

ഇതിഹാസ ഹോളിവുഡ് താരം പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു. സ്റ്റാര്‍ ട്രക്ക് പരമ്പരയിലെ ജീന്‍ ലൂക്ക് പിക്കാര്‍ഡ്, എക്‌സ് മെന്നിലെ പ്രൊഫസര്‍ ചാള്‍സ് സേവ്യര്‍ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ എക്കാലത്തേക്കുമായി ഇടം നേടിയ നടനാണ് പാട്രിക് സ്റ്റുവര്‍ട്ട്. 86 വയസായിരുന്നു. അല്‍ഷിമേഴ്‌സും ല്യൂയി ബോഡി ഡിമെന്‍ഷ്യയും ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു.
താരത്തിന്റെ എക്‌സ് പേജിലൂടെയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ലോസ് ആഞ്ചല്‍സിലെ സ്വവസതിയില്‍ വച്ചായിരുന്നു മരണമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. പുറത്തിറങ്ങാനിരിക്കുന്ന അവഞ്ചേഴ്‌സ് ഡൂംസ് ഡെയാണ് ഒടുവിലായി അഭിനയിച്ച ചിത്രം. മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തുന്നത്.
എക്‌സ് മെന്നില്‍ ലോഗനായി എത്തിയ നടന്‍ ഹ്യൂ ജാക്ക്മാന്‍ പാട്രിക് സ്റ്റുവര്‍ട്ടിന്റെ വിയോഗത്തില്‍ വികാരഭരിതനായാണ് പ്രതികരിച്ചത്. സ്റ്റേജിലേയും സ്‌ക്രീനിലേയും എക്കാലത്തേയും മഹാന്മാരില്‍ ഒരാളെയാണ് നഷ്ടമായതെന്നാണ് ജാക്ക്മാന്‍ പറഞ്ഞത്. അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായെന്നും ജാക്ക്മാന്‍ പറയുന്നു. ജീവിതകാലം മുഴുവന്‍ പാട്രിക്കിനെ മിസ് ചെയ്യുമെന്നും താരം പറഞ്ഞു.
പാട്രിക്കിന്റെ വിയോഗത്തില്‍ മാര്‍വല്‍ സ്റ്റുഡിയോസും അനുശോചനം രേഖപ്പെടുത്തി. പാട്രിക്കിനൊപ്പം സ്റ്റാര്‍ ട്രക്കില്‍ ക്യാപ്റ്റന്‍ ജെയിംസ് ടി കിര്‍ക് ആയെത്തിയ വില്ല്യം ഷറ്റ്‌നറും അനുശോചനം രേഖപ്പെടുത്തി. ഹൃദയഭേദകമെന്നാണ് ഷറ്റ്‌നര്‍ പ്രതികരിച്ചത്. പാട്രിക് സ്റ്റുവര്‍ട്ട് തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനും ഗംഭീര നടനുമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
60 വര്‍ഷത്തിലധികം നീണ്ടു നിന്ന സമാനതകളില്ലാത്ത കരിയറായിരുന്നു പാട്രിക്കിന്റേത്. തിയേറ്റര്‍, സിനിമ, ടെലിവിഷന്‍ മേഖലകളിലെല്ലാം അദ്ദേഹം നിറ സാന്നിധ്യമായിരുന്നു. രണ്ട് തവണ ലോറന്‍സ് ഒലിവിയര്‍ അവാര്‍ഡും ഒരു ഗ്രാമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. 2010 നാടക മേഖലയ്ക്ക് നല്‍കിയ സേവനങ്ങളെ അംഗീകരിച്ചു കൊണ്ട് എലിസബത്ത് രണ്ടാമന്‍ രാജ്ഞി നൈറ്റ്ഹുഡ് നല്‍കി ആദരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates