മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; ജയയ്ക്കും സിനിമയ്ക്കും വേണ്ടി ബച്ചന്‍ പുനർജനിച്ചു!

ഒന്നല്ല, അമിതാഭ് ബച്ചന് രണ്ട് പിറന്നാളുണ്ട്
Amitabh Bachchan
Amitabh Bachchanവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
2 min read

മരണത്തെ മുന്നില്‍ കണ്ട നായകന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതും വില്ലന്മാരെ അടിച്ചിട്ട് വിജയം കൈവരിക്കുന്നതുമൊക്കെ സിനിമയിലെ കയ്യടി രംഗങ്ങളാണ്. ഇതൊക്കെ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ചിലപ്പോഴൊക്കെ നടക്കാറുണ്ട്. താന്‍ സ്‌ക്രീനില്‍ ജീവിച്ച ജീവിതങ്ങളേക്കാളൊക്കെ നാടകീയമാണ് അമിതാഭ് ബച്ചന്റെ ഓഫ് സ്‌ക്രീന്‍ ജീവിതം. മരണത്തെ അക്ഷരാര്‍ത്ഥത്തില്‍ മുന്നില്‍ കാണുകയും അവിടുന്ന് ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയും ചെയ്തിട്ടുണ്ട് അമിതാഭ്.

Amitabh Bachchan
പൃഥ്വിരാജിനെതിരെ വിദ്വേഷ പ്രചാരണം; ലൂസിഫർ 3യെക്കുറിച്ച് വരുന്നത് വ്യാജ വാർത്തയെന്ന് ഒഫീഷ്യല്‍ ഫാന്‍സ് ഗ്രൂപ്പ്

തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുകയായിരുന്നു അമിതാഭ് ബച്ചന്‍. കൂലി എന്ന സിനിമയുടെ സെറ്റില്‍ വച്ച് അദ്ദേഹത്തിനൊരു അപകടമുണ്ടായി. ഗുരുതരമായിരുന്നു പരുക്ക്. ഡോക്ടര്‍മാര്‍ അമിതാഭ് ബച്ചന്‍ സാങ്കേതികമായി മരിച്ചെന്ന് വരെ പ്രഖ്യാപിച്ചു. എന്നാല്‍ എല്ലാ കണക്കു കൂട്ടലുകളേയും ചുരുട്ടിയെറിഞ്ഞ് ബച്ചന്‍ തിരിച്ചുവന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാസ് നിമിഷത്തിലൂടെ. തന്റെ പ്രിയപ്പെട്ട ജയയ്ക്ക് വേണ്ടി.

Amitabh Bachchan
പിള്ളേരുടെ കുതിപ്പില്‍ ലാലേട്ടനും വീണു...; 300 കോടിയിലേക്ക് കുതിച്ച് സൈയാര; മുമ്പില്‍ ഒരൊറ്റ സിനിമ മാത്രം!

കൂലിയ്ക്കായി പൂനീത് ഇസാറിനൊപ്പമുള്ള സംഘട്ടന രംഗത്തിനിടെയാണ് ബച്ചന് പരുക്കേല്‍ക്കുന്നത്. ചാട്ടത്തിനിടെ ടൈമിംഗ് തെറ്റിയ ബച്ചന്‍ ടേബിളിന്റെ മുകളില്‍ വീഴുകയായിരുന്നു. ഗുരുതരമായ പരുക്ക് ആന്തരിക രക്തസ്രാവത്തിലേക്ക് നയിച്ചു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. അതീവഗുരുതരമായിരുന്നു ബച്ചന്റെ അവസ്ഥ. ഒരു ഘട്ടത്തില്‍ ബച്ചന്‍ സാങ്കേതികമായി മരിച്ചുവെന്ന് വരെ ഡോക്ടര്‍മാര്‍ പറഞ്ഞു. രാജ്യം നടുങ്ങിയ വാര്‍ത്തയായിരുന്നു അത്. അതുവരെ ആരാധനാലയങ്ങളുടെ പടി കേറാത്തവര്‍ പോലും ബച്ചന് വേണ്ടി നേര്‍ച്ചകള്‍ നേര്‍ന്നു. പലരും ഉപവാസമിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവന്റെ തിരിച്ചുവരവിനായി രാജ്യം പ്രാര്‍ത്ഥനയോടെ കാത്തിരുന്ന നാളുകളായിരുന്നു പിന്നീട്.

എമര്‍ജന്‍സി സര്‍ജറിയ്ക്ക് ശേഷം ബച്ചനെ ബോംബെയിലേക്ക് കൊണ്ടു പോയി. പക്ഷെ പ്രശ്‌നങ്ങള്‍ കൂടിയതേയുള്ളൂ. വീണ്ടുമൊരു സര്‍ജറിയ്ക്ക് കൂടി താരം വിധേയനായി. സര്‍ജറിയ്ക്ക് ശേഷം 12-14 മണിക്കൂറോളം ബച്ചനില്‍ നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പള്‍സ് നഷ്ടമായി. രക്തസമ്മര്‍ദ്ദം തീരെ കുറഞ്ഞു. ബച്ചന്‍ രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു.

അന്ന് ബച്ചന് വേണ്ടി ആശുപത്രി മുറിയ്ക്ക് പുറത്ത് പ്രാര്‍ത്ഥനയോടെ കാത്തിരുന്നതിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജയ ബച്ചന്‍ ഒരു അഭിമുഖത്തില്‍ ഓര്‍ക്കുന്നുണ്ട്. തന്റെ ഭര്‍ത്താവിനെ നഷ്ടപ്പെടുന്നുവെന്നത് അവര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ടപ്പോഴും ജയ തന്റെ പ്രാര്‍ത്ഥനയും കാത്തിരിപ്പും തുടര്‍ന്നു. എല്ലാം കഴിഞ്ഞെന്ന് കരുതിയിരിക്കവെ ബച്ചന്റെ കാലിലെ വിരല്‍ അനങ്ങുന്നത് ആദ്യം കാണുന്നത് ജയ തന്നെയാണ്. ജീവിതം എഴുതിയ തിരക്കഥയിലെ പ്ലോട്ട് ട്വിസ്റ്റ്.

ബച്ചന്റേയും തന്റേയും വീട്ടുകാരൊക്കെ അമിതാഭ് പോയെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പഠിപ്പിക്കുമ്പോഴും താന്‍ അതിന് തയ്യാറായിരുന്നില്ലെന്നാണ് ആ നിമിഷം ഓര്‍ത്തുകൊണ്ട് ജയ പറയുന്നത്. ഇനി പ്രാര്‍ത്ഥനയ്ക്ക് മാത്രമേ ബച്ചനെ രക്ഷപ്പെടുത്താന്‍ സാധിക്കൂവെന്ന് പ്രതീക്ഷയറ്റൊരു ഡോക്ടര്‍ തന്നോട് പറഞ്ഞതും അവര്‍ ഓര്‍ക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ ബച്ചന്റെ ഹൃദയത്തില്‍ ആഞ്ഞിടിക്കുന്നതും ഇഞ്ചക്ഷനുകള്‍ നല്‍കുന്നതും കണ്ണുനീര്‍ കാഴ്ച മറച്ച കണ്ണുകളിലൂടെയാണ് ജയ കണ്ടത്. ആ നിമിഷമാണ് ബച്ചന്റെ കാല്‍ വിരല്‍ അനങ്ങുന്നത് അവര്‍ കാണുന്നത്.

മരണത്തെ മുന്നില്‍ കണ്ടെന്നല്ല, മരണത്തിനൊപ്പം കുറച്ച് ദൂരം നടന്നിട്ടാകും ബച്ചന്‍ അന്ന് തിരിച്ചു വന്നത്. ബോധം തിരികെ വന്നുവെങ്കിലും സാധാരണ ജീവിതത്തിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് കഠിനമായിരുന്നു. തുടര്‍ച്ചയായി സര്‍ജറികള്‍ വേണ്ടി വന്നു. അതുമൂലം ശരീരത്തിന്റെ 75 ശതമാനം കരുത്തും നഷ്ടമായി. നടക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വീണ്ടും നടക്കാന്‍ പഠിക്കേണ്ടി വന്നു. നാളുകളുടെ കഠിനമായ പരിശ്രമം വേണ്ടി വന്നു ബച്ചന് വീണ്ടുമൊന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍.

അന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ബച്ചന്‍ പിന്നീട് കൂടുതല്‍ ആവേശത്തോടെ സിനിമയേയും ജീവിതത്തേയും ചേര്‍ത്തു പിടിച്ചു. ഇന്നും ബോളിവുഡിലെ നമ്പര്‍ 1 ആയി നില്‍ക്കാനും യുവാക്കളെപ്പോലും അസൂയപ്പെടുത്തുന്ന ഊര്‍ജ്ജത്തോടെ ഓടി നടന്ന് അഭിനയിക്കാനും ബച്ചന് സാധിക്കുന്നത് ഒരുപക്ഷെ ആ അനുഭവങ്ങള്‍ നല്‍കിയ പാഠങ്ങള്‍ മൂലമാകും. അന്നത്തെ ആ അപകടത്തിന് ശേഷം ബച്ചന്‍ രണ്ട് പിറന്നാള്‍ ആഘോഷിക്കാറുണ്ട്. ജനിച്ച ദിവസമായ ഒക്ടോബര്‍ 11നും, ജീവിതത്തിലേക്ക് തിരിച്ചുവന്ന ഓഗസ്റ്റ് 2നും.

Summary

Amitabh Bachchan had a near death accident during coolie. since then his loved ones celebrates his two birthdays.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com