

മികച്ച അഭിപ്രായമാണ് ഷാരുഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്ത് ദ് ബാഡ്സ് ഓഫ് ബോളിവുഡിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലെത്തിയ സീരിസ് ആര്യന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ്. സീരിസ് റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇപ്പോഴും ടോപ് 10 നിൽ തന്നെ തുടരുകയാണ്. ഇപ്പോഴിതാ സീരിസ് ഇത്രയധികം ആളുകൾ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ആര്യൻ.
സീരിസിൽ രജത് ബേദി അവതരിപ്പിക്കുന്ന ജരജ് സക്സേന എന്ന കഥാപാത്രത്തിന്റെ സംഭാഷണത്തെ മുൻനിർത്തിയാണ് ആര്യൻ സന്തോഷം പങ്കുവച്ചത്. രാത്രിയിൽ ഉറക്കമില്ലാതെ ഇരുന്ന് ജോലി ചെയ്യുമ്പോൾ സീരിസിലെ ജരജ് എന്ന കഥാപാത്രത്തിന്റെ ഡയലോഗാണ് തനിക്ക് പ്രചോദനമായതെന്നും ആര്യൻ പറഞ്ഞു. "കാര്യങ്ങളൊക്കെ ബുദ്ധിമുട്ടാകുമ്പോഴെല്ലാം, ജരജ് പറഞ്ഞത് എന്റെ തലയിൽ മുഴങ്ങി കേൾക്കും. 'തോൽക്കുന്നതും തോൽവി സമ്മതിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്'.
ആദ്യം ഇതൊരു മോട്ടിവേഷനാണെന്ന് ഞാൻ കരുതി. പക്ഷേ പിന്നീട് അത് ഉറക്കക്കുറവും ക്ഷീണവും മാത്രമാണെന്ന് എനിക്ക് മനസ്സിലായി. എന്നിട്ടും, ആ ഒരു വിഷൻ ആണ് എന്നെ മുന്നോട്ട് നയിച്ചത്. ഇപ്പോൾ ഞാൻ ചെയ്യുന്നത് കണ്ട് ആളുകൾ സന്തോഷിക്കുന്നത് കാണുമ്പോൾ എന്നെ അത് ആഴത്തിൽ സ്പർശിക്കുന്നുണ്ട്.
ഞാൻ ചെയ്യുന്നത് അതുകൊണ്ടാണ്, അതാണ് എന്നെ കഥപറച്ചിലിലേക്ക് ആകർഷിച്ചത്. ലോകമെമ്പാടുമുള്ള ആളുകൾ നൽകുന്ന സ്നേഹം ശരിക്കും അവിശ്വസനീയമാണ്. രാജ്യമെമ്പാടും ഈ സീരിസ് ട്രെൻഡ് ആകുന്നു, മീമുകൾ ട്രോളുകൾ ഫാൻ തിയറീസ് ഇതൊക്കെ വരുന്നു. എന്റെ കഥയായിട്ടാണ് തുടങ്ങിയതെങ്കിലും ഇപ്പോഴത് പ്രേക്ഷകരുടേതാണ്.
ലോകമെമ്പാടുമുള്ളവരുടെ വീടുകളിലേക്ക് എത്തിയത് നെറ്റ്ഫ്ലിക്സ് കാരണമാണ്. ജരജ് പറയുന്നതുപോലെ, 'ഇപ്പോൾ നിങ്ങൾ എന്നെ തിരിച്ചറിഞ്ഞു'".- ആര്യൻ പറഞ്ഞു. ബോബി ഡിയോൾ, ലക്ഷ്യ, സഹേർ ബംബ, രാഘവ് ജുയാൽ, മനോജ് പഹ്‌വ, മോന സിംഗ്, മനീഷ് ചൗധരി, അന്യ സിങ്, വിജയന്ത് കോഹ്‌ലി, ഗൗതമി കപൂർ, റുഖ് ബേദി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഷാരുഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, രാജ്കുമാർ റാവു, അർജുൻ കപൂർ, സാറാ അലി ഖാൻ, രൺബീർ കപൂർ, എസ്എസ് രാജമൗലി, രൺവീർ സിങ് തുടങ്ങി നിരവധി പേർ സീരിസിൽ കാമിയോ റോളുകളിലും എത്തുന്നുണ്ട്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് സീരിസ് നിർമിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates