പഥേർ പാഞ്ചാലി @ 70; ഉള്ളുലയ്ക്കുന്ന പാതയുടെ സംഗീതം

ഇന്ത്യൻ ഗ്രാമങ്ങളുടെ യാഥാർഥ്യത്തിന്റെ ദൃശ്യാവിഷ്കാരം കൂടിയായിരുന്നു പഥേർ പാഞ്ചാലി.
Pather Panchali
പഥേർ പാഞ്ചാലി സിനിമയിൽ നിന്ന് (Pather Panchali)ഫയൽ
Updated on
2 min read

ലോക സിനിമയ്ക്ക് മുന്നിൽ ഇന്ത്യന്‍ സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയാണ് സത്യജിത് റേ. ലോക സിനിമകൾ കണ്ടും അതിനെ കുറിച്ച് വായിച്ചുമുള്ള അനുഭവ ജ്ഞാനമല്ലാതെ സിനിമയില്‍ ഔപചാരികമായി പരിശീലനമോ പ്രായോഗിക പരിചയമോ ഇല്ലാതിരുന്നിട്ടും ആദ്യ ചിത്രമായ പഥേര്‍ പാഞ്ചാലിയിലൂടെ ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര കലാകാരന്മാരില്‍ ഒരാളായി സത്യജിത് റേ മാറിയത് സിനിമാ ചരിത്രത്തില്‍ അത്ഭുതകരമായ ഒന്നായിരുന്നു.

‘സത്യജിത് റേയുടെ സിനിമകള്‍ കാണാതിരിക്കുന്നത്, ഭൂമിയില്‍ ജീവിച്ചിരുന്നിട്ട് സൂര്യ-ചന്ദ്രന്മാരെ കാണാത്തതിന് സമാനമാണ്’ എന്നാണ് ലോകപ്രശസ്ത ചലച്ചിത്രകാരനായ അകിര കുറസോവ ഒരിക്കൽ പറഞ്ഞത്. ബംഗാളി എഴുത്തുകാരനായ ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പഥേർ പാഞ്ചാലി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ 1955 ഓഗസ്റ്റ് 26 ന് പുറത്തിറങ്ങിയത്.

ഇന്ത്യൻ ഗ്രാമങ്ങളുടെ യാഥാർഥ്യത്തിന്റെ ദൃശ്യാവിഷ്കാരം കൂടിയായിരുന്നു പഥേർ പാഞ്ചാലി. ഇന്നിപ്പോൾ പഥേർ പാഞ്ചാലിക്ക് 70 വയസ് തികയുകയാണ്. ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെ അതിന്റെ സമസ്ത ആഴങ്ങളിലും സൗന്ദര്യ ബോധത്തിലും നിഷ്‌കളങ്കതയിലും പകര്‍ത്തിവെക്കാന്‍ റേയുടെ ഈ കന്നിച്ചിത്രത്തിന്റെ സര്‍ഗാത്മകതയ്ക്കു കഴിഞ്ഞു.

ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായിരുന്നു പഥേര്‍ പാഞ്ചാലി. ബംഗാളിലെ ഒരുള്‍നാടന്‍ ഗ്രാമമായ നിശ്ചിന്ദപൂരിലെ ഒരു ദരിദ്രബ്രാഹ്മണ കുടുംബം. കവിയും ശാന്തിക്കാരനുമായ ഹരിഹര്‍ റായും ഭാര്യ സര്‍ബോജയയും മകള്‍ ദുര്‍ഗയും പ്രായം ചെന്ന ഒരു ബന്ധു സ്ത്രീയായ ഭിന്ദറുമാണ് കുടുംബാംഗങ്ങള്‍. ദാരിദ്ര്യവും കഷ്ടപ്പാടുകളും അവരുടെ ജീവിതത്തെ വേട്ടയാടാന്‍ തുടങ്ങുമ്പോഴാണ് കേന്ദ്ര കഥാപാത്രമായ അപ്പുവിന്റെ ജനനം.

അതവരുടെ മനസ്സില്‍ സന്തോഷം കൊണ്ടുവരുന്നുവെങ്കിലും കുടുംബത്തിലെ കഷ്ടപ്പാടുകള്‍ രൂക്ഷമാകുന്നു. മെച്ചപ്പെട്ട ഒരു ജോലി തേടി ഹരിഹര്‍ നഗരത്തിലേക്കു പോകുന്നു. ദാരിദ്ര്യത്തിനും അയല്‍പക്കത്തെ ധനാഢ്യയായ ബന്ധുവിന്റെ അപമാനിക്കലുകള്‍ക്കുമിടയില്‍ ജീവിതം ഉന്തിത്തള്ളിനീങ്ങവേ, ആ കുടുംബത്തില്‍ തുടര്‍ച്ചയായി മരണങ്ങളും വേര്‍പാടുകളും കടന്നുവരുകയാണ്.

ആദ്യം ഭിന്ദറിന്റെയും പിന്നീട് ദുര്‍ഗയുടെയും. ഒടുവില്‍ ആവശ്യത്തിനു പണം സമ്പാദിച്ച് ഹരിഹര്‍ മടങ്ങിയെത്തുമ്പോഴേക്കും ആ കുടുംബത്തിന്റെ പതനം പൂര്‍ണമായിക്കഴിഞ്ഞിരുന്നു. ബാല്യത്തിലേ വേര്‍പാടുകളും ഏകാന്തതകളും കണ്ടുപരിചയിച്ച അപ്പുവിനെയും ചേര്‍ത്തുപിടിച്ച് ഹരിഹറും ഭാര്യയും കൊല്‍ക്കത്താ നഗരത്തിലേക്ക് കാളവണ്ടിയില്‍ കയറി യാത്രയാകുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

എന്നാൽ നമുക്കൊന്നും സ്വപ്നം കാണുവാൻ പോലും പറ്റാത്ത തരത്തിലായിരുന്നു പഥേർ പാഞ്ചാലിയുടെ യാത്ര. ഏറെ നാളുകൾ നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവിൽ ഏകദേശം സിനിമ തീരാറായപ്പോഴേക്കും റേയുടെ സാമ്പത്തിക സ്രോതസുകളും അടഞ്ഞിരുന്നു. സിനിമ ഒരു തരത്തിലും മുന്നോട്ട് പോകുന്നില്ല എന്ന അവസ്ഥയിലായപ്പോഴാണ് റേ അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ബി സി റോയിയെ കണ്ട് സഹായം അഭ്യര്‍ഥിച്ചത്.

Pather Panchali
'എത്ര സങ്കടം വന്നാലും അദ്ദേഹം അത് പുറത്തു കാണിക്കില്ല, ആരുമില്ലാത്ത എനിക്ക് ഒരു കുടുംബം തന്നു'; രവി മോഹനെക്കുറിച്ച് കെനീഷ

സിനിമയുടെ പ്രാധാന്യം മനസ്സിലാക്കിയ ബി സി റോയ് നിര്‍മാണം ഏറ്റെടുക്കുവാന്‍ തീരുമാനിച്ചത് പിറന്നത് മറ്റൊരു ചരിത്രം കൂടിയായിരുന്നു. പിന്നീട് ചിത്രീകരണം വേ​ഗത്തിൽ നീങ്ങുകയും റേ സിനിമ പൂർത്തീകരിച്ച് കാൻസ് ചലച്ചിത്ര മേളയിലേക്ക് അയക്കുകയും ചെയ്തു. കൊല്‍ക്കത്തയില്‍ റിലീസ് ചെയ്യുന്നതിന് മുൻപ് ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിലാണ് പഥേര്‍ പാഞ്ചാലിയുടെ ആദ്യ പ്രദര്‍ശനം നടന്നത്.

Pather Panchali
അവന് മീശ വരാന്‍ പിന്നേയും മൂന്നാല് കൊല്ലമെടുത്തു; അപ്പോഴേക്കും ഞാന്‍ അച്ഛന്റെ പ്രായമുള്ളവരുടെ നായികയായി: ഉര്‍വശി

വലിയ സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചത്. വിദേശത്തും ഇന്ത്യയിലുമായി നിരവധി പുരസ്‌കാരങ്ങള്‍ സിനിമ വാരിക്കൂട്ടി, മികച്ച ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡ് അടക്കം. പഥേർ പാഞ്ചാലിയുടെ തുടർക്കഥയായി അപരാജിതോയും, അപുർ സൻസാറും റേ ഒരുക്കി. 70 ന്റെ നിറവിലും കാലത്തെ അതിജീവിച്ചു കൊണ്ട് പഥേർ പാഞ്ചാലി നിലയുറപ്പിക്കുകയാണ്.

Summary

Cinema News: Celebrating 70 Years of Pather Panchali.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com