

വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന ചിത്രം കേരളത്തിന് അകത്തും പുറത്തുമുള്ള പല സ്‌കൂളുകളിലേയും ബെഞ്ചിംഗ് സിസ്റ്റത്തെ മാറ്റാന്‍ കാരണമായത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. പഞ്ചാബിലെ സ്‌കൂളിലടക്കം സിനിമയിലേതിന് സമാനമായ രീതിയില്‍ ബെഞ്ചിംഗ് സംവിധാനത്തില്‍ മാറ്റം വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമ മുന്നോട്ട് വെക്കുന്ന സെമി സര്‍ക്കിള്‍ രൂപത്തില്‍ ഇരിപ്പിടമൊരുക്കുന്ന രീതി കടുത്ത വിമര്‍ശനങ്ങളും നേരിടുന്നുണ്ട്.
കുട്ടികള്‍ക്ക് ബോര്‍ഡ് കൃത്യമായി കാണാന്‍ സാധിക്കില്ല, ഏറെ നേരം തല തിരഞ്ഞിരിക്കേണ്ടി വരുന്നതിനാല്‍ കഴുത്ത് വേദനയുണ്ടാകും തുടങ്ങിയ വിമര്‍ശനങ്ങളാണ് സിനിമയിലെ ബദല്‍ സംവിധാനം നേരിടുന്നത്. ഈ സാഹചര്യത്തില്‍ സിനിമയുടെ തിരക്കഥാകൃത്തുകളില്‍ ഒരാളും നടനുമായ ആനന്ദ് മന്മഥന്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
സിനിമയില്‍ കാണിച്ചത് ഏഴാം ക്ലാസുകാരന്റെ മനസില്‍ ഉദിച്ച ആശയമാണ്. ആ ആശയം അവസാന വാക്കാണെന്ന അവകാശവാദമില്ല. നിലവിലെ വിദ്യാഭ്യാസ രീതിയിലെ ചെറിയൊരു പോരായ്മ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത് എന്നാണ് ആനന്ദ് പറയുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ആനന്ദിന്റെ പ്രതികരണം.
ആനന്ദ് മന്മഥന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
'സ്താനാര്‍ത്തി ശ്രീക്കുട്ടന്റെ' ക്ലൈമാക്‌സില്‍ കുട്ടികള്‍ നടപ്പിലാക്കുന്ന ഒരു ഇക്വാലിറ്റി മെഷര്‍ ആണ് സെമി സര്‍ക്കിള്‍ സീറ്റ് ഫോര്‍മേഷന്‍. അതൊരു ഏഴാം ക്ലാസ്സുകാരന്റെ, അവന്‍ നേരിട്ട അവഗണനകളുടെ വേദനയിലും, അമര്‍ഷത്തിലും നിന്നുണ്ടായ സമരമാണ്.
പാര്‍ശ്വവല്‍കരിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയാണ് ശ്രീക്കുട്ടന്‍. അവന്റെ കുഞ്ഞു മനസ്സില്‍ ഉരുത്തിരിഞ്ഞു വന്ന വലിയ ആശയമാണ് ക്ലൈമാക്‌സില്‍ അമ്പാടി നടപ്പിലാക്കുന്നത്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ചെറുതല്ലാത്ത മാറ്റങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് അത്യാവശ്യമാണെന്നുള്ള പറച്ചില്‍ കൂടിയാണത്.
നമ്മുടെ ക്ലാസുകള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളായി മാറുന്ന ഈ കാലഘട്ടത്തിലും ബോര്‍ഡില്‍ നോക്കുമ്പോള്‍ കഴുത്തുളുക്കും എന്നുള്ള പ്രസ്താവനകള്‍ മാറ്റിവയ്ക്കപ്പെടണം. ക്ലാസ്‌റൂമുകള്‍ ഇനിയും ഇന്ററാക്ടീവ് ആകട്ടെ. ഓഗ്മെന്റ് റിയാലിറ്റിയും വിര്‍ച്വല്‍ റിയാലിറ്റിയുമൊക്കെ നമ്മുടെ കുഞ്ഞുങ്ങള്‍ തൊട്ടറിയട്ടെ. പുതിയകാല യൂട്യൂബ് വീഡിയോകള്‍ കാണുമ്പോഴാണ് പണ്ട് പഠിച്ച പലതും ഇങ്ങനെയൊക്കെയായിരുന്നല്ലേ പഠിക്കേണ്ടിയിരുന്നതെന്ന് ചിന്തിച്ചുപോകുന്നത്.
ഇന്ന് ടെക്‌നോളജി അത്രയധികം വളര്‍ന്നു. അതിന്റെ സാധ്യതകള്‍ നമ്മള്‍ കുറച്ചൊക്കെ ഉപയോഗപ്പെടുത്തുന്നുണ്ട്, ഇനിയുമേറേ ഉപയോഗപ്പെടുത്തുവാനും ഉണ്ട്. അതുകൊണ്ട് ക്ലാസ് റൂമുകള്‍ ബ്ലാക്‌ബോര്‍ഡിനെ ചുറ്റിപ്പറ്റി മാത്രം തിരിയാതിരിക്കട്ടെ. അത് ഇപ്പോഴത്തെ അധ്യാപകര്‍ക്കും, വിദ്യാലയങ്ങള്‍ക്കും അറിയാം, അവര്‍ അത് നടപ്പിലാക്കുന്നുമുണ്ട്. കാലം മാറി. അത് നമ്മള്‍ അറിയണം.
നിലവിലെ വിദ്യാഭ്യാസ രീതിയുടെ ചെറിയൊരു പോരായ്മ ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് ഞങ്ങള്‍ സിനിമയിലൂടെ ശ്രമിച്ചത്. ആ ആശയം അവസാന വാക്കാണെന്ന ഒരാവകാശ വാദവും ഞങ്ങള്‍ക്കില്ല. ചര്‍ച്ചകളിലൂടെ, പരീക്ഷണങ്ങളിലൂടെ കുറ്റമറ്റ ഒരു വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കാന്‍ നമുക്കൊരോരുത്തര്‍ക്കും ശ്രമിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates