മകന്‍റെ ശമ്പളം 10 ലക്ഷം; പൊയസ് ഗാര്‍ഡനില്‍ ഫ്‌ളാറ്റ് വാങ്ങിയത് ജയലളിത പറഞ്ഞിട്ട്; മോഹന് സംഭവിച്ചത് പറഞ്ഞ് ആലപ്പി അഷ്‌റഫ്

ന്റെ മാതാവില്‍ നിന്നും മോഹന്‍ അനുഭവിച്ചിട്ടുള്ള ദുരനുഭവങ്ങള്‍ ലക്ഷ്മിയുടെ മകള്‍ ഐശ്വര്യ പലപ്പോഴും പുറംലോകത്തോട് പറഞ്ഞിട്ടുണ്ട്.
Alleppey Ashraf, Mohan Sharma
Alleppey Ashraf, Mohan Sharma
Updated on
3 min read

നടന്‍ മോഹന്‍ ശര്‍മയുടെ ജീവിതത്തിലുണ്ടായ കയറ്റിറക്കങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഒരുകാലത്ത് വലിയ താരമായിരുന്ന മോഹന്‍ ശര്‍മ ഇന്ന് വൃദ്ധ സദനത്തില്‍ കഴിയുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മോഹന്റെ കരിയറിനെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചുമൊക്കെ അഷ്‌റഫ് സംസാരിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:

മലയാള സിനിമയുടെ വസന്തത്തില്‍ വളര്‍ന്നു പടര്‍ന്ന് പരിമണം പടര്‍ത്തിയ പൂവായിരുന്നു നടന്‍ മോഹന്‍ ശര്‍മ. ഇന്ന് അദ്ദേഹം തന്നെ പാടി അഭിനയിച്ച വീണപൂവിന്റെ അവസ്ഥയിലാണ്. ജീവിക്കാന്‍ മറന്ന സ്ത്രീ എന്ന ചിത്രത്തിലെ പാട്ടാണത്. മോഹന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ അദ്ദേഹവും ജീവിക്കാന്‍ മറന്നയാളാണോ എന്ന് തോന്നിപ്പോവുകയാണ്. ഇന്നിപ്പോള്‍ മോഹന്‍ ശര്‍മയെക്കുറിച്ചും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും കേള്‍ക്കാത്തവരും അറിയാത്തവരും ചുരുക്കമാണ്.

അദ്ദേഹം ഇന്ന് തമിഴ്‌നാട്ടിലെ തിരുവള്ളുവര്‍ ജില്ലയിലെ നന്ദിയാംപക്കത്തിലുള്ള വൃദ്ധസദനത്തിലെ അന്തേവാസിയാണ്. മലയാള സിനിമയിലെ അന്തരിച്ച നടന്‍ ടിപി മാധവനും അവസാനഘട്ടത്തില്‍ കഴിഞ്ഞിരുന്നത് പത്തനാപുരത്തെ ഗാന്ധിഭവനില്‍ ആയിരുന്നു. ടിപി മാധവന് ഒരു മകനുണ്ടായിരുന്നു. അദ്ദേഹം പ്രശസ്തനും ധനികനുമായിരുന്നു. അതുപോലെ തന്നെ മോഹന്‍ ശര്‍മയ്ക്കും ഒരു മകനുണ്ട്. അദ്ദേഹം ജര്‍മനയില്‍ പത്ത് ലക്ഷത്തോളം ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ഒരാളാണ്.

ടിപി മാധവനും മോഹനും തങ്ങളുടെ മക്കളെ തള്ളിപ്പറഞ്ഞിട്ടില്ല. ടിപി മാധവനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍ തന്റെ മകന്റെ വിദ്യാഭ്യാസത്തിനും ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി ഒരു സഹായവും ചെയ്തിട്ടില്ല. അദ്ദേഹം തിരിഞ്ഞുനോക്കിയിട്ടില്ല എന്ന് വേണമെങ്കില്‍ പറയാം. അത് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ മോഹനെ സംബന്ധിച്ചിടത്തോളം തന്റെ മകനെ മാത്രമല്ല, തന്റെ ആദ്യഭാര്യയുടെ മകളേയും പോറ്റി വളര്‍ത്തി സംരക്ഷിച്ച വലിയ മനസിന്റെ ഉടമയാണ്.

ഇക്കാര്യമൊന്നും മോഹന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ആദ്യ ഭാര്യയായ നടി ലക്ഷ്മിയുടെ മകള്‍ ഐശ്വര്യ വെളിപ്പെടുത്തിയ കാര്യമാണിത്. ലക്ഷ്മി അഭിനയിക്കാന്‍ പോകുമ്പോള്‍ അവരുടെ ആദ്യ വിവാഹത്തിലെ മകളായ ഐശ്വര്യയേയും നോക്കി വീട്ടില്‍ കഴിഞ്ഞിരുന്ന കാലവും മോഹനുണ്ട്. എന്റെ കോളേജ് പഠനകാലത്ത് ഞങ്ങളൊക്കെ ആരാധനയോടെ നോക്കി കണ്ടിരുന്ന നടനായിരുന്നു മോഹന്‍. അന്ന് മോഹന്‍ അഭിനയിക്കുന്ന ഒരു സിനിമ പോലും ഞങ്ങള്‍ കാണാതിരിക്കില്ലായിരുന്നു.

അക്കാലത്ത് ചട്ടക്കാരിയും നെല്ലുമൊക്കെ പല ആവര്‍ത്തിച്ച് കണ്ടിരുന്നു. കായലും കയറും എന്ന സിനിമയിലെ മോഹന്‍ പാടി അഭിനയിച്ച പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഒരിക്കലും തിരികെ വരാത്ത യൗവ്വന കാലത്തേക്ക് മനസ് ഓടിയെത്തുകയാണ്. എനിക്ക് മോഹനെ പരിചയപ്പെടാന്‍ ആഗ്രഹമുണ്ടായിരുന്നു. അതിനൊരു അവസരവും കൈ വന്നു. ഷാജി എം സംവിധാനം ചെയ്ത, ഷീല നായികയായി അഭിനയിച്ച സീരിയലായിരുന്നു വെളുത്ത കത്രീന. അതിലെ നായകന്‍ മോഹന്‍ ആയിരുന്നു. അതിലെ വില്ലന്‍ കഥാപാത്രം ഞാനും ചെയ്തിരുന്നു. അങ്ങനെ അദ്ദേഹത്തെ നേരില്‍ കാണാനും പരിചയപ്പെടാനുമൊക്കെ സാധിച്ചു.

പിന്നീട് ഞാന്‍ അദ്ദേഹത്തെ കാണുന്നത് ഭാഗ്യലക്ഷ്മിയുടെ വാട്‌സ് ആപ്പ് കൂട്ടായ്മയിലാണ്. അതിന്റെ ഒത്തുചേരലിന് മൂന്ന് വര്‍ഷം മുമ്പ് അദ്ദേഹവും എത്തിയിരുന്നു. അവിടെ വച്ചാണ് പിന്നീട് കാണുന്നത്. അന്ന് പക്ഷെ അദ്ദേഹത്തിന്റെ അവസ്ഥ പരിതാപകരമാണെന്ന് അറിയില്ലായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടലും അതിലുപരി സങ്കടവും തോന്നി.

ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ താമസിക്കുന്നവരെല്ലാം വലിയ ഉന്നതിയിലുള്ളവരും ആഢംബര ജീവിതം നയിക്കുന്നവരുമാണ്. ജയലളിതയും രജനീകാന്തുമൊക്കെ താമസിക്കുന്ന ഇടമാണ്. അവിടെ 2500 സ്‌ക്വയര്‍ഫീറ്റുള്ളൊരു ഫ്‌ളാറ്റ് മോഹന് സ്വന്തമായി ഉണ്ടായിരുന്നു. അവിടെയായിരുന്നു കുടുംബവുമൊത്തുള്ള വാസം. ജയലളിതയുമായുള്ള സൗഹൃദമാണ് ഇങ്ങനൊരു ഫ്‌ളാറ്റ് അവിടെ വാങ്ങാന്‍ കാരണം. ജയലളിതയുടെ നിര്‍ദ്ദേശപ്രകാരമാണ് ആ ഫ്‌ളാറ്റ് വാങ്ങിയതെന്ന് മോഹന്‍ പറയുന്നത്.

മോഹന് ഇതൊക്കെ നഷ്ടമാകാന്‍ കാരണം നല്ല സിനിമയെ സ്‌നേഹിച്ചത് കൊണ്ട് മാത്രമാണ്. അല്ലാതെ കുടുംബജീവിതം തകര്‍ന്നതു കൊണ്ടോ വഴി പിഴച്ച ജീവിതം നയിച്ചതു കൊണ്ടോ ഒന്നുമല്ല. മദ്യപാന ശീലമോ പുകവലിയോ ഇല്ലാത്ത മാന്യനായ വ്യക്തമായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലായി നൂറോളം സിനിമയില്‍ നായകനായി. അമ്പതോളം ചിത്രത്തില്‍ പ്രതിനായകനായി. കൂടാതെ ഗായകനായും കഥയെഴുത്തുകാരനായും സംവിധായകനായും നിര്‍മാതാവായുമൊക്കെ സിനിമയുടെ സമസ്ഥ മേഖലകളിലും മോഹന്‍ പ്രവര്‍ത്തിച്ചു.

മോഹനും ബാലു മഹേന്ദ്രയും പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സഹപാഠികളായിരുന്നു. പൂനെയില്‍ നിന്നു പഠിച്ചിറങ്ങിയ അദ്ദേഹത്തിന് ചട്ടക്കാരിയിലും നെല്ലിലുമൊക്കെ അവസരം വാങ്ങിക്കൊടുത്തതും ബാലു മഹേന്ദ്ര തന്നെയായിരുന്നു. ചട്ടക്കാരിയുടെ ഷൂട്ടിങ് ഷൊര്‍ണൂരില്‍ നടക്കുമ്പോള്‍ തന്നെ ലക്ഷ്മിയും മോഹനും പ്രണയത്തിലായിരുന്നു എന്നാണ് ആ ചിത്രത്തിലെ പ്രൊഡക്ഷന്‍ മാനേജരായ മഞ്ഞിലാസ് ജോസ് പറയുന്നത്.

അവര്‍ തമ്മില്‍ വിവാഹിതരായെങ്കിലും ആ വിവാഹ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. തമ്മിലുള്ള വിവാഹ ബന്ധം വേര്‍ പിരിയുമ്പോഴും അദ്ദേഹം മാന്യത കൈ വിട്ടില്ല. പൊരുത്തപ്പെട്ട് പോകാനുള്ള സാധ്യതയില്ലാതെ വന്നപ്പോള്‍ ചെളി വാരിയെറിയാതെ ആ ജീവിതത്തില്‍ നിന്നും പിന്‍വാങ്ങി. പിരിയാനുള്ള കാരണം തിരക്കിയവരോട് അത് താനായി ഒരിക്കലും വെളിപ്പെടുത്തില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ തന്റെ മാതാവില്‍ നിന്നും മോഹന്‍ അനുഭവിച്ചിട്ടുള്ള ദുരനുഭവങ്ങള്‍ ലക്ഷ്മിയുടെ മകള്‍ ഐശ്വര്യ പലപ്പോഴും പുറംലോകത്തോട് പറഞ്ഞിട്ടുണ്ട്.

രണ്ടാം വിവാഹത്തിലാണ് അദ്ദേഹത്തിന് ഒരു മകനുള്ളത്. ആ ദാമ്പത്യവും വേര്‍ പിരിഞ്ഞതായി പറയുന്നുണ്ടെങ്കിലും അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. മകന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് അവന്‍ ജര്‍മനിയിലെ ജോലിയും ഉപേക്ഷിച്ച് എന്നെ നോക്കാന്‍ ഇവിടെ വന്ന് നില്‍ക്കാന്‍ പറ്റുമോ എന്നാണ്. എന്നാല്‍ മരുന്നിന് പോലും ബുദ്ധിമുട്ടുന്ന തന്റെ പിതാവിന് സാമ്പത്തികമായി മരുന്നിനുള്ള പണം പോലും കൊടുത്ത് സഹായിക്കാത്തത് എന്താണ് എന്ന ചോദ്യം ഇവിടെ ബാക്കി നില്‍ക്കുകയാണ്.

മോഹന്റെ അവസ്ഥ കേട്ടറിഞ്ഞ രജനികാന്ത് ഉള്‍പ്പടെയുള്ള പലരും അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതൊക്കെ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ മകനും അറിയാതിരിക്കുമോ? പടമെടുത്ത് വീടും സ്ഥലവും ഒക്കെ നഷ്ടപ്പെടുത്തിയതിന്റെ നീരസം കൊണ്ടാകാം ഒരുപക്ഷെ മകന്‍ സാമ്പത്തികമായി സഹായമൊന്നും ചെയ്യാത്തത്. എന്തായാലും സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. ഒരു മകന്‍ എന്ന നിലയില്‍ തന്റെ പിതാവിനെ സംരക്ഷിക്കുക എന്ന ചുമതലയില്‍ നിന്നും ഒഴിഞ്ഞുമാറുകയെന്നത് ന്യായീകരിക്കാന്‍ പറ്റാത്തതാണ്. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യാതെ അന്ത്യയാത്രയില്‍ ചിതയ്ക്ക് അരികില്‍ വന്ന് പൊട്ടിക്കരയുന്നില്‍ അര്‍ത്ഥമുണ്ടോ എന്ന് ചിന്തിക്കുക. അത്തരത്തിലൊരു നേര്‍ക്കാഴ്ച ടിപി മാധവന്റെ കാര്യത്തില്‍ നാം കണ്ടതാണ്.

മോഹന്‍ നിര്‍മാണവും സംവിധാനവും ചെയ്ത ഒരു ചിത്രമാണ് അദ്ദേഹത്തിന്റെ സാമ്പത്തിക അടിത്തറ ഇളകാന്‍ കാരണമായി പറയുന്നത്. നമ്മ ഗ്രാമം എന്ന സിനിമയ്ക്ക് ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുമൊക്കെ കിട്ടിയെങ്കിലും സിനിമ തിയേറ്ററില്‍ വീണുടഞ്ഞു. അദ്ദേഹത്തിന്റെ ജീവനും ജീവിതവും അനാഥാശ്രമത്തില്‍ തള്ളപ്പെട്ടു. ജയലളിത സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് ഏറ്റെടുത്ത് സാമ്പത്തികമായി സഹായിക്കാമെന്ന് ഏറ്റതായിരുന്നു. പക്ഷെ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, അതിന് ശേഷമാണ് അവര്‍ അസുഖബാധിതയായി മരണപ്പെടുന്നത്. ഇപ്പോള്‍ അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിയായ വിജയ്‌യെ നേരിട്ട് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ ആ അവസ്ഥയില്‍ നിന്നും കരകയറാന്‍ അദ്ദേഹം ഒരു കൈത്താങ്ങ് ആകുമെന്ന പ്രതീക്ഷയാകും.

Alleppey Ashraf, Mohan Sharma
'മൂത്തവൻ പാർക്കൗറിൽ ബെസ്റ്റാ, ഇളയത് മുവായ് തായ്! ഇവരുടെ അപ്പൻ ​ഗുസ്തിയും; മൂന്ന് പേരെയും വച്ച് ഒരു ആക്ഷൻ പടം എടുക്കുമോ ?'
Alleppey Ashraf, Mohan Sharma
'പേളി സൈബറാക്രമണം നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?'; വായടപ്പിച്ച് സീമ ജി നായരുടെ മറുപടി
Alleppey Ashraf, Mohan Sharma
'നീ ഇറങ്ങലു, ഞാൻ കേറലു..ആസു ആസു'; കുതിരപ്പുറത്തേറി മാസ് ലുക്കിൽ മഞ്ജു വാര്യർ, ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
Summary

Alleppey Ashraf recalls what happened in the life of Mohan Sharma. Talks about his son too.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com