

ഗര്‍ഭാവസ്ഥയില്‍ തന്നെ ഹൃദ്രോഗമുണ്ടാവുകയും ജനനത്തിന് പിന്നാലെ മരണപ്പെടുകയും ചെയ്ത മകനെ ഓര്‍ത്ത് നടി സെലീന ജെയ്റ്റലി. ഇരട്ടക്കുട്ടികളില്‍ ഒരാളെയാണ് സെലീനയ്ക്ക് നഷ്ടമായത്. കുഞ്ഞിനെ രക്ഷിച്ചെടുക്കാനായി ദുബായിലേയും ലണ്ടനിലേയും ഇന്ത്യയിലേയും മികച്ച ഡോക്ടര്‍മാരെ കണ്ടിരുന്നുവെന്നും എന്നാല്‍ സാധിച്ചില്ലെന്നുമാണ് സെലീന പറയുന്നത്. സെലീനയ്ക്ക് ആദ്യ പ്രസവത്തിലും ഇരട്ടക്കുട്ടികളായിരുന്നു.
സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പിലൂടെയാണ് സെലീന മനസ് തുറന്നത്. കുറിപ്പിനൊപ്പം മരിച്ചുപോയ മകന്റെ ശവകുടീരത്തിന് സമീപം നില്‍ക്കുന്ന സെലീനയുടേയും ഇരട്ടസഹോദരന്മാരില്‍ ഒരാളുടേയും ചിത്രവും പങ്കുവച്ചിട്ടുണ്ട്. സെലീനയുടെ കുറിപ്പ് ഇങ്ങനെയാണ്:
അവനെ രക്ഷിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ എനിക്ക് സാധിച്ചില്ല.
ഈ ഫോട്ടോയില്‍ ഞാനും ആര്‍തുവും അവന്റെ ഇരട്ട സഹോദരന്‍ ശംഷേറിന്റെ ശവകുടീരത്തിന് അടുത്ത് നില്‍ക്കുകയാണ്. സെപ്തംബര്‍ 10 ന് നാലാമത്തെ കുഞ്ഞായ ആര്‍തറിന്റെ ജന്മദിനമാണ്. ആ ദിവസം അടുക്കുന്തോറും മാസ്റ്റര്‍ ആര്‍തര്‍ ജെയ്റ്റ്‌ലി ഹാഗിന്റെ വരവിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ എനിക്ക് സാധിക്കുന്നില്ല.
ഗര്‍ഭണിയായി ആറാം മാസം എനിക്ക് എന്റെ അച്ഛനെ നഷ്ടമായി. ആര്‍തറിന്റെ ഇരട്ട സഹോദരന് ഹൈപ്പോപ്ലാസ്റ്റിക് ഹൃദയമാണെന്ന് കണ്ടെത്തിയതിന്റെ വേദനയിലൂടെ കടന്നു പോവുകയായിരുന്നു ഞങ്ങള്‍. വിന്‍സ്റ്റണ്‍ വിരാജിന്റെ സ്‌കാനിങ് നടത്തിയ ഡോക്ടര്‍ തന്നെയായിരുന്നു ഇതും ചെയ്തത്. ആര്‍തറിന്റേയും ശംഷേറിന്റെ സ്‌കാനിങ് സമയത്ത് അദ്ദേഹം 20 മിനുറ്റ് നേരത്തേക്ക് നിശബ്ദനായി. അടുത്ത ദിവസം വീണ്ടും വരാന്‍ അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം അദ്ദേഹത്തിന്റെ മുഖത്തു നിന്നും പുഞ്ചിരി നഷ്ടമായിരുന്നു. വിഷാദ ഭാവമായിരുന്നു.
രണ്ടിലൊരാള്‍ക്ക് ഹൈപ്പോപ്ലാസ്റ്റിക്കിള്‍ ഹാര്‍ട്ട് സിന്‍ഡ്രം ആണെന്ന് അദ്ദേഹം അറിയിച്ചു. ഹൃദയത്തിന്റെ ഇടതുഭാഗത്തിന് ശരിയായ വളര്‍ച്ചയുണ്ടാകാത്ത അപൂര്‍വ്വമായൊരു അവസ്ഥയാണത്. ഇതുമൂലം രക്തം ശരിയായി പമ്പ് ചെയ്യാനാകില്ല.
ഞാന്‍ ഗര്‍ഭിണിയായിരിക്കെ എന്റെ കുഞ്ഞിനെ സഹായിക്കാന്‍ ഒന്നും ചെയ്യാനാകില്ലെന്നതായിരുന്നു ഏറ്റവും പ്രയാസകരം. ഞങ്ങള്‍ ദുബായിലെ ഏറ്റവും മികച്ച ഡോക്ടര്‍മാരെ തന്നെ പോയി കണ്ടു. അവര്‍ ഞങ്ങളെ ലണ്ടനിലേക്ക് അയച്ചു. ഇന്ത്യയിലേക്കും ഞങ്ങള്‍ പോയി. പക്ഷെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വേദനയും അത്ഭുതത്തിനായുള്ള പ്രര്‍ത്ഥനയുമായിരുന്നു ആ ഗര്‍ഭകാലം. മരുന്നുകളും സര്‍ജറികളും ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ഒന്നും ഉണ്ടായിരുന്നില്ല. രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് തന്നെ ഞാന്‍ ഈ ഗര്‍ഭത്തിനായി തയ്യാറെടുത്തിരുന്നു. ഞാന്‍ വര്‍ക്കൗട്ട് ചെയ്തു. ഡിടോക്‌സ് ചെയ്തു. നിര്‍ദ്ദേശിക്കപ്പെട്ട എല്ലാ വൈറ്റമിനുകളും കഴിച്ചു. എന്റെ ശരീരത്തെ തയ്യാറാക്കി. ദൈവം വീണ്ടും ഇരട്ടക്കുട്ടികളെ നല്‍കി ഞങ്ങളെ അനുഗ്രഹിച്ചു. പക്ഷെ വരാനിരിക്കുന്നതിന് ഞാന്‍ തയ്യാറായിരുന്നില്ല. എന്റെ വിദൂരസ്വപ്‌നത്തില്‍ പോലും ഇങ്ങനൊന്നുണ്ടായിരുന്നില്ല.
ദൈവം എന്നെ വെറും കയ്യോടെ വിട്ടിലെന്നതില്‍ എനിക്ക് കടപ്പാടുണ്ട്. ശംഷേര്‍ രക്ഷപ്പെട്ടിരുന്നുവെങ്കില്‍ ജീവിതം എങ്ങനെയാകുമായിരുന്നു എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. മൂത്ത ഇരട്ടകളുടെ ആത്മബന്ധം കാണുമ്പോള്‍ ആര്‍തര്‍ അതെല്ലാം മിസ് ചെയ്യുന്നുണ്ടെന്ന് തോന്നും. വലിയ വെല്ലുവിളികള്‍ കുടുംബങ്ങളേയും എന്നന്നേക്കുമായി മാറ്റും. പക്ഷെ ചിന്തിക്കാന്‍ പോലും സാധിക്കാത്ത കരുത്ത് അവര്‍ കാണിക്കുകയും ചെയ്യും. രക്ഷപ്പെടലിന്റേയും നഷ്ടത്തിന്റേയും ഓരോ കഥയും മാതാപിതാക്കളുടെ സ്‌നേഹത്തിന്റെ ആഴം ഓര്‍മ്മപ്പെടുത്തന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates