മനസ് നിറഞ്ഞ്, സംതൃപ്തിയോടെ കണ്ടിറങ്ങാം; ഇതാണ് സിനിമയുടെ മാജിക്! രേഖാചിത്രം റിവ്യു
ഇത് ആസിഫിന്റെയും അനശ്വരയുടെയും ' ചിത്രം'(4 / 5)
'മരണം അതൊരു ഉറപ്പാണ്, എന്നാൽ അതിനേക്കാൾ വലിയ വേദനയാണ് കാത്തിരിപ്പ്...' രേഖാചിത്രത്തിലെ ഒരു കഥാപാത്രം പറയുന്ന ഡയലോഗാണിത്. രേഖാചിത്രത്തിന്റെ കാതൽ തന്നെയാണ് ഈ പറഞ്ഞ ഡയലോഗിലുമുള്ളത്. ഒരു സിനിമാ ലൊക്കേഷനിൽ നിന്ന് ഒരു ജൂനിയർ ആർടിസ്റ്റിനെ കാണാതാകുന്നതും വർഷങ്ങൾക്ക് ശേഷം ആ കേസിൽ ഉണ്ടാകുന്ന ഒരു വഴിത്തിരിവുമാണ് രേഖാചിത്രം എന്ന സിനിമ പറയുന്നത്.
കഥ, മേക്കിങ്, പെർഫോമൻസ് ഇത് തന്നെയാണ് രേഖാചിത്രത്തിന്റെ നെടുംതൂണ്. യാതൊരുവിധ വലിച്ചു നീട്ടലോ കൂട്ടിച്ചേർക്കലോ ഒന്നുമില്ലാതെ നല്ല വൃത്തിയ്ക്ക് ഒരു ആൾട്ടർനേറ്റീവ് ഹിസ്റ്ററിയെ ഇൻവസ്റ്റിഗേഷൻ ത്രില്ലറിലേക്ക് സംവിധായകൻ ജോഫിൻ ടി ചാക്കോ രൂപപ്പെടുത്തിയിട്ടുണ്ട്. ദ് പ്രീസ്റ്റിന് ശേഷമുള്ള രണ്ടാം വരവിൽ ഹെവി മേക്കിങ്ങിലൂടെ ജോഫിൻ വീണ്ടും പ്രേക്ഷകരുടെ കൈയ്യടി നേടുമെന്ന കാര്യം ഉറപ്പാണ്.
എടുത്ത് പറയേണ്ടത് ഇതിന്റെ കഥ തന്നെയാണ്. കഥയിലുള്ള ഒരോ ചെറിയ കണക്ഷൻസ് പോലും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. ചെറിയൊരു പാളിച്ച പറ്റിയാൽ മൊത്തത്തിൽ കൈവിട്ടു പോകാവുന്ന ഒരു പ്ലോട്ടിനെ തന്റെ ബ്രില്യൻസ് കൊണ്ട് തന്നെ ചേർത്തു പിടിക്കാനായി സംവിധായകന്. വലിയ ട്വിസ്റ്റുകളോ സസ്പെൻസ്കളോ ഇല്ലാതെ തന്നെ ഒരു ത്രില്ലർ ചിത്രം ഭംഗിയായി ഒരുക്കിയിട്ടുണ്ട് ജോഫിൻ. വളരെ എൻഗേജിങ് ആയി തന്നെയാണ് ആദ്യ പകുതി സഞ്ചരിക്കുന്നത്. സെക്കന്റ് ഹാഫിൽ മാത്രമാണ് ചെറിയൊരു സുഖക്കുറവ് പ്രേക്ഷകന് തോന്നുന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ അത് ബാലൻസ് ചെയ്ത് നിർത്തുന്നുമുണ്ട് സംവിധായകൻ. കെട്ടുറപ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു ശക്തി.
ചിത്രത്തിലെ ചില ഡയലോഗുകളും പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്നതാണ്. ജോൺ മന്ത്രിക്കൽ, രാമു സുനിൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. രേഖാചിത്രം ഒരു സിനിമ എന്നതിനേക്കാളുപരി ഒരുപാട് സംഭവങ്ങൾ കൂടി പ്രേക്ഷകനെ ഓർമപ്പെടുത്തുന്നുണ്ട്.
കാതോട് കാതോരം സിനിമയിലെ ദേവതൂതർ പാടി എന്ന പാട്ടും, ആ സിനിമയിലെ ലൊക്കേഷനും ആ കാലഘട്ടത്തെ കുറിച്ചുമൊക്കെ പുതിയ തലമുറയോട് വളരെ ഭംഗിയായി സംവദിക്കുന്നുണ്ട് സിനിമ. കാതോട് കാതോരം റെഫറൻസ് വളരെ നന്നായി തന്നെ സിനിമ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പറയാതെ വയ്യ. മാത്രമല്ല ഒരു കുഞ്ഞ് സസ്പെൻസും രണ്ടാം പകുതിയിൽ പ്രേക്ഷകനെ കാത്തിരിപ്പുണ്ട്.
പെർഫോമൻസിലേക്ക് വന്നാൽ എപ്പോഴത്തെയും പോലെ തന്നെ ആസിഫ് ഈ ചിത്രത്തിലും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. വളരെ പക്വതയും പാകതയും വന്ന ഒരു നടനെ തന്നെയാണ് ഈ ചിത്രത്തിലും ആസിഫിൽ കാണാനാവുക. ആസിഫിന്റെ കരിയറിലെ മികച്ച പൊലീസ് വേഷങ്ങളുടെ ലിസ്റ്റിൽ രേഖാചിത്രത്തിലെ വിവേകും ഉണ്ടാകും ഇനി മുതൽ.
വളരെ നീറ്റ് ആയിട്ട് രേഖ എന്ന കഥാപാത്രത്തെ അനശ്വരയും മികച്ചതാക്കി. 80 കളിലെ ലുക്കിലാണ് അനശ്വര ചിത്രത്തിലെത്തിയത്. ആ രംഗങ്ങൾ ഒക്കെയും അത്ര മനോഹരമായാണ് അനശ്വര ചെയ്ത് വെച്ചിരിക്കുന്നത്. മനോജ് കെ ജയൻ, സിദ്ദിഖ്, ഹരിശ്രീ അശോകൻ, നിശാന്ത് സാഗർ, സായ്കുമാർ, ജഗദീഷ്, സറൻ ഷിഹാബ്, ഇന്ദ്രൻസ്, ടിജി രവി, ശ്രീജിത്ത് രവി തുടങ്ങി ചിത്രത്തിലെത്തിയ ഓരോ അഭിനേതാക്കളും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചത്.
സിനിമയുടെ സാങ്കേതിക വശങ്ങളിലേക്ക് വന്നാൽ കൈയ്യടി കൊടുക്കേണ്ടത് വിഎഫ്എക്സ് ടീമിനാണ്. എഐ ടെക്നോളജി മോശമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്തു എന്നത് അഭിനനന്ദാർഹമാണ്. മമ്മൂട്ടിയുടെ രംഗങ്ങളും അതുപോലെ കാതോട് കാതോരം സിനിമ ലൊക്കേഷനുമൊക്കെ അതിഗംഭീരമായി തന്നെ എഐ ഉപയോഗിച്ച് റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. കുറച്ചു സമയമേ ഉള്ളൂവെങ്കിൽ പോലും അതെല്ലാം ജോഫിൻ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും കൈയ്യടി അർഹിക്കുന്നുണ്ട്. മുജീബ് മജീദ് ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. രണ്ടരമണിക്കൂർ മടുപ്പില്ലാതെ കാണാനുള്ളതെല്ലാം കൃത്യമായി ചേർത്തുവച്ചിട്ടുണ്ട് രേഖാചിത്രത്തിൽ സംവിധായകൻ. ഒരു ത്രില്ലർ ഇൻവസ്റ്റിഗേഷൻ സിനിമ കാണാൻ ഇഷ്ടമുള്ള ഏതൊരാൾക്കും ധൈര്യമായി ചിത്രത്തിന് ടിക്കറ്റെടുക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


