Coolie
കൂലിഎക്സ്

കിടിലൻ കാമിയോ! 30 വർഷങ്ങൾക്ക് ശേഷം രജനികാന്തിനൊപ്പം ആമിർ ഖാൻ; കൂലി അപ്ഡേറ്റ്

കൂലിയിൽ ആമിർ ഒരു സ്പെഷ്യൽ കാമിയോ റോളിൽ എത്തും.
Published on

മുപ്പത് വർഷങ്ങൾക്ക് ശേഷം ആമിർ ഖാനും രജനികാന്തും വീണ്ടും സ്ക്രീൻ പങ്കിടാൻ ഒരുങ്ങുന്നു. 1995 ൽ പുറത്തിറങ്ങിയ ആതംഗ് ഹി ആതംഗ് എന്ന ചിത്രത്തിലാണ് ആമിറും രജനിയും ഒടുവിൽ ഒന്നിച്ചത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിൻ്റെ വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ കൂലിയിൽ ആമിർ ഒരു സ്പെഷ്യൽ കാമിയോ റോളിൽ എത്തും.

ആമിറിൻ്റെ റോളിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും താരത്തിനായി ലോകേഷ് ഒരു യൂണിക് കഥാപാത്രത്തെയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിനായി ആമിർ ഇതിനോടകം തന്നെ ഡേറ്റ് നൽകിയതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

ഒരേ ഫ്രെയിമിൽ ആമിറിനെയും രജനികാന്തിനെയും ഉൾപ്പെടുത്തി ഹ്രസ്വവും എന്നാൽ ശക്തവുമായ ഒരു സീക്വൻസ് സംവിധായകൻ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും അത് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ മാസം 15ന് ചെന്നൈയിൽ തുടങ്ങുന്ന കൂലിയുടെ വരാനിരിക്കുന്ന ഷെഡ്യൂളിൽ ആമിർ ജോയിൻ ചെയ്യും.

ആമിർ ഖാനും രജനികാന്തും ഒരിക്കൽ കൂടി സ്‌ക്രീൻ പങ്കിടുന്നതിൻ്റെ ആവേശത്തിലാണ് ആരാധകർ. ലോകേഷിൻ്റെ മുൻ ചിത്രങ്ങളിലേതു പോലെ അതിഥി വേഷം വളരെ ചെറുതും എന്നാൽ ശക്തവുമായിരിക്കും എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന കൂലിയിൽ നാഗാർജുന, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ് തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. രജനികാന്തിൻ്റെ കരിയറിലെ 171-ാമത് ചിത്രം കൂടിയാണിത്.

വിജയ് ചിത്രം ലിയോയ്ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമായതു കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കിക്കാണുന്നത്. രജനികാന്തിനൊപ്പം ആമിർ ഖാൻ കൂടിയെത്തുന്നതോടെ ചിത്രത്തിലുള്ള സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷയും ഇരട്ടിയാണ്. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ ആണ് രജനികാന്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com