

അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് നടൻ ബാല. വ്യക്തിപരമായ വിശേഷങ്ങളടക്കം ബാല സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ബാലയുടെ വിവാഹവും വലിയ വാർത്തയായി മാറിയിരുന്നു. ഇടയ്ക്കിടെ പല വിഷയങ്ങളിലൂടെ ബാലയ്ക്കെതിരെ വിമർശനങ്ങളുമുയർന്നിരുന്നു.
ഇപ്പോഴിതാ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ബാലയും ഭാര്യ കോകിലയും. ആരാധകർക്ക് നന്ദി അറിയിച്ചും കടന്നുപോയ കഷ്ടതകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ബാല.
വിവാഹ ജീവിതത്തിലെ ആദ്യവർഷത്തിൽ തങ്ങൾ കടന്നുപോയത് മറ്റ് ദമ്പതികൾക്കൊന്നും ഉണ്ടാകാത്ത സാഹചര്യങ്ങളിലൂടെയാണെന്നും, എന്നാൽ ഈ കാലയളവിൽ പരസ്പരം വിട്ടുകൊടുക്കാതെ ഒന്നിച്ചു നിന്നുവെന്നും ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ വ്യക്തമാക്കി.
‘‘എല്ലാവർക്കും നമസ്കാരം, ഞങ്ങളുടെ ആദ്യ വിവാഹ വാർഷികമാണിന്ന്. പുറകോട്ട് ചിന്തിച്ചു നോക്കുമ്പോൾ ഒരു കാര്യം പറയാം. ഒരു ദമ്പതിമാരും കടന്നുപോകാത്ത സാഹചര്യത്തിലൂടെയാണ് ഈ ഒരുവർഷം ഞങ്ങൾ കടന്നുപോയത്. പോസിറ്റീവ് ആയുള്ള കാര്യം കൂടി പറയാം, കല്യാണം കഴിഞ്ഞ് എല്ലാവരും ഹണിമൂണിനു പോകും. ഈ ഒരു കൊല്ലത്തിൽ കേസും കോർട്ടും പൊലീസ് സ്റ്റേഷനുമൊക്കെയായി ഒരുപാട് കഷ്ടതകൾ അനുഭവിച്ചു.
ഇതിലുള്ള പോസിറ്റീവ് കാര്യം പറഞ്ഞാൽ എത്ര കഷ്ടം വന്നാലും ഭാര്യയും ഭർത്താവും എന്ന നിലയിൽ ഒരു നിമിഷംപോലും ഞങ്ങളിരുവരും വിട്ടുകൊടുത്തിട്ടില്ല. ഞങ്ങൾ ഒന്നിച്ചാണ് നിന്നത്. ഈ ഒക്ടോബർ 23 വരെ ഞങ്ങൾ ജീവിച്ചത് 100 കൊല്ലം ഒന്നിച്ചു ജീവിച്ചതുപോലെയാണ്. എത്ര കഷ്ടപ്പാട് വന്നാലും ബാലയും കോകിലയും നല്ലൊരു ജീവിതം ജീവിക്കണമെന്നു പ്രാർഥിച്ച എല്ലാവരോടും നന്ദി.
നന്ദി പറഞ്ഞു തീർക്കാൻ പറ്റില്ല ഒരുപാട് സ്നേഹം അറിയിക്കുന്നു. ഞങ്ങളുടെ കുടുംബ ജീവിതം ഒരു വർഷം തികയുമ്പോൾ ഇതുവരെ കൂടെ നിന്ന എല്ലാവരോടും ഒരുപാട് സ്നേഹം.’’–ബാല പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 23 നാണ് ബാലയും കോകിലയും വിവാഹിതരായത്. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ബാലയുടെ മാതൃസഹോദരന്റെ മകളാണ് തമിഴ്നാട് സ്വദേശിനിയായ കോകില.
മുൻപ് നടന്ന രണ്ട് വിവാഹബന്ധങ്ങൾ വേർപിരിഞ്ഞതിന് ശേഷമാണ് ബാല കോകിലയെ ജീവിതസഖിയാക്കിയത്. ചെറുപ്പം മുതലേ ബാലയെ അറിയാമെന്നും താരം ഒറ്റപ്പെട്ട സമയങ്ങളിൽ താനാണ് താങ്ങും തണലുമായി നിന്നതെന്നും കോകില വെളിപ്പെടുത്തിയിരുന്നു. കോകിലയുടെ സ്നേഹം തിരിച്ചറിയാൻ താൻ വൈകിയെന്നും അവരുടെ ഡയറി വായിച്ചപ്പോഴാണ് ആ ഇഷ്ടത്തിന്റെ ആഴം മനസ്സിലാക്കിയതെന്നും ബാല പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates