'എന്റെ മേല്‍ കയറി ഇരുന്ന്‌ ക്രൂരമര്‍ദനം; വാട്‌സാപ്പ് ചാറ്റുകള്‍ നിരീക്ഷിച്ചു; അവസാന രാത്രിയാണതെന്ന് കരുതി'; മുന്‍ കാമുകനെതിരെ നടി 

മര്‍ദനത്തില്‍ പരിക്കേറ്റ ചിത്രങ്ങള്‍ നടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു
നടി അനിഖ വിക്രമന്‍
നടി അനിഖ വിക്രമന്‍
Updated on
2 min read

ചെന്നൈ: മുന്‍ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമന്‍. മര്‍ദനത്തില്‍ പരിക്കേറ്റ ചിത്രങ്ങള്‍ നടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തു്. ഇയാളുടെ ക്രൂരത കാരണം നഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തതായും അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്നും വ്യക്തമാക്കിയാണ് അതീജീവിതകഥ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടത്. 

ഗോവിന്ദന്‍ അനൂപ് പിള്ളയെന്നയാളാണ് തന്റെ മുന്‍ കാമുകനെന്ന് വെളിപ്പെടുത്തിയാണ് നടി അയാളുടെ ക്രൂരതകള്‍ എണ്ണിയെണ്ണി പറയുന്നത്. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ നടി. പൊലീസില്‍ പരാതി നല്‍കിയതായും പോസ്റ്റില്‍ വെളിപ്പെടുത്തി.

അനിഖയുടെ കുറിപ്പ്

' നിര്‍ഭാഗ്യവശാല്‍ അനൂപ് പിള്ള എന്നയാളുമായി ഞാന്‍ ഇഷ്ടത്തിലായിരുന്നു. കുറച്ചുവര്‍ഷങ്ങളായി അയാള്‍ എന്നെ മാനസികമായും ഏറ്റവുമൊടുവില്‍ ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതുപൊലെ ഒരാളെ ജീവിതത്തില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. ഇതെല്ലാം ചെയ്തശേഷം അയാള്‍ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അയാള്‍ രണ്ടാം തവണയും എന്നെ ഉപദ്രവിച്ചപ്പോള്‍ ഞാന്‍ ബംഗളൂരു പൊലീസില്‍ പരാതി നല്‍കിയിരുന്നു (ആദ്യമായി ഇയാള്‍ എന്നെ മര്‍ദ്ദിച്ചത് ചെന്നൈയില്‍ വച്ചാണ്. അന്ന് മര്‍ദ്ദിച്ചശേഷം എന്റെ കാലില്‍ വീണ് ഒരുപാട് കരഞ്ഞു. വിഡ്ഢിയായ ഞാന്‍ മനസ്സലിഞ്ഞ് ആ സംഭവം വിട്ടുകളഞ്ഞു).രണ്ടാം തവണയും അയാള്‍ അതുതന്നെ ചെയ്തു. അന്നും ഒന്നും സംഭവിച്ചില്ല. അയാള്‍ പൊലീസുകാര്‍ക്ക് പണം നല്‍കി അവരെ വലയിലാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഒപ്പമുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ അയാള്‍ ഉപദ്രവം തുടര്‍ന്നു'  അനിഖ കുറിപ്പില്‍ പറയുന്നു.

'കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഞാന്‍ പലകുറി ഉപദ്രവിക്കപ്പെട്ടു, വഞ്ചിക്കപ്പെട്ടു. ഇതോടെയാണ് അയാളെ ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. പക്ഷേ, എന്നെ വിടാന്‍ ആ മനുഷ്യന്‍, അങ്ങനെ വിളിക്കാമോ എന്ന് ഇപ്പോഴും തീര്‍ച്ചയില്ല, ഒരുക്കമായിരുന്നില്ല. ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. അത് സത്യമാണ്. ഞാന്‍ ഷൂട്ടിങ്ങിന് പോകാതിരിക്കാന്‍ അയാള്‍ എന്റെ ഫോണ്‍ എറിഞ്ഞു തകര്‍ത്ത സംഭവങ്ങളുണ്ട്. ഞങ്ങള്‍ ബന്ധം പിരിഞ്ഞ ശേഷവും ഞാനറിയാതെ അയാളുടെ ലാപ്‌ടോപ്പില്‍ കണക്ട് ചെയ്തിരുന്ന എന്റെ ഫോണിലൂടെ വാട്‌സാപ്പ് ചാറ്റുകള്‍ പോലും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഹൈദരാബാദിലേക്കു മാറുന്നതിനു രണ്ടു ദിവസം മുന്‍പ്, അയാള്‍ എന്റെ ഫോണ്‍ ലോക്ക് ചെയ്തു. പിന്നീട് എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. സത്യത്തില്‍ ഞാന്‍ തകര്‍ന്നുപോയി. ഫോണ്‍ തിരികെ തരാന്‍ കേണപേക്ഷിച്ച എന്റെ മേലെ കയറി ഇരിക്കുകയാണ് അയാള്‍ ചെയ്തത്. എന്റെ നാലിരട്ടി വലുപ്പമുള്ളയാളാണെന്ന് ഓര്‍ക്കണം. എന്റെ വായും മൂക്കും പൊത്തിപ്പിടിച്ച് അയാള്‍ ശ്വാസംമുട്ടിച്ചു. തൊണ്ടയില്‍നിന്ന് ശബ്ദം പോലും പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. എന്റെ ബോധം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് അയാള്‍ കൈ മാറ്റിയത്. എന്റെ ജീവിതത്തിലെ അവസാന രാത്രിയാണ് അതെന്നു ഞാന്‍ കരുതി. അവിടെനിന്ന് എഴുന്നേറ്റ ഞാന്‍ അടുത്ത മുറിയിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അയാള്‍ അവിടെയും വന്നു. പുറത്തുപോയി ഫ്‌ലാറ്റിന്റെ സുരക്ഷാ ജീവനക്കാരനോടു പരാതിപ്പെട്ടെങ്കിലും അയാള്‍ നിസഹായനായിരുന്നു. അതോടെ ഞാന്‍ ബാത്‌റൂമില്‍ കയറി വാതിലടച്ച് രാവിലെ വരെ അവിടെയിരുന്നു'

'ഈ മുഖം വച്ച് നീ ഇനി എങ്ങനെ അഭിനയിക്കുമെന്ന് കാണാമെന്നു പറഞ്ഞാണ് അയാള്‍ മര്‍ദ്ദിച്ചിരുന്നത്. ഞാന്‍ കണ്ണാടിയില്‍ നോക്കി പൊട്ടിക്കരയുമ്പോള്‍, നിന്റെ നാടകം കൊള്ളാം എന്ന് പറഞ്ഞ് അയാള്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കും. എന്നെ ക്രൂരമായി ഉപദ്രവിച്ച ശേഷം അയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയി. ഞാന്‍ ശരിക്കും തകര്‍ന്നു പോയിരുന്നു. ക്രൂരതയ്ക്കൊരു മുഖമുണ്ടെങ്കില്‍ അത് അയാളുടെ മുഖമായിരിക്കും. ഇതെല്ലാം ചെയ്ത ശേഷവും അയാളുടെ പ്രശ്‌നം ഞാന്‍ വീട്ടുകാരോടും പൊലീസിനോടും പരാതിപ്പെടുമോ എന്നതു മാത്രമായിരുന്നു. ശാരീരികമായും മാനസികമായും എന്റെ അവസ്ഥ പഴയ പടിയാകാന്‍ കുറേ സമയമെടുത്തു. പക്ഷേ, ഇത്തവണ ഇതങ്ങനെ വിടാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എന്റെ കുടുംബത്തിന് യാതൊരു പിടിയുമുണ്ടായിരുന്നില്ല. ഈ ലോകം ഇരുള്‍ മൂടിയതാണെന്ന് ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു. സുഹൃത്തുക്കളെന്ന് ഞാന്‍ വിശ്വസിച്ചിരുന്ന ചിലരും ചതിച്ചു. പണമാണ് മനുഷ്യത്വത്തെക്കാള്‍ വലുതെന്ന് അവര്‍ എന്നെ പഠിപ്പിച്ചു'.

'ഞാന്‍ വളരെ ശുഭപ്രതീക്ഷയുള്ള ആളാണ്. ദൈവാനുഗ്രഹത്താല്‍ ഈ വെല്ലുവിളിയെല്ലാം തരണം ചെയ്യാന്‍ എനിക്കു സാധിച്ചു. ഇത്രയും കാലം ഞാന്‍ എനിക്ക്, പ്രത്യേകിച്ചും എന്റെ കുടുംബത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയിട്ടില്ല. ആ മോശം കാലത്തിന്റെ ഓര്‍മകളില്‍നിന്ന് മോചിതയാകാനെടുത്ത ഒരു മാസക്കാലം, ഇങ്ങനെയൊരാള്‍ക്കൊപ്പം കഴിഞ്ഞതിന് ഞാന്‍ എന്നോടു തന്നെ സ്വയം ക്ഷമിക്കുക കൂടിയായിരുന്നു. എനിക്ക് അച്ഛനെ നഷ്ടപ്പെട്ടതും സഹോദരന്‍മാരില്ലാത്തതുമാണ് ഇത്തരമൊരു ക്രൂരത ചെയ്യാന്‍ അയാള്‍ക്ക് ബലമായത്. ഈ ചെറിയ ജീവിതത്തിനിടയില്‍ എല്ലാവരോടും ക്ഷമിക്കുന്നതാണ് നല്ലതെന്ന് എനിക്കറിയാം. ഞാന്‍ എല്ലാം മറന്ന് സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയെങ്കിലും, അയാളോടു ക്ഷമിക്കാനാകുമെന്ന് തോന്നുന്നില്ല. 

'`പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അയാള്‍ നിലവില്‍ ഒളിവിലാണ്. ഇപ്പോള്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് അയാളുള്ളത്. തുടര്‍ച്ചയായി എനിക്കെതിരെ ഭീഷണികള്‍ വരുന്ന സാഹചര്യത്തിലാണ് ഇതെല്ലാം ഞാന്‍ ഇവിടെ തുറന്നെഴുതുന്നത്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അയാള്‍ പറഞ്ഞു നടക്കുന്ന നുണകള്‍ വിശ്വസിച്ച് എന്നെ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്നവരുണ്ട്.ഇപ്പോള്‍ ഞാന്‍ ഇതില്‍നിന്നെല്ലാം പൂര്‍ണമായും മുക്തിയായി ഷൂട്ടിങ്ങില്‍ വ്യാപൃതയാണ്'  അനിക വിക്രമന്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com