ആക്ഷൻ ഹീറോ ബിജു , ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്കുശേഷം നടൻ നിവിൻ പോളി വീണ്ടും നിർമാതാവിന്റെ റോളിലെത്തുന്നു. 'ഡിയർ സ്റ്റുഡന്റ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. സ്കൂൾ, കോളജ് പശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് സൂചന.
“സ്നേഹത്തിന്റെയും ചിരിയുടെയും വിനോദത്തിന്റെയും ഊർജ്ജസ്വലമായ ഒരു യാത്രക്ക് തയാറാകൂ," എന്നാണ് പോസ്റ്റർ പങ്കുവച്ച് നിവിൻ കുറിച്ചത്. നവാഗതരായ സന്ദീപ് കുമാറും ജോർജ്ജ് ഫിലിപ്പ് റോയിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിൽ ഇവർ സഹായികളായി പ്രവർത്തിച്ചിട്ടുണ്ട്.
ഡിയർ സ്റ്റുഡന്റ്സിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നവർക്കും അവസരമൊരുങ്ങിയിട്ടുണ്ട്. 16നും 22നും ഇടയിലെ ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് അഭിനേതാക്കളായി ക്ഷണിച്ചിരിക്കുന്നത്. ഒരു മിനിറ്റുള്ള സ്വയം പരിചയപ്പെടുത്തുന്ന വിഡിയോ dsmovieauditions@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയക്കാൻ ആണ് നിർദേശം. മേക്കപ്പ് ഇല്ലാത്ത ഫോട്ടോകളും അയക്കണം. അഭിനേതാക്കളെ തേടിയുള്ള രസകരമായ കാസ്റ്റിംഗ് കോൾ വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
മഹാവീര്യർ, താരം, ഗാങ്ങ്സ്റ്റർ ഓഫ് മുണ്ടൻമല, ശേഖര വർമ രാജാവ് എന്നീ ചിത്രങ്ങളും നിവിന്റെ നിർമാണത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. തുറമുഖം, പടവെട്ട് എന്നീ ചിത്രങ്ങളാണ് നിവിന്റേതായി പുറത്തിറങ്ങാനുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates