

'നടക്കേണ്ട സമയത്ത് നടക്കും.'- വിവാഹചോദ്യങ്ങളോട് മീര നന്ദൻ എന്നും പ്രതികരിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ആ സമയമായപ്പോൾ തനിക്ക് പറ്റിയ ആളെ കണ്ടെത്തിയിരിക്കുകയാണ് താരം. എന്നാൽ ഇത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല എന്നാണ് മീര പറയുന്നത്. സിനിമാ നടിമാർക്ക് വിവാഹം കഴിക്കാൻ ആരെ വേണമെങ്കിലും കിട്ടും എന്നത് പലരുടെയും തെറ്റിദ്ധാരണ മാത്രമാണ് എന്നാണ് മീര പറയുന്നത്. നടിയാണ് എന്ന് പറയുമ്പോൾ ഫോൺ കട്ട് ചെയ്ത് പോയവർ വരെയുണ്ട് എന്നാണ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞത്.
'സിനിമയിൽ അഭിനയിച്ചവർക്ക് എളുപ്പമല്ലേ, ആരെ വേണമെങ്കിലും കിട്ടുമല്ലോ എന്നൊക്കെയുള്ള തെറ്റിദ്ധാരണ പലർക്കമുണ്ട്. അങ്ങനെയല്ല കാര്യങ്ങൾ. ഞങ്ങളെ പോലുള്ളവർക്ക് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയത്. മീഡിയയിൽ ആണ്, നടിയാണ് എന്നൊക്കെ പറയുമ്പോൾ തന്നെ ഫോൺ കട്ട് ചെയ്ത് പോയവരുണ്ട്. അങ്ങനെയുള്ള അനുഭവങ്ങളാണ് വിവാഹം ആലോചിക്കുന്ന സമയത്ത് കൂടുതലും ഉണ്ടായിട്ടുള്ളത്.'- മീര നന്ദൻ പറഞ്ഞു.
കുടുംബം ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ് തന്റേത് എന്നാണ് മീര പറയുന്നത്. 'ശ്രീജു എന്നാണ് അദ്ദേഹത്തിന്റെ പേര്. ജനിച്ചതും വളർന്നതെല്ലാം ലണ്ടനിലാണ്. ആൾക്ക് എന്നെ പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. ശ്രീജു വന്നത് ഭാഗ്യമായി ഞാൻ കാണുന്നു. അറേഞ്ചഡ് മാര്യേജ് ആണ്. ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്. പിന്നീടാണ് ഞങ്ങൾക്ക് നമ്പർ നൽകുന്നത്. ഞങ്ങൾ അങ്ങനെ സംസാരിച്ചു തുടങ്ങി.'
ദുബായ് വിട്ട് ലണ്ടനിലേക്ക് പോകേണ്ടിവരുമല്ലോ എന്ന് ചിന്തിച്ച് ആദ്യം തനിക്ക് കുറച്ചു ബുദ്ധിമുട്ടുകളുണ്ടായി എന്നാണ് മീര പറയുന്നത്. എന്നാൽ എല്ലാ ആശങ്കകളും ശ്രീജു അകറ്റിയെന്നും താരം വ്യക്തമാക്കി. ജീവിതം ചിൽഡ് ഔട്ട് ചെയ്യുന്ന കക്ഷിയാണ് ശ്രീജു. അദ്ദേഹം ലണ്ടനിൽ ജനിച്ചു വളർന്നത് കൊണ്ട് തന്നെ അതിന്റേതായ കൾച്ചറൽ ഡിഫറൻസുകളും ഉണ്ട്. അവിടെ ചെന്നാൽ എന്തു ചെയ്യും എന്നൊക്കെയായിരുന്നു പേടി. അതിനുശേഷം ഞങ്ങൾ കണ്ടു. ഞാൻ എന്റെ ആശങ്കകൾ പറഞ്ഞു. വിവാഹശേഷം ദുബായിൽ നിന്നും മാറേണ്ട കാര്യമില്ലെന്ന് എന്നോടു പറഞ്ഞു. അക്കൗണ്ടന്റ് ആയ തനിക്ക് ലോകത്തിന്റെ എവിടെ വേണമെങ്കിലും ജോലി ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് എനിക്ക് താൽപര്യമായത്, അങ്ങനെമുന്നോട്ട് പോകാൻ തീരുമാനിച്ചത്. ദുബായിൽ വന്ന് അദ്ദേഹം തന്റെ സുഹൃത്തുക്കളെ കണ്ടെന്നും മീര കൂട്ടിച്ചേർത്തു.
'ശ്രീജു വളരെ ഈസി ഗോയിങ് ആണ്. ഞാൻ ഒരിക്കലും അങ്ങനെയൊരാൾ അല്ല. കുറച്ച് ടെൻഷൻ അടിക്കുന്ന കൂട്ടത്തിലാണ്. ഞാൻ വളരെ ടെൻഷൻ അടിപ്പിക്കുന്ന രീതിയിൽ സംസാരിച്ചാലും അദ്ദേഹം അതിനെ കൂളായി എടുക്കും. അതാണ് എന്നെ ആകർഷിച്ച ഒരു കാര്യം. ശരിയായ സമയത്ത് എനിക്ക് ശരിയായ ഒരാളെ കിട്ടിയെന്ന് വിശ്വസിക്കുന്നു.'- മീര പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates