാള സിനിമയില്‍ തന്റെ ഇടം ഉറപ്പിക്കാനുള്ള ദിലീപിന്റെ ശ്രമം കൂടിയായിരുന്നു ഭഭബ. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ താരനിരയും അണിനിരന്നിരുന്നു.
മലയാള സിനിമാ പ്രേക്ഷകരെ രണ്ട് തട്ടിലാക്കിയ ചിത്രം കൂടിയാണ് ഭഭബ. കേസില്‍ കുറ്റവിമുക്തനായെങ്കിലും, ദിലീപ് കുറ്റക്കാരനെന്ന് ഇപ്പോഴും വിശ്വസിക്കുന്ന വലിയൊരു വിഭാഗം സിനിമയ്‌ക്കെതിരെ ബോയ്‌ക്കോട്ട് ആഹ്വാനവുമായെത്തിയിരുന്നു. എന്നാല്‍ ദിലീപ് ആരാധകര്‍ വലിയ വരവേല്‍പ്പു തന്നെ നല്‍കി. അതേസമയം, സിനിമ പ്രേക്ഷകരില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഭഭബയ്ക്ക് ലഭിച്ചിക്കുന്നത്. മോഹന്‍ലാലിന്റെ അതിഥി വേഷത്തിനും, ദളപതി വിജയ് സിനിമകളുടെ റഫറന്‍സുകള്‍ക്കുമൊന്നും ദിലീപ് ചിത്രത്തെ രക്ഷിച്ചെടുക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
ഇതിനിടെ ചിത്രത്തിലെ ചില രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തിലൊരു രംഗത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ 'തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച്' ധ്യാന്‍ ശ്രീനിവാസന്റെ കഥാപാത്രം വിവരിക്കുന്നതും, ആ രംഗം വിനീത് ശ്രീനിവാസന്റെ കഥാപാത്രം ഭാവനയില്‍ കാണുന്നതുമായ രംഗമാണ് വിമര്‍ശിക്കപ്പെടുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.
''മുറിവില്‍ ഉപ്പ് പുരട്ടുന്ന ക്രൂരര്‍ക്കും സാമൂഹിക ദ്രോഹികള്‍ക്കും മാത്രമെ ഒരു ക്രൈമിനെ സിനിമയില്‍ ഇത്രയും വള്‍ഗര്‍ ആയി അവതരിപ്പിക്കാന്‍ പറ്റൂ. നെഗറ്റീവ് പോലും പറഞ്ഞു ആ സിനിമയ്ക്ക് പബ്ലിസിറ്റി കൊടുക്കാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. പക്ഷേ ആ സീന്‍ എഴുതിയവരും ആ ഡയലോഗ് പറഞ്ഞവരും നാണിക്കണം. സ്വയം ലജ്ജ തോന്നണം. വൃത്തികെട്ട വര്‍ഗ്ഗം. ആര് കുറ്റവിമുക്തനാക്കിയാലും ജീവിത കാലം മുഴുവനും ഇവനെയൊക്കെ കണ്ട് (അഭിനയിച്ചവരെയും എഴുതിയവരെയും ) അറപ്പും വെറുപ്പും തോന്നാന്‍ ഇതു ധാരാളം'' എന്നാണ് മാധ്യമ പ്രവര്‍ത്തകയായ നിലീന അത്തോളിയുടെ പ്രതികരണം.
''ഒരു ലോഡ് പേര്‍സണല്‍ ലൈഫ് വൈറ്റ് വാഷ് ഐറ്റംസ് സിനിമയില്‍ ഉണ്ടെന്നാണ് അറിയുന്നത്. ദിലീപ് കേസ് ഇഷ്യൂ നടക്കുന്ന ആദ്യ കാലത്ത് പ്രിഥ്വിരാജ് മാധ്യമങ്ങള്‍ക്ക് കൊടുത്ത ഒരു ബൈറ്റ് ഡയലോഗ് അങ്ങനെ തന്നെ ധ്യാനിനെ കൊണ്ട് പറയിച്ചത് ആയും കേള്‍ക്കുന്നു. ഇവിടെ അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിലര്‍ എങ്കിലും ദിലീപ് സിനിമ കാണില്ല എന്ന് തീരുമാനമെടുത്തപ്പോള്‍ വിമര്‍ശിച്ച ചിലര്‍ക്ക് എങ്കിലും കാരണം മനസ്സിലായിക്കാണും. ഇറ്റ്‌സ് നോട്ട് ജസ്റ്റ് എ സിനിമ. നിങ്ങള്‍ക്ക് അങ്ങനെ ആയിരിക്കാം.. പക്ഷെ ദിലീപിന് ഒരിക്കലും അങ്ങനെ ആയിരിക്കില്ല.. അയാള്‍ ഇനിയും തന്റെ സിനിമയില്‍ വൈറ്റ് വാഷ് സീനുകള്‍ കുത്തി തിരുകും, സിനിമയിലൂടെ തന്നെ പേര്‍സണല്‍ അറ്റാക്ക് ചെയ്യും. ഡബിള്‍ മീനിങ് / ഓഫന്‍സീവ് ജോക്ക്‌സ് നിറയ്ക്കും. അത് കണ്ട് കയ്യടിക്കാന്‍ നിങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും തോന്നുന്നില്ല എങ്കില്‍. അതില്‍ അസൗകര്യം തോന്നുന്നില്ല എങ്കില്‍. അയാളുടെ ഇന്നലെ ഇറങ്ങിയതും ഇനി വരാന്‍ പോകുന്നതുമായ എല്ലാ സിനിമകളും നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. നിങ്ങള്‍ കണ്ടോളു. തീര്‍ച്ചയായും കണ്ടോളൂ'' എന്നാണ് എഴുത്തുകാരന്‍ സ്‌കൈ ജിഷ്ണു കുറിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates