'അച്ഛന്റെ ഓർമ്മകൾ നിലനിർത്താൻ ഒരു അവാർഡ് ഏർപ്പെടുത്തിക്കൂടേ?'; ഭരത് ​ഗോപിയുടെ ജന്മദിനത്തിൽ കുറിപ്പുമായി മുരളി ​ഗോപി

'ഒരുപാട് പേർ എന്നോട് ചോദിക്കാറുള്ള ഒരു ചോദ്യമാണ് "അച്ഛന്റെ ഓർമ്മകൾ നിലനിറുത്താൻ" ഒരു അവാർഡ് ഏർപ്പെടുത്തിക്കൂടേ എന്ന്'
ഭരത് ​ഗോപി, മുരളി ​ഗോപി/ ഫെയ്സ്ബുക്ക്
ഭരത് ​ഗോപി, മുരളി ​ഗോപി/ ഫെയ്സ്ബുക്ക്
Updated on
1 min read

ലയാളത്തിന്റെ എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാളാണ് ഭരത് ​ഗോപി. മലയാളത്തിൽ നിരവധി ശക്തമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. ഭരത് ​ഗോപിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ മകനും നടനുമായ മുരളി ​ഗോപി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. അച്ഛന്റെ ഓ‍ർമകൾ നിലനിർത്താൻ ഒരു അവാർഡ് ഏർപ്പെടുത്തിക്കൂടെയെന്ന് അദ്ദേഹത്തിനോട് പലരും ചോദിക്കാറുണ്ട്. ഇതിനുള്ള മറുപടിയുമായാണ് മുരളി ​ഗോപി എത്തിയത്. ഒരു കലാകാരന്റെ ഓർമ്മകളെ നിലനിറുത്തേണ്ടത് സത്യത്തിൽ അയാളുടെ സൃഷ്ടികളെ തുടച്ച് മിനുക്കി കാലാകാലങ്ങളിൽ ജനസമക്ഷം അവതരിപ്പിക്കുന്നതിലൂടെ ആയിരിക്കണം എന്നാണ് അദ്ദേഹം കുറിക്കുന്നത്. 

മുരളി ​ഗോപിയുടെ കുറിപ്പ് വായിക്കാം

ഇന്ന്, അച്ഛന്റെ ജന്മദിനം. 
ഒരുപാട് അവസരങ്ങളിൽ ഒരുപാട് പേർ എന്നോട് ചോദിക്കാറുള്ള ഒരു ചോദ്യമാണ് "അച്ഛന്റെ ഓർമ്മകൾ നിലനിറുത്താൻ" ഒരു അവാർഡ് ഏർപ്പെടുത്തിക്കൂടേ എന്ന്. ഓർമ്മകൾ പുരസ്‌കാരവിതരണത്തിലൂടെയാണ് നിലനിറുത്തേണ്ടത് എന്ന ആംഗലേയ സങ്കൽപ്പത്തിൽ നിന്ന് ഉടലെടുക്കുന്നതാണ് ഈ ചോദ്യം. 
ഒരു കലാകാരന്റെ ഓർമ്മകളെ നിലനിറുത്തേണ്ടത് സത്യത്തിൽ അയാളുടെ സൃഷ്ടികളെ തുടച്ച് മിനുക്കി കാലാകാലങ്ങളിൽ ജനസമക്ഷം അവതരിപ്പിക്കുന്നതിലൂടെയായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. 
ഈയിടെ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ വച്ച് നടത്തിയ ഒരു കെ ജി ജോർജ്ജ് അനുസ്മരണത്തിൽ പങ്കെടുത്തപ്പോൾ, എന്നെ ശരിക്കും സന്തോഷിപ്പിച്ചത് ആ ചടങ്ങിന് ശേഷം അതിന്റെ സംഘാടകർ നടത്തിയ ഒരു ചലച്ചിത്ര പ്രദർശനമാണ്. 
"യവനിക"യുടെ ഒരു restored print ആണ് അന്നവിടെ പ്രദർശിപ്പിച്ചത്. ആ restoringനായി  പ്രവർത്തിച്ചത് ചലച്ചിത്ര അക്കാദമി ആണെന്ന് പിന്നീടറിഞ്ഞു. ഇതുപോലുള്ള archiving പ്രവർത്തനങ്ങളാണ്  യഥാർത്ഥത്തിൽ അക്കാദമി പോലുള്ള സർക്കാർ സ്ഥാപനങ്ങളെ പ്രസക്തമാകുന്നത് തന്നെ.  ക്ലാസിക്കുകളെ, പൊടിതട്ടിയെടുത്ത്, പുത്തൻ സഹൃദയർക്കായി  പുതിയതാക്കി അവതരിപ്പിക്കുന്നതിലൂടെ മാത്രമേ  മണ്മറഞ്ഞ മഹാകലാകാരന്മാരുടെ യഥാർത്ഥ അനുസ്മരണം സാധ്യമാകൂ.
ഏതൊരു  കലാകാരനും പൊതുസമക്ഷം അവശേഷിപ്പിച്ചു പോകുന്നത് അയാളെന്ന വ്യക്തിയുടെ ഓർമ്മകളേക്കാൾ അയാളുടെ സൃഷ്ടിയുടെ  ഓർമ്മകളെയാണ്. വ്യക്തിസത്തയെക്കാൾ സൃഷ്ടിസത്തയാണ് കലാകാരന്മാരുടെ ബാക്കിപത്രം എന്നിരിക്കെ, അവരുടെ  വ്യക്തിത്വത്തെ ആഘോഷിക്കലാണോ അവരുടെ സൃഷ്ടികളെ ആഘോഷിക്കലാണോ യഥാർത്ഥ അനുസ്മരണം എന്ന് നാം നമ്മോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു...

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com