

തന്റെ കുട്ടിക്കാലത്തെ കുറിച്ചും കോളജ് കാലത്തെക്കുറിച്ചുമൊക്കെ നടൻ ബേസിൽ ജോസഫ്. താൻ സിനിമയിൽ വരുമെന്ന് തന്റെ അച്ഛന്റെയും അമ്മയുടെയും സ്വപ്നത്തിൽ പോലും ഇല്ലായിരുന്നുവെന്ന് പറയുകയാണ് ബേസിൽ. പള്ളീലച്ചന്റെ മോൻ ആയതു കൊണ്ട് തന്നെ സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്റെയടുത്ത് ആരും ഒരലമ്പിനും വരാറില്ലെന്നും നടൻ പറഞ്ഞു.
വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായിരുന്ന സമയത്ത് തനിക്ക് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും ബേസിൽ കൂട്ടിച്ചേർത്തു. ചാറ്റ് വിത്ത് ഭക്തൻ എന്ന ചാറ്റ് ഷോയിലാണ് ബേസിൽ ഇക്കാര്യം പറഞ്ഞത്. "പള്ളീലച്ചന്റെ മോൻ എന്ന് പറയുമ്പോൾ എന്റെയടുത്ത് ആരും ഒരലമ്പിനും വരില്ല. എല്ലായിടത്തും ഒരു നല്ല കുട്ടി ഇമേജാണ്.
കൃത്യമായി പള്ളിയിൽ ഇന്ന സമയത്ത് വരണം, ക്വയറിൽ പാട്ട് പാടുക, കീബോർഡ് വായിക്കുക. അത്തരം കാര്യങ്ങളിലൊക്കെ മുൻപന്തിയിൽ നിൽക്കുക. എന്ത് മത്സരമുണ്ടെങ്കിലും അവിടെ ആദ്യം തന്നെ ഉണ്ടാവുക. എന്റെ മാതാപിതാക്കൾ സ്കൂൾ അധ്യാപകർ കൂടിയായിരുന്നു. ടീച്ചർമാരുടെ മക്കൾക്ക് വേറൊരു പ്രിവിലേജ് ആണല്ലോ.
അപ്പോൾ എല്ലാ പരിപാടികളിലും പങ്കെടുക്കും. ഇങ്ങനെയുള്ള കുട്ടിക്കാലം എന്നെ നന്നായി സഹായിച്ചിട്ടുണ്ട്. പള്ളീലച്ചന്റെ മോൻ ആയതുകൊണ്ട് എന്റെ ബെസ്റ്റ് ഫ്രണ്ട് പോലും അവന്റെ യഥാർഥ സ്വഭാവം എന്റെയടുത്ത് പുറത്തെടുത്തിട്ടില്ല. പിന്നീടാണ് മനസിലായിട്ടുള്ളത് പലതും. ക്ലാസിൽ ഒരിക്കൽ ആരോ ഒരു ഡബിൾ മീനിങ് സംഭവം പറഞ്ഞപ്പോൾ ടീച്ചറുൾപ്പെടെ ചിരിച്ചു.
പക്ഷേ എനിക്ക് ചിരി വന്നില്ല. അപ്പോൾ ടീച്ചർ പറഞ്ഞു, നിനക്ക് അതൊന്നും മനസിലാക്കാൻ പ്രായമായിട്ടില്ല എന്ന്. കോളജിലെത്തി കഴിഞ്ഞപ്പോൾ ഇതെല്ലാം മാറി. തിരുവനന്തപുരത്ത് ഹോസ്റ്റലിലായിരുന്നു കോളജിൽ ഞാൻ. അവിടുന്ന് കിട്ടുന്ന സ്വാതന്ത്ര്യമൊക്കെ വേറെയാണല്ലോ. ഗവൺമെന്റ് കോളജിലേക്ക് എത്തിയപ്പോൾ പരിപാടി മാറി.
നേരെ ബാക്ക്ബെഞ്ചറിലേക്കാണ് ഞാൻ ഷിഫ്റ്റ് ചെയ്തത്. ക്ലാസിൽ കയറില്ല, കോളജിൽ സമരം, ബഹളം, ഫെസ്റ്റ് അങ്ങനെ. കോളജ് ലൈഫ് ഭയങ്കര പൊളിയായിരുന്നു. പ്ലസ് ടു വരെ ഇതിന് നേരെ വിപരീതമായിരുന്നു. പള്ളീലച്ചന്റെ മോൻ ആയതുകൊണ്ട് മതപരമായ കാര്യങ്ങളും പഠനങ്ങളുമൊക്കെ പിന്നീട് എന്നെ സ്വാധീനിച്ചിട്ടുണ്ട്. പഠിപ്പിസ്റ്റ് സിനിമ പഠിക്കാൻ ഇറങ്ങിയിരിക്കുകയാണ് എന്ന് പറയുന്നതു പോലെ അങ്ങനെയായിരുന്നു.
വിനീതേട്ടന്റെ അസിസ്റ്റന്റായിരുന്ന സമയത്ത് എനിക്ക് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഒരു ജോലി വേണ്ടെന്ന് വച്ച്, ശമ്പളം വേണ്ടെന്ന് വച്ചിട്ട് ഞാനിവിടെ വന്നു നിൽക്കുകയാണ്. ഇവിടെ നിന്ന് ഇനി ഓടിപ്പോയാലോ. ഇതിൽ ഇനി മുൻപോട്ട് പോയാൽ പിടിച്ചു നിൽക്കാൻ പറ്റുമോ എന്നൊക്കെയുള്ള സംശയം എനിക്ക് ആദ്യമുണ്ടായിരുന്നു.
ഇനി എനിക്ക് വേറെ വഴിയില്ല എല്ലാം പാളിയെന്ന് പറഞ്ഞ് എനിക്ക് വയനാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റില്ല. അവരും എന്നെ ആശ്രയിച്ചാണല്ലോ നിൽക്കുന്നത്. അപ്പോൾ പിന്നെ വേറെ വഴിയില്ല, സിനിമ പഠിക്കുകയല്ലാതെ. അച്ഛന്റെയും അമ്മയുടെയും മനസിൽ പോലും സിനിമ ഉണ്ടായിരുന്നില്ല.
പള്ളീലച്ചന്റെ മോൻ സിനിമയിലോ? അതെങ്ങനെ ശരിയാകും എന്ന് പറയുന്നതു പോലത്തെ ചോദ്യങ്ങളായിരുന്നു ആദ്യമൊക്കെ ആളുകൾ. സിനിമ എന്ന് പറഞ്ഞാൽ പിന്നെ ഒരു നെഗറ്റീവ് ഇംപ്രഷനായിരുന്നു ആളുകൾക്ക്".- ബേസിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates