

കേരള ബോക്സോഫീസിൽ റെക്കോഡുകൾ സൃഷ്ടിച്ച ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആണ് നായകനായെത്തിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാൻ ഈ വർഷം തിയറ്ററുകളിലെത്തി.
എംപുരാനും നൂറ് കോടിയിലേറെ കളക്ഷൻ നേടി. ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജിന്റെ ഒഫിഷ്യല്‍ ഫാന്‍സ് ഗ്രൂപ്പ് ആയ പൊഫാക്ഷ്യോ (Poffactio).
പൃഥ്വിരാജിന്‍റേതെന്ന പേരില്‍ തെറ്റായ കാര്യങ്ങളാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം നല്‍കിയിട്ടുള്ള പുതിയ അഭിമുഖങ്ങളില്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ നിറയുന്നതെന്നും പൊഫാക്ഷ്യോ വിമര്‍ശിക്കുന്നു. ചില മാധ്യമ വാര്‍ത്തകളുടെ സോഷ്യല്‍ മീഡിയ ഷെയറുകളുടെ സ്ക്രീന്‍ ഷോട്ടിനൊപ്പമാണ് പൊഫാക്ഷ്യോയുടെ വിമര്‍ശനം.
ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമെന്നും അണ്ടര്‍ വാട്ടര്‍ ആക്ഷന്‍ സീക്വന്‍സുകളടക്കം ഉള്ള ചിത്രമായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
താന്‍ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച പുതിയ ഹിന്ദി ചിത്രം സര്‍സമീനിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങള്‍ എന്ന രീതിയിലാണ് ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ പ്രസ്തുത അഭിമുഖങ്ങളില്‍ പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് പൊഫാക്ഷ്യോ അറിയിക്കുന്നു.
“പൃഥ്വിരാജിന് എതിരായ വിദ്വേഷ പ്രചരണത്തിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയയിലെ ഒരു വ്യാജ ഐഡിയില്‍ നിന്ന് ആരംഭിച്ചതാണ് അദ്ദേഹത്തിന്‍റെ പേരില്‍ എല്‍ 3 യെക്കുറിച്ചുള്ള വ്യാജ പ്രചരണം”. തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവര്‍ അത് പുനഃപരിശോധിക്കണമെന്നും തിരുത്തണമെന്നും പൊഫാക്ഷ്യോ അഭ്യര്‍ഥിക്കുന്നു.
ലൂസിഫര്‍ മൂന്നാം ഭാഗത്തിന് മുന്‍പ് മറ്റൊരു ചിത്രം സംവിധാനം ചെയ്യണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സര്‍സമീനിന്‍റെ പ്രചരണാര്‍ഥം നയന്‍ദീപ് രക്ഷിത് എന്ന യുട്യൂബര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. "അങ്ങനെയാണ് ഞാന്‍ സാധാരണ ചെയ്യാറ്. ഒരേ ഫ്രാഞ്ചൈസി ചിത്രങ്ങള്‍ തുടരെ ചെയ്യണമെന്നില്ല എനിക്ക്. അടുത്ത ചിത്രത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചു കൊണ്ടിരിക്കുകയാണ്”, പൃഥ്വിരാജ് പറഞ്ഞിരുന്നു.
അതേസമയം ഡയറക്റ്റ് ഒടിടി റിലീസ് ആയി ഏതാനും ദിവസം മുന്‍പാണ് സര്‍സമീന്‍ എത്തിയത്. കജോളും ഇബ്രാഹിം അലി ഖാനുമാണ് പൃഥ്വിരാജിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രമെത്തുന്നത്.
അച്ഛന്‍- മകന്‍ സംഘര്‍ഷം പ്രമേയമാക്കുന്ന ചിത്രത്തില്‍ സൈനികോദ്യോഗസ്ഥനായ അച്ഛന്‍റെ വഴി വിട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയാണ് മകന്‍. ഇത് ആ കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും അതിനെ അവര്‍ എങ്ങനെ നേരിടുന്നു എന്നതുമാണ് ചിത്രം പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates