

പതിനെട്ട് വർഷങ്ങൾക്ക് ശേഷം സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഹയ്വാൻ'. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം തന്നെ സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. ഇതുവരെ കണ്ടതൊന്നുമല്ല സ്ക്രീനിൽ കാണാൻ പോകുന്നത് എന്ന് അടിവരയിടുന്ന തരത്തിലുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്.
സെയ്ഫ് അലി ഖാനിൽ നിന്നാണ് ടീസർ ആരംഭിക്കുന്നത്. ഡയലോഗുകളൊന്നുമില്ലാത്ത ടീസറിന്റെ ഹൈലൈറ്റ് ബാക്ക്ഗ്രൗണ്ട് സ്കോർ തന്നെയാണ്. വില്ലനായി അക്ഷയ് കുമാറും സൂപ്പർ പെർഫോമൻസ് ആയിരിക്കും കാഴ്ചവയ്ക്കാൻ പോകുന്നതെന്നും ടീസർ സൂചിപ്പിക്കുന്നു. എന്തായാലും ചിത്രം ബ്ലോക്ക് ബസ്റ്ററാകും എന്ന് തന്നെയാണ് ടീസർ പുറത്തുവന്നതോടെ ആരാധകർ കുറിക്കുന്നത്.
മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത 'ഒപ്പം' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് 'ഹയ്‍വാൻ'. ബൊമൻ ഇറാനി, സയാമി ഖേർ, ശ്രിയ പിൽഗോങ്കർ എന്നിവരാണ് ഹയ്‌വാനിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
കെവിഎൻ പ്രൊഡക്ഷൻസിന്റെയും തെസ്പിയൻ ഫിലിംസിന്റെയും കീഴിൽ വെങ്കട്ട് കെ നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സെപ്റ്റംബർ 11 ന് ചിത്രം തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates