

ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ലാല്‍ സലാം ബോക്സ് ഓഫിസില്‍ വമ്പന്‍ പരാജയമായിരുന്നു. രജനീകാന്തിന്‍റെ സാന്നിധ്യം കൊണ്ടുതന്നെ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന് മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാനായില്ല. ഇപ്പോള്‍ സിനിമ പരാജയപ്പെടാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഐശ്വര്യ. 21 ദിവസം ഷൂട്ട് ചെയ്ത ഫൂട്ടേജ് നഷ്ടപ്പെട്ടു എന്നാണ് ഐശ്വര്യ പറയുന്നത്.
ഫൂട്ടേജ് നഷ്ടപ്പെട്ടു എന്നത് സത്യമാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നത് ഞങ്ങളെ ഞെട്ടിച്ചു. 21 ദിവസത്തെ ഫൂട്ടേജുണ്ടായിരുന്നു. അത് ദൗര്‍ഭാഗ്യകരമായിപ്പോയി. ഉത്തരവാദിത്വമില്ലായ്മ കാരണമാണ് ഇത് സംഭവിച്ചത്. ഞങ്ങള്‍ ഒരു ക്രിക്കറ്റ് മാച്ച് ഷൂട്ട് ചെയ്തത് 10 കാമറവെച്ചാണ്. യഥാര്‍ത്ഥ ക്രിക്കറ്റ് മാച്ച് പോലെവേണമെന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നു. 20 കാമറകളുടെ ഫൂട്ടേജാണ് മിസ്സായത്. എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു.- ഐശ്വര്യ രജനീകാന്ത് പറഞ്ഞു.
നഷ്ടപ്പെട്ട ഫൂട്ടേജിന് പകരം വീണ്ടും ഷൂട്ട് ചെയ്യേണ്ടെന്നും കയ്യിലുള്ളതുവച്ച് എഡിറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. വിഷ്ണുവും സെന്തിലും അപ്പയും ഉള്‍പ്പടെ എല്ലാവരും അവരുടെ ഗെറ്റപ്പ് മാറ്റി എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. അതിനാല്‍ ഞങ്ങള്‍ക്ക് വീണ്ടും ഷൂട്ട് ചെയ്യാനായില്ല. അവസാനം കയ്യിലുള്ളതുവെച്ച് ഞങ്ങള്‍ എഡിറ്റ് ചെയ്യുകയായിരുന്നു. അത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. വിഷ്ണുവും അപ്പയും വീണ്ടും ഷൂട്ട് ചെയ്യാന്‍ തയ്യാറായിരുന്നു. അത് മുഴുവന്‍ വീണ്ടും ഷൂട്ട് ചെയ്യാന്‍ കഴിയുമായിരുന്നില്ല.- ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ മൊയ്തീന്‍ ഭായ് എന്ന കഥാപാത്രമായാണ് രജനീകാന്ത് എത്തിയത്. എന്നാല്‍ രജനീകാന്തിന്റെ സാന്നിധ്യവും ചിത്രത്തെ പിന്നോട്ടടിക്കാന്‍ കാരണമായി എന്നും ഐശ്വര്യ പറയുന്നു. 10 മിനിറ്റ് ആണ് മൊയ്തീന്‍ ഭായി എന്ന കഥാപാത്രത്തിന് ആദ്യം നല്‍കിയിരുന്നത്. എന്നാല്‍ രജനീകാന്ത് സിനിമയിലേക്ക് എത്തിയതോടെ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള സിനിമയായി മാറിയെന്നാണ് താരപുത്രിയുടെ വാക്കുകള്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വാണിജ്യപരമായ കാരണങ്ങളാല്‍, ഞങ്ങള്‍ ആ കഥാപാത്രത്തെ സിനിമയുടെ തുടക്കത്തില്‍ തന്നെ കൊണ്ടുവന്നു. അല്ലെങ്കില്‍ പ്രേക്ഷകര്‍ അസ്വസ്ഥരാകും. സിനിമയില്‍ ഉടനീളം അദ്ദേഹം ഉള്ള രീതിയില്‍ ഞങ്ങള്‍ക്ക് എല്ലാം എഡിറ്റ് ചെയ്യേണ്ടിവന്നു. ഉള്ളടക്കം ശക്തമായിരുന്നു, എന്നാല്‍ ഒരുതവണ ഞാന്‍ രജനികാന്തിനെ കഥയില്‍ കൊണ്ടുവന്നു, പിന്നെ മറ്റൊന്നും പ്രശ്‌നമല്ല. എല്ലാം അദ്ദേഹത്തെ കുറിച്ചായി മാറി. ഒരു സിനിമയില്‍ രജനികാന്ത് ഉണ്ടെങ്കില്‍, അത് അദ്ദേഹത്തെക്കുറിച്ചായിരിക്കണം, കാരണം പ്രേക്ഷകര്‍ അതിനുശേഷം മറ്റൊന്നും കാണാന്‍ ആഗ്രഹിക്കുന്നില്ല. അതാണ് രജനികാന്തിന്റെ വ്യക്തിത്വം. അദ്ദേഹം മറ്റെല്ലാം മറയ്ക്കും. അത് ഞാന്‍ പഠിച്ച പാഠമാണ്.- ഐശ്വര്യ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates