

നസ്‌ലിൻ നായകനായെത്തിയ 'മോളിവുഡ് ടൈംസ്' കഴിഞ്ഞ ദിവസമാണ് ഒടിടിയിലെത്തിയത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രത്തിന് ഒടിടിയിലും മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. സിനിമയിലെ സത്യസന്ധതയെയും ആദർശത്തെയും അദ്ദേഹം പ്രശംസിച്ചു.
സംവിധായകന്റെ കാഴ്ചപ്പാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലെറ്റർബോക്സിലൂടെയാണ് അനുരാഗ് കശ്യപ് തന്റെ അഭിപ്രായം പങ്കുവെച്ചത്. ഇന്റർനെറ്റ്- സോഷ്യൽ മീഡിയ കാലഘട്ടത്തിലെ സിനിമാ പ്രേമികളുടെ ഒരു സ്വപ്നമാണ് ഈ ചിത്രമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ധാരാളം സത്യവും ആദർശവും ഈ ചിത്രത്തിൽ അടങ്ങിയിട്ടുണ്ടെന്നും, സംവിധായകൻ അഭിനവ് സുന്ദർ നായകിന്റെ ആവിഷ്കാര ശൈലി കാലക്രമേണ കൂടുതൽ മൂർച്ചയുള്ളതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമയോടുള്ള ഒരുതരം റൊമാന്റിസിസം ചിത്രത്തിൽ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.
ഒരു ഹൊറർ സിനിമാ സംവിധായകനാകാൻ ആഗ്രഹിക്കുന്ന വിനീത് മാധവൻ എന്ന യുവാവിന്റെ കഥയാണ് 'മോളിവുഡ് ടൈംസ്' പറയുന്നത്. സിനിമാ വ്യവസായത്തിലെ കടുത്ത യാഥാർത്ഥ്യങ്ങളിലൂടെയും രാഷ്ട്രീയത്തിലൂടെയും അയാൾ നടത്തുന്ന യാത്രയാണ് ഇതിന്റെ ഇതിവൃത്തം.
സിനിമാ നിർമാണത്തിന് പിന്നിലെ വിട്ടുവീഴ്ചകളും ആവേശവും അവതരിപ്പിക്കുന്ന ഒരു ആക്ഷേപഹാസ്യ ചിത്രം കൂടിയാണിത്. റോഷൻ ഷാനവാസ്, അൽത്താഫ് സലിം, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, പ്രശാന്ത് അലക്സാണ്ടർ, ഗോപിക രമേശ്, വിനീത് ശ്രീനിവാസൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആഷിഖ് ഉസ്മാൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രാമു സുനിലിന്റേതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates